ടി ഡി രാമകൃഷ്ണനുമായി നവമലയാളി മിഡിൽ  ഈസ്റ്റ്  എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖത്തിൽ നിന്നും.
———————
1. വയലാര്‍ അവാര്ഡുട ജേതാവിന് അഭിനന്ദനങ്ങള്‍ !
LTTE പോലുള്ള സംഘടനയിലെ ജനാധിപത്യ വിരുദ്ധതയെക്കുറിച്ച് പറയുന്ന, ഒരു പോളിറ്റിക്കല്‍  നോവല്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന കൃതിയാണ് അവാർഡ് നേടിയ   സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. അതിന് ഒരു പൊളിറ്റിക്കല്‍ വായന കൂടാതെ  അതിലെ മനുഷ്യരുടെ സ്വഭാവത്തെ  മനസ്സിലാക്കാന്‍ അതിനെ ആന്ത്രപ്പോളജിക്കലായിട്ടും സൈക്കോളജിക്കലായിട്ടും കൂടി സമീപിക്കേണ്ടി വരുന്നുണ്ട്. മതങ്ങളും ഉയർന്ന  ചിന്തകളും മനുഷ്യനെ ശാന്തസ്വാഭാവിയായും സമാധാനപ്രിയനായും ജീവിക്കാന്‍ ശീലിപ്പിക്കേണ്ടതായിരുന്നു. പക്ഷെ അവന്റെ ആർത്തിയും അക്രമവാസനയും വർദ്ധിച്ചു വരുന്നതായാണ് അനുഭവത്തില്‍ കാണുന്നത്. അപ്പോൾ അധികാരവും അധികാരത്തിന്റെ സങ്കീർണ്ണമായ തലങ്ങളും ആർത്തിയിൽ അധിഷ്ഠിതമാണ്… അങ്ങനെയൊക്കെയുള്ള   ഒരു ആന്ത്രപോളജിക്കല്‍ വായന ആ നോവല്‍  ആവശ്യപ്പെടുന്നുണ്ട് . അതേസമയം മനുഷ്യന്റെ  ചോദനകളെ, ആസക്തികളെക്കുറിച്ചൊക്കെ പറയുന്ന, ഒരു  സൈക്കോളജിക്കല്‍/ ആന്ത്രോപ്പോളജിക്കല്‍   നോവല്‍ എന്ന് തോന്നിപ്പിക്കുന്ന ആൽഫ യഥാർത്ഥത്തില്‍  പൊളിറ്റിക്കലും  ആണ്. കൃതികളില്‍ കാണുന്ന ഇങ്ങനെയുള്ള  ക്രാഫ്റ്റിനെപ്പറ്റി ?

ഉ: അത് കൃതികളില്‍  മനഃപൂർവ്വം  വരുത്തുന്നതല്ല. ആൽഫ ചെയ്യുന്ന സമയത്ത്  സാഹിത്യത്തിനെക്കുറിച്ചും,  എഴുത്ത് എന്ന പ്രോസസ്സിനെക്കുറിച്ചും, അതിൽക്കൂടി ഉല്പാദിപ്പിക്കപ്പെടുന്ന കൃതി സുമാര്‍ ഏതു രൂപത്തിലായിരിക്കണം എന്നതിനെക്കുറിച്ചുമൊക്കെ  എനിക്കുണ്ടായിരുന്ന ധാരണകള്‍  എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ ധാരണകള്‍ അതുവരെയുള്ള എന്റെ വായനയുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ ഉണ്ടായതാണ്. അതിന്റെ ചില പരിമിതികളും ചില സാധ്യതകളും ആ പുസ്തകത്തില്‍ ഉണ്ടായിട്ടുണ്ട്. രണ്ടായിരത്തിനു ശേഷമാണ് ആല്ഫ  എഴുതുന്നത്. അന്ന്  എനിക്ക് നോവലിനെക്കുറിച്ച് ഉണ്ടായിരുന്ന സങ്കല്പ്പം  കഴിയുന്നത്ര ചുരുക്കിപ്പറയുക, സൂചനകളിലേക്ക് ഒതുക്കുക, ചിന്തിക്കാനുള്ള സാധ്യത പരമാവധി തുറന്നിടുക എന്നതായിരുന്നു. അന്ന് എന്റെ മുൻപിൽ എന്നെ പ്രചോദിപ്പിച്ച, അത്തരത്തിലുള്ള ധാരണയിലേക്ക് ഞാനെത്താന്‍ സഹായിച്ചിട്ടുള്ള  ചില കൃതികളുണ്ട്. മലയാളത്തിലാണെങ്കില്‍ സി. ആര്‍. പരമേശ്വരന്റ  ‘പ്രകൃതിനിയമം’ പോലുള്ള പുസ്തകങ്ങള്‍, പുറത്തു നിന്നാണെങ്കില്‍  ‘ഓൾഡ് ‌ മാന്‍ ആൻഡ്  ദ സീ’ പോലെ,  ‘സിദ്ധാർത്ഥ’  പോലെ, ഒരുപാട് പരത്തിപ്പറയാതെ കാര്യങ്ങള്‍ ചുരുക്കിപ്പറയുന്ന രീതിയിലുള്ളവ. ആ സമയത്ത്, ഒരു നോവലിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ അങ്ങനെയായിരുന്നു. അതില്‍ നിന്നാണ് ആല്ഫ ഉണ്ടാകുന്നത്. ഒരുപാടു സൂചനകളില്‍ ഒതുങ്ങിയ നോവലാണത്. അതിലെ പൊളിറ്റിക്കല്‍ പ്രെസ്പെക്ടീവ് ഒക്കെ അത്തരത്തിലാണ്. കനു  സന്യാലിനെപ്പറ്റിയൊക്കെ പറയുമ്പോള്‍ ആകെ ഒരിടത്ത് ‘കനു  എന്നെ വന്നു കണ്ടിരുന്നു’  എന്നു മാത്രമേ  പറയുന്നുള്ളൂ. ബാക്കിയൊന്നും പറയുന്നില്ല. ഇതുപോലെ ഒരുപാടു കാര്യങ്ങള്‍ പലയിടങ്ങളില്‍ ചെറിയ ചെറിയ സൂചനകളില്‍ ഒതുക്കി. ചിലപ്പോള്‍ എന്താണ് കാര്യം എന്ന്  പറയാതെ മഞ്ഞക്കിളികളെപ്പറ്റിയായിരിക്കും പറയുക. അത് വലിയൊരു ഇമേജാണ്. പക്ഷെ അതെന്താണ് എന്ന് പറയുന്നില്ല. ആല്ഫ  എന്ന നോവല്‍ സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട, അതിനെ പ്രശ്നവൽക്കരിക്കുന്ന  നോവലാണ്‌. പക്ഷെ ഒരിടത്തും അത്തരം കാര്യങ്ങളെപ്പറ്റിയൊന്നും പറയുന്നില്ല. അതുപോലുള്ള  പല കാര്യങ്ങള്‍ ഉള്ളതായിരുന്നു  അന്നത്തെ എന്റെ സങ്കൽപ്പമനുസരിച്ച് ഒരു നോവല്‍ എന്നത്. പക്ഷെ അതുകഴിഞ്ഞ് അതിന്റെ വായനകളൊക്കെ വരുന്ന സമയത്ത് ഇത് സയൻസ് ഫിക്ഷനാണെന്ന് ഉറച്ചു വിശ്വസിക്കുകയും അത്തരം  ചർച്ചകൾ  നടക്കുകയും…. സയൻസ് സെമിനാറുകളിലേക്ക് എന്നെ ക്ഷണിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നിട്ട്  ഞാനവിടെപ്പോയി  ഇത് സയൻസ് ഫിക്ഷനല്ല എന്ന് പറയേണ്ടി വന്നിട്ടുമുണ്ട്. കൊണ്ടപ്പള്ളി സീതാരാമയ്യ എന്ന  വ്യക്തിയുടെ മരണമാണ് ആല്ഫ എഴുതാന്‍  എന്നെ പ്രേരിപ്പിച്ച അടിസ്ഥാന കാരണം. കൊണ്ടപ്പിള്ളി ഒരു പ്രസ്ഥാനം സ്ഥാപിക്കുന്നു, അവസാനം അതിലെ ആളുകള്‍ തന്നെ അദ്ദേഹത്തെ അതിൽ നിന്നു പുറത്താക്കുന്നു. പക്ഷെ കൊണ്ടപ്പള്ളിയെപ്പറ്റിയോ  പീപ്പിൾസ് വാര്‍ ഗ്രൂപ്പിനെപ്പറ്റിയോ   നോവലിലെവിടെയും പറയുന്നില്ല. അത്തരം ഒരു നരേഷന്‍ ആണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്.  അങ്ങനെ ഒരു നരേഷന്‍ ഉപയോഗിക്കുന്നതിനുള്ള കാരണം ഏതെങ്കിലും ഒരു സ്പെസിഫിക് കോണ്ടക്സ്റ്റില്‍   സ്പെസിഫിക് ആയുള്ള ഇടത്തില്‍ നോവല്‍   ഒതുങ്ങിപ്പോകരുത് എന്നുള്ളതു കൊണ്ടായിരുന്നു.. ഏതു സ്ഥലത്തും എങ്ങനെയും വായിക്കാന്‍ പറ്റുന്ന ഒരു ടെക്സ്റ്റ് ആവണം നോവല്‍.

ഒരു പ്രത്യേക സമയത്ത്, ഒരു  കാലത്ത് നമ്മളെടുക്കുന്ന തീരുമാനങ്ങളും, ധാരണകളും  പലപ്പോഴും  ആപേക്ഷികമാണ്.  നമ്മുടെ അനുഭവങ്ങളുടെയും പരിമിതമായ അറിവിന്റെയും നമ്മളിലേക്ക് വന്നുചേരുന്ന മറ്റു കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നമ്മളെടുക്കുന്ന ചില  നിലപാടുകളായിരിക്കും അത്.  കൃതികളില്‍ അതെല്ലാം പ്രതിഫലിക്കുന്നു  എന്നേ പറയാന്‍ പറ്റൂ.എഴുത്തിനോടുള്ള  ധാരണകളും എന്റെ സാഹിത്യ സങ്കല്പ്പ ങ്ങളും മറ്റും നിരന്തരം  മാറുന്നതുകൊണ്ട് അടുത്ത കൃതികളില്‍ അത് പ്രതിഫലിച്ചിട്ടുണ്ട്.ഒരു ഗവേഷണ സ്വഭാവത്തോടെയോ  അക്കാദമിക് പഠന സ്വഭാവത്തോടെയോ  കൃതികളെ സമീപിക്കുന്നവര്ക്ക്ോ പൊളിറ്റിക്കല്‍ റീഡിംഗ്   ആവാം  ആന്ത്രപ്പോളജിക്കല്‍ റീഡിംഗും   ആവാം അതില്‍ തെറ്റൊന്നുമില്ല. പക്ഷെ എഴുതുന്ന സമയത്ത് വാസ്തവത്തില്‍ അത്തരം ചിന്തകളൊന്നും ഇല്ല.

ടി ഡി രാമകൃഷ്ണൻ, ഷൈന ഷാജൻ

2. പുരുഷകേന്ദ്രിത യുക്തികളുടെ തേർവാഴ്ചയെന്നും സ്‌ത്രീയെ  കച്ചവടചരക്കാക്കിയുള്ള പരാമർശങ്ങളനവധിയാണെന്നുമൊക്കെ  വിമർശിക്കപ്പെട്ട നോവലാണു ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവല്‍. ഫ്ളോറന്സിന്റെയും, യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും, മൈക്കലാഞ്ചലോയുടെ ‘പിയാത്ത’യുടേയുമൊക്കെ ചരിത്രം സ്പര്ശിക്കുന്ന  യൂറോ കേന്ദ്രിത സമവാക്യങ്ങളുടെ ഭൂമികയുമായിരുന്നു ആ കൃതി. അത്തരം വിമർശനങ്ങളുടെ  കുറവു തീർക്കാനെനെന്ന വണ്ണമാണോ  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍   സ്ത്രീയെ മുൻനിർത്തിയുളള ആഖ്യാനവും  അതിന്റെ സ്ഥലഭൂമിക ദ്രാവിഡവുമാക്കിയത്?

ഉ:  ഫിക്ഷന്‍ എഴുതുന്ന   ഒരെഴുത്തുകാരന്‍ എന്നുള്ള നിലയില്‍ തീർച്ചയായിട്ടും അതിനെക്കുറിച്ച്  വരുന്ന വിമർശനങ്ങളെല്ലാം ഞാന്‍  ശ്രദ്ധിക്കാറുണ്ട്. എന്നാൽ എഴുതുന്ന കൃതി ഏതു രീതിയിലാണ്  വായിക്കപ്പെടാന്‍ പോകുന്നത് എന്നോ   അതിനുനേരെ ഉന്നയിക്കാന്‍ ഇടയുള്ള വിമർശനങ്ങള്‍ എന്തായിരിക്കുമെന്നോ ഒക്കെ ബോധപൂർവ്വം ചിന്തിച്ച് അതിനെ പ്രതിരോധിച്ചു കൊണ്ടെഴുതുന്ന   തരത്തിലുള്ള എഴുത്ത് എന്നെ  സംബന്ധിച്ച് സാധ്യമല്ല. എഴുതുന്ന സമയത്ത് ഇത്തരം ചിന്തകള്‍ ഒന്നും തന്നെ മനസ്സില്‍ വരുന്നില്ല. ആല്ഫയും, ഫ്രാൻസിസ്  ഇട്ടിക്കോരയും, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും   എഴുതുന്ന സമയത്തൊന്നും എന്റെ കൃതികള്‍ ഭാവിയില്‍ എങ്ങനെയാണു  വായനക്കാര്‍ വായിക്കുന്നതെന്നോ, അക്കാദമിക് ആയിട്ട് അത് ഏതു തരത്തിലാണ് വിശകലനം ചെയ്യപ്പെടുന്നതെന്നോ, അവയുടെ   സ്ത്രീപക്ഷം പുരുഷപക്ഷം എന്നിങ്ങനെയുള്ള പ്രതിനിധാനങ്ങളുടെ പരിശോധനകളെക്കുറിച്ചുമൊക്കെ   ചിന്തിച്ചാല്‍ എനിക്ക് എഴുത്ത് വളരെ ബുദ്ധിമുട്ടായിത്തീരും. ഞാന്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രമേയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അതിന്റെ പശ്ചാത്തലം. അതെല്ലാമായിരിക്കും ആ സമയത്ത്  ചിന്തിക്കുക. ലോകത്തില്‍ ഒട്ടനേകം കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഒരു ചെറിയ ഭാഗമൊക്കെയേ  നമുക്കറിയാന്‍ കഴിയൂ. എന്റെ അറിവിലേക്കും അനുഭവത്തിലേക്കും വരുന്ന, വന്ന, വന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിലും, പല ഘട്ടങ്ങളിലായി  പലതരത്തില്‍  എന്നെ സ്വാധീനിച്ച കാര്യങ്ങളിലും ഞാന്‍   ഒരു കഥയുടെ സാധ്യതയാണ് അന്വേഷിക്കുക. ആ കഥ പറയുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന്റെ ദാർശനികതലം, പിന്നീട് അതിനെ ഇത്തരത്തില്‍ നടത്തുന്ന സോഷ്യോ ആന്ത്രോപ്പോളജിക്കല്‍  പോസ്റ്റ്‌മോർട്ടം –  ഇതൊന്നും ബാധിക്കുന്നില്ല.

യൂറോസെൻട്രിക് ആയുള്ള ഒരു ഇടത്തില്‍  നിന്നുകൊണ്ടാണ് ഇട്ടിക്കോരയിലെ  പ്രമേയം   വികസിക്കുന്നത്.  യൂറോസെൻട്രിക് ആയുള്ള ചില ന്യായവാദങ്ങളെ അതില്‍  പ്രശ്നവൽക്കരിക്കുന്നു. യൂറോസെൻട്രിക് ഡിസ്കോഴ്സില്‍ നിന്നുയർന്നുവരുന്ന അല്ലെങ്കില്‍ ഉയർന്നു  വന്നുകൊണ്ടിരിക്കുന്ന ചരിത്രത്തെപ്പറ്റിയും, ശാസ്ത്രത്തെപ്പറ്റിയുമെല്ലാം അതിന്റേതായ സ്പേയ്സില്‍ നിന്നു കൊണ്ട് തന്നെ കൌണ്ടര്‍ ചെയ്യുകയാണ് ഇട്ടിക്കോരയില്‍. മിക്കവാറും ഏതെങ്കിലും ഒരു വെസ്റ്റേണ്‍  ചിന്തയുടെ  തുടക്കത്തില്‍ നിന്നുമാണ് അതിന്റെ പ്രമേയവും അതില്‍ വരുന്ന ചർച്ചകളും ദാർശനികമായ തലങ്ങളും പോസ്റ്റ്‌ മോഡേണിസവുമായി  ബന്ധപ്പെടുന്ന കാര്യങ്ങളും എല്ലാം  വരുന്നത്. സുഗന്ധിയില്‍ അത്  മറ്റൊരു ഇടത്തേക്കും കാലത്തേക്കും   മാറുകയാണ്. ഓറിയന്റല്‍ എന്നൊക്കെ വിളിക്കാവുന്ന ഇന്ത്യന്‍ എന്നോ ശ്രീലങ്കന്‍ എന്നോ കംബോഡിയന്‍ എന്നോ പറയാവുന്ന ഒരു  ഇടത്തില്‍ നടക്കുന്ന  ദാര്ശരനികവും പൊളിറ്റിക്കലുമായ കൊടുക്കല്‍ വാങ്ങലുകളും സംവാദങ്ങളുമൊക്കെയാണ് ആ നോവലില്‍. അതില്‍  യൂറോസെൻട്രിക് ആയുള്ള ദാർശനിക സംവാദങ്ങളെ  അധികം ആശ്രയിക്കുന്നില്ല. ഈ രണ്ടു കൃതികളും ഇങ്ങനെ രണ്ടു തരത്തിലുള്ള  പ്രത്യേക സ്പേയ്സിലാണ് വർക്ക് ചെയ്തിരിക്കുന്നത്. സാഹിത്യരംഗത്ത് പൊതുവേ നിലനിൽക്കുന്ന ചില രീതികളില്‍ ഇത്തരം യൂറോസെൻട്രിക് ആയുള്ള കാര്യങ്ങളോട് വളരെ താൽപ്പര്യം  കാണിക്കുന്നവരുണ്ട്‌,  അല്ലാത്തവരുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പ്രസക്തമാണെന്നു വിശ്വസിക്കുന്നു.

പിന്നെ ഇട്ടിക്കോരയിലെ   പുരുഷാധിപത്യ സമീപനത്തെക്കുറിച്ചാണെങ്കില്‍ ഞാന്‍ എന്റെ വ്യക്തിപരമായ നിലപാടുകളോ വ്യക്തിപരമായ ശരികളോ മുൻ നിർത്തിയുള്ള  ഒരു ആവിഷ്കാരത്തിനല്ല ശ്രമിക്കുന്നത്. എനിക്കു ചുറ്റുമുള്ള പ്രശ്നവൽക്കരിക്കുന്നത്.  നിർഭാഗ്യവശാല്‍ നമ്മുടെ സമൂഹം പുരുഷ്യാധിപത്യ സ്വഭാവമുള്ളതോ  അല്ലെങ്കില്‍ അതിന്റെ പല തലങ്ങള്‍ ഉള്ളതോ ആയ  ഒന്നാണ്. അതിനെ ആഖ്യാനം ചെയ്തുകൊണ്ടു  മാത്രമേ അതിനെ problematize ചെയ്യാന്‍  പറ്റൂ. ആ അവസ്ഥയെ  നേർക്കുനേര്‍ നിർത്തിക്കൊണ്ടുള്ള ഒരു ആവിഷ്കാരത്തിനാണ് ശ്രമിക്കുന്നത്. സുഗന്ധിയിലാണെങ്കിലും  അതിനെ സ്ത്രീപക്ഷമായി വിവക്ഷിക്കണം  എന്നുപറയുന്നത് പൂർണ്ണമായും ശരിയല്ല. അത് വായനയുടെയും പഠനത്തിന്റെയും ഓരോ സൌകര്യങ്ങളാണ്. അതിലെ  കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതാണ്, അത് അഡ്രസ്സ് ചെയ്യുന്ന സബ്ജക്റ്റ് അതാണ്‌. കഥകള്‍ ഉണ്ടായി  വരുന്ന  സമയത്ത്  എഴുത്തുകാരന്‍ ആ കഥയുടെ ലോകത്തേക്ക് മാറിപ്പോകും. ആ സമയത്ത് ഇപ്പറഞ്ഞ കഥാപാത്രങ്ങള്‍ ഇട്ടിക്കോരയായാലും സുഗന്ധിയായാലും  എനിക്ക് വളരെ പരിചിതരായ  വ്യക്തികളായി മാറും. പിന്നെ കഥ സംഭവിക്കുകയാണ്. അതുകൊണ്ട്  നേരത്തെ പറഞ്ഞതു  പോലുള്ള  സമീപനങ്ങള്‍ ഏതു തരത്തിലായിരിക്കും എന്ന് ആലോചിച്ചിട്ടല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.

3. ഫ്രാൻസിസ് ഇട്ടിക്കോര –  സങ്കല്പം., ചരിത്രം, കാല്പനനികത എന്നീ ഇഴകളില്‍ വളരെ ഭദ്രമായൊരു  നോവലാണു. ചരിത്രാത്മകവും ചരിത്രപരവുമായ ഭാവനാരൂപമെന്ന നിലയിൽ നോവലിനു  ഉയർന്ന സാംസ്‌കാരികപദവി കൈ വന്നിട്ടുമുണ്ട് . ചരിത്രരചന, ചരിത്രപണ്ഡിതരുടെ അക്കാദമികവൃത്തി മാത്രമല്ലാതെയായിത്തീർന്നിട്ടുള്ള ഇക്കാലത്ത്  മനുഷ്യനെക്കുറിച്ച്, സ്ഥലകാലങ്ങളിൽ ഊന്നിനിന്നുകൊണ്ട് നടത്തുന്ന ഏതൊരാഖ്യാനവും  സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ചരിത്രമായി മാറുന്നുണ്ട്.  ചരിത്രമെന്നത് കഥയും കവിതയും നാടകവും നോവലും പോലെ അഥവാ അവ കൂടിയുൾപ്പെട്ട ആഖ്യാനങ്ങൾ തന്നെയാണ് എന്നുവരുന്നു. ഇങ്ങനെ  ചരിത്രത്തെയും ചരിത്രരചനയെയും കുറിച്ചുളള കാഴ്ചപ്പാടുകൾ മാറിയ സാഹചര്യത്തിൽ, ചരിത്രമെന്നത് ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ വസ്തുതകൾ മാത്രമല്ലാതായിത്തീരുന്നില്ലേ? അങ്ങനെ വരുമ്പോള്‍ ഇട്ടിക്കോരയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതു  പോലെ   അത് കെട്ടുകഥകളും നുണകളുമാണ്   എന്ന് പറഞ്ഞ് കൈ കഴുകാന്‍ എഴുത്തുകാരന്   കഴിയുമോ?

ഉ: അങ്ങനെയല്ല. ഈ ചോദ്യത്തിന്റെ  ആമുഖമായി പറഞ്ഞിരിക്കുന്ന ഭാഗങ്ങളോട് ഞാന്‍ പൂർണ്ണമായും വിയോജിക്കുന്നു. ചരിത്രം അങ്ങനെ സംഭവിക്കുന്നില്ല. ചരിത്രം അധികാരത്തിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചിട്ടാണ്  സൃഷ്ടിക്കപ്പെടുന്നത്. ചരിത്രപഠന സംബന്ധമായിട്ടുള്ള ചരിത്രത്തിന്റെ മെത്തഡോളജികളില്‍ അല്ലെങ്കില്‍ ചരിത്രത്തിനെ ഒരു ജ്ഞാനമേഖല എന്നുള്ള തരത്തില്‍ സമീപിച്ച്, അത് പഠിക്കാനും വികസിപ്പിച്ചെടുക്കാനുമുള്ള മെത്തഡോളജികളോട് ചിലയിടങ്ങളിലെങ്കിലും ഞാന്‍ വിയോജിക്കുന്നു. എന്തെന്നാല്‍ സാഹിത്യത്തെ ചരിത്രപഠനത്തിന്റെ ഒരു വഴിയായി സ്വീകരിക്കുക എന്ന് പറയുന്നത് ഒരു പരിധി വരെ മാത്രമേ ശരിയാകൂ. കാരണം സാഹിത്യം ഒരു കാലത്തും യാഥാർത്ഥ്യത്തെ അതേപോലെ ആവിഷ്കരിക്കുന്നില്ല.

എഴുതുന്ന ആളുടെ ഭാവന  എന്ന് പറയുന്നത്  വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. എഴുത്ത് ഒരു  ക്രിയേറ്റീവ് വർക്കാണ്. കാളിദാസന്‍ മേഘസന്ദേശത്തില്‍ എഴുതിയ കാര്യങ്ങളും, വാല്മീകി എഴുതിയ കാര്യങ്ങളുമെല്ലാം   അക്കാലത്ത്  യാഥാർത്ഥമായും ഉണ്ടായിരുന്ന കാര്യങ്ങളാണെന്ന് വായനക്കാരന്‍ ധരിക്കുകയാണെങ്കില്‍ അത് വലിയൊരു അബദ്ധത്തിലായിരിക്കും എത്തുക. വ്യാസനും കാളിദാസനും മറ്റും തങ്ങളുടെ മുൻപില്‍ കണ്ട കാര്യങ്ങളല്ല  കുറിച്ചിട്ടുള്ളത്. അവര്‍ സ്വന്തം ഭാവന കൊണ്ട്, ഭാവനാശക്തി കൊണ്ട്,  അവർക്കുണ്ടായിരുന്ന വലിയ കഴിവുകള്‍ കൊണ്ട്, പുഷ്പകവിമാനം പോലെയൊക്കെയുള്ള  സങ്കല്പങ്ങള്‍ കൊണ്ടുവന്നു. എച്. ജി. വെൽസ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കുറച്ചു കാലം  മുന്നേ  ഫിക്ഷനില്‍ എഴുതിയിട്ടുണ്ട്. ഇതെല്ലാം ഭാവനയുടെ ഒരു സാധ്യതയാണ്. ഭാവന സഞ്ചരിക്കുന്ന വഴികള്‍ വളരെ വ്യത്യസ്തമായുള്ള വഴികളാണ്. അതുകൊണ്ടാണ് ഇട്ടിക്കോര ഇങ്ങോട്ട് വരുന്നതിനേക്കാള്‍ മുൻപ് എന്തുകൊണ്ട് നമുക്കങ്ങോട്ടു പൊയ്ക്കൂടാ എന്ന് ഞാന്‍ ചോദിക്കുന്നത്. നിരന്തരമായി പുതുക്കപ്പെടുക എന്നതാണ് കഥകളുടെ ഒരു സ്വഭാവം. ഒരേ കഥ പലയാളുകള്‍ പറയുന്നത്  പല രീതിയിലാവും. അതില്‍ ഭാവനയുടെ വലിയൊരംശമുണ്ട്. ഈ ഭാവനയുടെ അംശത്തെ പരിഗണിക്കാതെ അത് പരിപൂർണ്ണമായും  ഒരു കാലത്തിന്റേയും  ചരിത്രത്തിന്റെയും ആഖ്യാനമാണ് എന്നുള്ള രീതിയില്‍ സമീപിക്കുകയും അതിനെ ചരിത്രത്തിന്റെ രേഖകളായിട്ടോ  അല്ലെങ്കില്‍ ചരിത്രത്തിന്റെ ആധികാരികത അതില്‍ കാണാന്‍ ശ്രമിക്കുകയുയോ ഒക്കെ  ചെയ്യുന്ന, മെത്തഡോളജിയോട് ഞാന്‍ വ്യക്തിപരമായി യോജിക്കുന്നില്ല. ഞാന്‍ സൃഷ്ടിക്കുന്ന ഒരു കഥാപാത്രമാണ്  ഇട്ടിക്കോര.  അങ്ങനെയൊരാള്‍ ജീവിച്ചിരുന്നിട്ടേ  ഇല്ല.  എന്റെ ഭാവനയാല്‍ സൃഷ്ടിക്കപ്പെട്ട ഒരു കഥാപത്രം മാത്രമാണത്. അത് വായിച്ച് അങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്ന് കുറെയാളുകള്‍ വിശ്വസിച്ച്, അത് ശരിയാണെന്നു ധരിച്ചാല്‍ അതില്‍ യാഥാർത്ഥ്യം  ഇല്ല. ഏതു കാലഘട്ടത്തിലേയും ഏതു ദേശത്തിലേയും  ഏതു സംസ്കാരത്തിലേയും ഇത്തരമുള്ള ആവിഷ്കാരങ്ങളെയെല്ലാം  യാഥാർത്ഥ്യമാണെന്നുള്ള രീതിയില്‍ പരിഗണിച്ചാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ചരിത്രത്തെ സമീപിക്കുന്ന രീതിയിലേക്ക് അത്  മാറിപ്പോകും. അത് പലപ്പോഴും അബദ്ധങ്ങളിലേക്കും അപകടങ്ങളിലേക്കും നയിക്കും. സാഹിത്യത്തെ സാഹിത്യമായിട്ട്, ഒരു കലയായിട്ട് കണക്കാക്കുക. സോഷ്യല്‍, ആന്ത്രപോളജിയുടെ ടൂള്‍ കൊണ്ടതിനെ പോസ്റ്റ്‌ മോർട്ടം  ചെയ്‌താല്‍ വലിയ അപകടത്തിലേക്കായിരിക്കും എത്തുക. പക്ഷെ നിർഭാഗ്യവശാല്‍ ഇന്നത്തെ പൊതുപഠനങ്ങളുടെ സ്വഭാവം അത്തരത്തില്‍ മാറുന്നുണ്ട്.  ചരിത്രത്തെ നിങ്ങള്‍ മറ്റ് ആധികാരികമായ കാര്യങ്ങളിലൂടെയും പഠനങ്ങളിലൂടെയും  കൂടുതല്‍  അന്വേഷിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്  രാജരാജചോളന്റെ കാലത്തെ ചരിത്രം അറിയാന്‍ അക്കാലത്ത് എഴുതിയ ഏതെങ്കിലും ഒരു സാഹിത്യ  കൃതിയോ പാട്ടോ.. – അത്  അദ്ദേഹത്തിന്റെ സഭയിലെ തന്നെ ഏതെങ്കിലും ഒരു കവിയായിരിക്കും എഴുതിയിരിക്കുക – അദ്ദേഹത്തിന് ആ ഭരണാധികാരിയോടുള്ള യോജിപ്പോ വിയോജിപ്പോ ആ രചനയില്‍ ഭാഗമാണ്.  ഒരു കാലത്ത് എഴുതപ്പെടുന്ന കൃതി, അത് ഒരിക്കലും ഒരു കാര്യത്തെ  നേരിട്ട്  ആവിഷ്കരിക്കില്ല. അതിനെ പ്രോബ്ലാമാറ്റൈസ് ചെയ്യുകയാണ് ചെയ്യുക. അങ്ങനെ വരുമ്പോള്‍ എഴുതുന്ന ആളുടെ വ്യക്തിപരമായ  താൽപ്പര്യങ്ങള്‍ തീർച്ചയായും അതില്‍ പ്രതിഫലിക്കും. അയാളുടെ ഭാവനയ്ക്കും  ഭാവനാ സാധ്യതകൾക്കും  അതനുസരിച്ച് മാറ്റം വരും. അങ്ങനെ  വരുമ്പോള്‍ യാഥാർത്ഥ്യമല്ല ഒരു മെറ്റാറിയാലിറ്റി ഉണ്ടാവുകയാണ് ചെയ്യുക. അപ്പോള്‍  ഇതിനെ യാഥാർത്ഥ്യമായിട്ട് പരിഗണിക്കുക എന്ന് പറഞ്ഞാല്‍ വലിയൊരു ശരികേടുണ്ട്. ചരിത്രത്തിന് അതിന്റേതായ ഒരു മെത്തഡോളജിയും ഒരു പഠന രീതിയുമൊക്കെ ഉണ്ട്. ഒരു വായനക്കാരന്‍ അറിയാനാഗ്രഹിക്കുന്നത് ചരിത്രമാണെങ്കില്‍ വളരെ ആധികാരികമായിട്ട് അതിന്റെ രീതി  അനുസരിച്ച് ചെയ്യുന്ന ആൾക്കാരുണ്ട്, ചരിത്രകാരന്മാരുണ്ട്. മലയാളത്തില്‍  എം. ജി. എസ്, രാജന്‍ ഗുരുക്കള്‍, ഇന്ത്യന്‍ പശ്ചാത്തലതില്‍ റോമീല ഥാപ്പര്‍, ഹബീബ് -ഇവരെപ്പോലെയൊക്കെയുള്ള ചരിത്രകാരന്മാര്‍. അവര്‍  ചിലപ്പോള്‍ ഇത്തരം കാര്യങ്ങളെ ആശ്രയിച്ചൊക്കെ  ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും. അതിനോട് ഞാന്‍ യോജിക്കുന്ന ആളല്ല. കാരണം, എഴുത്തുകാരന്‍ എന്നുള്ള നിലയില്‍ ഭാവന എഴുത്തില്‍  എത്ര പ്രധാനപ്പെട്ട  കാര്യമാണെന്ന്  എനിക്കറിയാം. പിന്നെ അധികാരത്തോടുള്ള നമ്മുടെ ഇടപെടല്‍ പ്രധാനമാണ്. ഒരു ഇന്ത്യന്‍ കോണ്ടക്സ്റ്റില്‍ എന്നെപ്പോലുള്ള എഴുത്തുകാരുടെ പരിമിതികളെക്കുറിച്ചെനിക്കറിയാം. ചില കാര്യങ്ങള്‍ മുഴുവന്‍ എനിക്കെഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ഭീരുത്വമായിട്ടോ ഭയമായിട്ടോ തന്റേടമില്ലായ്മയായിട്ടോ വ്യാഖ്യാനിക്കാം. പക്ഷെ  അത് ഇന്ത്യന്‍ റിയാലിറ്റിയെക്കുറിച്ചുള്ള ബോധത്തിൽക്കൂടി സംഭവിക്കുന്നതാണ്. എഴുത്തില്‍  ഒരേ സമയം എഴുത്തുകാരന്റെ ഭാവന, അയാളുടെതായിട്ടുള്ള  താൽപ്പര്യങ്ങള്‍, അയാളുടെ ലക്ഷ്യങ്ങള്‍, അയാളുടെ ഹിഡന്‍ ഇന്ററസ്റ്റ് – ഒക്കെയുണ്ട്. ഒരെഴുത്തുകാരനെ ഒരു വിശുദ്ധനായിട്ടൊന്നും കണക്കാക്കേണ്ട കാര്യമില്ല. അയാൾക്ക്  അയാളുടെതായിട്ടുള്ള പല സ്ഥാപിത താൽപ്പര്യങ്ങളും ഉണ്ട്. ചിലപ്പോൾ പത്താം നൂറ്റാണ്ടിലോ മറ്റോ പാട്ടെഴുതിയിരുന്ന ഒരു കവിക്ക്  അതുവഴി  രാജാവിനെ പ്രീതിപ്പെടുത്തി, അയാളുടെ കയ്യില്‍ നിന്നും എന്തെങ്കിലും നേടിയെടുക്കുക എന്നുള്ള ഉദ്ദേശം ഉണ്ടായിരുന്നിരിക്കാം. ചിലപ്പോള്‍ ജീവനു വേണ്ടി, ചിലപ്പോള്‍ സ്ഥാനമാനങ്ങൾക്കു ‌ വേണ്ടി.. അങ്ങനെയൊക്കെ. ഇങ്ങനെ വളരെ സങ്കീർണ്ണമാണ് ഈ കാര്യങ്ങള്‍ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

4. മലയാളസിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുമ്പോൾ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരും സിനിമയുമായി കൂടി ബന്ധം പുലർത്തിയിരുന്നവരായിരുന്നു. മലയാള സിനിമയുടെ ആരംഭം മുതല്‍ തന്നെ അങ്ങനെയൊരു പാരമ്പര്യമുണ്ട്. സാഹിത്യത്തിന്റെ ലിഖിതഭാഷയും സിനിമയുടെ ദൃശ്യഭാഷയും ചേരുമ്പോൾ ആസ്വാദകന് മികവുറ്റ കലാസൃഷ്ടികൾ ലഭിച്ചിട്ടുമുണ്ട്. അത്തരമൊരു അനുഭവം ഷാജി. എന്‍. കരുണും, ടി. ഡി. രാമകൃഷ്ണനും ചേരുമ്പോൾ ഉണ്ടാകുമെന്ന് വിചാരിക്കാമല്ലോ അല്ലെ? എഴുത്തുജീവിതത്തിന്റെ ആ  പുതിയ  അവസ്ഥാന്തരം എവിടെയെത്തി നിൽക്കുന്നു?

ഉ: സിനിമയുടെ  സ്ക്രിപ്റ്റ് വര്ക്ക് തീർന്നു. ഷൂട്ടിംഗ്  എൺപത് ശതമാനത്തോളം കഴിഞ്ഞു. ഇനി കുറച്ചു ഭാഗങ്ങള്‍ കൂടിയേ ഉള്ളൂ. ഇത് ഒന്നര കൊല്ലത്തോളം കാലം ഷാജി എന്‍ കരുണിന്റെ കൂടെ പലയിടങ്ങളിലായിട്ട് ഇരുന്ന് ഒരു പാട് ഡിസ്കസ് ചെയ്ത് ഡെവലപ് ചെയ്ത, സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു സബ്ജക്റ്റ് ആണ്. ‘ഓള്‍’ എന്നാണ് സിനിമയുടെ പേര്.

സാഹിത്യവും സിനിമയും രണ്ടും രണ്ടു കലയാണ്‌. സാഹിത്യം, ഭാഷ കൊണ്ട് സാധ്യമാക്കുന്ന ഒരാവിഷ്കാര രീതിയാണ്. സിനിമ ദൃശ്യം, ശബ്ദം, ഭാഷ ഇതിലൂടെയെല്ലാം ദ്യോതിപ്പിക്കാന്‍ കഴിയുന്ന ഒരു ടെക്നോളജിക്കല്‍ ആര്‍ട്ടും.അതിന്  അനന്തമായ സാധ്യതകള്‍ ഉണ്ട്. പക്ഷെ സിനിമയില്‍  വലിയ സാമ്പത്തികമായ ഇടപാടുകള്‍  ഉൾപ്പെടുന്നതായതു  കൊണ്ടുള്ള പരിമിതികള്‍ ഉണ്ട്. പിന്നെ ടെക്നിക്കല്‍ ആയ ചില പരിമിതികളും. ഉദാഹരണത്തിന് എഴുത്തുകാരന്‍ നോവലില്‍ എഴുതിവെക്കുന്ന കാര്യങ്ങള്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ കൊണ്ട്   അതേപോലെ  ദൃശ്യവൽക്കരിക്കാന്‍ ചിലപ്പോള്‍  കഴിഞ്ഞെന്നു വരില്ല. കൂടാതെ, ചിലത് വളരെ ഐഡിയോളജിക്കലായിട്ടുള്ള കാര്യമായിരിക്കാം പറയുന്നത്. ഐഡിയോളജിക്കലായി നടത്തുന്ന ഡിസ്കോഴ്സ് ചിലപ്പോൾ ദൃശ്യങ്ങളിൽക്കൂടി സംവേദനം  ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. അതുപോലെ ഭാഷയുടെ സൌന്ദര്യം കൊണ്ടുള്ള ചില കാര്യങ്ങളുണ്ട്. അവയുടെ  ദൃശ്യവൽക്കരണവും  ചില സമയത്ത് ബുദ്ധിമുട്ടായിരിക്കും. അതുപോലെ തിരിച്ചും ഉണ്ട്. ഇവിടെ പറ്റുന്ന കാര്യങ്ങള്‍ അവിടെ പറ്റണമെന്നില്ല. പക്ഷെ എനിക്ക് വളരെ നല്ലൊരു അനുഭവമായിരുന്നു. പ്രധാനമായും  ഷാജി. എന്‍. കരുണിനെപ്പോലെ വളരെയധികം അനുഭവസമ്പത്തുള്ള  സിനിമയെ അത്രയധികം സ്നേഹിക്കുന്ന, സിനിമയോട് അത്ര കമ്മിറ്റഡ് ആയിട്ടുള്ള ഒരാളുമായി യോജിച്ചു പ്രവർത്തിക്കുന്നത്.  സിനിമയുടെ   ഓരോ ഫ്രെയിമിലും ഓരോ സെക്കന്റിലും എന്തൊക്കെയാണ്  എന്നതിനെക്കുറിച്ച്  വളരെ ഗൌരവത്തോടു കൂടി കാണുകയും സമീപിക്കുകയും ചെയ്യുന്ന ഒരു സംവിധായകനാണ് ഷാജി. സത്യത്തില്‍ വലിയൊരു ഭാഗ്യമാണ് അത്തരമൊരാളുടെ  കൂടെ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ കഴിയുന്നതില്‍. ഞാന്‍ സിനിമയെ വളരെ നാളായി പല രീതിയിലും ഫോളോ ചെയ്യുന്ന ഒരാളാണ്. എനിക്ക് സിനിമയെക്കുറിച്ചു മനസ്സിലാക്കാനും, അത് കുറച്ചു കൂടി മെച്ചപ്പെടുത്തിയെടുക്കാനും ആ ഒരു മീഡിയം എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാനുമൊക്കെ കഴിഞ്ഞു. നല്ലൊരു അനുഭവമായിരുന്നു.

5. സിറാജുന്നീസ എന്ന കഥയില്‍  സിറാജുന്നീസയുടെ മൂന്നു മുഖങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടല്ലോ. എല്ലാ മുഖങ്ങൾക്കും പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ മുസ്ലീമിന്റെ ചിത്രം ആവരണമായി ചേർത്തിരിക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങൾ മറ്റു മതസ്ഥർക്ക് ജീവിതത്തെ മുന്നോട്ടു നയിക്കാൻ ആവാത്ത വിധം തടസ്സമുള്ളതാണെന്ന ഒരു പെരുപ്പിച്ചു പറയല്‍ ഉണ്ടോ  ഇതില്‍?  ഇന്ത്യൻ മണ്ണ് മുസ്‌ലിം ജനവിഭാഗത്തിന് ഉല്ലസിച്ചു താമസിക്കാൻ പറ്റിയ ഇടം അല്ലെന്ന് സ്വാന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രവും നമ്മെ പഠിപ്പിക്കുന്നുണ്ടോ? ഇത്തരം ജീവിതാവസ്ഥകളുടെ ചിത്രീകരണം മതപരമായി  വിഭാഗീയമാണ് എന്ന വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു ?

ഉ: ഒരു വിഭാഗം വായനക്കാര്‍ അങ്ങനെ വിമർശിക്കുന്നതില്‍ ഒരു തെറ്റുമില്ല. സിറാജുന്നീസ എന്നെ വ്യക്തിപരമായി വളരെ ഉലച്ചിട്ടുള്ള വിഷയമാണ്. അതില്‍ പറയുന്ന മൂന്നു സംഭവങ്ങളും നേരിട്ട് പലയാളുകൾക്ക്  ഉണ്ടായിട്ടുള്ള അനുഭവങ്ങുടെ ആഖ്യാനമാണ്. ഞാന്‍ പാലക്കാട് റെയിൽവേ കോളനിയില്‍ ജീവിക്കുന്ന കാലത്താണ് പതിനൊന്നു വയസ്സുള്ള സിറാജുനീസ വെടിവെച്ചു കൊല്ലപ്പെടുന്നത്. ആ ദിവസം തന്നെ ആ വാർത്ത  ഞാന്‍ കേട്ടു. പിറ്റേ ദിവസം അവിടെ പോകുകയും ചെയ്തു. അതിനു ശേഷം എഫ് ഐ ആറില്‍ ഒന്നാം പ്രതിയാണെന്നൊക്കെ പറഞ്ഞു പോലീസ് കേസ് വരുന്ന സമയത്ത് മനസ്സ്  വല്ലാതെ വേദനിച്ചു പോയിട്ടുണ്ട്. വീട്ടുമുറ്റത്തു നിന്ന് കളിച്ചു കൊണ്ടിരുന്ന പതിനൊന്നു വയസ്സുള്ളൊരു  കുട്ടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും അതുകഴിഞ്ഞ് അവളുടെ നേതൃത്വത്തില്‍ ഇരുന്നൂറോ മുന്നൂറോ പേര്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ തിരിച്ച്  വെടി വെച്ചതാണെന്നുമുള്ള എഫ് ഐ ആര്‍ ഉണ്ടാക്കുക എന്നൊക്കെ പറയുന്നത് ഒരു  ജനാധിപത്യ സമൂഹത്തില്‍, എന്നുവേണ്ട,  മനുഷ്യസമൂഹത്തിനു തന്നെ അപമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍… ഞാനാ കഥ എഴുതാനുള്ള കാരണം അത്രയ്ക്കും മനസ്സ്  വേദനിച്ചതു കൊണ്ടാണ്‌. ആ കാലത്ത് എന്റെ മകൾക്ക് ഒരു വയസാണ്. ഒരു  കുട്ടി കൊല്ലപ്പെട്ടു എന്നതിനേക്കാളുപരി ഇങ്ങനെയുള്ള  വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കേരളീയ സമൂഹത്തിനു സാധിച്ചു എന്നതില്‍ വളരെ വിഷമമുണ്ട്. അബദ്ധത്തില്‍, പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്നു പറഞ്ഞാല്‍ നമുക്ക് മനസിലാക്കാമായിരുന്നു. പിന്നെ അതില്‍ ഉള്ളത്  മൂന്നു പ്രത്യേക സംഭവങ്ങളെ  മൂന്നു മുസ്ലീം പെൺകുട്ടികള്‍/സ്ത്രീകള്‍  ഷെയര്‍ ചെയ്തിട്ടുള്ള അനുഭവങ്ങളെ   ഫിക്ഷണലൈസ് ചെയ്തിരിക്കയാണ്.  ചില യാഥാർത്ഥ്യങ്ങളും ഭാവനയും  ചേർന്നിട്ടുള്ളതാണ് അവ. അതിനെ ഇങ്ങനെ മുസ്ലീം സമൂഹത്തിനു ഇവിടെ  ജീവിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടെന്നൊക്കെ  പറയുന്നതായി കാണുന്നത് അതിവായനയുടെ ഭാഗമാണ്. അങ്ങനെ വായിക്കുന്നവരും ഉണ്ട്. അവര്‍  കലയെ കല എന്നുള്ള രീതിയില്‍ പരിഗണിക്കുന്നില്ല.

സമൂഹത്തില്‍ നടക്കുന്ന  ഇത്തരം സംഭവങ്ങളില്‍ മറ്റൊരു തരത്തിലുള്ള  ഇടപെടല്‍ നടത്തി എന്തെങ്കിലും സ്ഥാപിച്ചെടുക്കുകയല്ല ലക്‌ഷ്യം.  മാനസികമായിട്ട്  അത്തരം സംഭവങ്ങള്‍  എഴുത്തുകാരനെ  എത്ര ബാധിക്കുന്നു എന്നതിനാണ് ഇവിടെ സാംഗത്യം.  എഴുത്തുകാരന്‍ കലയെ സമീപിക്കുന്ന സമയത്ത്,  ഭാഷ ഉപയോഗിച്ച് നിർവഹിക്കപ്പെടുന്ന ആ  കലാപ്രവർത്തനത്തില്‍, അതിന്റെ  കൂടെ വരുന്ന ദാർശനികവും  സാമൂഹികമായ മറ്റു പല കാര്യങ്ങളും അതിന്റെ ആക്സിലറി  ആയിട്ട് സംഭവിച്ചു പോകുന്നു എന്നാണു ഞാൻ വിശ്വസിക്കുന്നത്. അതല്ല, വേറൊന്നാണ്‌  ലക്‌ഷ്യം എന്നുള്ള ധാരണയില്‍ നടത്തുന്ന വിശകലനങ്ങളും സമീപനങ്ങളും ചിലപ്പോള്‍ ഇതിന്റെ യാഥാർത്ഥ്യത്തെ മറ്റു പലയിടങ്ങളിലെക്കും കൊണ്ടുചെല്ലും. അതിനെക്കുറിച്ച് ഒരെഴുത്തുകാരന്‍ എന്നുള്ള നിലയില്‍ ഞാന്‍  ബോധവാനല്ല. അതേസമയം  വിമർശനങ്ങളെ പോസറ്റീവ് ആയി എടുക്കുകയും  സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

6. ആഗോളവൽകൃത- കമ്യൂണിസ്റ്റാനന്തര- ഇലക്ട്രോണിക് മാധ്യമ- സ്വത്വരാഷ്ട്രീയകാലമെന്നു വിളിക്കാവുന്ന ഇക്കാലത്ത് മലയാള നോവലുകളിലെ ആധുനികാനന്തരസങ്കല്പനങ്ങളെക്കുറിച്ച് എന്ത് പറയാനുണ്ട്? ആധുനികാനന്തര മലയാളനോവലിന്റെ ആഖ്യാനകലയിൽ, വന്നു ചേർന്നിട്ടുള്ള വൈവിധ്യങ്ങളെക്കുറിച്ചും?

ഉ: നോവലിന്റെ ആഖ്യാനകലയില്‍ വലിയ  വ്യത്യാസം വരുന്നുണ്ട്. ആഖ്യാനകലയില്‍ മാത്രമല്ല, പ്രമേയത്തില്‍, ഭാഷയില്‍ എല്ലാം .കുറച്ചു കാലം മുൻപ്  നോവല്‍ എന്ന സാഹിത്യ രൂപത്തിന്റെ ഇനിയുള്ള ഭാവിയെക്കുറിച്ച്  വലിയ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാളത്തില്‍ മാത്രമല്ല, ആഗോള തലത്തിൽ തന്നെ വലിയ ചില വിധിയെഴുത്തുകള്‍ തന്നെ  നടന്നിട്ടുണ്ട്. വരുന്ന തലമുറയിലെ എഴുത്തുകാർക്ക് നോവല്‍ പോലെ വലിയ തരത്തിലുള്ള – വലിപ്പം എന്നത് അതിന്റെ  ദാർശനിക വലിപ്പവും അതിന്റെ ഫിസിക്കല്‍ വലിപ്പവും ഒക്കെയാവാം– വലിയ കൃതികള്‍ എഴുതാനുള്ള സ്റ്റാമിനയില്ല എന്ന് നമ്മള്‍  ബഹുമാനിക്കുന്ന, ഗുരുസ്ഥാനീയരായ പലരും വിലയിരുത്തിയിരുന്നു. അതില്‍ അവരെ തെറ്റ് പറയാന്‍ വയ്യ. അവര്‍ അവർക്കു  ലഭ്യമായിട്ടുള്ള ചില ധാരണകളുടെ അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ള ഒരു നിലപാടാണത്. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ തൊണ്ണൂറുകളില്‍ സാഹിത്യം, എഴുത്ത്, പുസ്തകം ഇതിന്റെയെല്ലാം മരണമണി മുഴങ്ങി എന്ന് പറഞ്ഞിടത്തു  നിന്നും,  ദൃശ്യമാധ്യമങ്ങളുടെയും വിവരസാങ്കേതിക വിദ്യയുടെയും അതിശക്തമായ കടന്നു വരവും  അതില്‍ നടക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെയും ഫലമായിട്ട്‌ ഇനി പുസ്തകങ്ങൾക്കും  സാഹിത്യത്തിനുമൊന്നും ഭാവിയില്ലെന്ന് വിലയിരുത്തപ്പെട്ട ഒരു പശ്ചാത്തലത്തില്‍ നിന്നും  ആ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് സാഹിത്യമെന്ന കലാരൂപം അതിനെ അതിജീവിച്ചു മുന്നോട്ടു പോകുന്നതാണ് നമ്മള്‍ കാണുന്നത്.

ഇത് എങ്ങനെയാണ് സാധ്യമായത് എന്ന് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. വെല്ലുവിളികളായി മുൻപിൽ നിർത്തിയിരുന്നത് പ്രധാനമായും  ദൃശ്യമാധ്യമങ്ങളും, വിവരസാങ്കേതിക വിദ്യയുമായിരുന്നു. ഇത്  സാഹിത്യത്തെ റീ പ്ലേസ് ചെയ്യും  എന്നുള്ള തരത്തിലായിരുന്നു. മലയാളത്തില്‍ മാത്രമല്ല, ആഗോള തലത്തിലും. ആഗോളതലത്തില്‍ തന്നെ ഈ വെല്ലുവിളികളെ മറികടക്കുകയും ചെയ്തു. സാഹിത്യം  അപ്രസക്തമാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്തില്ല.  ആധുനികാനന്തരമെന്നോ, ഉത്തരാധുനികമെന്നോ ഒക്കെ വിളിക്കുന്ന പുതിയ കാലത്ത് (ഞാനത്തരം  ക്ലാസിഫിക്കേഷനുകളെക്കുറിച്ച് ബോധവാനല്ല. കാരണം,  ഞാന്‍ അങ്ങനെ അക്കാദമിക്‌ ആയിട്ടുള്ള ഒരാളല്ല. സാഹിത്യം ഒരു വിഷയമായിട്ടു പഠിക്കുകയോ, പഠിപ്പിക്കുകയോ ഒന്നും  ചെയ്യാത്ത ഒരു റെയിൽവേ ജോലിക്കാരനാണ്) സാഹിത്യം അതിജീവിച്ചത് ഈ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രമേയത്തിലും ഭാഷയിലും നരേഷനിലും എഴുത്ത് മാറിയതുകൊണ്ടാണ്. മലയാള സാഹിത്യത്തില്‍  പല ശ്രദ്ധേയമായ മാറ്റങ്ങളും ഇക്കാലത്തുണ്ടായി. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്റെ  ‘ആടുജീവിതം’ പോലുള്ള പുസ്തകങ്ങള്‍ വന്നു. ആ പുസ്തകം അതിനു മുൻപേ ഉണ്ടായിരുന്ന പ്രവാസ എഴുത്തില്‍ നിന്ന് വ്യത്യസ്തമായി, വൈകാരികമായ തലത്തില്‍ ആ  ഇടത്തില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെയും ദുരിതങ്ങളേയും ആ  ഭൂമികയെ തന്നെ കേന്ദ്രീകരിച്ച് ആഖ്യാനം ചെയ്തു.  അത് വ്യാപകമായി വായിക്കപ്പെടുകയും ചർച്ച  ചെയ്യപ്പെടുകയും ചെയ്തു. മലയാളത്തില്‍ അതുവരെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്ത ആളുകളും ആടുജീവിതം തേടിപ്പിടിച്ച് വായിച്ചു. അതെല്ലാം വളരെ പോസറ്റീവ് ആയിട്ടുള്ള  കാര്യമായിട്ടാണ്‌ എനിക്ക് തോന്നിയത്.

ബെന്യാമിന്റെ പുസ്തകം വരുന്ന സമയത്തോ അല്ലെങ്കില്‍ അതിനോട് ചേർന്നോ  തന്നെയാണ്  ടി. പി. രാജീവന്റെ ‘പാലേരി മാണിക്യം’  എന്ന നോവല്‍  വരുന്നത്. അത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിനേക്കാള്‍ മുൻപേ കൊടുത്തൊരു പരസ്യമുണ്ട്. മലയാള സാഹിത്യത്തിന്റെ ചരിത്രത്തില്‍ തന്നെ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു ആ പരസ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ആ പരസ്യത്തില്‍  ഡിക്ടറ്റീവ് എന്ന് പറഞ്ഞതു  കൊണ്ട് മാത്രമല്ല; എന്നാല്‍  ഡിക്ടറ്റീവ് എന്ന് പറഞ്ഞതുകൊണ്ടും  കൂടിയാണ്. മലയാള സാഹിത്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ട് പോകണമെന്ന് തീരുമാനിക്കുന്നു   എന്ന് വിശ്വസിക്കപ്പെടുന്ന മാതൃഭൂമിയെപ്പോലെ പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണത്തില്‍ വളരെ വ്യത്യസ്തമായ ഒരു പരസ്യം വരുന്നു. പിന്നീട് വരുന്നത്  മലയാളി വായനക്കാരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു കൃതിയാണ്.  അതുവരെ കഥയോ, ഫിക്ഷനോ ഒന്നും എഴുതാത്ത കവി എന്ന നിലയില്‍ സുപരിചിതനായ  ടി പി രാജീവന്റെ  നോവല്‍. ആ  നോവല്‍ നോവലെഴുതിന്റെ മെത്തഡോളജി മാറ്റി. അതിന്റെ വിഷയത്തിലും ആഖ്യാനത്തിലും വളരെ വൈവിധ്യങ്ങള്‍  ഉണ്ടായിരുന്നു. അതില്‍ മുന്നോട്ടു വെച്ച നിലപാടുകളോട് യോജിപ്പോ വിയോജിപ്പോ ഒക്കെ ഉണ്ടാവാം. അത് ബെന്യാമിന്റെ ആയാലും സുഭാഷ് ചന്ദ്രന്റെ, കെ.ആര്‍.മീരയുടെ ഒക്കെ ആയാലും ഉണ്ടാവാം. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകാനുള്ള ഇടങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് തന്നെയാണ് അവരെല്ലാം മുന്നോട്ടു പോകുന്നത്. അവരെല്ലാം  മലയാളത്തിലെ ഫിക്ഷനെ മുന്നോട്ടു നയിച്ചു, വായിക്കാന്‍ പ്രേരിപ്പിച്ചു. എഴുത്തുമായി ബന്ധപ്പെടുന്ന വ്യവഹാരങ്ങളുടെ രൂപക്രമം പുനർ വിപന്യസിച്ചു എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.  പൊളിറ്റിക്കല്‍ ആയിട്ട് അതെടുക്കുന്ന ചില നിലപാടുകളോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമൊക്കെ ഉണ്ടാവാം. അത് സ്വാഭാവികമാണ്. ഞാന്‍ പരാമർശിക്കുന്ന എല്ലാ നോവലുകളെപ്പറ്റിയും വായനക്കാർക്ക്  യോജിപ്പുകളും വിയോജിപ്പുകളും ഉണ്ട്. അത് സ്വാഭാവികമാണ്. പക്ഷെ ഇവയെല്ലാം നമ്മുടെ സെൻസിബിലിറ്റിയെ, മാറ്റുകയും വായനയെ നവീകരിക്കുകയും കൂടുതല്‍ ആളുകളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും നോവല്‍ എന്ന സാഹിത്യരൂപത്തെ അതിശക്തമായി മുന്നോട്ടു കൊണ്ട് പോകുകയും ചെയ്തു.

ജമീലയുടെ ആത്മകഥ, കള്ളന്റെ ആത്മകഥ,.. എല്ലാം വന്നതോടുകൂടി ഇനിയുള്ളത്  ആത്മകഥകളുടെയും അത്തരത്തിലുള്ള ദിനസരിക്കുറിപ്പുകളുടെയുമൊക്കെ കാലമാണെന്നും , ഭാവനയുടെയും എഴുത്തിന്റെയും കാലം അവസാനിച്ചു എന്നൊക്കെയുള്ള ലേഖനങ്ങള്‍ വന്നിരുന്നു. ഞാന്‍ അതിന്റെയൊന്നും പ്രസക്തി കുറച്ചു കാണുകയല്ല. അതിന്  അതിന്റെതായ സോഷ്യല്‍ ആൻഡ് ആന്ത്രപോളജിക്കല് റെലവൻസുണ്ട്. എഴുത്ത് സൃഷ്ടിക്കുന്ന ഒരു അധികാര സംവിധാനത്തിനിടയിലേക്ക്,  മാറ്റിനിർത്തപ്പെട്ടിരുന്നവര്‍ കടന്നു വരുന്നു എന്നത് വളരെ പോസറ്റീവ് ആയിട്ടുള്ളൊരു കാര്യം തന്നെയാണ്. അതിന്റെ മൂല്യബോധത്തെ  ചോദ്യം ചെയ്യുന്നു എന്നുള്ള രീതിയിലും  അതൊക്കെ വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ സർഗ്ഗാത്മക എഴുത്ത് അവസാനിച്ചു എന്ന് പറയുന്ന, അല്ലെങ്കില്‍ അവസാനിക്കും എന്നുള്ള ആശങ്കയെ  മറികടന്ന് പല നോവലുകളും വന്നു. കേരളീയ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള നോവലായ  സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’, മീരയുടെ ‘ആരാച്ചാര്‍’, ഇ. സന്തോഷ്‌ കുമാറിന്റെ ‘അന്ധകാരനഴി’  ഇവയൊക്കെ  വായനക്കാരെ വല്ലാതെ ആകർഷിച്ച പുസ്തകങ്ങളാണ്. ഇതിലൊക്കെ പ്രമേയങ്ങള്‍ സ്വീകരിക്കുന്ന രീതികള്‍ നോക്കിയാല്‍  അതുവരെ സാമ്പ്രദായികമായി മലയാള ഫിക്ഷന്‍ സ്വീകരിച്ചിരുന്ന പ്രമേയങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണെന്നു കാണാം.  ചില നോവലുകളില്‍ അതിന്റെ ജ്യോഗ്രഫിക്കല്‍ സ്പേയ്സ്  കേരളത്തില്‍ നിന്നും പുറത്തേക്കും  പല അപരിചിതമായ ഇടങ്ങളിലേക്കും പോയി. അവ ചരിത്രത്തെ അഭിസംബോധന ചെയ്തു. കുറേക്കൂടി ശരിയായി പറയുകയാണെങ്കില്‍ ചരിത്രത്തെ  പ്രശ്നവല്ക്കറരിച്ചു. പുതിയ കാലത്തെ വായനയെ പ്രചോദിപ്പിക്കുന്ന തരത്തില്‍ ഭാഷയില്‍ ഒരുപാടു വ്യത്യാസം വന്നു. ഇ. സന്തോഷ്‌ കുമാറിന്റെ അന്ധകാരനഴിയൊക്കെ വളരെ വ്യത്യസ്തമായ ആഖ്യാന രീതിയാണ്. ഓരോ എഴുത്തുകാരനും എഴുത്തുകാരിയും തന്റെ കൃതികളിലൂടെ തനിക്കു മുന്നിലുള്ള അല്ലെങ്കില്‍ എഴുത്ത്, പുസ്തകം, സാഹിത്യം എന്നിവയ്ക്കു മുന്നിലുള്ള വെല്ലുവിളികളെ തിരിച്ചറിഞ്ഞ്  അതനുസരിച്ച് സ്വയം നവീകരിക്കാനും പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലുമൊക്കെ നവീകരണം കൊണ്ടു  വരാനും ശ്രദ്ധിച്ചു. ഇത്തരത്തില്‍  മലയാളനോവലിലെ ആധുനികതക്ക്  നല്ലൊരു തുടർച്ചയുണ്ടായി. അത് അങ്ങനെ കുറച്ചാളുകളില്‍ ഒതുങ്ങിപ്പോകുന്നില്ല. വിനോയ് തോമസിനെപ്പോലെ, വി.എം ദേവദാസിനെപ്പോലെയൊക്കെയുള്ള എഴുത്തുകാര്‍ കൂടുതല്‍ ശക്തമായി  വന്നു. ‘കരിക്കോട്ടക്കരി’യും ‘ചെപ്പും പന്തു’മെല്ലാം വളരെ വ്യത്യസ്തമായ ആഖ്യാനങ്ങളും  വളരെ ധീരമായ ചുവടു വെപ്പുകളുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള ഫിക്ഷന്‍ അതിശക്തമായി മുന്നോട്ടു പോകുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിൽപ്പനയുടെ കണക്കു വെച്ചല്ല ഞാന്‍ ഇതെല്ലാം പറയുന്നത്. വിൽക്കപ്പെടുന്നു എന്നത് അതിന്റെ ഒരു  വശം മാത്രം. വായിക്കപ്പെടുന്നുണ്ട്, ചർച്ച ചെയ്യപ്പെടുന്നുണ്ട്.

സാങ്കേതിക വിദ്യയായിരുന്നു വെല്ലുവിളിയായി കണക്കാക്കപ്പെട്ടിരുന്നത്. വിവര സാങ്കേതികവിദ്യയുടെ പ്രളയത്തില്‍ ഇതെല്ലാം മുങ്ങിപ്പോകും എന്നായിരുന്നു വിലയിരുത്തല്‍. പക്ഷെ സാഹിത്യത്തിന്റെ കാര്യത്തില്‍  വിവരസാങ്കേതികവിദ്യയെ വലിയൊരു സാധ്യതയാക്കി മാറ്റുകയാണ് ചെയ്തത്. സോഷ്യല്‍ മീഡിയയും അതിന്റെ സാധ്യതകളും ഉപയോഗിച്ച്  ഇപ്പോള്‍ ഭാഷയും സാഹിത്യവും മലയാളികൾക്കിടയില്‍- അവര്‍ ഏത് ഇടത്തില്‍ ഇരുന്നിട്ടായാലും – വളരെ സജീവമായിട്ട്  ചർച്ച ചെയ്യപ്പെടുന്നുണ്ട്.  ഒരു പുതിയ കഥ അല്ലെങ്കില്‍ നോവല്‍ വരുമ്പോള്‍- ഉദാഹരണത്തിന് ലാസര്‍ ഷൈന്‍ന്റെ കഥ വരുന്നു, അതിനെക്കുറിച്ചുള്ള ചർച്ച  ഓണ്‍ലൈനിലും വാട്ട്സപ്പിലുമൊക്കെയായി പലയിടങ്ങളില്‍ ഇരുന്നിട്ട് വായനക്കാര്‍ ചർച്ചയില്‍ പങ്കെടുക്കുന്നു. മർച്ചന്റ് നേവിയിലുള്ള  നിരഞ്ജന്‍ എന്ന എന്റെയൊരു കവി സുഹൃത്ത്‌ പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച്  ഇത്തരം ചർച്ചകളില്‍ ഇടപെടാറുണ്ട്. അദ്ദേഹം എവിടെയാണ് എന്നന്വേഷിച്ചാല്‍ പസഫിക്കില്‍, നടുക്കടലില്‍ കപ്പലില്‍ ആയിരിക്കും. ഇതൊക്കെ പുതിയ കാലം നല്കുന്ന സാധ്യതയാണ്. അല്ലായിരുന്നെങ്കില്‍  അത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍  കേരളീയ സമൂഹത്തില്‍ നിന്നും മലയാള ഭാഷയില്‍ നിന്നുമൊക്കെ അന്യരായി അലയേണ്ടി വരുമായിരുന്നു.

ഭാഷയും  കൂടുതല്‍ ടെക്നോ ഫ്രണ്ട് ലി  ആകുന്നുണ്ട്. ഒരു തരത്തിലുള്ള പ്രതിഫലവും ആഗ്രഹിക്കാതെ നമ്മള്‍ ടെക്കികള്‍ എന്ന് വിളിക്കുന്ന ചെറുപ്പക്കാരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങള്‍ കൊണ്ടാണു നമുക്ക് വിനിമയം ചെയ്യത്തക്ക രീതിയില്‍ സൂക്ഷിക്കാനും എളുപ്പത്തില്‍  മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാനും പറ്റുന്ന തരത്തില്‍  മലയാള ഭാഷ കൂടുതല്‍ ടെക്നോ ഫ്രണ്ട്ലി ആകുന്നത്. പഴയകാലത്തേ  പുസ്തകങ്ങള്‍  ഡിജിറ്റലൈസ് ചെയ്യുന്നതൊക്കെ ഇതില്‍ പെടും. എന്തായിരുന്നോ  നമ്മുടെ മുന്നിലുള്ള വെല്ലുവിളി, അതിനെ സാഹിത്യരംഗം  ഒരു സാധ്യതയാക്കി മാറ്റി.

ഇപ്പോള്‍ സാഹിത്യചർച്ചകള്‍ വായനശാലയിലോ കോളേജ് കാമ്പസില്‍  ഒരു മരത്തിന്റെ ചുവട്ടിലോ ഒക്കെത്തന്നെ വേണമെന്നു നിര്‍ബന്ധമില്ല. രാത്രി പന്ത്രണ്ടു മണിക്കോ  രണ്ടു മണിക്കോ ഒക്കെ പലയിടങ്ങളില്‍ ഇരുന്നു കൊണ്ട് സാഹിത്യം  ചർച്ച ചെയ്യാം. അത് പുതിയ കാലത്തെ  വളരെ നല്ല ഒരു സാധ്യതയാണ്. വളരെ നല്ല രീതിയിൽത്തന്നെ നടക്കുന്നുമുണ്ട് . അടുത്ത കാലത്ത് മലയാളം വാരിക പഴയ  കൂട്ടക്ഷരം, കുത്ത് ഇല്ലാത്ത പഴയ മലയാളം ഫോണ്ട്  ഉപയോഗിച്ച് ഒരു പുതിയ ലക്കം ഇറക്കി. അതും  ടെക്നോളജിയുടെ സാധ്യതയാണ്. ഞാന്‍ ടെക്നോളജിയേയും  പുതിയ ജനറേഷനെയും പോസിറ്റീവ് ആയി കാണുന്ന ആളാണ്‌. എന്തെങ്കിലും  പ്രതീക്ഷയുണ്ടെങ്കില്‍  അവരിലേ ഉള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ടാർഗറ്റ് റീഡേഴ്സ്  അവര്‍ തന്നെയാണ്. സാഹിത്യത്തില്‍ വ്യവസ്ഥാപിതമായ ഒരു അധികാര സംവിധാനത്തിന്റെ അംഗീകാരങ്ങളെക്കാള്‍ ഞാന്‍   കൂടുതല്‍  വിലമതിക്കുന്നത്, പുതിയ തലമുറയിലെ വായനക്കാരുടെ പ്രതികരണങ്ങളെയാണ്. ആ പ്രതികരണങ്ങളിലുള്ള  ഒരു വ്യത്യസ്തത  എനിക്ക് തോന്നിയിട്ടുള്ളത്, അവര്‍ നിരന്തരമായി ചോദ്യം ചെയ്യുന്നവരാണ്, വിയോജിക്കുന്നവരാണ്. വിയോജിച്ചും, ചോദ്യം ചെയ്തും  സംവാദങ്ങളുടെ ഇടങ്ങളിലേക്ക് വരുന്നവരും അതില്‍ നിന്ന് പുതിയ സാധ്യതകളിലേക്ക് എത്തുന്നവരുമാണ്. ഞാനും അതു  തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്റെ എഴുത്ത് അത്ര  ഏകപക്ഷീയമായ എന്റെ ആത്മാവിഷ്കാരം എന്നുള്ള  നിലക്കുള്ളതല്ല.

7. എഴുത്ത് എന്റെ ആത്മാവിഷ്കാരമല്ല എന്നു പറഞ്ഞു.. ഞാൻ എന്ന വ്യക്തിയെ മാറ്റിനിർത്തി എഴുതിയാല്‍ മാത്രമേ എഴുത്ത് സമൂഹ പ്രതിബദ്ധം ആവുകയുള്ളൂ എന്ന് കരുതിയിട്ടാണോ? ആത്മാവിഷ്കാരം എന്തുകൊണ്ട്  സമൂഹ പ്രതിബദ്ധം ആയിക്കൂടാ ? ഞാന്‍ എന്ന് പറയുമ്പോള്‍ എന്റെ അകത്ത് ഈ സമൂഹം കൂടി ചേർന്നതാണല്ലോ. (ആത്മത്തിന്റെ സുഖം അപരന് കൂടി സുഖം നല്കുന്നതാവണമല്ലോ) അങ്ങനെ വരുമ്പോള്‍ എഴുത്ത് ആത്മാവിഷ്കാരം തന്നെയാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റ് ?

ഉ: എന്റെ എഴുത്ത് ഏകപക്ഷീയമായ ആത്മാവിഷ്കാരം  എന്ന നിലക്കുള്ളതല്ല, അതായത്  എന്റെ വ്യക്തിപരമായ ശരികളെ മുന്നോട്ടു വെച്ചു  കൊണ്ടുള്ള ഒരു എഴുത്തല്ല എന്നാണുദ്ദേശിച്ചത്. അതിനു വളരെ പ്രധാനപ്പെട്ട ഒരു കാരണമുണ്ട്. എന്റെ വ്യക്തിപരമായ ശരികള്‍ ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും ശരിയാണോ എന്ന് എനിക്ക് സംശയമുണ്ട്‌. ഞാന്‍ വ്യക്തിപരമായി വെജിറ്റെറിയന്‍ ആണ്. എന്നെ സംബന്ധിച്ച് അത് ശരിയാണ്. പക്ഷേ  സമൂഹത്തെ സംബന്ധിച്ച് അത് ശരിയല്ല, ശരിയാകണമെന്നില്ല, ശരിയാവരുത്. പല കാര്യങ്ങളിലും എന്റെ നിലപാടുകള്‍ അത്തരത്തിലാണ്. അപ്പോള്‍  എന്റെ ഒരു ആത്മപ്രകാശനം എന്ന നിലക്കല്ല അത്  വരുന്നത്.

ഇനി ദാർശനികമായ തരത്തിലാണെങ്കില്‍ മതപരമായിട്ടോ പ്രത്യയ ശാസ്ത്രപരമായിട്ടോ ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലെത്തുമ്പോള്‍ സമൂഹത്തിന്റെ  ശാന്തിക്കും സമാധാനത്തിനും ജീവിതത്തിനുമൊക്കെ  നമ്മള്‍ സമ്പൂർണ്ണ പരിഹാരമെന്നു വിശ്വസിക്കപ്പെട്ടിരുന്ന, ഇപ്പോഴും വിശ്വസിച്ചു കൊണ്ടിരിക്കുന്ന, മതങ്ങളും ദർശനങ്ങളുമൊക്കെ  വല്ലാതെ പരിമിതപ്പെടുന്നത് കാണാം. അവ വലിയ വെല്ലുവിളികൾക്കുള്ളിലാണ്. ഒന്നിനും  കൃത്യമായ ഉത്തരം നമുക്കില്ല. ഇതെല്ലാം മനുഷ്യന്റെ ആത്യന്തികമായ നന്മക്കു വേണ്ടി പല കാലത്തും  നബിയെപ്പോലെ, ജീസസിനെപ്പോലെ, ബുദ്ധനെപ്പോലെ, മാർക്സിനെപ്പോലെയുള്ള  മനുഷ്യ സ്നേഹികളാല്‍  നിർമ്മിക്കപ്പെട്ടതാണ്. പക്ഷെ ഇവരെല്ലാം മുന്നോട്ടു വെച്ച ദർശനങ്ങളും അവയുമായി ബന്ധപെട്ട പ്രവർത്തന പദ്ധതികളുമെല്ലാം ഉണ്ടായിട്ടും മനുഷ്യന്‍ കൂടുതല്‍ ഹിംസയിലേക്കും ആശയപരമായിട്ടും ഫിസിക്കലായിട്ടും യുദ്ധങ്ങളിലേക്കും നിരന്തരമായിട്ടു പോയിക്കൊണ്ടിരിക്കുന്നു, കൂട്ടക്കൊലകള്‍ ആവർത്തിക്കുന്നു. ചെച്നിയയില്‍ നിന്ന് ശ്രീലങ്കയിലേക്ക്, സിറിയയിലേക്ക്, സൌത്ത് സുഡാനിലേക്ക്… പലയിടങ്ങളിലേക്ക്‌  ഇത്  വ്യാപിക്കുകയാണ്. അങ്ങനെയുള്ളൊരു സമയത്ത് നമുക്ക് മുന്നോട്ടു വെക്കാവുന്ന ഒരു ഉത്തരമില്ല. ഞാനും വായനക്കാരെപ്പോലെ ഈ സമകാലിക അവസ്ഥയില്‍ ഹോമോസാപിയൻസ് എന്ന് നമ്മള്‍ പറയുന്ന ഈ മനുഷ്യജീവിയുടെ ആർത്തിയാലും   ക്രൂരതയാലും  ഹിംസയാലും   നിർണ്ണയിക്കപ്പെടുന്ന ഈ  സാമൂഹ്യ സംവിധാനത്തില്‍ തീരെ തൃപ്തനല്ല. പരിഹാരമെന്താണെന്ന്  എനിക്ക് പറയാനില്ല. കാരണം എല്ലാവിധ പരിഹാരങ്ങളും, പരിഹാരമെന്നു വിശ്വസിച്ചിരുന്ന എല്ലാതരം  കാര്യങ്ങളും, വല്ലാതെ ഇളക്കം പറ്റിയിട്ടുള്ള ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അങ്ങനെയുള്ളൊരു കാലത്ത്  എന്റെ  ശരികളെ  മുന്നോട്ടു വെച്ച് വാദിക്കുന്നതില്‍ അർത്ഥമില്ല. പകരം  സംവാദങ്ങളുടെ ഇടങ്ങള്‍ സൃഷ്ടിച്ചെടുക്കുക  എന്നൊരു സാധ്യത മാത്രമേ ഉള്ളൂ.

നിങ്ങള്‍ എഴുത്തുകാരനില്‍ സാമൂഹ്യ പരിഷ്കർത്താവിനെയോ ശാസ്ത്രകാരനെയോ അത്തരത്തിലൊന്നും  അന്വേഷിച്ചു പോയിട്ട് കാര്യമില്ല. എഴുത്തുകാരന്‍ നിങ്ങളെപ്പോലെ സാധാരണ ഒരു മനുഷ്യനാണ്. അയാൾക്ക്  അയാളുടേതായ  എല്ലാ  ശക്തിദൗർബല്യങ്ങളും എല്ലാ പരിമിതികളും  എല്ലാ തരത്തിലുള്ള സ്വാർത്ഥതകളും ഒക്കെയുണ്ടാവും. എഴുത്തുകാരന്‍  ഒരു സ്പെഷല്‍ ബീയിംഗ് ഒന്നുമല്ല. ഈ പറഞ്ഞ ആർത്തിയും ചതിയും വഞ്ചനയും ഹിംസയും  തന്നെയാണ്  അവന്റെ ആവിഷ്കാരത്തെ നിർണ്ണയിക്കുന്നതില്‍ പ്രവര്ത്തിക്കുന്നുണ്ടാവുക. മുൻപൊക്കെ ഞാന്‍ പലയിടത്തും പറയാറുണ്ടായിരുന്ന  ഒരു  കാര്യമാണ്  കല മനുഷ്യനെ ഹിംസയില്‍ നിന്ന് മോചിപ്പിക്കും എന്നത്.  സമൂഹം  വളരെ സർഗ്ഗാത്മകമായി പല തരം കലാപ്രവർത്തനങ്ങളില്‍ നിറഞ്ഞ് നിന്നാല്‍ നമുക്ക് എല്ലാ തരം ഹിംസയില്‍ നിന്നും രക്ഷയുണ്ട്, കാരണം കലാകാരന്മാർക്ക് ഒരിക്കലും ഹിംസയോട് കൂട്ട് നിൽക്കാൻ പറ്റില്ല എന്നൊക്കെ. പക്ഷേ ഇപ്പോള്‍ അത്ര ഉറപ്പിച്ച് ഇതൊന്നും  പറയാന്‍ പറ്റുന്നില്ല.. പിന്നെ അത്തരം ഹിംസകളിലേക്ക്  പോകുന്നവര്‍ കലാകാരന്മാരല്ല എന്ന് പറഞ്ഞു കൊണ്ട് ആശ്വസിക്കാം എന്നേയുള്ളൂ. അങ്ങനെ  വളരെ സങ്കീർണ്ണമാണ്  കാര്യങ്ങള്‍.

8. മനുഷ്യ മനസ്സ് കൂടുതല്‍ ചെറുതായി, തുരുത്തുവല്ക്കരരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എഴുത്തുകാരുടെ മറ്റൊരു ചുമതല എന്ന് കരുതപ്പെടുന്നത്  ഈ അവസ്ഥയുടെ കാരണങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമത്തില്‍, തനിക്ക് വരാനിരിക്കുന്ന നഷ്ടങ്ങളെ കുറിച്ചാലോചിക്കാതെ ഇടപെടുക എന്നുള്ളതല്ലേ? അക്കാര്യത്തില്‍ ഇന്നത്തെ എഴുത്തുകാരന്റെ ആകുലതകൾ എന്തൊക്കെയാണ്?

ഉ: എഴുത്തുകാരന്‍ കാലത്തിനപ്പുറത്തേക്ക് പോകാന്‍  ശ്രമിക്കുന്നവനാണ്. ചുറ്റുമുള്ള കാര്യങ്ങളെ ഗൌരവമായിട്ടു നോക്കിക്കാണുമ്പോള്‍ സ്വാഭാവികമായി അതില്‍ അസ്വസ്ഥതയുണ്ടാകും, ആകുലതയുണ്ടാവും, സർഗ്ഗാത്മകമായ കലഹങ്ങളുണ്ടാവും. പക്ഷെ അത് മുദ്രാവാക്യസ്വഭാവത്തിലാവണം  എന്നില്ല. എന്റെ social and political activities, social responsibility, social intervention അതെല്ലാം എന്റെ എഴുത്താണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനെല്ലാം ഞാന്‍ ശ്രമിക്കുന്നത് എന്റെ എഴുത്തിലൂടെയാണ്. എന്റെ എഴുത്ത് ലക്ഷ്യമാക്കുന്നത്  സംവാദങ്ങളെയാണ്. സംവാദങ്ങള്‍ വിയോജിക്കാനുള്ള ഇടങ്ങളാണ്. അത് അപ്രത്യക്ഷമായിപ്പോകുന്നു എന്നതാണ് ഈ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ കാലത്തിനോടും ഈ സമൂഹത്തിനോടും ഈ ലോകത്തിനോടും ഉള്ള എന്റെ വ്യക്തിപരമായ വിയോജിപ്പുകള്‍ തന്നെയാണ് എന്റെ എഴുത്ത്. ഞാന്‍ എന്നെയല്ല ആവിഷ്കരിക്കുന്നത് – എന്റെ വിയോജിപ്പുകളേയും, എന്റെ കലഹങ്ങളേയുമാണ്. അതു  കൊണ്ടുകൂടിയാണ് ഞാന്‍ പറഞ്ഞത് എഴുത്ത് എന്റെ ആത്മാവിഷ്കാരമല്ല എന്ന്.

9.അപ്പോള്‍ ഈ കെട്ട കാലത്തിന്റെ ആസുരമേളം   എഴുത്തുകാരൻ കേൾക്കുന്നുണ്ടങ്കിലും നീതിനിഷേധത്തിനോടുള്ള നിരന്തര കലഹങ്ങളിൽ എഴുത്തുകാരൻ പങ്കാളിയാകേണ്ടതില്ലേ ? എല്ലാക്കാലവും എഴുത്തുകാരന്റെ അസംസ്കൃത വസ്തു മനുഷ്യൻ തന്നെയാണ്. അപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ മുറുകെ പിടിക്കുമ്പോഴും എഴുത്തുകാരന്റെ  സാമൂഹ്യഇടപെടലും തിരിച്ചും ഒരനിവാര്യതയല്ലേ?

ഉ: മറ്റേതൊരു വ്യക്തിക്കും ഉള്ളതു  പോലെയുള്ള ഉത്തരവാദിത്തങ്ങള്‍ തന്നെയാണ് എഴുത്തുകാരനും നിർവ്വഹിക്കുന്നത്. എഴുത്തുകാരനു മാത്രമായി  ഒരു സ്പെഷ്യല്‍ ഉത്തരവാദിത്തം ഇല്ല. ഒരു  പാട്ടുകാരനായാലും ഒരു അത്ലറ്റ്  ആയാലും അത്തരം  ഏതു മേഖലയില്‍ ഉള്ളവരായാലും എല്ലാവരും സമൂഹത്തില്‍ തന്നെയാണ് ജീവിക്കുന്നത്. എല്ലാവർക്കും അസംസ്കൃതവസ്തു മനുഷ്യന്‍ തന്നെയാണ്. എഴുത്തുകാരന്‍ അവന്റെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി  തന്റെ എഴുത്തില്‍ കൂടിയാണ് നിർവ്വഹിക്കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ  അവന്റെ social responsibility, social existence, social interventions എല്ലാം നടക്കുന്നത് അവന്റെ എഴുത്തില്‍ കൂടിയാണ്. ഞാന്‍ അങ്ങനെ വിശ്വസിക്കുന്ന ആളാണ്‌. ഒരു പ്രസംഗത്തിനേക്കാള്‍ ഏറെ ശക്തമായിരിക്കും എഴുത്തുകാരന്റെ എഴുത്ത്. പക്ഷെ അത്  അങ്ങനെ ചെയ്യണം എന്നു  വിചാരിച്ച് ചെയ്യാന്‍  പറ്റുന്ന  ഒരു കാര്യമല്ല. സംഭവിച്ചു  പോകുന്ന ഒരു കാര്യമാണ്.  ചിലര്‍ എന്നോടു ചോദിച്ചിട്ടുണ്ട്  ഇട്ടിക്കോര എഴുതാനായിട്ട്‌ എത്രകാലം തയ്യാറെടുപ്പ് വേണ്ടി വന്നു എന്ന്. ഞാന്‍ ജീവിച്ചു തുടങ്ങിയിട്ട് അതെഴുതാന്‍ തുടങ്ങിയതുവരെയുള്ള കാലം എന്നാണ്  അതിനുത്തരം. എന്റെ ജീവിതത്തില്‍ സംഭവിച്ച  കാര്യങ്ങള്‍, ഞാന്‍ കണ്ട സിനിമകള്‍, ഞാന്‍ വായിച്ച പുസ്തകങ്ങള്‍, ഞാന്‍ കണ്ട മനുഷ്യര്‍, ഞാന്‍ കണ്ട സ്ഥലങ്ങള്‍, അതിനെല്ലാമൊപ്പം  എന്റെ ഭാവനയും  കൂടി ചേർന്നിട്ടാണ്‌ എഴുത്ത് എന്ന കാര്യം സംഭവിക്കുന്നത്‌. എന്റെ സാമൂഹ്യ ഇടപെടല്‍ എന്റെ എഴുത്തില്‍ കൂടിയാണ്.

10. എഴുത്തിന്റെയ വിസ്മയത്തിൽ / വിപ്ലവത്തിൽ നവമാധ്യമങ്ങളുടെ സ്വാധീനം നിര്ണ്ണാ യകമാകുന്നുണ്ടോ?

ഉ: നവമാധ്യമങ്ങളും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിനിമയങ്ങളുമാണ് പുതിയ കാലത്ത് ലോകത്തെ നിർണ്ണയിക്കുന്നത്. അതില്‍ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല. പുതിയതലമുറയിലെ ചെറുപ്പക്കാരായവര്‍, ടെക്നോളജിയുമായി ബന്ധമുള്ളവര്‍ വളരെ ആത്മവിശ്വാസത്തോടു  കൂടി നമ്മുടെ ഭാഷയെയും സംസ്കാരത്തെയും മുന്നോട്ടു കൊണ്ട് പോകുകയാണ്. അവരില്‍ നല്ല പ്രതീക്ഷയുണ്ട്.

പക്ഷേ അവരില്‍  ചിലര്‍  അവർക്ക്  യാതൊരു തരത്തിലുള്ള ചർച്ചകളും ആവശ്യമില്ല എന്നുള്ള തരത്തില്‍ പറയുമ്പോള്‍ അത് വളരെ അപകടകരമായൊരു അവസ്ഥയാണ്. അവര്‍ അവിടെ ഒഴിവാക്കുന്നത് സംവാദങ്ങൾക്കുള്ള ഇടമാണ്. എല്ലാ ബോധ്യങ്ങളും  നിരന്തരമായി ചോദ്യം ചെയ്യപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യേണ്ടതാണ് എന്ന മനുഷ്യസ്വഭാവത്തിന് കടക വിരുദ്ധമാണ് അത്.  ഇതുതന്നെയാണ് ഈ നൂറ്റാണ്ടിലെ ഫാസിസത്തിന്റെ ഭീകരമായ അവസ്ഥ. ഫാസിസം  ഒരു ഭരണാധികാരിയിലോ ഒരു പാർട്ടിയിലോ ഒതുങ്ങുന്നതല്ല. സമൂഹത്തിലെ ചെറുപ്പക്കാരുടെ ഇടയിലേക്ക് കടന്നു കയറുന്ന ഇത്തരം അപകടകരമായ വിശ്വാസങ്ങളോ  ബോധ്യങ്ങളോ  ചിന്തകളോ ഒക്കെതന്നെ സമൂഹം ഫാസിസവല്ക്കരിക്കപ്പെടുന്നതിന്റെ  ഒരു പ്രധാന അടയാളമാണ്. സമൂഹത്തിലേക്ക് ഫാസിസ്റ്റ് സമീപനങ്ങള്‍ കടന്നു വരുന്നത് ഒരു വ്യക്തിയിലൂടെയോ ഒരു പ്രസ്ഥാനത്തിലൂടെയോ മാത്രമല്ല. സമൂഹത്തില്‍ സമസ്തതലത്തിലും അൽപ്പാൽപ്പമായിട്ട് ഫാസിസം  കൂടുതല്‍ ശക്തമായി വരുന്ന ഒരു അവസ്ഥ ഉണ്ട്. അതു  കൊണ്ടാണ് പുസ്തകം വായിക്കുന്നതൊക്കെ ആവശ്യമില്ലാത്ത കാര്യമാണെന്നൊക്കെ ചിലര്‍ നിരീക്ഷണങ്ങള്‍  നടത്തുന്നത്.  സമൂഹം മൊത്തമായിട്ടു ഫാസിസവൽക്കരിക്കപ്പെടുന്നതിന്റെ ലക്ഷണമാണ് അത്തരം നിരീക്ഷണങ്ങള്‍. കാരണം, അപ്പോള്‍ സംശയങ്ങളില്ല. വായന സംശയങ്ങളെ ഉണ്ടാക്കും. വിയോജിപ്പുകളെയും സംവാദങ്ങളെയും ഉണ്ടാക്കും. വായിക്കണ്ട എന്ന് പറയുന്നതിനർത്ഥം  ഇനി സംവാദങ്ങളും ചർച്ചകളും ഇവിടെ ആവശ്യമില്ല എന്നാണ്.

Comments

comments