“ഓരോ കണ്ണിലെയും അശ്രുകണങ്ങള്‍ അഞ്ചു കൊല്ലം കൊണ്ട് തുടച്ചു മാറ്റും” – ഇതായിരുന്നു ആര്‍ എസ്സ് എസ്സിന്റെ പിന്തുണയോടെ അധികാരത്തില്‍ വന്ന മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വാഗ്ദാനം. തെരഞ്ഞെപ്പ്ടു വാഗ്ദാനവും.
അതിനനുസരിച്ച് ചില ജനസേവാ/ യോജനാ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇവയത്രയും മുന്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി മുന്നേറിയവയായിരുന്നു. അവയുടെ പേരുമാറ്റി കൂടുതല്‍ ആനുകൂല്യങ്ങള്‍ ടാഗ് ചെയ്യുകയാണ് മോഡി ചെയ്തത്. എങ്കിലും ഇന്ത്യയുടെ ജീവിത രേഖയില്‍ അതൊരു വലിയ മാറ്റം ഉണ്ടാക്കുമെന്ന് ജനാധിപത്യ ഇന്ത്യയില്‍ ഒരു വിഭാഗം ആശിച്ചിരുന്നു. ആ പദ്ധതികള്‍ക്ക് എന്ത് പറ്റി ? കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യ എങ്ങിനെ അസമത്വത്തിന്റെ കേദാരമായി? ഒരു പരിശോധന ഈ തെരഞ്ഞെടുപ്പു വർഷം ആവശ്യപ്പെടുന്നുണ്ട്.
==========================================
ധനം തന്നെയാണ് മുഖ്യവിഷയം
ബാങ്കിംഗ് സാര്‍വ്വത്രികമാക്കുക, ഓരോ പൌരനും അക്കൌണ്ട്, ബാങ്കിംഗ് സേവനത്തിന്റെ ആനുകൂല്യം, വായ്പ, എന്നീ ലക്ഷ്യങ്ങളോടെ 2005-ൽ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് അടിസ്ഥാന സേവിങ്ങ്സ് ബാങ്കിംഗ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ക്രമേണ സുസ്ഥിരമായ ഒരു വാതാനുകൂല അന്തരീക്ഷം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 2004-ൽ ആണ് ബാങ്കിംഗ് മേഖലയില്‍ ദൂരവ്യാപകമായ, വിനാശകരമായ ഒരു പ്രക്രിയക്ക് തുടക്കമിട്ടത്. കോര്‍പ്പറേറ്റുകള്‍ക്ക് ആകാശമാളികയോളം പോന്ന വായ്പകൾ അനുവദിച്ചു കൊണ്ട് ആരംഭിച്ച ആ നീക്കത്തിന് സമാന്തരമായി ദരിദ്ര / മധ്യവര്‍ഗ ഇന്ത്യക്ക് ഒരു പദ്ധതി എന്ന നിലക്കാണ് യു പി എ സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നത്. അതിന്റെ പ്രാഥമിക ലക്ഷ്യം അത് നേടി. അതിനപ്പുറം അത് മുന്നോട്ടു പോയില്ല. അതിന്റെ തുടര്‍ച്ചയായി അതേ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്‌ഷ്യം പ്രഖ്യാപിച്ചു കൊണ്ട് അതേ പദ്ധതി പേരുമാറ്റി നരേന്ദ്ര മോഡി 2014-ല്‍ പ്രധാനമന്ത്രി ജന ധന യോജന എന്ന പേരില്‍ ഇറക്കി. എല്ലാവർക്കും ബാങ്ക് അക്കൌണ്ട്, വായ്പ, ക്രെഡിറ്റ് കാര്‍ഡ് (റൂപ്പയ് കാര്‍ഡ്) മുപ്പതിനായിരം രൂപ ഓരോ അക്കൌണ്ടിനും ലൈഫ് ഇൻഷ്വറൻസ് എന്നിവ കൂടി ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. ഓരോ അക്കൌണ്ടിലും പതിനഞ്ചു ലക്ഷം രൂപ വീതം ഫ്രീയായി വന്നു ചേരുമെന്ന് അനൌദ്യോഗിക പ്രചാരണവും നടത്തി. ഇനി കണക്കുകള്‍ വരയ്ക്കും ചിത്രം.
ഇന്ത്യയിലെ എൺപതു ശതമാനം മുതിര്‍ന്നവര്‍ക്ക് ബാങ്ക് അക്കൌണ്ട് ഉണ്ട് . 99.9 ശതമാനം എന്നാണു ബി ജെ പി നേതാക്കള്‍ പറയുക. പ്രധാനമന്ത്രിയുടെ ട്വീറ്റ് തൊണ്ണൂറു ശതമാനം എന്നാണ്. എണ്‍പത് ശതമാനം എന്നത് ലോക ബാങ്കിന്റെ കണക്കാണ്. അതേ പഠനത്തില്‍ ലോക ബാങ്ക് പറയുന്നത് കഴിഞ്ഞ നാലുവര്‍ഷമായി ഇതില്‍ പകുതി അക്കൌണ്ടും നിര്‍ജീവമാണ് എന്നാണ്. വായ്പയോ, ഇൻഷുറന്‍സോ കടന്നു നോക്കാത്ത അക്കൌണ്ടുകള്‍. ഒരു രൂപ നിക്ഷേപമോ വായ്പയോ ഇൻഷുറൻസോ എത്തിനോക്കത്തവയുടെ എണ്ണം 12.4 കോടിയാണ്.
ഈ നിര്‍ജീവ ബാങ്ക് തുറകള്‍ വികസ്വര രാജ്യങ്ങളിലെ ശരാശരിയേക്കാള്‍ ഇരട്ടിയാണ്. ഇന്ത്യ സാമ്പത്തികമായി എവിടെ നില്‍ക്കുന്നു എന്നതിന്റെ ചൂണ്ടുപലകയാണിത്.
32 കോടി ആളുകള്‍ / പേരാണ് ജനധന്‍ അക്കൌണ്ടില്‍ ചേര്‍ന്നത് എന്ന് റിസര്‍വ് ബാങ്കിന്റെ കണക്കില്‍ പറയുന്നു. പിന്നീടത് 29 കോടിയായി ചുരുങ്ങി. പിന്നെങ്ങിനെയാണ് തൊണ്ണൂറു ശതമാനം ചേര്‍ന്നതായി കണക്കാക്കുക? കേന്ദ്രം ഇപ്പോള്‍ പറയുന്നത് ഒരു കുടുംബത്തിനു ഒരു ബാങ്ക് അക്കൌണ്ട് എന്ന ലക്ഷ്യമാണ് തങ്ങള്‍ പ്രഖ്യാപിച്ചത് എന്നാണ്. ഈ വാവിട്ട നുണ ഒറ്റ നോട്ടത്തില്‍ തള്ളിക്കളയാന്‍ രേഖകള്‍ ചിലത് ബാക്കിയുണ്ട്.
മാത്രമല്ല ജനധന്‍ യോജനയില്‍ ചേര്‍ന്ന എഴുപത്തൊൻപത് ശതമാനം പേരും വേറൊരു സേവിംഗ്സ് ബാങ്ക് അക്കൌണ്ടെങ്കിലും കൂടിയുള്ളവരാണ്. യോജനയില്‍ നിന്ന് മോഡിയുടെ വാഗ്ദാനം പാലിക്കപ്പെടാതെ വിട്ടു പോയവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും എന്നിത് കാണിക്കുന്നു. നാലര വർഷം മുന്‍പ് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന വാചാടോപങ്ങള്‍ അല്ലാതെ പദ്ധതി ഒരിഞ്ച് മുന്നോട്ടു പോയില്ല. അതേസമയം ദരിദ്ര ഇന്ത്യ കൂടുതല്‍ ദരിദ്രമായി. ഇപ്പോള്‍ ബാങ്കുകള്‍ ഈ നിര്‍ജീവ അക്കൌണ്ടുകളില്‍ ഒരു രൂപ മുതല്‍ പത്തു രൂപവരെ നിക്ഷേപിച്ച് അക്കൗണ്ട് സജീവമാക്കി നാടകമാടുകയാണ്. തെരഞ്ഞെടുപ്പു വര്‍ഷമാകയാല്‍ മോഹങ്ങള്‍ സജീവമായി നിര്‍ത്തണമല്ലോ എന്നതാവാം കാരണം. മാത്രമല്ല നിര്‍ജീവ അക്കൌണ്ടുകള്‍ ബാങ്കുകള്‍ക്ക് ഒരു ബാധ്യതയാണ്. നിർഗുണാസ്തി പോലെത്തന്നെ.
2017 ആഗസ്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത് യോജനയിലെ നിര്‍ജീവ അക്കൌണ്ടുകള്‍ 25 % കുറഞ്ഞിരിക്കുന്നു എന്നാണ്. ഒരു രൂപ നിക്ഷേപമുള്ള അക്കൌണ്ടുകള്‍ കൂട്ടിയാണോ ജെയിറ്റ്ലി ഇത് പറയുന്നത് ? വിശദീകരണം ഇല്ലായിരുന്നു.
കണക്കുകള്‍ സ്ഥിരീകരിക്കാന്‍ ഇനി യോജനയുടെ വെബ് സൈറ്റ് പരതിയിട്ടു കാര്യമില്ല. കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുകള്‍ അതില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. കാരണം വ്യക്തമാണല്ലോ
ഡീമോണിടൈസേഷന്‍ ജനധനം:
പല യോജന അക്കൌണ്ടുകളിലും ഡീമോണിടൈസേഷന്റെ നാളുകളില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധന ഉണ്ടായത് റിസര്‍വ് ബാങ്ക് സംശയത്തോടെ ആണ് നിരീക്ഷിക്കുന്നത്. നവംബര്‍ എട്ടിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടയില്‍ ചില അക്കൌണ്ടുകളിലായി വന്നത് അറുപതിനായിരം കോടി രൂപയാണ്. അവ പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു. ഈ തിരിമറിയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.
ആഗസ്ത് 2014 മുതല്‍ മാര്‍ച്ച് 2015 വരെ ധനയോജനയില്‍ ചേരുന്നവര്‍ക്ക് മുപ്പതിനായിരം രൂപ ലൈഫ് ഇൻഷുറൻസ് നല്‍കുമെന്ന പ്രഖ്യാപനം; ഇക്കാലയളവില്‍ 14.71 കോടി പേരാണ് ചേര്‍ന്നത്. ഇതേ കാലയളവില്‍ മൂവായിരത്തോളം പേര്‍ക്കാണ് ഇൻഷുറൻസ് അനുവദിച്ചത്. കേവലം 0.002 ശതമാനം
2005 മന്‍മോഹന്‍ സര്‍ക്കാര്‍ പദ്ധതി തുടങ്ങിയെങ്കിലും മുപ്പത്താറു ശതമാനം മുതിര്‍ന്നവരാണ് അക്കൌണ്ട് എടുത്തത്. സീറോ ബാലന്‍സ് അക്കൌന്റ് . ക്രമാനുഗതമായി വളര്‍ന്നു 2011 ല്‍ അമ്പത്തിനാല് ശതമാനമായി ഉയര്‍ന്നു . [ ലോക ബാങ്ക് രേഖ ] . ഈ കണക്കുകളും ചേര്‍ത്താണ് മോടിടീം ആകത്തുക തൊണ്ണൂറു ശതമാനം എന്ന് പറയുന്നത് . പക്ഷെ വാസ്തവത്തില്‍ മന്‍മോഹന്റെ പദ്ധയില്‍ ഉണ്ടായിരുന്ന കോടികള്‍ മാറ്റി നിര്‍ത്തപ്പെടുകയാണ് ചെയ്തത് മോഡിയുടെ പ്രധാനമന്ത്രി ധന യോജനയില്‍ നിന്ന് .
അയ്യായിരം രൂപവരെ ഓവര്‍ ഡ്രാഫ്റ്റ് എന്ന വാഗ്ദാനം; ഇതുവരെ നാലര കൊല്ലം കൊണ്ട് കൊടുത്തത് 316.5 കോടി രൂപ. ശരാശരി ഒരാള്‍ക്ക് 1327 രൂപ വീതം.
രൂപയ് കാര്‍ഡു (എ ടി എം) മറ്റൊരു വാഗ്ദാനം; ഈ കാര്‍ഡ് ബാങ്കുകൾ എല്ലാ അക്കൌണ്ട് ഉടമകള്‍ക്കും നല്‍കി. 76% എന്ന് രേഖ. ജനധന്‍ അക്കൌണ്ടുകാര്‍ക്കും സാധാരണ സേവിങ്ങ്സ് അക്കൌണ്ട് കാര്‍ക്കും ബാങ്കുകള്‍ ഈ കാര്‍ഡു നല്‍കി എണ്ണം ഒപ്പിക്കുന്നു. ജന ധനക്കാര്‍ക്ക് ഒന്നുമില്ലെന്ന് മാത്രം.
മോഡി സര്‍ക്കാരിന്റെ – സംഘ പരിവാരത്തിന്റെ – സാമ്പത്തിക പരിപാടിയുടെ കൊടിക്കൂറ ആയിരുന്നു ജനധന്‍. അതെങ്ങിനെ പരാജയപ്പെട്ടു എന്നതിന്റെ നാള്‍ വഴിക്കണക്കുകള്‍ക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. ഓരോ അക്കൌണ്ടും തുറക്കുമ്പോള്‍ ഗ്രാമീണ ഇന്ത്യക്ക് വായ്പയ്ക്കുള്ള വാതില്‍ തുറക്കുന്നു എന്നും ബ്ലേഡില്‍ നിന്ന് ഇന്ത്യന്‍ കര്‍ഷകര്‍ രക്ഷപ്പെടുന്നു എന്നും അങ്ങിനെയങ്ങിനെ കുറെ അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു . വാസ്തവത്തിന് മറ്റൊരു മുഖമാണ്.
ഗ്രാമീണ അര്‍ദ്ധ ഗ്രാമീണ ഇന്ത്യ ഇതിന്റെ ഗുനഭോക്താവായതേയില്ല. അക്കൌണ്ടുകള്‍ ശൂന്യമാവാന്‍ കാരണം കേന്ദ്രനയം തന്നെയായിരുന്നു. ബാങ്കിലെ നിക്ഷേപവും വായ്പയും തമ്മിലുള്ള അനുപാതത്തിലാണ് ഇതളക്കുക. ബാങ്കില്‍ നിക്ഷേപമായി വരുന്ന ഓരോ നൂറു രൂപയിലും എത്ര ശതമാനം വായ്പയായി ഒരു പ്രത്യേക മേഖലയിലെ ജനത്തിനു കിട്ടുക എന്നതാണ് അളവുകോല്‍.
ഗ്രാമീണ മേഖല, അര്‍ദ്ധ പട്ടണം, പട്ടണം, നഗരം എന്നിങ്ങനെയാണ് ജനപഥങ്ങളെ റിസര്‍വ് ബാങ്ക് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ സ്വാഭാവികമായി ഏറ്റവും ദാരിദ്ര്യം അനുഭവിക്കുക ഗ്രാമീണ – അര്‍ദ്ധ ഗ്രാമീണ മേഖലയാണ്. 1999-ല്‍ വായ്പ്പാനുപാതം 41% ആയിരുന്നത് 2016-ല്‍ 66.9 % ആയി ഉയര്‍ന്നു. പക്ഷെ ഇതില്‍ 57% ഉയര്‍ന്നത് മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ്. നരേന്ദ്ര മോഡിയുടെ സംഭാവന ഒമ്പത് ശതമാനം മാത്രം. 2016 ആണിത്. പിന്നീടങ്ങോട്ട് ഒരിഞ്ചു പോലും വായ്പ്പാനുപാതം കൂടിയില്ല. അതേസമയം അര്‍ദ്ധ ഗ്രാമീണ മേഖലയില്‍ രണ്ടു ശതമാനം കുരവുമുണ്ടായി.
മല്യയും അംബാനിയും അതുപോലുള്ള നൂറു കണക്കിന് കോര്‍പ്പരേറ്റുകളും പക്ഷെ ഈ അഞ്ചു വർഷം കൊണ്ട് ആകാശം മുട്ടെ വളര്‍ന്നു. അതത്രയും ബാങ്ക് വായ്പയായിരുന്നു. ബാങ്കുകളുടെ നിർഗുണാസ്തിയും ഇതിനനുസരിച്ച് ഉയര്‍ന്നു. ആ ആസ്തികളും വായ്പ്പയും തമ്മിലുള്ള അന്തരം ഭയാനകമാം വിധം വലുതായി. അടിത്തറയിളകുന്ന പൊതുമേഖലാ ബാങ്കുകള്‍ വായ്പ കുറച്ചു. അപ്പോഴും അത് ബാധിച്ചത് ഗ്രാമീണമേഖലയെ ആണ്. കോര്‍പറേറ്റുകള്‍ക്ക് ഇപ്പോഴും യഥേഷ്ട്ടം വായ്പ ലഭിക്കുന്നുണ്ട്.
മൻമോഹന്‍ സര്‍ക്കാരിന്റെ കാലത്ത് പേരിനെങ്കിലും നിലനിര്‍ത്തിയ ഒരു പദ്ധതിയെ ഫലത്തില്‍ നാലര കൊല്ലം ഇല്ലായ്മ്മ ചെയ്യുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. ഇതുമൂലം കാര്‍ഷിക ഇന്ത്യക്ക് പ്രാണവായു മാത്രമായി ആസ്തി. മന്‍മോഹന്‍ സര്‍ക്കാര്‍ വലിയ അവകാശവാദങ്ങള്‍ ഒന്നും ഉന്നയിച്ചില്ല. പക്ഷെ മോഡി ഒരു തകരച്ചെണ്ട പോലെ മുഴങ്ങിക്കൊണ്ടിരുന്നു. പൊള്ളയായ ശബ്ദം.PM of can’t.
കഴിഞ്ഞില്ല. ഈ ഇലക്ഷന്‍ വർഷം ഇതാ ജന ധന യോജന പുനര്‍ വിക്ഷേപിച്ചിരിക്കുന്നു. ഇൻഷുറൻസ് തുക രണ്ടു ലക്ഷം ആക്കിയെന്നു വാര്‍ത്ത വരുന്നു. മുപ്പത്തിരണ്ടു കോടി പേര്‍ പദ്ധതിയില്‍ ഉണ്ടെന്നും. എത്രനാള്‍ ഇതെല്ലാം വാചാടോപം മാത്രമായി നിലനില്‍ക്കും? മോഡിസർക്കാരിന്റെ പൊള്ളയായ കണക്കുകളുടെയും വാഗ്ദാനങ്ങളുടെയും ചരിത്രം തരുന്ന ഉത്തരം അത്ര രസമുള്ളതല്ല.
(തുടരും)
Be the first to write a comment.