(അടിയന്തരാവസ്ഥക്കാലത്ത് വാസൻ പുത്തൂർ രചിച്ച മലയാളത്തിലെ ആദ്യത്തെ അസംബന്ധനാടകമായ ‘കബന്ധങ്ങൾ’ പുസ്തകരൂപത്തിൽ പ്രകാശിക്കപ്പെടുകയാണു. ആലങ്കോട് ലീലാകൃഷ്ണനും രചയിതാവായ വാസൻ പുത്തൂരും ഒരു കാലഘട്ടത്തിന്റെ തീക്കൽ പേറുന്ന ആ നാടകത്തെക്കുറിച്ച്.)
കബന്ധങ്ങൾ നാടുകാണാനിറങ്ങുന്നു ! – ആലങ്കോട് ലീലാകൃഷ്ണൻ
മരിച്ചിട്ടും മരിയ്ക്കാനറിയാത്ത ശവങ്ങളുടെ അധികാരനാടകം കണ്ടുമടുത്തുപോയ വൃദ്ധൻ ഒരു കഥ പറഞ്ഞു :
‘പണ്ട് പണ്ടൊരു യുദ്ധം നടന്നു, യുദ്ധാവസാനം കബന്ധങ്ങൾ മാത്രം അവശേഷിച്ചു. കബന്ധങ്ങളെ കുന്നുകൂട്ടി ഒരാൾ ഒരു രാഷ്ട്രം സൃഷ്ടിച്ചു, എന്നിട്ടതിന്റെ രാജാവായി, ഭരണം സുഖകരം! എന്തു തോന്യാസവും ഭൂഷണം, {പജകൾ കബന്ധങ്ങളാണല്ലോ’
ഇതിനേക്കാൾ പ്രതീകാത്മകമായ കയ്യടക്കത്തോടെ എങ്ങനെയാണു അടിയന്തിരാവസ്ഥയുടെ അസബന്ധങ്ങൾക്ക് അരങ്ങുഭാഷ്യമൊരുക്കുക!
അടിയന്തിരാവസ്ഥക്കാലത്തെ ഒരു സ്വാതന്ത്ര്യദിനം (ആഗസ്റ്റ് – 15) അടിയന്തിരാവസ്ഥ പ്രണയികൾ ഉത്സവംപോലെ ആഘോഷിച്ചപ്പോൾ അതിനെതിരെ {ഗാമത്തിൽ ഒറ്റയ്ക്ക് കരിങ്കൊടിയുയർത്തിയ പ്രക്ഷോഭകാരിയായിരുന്നു വാസൻ പുത്തൂർ. ‘അവന്റെ തന്ത ചത്തിട്ടാണ് കരിങ്കൊടിയുയർത്തിയതെ’ന്നു പരിഹസിച്ച ധാർഷ്ട്യത്തിനെതിരെ നാടകത്തെ ഒരു നവീന സമരായുധമാക്കി വാസൻ. അങ്ങനെയാണ് ‘കബന്ധങ്ങൾ’ പിറന്നത്. നാടകകൃത്തു തന്നെ വിശേഷിപ്പിച്ചിട്ടുള്ളതുപോലെ ”ഒരശ്ലീലകാലത്തിന്റെ അസംബന്ധരചന’.
പറഞ്ഞതുപോലെ, അടിയന്തിരാവസ്ഥക്കാലത്ത് എഴുതപ്പെട്ട നാടകമാണ് വാസൻ പുത്തൂരിന്റെ ‘കബന്ധങ്ങൾ’. സ്വേച്ഛാധികാരം സൃഷ്ടിക്കുന്ന അസംബന്ധങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു അടിയന്തിരാവസ്ഥ. അതിനോട് ഒരസംബന്ധനാടകത്തിലൂടെയല്ലാതെ അക്കാലത്ത് {പതികരിക്കാനാവുമായിരുന്നില്ല. അടിയന്തിരാവസ്ഥക്കാലത്തുതന്നെ, സ്‌ക്കറിയയുടെയും കെ എസ്സ് വിജയന്റെയും നേതൃത്വത്തിൽ ഇടപ്പിള്ളിയിൽ ജി.ശങ്കരപ്പിള്ള ചെയർമാനായിരുന്ന കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകമത്സരത്തിൽ ‘കബന്ധങ്ങൾ’ വീണ്ടും അവതരിപ്പിച്ചു. തുടർന്ന് കുന്നംകുളം ബാർ ഓഡിറ്റോറിയത്തിൽ അഖില കേരള നാടകത്തിനുള്ള കമ്പുള്ളി ബാലൻ സ്മാരക ട്രോഫിയും നേടി.
തലയില്ലാത്തവരുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രമാണ് ‘കബന്ധങ്ങളു’ടെ പ്രമേയം. കബന്ധവാഹകൻ ഇതിലെ ഒരു പ്രധാന കഥാപാത്രമാണ്. ജീവിതത്തിലേക്കും മരണത്തിലേക്കും പോവുന്ന വണ്ടികൾ വന്നുനിൽക്കുന്ന ഒരു സ്റ്റേഷനിൽ വണ്ടി കാത്തുനിൽക്കുന്ന യുവാവും യുവതിയും മദ്ധ്യവർത്തിയും സ്റ്റേഷനിലെ പോർട്ടറും ഒരു വൃദ്ധനുമാണ് മറ്റു കഥാപാത്രങ്ങൾ. അവർ ഒരിയ്ക്കലും വരാനിടയില്ലാത്തവിധം വൈകിയോടുന്ന വണ്ടി കാത്തിരിക്കുകയാണ് – ‘ഗോദേയെ കാത്ത്’ എന്നതുപോലെ. ഈ ബ്രഹ്റ്റിയൻ അസംബന്ധത്തിന്റെ അരങ്ങിലാണ് കബന്ധങ്ങളാൽ നയിക്കപ്പെടുന്ന കബന്ധങ്ങളുടെ അശ്ലീല നാടകമായി അടിയന്തിരാവസ്ഥ മറനീക്കപ്പെടുന്നത്.
വാസൻ പുത്തൂരിന്റെ ഈ നാടകത്തിന് അന്നും ഇന്നും മനുഷ്യാവകാശ സമരചരിത്രങ്ങളുടെ അരങ്ങിൽ അനിഷേധ്യമായ സ്ഥാനമുണ്ടാവുന്നത് ഈ നാടകീയ നിര്യഹണം മൂലമാണ്. അതുകൊണ്ടുതന്നെ ഉത്തമലക്ഷ്യബോധമുള്ള മലയാളത്തിലെ ആദ്യത്തെ അസംബന്ധ നാടകമായി മാറി ഈ രചന മാറുന്നു. പുളിമാനയുടെ ‘സമത്വവാദിയ്ക്ക്’ അക്കാദമിക് പരിഗണന നൽകുമെങ്കിലും രാഷ്ട്രീയനാടക ചരിത്രത്തിലെ ആദ്യ അസംബന്ധ നാടകം ‘കബന്ധങ്ങൾ’ തന്നെ. ഈ അസംബന്ധം ഒരു പോരാട്ടത്തിന്റെ പ്രച്ഛന്നമായ ഇച്ഛാബലമായിരുന്നു.
കുന്നംകുളത്തുകാരൻ, പഴയ സകലകലാവല്ലഭൻ, സ്‌ക്കറിയ ആദ്യമായി രംഗത്തവതരിപ്പിച്ച ഈ നാടകം നാൽപ്പതാണ്ടുകൾക്കു ശേഷം സാംസ്‌ക്കാരിക സാഹസികനായ മറ്റൊരു സ്‌ക്കറിയ (സ്‌ക്കറിയ മാത്യു) പുസ്തകമായി അച്ചടിക്കുന്നതിനുപിന്നിലെ ചേതോവികാരവും സമൂഹിക പ്രസക്തിയും എന്താവാം? അടിയന്തിരാവസ്ഥ വീണ്ടും വന്നാലോ എന്ന ശരിയായ സമകാലിക രാഷ്ട്രീയാവബോധമുണ്ടാക്കുന്ന ഉൽക്കണ്ഠ തന്നെയായിക്കൂടെ? ‘അടിയന്തിരാവസ്ഥവരും’ എന്നു വിചാരിയ്ക്കാൻ ശ്രമിക്കുമ്പോൾ പഴയ ചില ഭയങ്ങൾ ഈ നാടകത്തെ കൂടുതൽ {പസക്തമാക്കുന്നു. മറക്കാൻ പാടില്ലാത്ത ഒരു യാഥാർത്ഥ്യമുണ്ട്, ബൂർഷ്വാ ജനാധിപത്യം എപ്പോൾ വേണമെങ്കിലും ഏകാധിപത്യമാവാം എന്നതാണത്. നാടകത്തിലെ വൃദ്ധൻ പറയുന്നു: ‘ഇത് സ്വപ്നങ്ങളുടെ ശവപ്പറമ്പാണ്. സ്വപ്നങ്ങളുടെ ചുമടുമായി വരുന്ന യാത്രക്കാർ, അവ ഈ പാളങ്ങളിലേക്ക് വലിച്ചെറിയുന്നു. എല്ലാ സ്വപ്നങ്ങളും ഒടുവിൽ ഇരുമ്പുചക്രങ്ങൾക്കിടയിൽ തലയറ്റുപോകുന്നു.”
അടിയന്തിരാവസ്ഥയും തീവ്രഇടതുപക്ഷരാഷ്ട്രീയവും ബലിയാക്കിത്തീർത്ത കുറേ സത്യസന്ധമായ ജീവിതങ്ങളെ ഓർമ്മിപ്പിക്കുന്നു ഈ നാടകം. വർക്കല വിജയനും ഷൺമുഖദാസും അങ്ങാടിപ്പുറം ബാലകൃഷ്ണനും രാജനും അലക്‌സുമൊക്കെ പോയ വഴിയിൽ ബലിയായിത്തീരുകയായിരുന്ന കുറെ ക്ഷുഭിത യൗവനങ്ങൾ കുന്നംകുളത്ത് ഒത്തുചേർന്നിരുന്നു. ആ ‘സുധ കോളേജ്’ കാലഘട്ടം ഈ നാടകം ഏറ്റെടുക്കുന്നത് തീവ്രമായ നവ ഇടതുപക്ഷ പ്രത്യാശകൾ മൂലമായിരുന്നു. ആ കാലവും അസ്ഥമിച്ചു, വർക്കല വിജയനെ ഓർത്തുകൊണ്ട് പഴയ ടീയെൻ ജോയി ഒരിടത്ത് പാതി ആത്മഗതമായി ഇങ്ങനെ പറഞ്ഞുപോവുന്നുണ്ട്. ” നീണ്ടുപോവുന്ന വർക്കല- തിരുവനന്തപുരം റെയിൽപ്പാതയുടെ ഓരങ്ങളിലൂടെ നടത്തിയ ഉദ്വേഗങ്ങളുടെ യാത്രയിൽ നീ എന്നെ ബെന്നിസഖാവെന്നു വിളിച്ചു. ഞാനിന്ന് ബെന്നിയല്ല- നിന്റെ രക്തത്തിനുപകരം ചോദിക്കാൻ കെൽപ്പില്ലാതെ, മുസരിസ്സിൽ അടങ്ങിയൊതുങ്ങി……”
കേവലം പരിഹാസ്യമായ പ്രഹസനങ്ങൾ മാത്രമായി പിൽക്കാലം തള്ളിക്കളഞ്ഞ ആ ഹ്രസ്വകാല വിപ്ലവമൂല്യം പക്ഷെ കളങ്കമറ്റതും ആത്മാർത്ഥവുമായിരുന്നു. ഒതുക്കപ്പെട്ടവരെല്ലാം തോറ്റവരായിരുന്നില്ല. ജീവിതത്തിനും മരണത്തിനുമിടയിലുള്ള റെയിൽപാളത്തിൽ അവസാനത്തെ വണ്ടി കാത്തുനിൽക്കുന്ന, കബന്ധങ്ങളിലെ സ്വന്തം തല നഷ്ടപ്പെട്ട കഥാപാത്രങ്ങൾ അടിയന്തിരാവസ്ഥ പോലുള്ള അസംബന്ധജഡിലമായ ചില സ്വേച്ഛാധികാര കാലങ്ങളുടെ ഇരകളാണ്.
ചരിത്രം ദുരന്തമായും പ്രഹസനമായും ആവർത്തിക്കപ്പെടാം. ആ കാലത്തൊക്കെ ‘കബന്ധങ്ങൾ’ എന്ന നാടകത്തിന് കൂടുതൽ കൂടുതൽ {പസക്തിയുണ്ടായിത്തീരുകയും ചെയ്യും. ഉള്ളിൽ വിമോചന രാഷ്ട്രീയത്തിന്റെ തീയണഞ്ഞിട്ടില്ലാത്ത സ്‌ക്കറിയ മാത്യുവിന് വാസൻ പുത്തൂരിന്റെ അകത്തെ കനലിനെ അറിയാം. രക്തം രക്തത്തെ കണ്ടെത്തി സംഘം ചേരുന്നതുപോലെ പതിറ്റാണ്ടുകൾക്കിടയിലെ ദൂരങ്ങളെ അസാധുവാക്കിക്കൊണ്ട് രവി കേച്ചേരിയുടെ പഴയ സൂക്ഷിപ്പിൽ നിന്ന് ഈ നാടകം കണ്ടെടുക്കുന്നു. വാസനും മാധവേട്ടനും കെ.എസ്സും സ്‌ക്കറിയാച്ചനും ശേഖരൻ അത്താണിക്കലും ഹുസ്സൈനും പാങ്ങിൽ ഭാസ്‌ക്കരനും രാജൂപൊടിയനും തോമസ്സ് അയ്യങ്കുളവും ആവശ്യപ്പെടുന്ന ഒരരങ്ങിൽ വീണ്ടും സന്ധിക്കുന്നു. ഈ കൂടിച്ചേരലിന് സർഗ്ഗാത്മകമായ ഒരു പുതിയ രാഷ്ട്രീയ പ്രത്യാശയുടെ അരുണ രാശിയുണ്ട് അതിനാൽ, ‘കബന്ധങ്ങൾ’ എന്ന നാടകകൃതിയുടെ ഈ പ്രസാധനം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടി ആയിത്തീരുന്നു.
ഹൃദയപൂർണ്ണമായ ആശംസകൾ
ആലങ്കോട് ലീലകൃഷ്ണൻ
ആലങ്കോട്
26-5-2018
—————————————-
(1978-ൽ കുന്നുകുളം സുധ കോളേജിന്റെ വാര്‍ഷികത്തില്‍ അവതരിപ്പിച്ച വാസന്‍ പുത്തൂരിന്റെ കബന്ധങ്ങള്‍ എന്ന മലയാളത്തിലെ ആദ്യത്തെ അസംബന്ധ നാടകത്തില്‍ സ്ക്കറിയ കുന്നംകുളം, പാങ്ങില്‍ ഭാസ്ക്കരന്‍, ശേഖരന്‍ അത്താണിക്കല്‍ , ലീലാ ഹരി, അബദുള്‍ ഖാദര്‍ മാഞ്ഞാലി. ശേഖരന്‍ അത്താണിക്കലിന്‍റെ ശേഖരത്തില്‍ നിന്ന്)
കബന്ധങ്ങൾ ഉണ്ടായത്: വാസൻ പുത്തൂർ
1975 ജൂൺ 26. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ലോകം ഭയാനകമായ
ഒരന്ധകാരത്തിലേക്ക് എടുത്തെറിയപ്പെട്ട പ്രതീതി. അറുത്തെറിയപ്പെട്ട ആകാശത്തിന്റെ ഒരു ചിറക് ചോരയൊലിപ്പിച്ചുകൊണ്ട് മുന്നിൽ കിടന്നു പിടച്ചു. വഴിയോരങ്ങളിൽ പിഴുതെറിയപ്പെട്ട നാവിൽ ശബ്ദം വിറച്ചുനിന്നു. അങ്ങാടിത്തെരുവുകളിൽ ചൂഴ്ന്നെറിയപ്പെട്ട കണ്ണുകളിൽ ഇരുട്ട് തുറിച്ചുനോക്കി. കാട്ടുജന്തുക്കളാൽ വേട്ടയാടപ്പെടുന്ന ഒരു മുയൽക്കുഞ്ഞിന്റെ ഹൃദയം പോലെ ഞാൻ വിറച്ചുനിന്നു. എങ്കിലും അച്ചടിക്കാൻ കഴിയാതിരുന്ന പാർട്ടിസർക്കുലറുകൾ രാത്രികാലങ്ങളിൽ, അടച്ചിട്ട മുറികളിൽ ചിമ്മിനിവെട്ടത്തിലിരുന്ന് ഞാൻ സഖാക്കളെ വായിച്ചുകേൾപ്പിച്ചു. വായിച്ചുകഴിഞ്ഞ രഹസ്യരേഖകൾ ബനിയനുള്ളിൽ തിരുകി പാതിരാത്രിക്ക് വീട്ടിലേക്ക് നടന്നുപോകുമ്പോൾ പലപ്പോഴും പോലീസ് വണ്ടികൾ മുന്നിലൂടെ കടന്നുപോകുന്നത് കണ്ട് ഞാൻ ഇരുട്ടിൽ ശ്വാസമടക്കി നിന്നിട്ടുണ്ട്.
അങ്ങനെയിരിക്കെയാണു അടിയന്തരാവസ്ഥയിലെ ആഗസ്റ്റ് പതിനഞ്ച് വരുന്നത്. സ്വാതന്ത്ര്യാദിനഘോഷം കേമമാക്കാൻ ഞാൻ അംഗമായിട്ടുള്ള നാട്ടിലെ വായനശാലാ ഭാരവാഹികൾ തീരുമാനിച്ചു. ഞാൻ അതിനെ എതിർത്തുകൊണ്ട് വായനശാലയ്ക്കുമുന്നിൽ കരിങ്കൊടി നാട്ടി പ്രതിഷേധിച്ചു. അന്ന് കൈപ്പറമ്പങ്ങാടിയിൽ ടെയ്ലറായിരുന്ന തിരുത്തി രാജൻ എന്ന സുഹൃത്തും എന്നോടൊപ്പമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ചില പ്രശ്നങ്ങളുണ്ടായി. ചിലർ എന്റെ തന്ത ചത്തിട്ടാണെന്നു പറഞ്ഞ് പരിഹസിക്കുകയും തല്ലാൻ വരികയുമൊക്കെയുണ്ടായി. തന്നെയുമല്ലാ, ഞാൻ പോലീസിന്റെ ഒരു നോട്ടപ്പുള്ളിയാകുകയും ചെയ്തു.
ദുഃഖവും അമർഷവും, വ്യർത്ഥതാബോധവും ഒക്കെക്കൂടി തലയ്ക്ക് ഭ്രാന്തുപിടിച്ച ഒരു കാലമായിരുന്നു അത്. പുസ്തകവും വായനശാലയും നാടകംകളിയുമൊക്കെയായി നടന്നിരുന്ന ഞാൻ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഇങ്ങനെ ഒരു നാടകമെഴുതി. ജി ശങ്കരപ്പിള്ളയുടെ നാടകക്കളരിയൊക്കെ തുടങ്ങിയ കാലമാണു. ശങ്കരപ്പിള്ളസാറിന്റെയും, പ്രഫ രാമാനുജത്തിന്റെയും, വേണുക്കുട്ടൻനായരുടെയുമൊക്കെ കളരിയിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. അതിന്റെ ഒരു പുത്തൻ നാടകാവബോധമൊക്കെ എന്റെ തലയ്ക്കും പിടിച്ചിട്ടുണ്ട്. ആ ഒരു സ്വാധീനമൊക്കെ ഈ രചനയിൽ ഉണ്ടായിട്ടുണ്ടാകാം.
എഴുതിക്കഴിഞ്ഞപ്പോൾ അരങ്ങിലെത്തിക്കാൻ ഒരുവഴിയുമുണ്ടായില്ല; ആർക്കും ഇത് ഇഷ്ടപ്പെട്ടില്ല. അന്ന് ഇത്തരത്തിലൊരു നാടകം കളിക്കുക പലവിധത്തിലും പ്രയാസകരവുമാണു. അങ്ങനെയിരിക്കെയാണു കേരളസംഗീതനാടക അക്കാദമിയുടെ സംസ്ഥാന നാടകമൽസരം നടക്കുന്നതിനെക്കുറിച്ച് പത്രം വഴി അറിയുന്നത്. അന്ന് ശങ്കരപ്പിള്ളയാണു അക്കാദമി ചെയർമാൻ. ഞാൻ വെറുതേയൊന്ന് ശ്രമിക്കാം എന്ന് കരുതി സ്ക്രിപ്റ്റ് അക്കാദമിക്ക് അയച്ചുകൊടുത്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ, ഒട്ടും പ്രതീക്ഷിച്ചതല്ല, അക്കാദമിയുടെ കത്ത് വന്നിരിക്കുന്നു – നാടകം സെലക്ട് ചെയ്തിട്ടുണ്ട്.
പക്ഷേ, അപ്പോഴേക്കും ഞാൻ നാട്ടിൽനിൽക്കുക പ്രയാസകരമായതുകൊണ്ട് ബോംബേയ്ക്കുള്ള യാത്ര ഉറപ്പിച്ചുകഴിഞ്ഞിരുന്നു. എന്നാൽ ആദ്യമായി അക്കാദമിയുടെ അംഗീകാരം കിട്ടിയ നാടകം അവതരിപ്പിക്കാൻ പറ്റാത്തതിലുള്ള പ്രയാസമുണ്ടായിരുന്നു. ഞാൻ ഇക്കാര്യം കുന്നംകുളത്തുള്ള എന്റെ നാടകസുഹൃത്ത് സ്കറിയയോട് (വലിയസ്കറിയ) പറഞ്ഞു. സ്കറിയ അന്ന് നാടകവും സംഗീതവും കഥാപ്രസംഗവുമൊക്കെയായി നടക്കുന്ന കാലമാണു. സ്കറിയ മറ്റൊന്നും ആലോചിക്കാതെ ഈ നാടകം ഏറ്റെടുത്തു.
അന്ന് കുന്നംകുളത്ത് സുധാകോളേജായിരുന്നു. കുന്നംകുളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ വിസ്മരിക്കാനാകാത്ത പങ്കാണു സുധാകോളേജിനുള്ളത്. അങ്ങനെയാണു സുധാകോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും സാംസ്കാരികപ്രവർത്തകരും അടങ്ങുന്ന നാടകസ്നേഹികൾ ഈ നാടകം അരങ്ങിലെത്തിക്കുന്നത്. ഇടപ്പള്ളിയിൽ വെച്ചുനടന്ന അക്കാദമിയുടെ മൽസരത്തിലായിരുന്നു ആദ്യാവതരണം. തുടർന്ന് അക്കാലത്ത് ശ്രദ്ധേയമായിരുന്ന പല മൽസരങ്ങളിലും സുധാകോളേജിന്റെ വാർഷികം, ബോധികേളേജ്, ശ്രീകൃഷ്ണാകോളേജ്, തൃശൂർ റീജിയണൽ തീയേറ്റർ, കേച്ചേരിയിലെ നാടകസുഹൃത്തുക്കൾ, എന്നിങ്ങനെ കുറച്ചുവേദികളിൽ ഈ നാടകം അവതരിപ്പിക്കുകയുണ്ടായി.
അതിനുശേഷംപല സുഹൃത്തുക്കളും ഈ നാടകം അവതരിപ്പിക്കാൻ താല്പര്യം കാണിച്ചെങ്കിലും ഞാൻ എന്തുകൊണ്ടോ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് സ്ക്രിപ്റ്റുതന്നെ നഷ്ടപ്പെട്ടുപോയി. കുറേ കാലത്തിനു ശേഷം രാജു പൊടിയന്റെ നിർബന്ധത്തിനുവഴങ്ങി എന്റെ ഒരു പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ഈ നാടകം കുന്നംകുളം ബാറിൽ വീണ്ടും അവതരിപ്പിക്കുകയുണ്ടായി. അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ സ്ക്രിപ്റ്റ് കണ്ടെത്തിയത് രവി കേച്ചേരി എന്ന നാടകസുഹൃത്തിന്റെ പുസ്തകസൂക്ഷിപ്പിൽ നിന്നായിരുന്നു.
ഇത്രയും കാലത്തിനിടയിൽ എന്റെ പല സുഹൃത്തുക്കളും ഈ നാടകം പുസ്തകരൂപത്തിലാക്കാൻ നിർബന്ധിച്ചിട്ടുണ്ട്. രാജു പൊടിയൻ, സ്കറിയ മാത്യു, ഹുസൈൻമാഷ്, കണിമംഗലം വേണു, കെ എസ് വിജയൻ, എന്നിവരൊക്കെ നിരന്തരം അതുപറഞ്ഞ് എന്നോട് കലഹിച്ചിട്ടുണ്ട്. ഒരിക്കൽ ഞാനും രാജുവും കൂടി തൃശൂരിലുള്ള ഒരു പ്രധാന പ്രസാധകനെ ചെന്നുകണ്ടു. ഒരു നാടകം പ്രസിദ്ധീകരിക്കാമോ എന്നു ചോദിച്ചു. അതിനുള്ള എല്ലാ ചിലവുകളും ഞങ്ങൾ വഹിക്കാമെന്നു പറഞ്ഞു. പ്രസാധകന്റെ പ്രതികരണം അഹന്ത നിറഞ്ഞതായിരുന്നു. ‘എത്ര പണം തന്നാലും ഒരു നാടകം പ്രസിദ്ധീകരിക്കാൻ ഞാൻ തയ്യാറല്ല, അതു കെട്ടിവയ്ക്കാനുള്ള സ്ഥലം എന്റെ ഗോഡൗണിൽ ഇല്ല’ എന്നായിരുന്നു അയാൾ പറഞ്ഞത്. അതിൽപ്പിന്നെ ഒരു പ്രസാധകനെ സമീപിക്കാൻ എന്റെ മനസ്സ് കൂട്ടാക്കിയിട്ടില്ല. അതായിരുന്നു പ്രധാനപ്രശ്നം. പുസ്തകമാക്കിയിട്ടെന്തു ചെയ്യും? എന്റെ ഒരു പുസ്തകം ആർക്കെങ്കിലും കൊടുത്ത് അതിന്റെ കാശ് വാങ്ങാൻ എന്നെക്കൊണ്ടാവില്ല. അങ്ങനെ ഒരു പുസ്തകം വിൽക്കുന്നത് മോശമാണെന്നല്ല, എനിക്കതിനു കഴിയില്ല എന്നാണു. പിന്നെന്തുചെയ്യും? ആർക്കെങ്കിലും വെറുതേകൊടുത്താലും വായിക്കുമെന്നുറപ്പില്ല. ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടാണു ഞാനെപ്പഴും ഒഴിഞ്ഞുമാറിയത്. ഇപ്പോൾ അത് സംഭവിക്കുകയാണു. ഇത്രയും കാലം ഈ നാടകത്തെ കൂടെ കൊണ്ടുനടക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത പ്രിയസുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. ഈ നാടകം ഒരു വിഡ്ഢിത്തമോ വിവരക്കേടൊ വികലസൃഷ്ടിയോ ആയി ആരെങ്കിലും വിലയിരുത്തിയേക്കാം. പക്ഷേ സ്വേച്ഛാധിപത്യത്തിന്റെ ഭീതിദമായ നാളുകളിൽ ഒളിഞ്ഞുനിന്ന് കല്ലെറിഞ്ഞ ഒരു വികൃതിച്ചെറുക്കന്റെ പ്രതികരണശേഷിയെങ്കിലും ഈ രംഗപാഠത്തിന്റെ പിന്നിലുണ്ടായിരുന്നു എന്നത് ഒരു ചരിത്രസത്യമാണു.
അവസാനം ആറുവർഷം മുൻപ് ഈ നാടകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചപ്പോൾ ആവേശപൂർവ്വം അനുഭവക്കുറിപ്പുകൾ എഴുതിത്തന്ന സ്കറിയാച്ചനും കെ എസ് വിജയനും ഇന്ന് നമ്മോടൊപ്പമില്ല. അതോടൊപ്പം ഈ നാടകം ഇഷ്ടപ്പെടുകയും ഇതിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള സി.കെ മാധവേട്ടൻ, കവി ഉദയഭാനു, കണിമംഗലം വേണു എന്നിവരേയും ഈ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വേദനയോടെ ഓർക്കുകയാണു. പ്രിയസുഹൃത്തുക്കളുടെ ആർദ്രമായ ഓർമ്മകൾക്കു മുന്നിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.
ഈ നാടകവുമായി സഹകരിച്ചിട്ടുള്ള ഇന്ന് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ എല്ലാ നല്ല സുഹൃത്തുക്കളോടുമുള്ള കൃതജ്ഞതയും കടപ്പാടുകളും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് നാടകസ്നേഹികൾക്കും കലാ – സാംസ്കാരികചരിത്ര വിദ്യാർത്ഥികൾക്കും വേണ്ടി ഈ നാടകം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.
വാസൻ പുത്തൂർ.
Be the first to write a comment.