മാര്‍ക്സിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ടു നവമലയാളി മാര്‍ക്സിന്റെ സംഭാവനകളെക്കുറിച്ചുള്ള പഠനങ്ങളും കുറിപ്പുകളും ഇന്ന് മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. ആ പരമ്പരയുടെ പത്രാധിപക്കുറിപ്പ് എന്ന നിലയില്‍ ചില പ്രാഥമികചിന്തകളാണ് ഞാന്‍ ഇവിടെ പങ്കുവക്കുന്നത്.

സൈബര്‍ പ്രോലിറ്റെറിയറ്റ് എന്ന പ്രതിഭാസം ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്ന സമകാല മുതലാളിത്തത്തില്‍ വിസ്മയകരമായ രീതിയിലാണ് കൂലിയെക്കുറിച്ചുള്ള മാര്‍ക്സിന്റെ ചില നിഗമനങ്ങള്‍, വിശേഷിച്ചും അദ്ധ്വാനശക്തിയുമായി ബന്ധപ്പെട്ടവ സാംഗത്യം കൈവരിച്ചിരിക്കുന്നത്. സമയക്കൂലിയും, ഉല്‍പ്പന്നക്കൂലിയും (time-wage and piece-wage) യന്ത്രവല്‍കൃത അദ്ധ്വാനത്തിന്റെ സന്ദര്‍ഭത്തില്‍ മൂല്യത്തെക്കുറിച്ചുള്ള മറ്റൊരു വലിയ നിര്‍വചനപരമായ പൊളിച്ചെഴുത്തിലൂടെ കടന്ന്, മാര്‍ക്സ് പറഞ്ഞ സ്വാതന്ത്യ പരിപ്രേക്ഷ്യത്തില്‍ തിരിച്ചെത്തുകയാണ്. മാര്‍ക്സിന്റെ അദ്ധ്വാനത്തെക്കുറിച്ചും കൂലിയെക്കുറിച്ചുമുള്ള നിരന്തര നിരീക്ഷണങ്ങളും അവയ്ക്ക് മാര്‍ക്സിയന്‍ വ്യവസ്ഥയില്‍ മനുഷ്യസ്വാതന്ത്ര്യവുമായുള്ള സവിശേഷബന്ധവും  പരിശോധിക്കുക എന്നതിനു ഈ സന്ദര്‍ഭത്തില്‍ അതുകൊണ്ടുതന്നെ രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്.  അതിനുള്ള ഒരു ആമുഖമായി മാത്രമാണ് ഈ കുറിപ്പ് ഉദ്ദേശിച്ചിട്ടുള്ളത്.

പത്തൊമ്പതാം നൂറ്റാണ്ട് വലിയ ആശയസമരങ്ങളുടെ നൂറ്റാണ്ടായിരുന്നു. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, നാം പലപ്പോഴും ആധുനികാനന്തര സമസ്യകളായി കണ്ടെത്തുന്നത് പലതും പത്തൊന്‍പതാം നൂറ്റാണ്ടിലെ സംവാദങ്ങളുടെ കൂടി തുടര്‍ച്ചകളാണ്. ആ സംവാദങ്ങളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കൂടി പ്രസക്തമാക്കി തീര്‍ത്ത അന്വേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാറല്‍ മാര്‍ക്സിന്റെ സംഭാവനയായിരുന്നു. രാഷ്ട്രീയത്തേയും സംസ്കാരത്തെയും നിയമത്തെയും മതത്തേയും ദര്‍ശനങ്ങളേയും സാമ്പത്തിക മണ്ഡലത്തേയുമെല്ലാം വിശദമായി പഠിച്ചിരുന്നവരോട് ഇവയെല്ലാം തമ്മിലുള്ള ആന്തരിക ബന്ധത്തെക്കുറിച്ച് നൂതനമായ ഒരു സമീപനം വ്യക്തമാക്കിക്കൊണ്ടാണ് മാര്‍ക്സ് അക്കാലത്തെ സംവാദത്തില്‍ ഇടപെടുന്നത്. ഈ സമീപനമാവട്ടെ ഇക്കാര്യങ്ങളില്‍ എല്ലാംതന്നെ തികച്ചും വ്യത്യസ്തമായ നിലപാടുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മാര്‍ക്സിനെ നിര്‍ബന്ധിച്ചത്. എന്നാല്‍ വളരെ സങ്കീര്‍ണ്ണമായ ഒരു സൈദ്ധാന്തിക പരീക്ഷണമായിരുന്നു അത്. ഒരു സൈദ്ധാന്തിക അന്വേഷണം അതിന്റെ രാഷ്ട്രീയമായ തിടുക്കം കൊണ്ട് കൂടി മുന്നോട്ടു വയ്ക്കപ്പെടുന്നു എന്നതായിരുന്നു ആ പരീക്ഷണത്തെ വ്യത്യസ്തമാക്കിയത്. ഇതുവരെയുള്ള ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ എന്നും അതിനെ മാറ്റുക എന്നതാണ് പ്രധാനം എന്നും ഫോയര്‍ബാഹിനെക്കുറിച്ചുള്ള തീസ്സിസ്സുകള്‍ (1845) എന്ന കുറിപ്പില്‍ മാര്‍ക്സ് പറയുന്നത് എങ്ങനെ പ്രവര്‍ത്തികമാക്കാം എന്ന ചിന്തയാണ് മാര്‍ക്സിനെ പില്‍ക്കാല രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകുന്നത്. സാഹചര്യങ്ങള്‍ മാറുന്നതിനെപ്പറ്റിയുള്ള ഭൌതികവാദ നിലപാട് എന്ന് പറയുന്നത് മനുഷ്യരാണ് സാഹചര്യങ്ങള്‍ മാറ്റുന്നത് എന്നതിലേക്ക് എത്തണം എന്നതായിരുന്നു മാര്‍ക്സ് ഉപദര്‍ശിച്ചത്. ഇതിനു മനുഷ്യര്‍ സ്വയം മാറുക എന്നതും ആവശ്യമാണ്‌ എന്ന സൂചന ആ കുറിപ്പുകളില്‍ മാര്‍ക്സ് നല്‍കുന്നുണ്ട്. അദ്ധ്യാപകനെ പഠിപ്പിക്കേണ്ടതുണ്ട് എന്നാണ് മാര്‍ക്സ് ആലങ്കാരികമായി ആ സന്ദര്‍ഭത്തില്‍ എടുത്തു പറയുന്നത്- “it is essential to educate the educator himself”. ഇങ്ങനെ സാഹചര്യങ്ങള്‍ മാറ്റുന്നതിനെയും സ്വയം മാറുന്നതിന്റെയും മാനുഷിക പ്രവര്‍ത്തനത്തെയാണ് വിപ്ലവപ്രയോഗം -revolutionary practice- എന്ന് വിശേഷിപ്പിക്കേണ്ടത് എന്ന് മാര്‍ക്സ് ഈ പ്രകരണത്തില്‍ സൂചിപ്പിക്കുന്നു. മാര്‍ക്സിന്റെ രാഷ്ട്രീയ-സൈദ്ധാന്തിക ഇടപെടലുകളെ ഇത്തരത്തില്‍ ഉള്ള ഒരു വിപ്ലവപ്രയോഗം വികസിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ കൂടിയായി കാണാന്‍ കഴിയുന്നത്‌ ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രമായില്ല എന്നും വരാന്‍ പോകുന്ന മാറ്റം എന്തായിരിക്കണം എന്ന് സുവ്യക്തമായി മനസ്സിലാക്കിയിരിക്കണം എന്നും മാര്‍ക്സ് കണ്ടെത്തുന്നുണ്ട്. മാറ്റം എന്തുകൊണ്ട് ഉണ്ടാകണം, മാറ്റം എങ്ങനെ സൃഷ്ടിക്കാം, എന്തിലേക്കാണ് മാറേണ്ടത് എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കാനും അവക്കുള്ള ഉത്തരങ്ങള്‍ നല്‍കാനുമാണ് മാര്‍ക്സ് പ്രധാനമായും പില്‍ക്കാലത്ത് ഊന്നല്‍ നല്‍കിയത്. ഇതേക്കുറിച്ച് വ്യക്തമാക്കാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ മാര്‍ക്സ് തന്നെ ഉപയോഗിച്ച ഒരു ഉപമ സഹായകമാവും.

മാനുഷികമായ പ്രവര്‍ത്തനങ്ങളെ മറ്റു ജന്തുവര്‍ഗ്ഗങ്ങളുടെ പ്രവത്തനങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത് എന്താണ് എന്ന് മൂലധനത്തില്‍ മാര്‍ക്സ് ചോദിക്കുന്നുണ്ട്. എട്ടുകാലി വല കെട്ടുന്നതും തേനീച്ച അതിന്റെ കൂടുകള്‍ നിര്‍മ്മിക്കുന്നതും അവയുടെ അപൂര്‍വമായ ചാരുതയാല്‍ ഒരു നെയ്തുകാരനെയും ശില്‍പ്പിയേയും ലജ്ജിപ്പിച്ചേക്കാം. എന്നാല്‍ ശില്പ്പിയെ തേനീച്ചയില്‍ നിന്നും വ്യത്യസ്തയാക്കുന്നത് അവള്‍ തന്‍റെ കെട്ടിടം പണിത് തീര്‍ക്കുന്നതിനു മുന്നോടിയായി അത് മനസ്സില്‍ പണിയുന്നു എന്നതാണ്. പ്രകൃതിയിലെ വസ്തുക്കള്‍ക്ക് മേല്‍ മനുഷ്യര്‍ രൂപമാറ്റം സംഭവിപ്പിക്കുന്നത് ആ വസ്തുക്കള്‍ക്ക് മേല്‍ തങ്ങള്‍ക്കുള്ള ലക്ഷ്യത്തെപ്പറ്റിയുള്ള ബോദ്ധ്യത്തോടെയാണ് എന്നാണു മാര്‍ക്സ് പറയുന്നുണ്ട്: “Man not only effects a change of form in the materials of nature; he also realizes his own purpose in those materials”. മാര്‍ക്സിന്റെ സൈദ്ധാന്തിക ഇടപെടലുകളെ കൂടി കൃത്യമായി നിര്‍വചിക്കുന്നതാണ് ഈ വിഖ്യാതമായ ഉദാഹരണം എന്ന് പറയാം. മുതലാളിത്തത്തില്‍ നിന്ന് എന്തുകൊണ്ട് ലോകം മാറണമെന്നും സോഷ്യലിസത്തിലേക്കാണ് അത് മാറേണ്ടതെന്നും അങ്ങനെ മാറുന്നത് എങ്ങനെയന്നും വിശദീകരിക്കുന്നതാണ് മാര്‍ക്സിന്റെ പ്രധാന സംഭാവന തന്നെ. ഇതാണ് വളരെ സങ്കീര്‍ണ്ണമായ ഒരു സൈദ്ധാന്തിക പരീക്ഷണമെന്നു ഞാന്‍ വിശേഷിപ്പിച്ചത്‌. ഇത്തരത്തില്‍ ഉള്ള സമഗ്രമായ ഒരു സാമൂഹിക മാറ്റത്തിനു ചരിത്രത്തില്‍ നിന്ന് ഉപാധികള്‍ കണ്ടെത്തുകയാണ് മാര്‍ക്സ് ചെയ്യുന്നത്. അതിനു അദ്ദേഹം കണ്ടെത്തിയ ഏറ്റവും ശക്തമായ ഉപാധി സാമൂഹിക വൈരുധ്യങ്ങളില്‍ ഇടപെടുക എന്നതായിരുന്നു.

സാമൂഹിക വൈരുധ്യങ്ങള്‍ ചരിത്രബദ്ധമാണ്. അവയും മാറിക്കൊണ്ടിരിക്കും. എന്നാല്‍ ലളിതമായ സാമൂഹികബന്ധങ്ങളില്‍ നിന്ന് മനുഷ്യര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ബന്ധങ്ങളിലേക്കാണ് നീങ്ങുന്നത്‌. രക്തബന്ധവ്യവസ്ഥയും സ്വകാര്യസ്വത്തും കുടുംബവും സിവില്‍ സമൂഹവും ഭരണകൂടവും ഒക്കെ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുകയും ചരിത്രത്തിലൂടെ പരിണമിക്കുന്നവയാണ്. ഇവയെല്ലാം പ്രാപഞ്ചിക സത്യങ്ങളോ, മനുഷ്യരായിരിക്കുക എന്നതിന്റെ നൈസര്‍ഗിക പ്രകാശനങ്ങളോ അല്ല. മനുഷ്യരുടെ ഇടപെടലുകളിലൂടെ ഉണ്ടാവുകയും അപ്രത്യക്ഷമാവുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്ന, ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന, ഭൌതിക സങ്കല്പ്പനങ്ങളാണ്. ബോധപൂര്‍വമായ ഇടപെടലിന്റെ, പരിവര്‍ത്തനേച്ഛയുടെ, പ്രതിസ്ഫുരണങ്ങളാണ്. ഇത്തരത്തില്‍ ചരിത്രത്തിനുമേല്‍ മനുഷര്‍ക്ക് ഒരു ഏജന്‍സിയുടെ ലക്‌ഷ്യം നിലനില്‍ക്കുന്നു എന്നതില്‍ നിന്നാണ് മാര്‍ക്സ് ആരംഭിക്കുന്നത് എന്ന് പറയാം.   1845-ലെ ഫോയര്‍ബാഹിനെക്കുറിച്ചുള്ള തീസ്സിസ്സുകള്‍ എന്ന കുറിപ്പിനു ശേഷം 1849-ല്‍ പ്രസിദ്ധീകരിച്ച കൂലിവേലയും മൂലധനവും എന്ന വിഖ്യാതമായ ലഘുലേഖയില്‍ ഇതിന്റെ പ്രാരംഭം വളരെ കൃത്യമായി പ്രത്യക്ഷപ്പെടുന്നു. ഉല്‍പ്പാദന പ്രകൃയയില്‍ മനുഷ്യര്‍ പ്രകൃതിയുമായി മാത്രമല്ല, പരസ്പരവും ബന്ധപ്പെടുന്നു. ഒന്നിച്ചു ഉല്‍പ്പാദിപ്പിച്ചുകൊണ്ടാണ് പരസ്പര വിനിമയത്തില്‍ ഏര്‍പ്പെടുന്നത്. അങ്ങനെ ഉല്‍പ്പാദനത്തിന്റെ മണ്ഡലത്തില്‍ മനുഷ്യര്‍ സവിശേഷമായ പാരസ്പര്യങ്ങള്‍ സൃഷ്ടിക്കുന്നു, സാമൂഹികമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. പ്രകൃതിയുമായുള്ള ബന്ധത്തിന്റെ സവിശേഷതകള്‍ അതിനിര്‍ണ്ണയിക്കുന്നതുതന്നെ ഈ സാമൂഹികബന്ധങ്ങളാണ് എന്ന് ഈ ലഘുലേഖയില്‍ മാര്‍ക്സ് വ്യക്തമാക്കുന്നു. അതിന്റെ ആമുഖത്തില്‍ അദ്ദേഹം ഇക്കാര്യത്തില്‍  ഉണ്ടായിരുന്ന തിടുക്കത്തെപ്പറ്റി പറയുന്നുണ്ട്.

രാഷ്ട്രങ്ങളും വര്‍ഗ്ഗങ്ങളും തമ്മില്‍  നടക്കുന്ന സംഘര്‍ഷങ്ങളുടെ ഭൌതികാടിത്തറയായ സാമ്പത്തികാവസ്ഥകളെക്കുറിച്ച് എഴുതാത്തതില്‍ പലരും തന്നെ കുറ്റപ്പെടുത്തുന്നുണ്ടെന്നും ഇത്രനാളും താന്‍ ഇക്കാര്യം അവിടവിടെ സ്പര്‍ശിച്ചു പോയിട്ടേ ഉള്ളുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ള ഒരു കാര്യമായി ഇത് മാറുന്നതിന്റെ പശ്ചാത്തലം എന്താണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. സമകാലലോകത്തിലെ വര്‍ഗ്ഗസമരത്തിന്റെ ചരിത്രത്തിലെ പരിവര്‍ത്തനങ്ങള്‍ പിന്തുടരുക എന്നത് മറ്റെന്തിനെക്കാളും ഉപരി ആവശ്യമായി വന്നിരിക്കുന്നു. ഒരു വശത്ത് ബൂര്‍ഷ്വാ മൊണാര്‍‍ക്കി മാതൃകയിലുള്ള ഭരണകൂടങ്ങളും മറുവശത്ത് ബൂര്‍ഷ്വാ റിപ്പബ്ലിക് ഭരണകൂടങ്ങളും തങ്ങള്‍ വര്‍ഗ്ഗസമരത്തില്‍ നിന്ന് സ്വതന്ത്രരാണ് എന്ന് സ്വയം പുകഴ്ത്തുകയാണ്. എന്നാല്‍‍ 1848-ലെ വര്‍ഗ്ഗസമരം വലിയ  രാഷ്ട്രീയ മാനങ്ങള്‍ കൈവരിച്ച വസ്തുത മാര്‍ക്സ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ സൂക്ഷ്മതയോടെ, മുതലാളിത്ത വര്‍ഗ്ഗവും അവരുടെ വര്‍ഗഭരണകൂടവും ഏതു സാമ്പത്തികാടിത്തറയിലാണ് നിലനില്‍ക്കുന്നതെന്ന്  പരിശോധിക്കേണ്ടിയിരുന്നു. ഇതിനായി അദ്ദേഹം മൂന്നു കാര്യങ്ങളാണ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്- കൂലിവേലയും മൂലധനവും തമ്മിലുള്ള ബന്ധം, മധ്യവര്‍ഗ്ഗങ്ങളുടെ (വിശേഷിച്ചു കര്‍ഷക വിഭാഗങ്ങള്‍) പതനം, മറ്റു യൂറോപ്യന്‍ ദേശീയ ബൂര്‍ഷ്വാസികളെപ്പോലും ചൂഷണം ചെയ്യുന്ന ലോകകമ്പോളത്തിലെ ബ്രിട്ടീഷ് ആധിപത്യം എന്നിവയാണത്. ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം ഫോയര്‍ബാഹിനെക്കുറിച്ചുള്ള തീസ്സിസ്സുകളില്‍ നിന്ന് പരികല്പനാപരമായും വിശകലനപരമായും മാര്‍ക്സ് മുന്നേറുന്നത് തന്റെ അന്വേഷണത്തെ രാഷ്ട്രീയമായി സാമ്പത്തിക മണ്ഡലത്തിന്റെ സവിശേഷതകളിലേക്ക് സൂക്ഷമായി തിരിച്ചുവിട്ടുകൊണ്ടാണ്. ഇവിടെയാണ്‌ മാര്‍ക്സ് ഏറ്റവും തീഷ്ണമായി വര്‍ഗ്ഗങ്ങളുടെയും വര്‍ഗ്ഗസമരങ്ങളുടെയും പ്രാധാന്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.

കൂലിവേലയും മൂലധനവും എഴുതുന്നതിനു മുന്‍പ് തന്നെ സ്വന്തം ചിന്തയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വ്യക്തത വരുത്തിയ ജര്‍മ്മന്‍ പ്രത്യയശാസ്ത്രം എന്ന, ആ കാലത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്ന, ബൃഹത് പഠനം മാര്‍ക്സും എംഗല്‍സും  ചേര്‍ന്നു എഴുതി പൂര്‍ത്തിയാക്കിയിരുന്നു (1846). വര്‍ഗ്ഗങ്ങളെക്കുറിച്ചും വര്‍ഗ്ഗബന്ധങ്ങളെക്കുറിച്ചും ചില പരികല്‍പ്പനാപരമായ കാല്‍വയ്പ്പുകള്‍ അതില്‍ മാര്‍ക്സ് നടത്തിക്കഴിഞ്ഞിരുന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് മാര്‍ക്സ് അംഗമായിരുന്ന ലീഗ് ഓഫ് ദി ജസ്റ്റ് എന്ന രഹസ്യ സംഘടന തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പറഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് ലീഗ് എന്ന പുതിയ പേര്‍ സ്വീകരിച്ചു തെളിവില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഈ സംഘടനക്കുവേണ്ടി എഴുതിയതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. കൂലിവേലയും മൂലധനവും കുറേക്കൂടി വ്യക്തതയോടെ ഈ കൃതികളില്‍ കൂടി രൂപീകരിച്ച രാഷ്ട്രീയ നിഗമനങ്ങളും രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശനവും സമന്വയിപ്പിക്കുന്നു. സാമ്പത്തികാടിത്തറയും ഭരണകൂട രൂപങ്ങളും തമ്മിലുള്ള ബന്ധമാണ് രാഷ്ട്രീയമായി നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യത്തോടെ സമകാലലോകത്തില്‍ മനസ്സിലാക്കപ്പെടെണ്ടത് എന്ന ഉള്‍ക്കാഴ്ച ഇതില്‍ മാര്‍ക്സ് നല്‍കുന്നുണ്ട്.

രീതിപരമായുള്ള മാര്‍ക്സിന്റെ മുന്നേറ്റങ്ങളും നാല്‍പ്പതുകളില്‍ തന്നെ തുടങ്ങുന്നു. അദ്ധ്വാനം അല്ല അദ്ധ്വാനശക്തിയാണ് മൂല്യസിദ്ധാന്തത്തിലെ കേന്ദ്ര പരികല്‍പ്പന എന്ന നിഗമനം  മൂലധന രചനക്ക് വളരെ മുന്‍പ് തന്നെ മാര്‍ക്സ് നടത്തിയിരുന്നു. ഇത് മാര്‍ക്സിന്റെ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പനവുമായി വളരെ അധികം ബന്ധപ്പെട്ടതാണ്. ഇതേക്കുറിച്ച് ഞാന്‍ മുന്പ് എഴുതിയിട്ടുണ്ട്. ഓരോ പ്രവര്‍ത്തി ദിവസത്തിലേയും ജോലിസമയം കുറക്കലാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന മുന്‍ ഉപാധി എന്ന മാര്‍ക്സിന്റെ നിരീക്ഷണമാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. തൊഴിലാളികള്‍ എന്ന വര്‍ഗ്ഗസ്ഥാനം നിര്‍ണ്ണയിക്കുന്നത് അവര്‍ക്ക് വില്‍ക്കാന്‍ സ്വന്തം അദ്ധ്വാനശക്തി മാത്രമേ ഉള്ളു എന്നതാണ്. വിപണിയില്‍ വില്‍ക്കപ്പെടുന്ന മറ്റു ഉത്പന്നങ്ങളെ പോലെയല്ലെങ്കിലും വിപണിയുടെ നിയമങ്ങള്‍ അതിനും ബാധകമാണ് എന്ന് സാമാന്യമായി പറയാം. എന്നാല്‍ അതിനപ്പുറം ചിന്തിക്കേണ്ടതിന്റെ  ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നത് മാര്‍ക്സ് ആണ്. അതുകൊണ്ടാണ് മൂലധന രചനയുടെ തിരക്കുകള്‍ക്കിടയിലും കൂലിയെക്കുറിച്ചും ട്രേഡ് യൂണിയനുകള്‍ ഇക്കാര്യത്തില്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും ജോണ്‍ വേസ്റ്റേണ്‍ (John Weston) നടത്തിയ പ്രഭാഷണങ്ങളിലെ നിലപാടുകള്‍ക്കെതിരെ കൂലിയും, വിലയും, ലാഭവും എന്ന ഖണ്ഡന വിമര്‍ശനവുമായി മാര്‍ക്സ് രംഗത്തെത്തിയത്. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ വേസ്റ്റേണ്‍ മുന്നോട്ടു വച്ചത് കൂലിയുടെ ദൃഡ നിയമം (The iron law of wages) എന്ന ബൂര്‍ഷ്വാ ധനശാസ്ത്ര സിദ്ധാന്തത്തിന്റെ ഒരു വകഭേദം മാത്രമായിരുന്നു. അതിന്റെ സൈദ്ധാന്തിക സങ്കീര്‍ണതകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അത് രാഷ്ട്രത്തിന്റെ ദേശീയ വരുമാനത്തില്‍ കൂലി ഇപ്പോഴും ഒരു നിശ്ചിതമായിരിക്കും എന്ന് കണക്കാക്കുന്നു. തൊഴിലാളികളുടെ എണ്ണം കൂടിയാല്‍ കൂലി കുറയും, എണ്ണം കുറഞ്ഞാല്‍ കൂലി കൂടും. ട്രേഡ് യൂണിയനുകള്‍ എന്തുകൊണ്ട് കൂലിക്കൂടുതല്‍ ആവശ്യപ്പെട്ടുകൂട എന്ന പ്രമേയമാണ് ഇതിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റേണ്‍ ചര്‍ച്ചക്ക് വച്ചത്. ഇതിന്റെ പൊരുത്തക്കേടുകളും യുക്തിരാഹിത്യവും മാര്‍ക്സിനു തുറന്നു കാട്ടേണ്ടതുണ്ടായിരുന്നു. ആ ഇടപെടലിനെ സാര്‍ത്ഥകമാക്കുന്നത് ഈ നിലപാടിന്റെ കേവലമായ ഖണ്ഡനമല്ല. മറിച്ചു, രാഷ്ട്രീയ പ്രയോഗത്തിനും സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നതിനും അനിവാര്യമായ പരികല്‍പ്പനാപരമായ ഒരു മുന്നേറ്റം മാര്‍ക്സ് ഇതിലൂടെ നിര്‍വഹിക്കുന്നു എന്നതാണ്.

പ്രഭാഷണത്തിന്റെ അവസാന ഭാഗത്തില്‍ മൂലധനവും അദ്ധ്വാനവും തമ്മിലുള്ള സംഘര്‍ഷത്തെ മാര്‍ക്സ് പ്രശ്നവല്‍ക്കരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങളെ സംഗ്രഹിച്ചു പ്രതിപാദിക്കുന്നു. അദ്ധ്വാനശക്തിയുടെ മൂല്യത്തെ മറ്റെല്ലാ ചരക്കുകളുടെയും മൂല്യത്തില്‍ നിന്നു വ്യത്യസ്തമായി കാണേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് വ്യക്തമാക്കുന്നു. അദ്ധ്വാനശക്തിയുടെ മൂല്യത്തില്‍ രണ്ടു ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്ന് കേവലം കായികമാണെങ്കില്‍ മറ്റൊന്ന് ചരിത്രപരവും സാമൂഹികവുമാണ്. സ്വയം നിലനില്‍ക്കാനും പുനരുല്‍പ്പാദിപ്പിക്കാനും ആവശ്യമായ ഉപഭോഗം തൊഴിലാളികള്‍ക്ക് നിര്‍വഹിച്ചേ പറ്റൂ. “ജീവിക്കാനും പെരുകാനും ആവശ്യമായത്” – “The working class must receive the necessaries absolutely indispensable for living and multiplying”-  എന്നാണു മാര്‍ക്സ് ഇതേക്കുറിച്ച് പറയുന്നത്‌. ഈ അവശ്യവസ്തുക്കളുടെ മൂല്യമാണ് കൂലിയുടെ അദ്ധ്വാനശക്തിയുടെ മൂല്യത്തിന്റെ അന്തിമ പരിധി എന്ന് പറയുന്നത് (“The value of those indispensable necessaries forms, therefore, the ultimate limit of the value of labour”- Marx ). എന്നാല്‍ തൊഴില്‍ ദിവസത്തിന്റെ ദൈര്‍ഘ്യത്തിനും ഒരു അന്തിമ പരിധി ഉണ്ട്. അത് നിര്‍ണ്ണയിക്കുന്നത് തൊഴിലാളിയുടെ കായികബലമാണ്‌. എന്നാല്‍ കായികമായ ഘടകങ്ങള്‍ക്കു പുറമേ ഓരോ കാലത്തും ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന ജീവിതനിലവാരവും കൂടി കണക്കില്‍ എടുക്കേണ്ടതുണ്ട്‌. സാമൂഹികവും ചരിത്രപരവുമായ ഈ സവിശേഷ ഘടകം കൂടി അദ്ധ്വാനശക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നതില്‍ പങ്കു വഹിക്കുന്നു എന്ന മാര്‍ക്സിന്റെ നിരീക്ഷണം രണ്ടു രീതിയില്‍ പ്രായോഗിക വര്‍ഗ്ഗസമരത്തെ സംബന്ധിച്ചെടത്തോളം പ്രാധാന്യമുള്ളതാണ്. വര്‍ഗ്ഗ സമരം എന്നതിന് വലിയൊരു പ്രായോഗിക രൂപം നല്‍കുകയാണ് മാര്‍ക്സ് ഇവിടെ ചെയ്യുന്നത്. ഒന്ന് പ്രവര്‍ത്തി സമയം കുറക്കുന്നതിനായുള്ള സമരം. ഇതിന്റെ അനിവാര്യത സ്വാതന്ത്ര്യം എന്ന ആശയുവുമായി കൂട്ടിച്ചേര്‍ത്തു കാണേണ്ടതാണ്. മൂലധനത്തില്‍ മാര്‍ക്സ്  വളരെ കൃത്യമായി ഇതേക്കുറിച്ച് പറയുന്നുണ്ട്.

മാര്‍ക്സിനെ സംബന്ധിച്ചെടത്തോളം, യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ മേഖല ആരംഭിക്കുന്നത് തന്നെ ആവശ്യകതയാല്‍ നിശ്ചയിക്കപ്പെടുന്ന അദ്ധ്വാനം അവസാനിച്ചു കഴിഞ്ഞാണ്. അതിന്റെ സഹജസ്വഭാവം കൊണ്ടുതന്നെ അത് ഭൌതികോല്‍പ്പാദനത്തിന്റെ മണ്ഡലത്തിനു പുറത്താണ്. പ്രാകൃത മനുഷ്യര്‍ സ്വന്തം ജീവിതോപാധികള്‍ക്കായി  പ്രകൃതിയുമായി മല്ലിട്ടിരുന്നത് പോലെ ആധുനിക മനുഷ്യരും, എല്ലാ സാമൂഹിക രൂപീകരണങ്ങളിലും, ഓരോ ഉല്‍പ്പാദന രീതികള്‍ക്ക് കീഴിലും അദ്ധ്വാനിക്കേണ്ടതുണ്ട്. ഭൌതികമായ ആവശ്യങ്ങളുടെ മേഖല വികസിക്കുന്നതിനോപ്പം ആ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ഉള്ള ഉല്‍പ്പാദന ശക്തികളും വികസിച്ചേ മതിയാകൂ. സാമൂഹികവല്‍ക്കരിക്കപ്പെട്ട മനുഷ്യനില്‍ മാത്രമേ ഈ മണ്ഡലത്തില്‍ സ്വാതന്ത്ര്യം സ്വരൂപിക്കപ്പെടുന്നുള്ളൂ. പ്രകൃതിശക്തികളാല്‍ നിയന്ത്രിക്കപ്പെടുകയല്ല, ബോധപൂര്‍വ്വം അവയെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ട് വരികയാണ് ചെയ്യുന്നത്. ഒപ്പം ഇത് ഏറ്റവും കുറവ് ഊര്‍ജ്ജം ചെലവഴിച്ചു ചെയ്യുക എന്നത് കൂടി ഈ സ്വതാന്ത്ര്യത്തിന്റെ ഘടകമാണ്. എന്നാല്‍ അപ്പോഴും അത് ആവശ്യകതയുടെ മേഖലയില്‍ തന്നെയാണ് നിലകൊള്ളുന്നത്. ഇതിനപ്പുറത്താണ് മനുഷ്യവികാസത്തിന് വേണ്ടിയുള്ള ഊര്‍ജ്ജം ചെലവഴിക്കേണ്ടത്. അതാണ്‌ ശരിയായ സ്വാതന്ത്ര്യം. ആവശ്യകതകള്‍ നിര്വ്വഹിക്കപ്പെടുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. അതിനപ്പുറത്തേക്ക് പോകണമെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മണ്ഡലത്തിലേക്ക് കടക്കണമെങ്കില്‍, തൊഴില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുക എന്നതാണ് പരമപ്രധാനമായിട്ടുള്ളത്.  അപ്പോള്‍ ജോലി സമയം കുറയ്ക്കുക എന്ന ആവശ്യം മിച്ചമൂല്യ ചൂഷണത്തില്‍ മാത്രം ഊന്നി നില്‍ക്കുന്ന മൂലധനത്തിന് എതിരെയുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ആയുധമാണ്.

ഗോഥ പരിപാടിയുടെ വിമര്‍ശനം ( Critique of Gotha Program) എന്ന മാര്‍ക്സിന്റെ കുറിപ്പിനെക്കുറിച്ചുള്ള ഒരു പഠനത്തില്‍ ആണെന്ന് തോന്നുന്നു കാള്‍ കോഷ് (Karl Korsh) ഇക്കാര്യം എടുത്തു പറയുന്നുണ്ട്. കൂലി എന്നത് ബൂര്‍ഷ്വാ ധനശാസ്ത്രം പറയുന്നതില്‍ നിന്ന്  വ്യത്യസ്തമായി അദ്ധ്വാനത്തിനല്ല, മറിച്ചു അദ്ധ്വാനശക്തിക്ക് നല്‍കുന്ന വിലയാണ് – a masked form of the value or price pf labor power- എന്നത്  വര്‍ഗ്ഗ സമരത്തിന്റെ സന്ദര്‍ഭത്തില്‍ അതിപ്രധാനമായ കാര്യമാണ്. ലാസല്ലെയുടെ നിലപാടുകള്‍ക്കെതിരെ മാര്‍ക്സ്  അതില്‍ ആഞ്ഞടിക്കുന്നത് ഈ സങ്കലപ്പനതിന്റെ പ്രാധാന്യം ആവര്ത്തിച്ചുറപ്പിക്കാനാണ്.  ഞാന്‍ ഇവിടെ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത് അത് സ്വാതന്ത്ര്യ പ്രയോഗത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്നതാണ്. രണ്ടാമതായി, പ്രായോഗിക സമരത്തില്‍ പ്രധാനം കൂലി കുറക്കുന്നതിനെതിരെയുള്ള സമരമാണ്. കൂലിയും, വിലയും, ലാഭവും എന്ന പ്രഭാഷണത്തില്‍ മാര്‍ക്സ് ഇത് വളരെ വ്യക്തമായി എടുത്തു പറയുന്നു. കൂലി വെട്ടികുറക്കുന്നതിനെതിരെയും കൂലി കൂട്ടിക്കിട്ടുന്നതിനു വേണ്ടിയും തൊഴിലാളികള്‍ നടത്തുന്ന സമരങ്ങള്‍  കൂലി വ്യവസ്ഥയില്‍ നിന്ന് അഭേദ്യമായി കാണാന്‍ കഴിയില്ല എന്ന് മാര്‍ക്സ് പറയുന്നുണ്ട്. ഇത് കൂലിയും ജീവിത നിലവാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമാണ്. മറ്റൊരര്‍ത്ഥത്തില്‍ അദ്ധ്വാന ശക്തിയാണ്, തന്നെത്തന്നെയല്ല തൊഴിലാളി മൂലധനത്തിന് വില്‍ക്കുന്നത്‌ എന്ന് കാണിച്ചു തരുന്നതിലൂടെ മാര്‍ക്സ് ചെയ്യുന്നത് പല തലങ്ങളില്‍ നിന്നുകൊണ്ട് മൂലധന വ്യവസ്ഥയില്‍ ഉണ്ടാവേണ്ട സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്. തൊഴിലാളികള്‍ അടിമകളല്ല. അവര്‍ മറ്റു ഉല്‍പ്പാദന ഉപകരണങ്ങള്‍ സ്വന്തമായി ഇല്ല എന്നതുകൊണ്ട്‌ അദ്ധ്വാനശക്തി വിറ്റ് ജീവിക്കുന്നവരാണ്. ആ ജീവിതം മെച്ചപ്പെടുത്തുന്നതിനും സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരത്തിനും വേണ്ടിക്കൂടിയാണ് അവര്‍ വര്‍ഗ്ഗസമരത്തില്‍ ഏര്‍പ്പെടുന്നത്. അതിനര്‍ത്ഥം അദ്ധ്വാനശക്തി എന്നത് മാര്‍ക്സിനെ സംബന്ധിച്ചേടത്തോളം മനുഷ്യസ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ സഹായിക്കുന്ന സൈദ്ധാന്തിക സമീപനത്തിലെ സുപ്രധാനമായ ഒരു പരികല്‍പ്പനയാണ് എന്നതാണ്. അദ്ധ്വാനം, അദ്ധ്വാനശക്തി എന്നീ വ്യത്യസ്തമായ സങ്കല്‍പ്പനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വര്‍ഗ്ഗസമരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള സ്വാതന്ത്ര്യവീക്ഷണത്തെ സൈദ്ധാന്തികമായി പ്രശ്നവല്‍ക്കരിക്കുന്നതിനാണ് മാര്‍ക്സ് ശ്രമിക്കുന്നത്. തൊഴിലാളികള്‍ subordinate producers – രണ്ടാംനിര ഉല്‍പ്പാദകര്‍- ആണെന്ന മാര്‍ക്സിന്റെ നിഗമനം കേവലം നിഷേധാത്മകം മാത്രമല്ല. അദ്ധ്വാനശക്തിയല്ലാതെ മറ്റൊന്നും വില്‍ക്കാന്‍ ഇല്ലാത്ത ഈ ‘ഉല്‍പ്പാദകര്‍’ കൂലിവ്യവസ്ഥയെ ഉള്ളില്‍നിന്ന് വെല്ലുവിളിക്കുന്ന സ്വാതന്ത്ര്യ പ്രതീകങ്ങള്‍ കൂടിയാണ്. മറ്റൊരര്‍ത്ഥത്തില്‍ നോക്കിയാല്‍ മൂലധന വ്യവസ്ഥയുടെ ഘടനക്കുള്ളില്‍ നിന്ന് മാര്‍ക്സ് അദ്ധ്വാന മൂല്യസിദ്ധാന്തത്തിന്റെ പുനര്‍ നിര്‍വചനത്തിലൂടെ പുറത്തു കൊണ്ടുവരുന്നത് അതിന്റെ ഏറ്റവും ചലനാത്മകമായ ഒരു പ്രക്രിയയെ ആണ്. ഒരു വശത്ത് കേവലവും ആപേക്ഷികവുമായ മിച്ചമൂല്യ ചൂഷണത്തിലൂടെ മൂലധനം ലാഭം കൊയ്യുമ്പോള്‍ മറുവശത്ത് അത് കൂലിനിരക്ക് ചവുട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. വേതനമരവിപ്പ് മുതലാളിത്ത ഉല്‍പ്പാദന ക്രമത്തിന്റെ അവിഭാജ്യഘടകമായി നിലകൊള്ളുന്നു. എന്നാല്‍ സ്വതന്ത്രവ്യക്തികള്‍ കൂടിയായ തൊഴിലാളികള്‍ ഒരു വര്‍ഗ്ഗം എന്ന നിലയില്‍ ചൂഷണാധിഷ്ടിതമായ ഈ വ്യവസ്ഥയുടെ ഉള്ളില്‍നിന്നുകൊണ്ട് അതിന്റെ സാമ്പത്തികലാക്കിനെ തിരിച്ചറിയുന്നു. കൂലി എന്നത് സാമൂഹികമായ ഒരു മൂല്യത്തിന്റെ ഭാഗികമായ പ്രകാശനം മാത്രമാണ് എന്നും അതും ഉല്‍പ്പാദന വ്യവസ്ഥയുമായുള്ള ബന്ധം  ചരിത്രബദ്ധമാണ് എന്നും മനസിലാക്കുന്നു. കൂലി എന്ന സങ്കല്‍പ്പനം മറച്ചുവയ്ക്കുന്ന ചരിത്രത്തെ, ചൂഷണത്തെ അവരുടെ കൂട്ടായ സമരങ്ങള്‍ കൂടുതല്‍ തീഷ്ണമായി പ്രതിഫലിപ്പിക്കുന്നു. ഗോഥ പരിപാടിയുടെ വിമര്‍ശനം  മാര്‍ക്സ് പൂര്‍ണ്ണമാകുന്നത് തന്നെ ഭരണകൂടം സമൂഹത്തിനു പുറമേനിന്നുള്ള ഒരു ഏച്ചുകെട്ടായല്ലാതെ സമൂഹത്തിനു          കീഴ് പ്പെട്ടിരിക്കുന്ന ഒന്നായി മാറ്റുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യം അര്‍ത്ഥസമഗ്രമാവുകയുള്ളു എന്ന നിഗമനത്തോടെയാണ്. അതായതു ‘അദ്ധ്വാനത്തിനു നല്‍കുന്ന കൂലി’ എന്ന ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ കേവലസങ്കല്‍പ്പനത്തെ മാര്‍ക്സ് വര്‍ഗ്ഗസമരത്തിന്റെ കേന്ദ്രസ്ഥാനത്തും അതുവഴി ഭരണകൂടത്തിന്റെ തന്നെ സമൂലമായ പരിവര്‍ത്തനത്തിനായുള്ള പരിപ്രേക്ഷ്യത്തിലും നിക്ഷേപിക്കുന്നത്, കൂലി അദ്ധ്വാനത്തിന് നല്‍കുന്ന കേവലവിലയല്ല എന്നും അത് രണ്ടാംനിര ഉല്‍പ്പാദകരായ തൊഴിലാളികളുടെ അദ്ധ്വാനശക്തിയുടെ ഭാഗികമൂല്യമാണെന്നുമുള്ള വിപ്ലവകരമായ നിഗമനത്തിലൂടെയാണ്.

അതുകൊണ്ടാണ് മാര്‍ക്സ് ഓരോ ഘട്ടത്തിലും തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാമ്പത്തികസമരങ്ങളെ  തള്ളിക്കളയുന്നതോ ഭാഗികമായിമാത്രം ഉള്‍ക്കൊള്ളുന്നതോ ആയ പ്രസ്താവങ്ങളോ പ്രവര്‍ത്തനങ്ങളോ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനുള്ളില്‍ തന്റെ ജീവിതകാലത്ത് രൂപം കൊണ്ടപ്പോഴൊക്കെ  അദ്ധ്വാനം, അദ്ധ്വാനശക്തി എന്ന തന്റെ വേറിട്ട കാഴ്ചപ്പാട് ഉയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. 1849-ല്‍ പ്രസിദ്ധീകരിച്ച കൂലിവേലയും മൂലധനവും   എന്ന കൃതിയായാലും, മൂലധന രചനയുടെ തിരക്കിനിടയില്‍ നിന്ന് പോയി നടത്തിയ 1865- ലെ ജോണ് വെസ്റ്റേണിനെതിരെയുള്ള കൂലിയും വിലയും ലാഭവും എന്ന പ്രഭാഷണമായാലും, മൂലധന രചനക്കും ശേഷം എഴുതിയ 1875- ലെ  ഗോഥ പരിപാടിയുടെ വിമര്‍ശനം ആയാലും അദ്ധ്വാന മൂല്യസിദ്ധാന്തത്തെക്കുറിച്ചുള്ള വര്ഗ്ഗവിരുദ്ധ വീക്ഷണങ്ങള്‍ എപ്പോഴും അദ്ദേഹത്തെ പ്രകോപിതനാക്കിയിരുന്നത് അതിനദ്ദേഹം എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇത് തന്നെയാണ് ആ വീക്ഷണങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചചെയ്യുന്നതിന്റെ പ്രധാന സാംഗത്യവും.


©www.navamalayali.com

 

 

 

 

 

 

Comments

comments