വടയമ്പാടിയില്‍ സമരമുഖത്തുനിന്ന് സാമൂഹ്യ പ്രവര്‍ത്തക മൃദുലാദേവി ശശിധരൻ എഴുതുന്നു:
നൈജീരിയന്‍ എഴുത്തുകാരനും, ചിന്തകനുമായ ചിനുവ അച്ചബെ ‘ദ് ഡെഡ് മെൻസ് പാത്ത്’ (The Dead Men’s Path) എന്ന കഥയിലൂടെ നേരേയാക്കല്‍ പ്രക്രിയകള്‍ ഒരു ജനതയുടെ സാംസ്കാരിക വേരുകള്‍ പറിച്ചു മാറ്റിക്കൊണ്ടാവരുത് എന്ന പാഠം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്. വടയമ്പാടി വിഷയത്തിലൂടെ കടന്നുപോകുമ്പോള്‍ സവര്‍ണ്ണ ജാതികള്‍ കേരളത്തില്‍ ഇപ്പോഴും ദളിത് ജനതയുടെ വേരുകള്‍ പിഴുതെറിയുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ചിട്ടില്ല എന്നാണു നമുക്ക് മനസ്സിലാവുക.
എറണാകുളം ജില്ലയിലെ വടയമ്പാടി എന്ന സ്ഥലത്ത് ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ പിന്നോക്ക വിഭാഗക്കാരാണ് കൂടുതലായുള്ളത്. സവര്‍ണ ക്രിസ്ത്യാനികളും, നായര്‍ വിഭാഗവുമാണ് അവിടുത്തെ പ്രാദേശിക സമ്പദ്വ്യവസ്ഥ നിയന്ത്രിക്കുന്നത്. ഭൂമിയുടേയും, വിഭവത്തിന്‍റെയും അധികാരം ‘മേല്‍ത്തട്ട്’ വിഭാഗക്കാര്‍ക്കായതിനാല്‍ തന്നെ ദലിത് ജനത അത്തരം ഇടങ്ങളില്‍ കൂലിക്കാരാവുക സ്വാഭാവികമാണല്ലോ. വടയമ്പാടിയിലെ സമരം നടക്കുന്ന സ്ഥലത്തെ ദലിത് വിഭാഗങ്ങള്‍ മിക്കവരും കമ്പനിത്തൊഴിലാളികളോ, കൂലിപ്പണിക്കാരോ, വീട്ടുജോലിക്കാരോ ആണ്. ദലിത് ഭവനങ്ങളില്‍ മിക്കയിടങ്ങളില്‍ നിന്നും സ്ത്രീയും പുരുഷനും ജോലിക്കു പോകുന്നവരാണ്. വടയമ്പാടിയിലെ സമ്പദ് വ്യവസ്ഥയിലും, ഉത്പാദന മേഖലയിലും ഈ വിഭാഗത്തിലുള്ളവരുടെ സംഭാവനയും കേരളത്തിന് തള്ളിക്കളയാനാവില്ല. 1967-ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട മൂന്ന് പട്ടികജാതി കോളനികളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന എറണാകുളം ജില്ലയില്‍ ഐക്കരനാട് നോര്‍ത്ത് വില്ലേജില്‍ സര്‍വേ നമ്പര്‍ 3124-ല്‍ പെട്ട ഒരേക്കറിലധികം വരുന്ന പൊതുമൈതാനം ആണ് ഇപ്പോൾ സ്വകാര്യഭൂമി ആണെന്ന് എന്‍ എസ് എസ് കരയോഗം അവകാശപ്പെടുന്നത്. കോളനികളിലെ ദളിത് സമൂഹം സ്വന്തം കലാ, കായിക, സാംസ്കാരിക, സാമൂഹിക വികസനത്തിനായി ദശാബ്ദങ്ങളായി ഉപയോഗിച്ച് പോന്നതാണ് ഈ ഭൂമി.
ഈ മൈതാനത്തിനുള്ളിലാണ് പറയ സമുദായാംഗമായ മാക്കോത പാപ്പു പ്രതിഷ്ഠ വച്ച് പൂജ നടത്തിയിരുന്നതും പുലയ സമുദായാംഗമായ നടത്തിക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതും. പൊതുമൈതാനത്തിനു സാംസ്കാരികമായി എത്ര പ്രാധാന്യം അവര്‍ നല്‍കി എന്നത് പോലെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ് വൈകാരികമായി ആ പൊതു മൈതാനം അവര്‍ക്ക് എന്തായിരുന്നു എന്നതും. ഈ പൊതുമൈതാനത്തോട് ചേര്‍ന്നുള്ള ഒരേക്കര്‍ ഇരുപത് സെന്‍റില്‍ അതിന്‍റെ ഉടമയായ ഇരവി രാമന്‍ കര്‍ത്താദേവീഭജന നടത്തി വന്നിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം എന്‍ എസ് എസ് കരയോഗം അത് കൈവശപ്പെടുത്തി ഭജനമഠം എന്ന ക്ഷേത്രമാക്കി. 2017 മാര്‍ച്ചില്‍ പൊലീസ് സഹായത്തോടെ പത്തടി ഉയരത്തില്‍ പൊതുമൈതാനത്തിന് ചുറ്റും മതില്‍ കെട്ടല്‍ ആരംഭിച്ചു. ഇതിനെതിരെ ദലിത് ജനത നടത്തിയ പ്രക്ഷോഭത്തിനിടയിലാണ് 1981-ല്‍ G.O.M.S No 230/81/RD ആയിട്ടുള്ളൂ ഉത്തരവ് പ്രകാരം ഈ റവന്യൂ പുറമ്പോക്ക് മൈതാനം വടയമ്പാടി എന്‍. എസ്. എസ് കരയോഗത്തിന് അമ്പലത്തിന്‍റെ ആവശ്യങ്ങള്‍ക്കായി പതിച്ചു നല്‍കിയതെന്ന് അറിയുന്നത്. ഇതിനെത്തുടര്‍ന്ന് ദലിത് ഭൂ അവകാശ മുന്നണി രൂപീകരിച്ച് വ്യാജ പട്ടയം റദ്ദാക്കുക, റവന്യൂ പുറമ്പോക്ക് പൊതു ഉടമസ്ഥതയിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരമാരംഭിച്ചു. ഇതിന്‍ മേല്‍ തീരുമാനമുണ്ടാകാഞ്ഞതിനാല്‍ 2017 ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി ദിനത്തില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ നിയമ വിരുദ്ധമായി കെട്ടിപ്പൊക്കിയ മതില്‍ പൊളിച്ചു കളഞ്ഞു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എറണാകുളം കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോടതിയില്‍ വച്ച് തീരുമാനമാകുന്നത് വരെ ഈ സ്ഥലത്തെ സ്ഥിതി അങ്ങനെ തന്നെ നില നിര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ജനുവരി 22 മുതല്‍ 25 വരെ ഉത്സവമായതിനാല്‍ സമരപ്പന്തല്‍ പൊളിക്കണമെന്ന നോട്ടീസ് സമര സമിതിക്ക് ലഭിക്കുകയുണ്ടായി. ഉത്സവത്തിനെത്തുന്നവരുടെ വഴിതടസപ്പെടുന്ന സ്ഥലത്തല്ല സമരപ്പന്തലെന്ന് സമര മുന്നണി കണ്‍വീനര്‍ എംപി അയ്യപ്പന്‍ കുട്ടി പൊലീസിന് വിശദീകരണം നല്‍കിയെങ്കിലും 21-ന് പുലര്‍ച്ചെ 5.30-ന് പുത്തന്‍ കുരിശ് സി ഐ സാജന്‍ സേവ്യറുടെ നേതൃത്വത്തില്‍ സമരപ്പന്തല്‍ പൊളിച്ചു നീക്കുകയുണ്ടായി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ മൈതാനത്തിലേയ്ക്ക് കയറാന്‍ പുതിയ പടവ് അനിര്‍മ്മിക്കുകയും, ഭജനമഠം ദേവീക്ഷേത്രം എന്നെഴുതിയ കമാനം സ്ഥാപിക്കുകയും ചെയ്തു. സമരം കൂടുതല്‍ ശക്തമാവുകയും സമര മുഖത്തുള്ളവര്‍ നില്‍പ്പുസമരം തുടങ്ങിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തുകയുംചെയ്തു. നില്‍പു സമരം ഉദ്ഘാടനം ചെയ്തത് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ ടി ടി ശ്രീകുമാര്‍ ആയിരുന്നു.
വടയമ്പാടിയിലെ മതില്‍ എങ്ങനെയാണു ജാതിമതില്‍ ആയത് എന്നുള്ളതാണ് ഏറ്റവും പ്രധാനമായി ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യം. ക്ഷേത്രത്തില്‍ പൂജാരിയില്‍ നിന്ന് തന്നെ വടയമ്പാടിയിലെ ദലിത് ജനങ്ങള്‍ക്ക് വിവേചനം നേരിടേണ്ടി വന്നത് അവര്‍ തന്നെ പറയുന്നു. മണ്ഡലകാലത്ത് ദേശവിളക്ക് നടത്തിക്കൊണ്ടിരുന്ന ദലിത് വിഭാഗക്കാരെ പ്രശ്നവിധിയില്‍ ദേവീകോപം ഉണ്ടായി എന്ന് പറഞ്ഞ് ആ അധികാര പരിധിയില്‍ നിന്ന് അകറ്റുകയും ചെയ്തു. വ്യാജ പട്ടയമുണ്ടാക്കി മതില്‍ കെട്ടിയുയര്‍ത്തിയത് ദൃഷ്ടിയില്‍ പോലും കോളനിക്കാരെ കാണാതിരിക്കാനും അവരുമായി സമ്പര്‍ക്കമില്ലാതിരിക്കാനും ആണ് എന്നത് സുവ്യക്തമാണ്. ജാതിയുടെ പ്രിവിലേജില്‍ അഭിരമിക്കുന്നവര്‍ക്ക് ജാതി എന്നത് പൂഹോയ് എന്ന ആട്ടിയകറ്റല്‍ മാത്രമാകുന്നിടത്തു തന്നെയാണ് യഥാര്‍ത്ഥ തിമിരം. പാവയ്ക്കാ കാണാന്‍ പറ്റും, കഴിക്കാന്‍ പറ്റും, അതിലെ കയ്പ് അത് രുചിച്ചാല്‍ മാത്രമേ അറിയാന്‍ പറ്റൂ. ഇതാണ് ജാതി എന്ന് പറഞ്ഞ് നീട്ടിക്കാണിക്കാന്‍ ആവില്ല. അത് അനുഭവിച്ച ഹൃദയവേദനകളാണ്. കൊട്ടിഘോഷിച്ച നവോത്ഥാനാന്തര കേരളത്തില്‍ ജാതി നിലനില്‍ക്കുന്നു എന്നത് മാത്രമല്ല തീണ്ടിക്കൂടായ്മയും ഉണ്ടെന്നതിനു ദൃഷ്ടാന്തമാണു വടയമ്പാടി വിഷയം. നിഴല്‍വെട്ടത്ത് പോലും ഒരു ജനത വരാതിരിക്കുവാനായി കെട്ടിപ്പൊക്കിയ മതില്‍ എങ്ങനെയാണു ജാതിമതില്‍ അല്ലാതാവുക?
ഗോവിന്ദാപുരത്തേയും, പേരാമ്പ്രയിലേയും ജനങ്ങള്‍ തങ്ങളുടെ അവസ്ഥയോട് ഏറെക്കുറെ പൊരുത്തപ്പെട്ടെങ്കിലും വടയമ്പാടിയിലെ ജനങ്ങള്‍ അതിന് തയ്യാറായിരുന്നില്ല. ഏറ്റവും പ്രകടമായി അനീതിക്കിരയായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിനായി മുഴുവന്‍ അധികാരങ്ങളും പ്രബലസമൂഹം ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍, സര്‍ക്കാരുകളും പൊലീസും അതിനു കൂട്ടുനില്‍ക്കുക കൂടിച്ചെയ്തപ്പോള്‍ വടയമ്പാടിയിലെ ജനങ്ങള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന മതില്‍ പൊളിക്കുകയും ശക്തമായി സമരമുഖത്തെത്തുകയും ചെയ്തു. നീതി നല്‍കേണ്ടവര്‍ തന്നെ തിരിഞ്ഞ് നിന്നപ്പോഴാണ് അവര്‍ അത്തരത്തിൽ ഉണര്‍ന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.
ധാര്‍മ്മികമായി നാം അവര്‍ക്കൊപ്പമാണു ഉണ്ടാകേണ്ടത്. സമരത്തിന് വിശാലമായ ജനകീയ മുഖം ഉണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ 60-ഓളം പേര്‍ പങ്കെടുക്കുന്ന നില്‍പ്പ് സമരത്തില്‍ കൂടുതലും സ്ത്രീകളാണുള്ളത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ വ്യാജപട്ടയമുണ്ടാക്കി കയ്യേറ്റം നടത്തിയതിനെതിരെയാണ് സമരം. സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷങ്ങള്‍ ആയിട്ടും ഒരു ജനതയ്ക്ക് മനഃസമാധാനത്തോടെ ഇരിക്കാനാവുന്നില്ല എന്നതും ഇപ്പോഴും നില്‍പ്പുസമരങ്ങള്‍ വേണ്ടിവരുന്നു എന്നതും ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. സമരമുഖത്തുള്ളവര്‍ സാമ്പത്തികമായി അങ്ങേയറ്റം വൈഷമ്യം അനുഭവിക്കുന്നവരാണ്. പല കാര്യങ്ങള്‍ക്കായെടുത്ത വട്ടിപ്പലിശ അടയ്ക്കേണ്ടവരും. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ പെരുവിരല്‍ കൊണ്ട് കൂട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന അവരുടെ വേദന കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏത് വേദനയാണ് നാം കാണുക. ശക്തമായ ഒരു തിരമാല മതി ആ പെരുവിരലുകള്‍ ദുര്‍ബലപ്പെടുവാന്‍. അതിന് മുന്‍പ് അവര്‍ക്കായ് നാം ഒന്നിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തുക. ഫേസ് ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ സാധ്യത പ്രയോജനപ്പെടുത്തുക, ജില്ലകള്‍ തോറും ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ ഉണ്ടാക്കുക. കൂടാതെ, ജാതിമതിലിനെതിരെ സമരംചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന ബാനറുമായി അതാത് ജില്ലകളില്‍ സമാനമായ നില്‍പ്പുസമരങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. ആളെണ്ണം കുറയുന്നത് കാര്യമാക്കാതിരിക്കുക. ഒരു മണിക്കൂറെങ്കിലും അവര്‍ക്കായി നിൽക്കാൻ സാധിക്കുക എന്നതാണ് കാര്യം.
ഫ്ളാഷ്മോബുകള്‍, തെരുവുനാടകം, നാടന്‍ പാട്ടുകള്‍, കവിത എന്നിവയില്‍ക്കൂടി സമരത്തിന് വൈവിധ്യമുഖം നല്‍കുക. അത്തരം പ്രവര്‍ത്തനങ്ങള്‍ സമരത്തിന് കൂടുതല്‍ മൈലേജ് നൽകുകതന്നെ ചെയ്യും. സ്ഥലം എംഎല്‍ എ വി. പി. സജീന്ദ്രന്‍, വാര്‍ഡ്മെമ്പര്‍, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അവരില്‍ നിന്ന് ഈ സമരത്തിന് പിന്തുണ ഉണ്ടാകുന്നില്ലെന്നുള്ളത് സങ്കടകരമാണ്. വടയമ്പാടിയില്‍ നിന്നും 100 മീറ്റര്‍ മാറിയാണ് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവാജി താമസിക്കുന്നത്. ഇത്രയും ആളുകള്‍ പൊരിവെയിലത്ത് നില്‍ക്കുന്നതെന്തിനെന്നോ, വഴിയിൽ തന്നെ ഭക്ഷണം വച്ച് കഴിച്ച് ഇത്തരമൊരു സമരം നടത്തുന്നതെന്തിനെന്നോ ഇതുവരെ അവര്‍ അന്വേഷിച്ചിട്ടുമില്ല. ഇത്തരം അവസരത്തിലാണ് വിവിധ ദലിത് സംഘടനകളുടെ ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. തങ്ങളുടേതായ എല്ലാ പ്രശ്നങ്ങളും സമീകരിച്ച ശേഷം, ഐക്യമുണ്ടായ ശേഷം മാത്രം സമരമുഖങ്ങളിലിറങ്ങാം എന്ന് കരുതാതെ ഇത്തരം സമരമുഖങ്ങളില്‍ ഒന്നിക്കേണ്ടതിന്‍റെ ആവശ്യകതകള്‍ മനസ്സിലാക്കുക. ഇത്തരം സമര മുഖങ്ങളെ ഐക്യപ്പെടലിനുള്ള സാധ്യതതകള്‍ കൂടിയാക്കുക.
ഫെബ്രുവരി നാലിന് ദലിത് ഭൂ അവകാശ സമര മുന്നണി ആഹ്വാനം ചെയ്തിരിക്കുന്ന ദലിത് ആത്മാഭിമാന കണ്‍വന്‍ഷനിലേയ്ക്ക് കേരളത്തിന്‍റെ സാംസ്കാരിക സമൂഹം എത്തിച്ചേരേണ്ടതുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ നീതിക്ക് അര്‍ഹരായിട്ടും അത് നിഷേധിക്കപ്പെട്ടവര്‍ക്കാണ് നാം പിന്തുണ നല്‍കുന്നത്. അങ്ങനെയുള്ളവര്‍ക്കൊപ്പമാണു നാമുണ്ടാകേണ്ടതും.
ചിനുവ അച്ചബെയുടെ ചെറുകഥയിലേയ്ക്ക് തന്നെ മടങ്ങുന്നു. നേരെയാക്കലുകള്‍ ഉണ്ടാവേണ്ടതാണ്. അത് നേരോടെ തന്നെയാവണം. ഒരു ജനതയുടെ സാംസ്കാരിതകയിന്‍മേല്‍ അധിനിവേശം നടത്തിച്ചെയ്യുന്ന ഒരു പ്രവൃത്തിയും ന്യായീകരണം അര്‍ഹിക്കുന്നില്ല. അതിനെ ചെറുക്കാന്‍ പൊതു സമൂഹം ഐക്യപ്പെടുക തന്നെ വേണം.
അവലംബം:
ജാതിവിരുദ്ധ സമരസമിതി ചെയര്‍മാന്‍ സി.എസ്മുരളിയുമായുള്ള സംഭാഷണം,
ജനകീയ മനുഷ്യവകാശപ്രസ്ഥാനത്തിന്റ FB പേജ്,
മാക്കോത പറയ കുടുംബവുമായുള്ള സംഭാഷണം,
സമര മുഖത്ത് നിന്നുള്ള ഡോ. ധന്യാമാധവ്, ഷണ്‍മുഖന്‍ ഇടിയത്തേരില്‍ എന്നിവരുമായി നടത്തിയ സംഭാഷണം
വിവിധ ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്ന് ലഭിച്ച വാര്‍ത്തകള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച വസ്തുതകൾ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.
Be the first to write a comment.