അനശ്വരകവിതകൾ – അനശ്വരരുടെ കവിതകൾ- 10
രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.
യൂറി അലക്സിയേവിച് ഇന്‍ജ്
യൂറി അലക്സിയേവിച് ഇന്‍ജ് ലെനിന്‍ഗ്രാഡിനടുത്ത് സ്ട്രേല്‍ന നഗരസഭാ പ്രദേശത്ത് 1905 ല്‍ ജനിച്ചു. 15 വയസ്സുള്ളപ്പോള്‍ത്തന്നെ റെഡ് ട്രയാങ്കിള്‍ റബ്ബര്‍ തോട്ടത്തില്‍ ജോലിക്ക് ചേര്‍ന്നു. ആദ്യം റബ്ബര്‍ വെട്ടുന്ന വെറും തൊഴിലാളി ആയിരുന്നു .പിന്നെ റബ്ബര്‍ സാധനങ്ങള്‍ ഉണ്ടാക്കാനുള്ള മൂശ വാര്‍ക്കുന്നവനായി.1929 വരെ അവിടെ ജോലിയെടുത്തു. 1930ല്‍ തന്‍റെ ആദ്യകാലകവിതകള്‍ ശേഖരിക്കുകയും 1931ല്‍ ഇപോക്ക് – epoch – എന്ന പേരില്‍ അവ പ്രസിദ്ധീകരിക്കയും ചെയ്തു.
1941 ല്‍ റഷ്യയെ ആക്രമിച്ച് ലക്ഷക്കണക്കിന് പട്ടാളക്കാരെയും നാവികരെയും കീഴടക്കി അവരുടെ ആയുധങ്ങളും പിടിച്ചെടുത്തപ്പോള്‍ റെഡ് ആര്‍മി പുനഃസംഘടിപ്പിച്ചു. ഈ നാവികപ്പട ഒഡീസ, സെവാസ്റ്റപ്പോള്‍, സ്റ്റാലിന്‍ഗ്രാഡ്, നൊവോറോസ്സിയിസ്ക്,റ്റുവാപ്സെ, ലെനിന്‍ഗ്രാഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ കരസേനയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ലെനിന്‍ഗ്രാഡില്‍ കുഴിബോംബുകള്‍ വിതറി ബാള്‍ട്ടിക് കപ്പല്‍പ്പടയെ തടഞ്ഞു. പക്ഷെ ഇതിലെ മുങ്ങിക്കപ്പലുകള്‍ രക്ഷപ്പെട്ടു. എന്നാല്‍ ജലോപരിതല നാവികസേന വായുസേനയുടെ സഹായത്തോടെ ജര്‍മന്‍ സ്ഥാനങ്ങളില്‍ ബോംബാക്രമണം നടത്തി പ്രത്യാക്രമണം നടത്തി. 1939 – 1940 ശൈത്യകാലത്തുണ്ടായ ഫിനിഷ് യുദ്ധത്തില്‍ ബാള്‍ട്ടിക് കപ്പല്‍പ്പടയിലെ നാവികനായിരുന്നു ഇന്‍ജ്. 1939 നവംബര്‍ 30 നാണ് ഫിന്‍ ലാന്‍റിനെതിരെ യുദ്ധം തുടങ്ങിയത്. മോസ്കോ സമാധാന ഉടമ്പടിയനുസരിച്ച് 1940 മാര്‍ച്ച് 13 ന് യുദ്ധം അവസാനിപ്പിച്ചു. ലീഗ് ഓഫ് നാഷന്‍സ് ഈ യുദ്ധത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് യു.എസ്.എസ്.ആറിനെ സംഘടനയില്‍നിന്നും പുറത്താക്കി. ഇതുകൊണ്ടുതന്നെ യുദ്ധത്തിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ലോകം എങ്ങിനെ കാണുന്നു എന്നറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു; കൂട്ടത്തില്‍ യുദ്ധത്തിന്‍റെ തീവ്രതകളും.
1941ല്‍ ഇന്‍ജ് ടാല്ലിനില്‍ (ടാല്ലിന്‍) എത്തി. അവിടെ വെച്ചാണ് യുദ്ധം തുടങ്ങി (the war has started) എന്ന കവിത എഴുതിയത്. എഴുതിയ അന്നുതന്നെ റേഡിയോ ലെനിന്‍ഗ്രാഡ് ആ കവിത സംപ്രേഷണം ചെയ്തു. റെഡ് നാവി പത്രത്തില്‍ അദ്ദേഹം സജീവമായിരുന്നു. അക്കാലത്താണ് കവിതകളും, ഖണ്ഡകാവ്യങ്ങളും, ആക്ഷേപഹാസ്യങ്ങളും, എഴുതുകയും ആക്ഷേപഹാസ്യകവിതകള്‍ക്ക് ശീര്‍ഷകങ്ങളും വിവരണങ്ങളും കൊടുക്കുകയും ലേഖനങ്ങളും ചിത്രീകരണങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തത്.
1941 ഓഗസ്റ്റ് 28 ന് നാസികള്‍ വാള്‍ഡിമാരസ് യുദ്ധക്കപ്പല്‍ ടോര്‍പിഡോ വെച്ച് തകര്‍ത്തപ്പോള്‍ ലിന്‍ജും അതില്‍ പെട്ടിരുന്നു. അന്നേ ദിവസം റെഡ് ബാള്‍ട്ടിക് ഫ്ലീറ്റ് എന്ന പത്രം അദ്ദേഹത്തിന്‍റെ അവസാന കവിത പ്രസിദ്ധീകരിച്ചു.
ഹിറ്റ്ലര്‍ സംഘങ്ങള്‍ക്ക് നന്നായറിയാവുന്ന ഒരു പ്രശസ്തന്‍ ആയിരുന്നു ലിന്‍ജ്. അതുകൊണ്ടുതന്നെ അവര്‍ ഇന്‍ജിനെ അങ്ങേയറ്റം വെറുക്കുകയും ചെയ്തു.
സ്വതന്ത്രമായ ടാല്ലിന്‍ ഗെസ്റ്റപ്പോ ക്യാമ്പുകളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ വധശിക്ഷക്ക് വിധിച്ച ലിന്‍ജിന്‍റെ പേരും ഉണ്ടായിരുന്നു.
“എന്‍” എന്ന ദ്വീപ്
മൂലം: യൂറി അലക്സിയേവിച് ഇന്‍ജ്
ആംഗലേയ പരിഭാഷ – ഡോറിയന്‍ റൊട്ടന്‍ബെര്‍ഗ്
മലയാള പരിഭാഷ – അച്യുതന്‍ വടക്കേടത്ത് രവി
…………………………………………………………………………
ഒരു പക്ഷി തെന്നിത്തെന്നി
അങ്ങുമിങ്ങും പറക്കുമ്പോലെ
റഷ്യന്‍പതാക ദ്വീപുകളുടെ ആകാശത്ത് പാറിക്കളിച്ചു.
ശുദ്ധനീരുറവകള്‍ ഒലിച്ചിറങ്ങുന്ന
കിഴുക്കാംതൂക്കായ മലഞ്ചെരിവുകള്‍
കരാമിഷ് നദി ഒഴുകുന്ന ഗ്രിം ദ്വീപിന്
കരിങ്കല്‍കോട്ടപോലെ അഭയം കൊടുത്തു.
സോവിയറ്റ് കടലുകളെ സംരക്ഷിക്കുന്ന
ഈ കോട്ടകൊത്തളങ്ങള്‍
ആര്‍ക്കും കീഴടങ്ങാനുള്ളതല്ല.
ഇക്കാലമത്രയും യന്ത്രത്തോക്കുകള്‍
നിര്‍ത്താതെ തീ തുപ്പിയിരുന്ന
ഭീകരയുദ്ധം നടന്ന പ്രദേശമായിരുന്നു ഈ ദ്വീപ്.
ഊര്‍ജസ്വലരായ പീരങ്കിപ്പടയാളികള്‍
കാവലിരിക്കുന്ന ഭൂപ്രദേശത്തേയ്ക്കും
ചുകപ്പന്‍ കപ്പല്‍പ്പട*യിലെ പടയാളികള്‍
ബയനറ്റുള്ള തോക്കേന്തി കാവലിരിക്കുന്ന തുറമുഖത്തേയ്ക്കും
ഒരു ശത്രുവും അതിര്‍ത്തി കടന്നു വരില്ല.
കനത്ത കോണ്‍ക്രീറ്റ് ഭിത്തികളിലെ പീരങ്കിത്തുളകള്‍
നിര്‍ദ്ദാക്ഷിണ്യം നാസികളെ തുറിച്ചു നോക്കി.
ഇരുകൂട്ടരും ശക്തമായി ആക്രമിച്ചു.
പ്രശസ്തമായ “എന്‍” ദ്വീപ്
കീഴടക്കാന്‍ നാസികള്‍ക്ക് കഴിഞ്ഞില്ല.
പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന
കടല്‍ത്തട്ടിലെ പാറക്കെട്ടുകളില്‍ തട്ടി
ഇരുട്ടില്‍ നാസികളുടെ മുങ്ങിക്കപ്പലുകള്‍ തകര്‍ന്നു.
ദേഷ്യം മൂത്ത നാസികള്‍ ഉന്മാദികളായി.
കടല്‍ വീണ്ടും ശാന്തമായി
സൈനികമേധാവികളും പട്ടാളക്കാരും സ്വസ്ഥരായി.
അപ്പോഴേക്കും വ്യോമയുദ്ധം തുടങ്ങി.
അവരുടെ പിഴയ്ക്കാത്ത വെടിയുണ്ടകളുടെ
കറുത്ത ഹൃദയത്തിലൂടെ
ചുകപ്പന്‍ കപ്പല്‍പ്പടയുടെ ഒളിപ്പോര്‍ വിദഗ്ദ്ധര്‍
കുതിച്ചു മുന്നേറി.
പീരങ്കിപ്പട തുരുതുരാ വെടി വെച്ചു.
സൈറന്‍ മുഴങ്ങി.
‘നമ്മുടെ രാജ്യം കാക്കാന്‍
ധീരമായി
നെഞ്ചു വിരിച്ചു മുന്നോട്ട് പോകൂ.’
“എന്‍” ദ്വീപ് നിര്‍ഭയം തലയുയര്‍ത്തി നില്‍ക്കുന്നു.
നാശം വിതച്ച പോരാട്ടത്തില്‍
കടല്‍ നുരയും പതയും തുപ്പി.
തീജ്വാലയുയര്‍ന്നു. പുക അന്തരീക്ഷത്തില്‍ പടര്‍ന്നു.
തോറ്റോടിയ ശത്രുക്കള്‍ മുങ്ങി മരിച്ചു.
റഷ്യന്‍പതാക അഭിമാനത്തോടെ പാറിക്കളിക്കുന്നു,
ദ്വീപുകളുടെ ആകാശത്ത് ഒരു പക്ഷി തത്തിപ്പറക്കുമ്പോലെ.
അപ്പോള്‍ പ്രശസ്തമായ “എന്‍” ദ്വീപ്
കീഴടങ്ങാതെ തലയുയര്‍ത്തി നില്‍ക്കുന്നു.
*red navy
Be the first to write a comment.