ലോകകപ്പ് ‘യൂറോകപ്പ്’ മാത്രമായി ചുരുങ്ങിയതിൽ നിരാശപ്പെട്ടിരുന്ന  കായികപ്രേമികൾ ആ ആഘാതത്തിൽ നിന്ന് വീണ്ടും ആരവങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്. കാരണം ഈ ടൂർണമെന്റിലുടനീളം  ആധികാരിക പ്രകടനങ്ങൾ കാഴ്ചവച്ച 4 ടീമുകളുടെ കടശ്ശിക്കളിയാണ് ഇനി. ബെൽജിയവും ക്രോയേഷ്യയും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല എന്നതും മത്സരത്തെ കൗതുകകരമാക്കുന്നു. ആക്രമിച്ചു കളിക്കുന്ന യൂറോപ്യൻ ശൈലി പിന്തുടരുന്ന 4 ടീമുകളും അടവുനയങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഒന്നോ രണ്ടോ ഗോളുകൾ ആദ്യനിമിഷങ്ങളിൽ തന്നെ നേടി അതിന്റെ പിൻബലത്തിൽ തുടർന്നുള്ള സമയം പിടിച്ചു നില്ക്കുക എന്ന തന്ത്രം പയറ്റാതിരുന്നാൽ സെമിയും ഫൈനലും കലക്കുക തന്നെ ചെയ്യും. എന്നാൽ പ്രൊഫഷണലിസം ഹൃദയത്തിന്റേതിനേക്കാൾ തലച്ചോറിന്റെ വിളയാട്ട മേഖലയായതുകൊണ്ട് ഏതു തരത്തിലുള്ള സമീപനമായിരിക്കും ടീമും പരിശീലകരും കളത്തിൽ സ്വീകരിക്കുക എന്നത് പ്രവചിക്കുക എളുപ്പമല്ല. എങ്കിലും നാല് ടീമുകളും ഇതുവരെ കാണിയ ശക്തി/ദൗർബല്യങ്ങൾ ക്യത്യമായി വിലയിരുത്തിയാവും ഓരോരുത്തരും ഇറങ്ങുക.

കോർണർ, ത്രോയിംഗ്, ഫ്രീ കിക്ക്, പെനാൾട്ടി എന്നിങ്ങനെ ‘സെറ്റ് പീസു’കളുടെ കുടമാറ്റത്തേക്കാൾ മികച്ച പാസുകളിൽ നിന്ന് വല കുലുങ്ങുന്നതു കാണാനാണ് ഏറെയിഷ്ടം! ലാറ്റിനമേരിക്കൻ ടീമുകളുടെ വിടവാങ്ങലോടെ, പന്തുകളിയുടെ ചാരുത / കവിത തുടങ്ങിയ കാല്പനിക സ്വപ്നങ്ങൾക്ക് പ്രസക്തിയില്ലാതാവുകയും കളിയിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം കിട്ടുകയും ചെയ്തിരിക്കുന്നു.

ഈ ലോകകപ്പിലെ പടക്കുതിരകളെന്ന് വിശേഷിപ്പിക്കാവുന്ന ടീമാണ് ബെൽജിയം. മുന്നേറ്റക്കാരൻ ലുക്കാക്കുവിന്റെ ശരീരം യഥാർത്ഥത്തിൽ ബെൽജിയത്തിന്റെ ദേശ രൂപമാകുന്നു. കടിഞ്ഞാണില്ലാത്ത കുതിരയുടെ വേഗതയും കരുത്തും ഏത് പ്രതിരോധ നിരയേയും ഭേദിക്കാൻ പ്രാപ്തിയുള്ളതാണ്. ഫ്രാൻസിന്റെ പ്രതിരോധ നിരയിൽ ലുക്കാക്കു സൃഷ്ടിക്കുന്ന തിരയിളക്കങ്ങൾ മറ്റ് കളിക്കാർക്ക് മുതലാക്കാനായാൽ ബെൽജിയം ഫ്രാൻസിനെ തറപറ്റിക്കും. ജപ്പാനെതിരെ 2 ഗോളുകൾക്ക് പിന്നിട്ടു നിന്നതിന് ശേഷം 3 ഗോളുകളിച്ച് മത്സരത്തിലേക്ക് അവിശ്വസനീയമായി തിരിച്ചു വന്ന ബെൽജിയം ഏറ്റവുമധികം വീറോടെ പോരാടിയ ടീമുകൂടിയാണ്. സെറ്റ് പീസ് ഗോളുകളെക്കാൾ, അധ്വാനിച്ച് കളിച്ച് ഗോൾ നേടുന്ന ബെൽജിയം ഫ്രാൻസിന് ലഭിക്കാവുന്ന എറ്റവും മികച്ച എതിരാളിയാണ്. ബ്രസീലിനെ ക്വാർട്ടറിൽ ഒറ്റയ്ക്ക് തടഞ്ഞിട്ട ഗോൾകീപ്പർ തിബൗ കുർട്ടയുടെ കരങ്ങൾ, ബെൽജിയത്തിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.

ലുക്കാക്കുവിന് ഒപ്പം മുന്നേറ്റനിരയിൽ ഈഡൻ ഹസാർഡ്, മധ്യനിരയിൽ ഡിബ്രൂയ്ൻ, ചാഡ് ലി എന്നിവരും നിർണായമാണ്. മധ്യനിരയിൽ ഡിബ്രൂയിൻ കളിമെനയുന്നതിന് അനുസരിച്ചാവും ബെൽജിയത്തിന്റെ വിധി തീരുമാനിക്കപ്പെടുക. ഗോൾ മുഖത്തേക്ക് ക്ലിനിക്കൽ കൃത്യതയിൽ ക്രോസുകൾ പായിക്കാൻ ചാഡ്ലിയും ഡിബ്രൂയിനും ഒരേ പോലെ മിടുക്കുണ്ട്. ബോക്സിന് പുറത്തു നിന്ന് കനത്ത ലോങ്ങ് റേഞ്ചറുകൾ തൊടുത്ത് ഗോൾ നേടാൻ ഡിബ്രുയിനുള്ള മികവ് ഈ ലോകകപ്പ് ഇതിനകം കണ്ടതാണ്. ലുക്കാക്കുവുന്റെ ഉയരക്കൂടുതൽ, ശാരീരിക ക്ഷമത എന്നിവ ഫ്രഞ്ചു ഗോൾമുഖത്തേക്ക് എത്തുന്ന ക്രോസുകളുടെ ഗതിയെ തീരുമാനിക്കും. മിന്നൽവേഗത്തിലുള്ള പ്രത്യാക്രമണമാണ് ബെൽജിയം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന തന്ത്രം. ഈ ലോകകപ്പിൽ വിജയതൃഷ്ണ ഏറ്റവുമധികം പ്രകടിപ്പിച്ച ടീം കൂടിയാണ് ബെൽജിയം. ഇതു വരെ 5 മത്സരങ്ങളിൽ 14 ഗോളുകളാണ് ബെൽജിയം നേടിയത്. വഴങ്ങിയത് 5 എണ്ണം മാത്രം.

കടുത്ത പരീക്ഷണങ്ങൾ നേരിടുമ്പോൾ ക്യത്യമായ ഒരു ഗെയിം പ്ലാനോടെ കളിക്കുന്നതിൽ ഒരു എകാഗ്രതയില്ലായ്മ ബെൽജിയത്തിന് ഉണ്ട്. വീണു കിട്ടിയ counter Attacking അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുക എന്നതു കൊണ്ടു മാത്രം ഫ്രാൻസിനെ പിടിച്ചു നിർത്താൻ പറ്റില്ല. വരാൻ, കാന്റെ, പവാർഡ് ഉൾപ്പടെ ഫ്രഞ്ചു  പ്രതിരോധപ്പട ശക്തമാണ്. ഗോൾകീപ്പർ ലോറിസ് അതിശക്തനാണ്. ഈ ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ഗ്രീൻസ്മാൻ എന്ന പ്ലേ മേക്കറാണ് ഫ്രാൻസിന്റെ മധ്യനിരയിലെ ബ്രെയിൻ. കഴിഞ്ഞ 5 കളികളിൽ ഇത്രയും ഉത്തരവാദിത്തത്തോടെയും ദേശപ്രതീക്ഷകളോടുള്ള സമർപ്പണത്തോടെയും കളിച്ച മറ്റൊരു കളിക്കാരനില്ല. കഠിന പരിശ്രമി! പവർഫുൾ കിക്കുകളാണ് ഗ്രീൻസ്മാന്റെത്.ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കൻ. ഫ്രീ കിക്കുകളിൽ സ്പെഷ്യലിസ്റ്റ്. പോൾ പോഗ്ബയും ഒത്തുചേരുമ്പോൾ മധ്യനിര അനുഭവപരിചയം കൊണ്ടും ബെൽജിയത്തിന് തലവേദനയാവും.

മധ്യനിരയിൽ നിന്ന് പന്ത് കാലിൽ കിട്ടിയാൽ റോക്കറ്റുപോലെ കുതിക്കുന്ന 19 കാരൻ കിലിയൻ എംബാപെ, അർജന്റീനയ്ക്കെതിരെ പുറത്തെടുത്ത ‘ കില്ലിംഗ് ഇൻസ്റ്റിംഗ്ക്റ്റ്’ ഈ മത്സരത്തിലും കാണിച്ചാൽ ബെൽജിയത്തിന്റെ കഥ കഴിയും! ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ ‘സ്വിംഗ് ഗോൾ’ നേടിയ പവാർഡും വീണു കിട്ടുന്ന അർധാവസരങ്ങൾ പോലും മുതലാക്കാൻ മിടുക്കനാണ്. അർജന്റീനയെ ഓടി തോല്പിച്ച എംബാപെയെ പിടിച്ചുകെട്ടാൻ ബെൽജിയം പ്രതിരോധ നിരയിലെ വിശ്വസ്തൻ കൊമ്പനി തന്നെ വേണ്ടി വരും. ‘സെൻസേഷണൽ സ്റ്റാറാ’യി മാറിക്കൊണ്ടിരിക്കുന്നു ഈ ലോകകപ്പിൽ കിലിയൻ എംബാപേ.

രണ്ടു ടീമുകളും അതിവേഗ ഫുട്ബോൾ കളിക്കുന്നവരായതുകൊണ്ട് ത്രസിപ്പിക്കുന്ന ഒരു മത്സരം പ്രതീക്ഷിക്കാം. മധ്യനിരയിൽ ആധിപത്യം പുലർത്തുന്ന, ഭാവനാത്മക മുന്നേറ്റം നടത്തുന്ന ടീമിനായിരിക്കും ജയസാധ്യത. ഗ്രീൻസ്മാന്റെ കളിമെനയൽ അതിനിർണായക ഘടകമാകും. ആ കാലുകളിൽ, ചിന്തകളിൽ ഒരു മാജിക് ഒളിഞ്ഞിരുപ്പുണ്ട്.

പാരമ്പര്യത്തിന്റെ തഴമ്പുകളെ അപ്രസക്തമാക്കുന്ന മത്സരഫലങ്ങളാണ് ഇതുവരെ നാം കണ്ടത്. വമ്പൻ മത്സരങ്ങളിൽ കരളുറപ്പ് കൈവിടാത്ത ഫ്രാൻസും എത് വമ്പനേയും പിടിച്ചുകുലുക്കാനുള്ള നെഞ്ചുറപ്പുള്ള ബെൽജിയവും പൊരുതുമ്പോൾ ഫുട്ബോളിലെ ലിഖിത / അലിഖിത വിശ്വാസങ്ങൾ കട പുഴകട്ടെ. നല്ല കളി നടക്കട്ടെ.

1998-ലെ ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ ക്രൊയേഷ്യ 20 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നു. 28 വർഷത്തിന് ശേഷം ലോകകപ്പ് സെമിയിലെത്തുന്ന ഇംഗ്ലണ്ടും പുതിയ പ്രതീക്ഷകളിൽ തന്നെ. ഇതു വരെ 6 ഗോളുകൾ നേടി ഹാരി കെയ്ൻ എന്ന ഇംഗ്ലണ്ട് താരം സുവർണ പാദുകത്തിനായി മത്സരിക്കുന്നവരിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഈ ലോകകപ്പിൽ എറ്റവും കൂടുതൽ സെറ്റ് പീസ് ഗോളുകൾ നേടിയ ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. താരതമ്യേന ദുർബലരായ എതിരാളികളെ നേരിടാനുള്ള അസുലഭ ഭാഗ്യം ഈ ലോകകപ്പിൽ കിട്ടിയ ടീമുമാണ് ഇംഗ്ലണ്ട്! അതു കൊണ്ടു മാത്രം സെമി ഫൈനൽ എത്തി എന്നല്ല. കടുത്ത എതിരാളികൾക്കെതിരെയും പതറാതെ കളിക്കാനും ആധികാരിക വിജയം നേടാനും കഴിയുമെന്ന് സ്വീഡനെതിരെ നേടിയ 2 ഗോൾ വിജയം തെളിയിക്കുന്നുണ്ട്. ചെറി ഷേവ്, ഹാരി കെയ്ൻ, ഹാരി മഗ്വയർ, റഹിം സ്റ്റെർലിംഗ്,ഡെലി അലി എന്നിങ്ങനെ മധ്യ / മുന്നേറ്റ നിരകൾ മികച്ച ഫോമിലാണ്. ഗോൾകീപ്പർ ജോർഡൻ പിക് ഫോർഡ് മികച്ച ‘ഗോൾസ്റ്റോപ്പറാ’ണ്. മനസാന്നിധ്യത്തോടെ വല കാക്കുന്നതിൽ ഈ മനുഷ്യൻ മറ്റാരേക്കാളും മുന്നിലുമാണ്.

എതെങ്കിലും ഒരു കളിക്കാരന്റെ വ്യക്തിഗത മികവിനെ ആശ്രയിക്കുന്ന ടീമല്ല ഇംഗ്ലണ്ട്. അതാണ് അവരുടെ ശക്തി. സമാനമായ രീതിയാണ് ക്രൊയേഷ്യയുടേയും. താളം കണ്ടെത്തിയാൽ മനോഹരമായ ടീം ഗെയിം കാഴ്ചവെക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും ഒത്തിണക്കമുള്ള ടീമുകളിൽ ഒന്നും ക്രൊയേഷ്യയുടേതാണ്. റഷ്യയ്ക്കെതിരായി എക്സ്ട്രാ ടൈമിലും ഷൂട്ടൗട്ടിലും ക്രൊയേഷ്യ പ്രകടിപ്പിച്ച വീര്യം ഓർക്കുക. ഗോൾ കീപ്പർ സുബാസിച്ച് മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്.

കനത്ത ഷോട്ടുകൾ ഉതിർക്കാൻ കഴിവുള്ള ലുക്കാ  മാഡ്രിച്ചാണ് ക്രൊയേഷ്യൻ മധ്യനിരയുടെ ക്യാപ്റ്റൻ.ആന്റെ റോബിച്ച്, മാർസലോ ബ്രോസോവിച്ച്, ഇവാൻ പെരിസിച്ച് എന്നിവരും ഒപ്പമുണ്ട്. അർജന്റീനയ്ക്കെതിരെ ക്രൊയേഷ്യ നേടിയ 3 ഗോൾ വിജയം ടീമിന്റെ പ്രതിഭാ വൈവിധ്യത്തെ, ഒളി തന്ത്രങ്ങളുടെ  പരീക്ഷണ വേദിയായിരുന്നു. ഏത് കരുത്തൻ ടീമിനേയും മറികടക്കാനുള്ള സംഘാടന മികവ് ക്രൊയേഷ്യൻ സംഘത്തിനുണ്ട്.

ഗെയിം പ്ലാനുകളുടെ കൃത്യമായ എക്സിക്യൂഷൻ ഇംഗ്ലീഷ് ടീമിന് നിർണായക മേൽക്കൈയുണ്ട്. കൃത്യതയാർന്ന ക്രോസുകൾ, അധികം പ്രകടനപരതകളില്ലാതെ കളിക്കാനിഷ്ടപ്പെടുന്ന ടീമുകൂടിയാണിത്.തങ്ങളുടെ കളിക്കാരുടെ  സമർത്ഥമായ വിനിയോഗം ,അതിലെ ഫലപ്രാപ്തി അത്രയും ലക്ഷ്യമാക്കി കളിക്കുന്നതുകൊണ്ട്, ഒന്നോ രണ്ടോ ഗോൾ ലീഡ് നേടി പ്രതിരോധിച്ച് കളിക്കാനിടയുളള ടീമാണ് ഇംഗ്ലണ്ട്.

ആ സുരക്ഷിത ബോധത്തെ തകർക്കാൻ ക്രൊയേഷ്യൻ ടീം ഗെയിമിന് കഴിഞ്ഞാൽ, ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാവില്ല. ഈ ലോക കപ്പിൽ വമ്പൻ എതിരാളികളോട് ഏറ്റുമുട്ടി സെറ്റായ ടീം എന്ന നിലയിൽ ക്രൊയേഷ്യ എന്തെങ്കിലു അത്ഭുതമൊക്കെ കാണിക്കും!

Comments

comments