തേടൽ ആരെയൊരുരുളയാക്കില്ല:

എങ്കിൽ ചാടിപ്പോയ രണ്ടുണ്ടകൾ
എന്റെ കണ്ണുകളാണ്

മുലക്കണ്ണുകൾ പറ്റിപ്പിടിച്ച
ചെരിപ്പിട്ട്
നടപ്പാണെന്റെ പഴേ കാമുകൻ..

കണ്ണുകളിന്മേലുള്ള നടപ്പ്
ഏതു കാമുകനേയും അലിയിക്കും.
ദാ നിന്റെ പേറ്റുകാലക്കുരിപ്പ്..വച്ചോ..
എന്നുപറഞ്ഞൊന്നെങ്കിലും
തിരികെത്തരും…

ഒന്നെങ്കിലും അവനെടുക്കും..

ഞാനിപ്പോ ഒരുരുളയാണേ
എന്റെ കോണിച്ച കൈമുട്ടും
മുയൽച്ചെവിയും ഇപ്പൊളുരുണ്ടിട്ടാണേ..

ചെരിപ്പിന്റെ കണ്ണ്
അതിന്റെ കമഴ്ത്തിവച്ച കാഴ്ചയെ
പൂണ്ടിരിപ്പാണ്.
ഞാനതിൽ പറ്റിപിടിക്കുന്നു.

എനിയ്ക്ക് മുലയും ചെവിയും,
മുലയ്ക്ക് കണ്ണുകളുമുണ്ടായിരുന്നൊരു കാലം
ചെരിപ്പിൽനിന്ന് തെറിച്ചുപോകുന്നു..

കാലത്തിന്മേലുള്ള നടപ്പ്
ഏത് ചെരിപ്പിനെയും അലിയിക്കും..
അതിന്റെ കണ്ണ് അഴിഞ്ഞുപോയി.

അതിനു മുലയും
മുലയിൽ കണ്ണുകളുമുണ്ടായിരുന്നിരിക്കാം..
പാവം
അതിനു മുട്ടും മുയലൻ ചെവിയും
ഉണ്ടായിരുന്നിരിക്കാം..
പാവം

 


Image – Alar Mani 

Comments

comments