48-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ  മഹേഷ് മോഹൻ  സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയിലൂടെ മലയാളനടി പാർവ്വതി രജതകമലം കേരളത്തിലെത്തിച്ച വാർത്ത ആഘോഷിക്കുമ്പോഴാണ് ഞാൻ മിഡ്-വൈഫ് എന്ന ഫ്രഞ്ച് സിനിമയുടെ  ആസ്വാദനം തയ്യാറാക്കാൻ ഇരുന്നത്. പൊതുവെ സന്തോഷവും  ഉത്സാഹവും പകരുന്ന ഫിലിം ഫെസ്റ്റിവലിന്റെ ഊർജ്ജ പ്രസരത്തിലായിരിക്കെയാണു മിഡ്-വൈഫ് കാണുവാൻ തിയേറ്ററിൽ എത്തിയത്. സൂതികർമ്മിണി എന്നുപറയുന്ന ആ വാക്കിന് പഴയ ഇംഗ്ലീഷ് ഭാഷയിൽ With Woman (സ്ത്രീയോടൊപ്പം, സ്ത്രീയുടെ കൂടെ) എന്ന അർത്ഥമാണുള്ളത്. അതിനെ അന്വർത്ഥമാക്കുന്ന ചിത്രമാണ് മിഡ്-വൈഫ് എന്ന സിനിമ. ഫിലിം ഫെസ്റ്റിവൽ  സൗഹൃദങ്ങളുടെ ഊർജ്ജവുമായി തിയ്യറ്ററിന് അകത്തുകടക്കുന്ന പ്രേക്ഷകരെ വേദനയുടെ, അതിജീവനത്തിന്റെ, കരുത്തിന്റെ വിവിധ തലങ്ങളിലേയ്ക്കു ഈ ചിത്രം എത്തിക്കുന്നു.

ഉത്തരധ്രുവവും ദക്ഷിണധ്രുവവും പോലെ വിഭിന്ന സ്വഭാവമുള്ള രണ്ട് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ചിത്രമാണു മിഡ്-വൈഫ്. ഒരാൾ പ്രണയത്തെ ആസ്വദിക്കുമ്പോൾ ജീവിതത്തിലെ സമ്മർദങ്ങളെ നേരിടുവാൻ മറ്റൊരാൾ പ്രണയത്തിൽ ആശ്വാസം കണ്ടെത്തുന്നു. മാർട്ടിൻ പ്രോവോർട്ടിന്റെ തിരക്കഥയിലും സംവിധാനത്തിലും അണിഞ്ഞൊരുങ്ങിയ  ഈ ചിത്രത്തിൽ ഫ്രഞ്ച് സിനിമയിലെ ശക്തമായ സാന്നിധ്യങ്ങളായ കാതറീൻ ഫ്രൊ, കാതറീൻ ഡുനോവ് എന്നിവരാണു അഭിനയിച്ചിരിക്കുന്നത്. ഒലീവിയർ ഗോണറ്റ്, ക്വൻറ്റീൻ ഡോമേർ, മൈലേൻ ഡെമോൻജിയോട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മിഡ-്‌വൈഫ് ആയ ക്ലെയർ (കാതറീൻ ഫ്രൊ)  തന്റെ തൊഴിലിനെ ഒരു ഉപാസനപോലെ കൊണ്ടുനടക്കുന്നു. ഏറ്റവും സമ്മർദമേറിയ ആ ജോലിയ്ക്ക് മുൻഗണന നല്കി കുടുംബത്തിനും പ്രണയത്തിനും പിന്നീടുമാത്രം പരിഗണന നല്കുന്ന ക്ലെയറിന്റെ ജീവിതത്തിലെ മറ്റൊരു സാന്നിദ്ധ്യമായാണ് മരിച്ചുപോയ തന്റെ അച്ഛന്റെ പഴയ പ്രണയിനി  ബിയാട്രിസ് (കാതറീൻ ഡുനോവ്)  കടന്നുവരുന്നത്. ആദ്യമൊന്നലോസരപ്പെടുന്നെങ്കിലും ജീവിതത്തെ വളരെ കൃസുതിയോടെ കാണുന്ന, ഓരോ നിമിഷവും ആനന്ദിച്ചു ജീവിക്കുന്ന, വേവലാതികൾ ഇല്ലാത്ത കാൻസർ രോഗിയായ ബിയാട്രിസിനെക്കൂടി ചേർത്തു പിടിച്ചാണ് പിന്നീട് ക്ലെയറിന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ക്ലെയറിന്റെ അച്ചടക്കബോധമുള്ള ജീവിതത്തിന് പറ്റിയ ആളല്ല ബിയാട്രിസെന്നും, ബിയാട്രിസിന്റെ അലസ, ആനന്ദജീവിതത്തിന് പറ്റിയ ആളല്ല ക്ലെയറെന്നും തിരച്ചറിഞ്ഞുതന്നെയാണ് രണ്ടുപേരും ആ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതൊക്കയാണെങ്കിലും സ്‌നേഹത്തിന്റെ ഒരു അദൃശ്യകരം അവരെ എപ്പോഴും ഒരുമിപ്പിക്കുന്നു. ക്ലെയറിനോടുള്ള സ്‌നേഹം ബിയാട്രിസ് തന്റെ കൈയിലെ മോതിരം ഊരി നല്കി ഉറപ്പിക്കുന്നു. ഭക്ഷണക്രമം പാലിക്കാതെ രോഗാവസ്ഥയെ അവഗണിച്ച് പുതിയ പുതിയ ബന്ധങ്ങളിലൂടെ, ചൂതാട്ടങ്ങളിലൂടെ ബിയാട്രിസ് മുന്നോട്ടുപോകുമ്പോൾ വിയോജിപ്പിന്റെ ഭാഷയോടെ ക്ലെയർ ആ മോതിരം തിരികെ നല്കുന്നു. ഇതൊക്കെയാണെങ്കിലും രോഗം വഷളായ ബിയാട്രിസിനെ ക്ലെയർ തന്റെ വീട്ടിലെത്തിച്ചു പരിചരിക്കുന്നു. സങ്കീർണമായ ഇവരുടെ ജീവിതത്തിനപ്പുറം പുറത്ത് മറ്റൊരു ലോകം ഉടലെടുക്കുന്നുണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ നൂതന പരിഷ്‌ക്കാരങ്ങളിൽ ക്ലെയർ ഉയിരായി കണ്ടിരുന്ന മിഡ്-വൈഫ് എന്ന ജോലി പഴഞ്ചനാവുന്നു. കടുത്ത നിബന്ധനകൾക്കനുസരിച്ച് മിഡ്-വൈഫ് മാറേണ്ട അവസ്ഥ വരുന്നു. ജനനം സാങ്കേതികതയുടെ ഇച്ഛയ്ക്കനുസരിച്ച് ആവുന്ന ഘട്ടത്തിൽ മിഡ്-വൈഫ് എന്ന പദം പോലും മാറേണ്ടിവരുന്നു. ബർത്ത് ടെക്‌നീഷ്യൻ എന്ന പദമാണ് അനുയോജ്യമെന്നു പറയുന്ന ചുറുചുറുക്കുള്ള പെൺകുട്ടിയ്ക്കു മുന്നിൽ ജോലിതന്നെ വേണ്ടന്നു വയ്ക്കുന്ന ക്ലെയർ പെൺകരുത്തിന്റെ  പുതിയ മുഖം കാട്ടുന്നു. ക്ലെയറിന്റെ വീട്ടിലെ താമസത്തിനിടയിൽ ആവൾക്ക് ഒരു പ്രണയമുള്ളത് മനസ്സിലാക്കുന്ന ബിയാട്രിസ് അതിൽ സന്തോഷിക്കുകയും അദ്ദേഹവുമായി സൗഹൃദത്തിലാവുകയും ചെയ്യുന്നു. തന്റെ ജോലിയിലെ കയറ്റിറക്കങ്ങളോ, വിദ്യാർത്ഥിയായ മകന്റെ കാമുകി ഗർഭിണിയാകുന്നതോ ക്ലെയറിനു ബിയാട്രിസിനെ തള്ളിപ്പറയാനുള്ള കാരണങ്ങൾ ആകുന്നില്ല. ഏറ്റവും ഒടുക്കം ഒരു കത്തിൽ ക്ലെയറിനോടുള്ള തന്റെ മുഴുവൻ സ്‌നേഹവും അറിയിച്ച് പഴയ മോതിരം എഴുത്തിനു മുകളിൽ വെച്ച് ബിയാട്രിസ് ക്ലെയറിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നു. നിരവധി പേർക്ക് ഭൂമിയിലേയ്ക്കു വരാൻ അവസരം നല്കിയ ക്ലെയറിന് പുതിയ ഒരു പ്രശ്‌നരഹിത ജീവിതം നൽകിയാണ് ബിയാട്രിസ് ക്ലെയറിനെ വിട്ടകലുന്നത്.

ഒരു വശത്ത് മെട്രാപ്പോളീറ്റൻ സിറ്റികളും മറുവശത്ത് ഗ്രാമത്തിന്റെയും, ജലാശയങ്ങളുടെയും കൃഷിയിടങ്ങളുടെയും ഭംഗിയും സിനിമോട്ടോഗ്രാഫർ യ്‌വെസ് കേപ് കാട്ടിത്തരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ വ്യത്യസ്ത സ്വഭാവം പോലെതന്നെ നഗരത്തിന്റെയും ഗ്രാമത്തിന്റെയും വ്യത്യസ്തവും എന്നാൽ വശ്യവുമായ ഭംഗി നന്നായിത്തന്നെ ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.

മിഡ്-വൈഫ് എന്ന സിനിമയുടെ കാതൽ തന്നെയാണ് അതിലെ പ്രസവദൃശ്യങ്ങൾ. ആ അവസ്ഥ കടന്നുപോയ സ്ത്രീകൾ ഈ ചിത്രത്തെ ചേർത്തു പിടിക്കുകതന്നെ ചെയ്യും. അത്തരം ദൃശ്യങ്ങൾക്കു നല്കിയിരിക്കുന്ന ശബ്ദമിശ്രണം സിനിമയ്ക്കു മൊത്തത്തിൽ ഒരു തന്മയത്വം നല്കിയിരിക്കുന്നു. ഇൻഗ്രിഡ് റാലെമിന്റെ സൗണ്ട് ഡിസൈനിങ് അഭിനന്ദനാർഹമാണ്. ആ ദൃശ്യങ്ങളിൽ ഏറെകുറെ അനാവൃതമായ സ്ത്രീശരീരങ്ങൾ നഗ്നതയുടെ സൗന്ദര്യത്തെ അല്ല ജൈവീക പ്രക്രിയയിൽ സ്ത്രീയുടെ ഉടൽ എങ്ങനെ പ്രതികരിക്കുന്നു എന്നു കാട്ടിത്തരുന്നു. അത്തരം ദൃശ്യങ്ങളിൽ ഞാൻ എന്നെ തന്നെ ഓർത്തെടുത്തു. ഒരുവേള ആ അവസ്ഥ കടന്ന ഏതൊരു സ്ത്രീയ്ക്കു അത്തരം ഒരു ചിന്ത ഉടലെടുക്കാതിരിക്കില്ല.

മിഡ്‌വൈഫ് എന്ന ചിത്രം രണ്ട് കരുത്തരായ സ്ത്രീകളെയാണ് നമുക്ക് സമ്മാനിക്കുന്നത്. ഒരാൾ പക്വതയുടെ അവസാനവാക്കെങ്കിൽ മറ്റെയാൾ സ്വാതന്ത്ര്യബോധത്തിന്റെ അവസാനവാക്ക്. രണ്ടിന്റെയും മിശ്രണമാകാൻ കൊതിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. കേരളത്തിൽ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ നയിക്കുന്ന, നായകൻ നിഴലായി മാത്രം വരാത്ത ചിത്രങ്ങൾ വിരളമായിരിക്കും. അതും നായികാ കഥാപാത്രങ്ങളുടെ പ്രായം മദ്ധ്യവയസ്സും വാർദ്ധക്യവുമായ ഒരു മലയാള സ്ത്രീ കേന്ദ്രീകൃത ചലച്ചിത്രം കേരളത്തിൽ സംഭവിക്കുവാനും ചർച്ചചെയ്യുവാനുമുള്ള സാധ്യത കുറവായിരിക്കുമെന്ന് സമകാലീന സിനിമ അനുഭവങ്ങൾ നമ്മെ ഓർപ്പിക്കുന്നു. പാർവ്വതിയ്ക്കു ലഭിച്ച രജതകമലം കേരളത്തിൽ വേണ്ടവിധത്തിൽ ചർച്ചയാവാത്തതും ഇതുകൊണ്ടൊക്കെത്തന്നെയാണു.

ഒരു സ്ത്രീയെന്ന നിലയിൽ നിരവധി സാദ്ധ്യതകൾ കണ്ടെത്തുവാൻ കഴിയുന്ന സിനിമയാണു മിഡ്-വൈഫ്. മാനസികവും ജൈവീകവുമായ ഒരു കരുത്ത് പകരുന്ന സിനിമ. ഉപാധികൾ ഇല്ലാത്ത സ്‌നേഹം അനുഭവിപ്പിക്കുന്ന മിഡ്‌വൈഫ്  ഉപാധികൾ ഇല്ലാതെ ലോകത്തിൽ നിന്നു മടങ്ങിപ്പോകേണ്ടവരായ നമ്മളെ നിരാശപ്പെടുത്തുകയില്ല.

Comments

comments