ച്ചിദാനന്ദൻ എഡിറ്റ് ചെയ്തിരുന്ന ‘ജ്വാല’ മിനി മാസിക ഖസാക്കിന് പ്രത്യേക പതിപ്പിറക്കി – ഒരു പുരസ്കാരം പോലെ. ഏറ്റവും കുറച്ചു ഔപചാരിക പുരസ്കാരങ്ങൾ നേടാനായിരുന്നു പക്ഷെ ഖസാക്കിന്റെ വിധി. നോവൽ പ്രസിദ്ധീകരിച്ച  മാതൃഭൂമി ആഴ്ചപ്പതിപ്പ് തന്നെ പുസ്തകത്തെ പിന്നീട് സന്മനസ്സില്ലാതെ താഴ്ത്തിക്കെട്ടി. ഖസാക്കിനെതിരെ ആരോപണങ്ങളുമായി പ്രൊഫ ജി എൻ പണിക്കരുടെ നീണ്ട ‘ഗവേഷണ’ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി, അതൊരു
മറാത്തി നോവലിന്റെ (ബാംഗർവാടി ) അനുകരണമാണ് എന്ന ആരോപണത്തിന് ബലം നൽകി. യാഥാസ്ഥിതിക വിമർശകരും ആ കാലത്തെ കവികളും നോവലിനെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഒഴിവാക്കുകയോ രവിയെ പരിഹസിക്കുന്ന പോലെ എഴുതുകയോ
ചെയ്തു. ആധുനികരെന്നു കരുതിയ അയ്യപ്പപണിക്കർ, മാധവിക്കുട്ടി എന്നിവരും പുസ്തകത്തെ അനുകൂലിച്ചു പറഞ്ഞതായി കേട്ടിട്ടില്ല. കൂട്ടുകുടുംബത്തിലെ
”വലിയച്ഛന്മാരും വല്യമ്മമാരും” പരിലാളിക്കാതെ മിക്കവാറും അയൽവീടുകളിൽ ആയിരുന്നു ഖസാക്ക് വളർന്നത്. അതൊരു ഒന്നൊന്നര വളർച്ച തന്നെ ആയിരുന്നു.

ആ കാലത്തെ ആയിരക്കണക്കിന്  ഖസാക്ക് ആരാധകരിൽ ഒരാളായിരുന്ന ഞാൻ ആ നോവൽ ഒരു വേദപുസ്തകം പോലെ  നിരവധി ജീവിതാവസ്ഥ കളിൽ പുനർവായനക്ക് വിധേയമാക്കി. കിഴക്കൻ പാലക്കാട് ഭാഗത്തെ തസറാക്കാണ് ഖസാക്കിന്റെ  പശ്ചാത്തലം എന്ന് ഒരു യുവവിമർശകൻ കത്തിൽ ഒരു ഔദ്യോഗിക രഹസ്യം അനധികൃതമായി വെളിപ്പെടുത്തുന്ന പോലെയാണ് അറിയിച്ചത്. ഇന്നത്തെ പോലെ ഗൂഗ്ൾ  പോലെ വിവരാന്വേഷണ ഉപാധികളില്ലാത്ത ആ ദരിദ്രകാലത്തിൽ, വിജയനെ കുറിച്ച് ആദ്യമായി
എന്തെങ്കിലും വിവരം വായനക്കാർ അറിയുന്നത് അക്കാലത്തു എസ്‌കെ നായർ നടത്തിയിരുന്ന മലയാളനാട് വാരികയിലെ   ഓണക്കാല വിശേഷാൽ പതിപ്പ് അഭിമുഖത്തിലാണ്. അതിൽ  തന്നെയായിരുന്നു എം ടി യുടെ അഭിമുഖവും ആദ്യമായി കാണുന്നത്. പൈങ്കിളി നിലവാരത്തിൽ കവിഞ്ഞൊന്നും അല്ലാതിരുന്ന  ആ സചിത്ര ലേഖനങ്ങൾ പ്രസിദ്ധരായ ആ രണ്ടു എഴുത്തുകാരെ കുറിച്ച് അക്കാലത്തു
ആരാധകർക്കുണ്ടായിരുന്ന  വസ്തുതാപരമായ അജ്ഞത കുറച്ചു എങ്കിലും, അർഹിക്കുന്ന ഗൗരവം ആ  രചനയ്ക്ക്    ഉണ്ടായിരുന്നില്ല. ഇന്ന് അത്തരം വഴുവഴുപ്പുള്ള പുകഴ്ത്തൽ  ആരെങ്കിലും പ്രസിദ്ധീകരിക്കുമോ എന്ന് സംശയമാണ്.

അടുത്ത രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ ഒരെഴുത്തുകാരൻ അർഹിക്കുന്ന സ്വകാര്യത നിഷേധിക്കപ്പെട്ട വിജയനെ ആയിരുന്നു ആരാധകർ കണ്ടത്. എം ടി യെ പോലെ ആവശ്യമുള്ളത്ര മാത്രം പുറത്തു വരികയും അല്ലാത്തപ്പോൾ
ആൾക്കൂട്ടത്തിൽ തനിയെ ഇരിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ വിജയന് കഴിഞ്ഞില്ല. ഒന്ന് കൂടി വ്യക്തമാക്കിയാൽ,  ഖസാക്ക് രവിയുടെ സൃഷ്ടാവാണ്‌
വിജയൻ എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഒരു സാധാരണത്വം വിജയൻറെ വാമൊഴിയിൽ ഉണ്ടായിരുന്നു. അസാധാരണമായ പദസങ്കലനങ്ങളാൽ ഭാഷയുടെ
സൗന്ദര്യങ്ങളിൽ പ്രപഞ്ചനിഗൂഢതയെ പതിച്ചുചേർത്തിരുന്ന ഖസാക്ക്, വായനക്കാരിൽ അക്കാലത്തുണർത്തിയ സങ്കീർണ്ണ മാനസികാവസ്ഥക്കു യോജിച്ച അഭിമുഖങ്ങൾ ആയിരുന്നില്ല വിജയൻ കൊടുത്തിരുന്നത്.

മോശം വിനിമയം എന്ന് നാം വേദനയോടെ വിസ്മയിക്കുന്ന അത്ര ഖസാക്കിന്റെ ‘കൊഴുത്ത’ ഭാഷ വിജയൻ ധർമ്മപുരാണം ഒഴികെയുള്ള  പിന്നീടുള്ള കൃതികളിൽ  (ഗുരുസാഗരം, പ്രവാചകന്റെ വഴി, തലമുറകൾ ) ആവർത്തിക്കാൻ
തുടങ്ങിയത് ആരാധകരെ വൈകാരികമായി അകറ്റി. ഈ  പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്ന് മാത്രം വായിച്ച  ഒരു പുതിയ വായനക്കാരന് അതിനെ പ്രകീർത്തിക്കാൻ
വേണ്ടത്ര ആഡംബര, ആത്മീയപ്രസരമുള്ള ആകർഷക ഭാഷ അതിലുണ്ടാവും. പിൽക്കാലത്ത് വിജയൻ, തകരുന്ന ആരോഗ്യത്തിനിടയിലും പ്രധാനകൃതികളുടെ  പരിഭാഷക്കു വേണ്ടി സമയം മാറ്റിവച്ചിരുന്നു.   ഖസാക്കിന് പുറമെ ധർമ്മപുരാണം പരിഭാഷപ്പെടുത്തിയത് വിജയനായിരുന്നു. വിചിത്രമായ നിരീക്ഷണങ്ങൾ  കൂടുതൽ ആത്മീയ ആഴങ്ങൾ ആ പരിഭാഷ പ്രദർശിപ്പിച്ചു. പദാനുപദ രീതി വിട്ട്
പരിഷ്‌കാരങ്ങൾ വരുത്താനും  വിജയന് കഴിഞ്ഞു.    ഒരു പ്രിൻസ്ടൺ പ്രഫസറെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ രവിയുടെ ആ വിഖ്യാതമായ ഉപനിഷദ് അസ്‌ട്രോഫിസിക്സ്
ആശയപരിചരണം എന്തെന്ന് കുറച്ചുകൂടി വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇന്നത്തെ ‘കാലാവസ്ഥ’ നോക്കിയാൽ  രവിയുടെ ലേഖനവും ത്രിപുര
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പോലെ നിർദ്ദയം പരിഹസിക്കപെടാനാണ് സാധ്യത. മാർക്സിസത്തെ  കുറിച്ച് വിജയൻ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളും സംവാദങ്ങളും
പുസ്തകരൂപത്തിൽ  വിമര്ശിക്കപ്പെട്ടതു  ” ഒരു മന്ദബുദ്ധിയുടെ മാർക്സിസ്റ് സംവാദം ” എന്നായിരുന്നു. പാർട്ടിയുടെ പിണിയാളുകൾ വിജയനെ എത്ര ആക്രമിച്ചു തോൽപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് അത് വായിച്ചാൽ
മനസ്സിലാവും..

മരിച്ചുപോവേണ്ടി വന്നു ഈ അസാധാരണ ചിന്തകന് പശ്ചാത്താപഭരിതമായ സ്മരണിക തസറാക്കിൽ ഉയർന്നു വരാൻ. (അച്ഛനും അമ്മയുമൊത്തു  വീട്ടിലിരുന്നു
യക്ഷിക്കഥകൾ വായിച്ചു ചെലവഴിച്ചിരുന്ന ഏറനാടൻ എം എസ് പി കാമ്പുകളിലെ ജീവിതമായിരുന്നു വിജയൻറെ സർഗ്ഗശക്തിയുടെ നീരുറവ.  ഒരുമാസം മാത്രം
ഒരിടവേളയിൽ കഴിഞ്ഞ ഞാറ്റുപുരക്കായിരുന്നു തീർത്ഥാടനകേന്ദ്രമാവാൻ ഭാഗ്യം)

ഖസാക്കിലെ രവി നേരിടേണ്ടി വന്ന ഏറ്റവും ശക്തമായ സദാചാര പോലീസ് ആക്രമണം ചിറ്റമ്മയുമായുണ്ടായി എന്നയാൾ പിന്നീട് ഓർമ്മയിലൂടെ  വായനക്കാരോട്
പൊട്ടിപ്പൊട്ടിപ്പോയ വാക്കുകളിലൂടെ പറയുന്ന ആസ്വാദനരതിയാണ്. അഗമ്യഗമനം എന്ന വാക്കു ഇന്ന് രവിയുടെ പ്രതീകമായി അറിയപ്പെടുന്നു. പതിനേഴു വയസ്സ്
പ്രായമുള്ള രവിയെ അന്ന്  മുപ്പതുകളുടെ രണ്ടാം പാതിയിലെത്തിയ  ചിറ്റമ്മ പ്രലോഭനത്തിലൂടെ വശീകരിച്ചു എന്നതായിരിക്കും ഇന്ന് പക്ഷെ നിയമപ്രാധാന്യമുള്ള വസ്തുത.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  ‘പുളിങ്കൊമ്പത്തെ  പോതി’  എന്ന എന്റെ ഒരു കഥയിൽ ഒലവക്കോട് റെയിൽവേ കോളനി പാതകളിലൂടെ നടക്കവേ, ഖസാക്ക് ആരാധകനായ ഒരു യുവ
പത്രപ്രവർത്തകൻ ചിറ്റമ്മയെ അഭിമുഖം ചെയ്യുന്നു.  പ്രലോഭനമായല്ല, പെണ്ണുടലിന്റെ  ആസ്വാദനക്ഷമത  വാത്സല്യത്തോടെയാണ് ദുഖിതനായ രവിക്കു
നൽകിയതെന്ന്, വസ്തുതാ പരമായ ഒരു ഭാഷയിൽ  അവൾ  ഓർക്കുന്നു. വിദ്യാർത്ഥിജീവിതത്തിൽ പ്രണയിനിയായിരുന്ന പത്മ, എട്ടു കൊല്ലത്തിനു ശേഷം രവിയെവിടെ എന്ന നീണ്ട അന്വേഷണത്തിൽ ഊട്ടിയിൽ ചെന്നപ്പോൾ ചിറ്റമ്മയെ കണ്ട
വിവരം മലമ്പുഴ അതിഥിമന്ദിരത്തിൽ വച്ച് രവിയോട് പറയുന്നതു  ”അവളൊരു സുന്ദരിയാണ് ഞങ്ങൾ ഒരുമിച്ചു നീന്താൻ പോയി ”  എന്ന് അഭിമാന ത്തോടെയാണ്.
രവി കൂട്ടുകാരി പത്മയിൽ നിന്ന് കരുതലോടെ  ഈ ആസ്വാദനരതിയനുഭവം മറച്ചു വച്ചു എന്ന് വേണം കരുതാൻ.  പക്ഷെ പത്മ അത് മനസ്സിലാക്കി എന്നതാണ് സാധ്യത
ഇന്റർ പരീക്ഷ കഴിഞ്ഞ പതിനേഴു വയസ്സ് മുതൽ ഓണേഴ്‌സ് പരീക്ഷ വരെ അഗമ്യഗമനം തുടർച്ചയായി സംഭവിച്ചിരുന്നു  എന്ന സൂചനയല്ല  പിന്നീടുള്ള ഓർമ്മകളിൽ
വരുന്ന തെങ്കിലും,  യാഥാസ്ഥിതിക നിരൂപണം കുറ്റം ചാർത്തിയത് വിജയനിലായിരുന്നു. പ്രതിരോധിക്കാനോ ചെറുക്കാനോ അല്ല ദുർബല ശരീരഭാഷയിൽ
ക്ഷമാപണം പറയുന്ന പോലെ വിജയൻറെ പ്രതികരണം പിന്നീടുണ്ടായി. കഥാപാത്രങ്ങളെ കയ്യൊഴിഞ്ഞ വിജയൻ പറഞ്ഞത് ‘അതൊരു കൗമാരകഥ’യാണ് എന്നായിരുന്നു. നോവലിന് യോജിക്കാത്ത വക്താവ് തന്നെയായിരുന്നു വിജയൻ.

കഴിഞ്ഞ എട്ടൊമ്പതു കൊല്ലങ്ങളായി ഫേസ്ബുക് പേജിൽ  ഖസാക്ക് കഥാസന്ദര്ഭങ്ങളും  സ്മാരകനിർമ്മിതിയെ കുറിച്ചുള്ള വാർത്തകളും ഫോട്ടോകളും നോവലിൽ നിന്നുള്ള ഉദ്ധരണികളും സഹൃദയരുമായി  ഞാൻ പങ്കു വച്ചിട്ടുണ്ട്.
അവരുടെ പ്രതികരണങ്ങളുടെ പ്രത്യേകത, ഖസാക്ക് ഇന്നും വായനക്കാർക്കു ‘വിശുദ്ധപശു’വാണ്. ഞാറ്റുപുര കൂമന്കാവ് അപ്പുക്കിളി മൈമൂന മൊല്ലാക്ക മുങ്ങാങ്കോഴി ആബിദ എന്നിങ്ങനെ ഓരോ കഥാപാത്രവും  വായനക്കാരെ വൈകാരികമായി ബന്ദിയാക്കിയിരിക്കുന്നു. ഇതിനെല്ലാറ്റിനും പുറമെ  രവിയുടെ വല്ലപ്പോഴുമുള്ള വെളിപാടുകൾ വായനക്കാരെ അതീതലോകത്തേക്കു ആനയിക്കുന്നു.
ഖസാക്കിനെ  പരിഹസിക്കാനോ വിമർശിക്കാനോ ഇകഴ്ത്തിക്കാട്ടാനോ അവർ തയ്യാറാവുന്നില്ല. അതെന്തുകൊണ്ടാണ്? അവരുടെ സഹൃദയത്വത്തിന്റെ മാനദണ്ഡമാണ് ഖസാക്ക് –  ഖസാക്കിനെ  പരിഹസിക്കുന്നവർ  സഹൃദയത്വത്തിന്റെ
വെള്ളമുയലുകളെയാണ് കഴുത്തൊടിച്ചു കൊല്ലുന്നത്.  രചനയിലെ ന്യൂനതകളും പരിമിതികളും യുക്തിസഹമല്ലാത്ത സംഭവങ്ങളും ഒന്ന് മാറിനിന്നു സ്വാതന്ത്രചിന്താഗതി യോടെ വിമർശിച്ചുകൊണ്ടും സാക്കിന്റെ ഉത്തമവായനക്കാരനാവാൻ സാധിക്കും എന്നാണെനിക്കു തോന്നുന്നത്.

മലയാളിക്ക് മാത്രം വഴങ്ങുന്ന അപൂർവയിനം കറുത്ത പുരാവൃത്തങ്ങളുടെ കാൽപ്പനിക ഭൂമിയാണ് ഖസാക്ക് , നാമൊക്കെ ഖസാക്കിന്റെ കാലത്തു ജീവിച്ചിരുന്നു എന്നത്  സമകാലീനർ എന്ന പദത്തിന്റെ കമനീയമായൊരു
ഓർമ്മപ്പെടുത്തലുമാണ്.


Comments

comments