(അതിർത്തികൾ മായ്ച്ചുകളയുന്ന ലോകത്തിലെ ഏറ്റവും വലിയ കായികോൽസവങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ അരങ്ങേറുമ്പോൾ നവമലയാളി ഓപ്പൺഫോറം ലോകകപ്പ് സ്പെഷലിൽ കളിയുടെ ആരാധകരായവരിൽ ചിലരുടെ രസകരമായ പക്ഷംപിടിക്കലുകൾ, ഓർത്തെടുക്കുന്ന, തെരഞ്ഞെടുക്കുന്ന കളിയോർമ്മകൾ, കളിനിമിഷങ്ങൾ, ഇഷ്ടടീം, ഇഷ്ടകളിക്കാർ, സ്വപ്നടീം… ആരാധകരുടെ ഫുട്ബോളിഷ്ടങ്ങൾ)
ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ, ഹംഗറി, പോളണ്ട്, റഷ്യ, കാമറൂൺ, ഹോളണ്ട് എന്നീ ടീമുകളോട് മാപ്പ് ചോദിച്ചുകൊണ്ടാണു ഏറ്റവും ഇഷ്ടപ്പെട്ട ടീമായി അർജന്റീനയെ തിരഞ്ഞെടുക്കുന്നത്. പെലെയുടെയും ഗരിഞ്ചയുടേയും സോക്രട്ടീസിന്റെയും റൊണാൾഡോയുടേയും റോബർട്ടോ കാർലോസിന്റെയും റൊണാൾഡീഞ്ഞോയുടേയും നെയ്മറുടേയും മാപ്പ് പറയാതെ എങ്ങനെ പിന്തള്ളും? അതുപോലെ മിഷേൽ പ്ലാറ്റിനിയുടെയും സിദാന്റെയും ഫ്രാൻസ് (സച്ചിദാനന്റെ ‘അവസാനത്തെ ഗോൾ’ ഓർമ്മിപ്പിക്കുന്ന, അപമാനിക്കപ്പെടുന്നതിനെതിരെ സടകുടഞ്ഞെണീറ്റ സമര പ്രതികരണമായ നിയമലംഘനം), യുസേബിയോയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും പോർച്ചുഗൽ, പുസ്കാസിന്റെ ഹംഗറി, സ്ബിഗ്ന്യു ബോണിക്, ലെവൻഡോവ്സ്കി എന്നിവരുടെ പോളണ്ട്, ലെവ് യാഷിന്റെ റഷ്യ, റോജർ മില്ലയുടെ കാമറൂൺ, യൊഹാൻ ക്രൈഫിന്റെയും റൂഡ് ഗള്ളിറ്റിന്റെയും ഹോളണ്ട്…. ഈ ടീമുകളോടൊന്നും ഇഷ്ടമില്ലാഞ്ഞിട്ടല്ല. കൂടുതൽ ഇഷ്ടം അർജന്റീനയോടായിപ്പോയി. അതിനു കാരണം 1986-ലെ ലോകകപ്പ് മൽസരങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ കണ്ട ഓർമ്മയാണു.
മറഡോണയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനും ബൽജിയത്തിനും ഒടുവിൽ ഫൈനലിൽ ജർമ്മനിക്കും എതിരെ നേടിയ വിജയങ്ങൾ കോരിത്തരിപ്പിക്കുന്നതായിരുന്നു. ഫോക്ലൻഡ് യുദ്ധത്തിൽ അർജന്റീനയ്ക്ക് മേൽ ഇംഗ്ലണ്ട് കൈവരിച്ച വിജയത്തിനു പകരം വീട്ടുക കൂടിയാണു ഫുട്ബോൾ മൽസരവിജയത്തിലൂടെ അർജന്റീന ചെയ്തത് എന്നും പ്രതികരണങ്ങളുണ്ടായിരുന്നു.
എക്കാലത്തേയും ഏറ്റവും മികച്ച ഫുട്ബോളർമാരിലൊരാളായ അൽഫ്രെഡോ ഡി സ്റ്റെഫാനോയുടേയും ലയണൽ മെസ്സിയുടേയും ടീമാണു അർജന്റീന. സ്റ്റെഫാനോ സ്പെയിനിന്റെ കുപ്പായവും അണിഞ്ഞിട്ടുണ്ട്. പക്ഷേ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സമ്പൂർണ്ണനായ കളിക്കാരനെന്ന് സാക്ഷാൽ യുസേബിയോ അഭിപ്രായപ്പെട്ട ഡി സ്റ്റെഫാനോയ്ക്ക് ഒരിക്കൽ പോലും ലോകകപ്പ് ഫൈനൽ റൗണ്ടിൽ കളിക്കാനായില്ല.
അർജന്റീനിയൻ ടീമിനെ ഇഷ്ടപ്പെടാൻ ഒരു രാഷ്ട്രീയകാരണം കൂടിയുണ്ട്. അനശ്വര വിപ്ലവകാരി ചെ ഗവേരയുടെ ജന്മനാടാണു അർജന്റീന, കർമ്മദേശം ക്യൂബയായിരുന്നുവെങ്കിലും. ചെയുടെ ചിത്രം സ്വശരീരത്തിൽ പച്ച കുത്തിയ മറഡോണ, ഫിഡൽ കാസ്ട്രോയുടെയും ഉറ്റ സുഹൃത്തായിരുന്നു. ഇന്ത്യയിലെ ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മറഡോണയെ പങ്കെടുപ്പിക്കാൻ സഹായിക്കാമോ എന്ന് ഫിഡലുമായി ചർച്ച ചെയ്തത് ഓർമ്മയിൽ വരുന്നു. മെസ്സിയാകട്ടെ ചെ ഗവേരയുടെ ജന്മസ്ഥലമായ റൊസാരിയോയിലാണു പിറന്നത്.
എന്റെ ഇഷ്ടകളിക്കാരൻ ലയണൽ മെസ്സിയാണു. ഈജിപ്റ്റിന്റെ മുഹമ്മദ് സല, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലൂയി സുവാരസ്, കൊളംബിയയുടെ റോഡ്രിഗസ്, ലെവൻഡോവ്സ്കി, ഫ്രാൻസിന്റെ ഗ്രീസ്മാൻ, പോൾ പോഗ്ബ, അർജന്റീനയുടെ ഡൈബാല തുടങ്ങി ഇഷ്ടമുള്ള മികച്ച കളിക്കാർ ഇനിയുമുണ്ട്. എന്നാൽ കാറ്റുനിറച്ച ഒരു പന്തുകൊണ്ട് കളിക്കളത്തിൽ കവിത എഴുതാനുള്ള മെസ്സിയുടെ കാല്പാദചാതുര്യവും തലച്ചോറിന്റെ ഭാവനയും സൂക്ഷ്മതയും മറ്റു കളിക്കാരിൽ അത്രകണ്ട് ഉണ്ടെന്ന് തോന്നുന്നില്ല. അസാമാന്യ പ്രതിഭ തന്നെയാണു ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിക്കളത്തിലെ കാളക്കൂറ്റനായ നദാലിനെപ്പോലെ. പേശീബലവും സ്വാർത്ഥതയെന്ന് വ്യാഖ്യാനിക്കപ്പെടാവുന്ന ജയതൃഷ്ണയുമാണു ഇരുവരുടേയും കൈമുതൽ. എന്നാൽ കളിക്കളത്തിലെ സൗന്ദര്യമാണു മെസ്സി – ഫെഡററെപ്പോലെ. രണ്ട് ഗോളടിച്ചതിനു ശേഷം ലഭിച്ച പെനാൽറ്റി മെസ്സിക്ക് ഹാട്രിക് തികയ്ക്കാനും അധികപോയിന്റാക്കാനും ഉതകുമായിരുന്നിട്ടും മെസ്സി ആ അവസരം നെയ്മർക്ക് കൈമാറുന്നതാണു നാം കണ്ടത്. ഒരു നല്ല കളിക്കാരനാകാൻ മാത്രമല്ല, ഒരു നല്ല മനുഷ്യനാകാൻ കൂടി മെസ്സി തന്നെ സഹായിക്കുന്നുവെന്നാണു നെയ്മർ മൽസരശേഷം പറഞ്ഞത്. പെനാൽറ്റി പാസ്സ് ചെയ്ത് സുവാറസിനെക്കൊണ്ട് സ്കോർ ചെയ്യിച്ച മെസ്സിയുടെ കുസൃതിയും നമുക്ക് ഓർമ്മയുണ്ട്. സ്വാർത്ഥത ലവലേശമില്ലാത്ത കായികസംസ്കാരം മെസ്സിയിൽ തിളങ്ങുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകൾ ഇതിനൊക്കെ അപ്പുറമാണു. സമകാലികനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 910 കളികളിൽ 654 ഗോളടിക്കുകയും 207 അവസരമൊരുക്കുകയും ചെയ്തു. മെസ്സിയാകട്ടെ 761 കളികളിൽ 616 ഗോളടിക്കുകയും 250 അവരങ്ങൾ ഒരുക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കേളീമികവിനെക്കുറിച്ചും പ്രൗഢസുന്ദരമായ ഒരു ലേഖനം അതിന്റെ രചനാവൈശിഷ്ഠ്യം കൊണ്ട് പ്രസിദ്ധമാണു. കാല്പന്തുകളിയിലെ റൊണാൾഡോയുടെ വിസ്മയസിദ്ധികൾ അതീവമനോഹരമായി വർണ്ണിക്കുന്ന ആ സുദീർഘലേഖനം അവസാനിക്കുന്ന വാചകം മർമ്മപ്രധാനമാണു. ആ ഇംഗ്ലീഷ് വരികൾ ഏതാണ്ട് ഇങ്ങനെ പരിഭാഷപ്പെടുത്താം. “ഇക്കാരണങ്ങളാലാണു ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഗണിക്കുന്നത് – ലയണൽ മെസ്സി കഴിഞ്ഞാൽ”
എന്റെ ടീം:
ഗോളി: ലെവ് യാഷിൻ.
ഡിഫൻസ്: മാൾഡിനി, മഷറാനോ, പിക്കെ, ജെറോം ബോട്ടെങ്
മിഡ്ഫീൽഡ്: റോബർട്ടോ കാർലോസ്, ഇനിയെസ്റ്റ.
ആക്രമണനിര: പെലെ, മെസ്സി, മറഡോണ, പുസ്കാസ്.
Be the first to write a comment.