മെയ് 10 ന് കർണാടകയിൽ നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുകയാണ്. പിന്നെ ഒരു ദിവസം നിശബ്ദ പ്രചാരണം. ശബ്ദഘോഷങ്ങളില്ലാതെ, അടിയൊഴുക്കുകളുടെയും അലയിളക്കങ്ങളുടെയും മാത്രമായ ഒരു ദിനം. ശനിയാഴ്ച്ചയാണ് തിരഞ്ഞെടുപ്പ്. രണ്ടു ദിവസത്തിന് ശേഷം, മെയ് 15 ന് വോട്ടെണ്ണൽ.

ഇന്ത്യ ആകാംക്ഷപൂർവം കാത്തിരിക്കുന്ന ഒന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കർണാടക ആര് ഭരിക്കുമെന്നതിനപ്പുറം, 2019 ലെ ലോകസഭാതിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചേക്കാവുന്ന ഒന്നായിരിക്കും ഈ വിധിയെഴുത്ത് എന്നതുകൊണ്ടാണത്. ബി. ജെ. പിക്ക് തെക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വാതില്പടിയാണ് ഈ തിരഞ്ഞെടുപ്പ്. കോൺഗ്രസിനാകട്ടെ ഇതിലെ വിജയം നൽകുക ദേശീയതലത്തിൽ പുനരുജ്ജീവനസാധ്യതയും. അത് നടന്നില്ലെങ്കിൽ മോദിയും അമിത് ഷായും, തങ്ങൾ വിഭാവനം ചെയ്യുന്ന കോൺഗ്രസ് വിമുക്ത ഭാരതത്തിലേക്ക് ഒരടികൂടി മുന്നോട്ട് വെക്കുകയായിരിക്കും.

വാഗ്‌ദാനങ്ങൾ, അവകാശവാദങ്ങൾ, പ്രതിഷേധങ്ങൾ, ആരോപണ പ്രത്യാരോപണങ്ങൾ. ആർക്കും ആവേശമുളവാക്കാത്ത പ്രസ്താവനകളുടെയും മുദ്രാവാക്യങ്ങളുടെയും പ്രസംഗങ്ങളുടെയും ചെവിടടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ. നൂറു തവണ ആവർത്തിക്കപ്പെട്ടാൽ ഏതു നുണയും സത്യമാകുന്ന, യഥാർഥ്യത്തിന്‍റെ നേർകാഴ്ച്ചകളേക്കാൾ കാലിഡോസ്കോപ്പിലെ മായകാഴ്ച്ചകൾക്ക് പ്രധാനമാകുന്ന സത്യാനന്തര കാലത്താണ് നാം ജീവിക്കുന്നതെന്ന് നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരുന്നു വീറും വാശിയും നിറഞ്ഞ ഈ തിരഞ്ഞെടുപ്പ് ദിനങ്ങൾ.

ഈ കളി ഒരു ചെറിയ കളിയല്ലെന്ന ഓരോ കളിക്കാർക്കുമുള്ള ബോധ്യം തിരഞ്ഞെടുപ്പ് രംഗം നിറഞ്ഞുനിന്നു. അതുകൊണ്ടാണ് അമിത് ഷാ തന്നെ ഇവിടെ ക്യാംപ് ചെയ്ത് ബി. ജെ. പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ആദ്യഘട്ടത്തിൽ അത്ര പ്രകടമല്ലായിരുന്നെങ്കിലും അവസാനമടുത്തപ്പോഴേക്കും പ്രധാനമന്ത്രി മോദിയുടെ സാനിധ്യം രംഗം നിറഞ്ഞു നിന്നത്.

കോൺഗ്രസ്സിന്‍റെ കാര്യവും അങ്ങിനെ തന്നെയായിരുന്നു. രാഹുൽ കോൺഗ്രസിന്‍റെ പ്രവർത്തങ്ങൾക്ക് ചൂടും ചൂരും പകരാൻ ആദ്യാവസാനം രംഗത്തുണ്ടായി. മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് അടക്കമുള്ള ദേശീയനേതാക്കൾ പ്രചാരണത്തിനെത്തി. യഥാർത്ഥ മത്സരം സിദ്ധരാമയ്യയും മോദിയും തമ്മിലാണെന്ന് തോന്നലുളവാക്കാൻ കോൺഗ്രസ്സും, അല്ല അത് മോദിയും രാഹുലും തമ്മിലാണെന്ന പ്രതീതിയുണ്ടാക്കാൻ ബി. ജെ. പിയും ശ്രമിച്ചു. ദേശീയ നേതാക്കൾ തമ്മിലുള്ള മത്സരമായി ഈ തിരഞ്ഞെടുപ്പ് മാറിയതിന് പ്രധാന കാരണം, ആദ്യം സൂചിപ്പിച്ച ഈ തിരഞ്ഞെടുപ്പിന്‍റെ ദേശീയ പ്രാധാന്യം തന്നെയാണ്.

സ്വന്തമായി രാജാപാർട്ടില്ലായിരിക്കാം. എന്നാലും, ചുരുങ്ങിയ പക്ഷം ഒരു നൃപസ്രഷ്‌ടാവെങ്കിലും ആകാമെന്ന ആത്മവിശ്വാസത്തോടെ ജനതാദൾ സെക്കുലറും അതിനു നേതൃത്വം കൊടുക്കുന്ന കുമാരസ്വാമിയും അവരുടെ നീക്കങ്ങൾ നടത്തി. ബിജെപിയും കോൺഗ്രസ്സുമായാണ് മുഖ്യമത്സരമെങ്കിലും, ഒരു പ്രമുഖ സമുദായമായ വൊക്കലിഗകൾക്കിടയിലടക്കം ജനതാദളിന് പല പ്രദേശങ്ങളിലുമുള്ള നിർണ്ണായക സ്വാധീനം അവിടങ്ങളിൽ ഈ തിരഞ്ഞെടുപ്പിനെ ഒരു ത്രികോണമത്സരമാക്കി മാറ്റുന്നുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇളകിമറയുന്ന കർണാടക രാഷ്ട്രീയത്തിന്‍റെ അർഥം തിരയുമ്പോൾ ഒ. വി. വിജയൻ പണ്ട് എഴുതിയ ഒരു ലേഖനം ഓർമ്മ വരുന്നു. “ഒരു മതം അല്ലെങ്കിൽ ഒരു വർഗ്ഗം എന്നിവയെ ഒക്കെ ഒരു സുബദ്ധശരീരമായി കാണാനും അതിന് ഒരു ബോധകേന്ദ്രം വകവെച്ചുകൊടുക്കാനും നമ്മുടെ കാലഘട്ടത്തിലെ ചരിത്രാവലോകനശീലം നമ്മെ ഉപദേശിക്കുന്നു. യുക്തി വിരുദ്ധമല്ലെങ്കിലും അപൂർണ്ണമായ ഒരു അറിവാണിതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു വലിയ ജനസംഖ്യയെ ഉൾക്കൊള്ളുന്ന വർഗ്ഗത്തിനോ ജാതിക്കോ മതത്തിനോ എത്രകണ്ട് ഒരു സംഘടിതശരീരമായി വർത്തിക്കാൻ കഴിയുമോ അത്രയുംതന്നെ വിഘടിതവും നാനാമുഖവുമായി പ്രവർത്തിക്കാനും അതിന് കഴിയും. എന്നാൽ, ഈ നാനാമുഖത്വത്തിന്‍റെ പിന്നിൽ, അമൂർത്തമായ ഏകഭാവത്തെ ഉപയോഗിച്ചു കൊണ്ട് ഏതാനും ചിലർക്ക് തങ്ങളുടെ സമൂഹത്തെ നിയന്ത്രിക്കാൻ പറ്റിയെന്ന് വരും.”

ഈ ഒരു സാധ്യതയെ ആദ്യം തൊട്ടേ ചെറുക്കാൻ സിദ്ധരാമയ്യയും കോൺഗ്രസും ശ്രമിച്ചു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സ്വഭാവം നിർണ്ണയിച്ച ഒരു പ്രധാനഘടകം. ലിംഗായത്തുകൾക്ക് മത ന്യൂനപക്ഷ പദവി നൽകുക, ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ ശക്തി പ്രാപിച്ചുവരുന്ന കർണാടക ഉപദേശീയതയെ അഭിസംബോധന ചെയ്യുന്ന ഭരണ നടപടികൾ സ്വീകരിക്കുക തുടങ്ങി അവർ സ്വീകരിച്ച സമീപനങ്ങൾ ബി. ജെ. പിയെ പ്രതിസന്ധിയിലാക്കി. രാജ്യത്ത് മറ്റു ഭാഗങ്ങളിൽ കണ്ടുവന്നപോലെ അപരവിദ്വേഷവും വർഗ്ഗീയധ്രുവീകരണവും ഈ തിരഞ്ഞെടുപ്പിലെ പ്രകടമായ പ്രധാനവിഷയങ്ങളായി മാറാത്തതിന് അത് ഒരു പ്രധാന കാരണമായി. വർഗ്ഗീയതയുടെയും അപരവിദ്വേഷത്തിന്‍റെയും അടിയൊഴുക്കുകൾ തീരദേശ കർണ്ണാടക പോലുള്ള പ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെങ്കിലും.

തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടങ്ങളിലെങ്കിലും പ്രധാനമന്ത്രിയുടെ പ്രഭാവത്തെ ആവോളം ഉപയോഗപ്പെടുത്താൻ ബി. ജെ. പി. ശ്രമിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ, ആരൊക്കെ തമ്മിലാണ് യഥാർത്ഥ മത്സരം എന്ന ചോദ്യത്തിനുത്തരമായി ബി. ജെ. പി പക്ഷത്ത് അത് മോദിയാണെന്ന ശക്തമായ തോന്നലുണ്ടായിട്ടുണ്ട്. മറുപക്ഷത്ത് സിദ്ധരാമയ്യയോ രാഹുലോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം കാണാനിടയുണ്ടെങ്കിലും. ഇവിടെ ശ്രദ്ധാർഹമായ ഒരു കാര്യം ബി. ജെ. പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ യെദിയൂരപ്പ കുറച്ചെങ്കിലും പിൻ നിരയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു എന്ന തോന്നലുണ്ടായിക്കുന്നു എന്നതാണ്. അദ്ദേഹത്തിന്‍റെ മകൻ വിജേന്ദ്രക്ക് വരുണ നിയോജക മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതും അതിനെ തുടർന്ന് പാർട്ടിക്കകത്തുണ്ടായ ബഹളങ്ങളും ഈ തോന്നലിന് ബലം നൽകുന്നു.

നിത്യജീവിതത്തിൽ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ, അത് ഒരിക്കലും ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമല്ല. എന്നാൽ, അഴിമതികേസിൽ ജയിൽവാസം നേരിട്ട ഒരാളെന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പ്രതിഛായ ബി. ജെ. പിക്ക് ഒരു വലിയ ഭാരം തന്നെയാണ്. ലിംഗായത്ത് സമുദായത്തിന്‍റെ വലിയ പിന്തുണ ബി. ജെ. പിക്ക് നേടികൊടുക്കാൻ യെദിയൂരപ്പയുടെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത നിലനിൽക്കെ തന്നെ.

ഈ അഴിമതിക്കറ ഒരു പരിമിതിയാണെന്ന് പാർട്ടി അംഗീകരിച്ചിട്ടുണ്ട് എന്നതിന് സൂചനകളേറെയുണ്ട്. പക്ഷെ, അതേസമയം തന്നെയാണ് 16,500 കോടി രൂപയുടെ അനധികൃതഖനന അഴിമതി കേസിലെ മുഖ്യപ്രതിയായ ജനാർദ്ദൻ റെഡ്ഢിയുടെ കുടുംബത്തിന്‍റെ പിന്തുണ ബി. ജെ. പി. തേടുന്നത്. റെഡ്ഢി സഹോദരന്മാരുടെ സ്വന്തക്കാരെ സ്ഥാനാർഥികളാക്കുമ്പോൾ പാർട്ടിക്ക് ബെല്ലാരി മേഖലയിൽ കൈവരുന്ന സ്വാധീനം, ഈ തിരഞ്ഞെടുപ്പിന്‍റെ ബലതന്ത്രത്തിൽ അഴിമതിക്കറയേക്കാൾ പ്രധാനമാണെന്ന കണക്ക് കൂട്ടലാകാം ഇതിന് പിന്നിൽ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ സമ്മർദ്ദങ്ങളുണ്ടാക്കുന്ന രാഷ്രീയ ബന്ധങ്ങൾ എത്രത്തോളം അസംബന്ധ സ്വഭാവമാർജ്ജിക്കാമെന്നതിന് മറ്റൊരു ഉദാഹരണം കൂടി.

കർണാടക രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു വിലയിരുത്തൽ അതിനെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ജാതി/സമുദായ ബലാബലങ്ങൾ ആണെന്നതാണ്. ലിംഗായത്ത് പിന്തുണ ബി. ജെ. പിക്ക്, വൊക്കലിഗ സമുദായം ജനതാദളിന്‍റെ കൂടെ, ദളിതരും പിന്നോക്കവിഭാഗങ്ങളും കോൺഗ്രസ് എന്നിങ്ങനെ പോകുന്നു ആ ആഖ്യാനം. ജാതിക്ക് ഇവിടുത്തെ രാഷ്ട്രീയത്തിലുള്ള പ്രാധാന്യം തള്ളിക്കളയാൻ പറ്റില്ലെന്നത് നേര്. പക്ഷെ, വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ ലളിതയുക്തിക്കും സാങ്കല്പികഗണിതത്തിനും അത്ര എളുപ്പം വഴങ്ങുന്ന ഒന്നല്ല കർണാടക രാഷ്ട്രീയം. 1985 നു ശേഷം ഭരിക്കുന്ന പാർട്ടിയെ വീണ്ടും അധികാരത്തിലേത്തിച്ച ചരിത്രം കർണാടകക്ക് ഇല്ലെന്നോർക്കുക.

കഴിഞ്ഞ അഞ്ച് വർഷങ്ങളായി സിദ്ധരാമയ്യയുടെ സർക്കാർ നടപ്പിലാക്കിയ അന്നഭാഗ്യ പോലുള്ള നിരവധി ജനപ്രിയപരിപാടികളെ കുറിച്ചുള്ള വിലയിരുത്തൽ കൂടിയാകും ഈ തിരഞ്ഞെടുപ്പ്. അതുപോലെതന്നെ നിർണ്ണായകമായിരിക്കും വിവിധജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടായിവന്നിട്ടുള്ള പല അസംതൃപ്തികൾ. വരൾച്ച, കുടിവെള്ളം, കാർഷികപ്രതിസന്ധി, തൊഴിലില്ലായ്മ ഇവയൊക്കെ ജനങ്ങളെ രൂക്ഷമായി അലട്ടുന്ന വിഷയങ്ങളായി നിലനിൽക്കുന്നുണ്ട്. കർഷകരും തൊഴിലാളികളും ദളിതരും ന്യൂനപക്ഷങ്ങളമൊക്കെ എപ്പോഴും വോട്ടു ചെയുന്നത് ഏതെങ്കിലും ഒരു വോട്ട് ബാങ്കിന്‍റെ ഭാഗമായി മാത്രമാണെന്ന അനുമാനം മൂഢത്വമാണ്.

പക്ഷെ, സാദാ മനുഷ്യർക്ക് സ്വതന്ത്രമായ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ല എന്ന ഒരു പൊതുബോധം നിലവിലുണ്ട്. അങ്ങിനെ കരുതുന്നവരിൽ ഇടതും വലതും ഇടയിലും നിൽക്കുന്നവരുണ്ട് എന്നത് കൗതുകകരമാണ്. പൊതുജനത്തെ കഴുതകളായി ഇക്കൂട്ടർ കാണുന്നു. സ്വന്തം സാമൂഹ്യാസ്തിത്വവും വിശേഷാനുകൂല്യങ്ങളും സാധ്യമാക്കിയ വളരെ sophisticated ആയ രാഷ്ട്രീയ ബോധവും വിശകലനപാടവവും ഉപയോഗിച്ച് സാധാരണ മനുഷ്യരുടെ രാഷ്ട്രീയത്തെ അളക്കാൻ നോക്കുമ്പോൾ ഉണ്ടാകുന്ന അബദ്ധമാണത്.

ജീവിതംതന്നെ വിവിധ തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയായ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വോട്ടു രേഖപെടുത്താനുള്ള പൊതുതിരഞ്ഞെടുപ്പുകളും പ്രാധാന്യമുള്ളതാണ്. അവർ അതുപയോഗിക്കും. യഥാർത്ഥ ബദലുകളുടെ അഭാവത്തിൽ, അതാതു തിരഞ്ഞെടുപ്പുകളിൽ ലഭ്യമായ സാധ്യതകളിൽ പക്ഷം പിടിച്ചുകൊണ്ട്, തന്‍റെ ഇന്നത്തെയും നാളത്തേയും ജീവിതത്തെ കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ ഏത് കക്ഷി അല്ലെങ്കിൽ ഏത് സ്ഥാനാർത്ഥി ഉപകരിക്കും എന്ന് നോക്കികണ്ട്…

അതും ഒരു രാഷ്ട്രീയമാണ്. ജീവിത ചൂടിൽ പരക്കം പായുന്നതിനിടയിൽ, ലോകത്തെ വിശകലനം ചെയ്യാനും മാറ്റിതീർക്കാനുമൊന്നും സമയമില്ലാതെ പോകുന്നവരുടെ രാഷ്ട്രീയം. പക്ഷെ, ജനാധിപത്യത്തിൽ ലോകത്തെ പലപ്പോഴും മാറ്റിമറിക്കുന്നത്, അത് നല്ലതിനാണെങ്കിലും ചീത്തക്കാണെങ്കിലും, ഈ മനുഷ്യരുടെ രാഷ്രീയമാണ്,

കർണാടകയിൽ ഈ വരുന്ന ശനിയാഴ്ച്ച വിധി പറയാൻ പോകുന്ന രാഷ്രീയം ഇങ്ങനെയൊരു രാഷ്ട്രീയം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. വിഘടിതവും നാനാമുഖവുമായ അസംഖ്യം മനുഷ്യർ അവരുടെ പരിമിതികൾക്കകത്ത് നിന്ന് സ്വന്തം ഭാഗധേയം നിർണ്ണയിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയം; അത് ആത്യന്തികമായി ഏത് പാർട്ടിയെ തുണക്കും എന്ന് പറയാനൊക്കില്ലെങ്കിലും…


 

Comments

comments