(അതിർത്തികൾ മായ്ച്ചുകളയുന്ന  ലോകത്തിലെ ഏറ്റവും വലിയ കായികോൽസവങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ അരങ്ങേറുമ്പോൾ നവമലയാളി ഓപ്പൺഫോറം ലോകകപ്പ് സ്പെഷലിൽ  കളിയുടെ ആരാധകരായവരിൽ ചിലരുടെ രസകരമായ പക്ഷംപിടിക്കലുകൾ, ഓർത്തെടുക്കുന്ന, തെരഞ്ഞെടുക്കുന്ന കളിയോർമ്മകൾ, കളിനിമിഷങ്ങൾ, ഇഷ്ടടീം, ഇഷ്ടകളിക്കാർ, സ്വപ്നടീം… ആരാധകരുടെ ഫുട്ബോളിഷ്ടങ്ങൾ) 

വാസു എന്നെ നോക്കി ചിരിച്ചപ്പോൾ മുതൽ ഞാൻ ചളവറ സന്ധ്യാക്ലബ്ബിന്റെ ആരാധകനായതാണു. എന്റെ ഒരു ക്ലാസ്സിനു മാത്രം മുകളിലായിരുന്നെങ്കിലും പി. സി വാസു പ്രായം കൊണ്ട് എന്റെ വളരെ സീനിയറായിരുന്നു. മികച്ച അത്ലറ്റും ഫുട്ബോളറുമായ വാസുവിനോടുള്ള ആരാധന വാസുവിന്റെ ടീമിനോടുമുള്ളതായി മാറി. പിന്നീട് സന്ധ്യാക്ലബ്ബുതന്നെ ഇല്ലാതായി. ഞാൻ വളരുകയും ചെയ്തു. എന്റെ ഇഷ്ടവും ചളവറയുടെ ചെറിയ അതിരുകൾ വിട്ട് കൊൽക്കത്തയോളം വളർന്നു. വാസുവിന്റെ സ്ഥാനത്ത് സേവ്യർ പയസ്സിനോടായി ആരാധന. അതും ഒപ്പം മോഹൻ ബഗാൻ എന്ന പേരിനോടുള്ള ആകർഷണവും കൂടിയായപ്പോൾ ഇഷ്ടടീം അവരായി. അവർ മങ്ങുകയും ലോകഫുട്ബോളിന്റെ വിസ്മയക്കാഴ്ച്ചകളിലേക്ക് ഞാൻ കണ്ണുമിഴിക്കുകയും ചെയ്തതോടെ എന്റെ ഇഷ്ടവും ദേശാതിർത്തികൾ വിട്ട് പറന്നു. സീക്കോയും സോക്രട്ടീസും എന്നെ ബ്രസീലിന്റെ ആരാധകനാക്കി. എന്നാൽ മറഡോണ എന്ന ആ കുറിയ മനുഷ്യൻ ഒറ്റയ്ക്ക് എല്ലാം അട്ടിമറിച്ചു. മദ്ധ്യവരയിൽ നിന്ന് ഇംഗ്ലണ്ടിന്റെ ഏഴുപേരെ മറികടന്ന് ഷിൽട്ടൺന്റെ വലനിറച്ചതുപോലെ ചളവറയുടെ പി.സി വാസു മുതൽ സീക്കോ വരെയുള്ളവരുടെ ആരാധ്യനിരയെ മറികടന്ന് മറഡോണ എന്റെ ഹൃദയവും നിറച്ചു. അന്നുമുതൽ എന്റെ ഇഷ്ടടീം അർജന്റീനയാണു.

ഇഷ്ടകളിക്കാരൻ. അത് ഡീഗോ അർമാൻഡോ മറഡോണയല്ലാതെ മറ്റാരാണു! കളിക്കളത്തിനകത്തുള്ള കളിയുടെ സൗന്ദര്യാവിഷ്കാരവും പുറത്തുള്ള നിലപാടുകളുടെ ധീരതയും മറഡോണയെ എന്റെ എക്കാലത്തെയും ഇഷ്ടതാരമാക്കുന്നു. ഷിൽട്ടനെ നേരിട്ടതിനെക്കാൾ തീക്ഷ്ണമായിട്ടായിരുന്നല്ലോ അയാൾ ബുഷിനെ നേരിട്ടത്!

ആവർത്തിക്കുന്നതിൽ ക്ഷമിക്കണം. എന്റെ മനസ്സിൽ പതിഞ്ഞ കളിയിലെ ആ ഇഷ്ടനിമിഷത്തിന്റെ ഉടമയും മറഡോണയെന്ന ആ കുറിയവൻ തന്നെയാണു. നേരത്തേ പറഞ്ഞ ആ ഗോൾ. അത് ഫുട്ബോൾ ചരിത്രത്തിലെ സുന്ദരഗോൾ മാത്രമല്ല. ഒരു ജനതയുടെ ആത്മാഭിമാനം വീണ്ടെടുത്ത വിമോചകനിമിഷം കൂടിയായിരുന്നല്ലൊ. വീംസിയുടേതാണോ എന്ന് തീർച്ചയില്ലാത്ത ഒരു വാചകം ചരിത്രത്തിലെ സ്തംഭിച്ചുനിന്ന ആ നിമിഷത്തെക്കുറിച്ചുള്ളത് ഇങ്ങനെയാണു. “മറഡോണയുടെ ബൂട്ടുകൾക്കടിയിൽ ഇംഗ്ലണ്ട് ചതഞ്ഞരഞ്ഞു”. യുദ്ധോൽസുകവും ഹിംസാത്മകമെന്നും വിമർശിക്കാമെങ്കിലും ഫോക്ലന്റിന്റെ പശ്ചാത്തലത്തിൽ അർജന്റീനയെന്ന പതിതരാജ്യത്തോടുള്ള പക്ഷപാതിത്വം മൂലം അന്ന് മനസ്സിൽ പതിഞ്ഞതാണു.

എന്റെ സ്വപ്ന ലോക ഇലവൻ:

ഗോളി: ലെവ്‌ യാഷിൻ

ഡിഫൻസ്‌: റോബർട്ടോ കാർലോസ്‌, മൾഡീനി, ബെക്കൻ ബോവർ, ഗാരി നെവിൽ

മിഡ്‌ ഫീൽഡ്‌: മാറഡോണ, യോഹാൻ ക്രൈഫ്‌, യൂസേബിയോ

ഫോർവ്വേർഡ്‌: പുഷ്കാസ്‌, പെലെ,മെസി.

Comments

comments