‘നാഷണലിസം’ അഥവാ ദേശീയതയും ‘പോപ്പുലിസം’ അഥവാ പ്രീണനപരതയും പലവിധത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പലപ്പോഴും തർക്കങ്ങളിലേക്കു നയിക്കാറുള്ള ഈ വാക്കുകളുടെ അർത്ഥതലങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല; എങ്കിലും പ്രീണനപരമായ ദേശീയവാദം ഇന്ത്യയിൽ ഉയർന്നുവന്നതിനെക്കുറിച്ച് ചുരുക്കത്തിൽ ഒന്ന് പറയുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്കു വ്യാപിക്കുന്ന പ്രസക്തി ഇതിനുണ്ടെന്നാണ് എന്റെ വിശ്വാസം.

മുതലാളിത്തലോകത്ത് ബൂർഷ്വാ ദേശീയത എന്നും ബൂർഷ്വാസിയുടെ താത്പര്യത്തെ സംരക്ഷിക്കുന്ന ഒന്നായിരിക്കും. ബൂർഷ്വാസി ഭരണവർഗ്ഗമായിരിക്കുന്ന കാലത്തോളം ദേശീയത ദേശഭക്തിയായി വാഴ്ത്തപ്പെടും. ‘തെറ്റായ ബോധ’ത്തോടടുത്തുനിൽക്കുന്ന ഒരു ദേശീയവാദം എന്ന ആശയത്തെ, ചില ജനവിഭാഗങ്ങളുടെ വികാരങ്ങളെയും മാനസികനിലയെയും ചൂഷണം ചെയ്യുകവഴി ഊട്ടിയുറപ്പിക്കുക എന്ന രാഷ്ട്രീയലക്ഷ്യം നേടലാണ് എന്നാൽ പ്രീണനവാദം. മുതലാളിത്തത്തിനു കീഴേ പ്രീണനപരമായ ദേശീയതക്ക് ഇരട്ടലക്ഷ്യങ്ങളാണുള്ളത്; ബൂർഷ്വാസിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുക, അതേസമയം, സ്വന്തം പ്രീണനപരതയാൽ സമൂഹത്തെ മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില വിഭാഗങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കുക.

ദേശീയവാദം

നാടുവാഴിത്തം, മുതലാളിത്തം എന്നീ ഘട്ടങ്ങളിൽനിന്ന് മനുഷ്യരാശി രാഷ്ട്രങ്ങളുടെ ആവിർഭാവത്തിലേക്ക് എത്തിച്ചേർന്നത് മാറ്റത്തിന്റെ നീണ്ടപാതയിലെ സുപ്രധാനമായ നാഴികക്കല്ലായിരുന്നു. യൂറോപ്പിൽ ഈ കാലഘട്ടം രാഷ്ട്രത്തെ പള്ളിയുടെ കീഴിൽനിന്നു പറിച്ചുനടാനുള്ള ശ്രമത്തിനും തുടക്കം കുറിച്ചു. അതേസമയം, മുതലാളിത്തവ്യവസ്ഥ നാടുവാഴിത്തത്തിനുമേൽ നേടിയ വിജയം, രാജാക്കന്മാർക്കും ചക്രവർത്തിമാർക്കും ഭരിക്കുവാനുള്ള ദൈവികമായ അവകാശം എന്ന അന്ധവിശ്വാസത്തിൽനിന്ന് രാഷ്ട്രീയാധികാരത്തെ മോചിപ്പിച്ചു. ഒടുവിൽ,1648ൽ ഒപ്പുവെച്ച വെസ്റ്റ്ഫാലിയ ഉടമ്പടി രാഷ്ട്രത്തിന്റെ പരമമായ ഭരണാധികാരത്തിനും തുടർന്നുവന്ന അന്താരാഷ്‌ട്ര നിയമങ്ങൾക്കും അടിത്തറപാകി. രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അധിഷ്ഠിതമായ ഒരു അന്താരാഷ്ട്രവ്യവസ്ഥ, രാഷ്ട്രങ്ങൾ തമ്മിലുള്ള സമത്വം എന്ന ആശയം, ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുവാൻ മറ്റൊര് രാഷ്ട്രത്തിനു അനുവാദമില്ലാതിരിക്കൽ എന്ന ആശയം ഇവയെല്ലാം വെസ്റ്റ്ഫാലിയൻ വ്യവസ്ഥ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്പിലെ പ്രമുഖശക്തികൾ തമ്മിൽ 1644 – 48 കാലത്ത് വെസ്റ്റ്ഫാലിയൻ സമാധാനം സ്ഥാപിക്കുകയുണ്ടായി. ഇന്നും നിലവിലുള്ള പല അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഉടമ്പടികൾ അന്ന് രൂപകല്പനചെയ്തത്.

(Image – The Ratification of the Treaty of Münster, 15 May 1648     (1648) by Gerard ter Borch )

രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസം പരാജയമടയുകയും, തുടർന്ന് കോളനിവാഴ്ച അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോൾ, ഈ സ്വതന്ത്രരാഷ്ട്രങ്ങളുടെ സ്വഭാവരൂപീകരണത്തിൽ കോളനിവാഴ്ചക്കെതിരെയുള്ള ജനസമരങ്ങൾ ഒരു മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഇന്ത്യയടക്കം ഓരോ രാഷ്ട്രവും, കോളനിവാഴ്ചക്കെതിരെ നടത്തിയിട്ടുള്ള നീണ്ട സമരങ്ങളിൽനിന്നാണ് തീർച്ചയായും ഈ സ്വഭാവരൂപീകരണം സംഭവിച്ചത്.

‘ഇന്ത്യ എന്ന ആശയം’ – – പരിണാമം.

ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്നു സ്വാതന്ത്യ്രം നേടാൻ ഇന്ത്യ നടത്തിയ ഐതിഹാസികസമരത്തിന്റെ കാലഘട്ടത്തിലാണ് ‘ഇന്ത്യ എന്ന ആശയം’ ഉടലെടുത്തത്. എന്താണ് ഈ ‘ഇന്ത്യ എന്ന ആശയം’? അതിന്റെ വിവിധതലങ്ങളെക്കുറിച്ച് ബോധവാനെങ്കിലും, തികച്ചും ലളിതമായ ഭാഷയിൽ പറയുകയാണെങ്കിൽ, ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ അതിലെ എല്ലാ ജനതതികളേയും ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തിലേക്ക് അതിന്റെ അത്യധികമായ വൈവിധ്യങ്ങളെ തരണംചെയ്‌തുകൊണ്ടുനീങ്ങുന്നതിനെയാണ് ഈ ആശയംകൊണ്ട് സൂചിപ്പിക്കുന്നത്. ഒരർത്ഥത്തിൽ വെസ്റ്റ്ഫാലിയൻ സമാധാനത്തിനുശേഷം യൂറോപ്പ് തെരഞ്ഞെടുത്ത പന്ഥാവിനെ പൂർണ്ണമായും നിരാകരിക്കലാണിത്.

ആധുനിക മതേതര ഇന്ത്യൻ റിപ്ലബിക്കിനെ ‘ഹിന്ദു രാഷ്ട്രം’ എന്ന ആർ എസ് എസ് / ബി ജെ പി ആശയംകൊണ്ട് പകരംവെക്കുമ്പോൾ അത് ഒരു തരത്തിൽ വെസ്റ്റ്ഫാലിയൻ മാതൃകയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്; ഇവിടെ ഹിന്ദു ഭൂരിപക്ഷം മറ്റു മതന്യൂനപക്ഷങ്ങളെ ( പ്രത്യേകിച്ച് മുസ്ലിം: അകത്തുള്ള ആ അപരനായ ശത്രു) അടിച്ചമർത്തിക്കൊണ്ട് ‘ഇന്ത്യൻ രാഷ്ട്രബോധ’ത്തിനു പകരം ‘ഹിന്ദു ദേശീയവാദം’ പരിപോഷിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യൻ ജനത ഉയർത്തിയ സമരാവേശത്തിനു മുൻപായിനടന്ന ബൗദ്ധികസംവാദങ്ങളിൽ ഉയർന്നുവന്നിരുന്ന ദേശീയവാദത്തിന്റെ ആശയങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ് ഈ തിരിച്ചുപോക്ക്. ‘ഭൂരിപക്ഷവാദ’ത്തിൽ പണിതുയർത്തിയ അത്തരമൊരു രാഷ്ട്രം – ‘ഹിന്ദു രാഷ്ട്രം’ എന്ന തികച്ചും അസഹിഷ്ണുതയേറിയ പാഠഭേദം – ‘നവീനമായ ഒരു രാഷ്ട്രീയമന:ശാസ്ത്ര’ത്തിന്റെ ജനനത്തെ പ്രതിഫലിപ്പിക്കുകയിലൂടെ എന്താണോ ‘ഇന്ത്യ എന്ന ആശയം’ കൊണ്ട് സൂചിപ്പിക്കപ്പെട്ടത് ആ ഇന്ത്യൻ രാഷ്ട്രബോധത്തിന്റെ സത്തയെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

ആർ എസ് എസ് /ബിജെപി തത്വചിന്തകർ ‘ഇന്ത്യ എന്ന ആശയ’ത്തെ വെറുമൊരു സങ്കല്പം മാത്രമായി തള്ളിക്കളയുന്നു. ഇന്ത്യൻ ജനതയുടെ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തെ നിഷേധിച്ചുകൊണ്ട് അവർ ഇന്ത്യൻ (ഹിന്ദു) ദേശീയവാദത്തെ മാത്രം യാഥാർഥ്യമായി പ്രതിഷ്ഠിക്കുന്നു. ഈ സമരത്തിൽനിന്നാണ് വെസ്റ്റ്ഫാലിയൻ ആശയമായ ‘ദേശീയത’യ്ക്കും ഉപരിയായ ഇന്ത്യൻ രാഷ്ട്രബോധം ഉയർന്നുവന്നത്. ഇന്ന് ആർഎസ്എസ്/ബിജെപി, ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ജനങ്ങൾ നടത്തിയ ഐതിഹാസികസമരത്തിന്റെ സന്തതിയായ ഇന്ത്യൻ രാഷ്ട്രബോധത്തിൽ ( ‘ഇന്ത്യ എന്ന ആശയം ‘) നിന്ന് ഇന്ത്യൻ (ഹിന്ദു) ദേശീയവാദത്തിലേക്കുള്ള തിരിച്ചുപോക്കിന് നേതൃത്വം നൽകുകയാണ് ചെയ്യുന്നത്. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ അകീൽ ബിൽഗ്രാമി ഇത് ഊന്നിപ്പറയുന്നു: “ സ്വാതന്ത്ര്യസമരത്തിന്റെ അവസാനകാലത്തെ നിർണായകമായ മൂന്നു ദശാബ്ദങ്ങളിൽ ഉണ്ടായ ജനതതികളുടെ മഹത്തും ഉറച്ചതുമായ ഇടപെടൽ എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇത്തരമൊരു ആദർശത്തിന്റെ പിൻബലമില്ലാതെ സാധ്യമാവുമായിരുന്നില്ല”.

(Image – Prof. Akeel Bilgrami )

ലോകം കണ്ടിട്ടുള്ള ഏതു രാഷ്ട്രത്തിലും വലുതും അനുപമവുമായ തരത്തിലുള്ള വൈവിദ്ധ്യം – ഭാഷാപരമായും മതപരമായും വർഗ്ഗപരമായും സാംസ്കാരികമായും – ആണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. ഇന്ത്യയിൽ ഔദ്യോഗികമായി 1618 ഭാഷകളെങ്കിലുമുണ്ട്; 6400 ജാതികളും 6 പ്രധാന മതങ്ങളും – അതിൽ 4 എണ്ണം ഇവിടെത്തന്നെ ഉണ്ടായത്; മനുഷ്യവംശപരമായി നിർവ്വചിക്കപ്പെട്ട 6 വർഗ്ഗങ്ങൾ; ഇവയെല്ലാം ഒരുമിച്ചു ചേർത്ത് ഒരു രാജ്യമാക്കി രാഷ്ട്രീയഭരണം നടത്തുന്നു. ഇന്ത്യ 29 പ്രധാന മത – സാംസ്കാരിക ഉത്സവദിനങ്ങൾ ആഘോഷിക്കുന്നുണ്ടെന്നതും ലോകത്തിൽവെച്ചുതന്നെ ഏറ്റവും കൂടുതൽ മതപരമായ അവധിദിവസങ്ങൾ ഇന്ത്യയിലാണുള്ളതെന്നും ഉള്ളത് ഈ വൈവിദ്ധ്യത്തിന്റെ പരപ്പിന് ചില ഉദാഹരണങ്ങളാണ്.

ബ്രിട്ടീഷുകാരാണ് ഈ വൈവിദ്ധ്യത്തെ ഒരുമിപ്പിച്ചത് എന്ന് വാദിക്കുന്നവർ അതേ ബ്രിട്ടീഷുകാരാണ് ഈ ഉപഭൂഖണ്ഡത്തെ വിഭജനത്തിലേക്കും അതുവഴി ലക്ഷക്കണക്കിനു മരണത്തിലേക്കും അതിവിപുലമായ മതപരമായ കുടിയേറ്റങ്ങൾക്കും കാരണമായതെന്നുള്ള സത്യം സൗകര്യപൂർവം വിസ്മരിക്കുന്നു. തങ്ങൾ ഭരിച്ചിരുന്ന കോളനികളിലെല്ലാം തന്നെ , ഏറെക്കാലം നീറിപ്പുകയുന്ന മുറിവുകൾ വിഭജനം മൂലം സമ്മാനിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ പതിവായിരുന്നു; പലസ്തീൻ, സൈപ്രസ്, ആഫ്രിക്കൻ നാടുകൾ, ഇന്ത്യൻ ഉപഭൂഖണ്ഡം ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യൻ ജനത ആകമാനം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതാണ് ഈ വൈവിദ്ധ്യത്തെ ഏകോപിപ്പിച്ചത്. ഇന്ത്യയൊട്ടാകെ ദേശബോധം സൃഷ്ടിച്ചതും 660 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ആധുനിക ഇന്ത്യയെ നിർമിച്ചതും സ്വാതന്ത്ര്യസമരമാണ്.

ദേശീയത : അന്തരാഷ്ട്ര സാമ്പത്തിക മൂലധനത്തിന്റെ അടിമ

കച്ചവടം ആദർശവൽക്കരിച്ചിരുന്ന കച്ചവടമുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ, അതിന്റെ പങ്കാളിയായ ബൂർഷ്വാ ദേശീയതയിൽനിന്നാണ് ‘രാഷ്ട്ര’ത്തിന്റെ വെസ്റ്റ്ഫാലിയൻ നിർവ്വചനങ്ങൾ ഉണ്ടാകുന്നത്. ‘രാഷ്ട്ര’ത്തിന്റെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൽ ജാഗ്രതയുണ്ടായി; തത്‌ഫലമായി ‘രാഷ്ട്രസമ്പത്ത്’ പൊലിപ്പിക്കുവാൻ ഭീമമായ സാമ്രാജ്യത്വവികസനവും ആരംഭിച്ചു. നേരിട്ടുള്ള കൊള്ളയും സ്വർണം, വൈരം, മറ്റു ധാതുസമ്പത്തുക്കൾ ഇവ അടിമകളെക്കൊണ്ട് ഖനനം ചെയ്യിപ്പിക്കലും മറ്റും ‘ദേശീയത’യുടെ പേരിൽ ഏർപ്പെട്ട പ്രവൃത്തികളായിരുന്നു. ഈ രാജ്യങ്ങളിലെ എണ്ണമറ്റ തൊഴിലാളിവർഗ്ഗങ്ങളുടെ ഉന്നമനമൊന്നും ലക്ഷ്യങ്ങളിലൊന്നായിരുന്നില്ല. ‘രാഷ്ട്രം’ ജനങ്ങൾക്ക് മേലെയായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്; ജനങ്ങളാകട്ടെ ദേശീയതയുടെ പേരിൽ സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള പോരാട്ടങ്ങളിലെ ബലിയാടുകളായിമാറി. യുദ്ധഭൂമിയിൽ അന്യോന്യം വധിക്കുവാനാണ് ഈ രാജ്യങ്ങളിലെ തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നത്. ബൂർഷ്വാ ദേശീയത അന്നും ഇന്നും ‘രാഷ്ട്രം’ എന്നതിനെ ജനങ്ങൾക്ക് മേലെ അതിശയപരമായി പ്രതിഷ്ഠിക്കുന്ന രീതി പിന്തുടരുന്നു.

ആഗോളവത്കരണത്തിന്റെ കാലത്ത്, അന്താരാഷ്‌ട്ര സാമ്പത്തിക മൂലധനത്തിന്റെ വാഴ്ചയിൽ, ബൂർഷ്വാ ദേശീയത അന്താരാഷ്‌ട്ര സാമ്പത്തിക മൂലധനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയും സാധാരണക്കാർക്ക് കൂടുതൽ കഷ്ടപ്പാടുകൾ വരുത്തിവെക്കുകയും ചെയ്യുന്നു. ജനാധിപത്യവ്യവസ്ഥിതിയുടെ ചട്ടക്കൂടിൽ ഒതുങ്ങുന്ന നിയോ ലിബറൽ ഭരണകൂടങ്ങൾക്കു ലഭിക്കുന്ന രാഷ്ട്രീയസഹായം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ‘ദേശീയത’യുടെ നാമത്തിൽ ഭീഷണിയുടെ മുനമ്പിൽ നിരത്തുന്നുണ്ട്.

വർത്തമാനകാലത്ത്, ഇന്ത്യയിൽ ഒരു കോർപ്പറേറ്റ് ജാതീയ സഖ്യം ശക്തമായി നിലവിൽവന്നിട്ടുണ്ട്. ഇത് ദേശീയതയുടെ സിദ്ധാന്തത്തെ മഹത്വവൽക്കരിച്ചു പ്രദർശിപ്പിക്കുകയും ‘രാഷ്ട്രം’ എന്നതിനെ മനുഷ്യർക്കു മേലെ പ്രതിഷ്ഠിക്കുകയും ജനങ്ങളെ ‘രാഷ്ട്ര’ത്തിന്റെ പേരിൽ അവരുടെ ജനാധിപത്യപരമായ അവകാശങ്ങൾ അടക്കം ത്യജിക്കുവാൻ ഉത്ബോധിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരികൾ പലപ്പോഴും ‘ആഖ്യാനസ്വാതന്ത്ര്യത്തിനുള്ള വില രാജ്യത്തിന്റെ നിലനിൽപ്പ് ആകരുത്’ എന്ന് വിളംബരം ചെയ്യുന്നുണ്ട്!

ആർഎസ്എസ് നയിക്കുന്ന ഇന്ത്യൻ വർഗീയശക്തികളുടെ ഫാസിസ്റ്റ് അജണ്ടയെ ബലപ്പെടുത്തുവാൻ ഉതകുന്നതാണ് ഇത്തരമൊരു ദേശീയതാസങ്കല്പം. ഇന്ത്യയുടെ മതേതരമായ ജനാധിപത്യവ്യവസ്ഥയിൽ അധിഷ്ഠിതമായ റിപ്പബ്ലിക്കൻ വ്യക്തിത്വത്തെ തികച്ചും അസഹിഷ്ണുതയേറിയ ഒരു ‘ഹിന്ദു രാഷ്ട്ര’ത്തിലേക്ക് മാറ്റിമറിക്കലാണ് ഈ ഫാസിസ്റ്റ് അജണ്ടയുടെ ലക്‌ഷ്യം.

ആർഎസ്എസിന്റെ ദേശീയതാ സമ്പ്രദായം അവർ പറയുന്ന ‘ഹിന്ദു രാഷ്ട്രം’ സ്ഥാപിച്ചെടുക്കുന്നതിന് അവർ നൽകുന്ന ആശയപരവും സൈദ്ധാന്തികവുമായ ന്യായീകരണമാണ് ( ഈ ഹിന്ദു രാഷ്ട്രം ഒരു മതം എന്ന നിലക്കുള്ള ഹിന്ദുത്വത്തിൽനിന്ന് തികച്ചും വ്യത്യസ്തവും, ‘ഹിന്ദുത്വരാഷ്ട്രം’ എന്ന് വിളിക്കപ്പെടേണ്ടതും ആണ്). മണ്മറഞ്ഞ ആർഎസ്എസ് നേതാവിന്റെ വാക്കുകളിൽ ഇതു പ്രകടമാണ്; “ ഏതെങ്കിലുമൊരു വിദേശശക്തി ഈ രാജ്യത്തിൽ കാലൂന്നുന്നതിനു എട്ടോ പത്തോ സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഹിന്ദുക്കളായിരുന്നു ഈ രാജ്യത്തിന്റെ സംശയമില്ലാത്ത എതിരില്ലാത്ത ഉടമസ്ഥർ”. അതുകൊണ്ടാണ് ഈ രാജ്യം “ഹിന്ദുസ്ഥാൻ, അഥവാ ഹിന്ദുക്കളുടെ രാജ്യം എന്നറിയപ്പെടുന്നത്”. ( വീ ഓർ അവർ നാഷൻഹുഡ് ഡിഫൈൻഡ് – എം.എസ്.ഗോൾവൽക്കർ, 1939, പേജ് 6 ).

( Image – MS Golwalkar )

ഹിന്ദു വരേണ്യതയുടെ വക്താക്കൾ, ഇപ്രകാരം തികച്ചും അശാസ്ത്രീയവും ചരിത്രപരമായി അസത്യവുമായ ഒന്നിനെ അധികരിച്ച് ഹിന്ദുക്കൾ എന്നും ഒരു രാഷ്ട്രമായി തുടരുമെന്നു “സ്ഥാപിച്ച” ശേഷം, ഇത്തരത്തിലുള്ള ഒരു ഹിന്ദുത്വ രാഷ്ട്രത്തിന്റെ ആശയപരമായ ഉള്ളടക്കത്തിന്റെ അസഹിഷ്ണുതയെ സ്ഥാപിക്കാൻ ഒരുങ്ങുന്നു:

“…ഇതിൽനിന്നു നിർബന്ധമായും ഉരുത്തിരിയുന്ന പരിസമാപ്തി ഇതാണ്.. ഹിന്ദുസ്ഥാനിൽ പുരാതനമായ ഹിന്ദു രാഷ്ട്രം നിലനിൽക്കുന്നുണ്ട്, നിലനിന്നേ മതിയാവൂ. മറ്റൊന്നും ഇവിടെയുണ്ടാകരുത്. ദേശീയമല്ലാത്ത, അതായത് ഹിന്ദു വർഗം മതം സംസ്കാരം ഭാഷ ഇവയിലൊന്നും പെടാത്തതെല്ലാം സ്വാഭാവികമായും ‘ദേശീയ’ ജീവിതത്തിന്റെ സീമക്കുപുറത്താണ്.

“ ഇതേത്തുടർന്ന് ഹിന്ദു രാഷ്ട്രത്തെ അതിന്റെ ഇപ്പോഴുള്ള മന്ദതയിൽനിന്ന് മോചിപ്പിക്കുവാനും അതിനെ പുനരുജ്ജീവിപ്പിക്കുവാനും പുനർനിർമ്മിക്കുവാനും ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ മാത്രമേ യഥാർത്ഥ ‘ദേശീയത’യെ ലക്ഷ്യമാക്കുന്നുള്ളൂ. ഹിന്ദു ജനവിഭാഗത്തേയും രാഷ്ട്രത്തെയും മഹത്വവൽക്കരിക്കയാനുള്ള തീവ്രമായ അഭിലാഷം തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുകയും അതിനാൽ പ്രേരിതരായി ആ ലക്‌ഷ്യം മുന്നിൽക്കണ്ടു പ്രവർത്തിക്കുകയും ചെയ്യുന്നവരേ യഥാർത്ഥ ദേശഭക്തരാകുന്നുള്ളൂ. മറ്റുള്ളവരെല്ലാം ദേശീയലക്ഷ്യത്തെ വഞ്ചിക്കുന്നവരും ശത്രുക്കളുമാണ്; കുറച്ചു സൗമനസ്യത്തോടെ പറയുകയാണെങ്കിൽ വിഡ്ഢികളും” (ഗോൾവൽക്കർ, 1939, പേജ് 43 – 44 ).

‘ഇന്ത്യ എന്ന ആശയ’ത്തെ എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ദേശീയത എന്ന സങ്കല്പത്തിൽനിന്ന് മാറിനടക്കലാണ് ഇത്. ഇന്ന് ഉദ്‌ഘോഷിക്കപ്പെടുന്നത് പ്രത്യേകവിഭാഗക്കാർക്കു മാത്രമായുള്ള ഹിന്ദുത്വ ദേശീയതയാണ്. ഇന്ത്യൻ പശ്ചാത്തലത്തിൽ ഇതിനെ പ്രീണനപരമായ ദേശീയത എന്ന് നിർവചിക്കാം.

ഇത്തരത്തിലുള്ള ഒരു പിന്തിരിപ്പൻ പദ്ധതി ഇന്ത്യയിൽ വിജയിക്കണമെങ്കിൽ അതിന്റെ ഒത്തനടുവിലുള്ളത് ചരിത്രത്തെ ഹൈന്ദവ പുരാണേതിഹാസങ്ങൾ കൊണ്ടും തത്വശാസ്ത്രത്തെ ദൈവസങ്കല്പങ്ങൾകൊണ്ടും പകരംവെക്കുവാൻ ആർഎസ്എസ്/ ബിജെപി നടത്തുന്ന ശ്രമങ്ങളാണ്. ഇന്ത്യയിലെ ഇന്നത്തെ ബിജെപി ഗവണ്മെന്റ് നമ്മുടെ വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും പാഠ്യപദ്ധതി കൃത്യമായ കണക്കുകൂട്ടലുകളിലൂടെ മാറ്റിയെഴുതിക്കൊണ്ടും ഉന്നതവിദ്യാഭ്യാസമേഖലയിൽ ഹിന്ദുത്വ പ്രഘോഷണക്കാരെ പലയിടങ്ങളിലായി നിയമിച്ചുകൊണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള പ്രീണനപരമായ ദേശീയതയെ വിജയിപ്പിക്കുന്നതിന് സുപ്രധാനമായ ഒരു പടി സൈദ്ധാന്തികമായി യുക്തിബോധമില്ലായ്മയെ വളർത്തുകയെന്നതാണ്. ജോർജ് ലൂക്കാച്ചിന്‍റെ (Georg Lukacs)എണ്ണപ്പെട്ട കൃതിയായ “ഡിസ്ട്രക്ഷൻ ഓഫ് റീസൺ”, സൈദ്ധാന്തികമായ യുക്തിയില്ലായ്മയുടെ വിമർശനം എന്ന നിലക്ക് ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ പഠനവിധേയമാക്കേണ്ടതാണ്. ജർമ്മനി ഹിറ്റ്ലറിലേക്ക് എത്തിയ മാർഗം സൈദ്ധാന്തികതലത്തിൽ ലൂക്കാച്ച് പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാദത്തിന്റെ കേന്ദ്രബിന്ദു “ സാമ്രാജ്യത്വലോകത്ത് യുക്തിശൂന്യത എന്ന അന്തരാഷ്ട്ര പ്രതിഭാസം” എന്നതാണ്.

യുക്തിയോട് ശത്രുത വെച്ചുപുലർത്തുന്ന ഒന്നാണ് യുക്തിരാഹിത്യം എന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളിലെല്ലാം തന്നെ യുക്തിയെയും അതിന് യാഥാർഥ്യത്തെക്കുറിച്ച് വെളിച്ചം പകരുവാനുള്ള കഴിവിനെയും വെല്ലുവിളിക്കുക എന്നതാണ് യൂറോപ്പ്യൻ നവോത്ഥാനകാലം മുതൽ ഇന്നത്തെ സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെ കാലം വരെ അതിന്റെ പ്രധാന ദൗത്യം. അറിവിന് ഒരു കാലത്തും യാഥാർഥ്യത്തെ മുഴുവനായും വിശദീകരിക്കാനാവില്ല. എന്നാൽ യുക്തിരാഹിത്യമാകട്ടെ യാഥാർഥ്യവും അറിവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ തന്നെ നിഷേധിക്കുകയാണ് ചെയ്യുന്നത്. യാഥാർഥ്യം, ലുക്കാസിന്റെ വാക്കുകളിൽ, നമുക്ക് അതിനെക്കുറിച്ചുള്ള അറിവിനേക്കാൾ പതിന്മടങ്ങു സമ്പന്നവും സങ്കീർണ്ണവുമാണ്. ഈ വിടവ് വിവേചനശക്തിയാൽ നികത്താൻ ശ്രമിക്കുന്നതിനുപകരം യുക്തിരാഹിത്യം സ്ഥാപിക്കുന്നത് മുഴുവൻ യാഥാർഥ്യത്തിന്റെയും യുക്തിഭദ്രമായ അറിവ് നേടുക അസാദ്ധ്യമാണെന്നാണ്. ‘വിശ്വാസം’, ‘അതീന്ദ്രിയജ്ഞാനം’ എന്നീ ഉയർന്ന തലത്തിലുള്ള അറിവുകൾ കൊണ്ടുമാത്രമേ പൂർണമായ യാഥാർഥ്യത്തെ മനസ്സിലാക്കാനാവൂ. പ്രീണനപരമായ ദേശീയത ജനങ്ങളെ ഇത്തരം ‘വിശ്വാസം’ ഊട്ടി, തങ്ങളുടെ ഇരട്ട ലക്ഷ്യങ്ങളായ നിയോ ലിബറൽ അജണ്ട പ്രചരിപ്പിക്കുക, ഇന്ത്യയെ ചില പ്രത്യേകവിഭാഗക്കാർക്കു മാത്രമായുള്ള പൗരോഹിത്യഭരണരാഷ്ട്രമാക്കുക ഇവക്ക് ആക്കംകൂട്ടുന്നു. ഇന്ത്യയുടെ സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക തലങ്ങളിലെല്ലാം ആർഎസ്എസ്/ ബിജെപി ഗവണ്മെന്റിന്റെ കീഴിൽ ഈ സൈദ്ധാന്തിക യുക്തിരാഹിത്യം പടർന്നുകഴിഞ്ഞു. ലളിതമായി പറഞ്ഞാൽ അവിവേകം.

ഉൾപ്പെടുത്തൽസ്വഭാവമുള്ള ഒരു സാമ്പത്തിക അജണ്ടയിലൂടെ ‘ഇന്ത്യ എന്ന ആശയ’ത്തെ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുക എന്നതാണ് വർത്തമാനകാലത്തെ വിവേകം. ലാഭേച്ഛ മൂത്ത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിയെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്ന അന്താരാഷ്‌ട്ര സാമ്പത്തിക മൂലധനവുമായി ചേർന്ന് നിയോ ലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത് അവിവേകമാണ്. സാമ്രാജ്യത്വത്തിനെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രബോധത്തെ നിരാകരിക്കുകയും ഇന്ത്യയെ സാമ്രാജ്യത്വത്തിന് അടിമപ്പെടുത്തുകയും ചെയ്യുന്നതുകൂടാതെ ഇത്തരത്തിലുള്ള ഒരു പന്ഥാവ് ഇന്ത്യയുടെ ദ്വന്ദങ്ങളെ കൂടുതൽ അകറ്റുകയും ചെയ്യും – ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്കും നയിക്കും. “ഇന്ത്യ എന്ന ആശയ’ത്തിന്റെ ഉൾപ്പെടുത്തൽ സ്വഭാവമുള്ള വീക്ഷണത്തിനെതിരായി പുറംതള്ളൽ സ്വഭാവമുള്ള ഒരു അജണ്ട.

ദളിതർ, ഗോത്രവർഗ്ഗക്കാർ, മതന്യൂനപക്ഷങ്ങൾ,സ്ത്രീകൾ തുടങ്ങിയ പാർശ്വവൽകൃത വിഭാഗങ്ങൾക്കുവേണ്ടി പ്രവർത്തിക്കുക എന്നതാണ് ഇന്നിന്റെ വിവേകം. പുറംതള്ളൽ പ്രവണതകളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവിവേകമാണ്. സാമൂഹിക – സാമ്പത്തിക യാഥാർഥ്യങ്ങളിൽനിന്ന് അകന്നുനിന്നുകൊണ്ട് അർഹതകളെപ്പറ്റി പറയുന്നതും അവിവേകമാണ്.

നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന രീതിയിൽ “ ജാതി മത ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരർക്കും സമത്വം” എന്നത് നേടുവാൻ ശ്രമിക്കുന്നത് വിവേകമാണ്. ഈ സമത്വം നിഷേധിക്കുന്നത് അവിവേകമാണ്. സമത്വം നിഷേധിക്കുക എന്നത് ആക്രമണോത്സുകമായ ഹിന്ദുത്വ ദേശീയവാദത്തിന്റെ നിയോ ലിബറൽ നയത്തിന്റെ പാത പിന്തുടരുന്നതിന്റെ പരിണതഫലമാണ്.

ഭരണകൂടത്തിൽനിന്ന് മതത്തെ മാറ്റിനിർത്തുവാൻ ശ്രമിക്കുന്നത് വിവേകമാണ്. ഉൾപ്പെടുത്തൽ മനോഭാവത്തെ വളർത്താതെ പുറംതള്ളൽ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ജാതീയ ധ്രുവീകരണത്തെ പിന്താങ്ങുന്നത് അവിവേകമാണ്. ഇത്തരത്തിലുള്ള അവിവേകം മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള അവകാശങ്ങൾ ഇല്ലാതാക്കുകയും അവരുടെ ജീവിതത്തിന്റെയും അവസരങ്ങളുടെയും സുരക്ഷിതത്വം എടുത്തുകളയുകയും ജാത്യധിഷ്ഠിതമായ ആക്രമണങ്ങൾക്കുള്ള സാദ്ധ്യത ഉയർത്തുകയും ചെയ്യുന്നു.

‘ഇന്ത്യ എന്ന ആശയ’ത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള മൂല്യബോധങ്ങൾ വാർത്തെടുക്കുകയെന്നത് വിവേകമാണ്. നമ്മുടെ വിദ്യാഭ്യാസമേഖലയിൽ വിഷം കലർത്തുന്നതും യുക്തിബോധവും ശാസ്ത്രീയമായ വിവേചനബുദ്ധിയും നിഷേധിക്കുകവഴി വിദ്യാഭ്യാസത്തിന് ആഗോളതലത്തിലേക്കുള്ള വഴികൾ അടച്ചുകളയുകയും ചെയ്യുന്നത് അവിവേകമാണ്. നമ്മുടെ വൈവിദ്ധ്യമാർന്ന സംസ്കൃതിക്കു പകരമായി ഹൈന്ദവ പുരാണങ്ങളെ എടുത്തുവെക്കുന്നത് അവിവേകമാണ്.

ഇന്ത്യയിൽ ഇന്ന് ‘പ്രീണന’ത്തിനും ‘ഹിന്ദുത്വ ദേശീയത’ക്കും ഇന്ത്യൻ ദേശീയതക്കും ഇടയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇതാണ്. മതേതരമായ ജനാധിപത്യത്തെ തിരിച്ചുപിടിക്കൽ എന്നാൽ വിവേകം അവിവേകത്തിനുമേൽ നേടുന്ന വിജയമാണ്. ‘ഇന്ത്യ എന്ന ആശയ’ത്തിന്റെ സത്ത ഇതുതന്നെയാണ്.


സീതാറാം യെച്ചൂരി
ജനറൽ സെക്രട്ടറി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ്)

വിവര്‍ത്തക – പ്രസന്ന കെ വർമ്മ

 

Comments

comments