(മാർക്‌സിന്റെ മൂലധനത്തിൽ അധ്വാനം, അന്യവൽക്കരണം, കല എന്നിവയെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ ആധാരമാക്കിയുള്ള ഒരു പരിചായകം)
1862ന് ശേഷമുള്ള മാർക്‌സിന്റെ ജീവിതം പ്രായോഗിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് കൂടുതലായും നീക്കിവെക്കപ്പെട്ടിരുന്നത്. അതിനാൽ സാമ്പത്തികശാസ്ത്ര മേഖലയിൽ താൻ നടത്തിക്കൊണ്ടിരുന്ന അന്വേഷണങ്ങൾക്കായി ഏറെ സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജീവചരിത്രകാരനായ ഡേവിഡ് മക്‌ലല്ലൻ ഇപ്രകാരം എഴുതുന്നു: ഗ്രുണ്ട്രിസ്സേയുടെ രചനാവേളയിൽ മൂലധനത്തെക്കുറിച്ച് ആറ് വാല്യങ്ങളിലായി ഒരു പുസ്തകം എഴുതണമെന്നാണ് മാർക്‌സ് കരുതിയിരുന്നത്. ഇതിൽ ഒന്നാമത്തെ വാല്യത്തിന് മൂലധനം എന്ന് പേരിടാനും തീരുമാനിച്ചു. 1859ൽ പ്രസിദ്ധീകരിച്ച രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിന്റെ വിമർശം എന്ന കൃതിയുടെ വിപുലീകൃതരൂപമായാണ് ഈ ഒന്നാം വാല്യത്തെ മാർക്‌സ് കണ്ടത്. വാസ്തവത്തിൽ ഒന്നാം വാല്യം മാത്രമേ പൂർത്തീകരിക്കാൻ മാർക്‌സിന് കഴിഞ്ഞുള്ളൂ. രണ്ടും മൂന്നും വാല്യങ്ങൾ പിന്നീട് അപൂർണ്ണമായ രീതിയിൽ പുറത്തിറങ്ങുകയുണ്ടായി. മറ്റ് വാല്യങ്ങൾ മാർക്‌സിന്റെ ഭാവനയിൽ ഒതുങ്ങി. മൂന്നാം വാല്യത്തിലാണ് കലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ മാർക്‌സ് അവതരിപ്പിക്കുന്നത്. കലയെക്കുറിച്ചുള്ള മൗലികമായ ചർച്ചയാണിതെന്ന് പറയാനാവില്ല. മുതലാളിത്ത കാലത്ത് കല ചരക്കായിത്തീരുന്നതിനെക്കുറിച്ചാണ് മാർക്‌സ് ഈ വാല്യത്തിൽ വിശദീകരിക്കുന്നത്. മൂലധനം പെരുപ്പിക്കാൻ കഴിയുന്ന ചരക്കായിത്തീരുന്നതോടെയാണ് മുതലാളിത്തത്തിന് കലയോട് ആഭിമുഖ്യം ജനിക്കുന്നതെന്ന് മാർക്‌സ് സൂചിപ്പിക്കുന്നു.
കലാപ്രവർത്തനത്തിന് ഉൽപ്പാദനക്ഷമവും അല്ലാത്തതുമായ മാനങ്ങളുണ്ട്. മിൽട്ടൺ ‘പറുദീസാ നഷ്ടം’ എഴുതുന്ന വേളയിൽ ഉൽപ്പാദനക്ഷമമല്ലാത്ത അധ്വാനത്തിലാണ് അദ്ദേഹം ഏർപ്പെട്ടിരിക്കുന്നത്. പട്ടുനൂൽപ്പുഴു പട്ടുനൂലുണ്ടാക്കുന്നതുപോലെയുള്ള ഒരു പ്രവൃത്തിയാണ് കലാപ്രവർത്തനം എന്നാണ് മാർക്‌സ് സൂചിപ്പിക്കുന്നത്. എന്നാൽ ‘പറുദീസാ നഷ്ടം’ ഒരു പ്രസാധകന്റെ കയ്യിലെത്തുമ്പോഴേക്കും അയാളത് അച്ചടിച്ച് വിതരണം ചെയ്ത് ലാഭം പെരുപ്പിക്കാനുള്ള ചരക്കാക്കി മാറ്റുന്നു. അതോടെ മിൽട്ടന്റെ അധ്വാനം ഉൽപ്പാദനക്ഷമമായ ഒന്നായിത്തീരുന്നു. ഉൽപ്പാദനക്ഷമമല്ലാത്തതിനൊന്നും മുതലാളിത്തത്തിൽ ഇടമില്ല. മിച്ചമൂല്യസിദ്ധാന്തം കലയുടേയും സാഹിത്യത്തിന്റേയും സൃഷ്ടിക്ക് അനുകൂലമല്ലെന്നാണ് മാർക്‌സ് സൂചിപ്പിക്കുന്നത്. സാങ്കേതിക വിദ്യയിൽ വികാസമുണ്ടാകുന്നു എന്നതുകൊണ്ട് മെച്ചപ്പെട്ട സാഹിത്യവും കലയും ഉണ്ടാകില്ലെന്ന് മാർക്‌സ് ഓർമ്മിപ്പിക്കുന്നു.
ആവശ്യത്താൽ നിർണ്ണയിക്കപ്പെടുന്ന അധ്വാനത്തിൽനിന്നാണ് സ്വാതന്ത്ര്യത്തിന്റെ മണ്ഡലം ആരംഭിക്കുന്നത്. എന്നാൽ യഥാർത്ഥ സ്വാതന്ത്ര്യം ഈ ഉൽപ്പാദനമണ്ഡലത്തിനും പുറത്താണ്. പ്രാചീനമനുഷ്യർ അതിജീവനത്തിന്റെ ഭാഗമായി പ്രകൃതിയുമായി നിരന്തരം ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടൽ നാഗരികതയുടെ ഘട്ടത്തിലും ആവർത്തിക്കുന്നു. നാഗരികരുടെ സാമൂഹ്യനിർമ്മാണവും ഉൽപ്പാദനസമ്പ്രദായവും അതിജീവനത്തിന്റെ ഭാഗം തന്നെയാണ്. മനുഷ്യരുടെ വികാസത്തിനനുസരിച്ച് അവരുടെ ആവശ്യങ്ങളും വർദ്ധിക്കുന്നു. അതോടൊപ്പം ഈ ആവശ്യങ്ങൾ നിറവേറ്റാനാവശ്യമായ അധ്വാനത്തിലും മാറ്റമുണ്ടാകുന്നു. ഭൗതികോൽപ്പാദനത്തിന്റേതായ ലോകത്ത് എന്താണ് സ്വാതന്ത്ര്യം? സാമൂഹ്യ ഉൽപ്പാദകരായ മനുഷ്യർക്ക് പ്രകൃതിയുമായുള്ള അവരുടെ ഇടപാടുകളെ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥ-അതായത് പ്രകൃതിയുടെ അന്ധമായ ബലങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതിനുപകരം പ്രകൃതിയെ സാമൂഹ്യാധ്വാനത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥ-അതിനായി ഏറ്റവും കുറവുമാത്രം മനുഷ്യാധ്വാനം വേണ്ടിവരുന്ന അവസ്ഥ-മനുഷ്യപ്രകൃതത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യത്തിൽ അധ്വാനം നിറവേറ്റാൻ കഴിയുന്ന അവസ്ഥ- ഇതിനെയാണ് ഉൽപ്പാദന മണ്ഡലത്തിലെ സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നത്. ഈ സ്വാതന്ത്ര്യം തീർച്ചയായും ആവശ്യത്തിന്റെ മണ്ഡലത്തിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. എന്നാൽ മനുഷ്യാധ്വാനത്തിന് ആവശ്യത്തിന്റെ മണ്ഡലത്തേയും കവിഞ്ഞ് വികസിക്കാനുള്ള ശേഷിയുണ്ടെന്ന് മാർക്‌സ് പറയുന്നു. അതായത് മനുഷ്യാധ്വാനത്തിന് ഉപകരണാത്മകമല്ലാതെയും പ്രവർത്തിക്കാൻ കഴിയുമെന്ന് ചുരുക്കം. ഉപകരണാത്മകമല്ലാത്ത ലക്ഷ്യങ്ങളിലേക്ക് മനുഷ്യാധ്വാനം സ്വയം വികസിക്കുന്ന സാഹചര്യത്തെയാണ് മാർക്‌സ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. ഉപകരണാത്മകമായ അധ്വാനത്തിന്റെ അളവ് കുറയുകയും അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ മനുഷ്യർക്ക് കൂടുതൽ സമയം ലഭിക്കുകയും ചെയ്യുമ്പോൾ മാത്രമേ മനുഷ്യവിഭവങ്ങൾക്ക് സ്വയം ലക്ഷ്യങ്ങളിലേക്ക് വികസിക്കാൻ കഴിയൂ.
മാർക്‌സ് മനുഷ്യനെ സർഗ്ഗശേഷിയുള്ള ഒരു ജീവിയായാണ് കാണുന്നത്. പ്രകൃതിയുമായും മറ്റ് മനുഷ്യരുമായുമുള്ള ബന്ധത്തെ പരിണമിപ്പിക്കാൻ മനുഷ്യന് കഴിയും. സർഗ്ഗാത്മകതയുടേയും ഉൽപ്പാദനപ്രവർത്തനങ്ങളുടേയും വിപുലമായ മണ്ഡലമാണ് അധ്വാനത്തിന്റേത്. അധ്വാനമാണ് മറ്റ് ജീവികളിൽനിന്ന് മനുഷ്യരെ വ്യാവർത്തിപ്പിക്കുന്നത്. ബോധപൂർവ്വമായ പ്രവർത്തനങ്ങളിലൂടെ സ്വയം സാക്ഷാൽക്കരിക്കാനുള്ള കഴിവ് മനുഷ്യർക്ക് മാത്രമേയുള്ളൂ. മനുഷ്യർ അവരുടെതന്നെ ഉൽപ്പാദനത്തിന്റെ ഫലമാണെന്ന ഹെഗലിന്റെ നിരീക്ഷണത്തെ മാർക്‌സ് വിലയേറിയ ഒരു നിരീക്ഷണമായി ഗണിക്കുന്നുണ്ട്. മനുഷ്യരുടെ അധ്വാനത്തെ ആത്മസാക്ഷാൽക്കാരമായാണ് ഹെഗൽ മനസ്സിലാക്കിയത്. അധ്വാനമാണ് മനുഷ്യർക്ക് മനുഷ്യരെ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു വസ്തുനിഷ്ഠ അകലം തീർക്കുന്നത്. അധ്വാനത്തിന്റെ ദാർശനികതയെ അതിന്റെ ചരിത്രപരമായ ആവിഷ്‌ക്കാരങ്ങളുമായി ബന്ധിപ്പിക്കാനാണ് മാർക്‌സ് ശ്രമിച്ചത്. കാലത്തിന്റെ ഇരുട്ടറകളിൽനിന്ന് പിറന്ന് വീണ, സവിശേഷതകളേറെയുള്ള, ഒരു ജീവിയാണ് മനുഷ്യൻ. മനുഷ്യരിങ്ങനെയായിത്തീരാൻ എന്താണ് കാരണം? ജീവശാസ്ത്രപരമായ എന്തെങ്കിലും ഊഹാപോഹങ്ങൾ സൃഷ്ടിക്കുന്നതിനുപകരം ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് മാർക്‌സ് ചെയ്യുന്നത്. അതിനായി അദ്ദേഹം കണ്ടെത്തിയ വിശകലന സംവർഗ്ഗമാണ് അധ്വാനം. മറ്റ് ജീവികൾ ഒരു വർഗ്ഗമെന്ന നിലയിൽ പ്രകൃതിയിൽ ആവർത്തിക്കുകയാണ് ചെയ്യുന്നതെങ്കിൽ മനുഷ്യർ തലമുറകൾ തോറും പരിണമിക്കുകയാണ് ചെയ്യുന്നത്. ഈ പരിണാമത്തിനാധാരം അധ്വാനം തന്നെയത്രേ. ആവിഷ്‌ക്കാര തത്വത്തേയും ആനന്ദതത്വത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് അധ്വാനം. അധ്വാനത്തിനായുള്ള ജീവചോദനയെ അതിവർത്തിക്കാൻ മനുഷ്യരെ സഹായിക്കുന്നത് ഉപകരണങ്ങളാണ്. ഉൽപ്പാദനപ്രവർത്തനത്തിൽ അധ്വാനം ചരക്കിന്റെ രൂപം കൈവരിക്കുന്നു. അതോടൊപ്പം അത് പ്രകൃതിയിലെ വസ്തുക്കളെ പരിണമിപ്പിക്കുകയും ചെയ്യുന്നു. അതായത് അധ്വാനത്തിൽ ഉൽപ്പാദനവും ഉപഭോഗവും ഉൾച്ചേർന്നിട്ടുണ്ടെന്ന് മാർക്‌സ് സൂചിപ്പിക്കുന്നു.
അധ്വാനം പ്രകൃതിയിലെ വസ്തുക്കളെ അതിന്റെ പ്രയോഗത്തിനായി ഉപഭോഗം ചെയ്യുന്നു. അതേസമയം പ്രകൃതിവസ്തു മനുഷ്യാധ്വാനത്തേയും ഉപഭോഗം ചെയ്യുന്നുണ്ട്. സർഗ്ഗാത്മകമായ അധ്വാനത്തിൽ ചെലവായ ശക്തി മനുഷ്യർക്ക് തിരികെ ലഭിക്കുന്നു. മനുഷ്യപ്രകൃതത്തോടുകൂടിയ ഉൽപ്പന്നമായി മാത്രമല്ല, സ്വന്തം വ്യക്തിത്വത്തിന്റേയും നിലീനമായ തന്റെ ശക്തിയുടേയും സാധൂകരണമെന്ന നിലയിൽക്കൂടി. എന്നാൽ അധ്വാനം അടിമത്തമായിത്തീരുമ്പോൾ അതിന് വിടരാനും പടരാനുമാവില്ല. കൊഴിയാനും ജീർണ്ണിക്കാനും മാത്രമേ കഴിയൂ. ഇപ്രകാരം ജീർണ്ണിക്കുന്ന അധ്വാനമാണ് അന്യവൽക്കരണത്തിന് കാരണമായിത്തിരുന്നത്.
അധ്വാനത്തിന്റെ വിഭജനമാണ് അതിന്റെ സമഗ്രതയെ തകർക്കുന്നത്. അത് സാമൂഹ്യമായ അസമത്വത്തെ സൃഷ്ടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അധ്വാനം ഉൽപ്പാദനമേഖലയിലും സാമൂഹ്യതലത്തിലുമായാണ് വിഭജിക്കപ്പെടുന്നത്. ഇതിൽ സാമൂഹ്യതലത്തിലുള്ള അധ്വാനവിഭജനം സ്വകാര്യത്തിന്റെ രൂപീകരണത്തിലേക്കും വർഗ്ഗപരമായ വിഭജനത്തിലേക്കും നയിക്കുന്നു.
മുതലാളിത്ത ഉൽപ്പാദന സമ്പ്രദായം മനുഷ്യശേഷിയേയും സമ്പത്തിനേയും മുമ്പൊന്നുമില്ലാത്തവിധം വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം മുതലാളിത്തം അതിന്റെ ശക്തി മുഴുവൻ ഉപയോഗിക്കുന്നത് ഈ ശേഷിയും സമ്പത്തും തകർക്കുന്നതിനുവേണ്ടിയാണ്. എല്ലാറ്റിനേയും ചരക്കാക്കി മാറ്റിയാണ് മുതലാളിത്തം മനുഷ്യരുടെ യഥാർത്ഥ ശേഷിയെ തകർത്തുകളയുന്നത്. ചരക്കാക്കിമാറ്റുന്ന ഈ പ്രക്രിയയെ ആന്തരികമായി പ്രതിരോധിക്കാനുള്ള കഴിവ് കലക്കും സാഹിത്യത്തിനുമുണ്ടെന്നാണ് മാർക്‌സ് കരുതുന്നത്.മുതലാളിത്തത്തിന്റെ പ്രതിലോമകരമായ സാഹചര്യത്തിൽപ്പോലും കലാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ സ്വന്തം കഴിവിന്റെ ആവിഷ്‌ക്കാരം നൽകുന്ന ആഹ്ലാദം അനുഭവിക്കുന്നുണ്ട്. കളിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുട്ടി അനുഭവിക്കുന്ന ആഹ്ലാദത്തിന് സമാനമാണിത്. കലാവസ്തു ചരക്കായി മാറുന്നതോടെ ആഹ്ലാദത്തിന്റെ പാതിയും നഷ്ടപ്പെടുന്നുണ്ടെങ്കിലും കലയുടെ പ്രകൃതത്തിനകത്ത് ഈ മൗലികഭാവമുണ്ടെന്ന് ഗ്രുണ്ട്രിസ്സേയിൽ മാർക്‌സ് പറയുന്നുണ്ട്. ഒരു പക്ഷെ മനുഷ്യരുടെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ സൂചനയാണ് കല എന്ന് മാർക്‌സിന് അഭിപ്രായമുണ്ട്. കലയുടെ ഈ മൗലികസ്വഭാവം മനുഷ്യരുടെ ഉൽപ്പാദന പ്രക്രിയയിൽത്തന്നെയാണ് അന്വേഷിക്കേണ്ടതെന്നുകൂടിയുള്ള സൂചനയാണ് മാർക്‌സ് ഇത്തരുണത്തിൽ നൽകുന്നത്. സ്വതന്ത്രമായ ബൗദ്ധികോൽപ്പാദനവും വർഗ്ഗപരമായ പ്രത്യയശാസ്ത്രവും പരസ്പരം ഇടയുന്ന മണ്ഡലമാണ് കലയുടേത്. അതുകൊണ്ടാണ് പരിമിതമായ തോതിലെങ്കിലും കലയുടെ മണ്ഡലം (താരതമ്യേന) സ്വതന്ത്രമാണെന്ന് മാർക്‌സ് പറയുന്നത്. ബൗദ്ധികോൽപ്പാദനത്തിലെ സ്വാതന്ത്ര്യത്തിന്റെ ഘടകം ഭരണവർഗ്ഗപ്രത്യയശാസ്ത്രത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ആന്തരികമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കലക്ക് വിധ്വംസകമാകാൻ കഴിയുന്നത്. ബദ്ധികോൽപ്പാദനവും ഭൗതികോൽപ്പാദനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാർക്‌സ് മൂലധനത്തിൽ പരാമർശിക്കുന്നുണ്ട്. ‘ബൗദ്ധികോൽപ്പാദനവും ഭൗതികോൽപ്പാദനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കണമെങ്കിൽ ഭൗതികോൽപ്പാദനത്തെ നിയതമായ ഒരു ചരിത്രരൂപമായി തിരിച്ചറിയണം. മുതലാളിത്ത കാലഘട്ടത്തിലെ കലയുടെ പ്രകൃതം മധ്യകാലത്തെ കലയുടെ പ്രകൃതത്തിൽനിന്ന് വ്യത്യസ്തമായിരിക്കും. നിയതമായ ചരിത്രരൂപത്തിനകത്തുവെച്ച് ഭൗതികോൽപ്പാദനത്തെ പിടിച്ചെടുക്കാനായില്ലെങ്കിൽ അതിനനുപൂരകമായ ബൗദ്ധികോൽപ്പാദനത്തിന്റെ മൂർത്തരൂപത്തെയും അവ തമ്മിലുള്ള പ്രതിപ്രവർത്തനത്തേയും മനസ്സിലാക്കുക എന്നത് പ്രയാസമായിരിക്കും.’
ഈ പ്രകരണത്തിൽ മാർക്‌സ് ചൂണ്ടിക്കാണിക്കുന്ന കാര്യം മൂലധനത്തിന്റെ മൂന്നാം വാല്യത്തിൽ കൂടുതൽ ശക്തിയായി ഉന്നയിക്കുന്നുണ്ട്. ഒരു സവിശേഷമായ ഉൽപ്പാദന ക്രമം അക്കാലത്തെ കലാസൃഷ്ടികളിൽ യാന്ത്രികമായി പ്രതിഫലിക്കുകയല്ല ചെയ്യുന്നത്. ഈ ഉൽപ്പാദനക്രമത്തിന്റെ വസ്തുനിഷ്ഠസാഹചര്യങ്ങൾ, പ്രാകൃതിക സാഹചര്യങ്ങൾ, വംശീയ സഞ്ചയങ്ങൾ, ചരിത്രപരമായ ബാഹ്യസ്വാധീനങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുകമൂലം കലാസൃഷ്ടിയിലേക്ക് ഈ അടിസ്ഥാന ഉൽപ്പാദനക്രമം വൈവിധ്യമാർന്ന തരത്തിലാണ് പ്രവേശിക്കുക.
ഇക്കാര്യത്തിൽ കലാകാരൻമാരുടെ/കലാകാരികളുടെ പ്രതിഭക്കുള്ള പങ്ക് മാർക്‌സ് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. യാഥാർത്ഥ്യം ജീവിതത്തിനുമേൽ പാടപോലെ പ്രത്യക്ഷപ്പെടുമെന്ന് മാർക്‌സ് ഒരിക്കലും കരുതിയില്ല. അത് സവിശേഷമായ ദർശനത്തിലൂടെ പുറത്തെടുക്കപ്പെടേണ്ടതുതന്നെയാണ്. പ്രതിഭാശാലികളായ കലാകാരൻമാർക്ക്/കലാകാരികൾക്ക് ഇത് സാധിക്കും. ബൽസാക്കിന്റെ ‘കൃഷിക്കാർ’ എന്ന നോവലിൽ താൻ ജീവിക്കുന്ന സന്ദർഭത്തെ ആഴത്തിൽ മനസ്സിലാക്കിയ ഒരു പ്രതിഭാശാലിയുടെ സാന്നിധ്യമുണ്ടെന്ന് മാർക്‌സ് നിരീക്ഷിക്കുന്നുണ്ട്. തന്റെ അധ്വാനത്തിന് ഒരു വിലയുമില്ലെന്ന് കരുതുന്ന കൃഷിക്കാരൻ എങ്ങിനെയാണ് സ്വന്തം അടിമത്തത്തെ സാധൂകരിക്കുന്നതെന്ന് ഈ നോവൽ വരച്ചുകാണിക്കുന്നുണ്ട്. മാർക്‌സിന്റെ ജീവിതവീക്ഷണത്തിന് നേരെ വിപരീതവീക്ഷണം സൂക്ഷിക്കുന്ന ഒരെഴുത്തുകാരന്റെ നോവലിലെ ഇതിവൃത്തവും കഥാപാത്രങ്ങളും താൻ വിശദീകരിക്കാൻ ശ്രമിച്ച പ്രമാണങ്ങൾക്ക് അടിവരയിടുന്നുണ്ടെന്ന് മാർക്‌സിന് ബോധ്യപ്പെട്ടു. കലയുടെ ഈ സവിശേഷത കണ്ടെത്തിയ മാർക്‌സിനെ ഉപകരണവാദിയായി ചിത്രീകരിക്കുന്നതിൽ ചരിത്രവിരുദ്ധതയുണ്ട്.
തിൻമയിൽനിന്നാണ് എല്ലാ കലയുടേയും ഉൽപ്പത്തിയെന്ന് മാന്റിവില്ലിയെ ഉദ്ധരിച്ചുകൊണ്ട് മാർക്‌സ് സൂചിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. സ്വകാര്യമായ കുറ്റകൃത്യങ്ങളില്ലാത്ത ഒരു ലോകത്ത് കമ്പോളത്തിന് നിലനിൽപ്പില്ല. ദേശത്തിന് നിലനിൽപ്പില്ല. ദേശീയമായി നിർവ്വചിക്കപ്പെട്ട കുറ്റകൃത്യങ്ങളാണ് ദേശത്തെ നിർവ്വചിക്കുന്നത്. ആദത്തിന്റെ കാലം മുതൽ തിൻമയുടെ വൃക്ഷം തന്നെയാണ് ജ്ഞാനത്തിന്റെ വൃക്ഷമായിരുന്നത്. തിൻമയാണ് മനുഷ്യരെ സാമൂഹ്യജീവിയാക്കുന്ന പരമമായ തത്വമെന്ന് മാന്റിവില്ലി ദി ഫാബിൾ ഓഫ് ദി ബീസ് എന്ന കൃതിയിൽ പറയുന്നുണ്ട്. എല്ലാ വ്യവഹാരങ്ങളുടേയും പ്രവൃത്തികളുടേയും ജീവനും തുണയും തിൻമയാണ്. എല്ലാ കലകളുടേയും ശാസ്ത്രത്തിന്റേയും ഉറവിടമായ തിൻമ നിലച്ചുപോയാൽ അത് ലോകത്തെ ആകെ താറുമാറാക്കും. ബൂർഷ്വാ സമുദായത്തെ സാധൂകരിക്കുന്ന കപടബുദ്ധിജീവികളേക്കാൾ സത്യസന്ധനാണ് മാന്റിവില്ലിയെന്ന് മാർക്‌സ് സൂചിപ്പിക്കുന്നു. മാൽത്തൂസ് തന്റെ നിരീക്ഷണങ്ങൾ ശാസ്ത്രീയമാണെന്നാണ് നടിക്കുന്നത്. എന്നാൽ ഈ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ശാസ്ത്രത്തിനുവെളിയിൽവെച്ച് വികസിപ്പിക്കപ്പെട്ടതാണ്. ശാസ്ത്രത്തിനുവെളിയിലുള്ള താൽപ്പര്യങ്ങളാണ് മാൽത്തൂസിന്റെ സങ്കൽപ്പങ്ങളെ സ്വാധീനിക്കുന്നത്. ശാസ്ത്രീയമായ സത്യസന്ധതയും നിക്ഷ്പക്ഷതയും പുലർത്തണമെങ്കിൽ ഒരാൾക്ക് ശാസ്ത്രത്തോടാണ് ആദ്യം പ്രതിബദ്ധത വേണ്ടത് എന്നാണ് മാർക്‌സ് പറയാൻ ശ്രമിക്കുന്നത്. അതേവിധം കലാകാരന് ആദ്യം പ്രതിബദ്ധത വേണ്ടത് കലയോട് തന്നെയാണ്. കലാബാഹ്യമായ താൽപ്പര്യങ്ങളാണ് ഒരു കലാകാരനെ സ്വാധീനിക്കുന്നതെങ്കിൽ ബൽസാക്കിനും മറ്റും അനാവരണം ചെയ്യാൻ കഴിഞ്ഞതുപോലെ സാമൂഹ്യയാഥാർഥ്യങ്ങളെ വെളിക്കുകൊണ്ടുവരാൻ അയാൾക്ക് കഴിയില്ല.
സാഹിത്യ രചനകളിൽനിന്നും ബൈബിളിൽനിന്നും മാർക്‌സ് ധാരാളമായി ഉദ്ധരിച്ചിരുന്നു. ആ ഉദ്ധരണികളെല്ലാം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് അസാധാരണമായ ധ്വന്യാത്മകത നൽകിയതായി കാണാം. ഒരുദാഹരണം ഇങ്ങനെ :
‘ആദിപാപം എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്. മുതലാളിത്ത ഉൽപ്പാദന സമ്പ്രദായം വികസിക്കുന്തോറും സമ്പത്തും അതിന്റെ സമാഹരണവും വളർന്നു. എന്നാൽ അതോടെ മുതലാളി മൂലധനത്തിന്റെ അവതാരമല്ലാതായിത്തീർന്നു. തനിക്കുള്ളിലുള്ള ‘ആദ’മിനോട് മാനവികമായ അനുതാപം അയാളിൽ പ്രവർത്തിക്കാൻ തുടങ്ങി. പഴയ കാലത്തെ പിശുക്കനെപ്പോലെ സന്യാസത്തോട് ആഭിമുഖ്യം വളർത്താൻ അയാൾ പരിശീലിക്കുന്നു. ക്ലാസ്സിക്കൽ മുതലാളിത്തം ഉപഭോഗത്തെ പാപമായാണ് ഗണിച്ചത്. ആദിമ സഞ്ചയനത്തെ പുരസ്‌ക്കരിച്ച മുതലാളിത്തം പിന്നീട് അതിനെ തിരസ്‌ക്കരിക്കുകയും ആനന്ദത്തിലേക്കുള്ള ചോദനയെ തടയാലാണതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒരേ നെഞ്ചിൽ രണ്ടാത്മക്കൾ! ഒന്നിനെത്തള്ളിമറ്റൊന്ന്!’
ഇത്തരത്തിലുള്ള താരതമ്യത്തിലൂടെ മുതലാളിത്തവും മതവും തമ്മിലുള്ള ബന്ധത്തെ അനാവരണം ചെയ്യാൻ മാർക്‌സിന് കഴിയുന്നുണ്ട്. അതേവിധം ആധുനിക സമൂഹത്തിൽ പണത്തിന് ദൈവത്തിന്റെ സ്ഥാനമാണുള്ളതെന്ന് സ്ഥാപിക്കാനും മാർക്‌സിന് കഴിയുന്നു. മുതലാളിത്ത സമൂഹത്തിലെ ആദർശവും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കുറവും മാർക്‌സിന് ഇതുവഴി സ്ഥാപിക്കാനാകുന്നു. ഇപ്രകാരം ഒറ്റസൂചനയിലൂടെ വ്യാഖ്യാനത്തിന്റെ അനന്തസാധ്യതകളിലേക്ക് മിഴിതുറക്കുന്നവയാണ് മാർക്‌സിന്റെ രചനകൾ. ചരക്കുകളെക്കുറിച്ച് മാർക്‌സ് പറയുന്നത് നോക്കുക: ‘വാസ്തവത്തിൽ ചരക്കുകൾ വസ്തുക്കൾ മാത്രമാണ്. അവക്ക് മനുഷ്യനെ തടയാനാവില്ല. അവ അനുവദിക്കാത്ത പക്ഷം മനുഷ്യർക്ക് ബലം പ്രയോഗിക്കാം. അതായത് അവയെ എടുത്തുകൊണ്ട് പോകാം എന്നർത്ഥം.’
ഈ വരികൾ ജർമ്മൻ കവിയായ ഗഥേയുടെ ഒരു വീരകഥാഗാനത്തിലെ വരികളെയാണ് ഓർമ്മിപ്പിക്കുക. പ്രസ്തുത കാവ്യത്തിൽ പനിച്ചുവിറച്ചുകഴിയുന്ന ഒരു കുട്ടിയോട് അലൗകികമായ ഒരാത്മാവ് ഇങ്ങനെ പറയുന്നു :
എനിക്ക് നിന്നെ ഇഷ്ടമാണ്
നിന്റെ സുന്ദരരൂപം എന്നെ വല്ലാതെ കൊതിപ്പിക്കുന്നു
നീ അനുവദിച്ചില്ലെങ്കിൽ ഞാൻ ബലം പ്രയോഗിക്കും.
ഗഥേയുടെ ഈ വരികളുടെ സ്മരണ ഉണർത്തിക്കൊണ്ടാണ് മാർക്‌സ് ചരക്കുകളെക്കുറിച്ച് എഴുതുന്നത്. ചരക്കുകളെ മനുഷ്യരുണ്ടാക്കിയതാണെങ്കിലും അത് മനുഷ്യരെ കൊതിപ്പിക്കുന്ന ഒന്നായിത്തീരുന്നു. അവയെ കൈവശപ്പെടുത്തുന്നതിൽനിന്ന് മനുഷ്യരെ തടയുന്നതെന്താണ്? ആർക്കാണ് ചരക്കുകൾ കൈവശപ്പെടുത്താൻ അർഹതയുള്ളതെന്ന ചോദ്യമാണ് മുതലാളിത്തത്തിന്റെ ഉൺമ. അതായത് കവിതയുടെ ഒരു പഴയ സന്ദർഭത്തിന് പകരം മാർക്‌സ് അതിന് പുതിയ സന്ദർഭവും ധ്വനിമൂല്യവും കൽപ്പിക്കുകയാണ് ചെയ്തത്. സംസ്‌ക്കാരം മാർക്‌സിനെ എത്രമാത്രം മൂലധനത്തിന്റെ രചനയിൽ സഹായിച്ചുവെന്നതിന്റെ തെളിവാണിത്.
©www.navamalayali.com
Be the first to write a comment.