പണ്ടൊരിക്കൽ വിൻസന്‍റ് വാൻ ഗോഗ് ഒരു ചിത്രത്തിന്‍റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞുവത്രെ. അദ്ദേഹത്തിന്‍റെ കത്തുകളിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. വെറുമൊരു റൊട്ടിക്കഷണവുമായി രണ്ടാഴ്ച മുഴുവന്‍ ആ ചിത്രത്തിനു മുന്നിലിരിക്കാന്‍, വേണമെങ്കിൽ തന്‍റെ ജീവിതത്തിന്‍റെ പത്തുവർഷം സന്തോഷത്തോടെ ഉപേക്ഷിക്കാനും താൻ തയ്യാറെന്ന് വാൻ ഗോഗ് പറഞ്ഞതും ഇതേ ചിത്രത്തെക്കുറിച്ചു തന്നെ. യഹൂദവധു എന്നാണാ ചിത്രത്തിന്‍റെ പേര്. പതിനേഴാം നൂറ്റാണ്ടിലെ മികച്ച ചിത്രകാരനായിരുന്ന റെംബ്രാന്‍റ് ഹാര്‍മന്‍സൂന്‍ വാന്‍ റിയ്ന്‍ അതിന്‍റെ സ്രഷ്ടാവും.
പതിനാലു വയസ്സില്‍ ഔപചാരിക വിദ്യാഭ്യാസം വിട്ടെറിഞ്ഞ്, തനിക്കു പ്രിയപ്പെട്ട ചിത്രകലാപഠനത്തിനിറങ്ങിത്തിരിച്ചയാളായിരുന്നു റെംബ്രാന്‍റ്. പിന്നെയുള്ള എട്ടുവര്‍ഷം ചിത്രകലാഭ്യാസം മാത്രം. ചരിത്രചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രസിദ്ധനായിരുന്ന ജേക്കബ് സ്വാനന്‍ബ്യൂര്‍ക്കിന്‍റെ കീഴില്‍ പ്രധാനശിക്ഷണം. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു റെംബ്രാന്‍റ്. ഇരുപത്തിരണ്ടു വയസ്സായപ്പോഴേക്കും അദ്ദേഹം പഠിപ്പിച്ചും തുടങ്ങി. റെംബ്രാന്‍റിന്‍റെ ചിത്രങ്ങള്‍ക്ക് അപ്പോഴേക്കും ധാരാളം ആവശ്യക്കാര്‍ ഉണ്ടായി. പ്രശസ്തിയിലെക്കൊരു വെച്ചടി കയറ്റം. പെട്ടെന്നു തന്നെ ചിത്രങ്ങള്‍ അദ്ദേഹത്തെ ഒരു ധനികനാക്കി മാറ്റി. ജീവിതം ആസ്വദിച്ചു ജീവിക്കുകയും ചെയ്തു. പണം ചിലവാക്കാന്‍ ഒരു മടിയുമില്ലാതിരുന്ന അദ്ദേഹത്തിന്‍റെ ലോകം ധാരാളിത്തത്തിന്‍റെതായി മാറി. താമസിയാതെ, ആംസ്റ്റര്‍ഡാം നഗരത്തില്‍ മനോഹരമായ ഒരു സൌധവും അദ്ദേഹം സ്വന്തമാക്കി. മഹാനായ ചിത്രകാരന്‍റെ പല വിശിഷ്ടചിത്രങ്ങളും പിറന്നത് ആ ഭവനത്തില്‍ വെച്ചായിരുന്നു. എങ്കിലും, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വേദനയേറിയ നിമിഷങ്ങളും അവിടെവെച്ചുതന്നെ. തന്‍റെ പ്രിയ പ്രേയസിയും നാലുമക്കളില്‍ മൂന്നു പേരും മരണമടഞ്ഞതായിരുന്നു അത്. ഒടുവില്‍ റെംബ്രാന്‍റിനു ആ ഭവനം മടുത്തു. മാത്രമോ, ആര്‍ഭാടജീവിതം അതൊരു വലിയ സാമ്പത്തികബാധ്യതയുമാക്കി മാറ്റി. 21 കൊല്ലത്തെ വാസത്തിനു ശേഷം അദ്ദേഹത്തിനതു വില്‍ക്കേണ്ടിയും വന്നു. ഇന്നത് ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രശസ്തമായ റെംബ്രാന്‍റ് മ്യൂസിയമാണ്.
നമുക്കു തുടക്കത്തില്‍ പറഞ്ഞുതുടങ്ങിയ ചിത്രത്തിലേക്കു വരാം. ഈ കാന്‍വാസില്‍ രണ്ടുപേരുണ്ട്. ഒരു യുവതിയും അവളുടെ പങ്കാളിയും. ധനാഢ്യയാണ് യുവതിയെന്നത് സ്പഷ്ടം. ആഡംബരസമൃദ്ധിയില്‍ അവരുടെ വസ്ത്രം തിളങ്ങുന്നു. ആ അലങ്കാരഞോറിവുകളും കൈകളിലെ വെണ്മണിക്കൂട്ടവും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. വധുവിനെ ആശ്ലേഷിച്ചുകൊണ്ടാണ് പങ്കാളിയുടെ നില്പ്. ഒരു കൈ പുറകിലും മറുകൈ അവളുടെ മാറിടത്തോടു ചേര്‍ത്തും. ആ നില്പ്പില്‍ തെല്ലൊരഭിമാനവും കാണാം. സ്വര്‍ണ്ണവര്‍ണ്ണാങ്കിയില്‍ പൊതിഞ്ഞ അയാളൊരു രാജകുമാരനെപ്പോലെയുണ്ട്. തന്‍റെ പ്രിയതമന്‍ പകരുന്ന സംരക്ഷണവലയത്തില്‍ സംതൃപ്തയാണ് യുവതിയെന്നു അവന്‍റെ കൈകളെ സ്പര്‍ശിച്ചുകൊണ്ടുനില്‍ക്കുന്ന അവളുടെ വിരലുകള്‍ സൂചിപ്പിക്കുന്നു. പക്ഷെ, ഇരുവരുടേയും ഭാവത്തില്‍ മറ്റെന്തോ വ്യഗ്രത കാണാം. യുവതി എന്തിനോ ഒരുങ്ങിയിറങ്ങിയതുപോലെ. അയാളുടെ മുഖത്താണെങ്കില്‍ കരുതലോടുകൂടിയ ആശ്വസിപ്പിക്കലോ, തടയലോ ഒക്കെയുണ്ട്. അതിനോട് ചേര്‍ത്തുവെച്ചു വേണം മാറിടത്തിലെ ആ കൈയ്യിനെ കാണാന്‍.
ഇരുണ്ടതാണ് പശ്ചാത്തലം. സൂക്ഷിച്ചുനോക്കിയാല്‍, ഒരു പൂപ്പാത്രവും ഒരു ചെടിനിഴലും കാണാം. ഇത്തരത്തില്‍, പ്രധാനമല്ലാത്തതിനേയൊക്കെ ഇരുളില്‍ മറച്ചുകളയുന്ന പതിവ് റെംബ്രാന്‍റിന്‍റെ മറ്റു ചിത്രങ്ങളിലുമുണ്ട്.
ചിത്രത്തിലെ രണ്ടുപേര്‍ ആരോക്കെയെന്നതിനു പല പാഠഭേദങ്ങളും നിലവിലുണ്ട്. റെംബ്രാന്‍റിന്‍റെ മകളും ഭര്‍ത്താവുമാണെന്നും, അതല്ല, അച്ഛനും മകളുമാണെന്നുമൊക്കെയുള്ള ഊഹങ്ങള്‍ പലവിധം. പക്ഷെ, അതൊന്നുമല്ല, പഴയനിയമത്തിലെ ഒരു ഭാഗമാണ് റെംബ്രാന്‍റിവിടെ വരച്ചിരിക്കുന്നതെന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു. അതായത്, ഇസഹാക്കും ഭാര്യ റെബേക്കയും. ഹെബ്രോനിലെ കടുത്ത ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന്‍ ഫിലിസ്ത്യയിലെത്തിയ ഇസഹാക്കിനു ഏറ്റവും ഭയം തന്‍റെ ഭാര്യയുടെ സൌന്ദര്യത്തെയായിരുന്നു. ആരെങ്കിലും അവളെ തട്ടിയെടുക്കാനായി തന്നെ വധിച്ചുകളയുമോയെന്ന ഭീതി കാരണം റെബേക്ക തന്‍റെ ഭാര്യയല്ല, മറിച്ച് സഹോദരിയാണെന്നാണ് ഇസഹാക്ക് പ്രചരിപ്പിച്ചതത്രെ. ഫിലിസ്ത്യന്‍ രാജാവ് അബിമെലക്കിന്‍റെ സന്തതസഹചാരിയായിരുന്ന ഇസഹാക്കിന്‍റെ രഹസ്യം ഒടുവില്‍ കൊട്ടാരത്തില്‍ വെച്ചുതന്നെയാണ് വെളിപ്പെടുന്നത്. അതിലേക്കു നയിച്ചതോ, ഈ ചിത്രത്തില്‍ കാണുന്നപോലുള്ള ഒരു പ്രണയനിമിഷവും. ലോകചിത്രകലാചരിത്രത്തിലെ ഏറ്റവും മഹത്തായ പ്രണയാവിഷ്കാരമായാണ് പണ്ഡിതന്മാര്‍ ഈ ചിത്രത്തെ കാണുന്നത്. ചിത്രത്തില്‍ മറ്റൊരാളില്ല. പക്ഷെ, ആരൊക്കെയോ ഒളിച്ചുനോക്കുന്നുണ്ടെന്ന പ്രതീതി ആ പശ്ചാതലം സൃഷ്ടിക്കുന്നുണ്ട്. ഒരു പക്ഷെ, കാഴ്ചക്കാരായ നമ്മളെത്തന്നെയായിരിക്കും ഒളികണ്ണിടുന്ന അബിമെലക്കായി ചിത്രകാരന്‍ സങ്കല്പിച്ചിരിക്കുക.
റെംബ്രാന്‍റ്, ഏറെ ആഗ്രഹിച്ചു വരച്ച ഒരു ചിത്രമുണ്ട്. 1636ല്‍ വരച്ചത്. അതൊരസാധ്യചിത്രമാണ്. ബൈബിള്‍ തന്നെ വിഷയം. പക്ഷെ, അന്നേക്കുവരെയും മറ്റാരും സ്പര്‍ശിക്കാതിരുന്ന ഒന്ന്‍. അന്ധനാക്കപ്പെടുന്ന സാംസന്‍ ആണാ ചിത്രത്തില്‍. പഴയ നിയമത്തിലെ ന്യായാധിപന്മാരുടെ കഥയിലാണ് സാംസന്‍റെ ദുരന്തത്തെ വിവരിക്കുന്നത്. അതിശക്തിമാനായിരുന്നു സാംസന്‍. അദ്ദേഹത്ത തോല്പിക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതിരുന്ന ഫിലിസ്ത്യര്‍ സാംസന്‍റെ പ്രിയതമയായിരുന്ന ദലീലയെ കൂട്ടുപിടിച്ചു. അസംഖ്യം പ്രലോഭനങ്ങള്‍ക്കൊടുവില്‍, ആയിരക്കണക്കിനു വെള്ളിനാണയങ്ങളുടെ പ്രഭയില്‍ ദലീല വഴങ്ങി. സാംസന്‍റെ ശക്തിരഹസ്യം കണ്ടുപിടിക്കാമെന്നേറ്റു. തുടര്‍ന്നവള്‍ സാംസനുമൊന്നിച്ചുള്ള പ്രണയനിമിഷങ്ങളുടെ തീവ്രതയില്‍ ആ രഹസ്യം ചോര്‍ത്തിയെടുക്കുന്നു. സാംസന്‍റെ സ്വര്‍ണ്ണതലമുടിയിലായിരുന്നുവത്രെ അവന്‍റെ ശക്തി മുഴുവനും. പിന്നെ ഒട്ടും താമസിച്ചില്ല. സാംസന്‍ നിദ്രയിലാണ്ടുനിന്നിരുന്ന നേരത്തു ആ സ്വര്‍ണ്ണമുടികള്‍ വെട്ടിയെടുക്കപ്പെട്ടു. ശക്തി മുഴുവന്‍ ചോര്‍ന്നുപോയ സാംസനെ ഫിലിസ്ത്യര്‍ക്കു മുന്നിലിട്ടു കൊടുക്കാന്‍ ദലീലയ്ക്ക് നിമിഷങ്ങള്‍ പോലും വേണ്ടിവന്നില്ല. തുടര്‍ന്നായിരുന്നു ഏറ്റവും ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. സാംസന്‍റെ കണ്ണുകള്‍ രണ്ടും ചൂഴ്ന്നെടുക്കപ്പെട്ടു. ഹൃദയം തകര്‍ക്കുന്ന ആ ദുരന്തചിത്രമായിരുന്നു റെംബ്രാന്‍റ് വരച്ചിട്ടത്.
രംഗം നടക്കുന്നത് ഏതോ ഒരു ഗുഹയിലാണ്. പുറത്താണ് വെളിച്ചം. ചിത്രത്തിലേക്ക് ആ പുറംവെളിച്ചം ആവാഹിക്കപ്പെടുന്നതിന്‍റെ മനോഹാരിത ചിത്രത്തില്‍ നിറവാര്‍ന്നു നില്‍ക്കുന്നു. ചിത്രങ്ങളിലെ പ്രകാശവിന്യാസചാരുതയില്‍, ഒരുപക്ഷെ റെംബ്രാന്‍റിനോളം പ്രാഗല്ഭ്യം മറ്റാര്‍ക്കുമില്ലെന്നു പലരും പറയാറുണ്ട്. എന്നാല്‍ ഈ സാംസന്‍ ചിത്രത്തില്‍ റെംബ്രാന്‍റിന്‍റെ ആ കഴിവ് അതിന്‍റെ പാരമ്യത്തിലാണ്. അത്രയും ഗംഭീരമായാണ് വെളിച്ചവും ഇരുട്ടും നിഴലും തമ്മിലുള്ള ഒളിച്ചുകളി ഈ കാന്‍വാസില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തില്‍ ചതിക്കപ്പെട്ട സാംസനെ പടയാളികള്‍ പൂണ്ടടക്കം പിടിച്ചുവെച്ചിരിക്കയാണ്. തന്‍റെ ബലം മുഴുവനായും അറുത്തുമാറ്റപ്പെട്ടെങ്കിലും വീര്യം ചോര്‍ന്നുപോകാതെ കുതറുന്ന സാംസന്‍റെ അടിയില്‍ക്കിടന്നൊരുത്തന്‍ കഷ്ടപ്പെടുന്നുണ്ട്. പക്ഷെ, ഒട്ടും വിട്ടുകൊടുത്തിട്ടില്ല. സാംസന്‍റെ വലതുകൈ ഒരാള്‍ ചങ്ങലയില്‍ കെട്ടിമുറുക്കുന്നു. മറ്റൊരാള്‍ വലതുതോളില്‍ കൈയ്യമര്‍ത്തിക്കൊണ്ട് ഒരു കഠാര സാംസന്‍റെ വലതുകണ്ണിലേക്കു കുത്തിയിറക്കുകയാണ്. ഇനി ഇങ്ങേ വശത്താണെങ്കില്‍, വര്‍ണ്ണവസ്ത്രമണിഞ്ഞ ആയുധധാരിയായ പടയാളി വലിയൊരു കുന്തം സാംസന്‍റെ നെഞ്ചിലേക്കു ചൂണ്ടിയാണ് നില്‍പ്പ്. ഒടുവില്‍ മാത്രമേ, നാം ചിത്രത്തിലെ ദലീലയെ ശ്രദ്ധിക്കൂ. സാംസന്‍റെ സ്വര്‍ണ്ണമുടിച്ചുരുളുമായി ഗുഹയ്ക്കു പുറത്തേയ്ക്കോടുകയാണവള്‍. മറുകൈയ്യില്‍ കത്രികയുമുണ്ട്. ദലീലയുടെ മുഖഭാവം ശ്രദ്ധേയം. കുറ്റബോധത്തിന്‍റെ ലാഞ്ഛനപോലും ആ മുഖത്തില്ല. മറിച്ച്, കാര്യങ്ങള്‍ വിചാരിച്ചപോലേയൊക്കെ നടക്കുന്നില്ലേയെന്നറിയാനുള്ള ഔത്സുക്യം മാത്രം.
റെംബ്രാന്‍റ് ഈ ലോകത്തിനു തന്ന ഏറ്റവും മഹത്തായ ചിത്രങ്ങളിലൊന്നാണിതെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി കാണാന്‍ കഴിയില്ല. അത്രയ്ക്കും മനോജ്ഞമാണിതിലെ ഭാവാവിഷ്കാരവും വര്‍ണ്ണപ്പകര്‍ച്ചയും. ഒരേസമയം ഉജ്ജ്വലവും ഭയാനകവുമാണിതിന്‍റെ അനുഭവം. പൌരാണികതയുടെ ഏടില്‍നിന്നും കഠോരതയുടെ ഒരു നിമിഷം സ്വന്തം ഭാവനയില്‍ സൃഷ്ടിച്ചെടുത്തിരിക്കുകയാണിവിടെ. എല്ലാവരും ചലനാത്മകമാണിതില്‍. എന്തിന്, ആ അഭിശപ്തതയുടെ ഇരയായ സാംസന്‍റെ കാല്‍വിരലുകള്‍ പോലും വലിഞ്ഞുമുറുകി നില്‍ക്കുന്നത് എത്ര ഗംഭീരമായാണ് ചിത്രകാരന്‍ പകര്‍ത്തിയിരിക്കുന്നത്. നൃശംസതയുടെ പാരമ്യമെന്നു പറയാവുന്ന ഈ നിമിഷമാകട്ടെ, ഈ ആധുനികകാലത്തും അധികപ്പറ്റാവുന്നുമില്ല.
ഇനി മറ്റൊരു ചിത്രം കാണുക. 1629ല്‍ വരച്ചത്. മുപ്പതു വെള്ളിക്കാശ് തിരിച്ചുകൊടുക്കുന്ന, പശ്ചാത്താപവിവശനായ യൂദാസിനെയാണ് റെംബ്രാന്‍റ് ഇതില്‍ വിഷയമാക്കുന്നത്.
മഹാനായ ഡച്ചുചിത്രകാരന്‍റെ ആദ്യത്തെ മാസ്റ്റർപീസ് എന്നുവേണമെങ്കിൽ ഇതിനെ പറയാം. ഇരുട്ടും വെളിച്ചവും നിഴൽവിന്യാസവും ഇത്രയും മനോഹരമായി സന്നിവേശിപ്പിക്കുന്ന മറ്റൊരു ചിത്രകാരൻ ഇല്ലന്നത് റെംബ്രാന്‍റ് ഒരിക്കല്‍ക്കൂടി ഇവിടെ തെളിയിക്കുന്നു.
വെറും 23 വയസ്സു മാത്രമുള്ളപ്പോൾ വരച്ച ഈ ചിത്രത്തിൽ, അദ്ദേഹം വിശ്വചിത്രകലാചരിത്രത്തിൽ പിന്നീട് നേടിയെടുത്ത ഉത്തുംഗസ്ഥാനത്തിന്‍റെ മിന്നലാട്ടങ്ങളെല്ലാം തെളിയുന്നുണ്ട്. നാടകീയത നിറഞ്ഞ പ്രകാശാവതരണം, ഉറഞ്ഞുനിൽക്കുന്ന വൈകാരികത ഇവയൊക്കെ റെംബ്രാൻഡിന്‍റെ തനതുരീതികൾ തന്നെ.
യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനെത്തുടർന്ന്, പശ്ചാത്താപത്താൽ വിവശനായ യൂദാസിനെയാണ് നമുക്കു കാണുന്നത്. കൈകൾ അമർത്തിക്കെട്ടി, മുട്ടുകുത്തി നിൽക്കുകയാണയാൾ. തനിക്ക് ലഭിച്ച കൈക്കൂലിയായ മുപ്പതു വെള്ളിക്കാശ് ജൂതപുരോഹിതർക്കു മുന്നിൽ വലിച്ചെറിഞ്ഞിരിക്കുന്നു. യൂദാസിന്‍റെ ആ ഭാവം, നില്പ്, ഇവയെല്ലാം ചിത്രകലാനുഭവത്തിന്‍റെ അപൂര്‍വ്വമാതൃക തന്നെ. അതിഖിന്നനും ഏതാണ്ട്, ഭ്രാന്തനുമായിതീർന്നിരിക്കുന്നു ആ ക്രിസ്തുശിഷ്യൻ. ഒരു പതിഞ്ഞ തേങ്ങൽ ചിത്രത്തിലാകെ മുഴങ്ങുന്നുണ്ട്. മാപ്പിനായുള്ള കേണപേക്ഷ. പക്ഷെ, ആ മുഖത്ത് ആശയുടെ ഒരു തരിമ്പുപോലുമില്ല. പ്രതീക്ഷകൾ കെട്ടുണങ്ങിപ്പോയിരിക്കുന്നു. വന്യവും തീക്ഷ്ണവുമായ നോട്ടം താഴോട്ടാണ്. അതിൽ ആരേയും നേരിടാനാവാത്ത കുറ്റബോധം മാത്രം. പറിച്ചെടുക്കപ്പെട്ട മുടികൾ, പിന്നെ, കീറിയ മേൽവസ്ത്രവും. കൈകളാണെങ്കിൽ കൂട്ടിപ്പിണഞ്ഞ് രക്തം വരുന്നുണ്ടോ എന്നുപോലും സംശയിച്ചുപോവും. അവിടെ സംഭരിക്കപ്പെടുന്ന ശക്തിയും ഊർജ്ജവും എന്തിനെയാണ് ആവേശം കൊള്ളിക്കുന്നത്? യൂദാസിന്‍റെ ശരീരമാകെ വിറയ്ക്കുന്നതു പോലുണ്ട്. ദയയർഹിക്കാത്തവനെന്ന് സ്വയം തീരുമാനിച്ച അയാളെ ഒരു ബീഭത്സത വിഴുങ്ങിയിരിക്കുന്നു.
പുരോഹിതന്മാരുടെ വേഷഭൂഷകളിലെ കടുത്ത നിറങ്ങൾ, ആലങ്കാരികത എന്നിവ എടുത്തു പറയേണ്ടതുതന്നെ. പ്രധാന പുരോഹിതന്‍റെ ഇടതു കൈയ്യാവട്ടെ, അവജ്ഞയോടെ യൂദാസിനെ ഒഴിവാക്കുന്നു. പുരോഹിതവർഗ്ഗത്തിന്‍റെ ധാർഷ്ട്യവും, ധനപുഷ്ടിയും ഇടുക്കവുമെല്ലാം വിശദമായ അടയാളപ്പെടുത്തലുകളായി ഈ ചിത്രത്തിൽ കാണാം.
ഇരുൾനിഴലുകൾ നീണ്ടുകിടക്കുന്ന ആ മുറിയിലെ പ്രകാശസ്രോതസ്സിനെ ചിത്രത്തിൽ കാണിക്കുന്നേയില്ല. അതാ മേശപ്പുറത്തുണ്ടെന്നത് തിട്ടം. കെട്ടിടത്തിനു പുറത്ത് നേരം പാടേ ഇരുട്ടിയിരിക്കുന്നു. അവിടെ തെരുവിൽ മുട്ടിലിഴയുന്ന ഒരു രൂപത്തെക്കാണാം. യൂദാസിൽ നിന്നും വേർപെട്ട മനസ്സാക്ഷിയാണോ അത്…
വീണ്ടും വീണ്ടും കാണുന്തോറും കൂടുതല്‍ തീവ്രമായ അനുഭവം പകര്‍ന്നു തരുന്ന ചിത്രങ്ങള്‍ അധികമില്ല. അക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍തന്നെ നില്‍ക്കും റെംബ്രാന്‍റിന്‍റെ ഈ യൂദാസ്.
ഇനി അദ്ദേഹത്തിന്‍റെ ഒരു ചിത്രം കൂടി പരിശോധിച്ചു നമുക്കീ ലേഖനം അവസാനിപ്പിക്കാം. ഹെരോദയുടെ ഭടന്മാരിൽ നിന്നും ഓടി രക്ഷപ്പെടുന്ന തിരുകുടുംബത്തേയാണ് ഈ ചിത്രത്തില്‍ കാണുന്നത്. തിരുപ്പിറവിക്ക് ശേഷമുള്ള പലായനത്തിനിടയിലൊരു വിശ്രമം എന്നുതന്നെ ഇതിന്‍റെ പേര്. “സ്വപ്നം കണ്ടെഴുന്നേറ്റ യോസേഫ് തന്‍റെ പൈതലിനേയും അമ്മയേയും രാത്രിയിൽത്തന്നെ കൂട്ടിക്കൊണ്ട് പുറപ്പെട്ടു, മിസ്രയീമിലേക്ക്” എന്ന മത്തായി 2:14 വചനമോർക്കുക..
ചിത്രത്തിലാകട്ടെ, തിരുകുടുംബത്തിന് തീരെ ചെറിയ സ്ഥലമേ കൊടുത്തിട്ടുള്ളൂ. പ്രകൃതിയുടെ വിവരണത്തിനാണ് ഇവിടെ മുൻഗണന. ജോസഫും മേരിയും ഉണ്ണിയും ഏതോ ഒരു സഹായിയും കൊടുംരാത്രിയിലെ തണുപ്പിനെ അകറ്റാൻ തീക്കൂട്ടുന്ന തിരക്കിലാണ്. ആ ഭാഗത്തെ പ്രകാശവിന്യാസം റെംബ്രാന്‍റിന്‍റെ സ്വതസിദ്ധമായ ശൈലിയിൽ വരച്ചിട്ടുണ്ട്. ഒറ്റ വാക്കില്‍ അതിഗംഭീരം എന്ന് മാത്രം പറയാം. തൊട്ടുമുന്നിലെ തടാകത്തിലെ ഓളപ്പരപ്പിൽ ആ തീവെളിച്ചം പ്രതിഫലിക്കുന്നതും മനോഹരമായി അദ്ദേഹം പകർത്തിയിരിക്കുന്നു. രാത്രിപ്രകൃതിയുടേതായ ഇത്തരം ചിത്രങ്ങൾ അപൂർവ്വമാണ്. റെംബ്രാന്‍ഡാകട്ടെ ഈയൊരൊറ്റയെണ്ണമേ ഇങ്ങനെ വരച്ചിട്ടുള്ളൂ. ഇരുട്ടിലെങ്ങോനിന്ന് ചാടിവീഴാൻ ഒരുങ്ങി നിൽക്കുന്ന ഹെരോദയുടെ കിങ്കരന്മാരെ നാമിവിടെ കാണാതെ കാണുന്നുണ്ട്. ഇരുട്ടിനെ ഒരു കഥാപാത്രമാക്കി മാറ്റുകയാണ് ചിത്രകാരനിവിടെ. ഇതേ വിഷയത്തില്‍ വരച്ചിട്ടുള്ള മറ്റുപലരുടെയും ചിത്രങ്ങളില്‍നിന്നൊക്കെ തീർത്തും വ്യത്യസ്തമായ അന്തരീക്ഷവും മാനസികാവസ്ഥയും റെംബ്രാന്‍റ് ഇവിടെ നമുക്ക് തരുന്നു. അതാണ് ആ മഹാചിത്രകാരനെ മറ്റുള്ളവരില്‍നിന്നും വേറിട്ടുനിര്‍ത്തുന്നതും.
ചിത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍:
പേര് | യഹൂദവധു | അന്ധനാക്കപ്പെടുന്ന സാംസന്‍ | യൂദാസിന്‍റെ പശ്ചാത്താപം |
ചിത്രകാരന്‍ | റെംബ്രാന്‍റ് | റെംബ്രാന്‍റ് | റെംബ്രാന്‍റ് |
വര്‍ഷം | 1665-1669 | 1636 | 1629 |
മാധ്യമം | എണ്ണച്ചായം | എണ്ണച്ചായം | എണ്ണച്ചായം |
വലിപ്പം | 122 x 166 സെ.മീ. | 302×236 സെ.മീ. | 79×102സെ.മീ. |
സൂക്ഷിച്ചിരിക്കുന്ന
സ്ഥലം |
റിയ്ക് മ്യൂസിയം,
ആംസ്റ്റര്‍ഡാം |
സ്റ്റേഡല്‍ മ്യൂസിയം,
ഫ്രാങ്ക്ഫര്‍ട്ട് |
ലൈത്, യോര്‍ക്ക് ഷൈര്‍, |
ചിത്രവും ചിത്രകാരനും 15
ഡോ. ഹരികൃഷ്ണന്‍
Be the first to write a comment.