കേരളാ ബുഫെ (വറുത്തരച്ച ചരിത്രത്തോടൊപ്പം)- ഭാഗം :9
രാജ്യതന്ത്രവും രാഷ്ട്രീയവും വിപ്ലവങ്ങളും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും അക്കാദമി അവാർഡുകളും സംഭവിക്കുന്നതിനു മുമ്പ് മനുഷ്യരെ, പ്രത്യേകിച്ച് പുരുഷന്മാരെ ജീവിതത്തിൽ മുന്നോട്ടു നയിച്ചിരുന്ന മുഖ്യവികാരം മറ്റു ജീവജാലങ്ങളിലെന്ന പോലെ വിശപ്പായിരുന്നു. വിശപ്പിന്റെ കാര്യത്തിലാവട്ടെ ലോകത്തുള്ള എല്ലാ സ്പീഷീസുകളെയുമെടുത്ത് പരിശോധിച്ചാലും വിശന്നുവലഞ്ഞു വരുന്ന നായരോളം പ്രശ്നക്കാരനായ ഒരു ജീവി ഈ ഭൂമുഖത്ത് ഇല്ല എന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആയത് കുഞ്ചൻ നമ്പ്യാർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് താനും.
“നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു’’.
ഈ കാഴ്ച കുഞ്ചൻ നമ്പ്യാർ കാണുന്നത് നളദമയന്തി കഥയിലെ കൊറിയർ ഏജന്റായ ഹംസത്തിന്റെ ഒരു ഏരിയൽ വ്യൂവിലൂടെയാണ് എന്നുള്ളത് ശ്രദ്ധേയമാണ്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം എവിടെയായിരിക്കും എന്ന് ഊഹിക്കാൻ മതിയായ യുക്തിസഹമായ തെളിവുകൾ ഇല്ല. ഏതാണ്ട് മദ്ധ്യപ്രദേശിലെ ഗ്വാളിയോർ എന്ന് ഗണിക്കാവുന്ന നളന്റെ നിഷാദരാജ്യത്തിലേക്ക് മഹാരാഷ്ട്രയുടെ കിഴക്കുഭാഗത്തുള്ള വിദർഭരാജ്യത്തെ ദമയന്തി രാജകുമാരി തപാലിൽ അയക്കുന്ന ഒരു കത്ത് ഏതൊരുവിധ കാലാവസ്ഥാവ്യതിയാനങ്ങളാലും റീറൂട്ട് ചെയ്യേണ്ടിവന്നാലും ഹംസം കൊറിയർ സർവീസ് വിമാനം നായന്മാരെ കാണും വിധം പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗങ്ങളിലൂടെ പറക്കേണ്ടതില്ല. അഥവാ വഴിതെറ്റി പറന്നാലും ഇത്രയൊന്നും താഴത്ത് പറക്കേണ്ടതുമില്ല. അത് മാത്രമല്ല, മറിച്ചൊരു സാദ്ധ്യത ആലോചിച്ചാൽ വിദർഭയുടെ പ്രവിശ്യകളിലേക്ക് കുടിയേറാൻ മാത്രം കേരളത്തിലെ നായന്മാർ അക്കാലത്ത് ടൈപ് റൈറ്റിങ്ങ്, ഷോർട്ട് ഹാൻഡ് എന്നീ മന്ത്രവിദ്യകൾ (നളനും ഋതുപർണനും തമ്മിൽ കൈമാറിയ അശ്വഹൃദയവും അക്ഷഹൃദയവും പോലെ) സ്വായത്തമാക്കിക്കഴിഞ്ഞിട്ടുമില്ലായിരുന്നു. ഈ പശ്ചാത്തലത്തിൽ ശ്രീ.കലാമണ്ഡലം ഗോപി, ശ്രീ.കോട്ടക്കൽ ശിവരാമൻ എന്നീ രണ്ടു നായന്മാർ ചേർന്ന് നളദമയന്തിമാരെ കേരളത്തിൽ പ്രതിഷ്ഠിച്ചതിന്റെ ചരിത്രപരമായ സാംഗത്യം പരിശോധിക്കുമ്പോഴാണ് പാലക്കാട്ടെ നായർ സർവീസ് സൊസൈറ്റിയുടെ ചില ഉള്ളുകള്ളികൾ നമുക്കു മുമ്പിൽ വെളിവാവുന്നത്.
ശ്രീ.പരശുരാമൻ ലോഹായുധമുപയോഗിച്ച് റീക്ലെയിം ചെയ്ത് ദേവസ്വവും ബ്രഹ്മസ്വവുമായി റെയിഷാക്കി എന്ന് പറയപ്പെടുന്ന കേരളക്കരയിൽ നായന്മാർ വാളയാർ ചുരം വഴി വന്നുകയറിയ കാലഘട്ടത്തെക്കുറിച്ച് നളദമയന്തീചരിതത്തിലെ മേൽപ്പറഞ്ഞ പശ്ചാത്തലവർണന സംശയങ്ങളുണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്രക്കും ഗ്വാളിയോറിനും ഇടക്കുള്ള പ്രദേശത്ത് പുരയ്ക്കു ചുറ്റും മണ്ടിനടക്കുന്ന നായന്മാരുണ്ടായിരുന്നു എന്ന വസ്തുത ശ്രീ.ഡി.ഡി.കൊസാംബിയോ ശ്രീമതി.റൊമീലാ ഥാപ്പറോ പോലും കണ്ടെടുക്കാത്ത കാര്യമാണുതാനും. യാദവരും നാഗന്മാരും തമ്മിലുള്ള മിശ്രിതത്തിലൂടെയാണ് നായർ സമുദായം രൂപപ്പെട്ടത് എന്ന വാദമാകട്ടെ നിലവിലെ അംഗീകൃതചരിത്രത്തിന്റെ ഭാഗവുമാണ്. അതെല്ലാം എന്തു തന്നെയായാലും മാതൃകേന്ദ്രീകൃതമായ ഒരു സാമൂഹ്യക്രമമാണ് നായന്മാർ അനുവർത്തിച്ചിരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. അതോടൊപ്പം യുദ്ധവുമായി ബന്ധപ്പെട്ട മേഖലകളിലാണ് നായന്മാർ അധികവും പ്രവർത്തിച്ചിരുന്നത് എന്നതും പരിഗണിക്കേണ്ടതുണ്ട്. നായന്മാർ കേരളത്തിലെത്തി എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്ന പാലക്കാടൻ തുറസ്സിന്റെ കാര്യമെടുക്കുക.
കിരിയത്തോ വിളക്കത്തലയോ ആവട്ടെ ഏറ്റെടുത്ത പ്രവർത്തികൾ യുദ്ധസമാനമായ നിഷ്കർഷയോടെ അനുഷ്ഠിക്കുക എന്നതാണ് മുൻകാലനായന്മാരുടെ ശീലം. സമാധാനത്തേക്കാൾ യുദ്ധത്തിന്റെ അഡ്രിനാലിൻ റഷ് എപ്പോഴും രക്തത്തിൽ കൊണ്ടുനടക്കുന്ന ഇവർ സ്വാഭാവികമായും കഴിവതും സംഘം ചേർന്ന് സഞ്ചരിച്ചു. പടയായാലും പകിടയായാലും പതിനഞ്ചുനായും പുലിയും കളിയായാലും ഒന്നിച്ചു നിന്നു, ഒന്നിച്ചിരുന്നു. ഇനി അഥവാ സമാധാനം സംഭവിച്ചാലും ഗാർഹികകാര്യങ്ങളിൽ ഏർപ്പെടുന്നതിനേക്കാൾ സാമൂഹ്യജീവികൾ എന്ന നിലയിൽ പൊതുസ്ഥലങ്ങളിൽ തന്നെ വിഹരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പാലക്കാടൻ നായന്മാർ ആൽത്തറകളിലും അത്താണികളിലും അമ്പലപ്പറമ്പുകളിലും സാമൂഹികവിഷയങ്ങളെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടും യുദ്ധം വരാത്തതിൽ ആശങ്കപ്പെട്ടുകൊണ്ടും കൂട്ടംകൂടിനിന്നു. ഉച്ചവെയിൽ ഉച്ചിയിൽ വന്നു വീഴുമ്പോൾ മാത്രം ഊണു കഴിക്കുക എന്ന പ്രക്രിയ നിർവഹിക്കേണ്ടതുണ്ടെന്ന ഉത്തരവാദിത്തം ഓർമ്മയിൽ വരികയും തികഞ്ഞ സംഘബോധത്തോടെ ഏറ്റവും സമീപസ്ഥനായ നായരുടെ വീട്ടിലേക്ക് നടക്കുക എന്നതുമായിരുന്നു കിഴക്കൻ പാലക്കാട്ടെ (പാലക്കാട്ടിലെ) പത്തൊമ്പതാം നൂറ്റാണ്ടിലെ നായന്മാർക്ക് ഉണ്ടായിരുന്ന ശീലം.
സ്വാഭാവികമായും ഗൃഹസ്ഥനായ നായരുടെ കമാൻഡിൽ സഞ്ചരിക്കുന്ന ഒരു ബറ്റാലിയൻ പോലെ സമീപസ്ഥമായ നായർഗൃഹത്തിൽ എത്തിച്ചേരുന്ന ഈ സംഘം ഉമ്മറപ്പടിയിലെ കിണ്ടി ചെരിച്ച് കാലും മുഖവും കഴുകുക എന്ന ചടങ്ങിൽ ശബ്ദായമാനമായി ഏർപ്പെടുന്നതോടെയാണ് ഗൃഹനാഥകളായ നായർസ്ത്രീകൾക്ക് പ്രസ്തുത വരവിന്റെ ആദ്യസൂചനകൾ ലഭിക്കുക. തുടർന്ന് ഗൃഹനാഥൻ നായർ “ഊണ് കാലായില്ലേ..?” എന്ന ചോദ്യം ഉറക്കെ ഉന്നയിക്കുന്നതോടെ അടുക്കളയിൽ അതിവിദഗ്ധമായി പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യകാര്യക്രമസംവിധാനത്തിന്റെ പ്രവർത്തനം ആരംഭിക്കുകയായി. മൂക്കുചീറ്റൽ, മുഖം കഴുകൽ, കുൽക്കുഴിയൽ തുടങ്ങിയ പ്രക്രിയകളുടെ ശബ്ദവൈവിധ്യത്തിലൂടെ അതിഥികളുടെ എണ്ണം കണക്കാക്കലാണ് ആദ്യപടി. അതിനു വേണ്ട ശ്രവണസൂക്ഷ്മത പരിശീലനത്തിലൂടെ അക്കാലത്തെ സ്ത്രീകൾ കൈവരിച്ചിരുന്നു.
പാലക്കാടൻ നായർ സ്ത്രീകൾ പണ്ടേ ഗണിതശാസ്ത്രത്തിൽ വ്യുല്പത്തി നേടിയവരായിരുന്നു. വീട്ടിലുള്ള പുരുഷപ്രജകളുടെ എണ്ണത്തിന്റെ വർഗത്തെ രണ്ടു കൊണ്ട് ഗുണിച്ച് അതിനെ ഇരുനാഴിയിൽ തത്സമം കണ്ട് അതിൽ ആളൊന്നുക്ക് ഉരിയരിവീതം സുരക്ഷാ മാർജിൻ കൂട്ടിയ ശേഷമാണ് അവർ രാവിലെ ഊണിന് അരിയിട്ടിരുന്നത്. ഒഴിച്ചു പാരാനുള്ള കൂട്ടാൻ, മെഴുക്കുപുരട്ടി അഥവാ ഉപ്പേരി, കാച്ചിയ പപ്പടം തുടങ്ങിയവക്കെല്ലാം ഇത്തരത്തിലുള്ള സൂത്രവാക്യങ്ങൾ നിലനിന്നിരുന്നു. എങ്കിലും വർത്തമാനപത്രങ്ങൾ നിലവിൽ വരാത്ത കാലമായതിനാലും സാക്ഷരതയുടെ കാര്യത്തിലുള്ള പിന്നോക്കാവസ്ഥയാലും സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷങ്ങളെക്കുറിച്ച് സ്ത്രീജനങ്ങൾക്കിടയിൽ പൊതുവേ നിലനിന്നിരുന്ന അജ്ഞത മൂലം ഉച്ചയൂണിന് പ്രതീക്ഷിക്കപ്പെടുന്ന അതിഥികളുടെ എണ്ണത്തിൽ ഒരു അപ്രതീക്ഷിതാവസ്ഥ എക്കാലവും നിലനിന്നുപോന്നു.
ചരിത്രപരമായ ഈ കാരണങ്ങളാലും നേരത്തെ കുഞ്ചൻ നമ്പ്യാർ പരാമർശിച്ച നായന്മാരുടെ വിശപ്പിന്റെ ജനിതകമായ പ്രത്യാഘാതങ്ങൾക്കെതിരെയുള്ള സുരക്ഷാപദ്ധതിയായുമാണ് മൊളോർത്തോളി ( അഥവാ മുളകു വറുത്ത പുളി ) എന്ന അടിയന്തിര ഒഴിച്ചുകൂട്ടാൻ പാലക്കാടൻ ഊണിന്റെ ഭാഗമായിത്തീരുന്നത്. ഗണിതശാസ്ത്രവിശാരദകൾ ആയതുകൊണ്ട് ബുദ്ധിമതികൾ കൂടിയായ പാലക്കാടൻ നായർ സ്ത്രീകൾ മൊളോർത്തോളിയെ ഒരു വിശിഷ്ടവിഭവമായും പുരുഷനായർസമൂഹത്തിന് കൊടുക്കുന്ന ഒരു പ്രത്യേക പ്രിവിലേജായും പാലക്കാടിന്റെ കൾച്ചറൽ ആന്ത്രപ്പോളജിയുടെ ഭാഗമായും അവതരിപ്പിക്കുന്നതിൽ വിദഗ്ധമായ വിജയം കൈവരിച്ചു. ജോർജ് ഓർവൽ 1948ൽ ലോകമഹായുദ്ധത്തിനു ശേഷം എഴുതിയ 1984ൽ പരാമർശിക്കപ്പെട്ട “യുദ്ധം സമാധാനമാണ്, സ്വാതന്ത്ര്യം അടിമത്തമാണ്, അജ്ഞത ശക്തിയാണ്” എന്ന മുദ്രാവക്യം പണ്ടേ വിശ്വസിച്ചുപോന്നിരുന്ന പാലക്കാട്ടെ പുരുഷനായന്മാരാകട്ടെ അതിൽ മൂക്കും കുത്തി വീഴുകയും ചെയ്തു.
ഇത്രയും സങ്കീർണമായ ഒരു സാമൂഹ്യപ്രശ്നത്തെ ഫലപ്രദമായി അഭിസംബോധന ചെയ്ത മൊളോർത്തോളിയുടെ നിർമ്മാണപ്രക്രിയയാവട്ടെ വളരെ ലളിതമാണ്. രണ്ട് ചെറുനാരങ്ങവലിപ്പത്തിൽ പുളിയെടുത്ത് രണ്ടു നാഴി വെള്ളത്തിൽ കുതിർത്തുവെക്കുക. നന്നായി പിഴിഞ്ഞ് ചണ്ടി കളഞ്ഞ് വെക്കുക. അതിൽ ലേശം ഇഞ്ചി (യുദ്ധകാലത്ത് പൊതുവേ ഗ്യാസ് ട്രബിൾ ഉള്ളതുകൊണ്ടാണ് ഇഞ്ചി. സമാധാനകാലത്ത് ഇഞ്ചി ഒഴിവാക്കാം) ചതച്ചതും കറിവേപ്പിലയും നന്നായി ഞെരടിവെക്കുക. വെളിച്ചെണ്ണ മൂപ്പിച്ച് കടുക് പൊട്ടിച്ച് പത്ത് ചെറിയ ഉള്ളിയും മൂന്നു പച്ചമുളകും ഒരു ടീ സ്പൂൺ ഉലുവയും ചേർത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം അതിലേക്ക് തയ്യാരാക്കിയ പുളിവെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിട്ട് തിളപ്പിക്കുക. രണ്ട് ഭീമാകാരന്മാരായ നായന്മാരെ ഒരു നേരം കൈകാര്യം ചെയ്യാനുള്ള മൊളോർത്തോളി തയ്യാർ. കൂടുതൽ നായന്മാർക്ക് പെരുക്കൽപ്പട്ടിക ഉപയോഗിച്ച് അളവിൽ മാറ്റം വരുത്താവുന്നതാണ്.
പറമ്പിൽ വെറുതേ പൊഴിഞ്ഞുവീഴുന്ന വാളമ്പുളി കൊണ്ട് വാളെടുത്ത് വിശന്നുവരുന്ന തങ്ങളുടെ നായന്മാരെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ഒരു പാചകപദ്ധതി തന്നെ തയ്യാറാക്കിയ പാലക്കാടൻ നായർ സ്ത്രീകളുടെ രുചിപരമായ ഈ ഇടപെടൽ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത് തീർച്ചയായും നിശബ്ദവും ബുദ്ധിപരവുമായ ഒരു ഫെമിനിസ്റ്റ് വിപ്ലവം എന്ന നിലയിൽ തന്നെയാണ്. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സ്വല്പം പുളി പിഴിഞ്ഞുപാരാനുള്ള ശക്തിയേ പ്രാഥമികമായും ആവശ്യമുള്ളൂ എന്ന് അവർ തെളിയിച്ചു. അതുകൊണ്ടുതന്നെ ഗാർഹികപീഡനം അല്പസ്വല്പമൊക്കെ ആവാം എന്ന് സമീപകാലത്തു നടന്ന ഒരു സർവേയിൽ അഭിപ്രായപ്പെട്ട സ്ത്രീകൾ പാലക്കാട്ടുകാരാവേണ്ട യാതൊരു കാരണവും ഒരു ചരിത്രകാരനും കണ്ടെത്തിയെന്നും വരില്ല.
—-
എഴുത്ത്, വര: നിരഞ്ജൻ
Be the first to write a comment.