Republics are created by the virtue, public spirit, and intelligence of the citizens. They fall, when the wise are banished from the public councils, because they dare to be honest, and the profligate are rewarded, because they flatter the people, in order to betray them.

– Joseph Story, Commentaries on the Constitution of the United States.

അഭിഭാഷകയും  ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജ്, അഭിഭിഭാഷകനും മനുഷ്യാവകാശപ്രവർത്തകനുമായ അരുൺ ഫെറേയ്റ, അഭിഭാഷകനായ വെർണൊൻ ഗോൺസാല്വസ്, മനുഷ്യാവകാശപ്രവർത്തകനായ ഗൗതം നവ്ലാഖ, വിപ്ലവ എഴുത്തുകാരനായ വരവരറാവു എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്  അറസ്റ്റുചെയ്തിരിക്കുന്നു. നിരവധി  ഇടതുപക്ഷാനുഭാവികളുടെയും പ്രഫ. ആനന്ദ് തെലുംദെ, പ്രഫ. സത്യനാരായണ എന്നിവരുൾപ്പടെയുള്ള നിരവധി അക്കാദമിക്കുകളുടെയും വീടുകളിൽ റെയ്ഡുകളും അറസ്റ്റുകളും പുരോഗമിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ സത്തയും റിപ്പബ്ലിക്കെന്ന ആശയത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ഏറ്റവും മനോഹരങ്ങളിൽ മനോഹരമായ വിധിപ്രസ്താവങ്ങളിലൊന്നായിരുന്നു നന്ദിനി സുന്ദർ, രാമചന്ദ്ര ഗുഹ, സ്വാമി അഗ്നിവേശ് മുതലായവരും ഛത്തീസ്ഗഡ് സർക്കാരും തമ്മിലുണ്ടായ കേസില് 2011-ൽ ഉണ്ടായത്. മാവോയിസ്റ്റനുകൂല ആദിവാസികളെ ക്രൂരമായി ഇല്ലാതാക്കിക്കൊണ്ടിരുന്ന സർക്കാരനുകൂല ഉന്നതജാതി-സമീന്ദാർ കൂലിപ്പട്ടാളമായ സാല്വജൂദം, മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശപ്രവർത്തകർ നൽകുന്ന രാഷ്ട്രീയ പ്രവർത്തനപിന്തുണ- സഹകരണം ആരോപിച്ചുള്ള വേട്ടയാടൽ എന്നിവ സംബന്ധിച്ചുള്ള കേസിൽ സുപ്രീംകോടതി സാല്വ ജൂദത്തെ നിരോധിക്കുകയും ഛത്തീസ്ഗഡ് സർക്കാരിനെതിരെ വിധിപറയുകയും ചെയ്തു. എല്ലാവരും വായിക്കേണ്ടതും സിലബസുകളിൽ ഉൾപ്പെടുത്തേണ്ട ഒന്നുമാണ് ജനാധിപത്യസങ്കൽപ്പങ്ങൾക്ക് വെളിച്ചമാകുന്ന ആ വിധി.

ജോസഫ് കോണ്രാഡിന്റെ ‘ഹാർട്ട് ഓഫ് ഡാർക്നെസ്സി’ലെ ആഫ്രിക്കൻ വിഭവങ്ങളുടെ ചൂഷണത്തെ “The horror! The horror!” എന്ന് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ദന്തേവാഡയുടേതാക്കുന്ന കോടതി നോവലിലെ “the vilest scramble for loot that ever disfigured the history of human conscience.” എന്ന വരികളും ഒപ്പം ചേർക്കുന്നു. നക്സലിസവും മാവോയിസവും ജനങ്ങളുടെ സായുധമായ ചെറുത്തുനിൽപ്പും വെറുതേയങ്ങ് ഉണ്ടാകുന്നതല്ലെന്നും ദുഷിച്ച രാഷ്ട്രീയസാമ്പത്തികശാസ്ത്രവും അതിന്റെ പ്രയോഗവും നിയോ ലിബറൽ സാമ്പത്തികനയങ്ങളും കോർപ്പറേറ്റ് ചൂഷണവുമൊക്കെയാണ് യഥാർത്ഥത്തിൽ പ്രതിസ്ഥാനത്തെന്നും അവയാണ് അസമത്വങ്ങൾക്കും അതുവഴിയുള്ള എതിർപ്പുകൾക്കും കാരണമെന്നും പറയുന്ന കോടതി രോഗത്തെയല്ല രോഗകാരണത്തെയാണ് ചികിൽസിക്കേണ്ടതെന്നാണ് അഭിപ്രായപ്പെടുന്നത്. ജോസഫ് സ്റ്റോറിയും പൽക്കീവാലയും നരിമാനുമെല്ലാം ഭരണഘടനയെയും കോടതിയെയും എന്തുകൊണ്ടാണ് പൊന്നായി കണ്ടതെന്ന് നമുക്കെല്ലാവർക്കും കൃത്യമായി മനസ്സിലാക്കിത്തരുന്ന വിധി.

എല്ലാവരെയും സംശയത്തോടെ കുറ്റക്കാരെന്നനിലയ്ക്ക് വീക്ഷിക്കേണ്ടുന്ന ഒരു സാമൂഹ്യസ്ഥിതി സൃഷ്ടിച്ച്, മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരെ കുറ്റക്കാരെന്ന് മുദ്രകുത്തി, ഉരുക്കുമുഷ്ടികൊണ്ട് മാത്രമേ ഇവിടെ ഭരണം സാധ്യമാകൂ എന്ന ഗവണ്മെന്റിന്റെ നിലപാട് തങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്, മേല്പറഞ്ഞ പരാതിക്കാരായവരെ മാവോയിസ്റ്റ് സഹയാത്രികരെന്നോ മാവോയിസ്റ്റുകളെന്നു തന്നെയോ മുദ്രകുത്തി വേട്ടയാടുന്ന സർക്കാരിന്റെ ഭരണഘടനാപരമായ അധികാര പരിമിതികളെ, അതിരുകളെ, സംബന്ധിച്ചുള്ള അന്ധത തങ്ങളെ അമ്പരപ്പിക്കുന്നുവെന്ന് കോടതി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
 

കോടതി അന്ന് പറഞ്ഞതിൻപ്രകാരം ഇന്ന് നക്സൽ ബന്ധം ആരോപിച്ച് രാജ്യത്താകമാനം മനുഷ്യാവകാശപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനീതിയുടെ പക്ഷത്ത് നിൽക്കുന്നത് ഭരണകൂടവും പൊലീസും സംഘപരിവരും അനുകൂലശക്തികളുമാണ്. ഫാസിസം ഭരണകൂടത്തിന്റെ ഭരണഘടനാപരമായ അധികാര പരിമിതികളെ, അതിരുകളെ, വകവയ്ക്കുന്നില്ല. ഭരണഘടനയെത്തന്നെ വകവയ്ക്കുന്നില്ല. എതിരാളികളുടെയെല്ലാം നാക്കു പിഴുതുകളയാനും കൂടുതൽ ശക്തിയോടെ അടുത്ത തെരഞ്ഞെടുപ്പിനെ ഏകാധിപത്യസ്വഭാവത്തോടെ സ്വന്തമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതും. നോട്ടുനിരോധനമെന്ന ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ മണ്ടത്തരത്തിന്റെ പരാജയത്തെയും, അത്  രാജ്യനന്മയ്ക്കല്ലെന്ന് തെളിഞ്ഞാൽ തന്നെ കത്തിച്ചുകളഞ്ഞോളൂവെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ ഇളിഭ്യതയെയും മറയ്ക്കാനുമാകാം  ഈ ചെയ്തികൾ. എന്തുതന്നെയായാലും അവയെല്ലാം ഫാസിസത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടവതന്നെ.   സുപ്രീം കോടതി പഴയ പ്രസ്താവവും മറ്റും  വീണ്ടുമോർത്തെടുക്കുമെന്നും ഈ ഫാസിസ്റ്റുഗവണ്മെന്റിന്റെയും രാഷ്ട്രീയത്തിന്റെയും നീക്കങ്ങളെ ഭരണഘടന ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും പ്രത്യാശിക്കുന്നു.

എന്നാൽ,

“The Constitution has been reared for immortality, if the work of man may justly aspire to such a title. It may, nevertheless, perish in an hour by the folly, or corruption, or negligence of its only keepers, The People.”  എന്ന് Joseph Story

 

ഭരണഘടന കൊണ്ടു പ്രതിരോധിക്കാനും ഭരണഘടനയെത്തന്നെ സംരക്ഷിക്കാനുമുള്ള ജനങ്ങളെന്ന നിലയിലുള്ള നമ്മുടെ കടമ നാം മറക്കരുതെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്ന ഈ കൂട്ടവേട്ടയാടലും ഇതിനു മുൻപും പിൻപും നടന്നതും നടക്കാനിരിക്കുന്നതുമായ സമാനമായ അതിക്രമങ്ങളും. അടിച്ചമർത്തപ്പെടുന്നവർക്കു വേണ്ടിയും അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയും സംസാരിക്കുന്നവരെ വേട്ടയാടുന്ന ഇന്ത്യൻഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയ്ക്കെതിരെ ജനാധിപത്യവിശ്വാസികളെല്ലാം സംസാരിക്കേണ്ട സമയമാണിത്. ഭരണഘടനയെ സംരക്ഷിക്കുകയെന്നാൽ  അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നുംകൂടിയാണ്. ഭരണഘടനയ്ക്ക് വിലകൽപ്പിക്കാത്ത, ഭരണഘടന അട്ടിമറിക്കണമെന്ന് കരുതുന്ന ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം രാജ്യം ഭരിയ്ക്കുന്ന കാലത്ത് പ്രത്യേകിച്ചും. എതിർപ്പിന്റെ സ്വരം നമ്മുടെ ഉത്തരവാദിത്തമാണ്. അറസ്റ്റുകളും റെയ്ഡുകളും വേട്ടയാടലുകളും നിർത്തിവയ്ക്കുവാൻ നാം ആവശ്യപ്പെടുക.

Comments

comments