രാത്രിവണ്ടി ;പെണ്ണുങ്ങളുടെ കമ്പാർട്ട്മെന്റ്
ഒറ്റക്കൈയ്യിൽ
ഭൂഗോളം
താങ്ങിയൊരുത്തി
അണച്ചുവരുന്നു.
ധൃതിയിലൊരു
കരച്ചിലിനെ
പുറത്തേക്ക് തള്ളി
പരശുറാം എക്സ്പ്രെസ്സിനൊപ്പം
പാഞ്ഞുപോവുന്നു.
മേലാകെ ചതവും
മുറിവുമുള്ളൊരുവൾ
അലമുറയിട്ടുവരുന്നു
ബർത്തിൽ നീണ്ടുനിവർന്നുകിട-
ന്നൊന്നുറങ്ങാൻ
ശ്രമിക്കുന്നു.
കൂടെപ്പോരുമോന്ന്
ചോദിച്ച കാറ്റിനൊപ്പം
തിരിഞ്ഞുനോക്കാതിറങ്ങുന്നു.
പട്ടുടുത്തു പൊട്ടുകുത്തിയൊരുത്തി
കെട്ടിമേളത്തിന്റെ
താളത്തിൽ
ചുവടുകളെണ്ണി
വരുന്നു.
ചുവന്ന ഓക്കുമരംപോലെ
ഇലകൾ പൊഴിച്ച്
വെളുത്ത തുടയിൽ
നഖമാഴ്ത്തിയൊരു
വഴിക്കണക്കു –
ചെയ്യുന്നു.
പിന്നെ, പാളത്തിലിറങ്ങിനിന്ന്
മിനുറ്റുകളെണ്ണുന്നു.
മുഖമില്ലാത്തൊരു
മൂളിപ്പാട്ടൊഴുകിവരുന്നു
മൂടുപടം മാറ്റി
ട്രെയിനിനേക്കാളുച്ചത്തിലൊരു
ഗസലുപാടുന്നു.
പിന്നെ, ഇരുളിലേക്കിറങ്ങി
ഒരു ചൂളംവിളിയിലലിഞ്ഞു
ചേരുന്നു.
രാത്രിവണ്ടി ;പെണ്ണുങ്ങളുടെ കമ്പാർട്ട്മെന്റ്
നാലുപെണ്ണുങ്ങൾ
മുടിയഴിച്ചിട്ട്
നൃത്തം ചെയ്യുന്നു.
ഓരോ മുടിയിഴയും
ഫണനാഗമായി
തീ തുപ്പുന്നു.
ബോഗികളിൽ നിന്നും
ബോഗികളിലേക്ക്
തീപടരുന്നു.

Comments

comments