(അതിർത്തികൾ മായ്ച്ചുകളയുന്ന  ലോകത്തിലെ ഏറ്റവും വലിയ കായികോൽസവങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ അരങ്ങേറുമ്പോൾ നവമലയാളി ഓപ്പൺഫോറം ലോകകപ്പ് സ്പെഷലിൽ  കളിയുടെ ആരാധകരായവരിൽ ചിലരുടെ രസകരമായ പക്ഷംപിടിക്കലുകൾ, ഓർത്തെടുക്കുന്ന, തെരഞ്ഞെടുക്കുന്ന കളിയോർമ്മകൾ, കളിനിമിഷങ്ങൾ, ഇഷ്ടടീം, ഇഷ്ടകളിക്കാർ, സ്വപ്നടീം… ആരാധകരുടെ ഫുട്ബോളിഷ്ടങ്ങൾ) 

ഏറ്റവും ഇഷ്ടപ്പെട്ട ടീമേതെന്ന് ചോദിച്ചാൽ സംശയിക്കാതെ ഉത്തരം തരാം, അത് അർജൻറീനയാണെന്ന്. പക്ഷെ, എക്കാലവും അങ്ങനെ ആയിരുന്നില്ല. ഞാൻ ആദ്യമായി ഒരു ലോകകപ്പ് പൂർണ്ണമായും പിന്തുടർന്നത് 1974-ലേതാണ്. അന്ന് ടിവിയില്ല. അല്പസ്വല്പം റേഡിയോ കമന്ററിയും പത്രവാർത്തകളും മാത്രം. ഞാനന്ന് നാലാം തരത്തിൽ. പക്ഷെ, വലിയ ഉത്സാഹത്തോടെ ഫുട്ബോൾ വാർത്തകൾ വായിച്ചിരുന്നു. യോഹാൻ ക്രൈഫായിരുന്നു ഇഷ്ടതാരം. ടോട്ടൽ ഫുട്ബോളിന്റെ നെടുനായകത്വം വഹിച്ചിരുന്ന ക്രൈഫ്. അദ്ദേഹത്തോടുള്ള ഇഷ്ടം ഡച്ചുടീമിനെ ഏറ്റവും പ്രിയപ്പെട്ടതാക്കി. പശ്ചിമ ജർമ്മനിയിൽ വെച്ചായിരുന്നു 74-ലെ ലോകകപ്പ്. തുടക്കത്തിൽ തന്നെ ആതിഥേയരെ നാട്യങ്ങളൊന്നുമില്ലാത്ത പൂർവ്വ ജർമ്മനി തോല്പിച്ചു. കമ്മ്യൂണിസ്റ്റ് ജർമനിയുടെ ഇടതുലോകമെങ്ങും ആഘോഷിച്ചതായി വാർത്ത വായിച്ച ഓർമ്മയുണ്ട്. പക്ഷെ, പശ്ചിമ ജർമ്മനി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഗെർദ് മ്യുള്ളറുടേയും കൈസർ ബെക്കൻ ബോവറും അതിന് ചുക്കാൻ പിടിച്ചു. സെമി ഫൈനലിന് മുമ്പ് ക്രൈഫിന് പനിയാണെന്നു വാർത്ത പരന്നു. ഞാനന്ന് കുത്തിയിരുന്ന് പ്രാർത്ഥിച്ചതിന്റെ രസികൻ ഓർമ്മ. അവസാനത്തെ കുതിപ്പിൽ ക്രൈഫിന്റെ ടീമിന്റെ കാലിടറി. ഫൈനലിൽ ഒരുമിന്നൽ ഗോളിലൂടെ ഡച്ചു പട മുന്നിലെത്തിയിട്ടും പശ്ചിമ ജർമ്മനിയ്ക്ക് തന്നെയായിരുന്നു അവസാന വിജയം. അടുത്ത ലോകകപ്പിൽ വീണ്ടും ഫൈനലിൽ ഡച്ചുകാർ പരാജയപ്പെട്ടു. ഇപ്രാവശ്യം മരിയോ കെമ്പസിന്റെ അർജൻറീനയോട്. അന്നു തുടങ്ങി അർജൻറീനയോടൊരിഷ്ടം. 1982-ൽ അർജൻറീന മാരഡോണയുമായിട്ടാണ് സ്പെയിനിലെത്തിയത്. പക്ഷെ, ഇറ്റലിയോട് തോറ്റ് മടങ്ങേണ്ടണ്ടി വന്നു. താരപരിവേഷത്തോട് നീതി പുലർത്താൻ മാരഡോണക്കന്ന് കഴിഞ്ഞില്ല. പക്ഷെ,  86-ലെ മെക്സിക്കോ കപ്പ് ലോക ഫുട്ബോൾ ചിന്തകളെ തന്നെ തിരുത്തിക്കുറിച്ചിരിക്കണം. ആ ലോകകപ്പ് കണ്ടവർക്കാർക്കും അർജൻറീനയെ ഹൃദയത്തിൽ ചേർത്തു പിടിച്ചല്ലാതെ ഓർക്കാനാവില്ല. നൂറ്റാണ്ടിന്റെ ഗോൾ പിറന്നതും ആ ലോകകപ്പിൽ. മാരഡോണ ലോകത്തിന്റെ നെറുകയിൽ ചവിട്ടി, കപ്പിൽ മുത്തമിട്ടതും അപ്പോൾത്തന്നെ. അന്നു മുതൽ എന്റെ പ്രിയപ്പെട്ട ടീം അർജൻറീന മാത്രം. ഇന്ന് മെസ്സിയിലൂടെ പുനർജ്ജനിക്കുന്നു അതേ വികാരാവേശങ്ങൾ. അർജൻറീനയെന്ന ത്രസിപ്പിക്കുന്ന ലഹരി.

മാരഡോണ തന്നെ ഏറ്റവും മഹാനായ കളിക്കാരൻ. അദ്ദേഹത്തിന്റെ പന്തടക്കവും എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ടുള്ള വെട്ടിത്തിരിയലുകളും, പാസ്സിംഗുകളും, പെട്ടെന്നുള്ള കുതിച്ചു പാച്ചിലുകളും, നിയന്ത്രണവും, മൈതാനവീക്ഷണവുമെല്ലാം അപരമെന്നേ പറയാനാവൂ. ഇതെല്ലാം ഒരാളിൽത്തന്നെ കൂട്ടുചേരുന്നതു ലോകത്തിൽ അപൂർവ്വവും. അതുകൊണ്ടുതന്നെയാണ് ദീഗോ ഒരു ഇതിഹാസമായി മാറുന്നതും. ഒപ്പം തന്നെ വിജയകുതുകിയായ കൗശലക്കാരൻ കൂടിയായി മാറഡോണ മാറുമ്പോൾ അദ്ദേഹത്തെ വെല്ലാൻ ആരുമില്ലാതെ വരുന്നു. അതെ, ആ അഗ്രഗണ്യസ്ഥാനം ദീഗോ മാരഡോണയ്ക്ക് മാത്രം…

കളിയിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം, ഇന്നും ഗൃഹാതുരതയോടെ ഓർക്കുന്ന ആ നിമിഷം, സംശയലേശമെന്യേ പറയാം അത്  കഴിഞ്ഞ നൂറ്റാണ്ടിന്റെ ഗോൾ തന്നെയെന്ന്. സ്വന്തം പകുതിയിൽ നിന്ന് ഹെക്ടർ എൻറിക്കെയുടെ കാലിൽ നിന്ന് പന്ത് സ്വീകരിച്ചശേഷം, പീറ്റർ ബെയഡ്സ്ലി, പീറ്റർ റീഡ്, ടെറി ബുച്ചർ, ടെറി ഫെൻവിക് എന്നീ നാല് ഇംഗ്ലീഷ് കളിക്കാരെ കബളിപ്പിച്ച്, പതിനൊന്നു പ്രാവശ്യം തുടർച്ചയായി പന്ത് തട്ടി പീറ്റർ ഷിൽട്ടനെന്ന പ്രതിഭാശാലിയായ ഗോൾകീപ്പറെ മറികടന്ന് ഇംഗ്ലണ്ടിന്റെ വലചലിപ്പിച്ച ആ നിമിഷം. ദീഗോ മാരഡോണയുടെ, എന്തിന് ലോക ഫുട്ബോളിന്റെ തന്നെ ഐതിഹാസിക നിമിഷം. അതിന് പകരം വെയ്ക്കാനൊന്നു നാമിനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ…

എന്റെ ലോക ടീം:

ലെവ് യാഷിൻ
സെർഗി റാമോസ്
ബെക്കൻ ബോവർ
ലോതർ മത്തായൂസ്
പൗലോ മൽദീനി
മിഷേൽ പ്ലറ്റീനി
ദീഗോ മരഡോണ
യൊഹാൻ ക്രൈഫ്
ലയനൽ മെസ്സി
ക്രിസ്റ്റ്യാനോ റൊനാൽഡോ
യുർഗൻ ക്ലിൻസ്മൻ…

പുസ്കാസിന്റേയും ഗാരിഞ്ചയുടേയും കളി കാണാൻ സാധിച്ചിട്ടില്ല. സാധിച്ചിരുന്നെങ്കിൽ അവർ ഈ പതിനൊന്നിൽ സ്ഥാനം പിടിച്ചേനേ എന്നു തോന്നുന്നു.

Comments

comments