– Joseph Story, Commentaries on the Constitution of the United States.
അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജ്, അഭിഭിഭാഷകനും മനുഷ്യാവകാശപ്രവർത്തകനുമായ അരുൺ ഫെറേയ്റ, അഭിഭാഷകനായ വെർണൊൻ ഗോൺസാല്വസ്, മനുഷ്യാവകാശപ്രവർത്തകനായ ഗൗതം നവ്ലാഖ, വിപ്ലവ എഴുത്തുകാരനായ വരവരറാവു എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്തിരിക്കുന്നു. നിരവധി ഇടതുപക്ഷാനുഭാവികളുടെയും പ്രഫ. ആനന്ദ് തെലുംദെ, പ്രഫ. സത്യനാരായണ എന്നിവരുൾപ്പടെയുള്ള നിരവധി അക്കാദമിക്കുകളുടെയും വീടുകളിൽ റെയ്ഡുകളും അറസ്റ്റുകളും പുരോഗമിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ സത്തയും റിപ്പബ്ലിക്കെന്ന ആശയത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ഏറ്റവും മനോഹരങ്ങളിൽ മനോഹരമായ വിധിപ്രസ്താവങ്ങളിലൊന്നായിരുന്നു നന്ദിനി സുന്ദർ, രാമചന്ദ്ര ഗുഹ, സ്വാമി അഗ്നിവേശ് മുതലായവരും ഛത്തീസ്ഗഡ് സർക്കാരും തമ്മിലുണ്ടായ കേസില് 2011-ൽ ഉണ്ടായത്. മാവോയിസ്റ്റനുകൂല ആദിവാസികളെ ക്രൂരമായി ഇല്ലാതാക്കിക്കൊണ്ടിരുന്ന സർക്കാരനുകൂല ഉന്നതജാതി-സമീന്ദാർ കൂലിപ്പട്ടാളമായ സാല്വജൂദം, മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശപ്രവർത്തകർ നൽകുന്ന രാഷ്ട്രീയ പ്രവർത്തനപിന്തുണ- സഹകരണം ആരോപിച്ചുള്ള വേട്ടയാടൽ എന്നിവ സംബന്ധിച്ചുള്ള കേസിൽ സുപ്രീംകോടതി സാല്വ ജൂദത്തെ നിരോധിക്കുകയും ഛത്തീസ്ഗഡ് സർക്കാരിനെതിരെ വിധിപറയുകയും ചെയ്തു. എല്ലാവരും വായിക്കേണ്ടതും സിലബസുകളിൽ ഉൾപ്പെടുത്തേണ്ട ഒന്നുമാണ് ജനാധിപത്യസങ്കൽപ്പങ്ങൾക്ക് വെളിച്ചമാകുന്ന ആ വിധി.
എല്ലാവരെയും സംശയത്തോടെ കുറ്റക്കാരെന്നനിലയ്ക്ക് വീക്ഷിക്കേണ്ടുന്ന ഒരു സാമൂഹ്യസ്ഥിതി സൃഷ്ടിച്ച്, മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരെ കുറ്റക്കാരെന്ന് മുദ്രകുത്തി, ഉരുക്കുമുഷ്ടികൊണ്ട് മാത്രമേ ഇവിടെ ഭരണം സാധ്യമാകൂ എന്ന ഗവണ്മെന്റിന്റെ നിലപാട് തങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്, മേല്പറഞ്ഞ പരാതിക്കാരായവരെ മാവോയിസ്റ്റ് സഹയാത്രികരെന്നോ മാവോയിസ്റ്റുകളെന്നു തന്നെയോ മുദ്രകുത്തി വേട്ടയാടുന്ന സർക്കാരിന്റെ ഭരണഘടനാപരമായ അധികാര പരിമിതികളെ, അതിരുകളെ, സംബന്ധിച്ചുള്ള അന്ധത തങ്ങളെ അമ്പരപ്പിക്കുന്നുവെന്ന് കോടതി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
കോടതി അന്ന് പറഞ്ഞതിൻപ്രകാരം ഇന്ന് നക്സൽ ബന്ധം ആരോപിച്ച് രാജ്യത്താകമാനം മനുഷ്യാവകാശപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനീതിയുടെ പക്ഷത്ത് നിൽക്കുന്നത് ഭരണകൂടവും പൊലീസും സംഘപരിവരും അനുകൂലശക്തികളുമാണ്. ഫാസിസം ഭരണകൂടത്തിന്റെ ഭരണഘടനാപരമായ അധികാര പരിമിതികളെ, അതിരുകളെ, വകവയ്ക്കുന്നില്ല. ഭരണഘടനയെത്തന്നെ വകവയ്ക്കുന്നില്ല. എതിരാളികളുടെയെല്ലാം നാക്കു പിഴുതുകളയാനും കൂടുതൽ ശക്തിയോടെ അടുത്ത തെരഞ്ഞെടുപ്പിനെ ഏകാധിപത്യസ്വഭാവത്തോടെ സ്വന്തമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതും. നോട്ടുനിരോധനമെന്ന ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ മണ്ടത്തരത്തിന്റെ പരാജയത്തെയും, അത് രാജ്യനന്മയ്ക്കല്ലെന്ന് തെളിഞ്ഞാൽ തന്നെ കത്തിച്ചുകളഞ്ഞോളൂവെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ ഇളിഭ്യതയെയും മറയ്ക്കാനുമാകാം ഈ ചെയ്തികൾ. എന്തുതന്നെയായാലും അവയെല്ലാം ഫാസിസത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടവതന്നെ. സുപ്രീം കോടതി പഴയ പ്രസ്താവവും മറ്റും വീണ്ടുമോർത്തെടുക്കുമെന്നും ഈ ഫാസിസ്റ്റുഗവണ്മെന്റിന്റെയും രാഷ്ട്രീയത്തിന്റെയും നീക്കങ്ങളെ ഭരണഘടന ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും പ്രത്യാശിക്കുന്നു.
എന്നാൽ,
“The Constitution has been reared for immortality, if the work of man may justly aspire to such a title. It may, nevertheless, perish in an hour by the folly, or corruption, or negligence of its only keepers, The People.” എന്ന് Joseph Story
Be the first to write a comment.