നീ ഇരുട്ടത്തിരിക്കുകതന്നെയാണ്
ഇന്ന് ഉണ്ണാനും വരില്ല,
എനിക്കറിയാം.
ഞാനവിടെ വന്ന് ലൈറ്റിടാനും
വാ, മതി, കഴിക്കാമെന്ന് പറയാനും
എന്നെ വേണ്ടേ എന്നെല്ലാം ചോദിക്കാനുമായി
അതിലൂടെ ഒക്കെ നടന്നു.
അസഹ്യതയോടെയപ്പോളെന്തോ പറഞ്ഞത്
എനിക്കൊട്ട് മനസ്സിലായതുമില്ല.
ഇല്ല, ഞാൻ വരുന്നില്ല വിളിക്കാൻ .
*
നീ തിരക്കിട്ട് കോണിയിറങ്ങി വരുകയാണ്.
ആ ഷർട്ടെന്ത് മുഷിഞ്ഞതാണ്!
എന്നോട് കൂട്ടായാൽ ഞാനത്
തേച്ചു തന്നേനേ,
വേറൊരെണ്ണം ഇടെന്ന് വാശിയെങ്കിലും പിടിച്ചേനെ,
നീയെന്നെ നോക്കുന്നില്ല.
അവളുടെ അടുത്തുചെന്ന്
കുഞ്ഞിത്തുടയിൽ തട്ടുന്നുണ്ട്.
ഞാനങ്ങോട്ട് നോക്കുന്നില്ലെങ്കിലും എനിക്കറിയാം,
അവളാ കുഞ്ഞിക്കാലൊന്ന് നീട്ടിക്കാണിച്ച് പിന്നേം
ഉറങ്ങാൻ പോവുകയാണ്.
*
ഞാൻ നിന്നെ ചുറ്റിപ്പിടിച്ച്തന്നെയാണ് ഇരിക്കുന്നത്.
പെണ്ണഹന്ത കാണിച്ച് റോഡിൽ വീണ് ചാവാൻ
എനിക്ക് മനസ്സില്ല.
നമ്മുടെ മുന്നിൽ ഒരു പെട്ടിയോട്ടോ പോവുന്നുണ്ട്.
അതിൽ നിറയെ നെല്ലിക്കയാണ്.
ഒന്നു മിണ്ടിയിരുന്നെങ്കിൽ
ഇത് നെല്ലിക്കയുടെ സീസണാണോ എന്ന്
ഞാൻ ചോദിച്ചേനേ,
ഇത്തിരി നെല്ലിക്ക വാങ്ങാമെന്ന് പറഞ്ഞേനേ.
നമുക്ക് വഴി തരാത്ത
പെട്ടിയോട്ടോക്കാരനെ നോക്കി
നീ നാശമെന്ന് പറയുന്നുണ്ട്.
അതിൽ പകുതി നാശമേ അയാൾക്കുള്ളെന്നും
ബാക്കി പകുതി എനിക്കുള്ളതാണെന്നും
എനിക്കറിയാം.
ഇനി ആ ബസ്കാരനോടും
കാറുകാരനോടുംകൂടി പറ
നാശമെന്ന്.
ഞാൻ പിടിവിടാൻ പോവുന്നില്ല.
*
നീയെന്നെ ബസ്സ്റ്റോപ്പിൽ വിട്ട് പോവുകയാണ്
തെങ്കാശി ഫാസ്റ്റിപ്പോൾ വരുകയും
ഞാനതിൽ കയറുകയും ചെയ്യും.
എത്തിയിട്ട് വിളിക്കണം എന്നിന്ന് പറയില്ല,
എനിക്കറിയാം.
പക്ഷേ, നോക്കിക്കോ.
നെല്ലിക്കപോലെ നമുക്കാകെയിനി
മധുരിക്കാൻ പോവുകയാണ്.
ഞാൻ നിന്നെ പിടിവിടാനേ പോവുന്നില്ല.


 

Comments

comments