(അതിർത്തികൾ മായ്ച്ചുകളയുന്ന ലോകത്തിലെ ഏറ്റവും വലിയ കായികോൽസവങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ അരങ്ങേറുമ്പോൾ നവമലയാളി ഓപ്പൺഫോറം ലോകകപ്പ് സ്പെഷലിൽ കളിയുടെ ആരാധകരായവരിൽ ചിലരുടെ രസകരമായ പക്ഷംപിടിക്കലുകൾ, ഓർത്തെടുക്കുന്ന, തെരഞ്ഞെടുക്കുന്ന കളിയോർമ്മകൾ, കളിനിമിഷങ്ങൾ, ഇഷ്ടടീം, ഇഷ്ടകളിക്കാർ, സ്വപ്നടീം… ആരാധകരുടെ ഫുട്ബോളിഷ്ടങ്ങൾ)
കാൽപന്തുകളിയുടെ ഇരുപത്തി ഒന്നാമത്തെ മാമാങ്കത്തിന് ചരിത്രം ഇരമ്പുന്ന റഷ്യയിൽ തുടക്കം കുറിക്കുകയാണ്. ലോകം മുഴുവൻ ഒരു മാസം വായുനിറച്ച തുകൽപന്തിനൊപ്പം സഞ്ചരിക്കുന്നു. ചലിക്കുന്ന പന്തിനൊപ്പം പെരുമഴപോലെ പെയ്യുകയാണ് കളിയോർമ്മകളും. ഓർമ്മ ഉറച്ച കാലം തൊട്ടേ ഒരു ലോകകപ്പും കാണാതിരുന്നിട്ടില്ല. കളിയെഴുത്തുകൾ ആർത്തിയോടെ വായിക്കാതിരുന്നിട്ടില്ല.
ഒരു ഫുട്‌ബോൾ കളിക്കാരൻ ആവുക എന്നതായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം ”ഒരു മനുഷ്യന് അവന്റെ ഭാര്യയെയും, കാമുകിയെയും, വാഹനവും, രാഷ്ട്രീയവും മതവും മാറ്റാൻ കഴിഞ്ഞേക്കാം. എന്നാൽ ഇഷ്ടപ്പെട്ട ഫുട്‌ബോൾ ക്ലബിനെ മാറ്റാൻ കഴിയില്ല” എന്ന എഡ്വേർഡ് ഗലിയാനോയുടെ വാക്കുകൾ ശരിവെച്ചു കൊണ്ട് പ്രിയ ടീം ഇപ്പോഴും എപ്പോഴും അർജന്റീന തന്നെ. പ്രിയതാരം മറഡോണയിൽ നിന്നും മെസ്സിയിൽ എത്തി നിൽക്കുന്നു. 86-ലെ ലോകകപ്പിൽ ചെകുത്താനും ദൈവവും ആയി അവതരിച്ചുകൊണ്ട് മറഡോണ സ്വർണകപ്പ് ഏറ്റുവാങ്ങുമ്പോൾ എനിക്ക് 5 വയസ്സ് പ്രായം. ആ വീരഗാഥകൾ കണ്ടും കേട്ടുമാണ് വളർന്നത്. ശാരീരികമായി ദുർബലനായതിനാൽ കളിക്കളത്തിൽ അധികം ശോഭിക്കാൻ ആയില്ല. ഗോളുകൾ നേടിയിരുന്നത് പലപ്പോഴും സ്വപ്നത്തിൽ മാത്രമായിരുന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്തെ കളിയിൽ കരുത്തർക്ക് മാത്രമേ ഇടമുണ്ടായിരുന്നുള്ളു. കാലിൽ പന്തെത്തുമ്പോഴേക്കും ആരെങ്കിലും ഇടിച്ചിട്ട് പന്തുമായി പോകും. പതുക്കെ കളി ക്രിക്കറ്റിലേക്ക് വഴിമാറി. അപ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റിൽ ഒരു മിശിഹ അവതരിച്ചിരുന്നു. വില്ലോമരത്തിന്റെ ചില്ലയിൽ തുന്നൽ പന്തു പതിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം സംഗീതം പോലെ മനോഹരമാണെന്ന് എന്റെ തലമുറയെ അനുഭവിപ്പിച്ച സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന കുറിയ മനുഷ്യൻ. കളിക്കളത്തിൽ ആ കലാകാരൻ കാഴ്ചവെച്ച മാന്ത്രികതയിൽ മയങ്ങി ബാഗ് പൈപ്പറിന്റെ കുഴലൂത്തിനു പിന്നാലെ പോയ കുട്ടികളെപ്പോലെ ഞങ്ങളും ക്രിക്കറ്റ് മൈതാനങ്ങളിൽ എത്തി. തുകൽപന്തിനൊപ്പം തുന്നൽപന്തും കയ്യിലെടുത്തു.
ഓരോ ലോകകപ്പും വീരനായകരെ പോലെ തന്നെ ദുരന്തനായകരെയും സമ്മാനിക്കാറുണ്ട്. എല്ലാം വെട്ടിപ്പിടിച്ചവരോടൊപ്പം അവസാനത്തെ പടിയിൽ കണ്ണീരോടെ വീണുപോയവർ, വീരനായകരുടേയും ദുരന്തനായകരുടേയും വേഷങ്ങൾ മാറിമാറി അണിയുന്നവരും ഉണ്ട്. 86-ലെ വീരനായകൻ മറഡോണ 90-ൽ ദുരന്തനായകനായി. 98-ൽ കണ്ണീരോടെ മടങ്ങിയ റൊണാൾഡോ 2002-ൽ ആനന്ദകണ്ണീരോടെ മടങ്ങി. 98-ലെ നക്ഷത്രം സിദാൻ 2006-ൽ പരാജയത്തിന്റെ കയ്പുനീരുമായി ഹംസഗാനം പാടി.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തനായകൻ ഒരുപക്ഷേ ബാർബോസ ആകാം. 1950-ലെ ബ്രസീൽ ടീമിലെ ഗോളി. ആ ലോകകപ്പ് ഫൈനലിൽ ഉറുഗ്വേയോടേറ്റ തോൽവി ബ്രസീൽ എന്ന രാജ്യത്തിന്റെ വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. അന്ന് മാറക്കാന സ്റ്റേഡിയത്തിൽ ബ്രസീൽ ആദ്യമായി ലോകകപ്പ് നേടുന്നത് കാണാൻ എത്തിയത് 2 ലക്ഷത്തിൽ പരം കാണികളാണ്. എല്ലാ കളികളും ആധികാരികമായി ജയിച്ചാണ് ബ്രസീൽ ഫൈനലിൽ എത്തിയത്. ഉറുഗ്വേ ആണെങ്കിൽ തപ്പിത്തടഞ്ഞും. എത്ര ഗോളിന് ബ്രസീൽ ജയിക്കും എന്നത് മാത്രമായിരുന്നു പലരുടേയും സംശയം. ഫൈനലിനു ശേഷം വിജയിച്ച ബ്രസീൽ ടീമിനുള്ള അനുമോദന പ്രസംഗം വരെ ഫിഫ പ്രസിഡന്റും ബ്രസീൽ പ്രസിഡന്റും തയ്യാറാക്കി വെച്ചിരുന്നു. പ്രതിരോധിച്ച് കളിച്ച് ഏറ്റവും കുറച്ച് ഗോളുകൾ വാങ്ങി രാജ്യത്തിന്റെ അഭിമാനം കാക്കുക എന്ന സന്ദേശമായിരുന്നു ഉറുഗ്വേൻ ഫുട്‌ബോൾ അധികൃതരും സ്വന്തം ടീമിന് നൽകിയത്. എന്നാൽ വരേല എന്ന ക്യാപ്റ്റൻ അങ്ങനെ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. കളിക്കളത്തിലേക്ക് പ്രവേശിക്കുന്ന ഇടനാഴികയിൽ വെച്ച് കളിക്കാരെ ചുറ്റും നിർത്തി ക്യാപ്റ്റൻ പറഞ്ഞു. ”നമ്മളീ കളി ജയിക്കാനാണ് കളിക്കുന്നത്.”
ബ്രസീലിന്റെ സമ്പൂർണ ആധിപത്യത്തോടെ തന്നെ ആയിരുന്നു കളി തുടങ്ങിയത്. ഫ്രിയാക്കയുടെ ഗോളിൽ ബ്രസീൽ ആദ്യം മുന്നിലെത്തുകയും ചെയ്തു. പക്ഷേ അപ്പോൾ വിചിത്രമായ ഒരു കാഴ്ചക്ക് കളിക്കളം സാക്ഷ്യം വഹിച്ചു. ഫ്രിയാക്കയുടെ ഗോൾ ഓഫ്‌സൈഡ് ആണ് എന്ന് വാദിച്ചുകൊണ്ട് ഉറുഗ്വേൻ ക്യാപ്റ്റൻ വരേല കളി തടസ്സപ്പെടുത്തുന്നു. ഏതാനും മിനുറ്റുകൾക്കുശേഷമാണ് കളി പുനരാരംഭിക്കുന്നത്. അതിനെക്കുറിച്ച് വരേല പിന്നീട് പറഞ്ഞത് ആ ഗോൾ ഓഫ്‌സൈഡ് അല്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ കളി കുറച്ചുനേരം തടസ്സപ്പെടേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ബ്രസീലിന്റെ കളിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുക എന്നതായിരുന്നു വരേലയുടെ ഉദ്ദേശ്യം. പിന്നീടുള്ള കളി വരേല മനസ്സിൽ കണ്ടപോലെ തന്നെ ആയിരുന്നു. പതുക്കെ കളിയിൽ ആധിപത്യം പിടിച്ചെടുത്ത വരേലയും കുട്ടികളും ഷിയാഫിനോയുടേയും ഗിഗിയയുടേയും ഗോളുകളിൽ ബ്രസീലിനെ തോൽപ്പിച്ച് മോഹിപ്പിക്കുന്ന കിരീടം സ്വന്തമാക്കി. ആ രാത്രി ബ്രസീൽ എന്ന രാജ്യത്തിന് കണ്ണുനീരിന്റേതായിരുന്നു. മുഖത്തിന്റെ പാതിമറയുന്ന ഒരു തൊപ്പിയുമായി വരേല പൊട്ടിക്കരയുന്ന ബ്രസീലുകാർക്കിടയിലൂടെ ആ രാത്രി മുഴുവൻ തെരുവുകളിലും പമ്പുകളിലും അലഞ്ഞു നടന്നു എന്നും കഥയുണ്ട്. തങ്ങളുടെ കണ്ണുനീരിന്റെ കാരണക്കാരനാണ് ഒപ്പമിരുന്ന് മദ്യപിക്കുന്നത് എന്ന് ഒറ്റ ബ്രസീലുകാരനും തിരിച്ചറിയുകയും ചെയ്തില്ലത്രേ.
ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തനായകനായി ഗോളി ബാർബോസ മാറി. സത്യത്തിൽ ബ്രസീൽ വഴങ്ങിയ രണ്ട് ഗോളുകളും ബാർബോസയുടെ പിഴവ് കൊണ്ട് ആയിരുന്നില്ല. എങ്കിലും അന്നത്തെ പരാജയത്തിനു ശേഷം ബ്രസീലിലെ ഏറ്റവും വെറുക്കപ്പെട്ടവനും പാപിയും ഏകാകിയുമായി അയാൾ മാറി. കൂട്ടുകാരെല്ലാം ഉപേക്ഷിച്ചു പോയി. പ്രധാന ക്ലബ്ബുകളൊന്നും അയാളെ കളിപ്പിച്ചില്ല. തെരുവിലൂടെ പോകുമ്പോൾ കൈക്കുഞ്ഞുങ്ങളുമായി പോകുന്ന അമ്മമാർ വരെ അയാളെ ശപിച്ചു. നീണ്ട വർഷങ്ങൾ ശാപഗ്രസ്തനായ അശ്വഥാത്മാവിനെ പോലെ ദുരിതജീവിതം അയാൾ ജിവിച്ചു തീർത്തു. 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിനു മുമ്പായി മാറക്കാനയിൽ നടന്ന ബ്രസീൽ ടീമിന്റെ പരിശീലന ക്യാമ്പ് സന്ദർശിക്കുവാനുള്ള ആഗ്രഹം ബാർബോസ പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ ടീം അധികൃതർ അത് അനുവദിച്ചില്ല. ബാർബോസ ക്യാമ്പ് സന്ദർശിക്കുന്നത് ഒരു ദുശ്ശകുനമായി അവർ കരുതി. ഉറക്കെ വിലപിച്ചുകൊണ്ട് അന്ന് ബാർബോസ പറഞ്ഞു. ”എന്റെ പിഴ കൊണ്ടായിരുന്നില്ല അത്. മാത്രമല്ല ഞാൻ ഒറ്റക്കായിരുന്നില്ല. ഞങ്ങൾ 11 പേരുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് എന്നെ മാത്രം ക്രൂശിക്കുന്നു.” 30 വർഷത്തെ തടവാണ് ബ്രസീലിലെ ഏറ്റവും വലിയ ശിക്ഷ. 44 വർഷങ്ങൾക്കു ശേഷവും എന്റെ ജനത എന്നോട് ക്ഷമിക്കുന്നില്ലല്ലോ എന്നും അയാൾ വിലപിച്ചു. രണ്ടായിരാമാണ്ടിൽ 50 വർഷത്തെ കരച്ചിലിനു വിരാമമിട്ടു കൊണ്ട് ബാർബോസയുടെ ദുരിത ജീവിതം അവസാനിച്ചു.
ആരൊക്കെ ആയിരിക്കാം 2018-ലെ വീരനായകരും ദുരന്തനായകരും? ആരെയും മോഹിപ്പിക്കുന്ന ആ കിരീടത്തിനുമേൽ പതിക്കുന്ന ആനന്ദകണ്ണീർ ലയണൽ മെസ്സിയുടേതാകട്ടെ എന്ന് അത്രമേൽ ആഗ്രഹം. ‘വെണ്ണയിൽ കത്തി പൂളുന്നതുപോലെ പന്തുമായി മുന്നേറുന്നവൻ’ എന്ന് ഗലിയാനോ വിശേഷിപ്പിച്ച; അന്യഗ്രഹജീവി എന്ന് വരെ പലരും അത്ഭുതപ്പെടുന്ന ആ മനുഷ്യൻ അതർഹിക്കുന്നു.
Be the first to write a comment.