(അതിർത്തികൾ മായ്ച്ചുകളയുന്ന  ലോകത്തിലെ ഏറ്റവും വലിയ കായികോൽസവങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ അരങ്ങേറുമ്പോൾ നവമലയാളി ഓപ്പൺഫോറം ലോകകപ്പ് സ്പെഷലിൽ  കളിയുടെ ആരാധകരായവരിൽ ചിലരുടെ രസകരമായ പക്ഷംപിടിക്കലുകൾ, ഓർത്തെടുക്കുന്ന, തെരഞ്ഞെടുക്കുന്ന കളിയോർമ്മകൾ, കളിനിമിഷങ്ങൾ, ഇഷ്ടടീം, ഇഷ്ടകളിക്കാർ, സ്വപ്നടീം… ആരാധകരുടെ ഫുട്ബോളിഷ്ടങ്ങൾ) 

വില്ലന്നൂർ ചിമ്പാൻസി ക്ലബിന്റെ ഗോൾ കീപ്പർ വലവടി സൈമേട്ടന്റെ മകൻ പെഡ്രോ ആയിരുന്നു ഞാൻ  എറ്റവും ആദ്യം  ഇഷ്ട്ടപ്പെട്ട ഫുട്ബോൾ കളിക്കാരൻ. ഒരുപക്ഷേ മറഡോണയെക്കാൾ, ഗുളളിറ്റിനേക്കാൾ, റൊണാൾഡോയേക്കാൾ, സി.വി പാപ്പച്ചനേക്കാൾ ഞാനിഷ്ടപ്പെട്ട താരം. പക്ഷെ പെഡ്രോക്കിഷ്ടം സാക്ഷാൽ ഹിഗ്വിറ്റയെയായിരുന്നു. അതുപോലെയാണ് നടപ്പും നടിപ്പും. ശങ്കരൻ വെളിച്ചപ്പാടും, മണ്ണാൻ കുമാരേട്ടനും  കഴിഞ്ഞാ അക്കാലത്ത് ഞങ്ങടെ നാട്ടിൽ മുടിവളർത്തിയ മൂന്നാമത്തെ ആണ് അവനായിരുന്നു. കെമിസ്ട്രി ലാബിലെ ഹൈഡ്രജൻ സൾഫൈഡിന്റെ നാറ്റമായിരുന്നു  ആ മുടിക്കെങ്കിലും, അതിനെ വകവച്ച്, അവനെ കാണുമ്പോഴൊക്കെ അടുത്തു ചെന്നു നിൽക്കാനുള്ള ആരാധനയുണ്ടായിരുന്നു എനിക്ക്. പക്ഷെ അതധികം നീണ്ടു നിന്നില്ല.

പരുവക്കുന്ന് ഗ്രൗണ്ടിൽ PFA സെവൻസ് ടൂർണമെന്റ്. പാറേമ്പാടം വിന്നേഴ്സിനെതിരെ ഉള്ള ക്വാർട്ടർ ഫൈനൽ.. ഇഷ്ടതാരമായ ഹിഗ്വിറ്റയുടെ സ്കോർപ്പിയോൺ കിക്കിന് ശ്രമിച്ചതാ പെഡ്രോ..പന്ത് വലയിൽ പെഡ്രോ ചരലിൽ.. മൂക്കിന്റെ പാലം പൊട്ടി 5 ദിവസം കുന്നംകുളം റോയലിലും പിന്നെ 1 മാസം ജൂബിലി മിഷനിലും കിടന്നു… അതോടെ ഫുട്ബോൾ വിട്ടു. നാട്ടിലെ വലിയൊരു വിഭാഗത്തിന്റെ ദേശീയ ഗയിമായ പുളളിവെട്ടിലും റമ്മിയിലും പെഡ്രോ വ്യാപൃതനായി. കളി പോലും നിർത്തി.. അക്ഷരാർത്ഥത്തിൽ കാൽപന്തുവിരുദ്ധനായി..

പിന്നെ ഞാൻ അവനെ കാണുന്നത് മേസ്തിരി ബാലകൃഷ്ണേട്ടന്റെ ടീമിലെ വാർപ്പു പണിക്കാരനായിട്ടാണ്… സിമൻറും പരുക്കനും നിറച്ച്, താഴെ നിന്ന് ആകാശ ദൂരം എറിഞ്ഞ് കൊടുക്കുന്ന ഇരുമ്പു ചട്ടികൾ ഏതു നിലയിൽ നിന്നും പെഡ്രോ ഒറ്റ കൈ കൊണ്ട് പിടിക്കുന്നത് കണ്ട് എന്നിലെ ആരാധകന് വീണ്ടും രോമാഞ്ചം വന്നു… ഹൊ കൊതിച്ച് പോകുന്ന ആ കീപ്പിംഗ് സ്കിൽ  ഒരുപൊടിക്ക് കുറയാതെ..

മൊയ്തീനിക്ക പറഞ്ഞതാ സത്യം . “ഫുഡ്ബാള് ന്ന് പറഞ്ഞ ന്റെ സുഹറാനെപോല്യാടൊ .. ഇമ്മളതിനെ വിട്ടാലും അതിമ്മളെ വിടൂല..

Comments

comments