മാര്‍ക്സ് ചര്‍ച്ച- ഉപസംഹാരം
മാര്‍ക്സിസത്തെക്കുറിച്ച് നവമലയാളി നടത്തിയ ചര്‍ച്ചയില്‍ നിരവധി പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്നു. മാര്‍ക്സ് മുന്നോട്ടുവച്ച സൈദ്ധാന്തിക- ദാര്‍ശനിക വ്യവസ്ഥ നിരവധി മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതുകൊണ്ട് തന്നെ ഒരു ചര്‍ച്ചക്കും ആത്യന്തികമായ സമഗ്രത അവകാശപ്പെടാന്‍ കഴിയില്ല. ഇവിടെയും പുറത്തുമായി നടന്ന ചര്‍ച്ചകളിലൂടെ മാര്‍ക്സിസത്തെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങളുടെ വൈവിധ്യമാര്‍ന്ന തലങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രകൃതി, സോഷ്യലിസ്റ്റ് രാഷ്ട്രീയം, രീതിശാസ്ത്രം, ജ്ഞാന്‍ ശാസ്ത്രം, ഫെമിനിസം, ജാതി, വര്‍ഗ്ഗം, മുതലാളിത്ത പ്രതിസന്ധികള്‍, ജനകീയ സമരങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളും, ഗാന്ധി, അംബേദ്‌കര്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളുമായി മാര്‍ക്സിസത്തിന് ഉണ്ടാക്കാവുന്ന ബന്ധങ്ങളെക്കുറിച്ചും ഈ ചര്‍ച്ചകളില്‍ ആശേ സംവാദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു ഉപസംഹാരക്കുറിപ്പില്‍ അവയുടെ സംഗ്രഹം നല്‍കുക എന്നത് സാധ്യമായ കാര്യമല്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട ചില ഉപരി ചിന്തകള്‍ ഇവിടെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നമുക്ക് കാണാന്‍ കഴിയുന്നതുപോലെ, മുതലാളിത്ത സമ്പദ് വ്യവസ്ഥ പല പ്രതിസന്ധികളെയും അതിജീവിക്കുകയും അതിനെതിരെ ഉയര്‍ന്നുവന്ന വലിയ പ്രതിരോധങ്ങളെ മറികടക്കുകയും ചെയ്ത സാഹചര്യം എടുത്തുപറയെണ്ടതില്ല. ഈ വസ്തുതയുടെ പശ്ചാത്തലത്തില്, മാര്‍ക്സിസം കേവലമായ ഒരു ധാര്‍മ്മികചിന്ത മാത്രമായിരുന്നില്ല എന്നും, അതിന്റെ മുതലാളിത്തവിമര്‍ശനം അടിസ്ഥാനപരമായി സാമ്പത്തിക-സാമൂഹിക സംവിധാനങ്ങളുടെ ചരിത്രപരമായ പരിവര്‍ത്തനങ്ങളുടെ നിര്‍മ്മമമായ വിശകലനമായിക്കൂടി മനസ്സിലാക്കപ്പെടെണ്ടതാണ് എന്നും ഓര്‍ക്കേണ്ടതുണ്ട്. അതുകൂടി സൂചിപ്പിച്ചുകൊണ്ട് വേണം എത്രതന്നെ ഭാഗികമായതാണെങ്കിലും ഈ ചര്‍ച്ചയും അവസാനിപ്പിക്കാന്‍ എന്ന് തോന്നുന്നു. ചര്‍ച്ചയുടെ വൈവിധ്യവും ബഹുസ്വരതയും മാനിച്ചുകൊണ്ട് ചില ഉപസംഹാര ചിന്തകള്‍ അവതരിപ്പിക്കുകയും ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയുമാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.
മാര്‍ക്സിന്റെ വ്യത്യസ്തമായ ചിന്തകളുടെ അടിസ്ഥാനമായി വിശകലനം ചെയ്യപ്പെടുന്ന ലണ്ടന്‍ നോട്ടുബുക്കുകളും എത്നോളജിക്കള്‍ നോട്ടുബുക്കുകളും ഇപ്പോള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും മൂലധനത്തിന് ശേഷമുള്ള മാര്‍ക്സിന്‍റെ പ്രധാന രചനകള്‍ ഫ്രാന്‍സിലെ ആഭ്യന്തര സമരവും (Civil War in France, 1871) ഗോഥ പരിപാടിയുടെ വിമര്‍ശനവും (Critique of Gotha Program, 1875) വാഗ്നര്‍ കുറിപ്പുകളുമാണ് (Notes on Wagner, 1879-80) എന്നതിനാല്‍ അവയും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഈ കൃതികളിലെ ചില ചിന്തകള്‍ കൂടി മുന്‍കാലങ്ങളിലെ മാര്‍ക്സിസ്റ്റ് രചനകളുമായി ചേര്‍ത്തുച്ചുകൊണ്ട് മാത്രമേ മാര്‍ക്സിസത്തിന്റെ ഭാവിവായനകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. മാര്‍ക്സ് മാറിചിന്തിക്കുന്നു എന്ന് പൊതുവേ കരുതപ്പെടുന്ന ഈ കാലഘട്ടത്തിലെ മാര്‍ക്സിസ്റ്റ് രചനകളില്‍ പക്ഷെ കൂടുതലും കാണപ്പെടുന്നത് ചില മുന്‍ധാരണകള്‍ കൂടുതല്‍ വ്യക്തമായി വിശദീകരിക്കാനുള്ള മാര്‍ക്സിന്റെ ആകാംക്ഷയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ വരുന്ന പരിണാമത്തിന്റെ ചില സൂചകങ്ങള്‍ കാണാതെ പോകുന്നതും ശരിയായിരിക്കില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗോഥ പരിപാടിയുടെ വിമര്‍ശനത്തില്‍ ആദ്യം തന്നെ അദ്ധ്വാനം മാത്രമല്ല, പ്രകൃതിയും മൂല്യത്തിന്റെ ഉറവിടമാണ് എന്ന വിഖ്യാതമായ വാചകം അദ്ദേഹം എഴുതി ചേര്‍ക്കുന്നത്. “Labor is the source of all wealth and all culture” എന്ന ഗോഥ പരിപാടിയുടെ വിമര്‍ശനത്തിലെ വരി ഉദ്ധരിച്ച ശേഷം മാര്‍ക്സ് പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, “Labor is not the source of all wealth. Nature is just as much the source of use values”. ഇത് പക്ഷെ ഒരു സര്‍വസാധാരണമായ തിരുത്തായി പോകുമായിരുന്നു അടുത്ത ഭാഗം കൂടി ഇല്ലായിരുന്നെങ്കില്‍. അത് മറ്റൊന്നുമല്ല, അദ്ധ്വാനം പ്രകൃതിശക്തിയുടെ അദ്ധ്വാനശക്തിയുടെ രൂപത്തിലുള്ള പ്രകാശനമാണ് എന്നാണ് മാര്‍ക്സ് പറയാന്‍ ശ്രമിക്കുന്നത്. തന്റെ ചിന്താപദ്ധതിയെ വിമര്‍ശകരില്‍ നിന്നും, തെറ്റായി മനസ്സിലാക്കുന്നവരില്‍ നിന്നും സംരക്ഷിക്കുക എന്നൊരു ദൌത്യം ഇവിടെ മാര്‍ക്സിനു നിര്‍വഹിക്കേണ്ടി വരുന്നുണ്ട്. ഒപ്പംതന്നെ സ്വന്തം കാഴ്ചപ്പാടില്‍ വരുന്ന മാറ്റങ്ങളോടു സത്യസന്ധത പുലര്‍ത്തുകയും വേണം. ഈ ദ്വിമുഖമായ പ്രവര്‍ത്തനത്തിന്റെ അടയാളങ്ങള്‍ അദ്ദേഹത്തിന്‍റെ അവസാനകാല രചനകളില്‍ കാണുവാന്‍ കഴിയും. എന്നാല്‍ തീര്‍ച്ചയായും കൂടുതല്‍ മുന്നിട്ടുനില്‍ക്കുന്ന പ്രവണത, താന്‍ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന് അടിവരയിട്ടു വ്യക്തമാക്കുന്നതിനാണ്.
വര്‍ഗ്ഗസമരത്തിന്റെ അന്നത്തെ വളര്‍ച്ചയുടെ ഏറ്റവും വലിയ പ്രായോഗിക രൂപമായി മാര്‍ക്സിനു മനസ്സിലാക്കുവാന്‍ കഴിഞ്ഞ പാരിസ് കമ്യൂണിന്‍റെ ചരിത്രവും തകര്‍ച്ചയും തന്റെ മുന്‍കാല നിഗമനങ്ങളുടെ വെളിച്ചത്തിലാണ് ഫ്രാന്‍സിലെ ആഭ്യന്തര സമരം എന്ന പുസ്തകത്തില്‍ മാര്‍ക്സ് പരിശോധിക്കുന്നത്. ഈ കൃതിയില്‍ തന്നെ കൂടുതല്‍ പ്രശസ്തമാണ് അതില്‍ മാര്‍ക്സ് നല്‍കുന്ന പാരീസ് കമ്മ്യൂണിന്റെ വസ്തുനിഷ്ടമായ ഒരു വിലയിരുത്തല്‍. ഗോഥ പരിപാടിയുടെ വിമര്‍ശനം 1875-ല്‍ ജര്‍മ്മന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടുരേഖയോടുള്ള എതിര്‍വാദങ്ങളാണ്. വാഗ്നര്‍ കുറിപ്പുകള്‍ അഡോള്‍ഫ് വാഗ്നറുടെ രാഷ്ട്രീയ സമ്പദ്ശാസ്ത്രകൃതിയോടുള്ള പ്രതികരണമാണ്. നേരത്തെ പറഞ്ഞതുപോലെ താന്‍ തെറ്റിദ്ധാരണകള്‍ക്ക് പാത്രമാക്കുന്നു എന്ന അദ്ദേഹത്തിന്റെ തോന്നലുകള്‍ ശക്തമാകുന്നതിനാല്‍ത്തന്നെ എന്താണ് താന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ എന്നതിനെക്കുറിച്ചുള്ള വലിയ വിശദീകരണങ്ങളും അദ്ദേഹം ഈ കൃതികളില്‍ നേരിട്ടും അല്ലാതെയും നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. നീതി എന്ന സങ്കല്‍പ്പത്തെ മാര്‍ക്സ് ചരിത്രവല്‍ക്കരിക്കാനും അതുമായി ബന്ധപ്പെട്ട ചിന്തകളുടെ അടിസ്ഥാനം വ്യക്തമാക്കാനും തുനിയുന്നത് ഈ ഘട്ടത്തിലാണ്. പോസ്റ്റ്-മുതലാളിത്തസമൂഹത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാടുകളുടെ ചില ശ്രദ്ധാര്‍ഹമായ ചിന്തകളും ഈ ഘട്ടത്തില്‍ അദ്ദേഹം വികസിപ്പിക്കുന്നുണ്ട്.
വാഗ്നര്‍ വിമര്‍ശനത്തില്‍ അദ്ദേഹം ഊന്നിപ്പറയുന്ന ഒരു കാര്യം തന്റെ മൂല്യസിദ്ധാന്തം തന്റെ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ആണിക്കല്ലാണ് എന്ന വാഗ്നരുടെ വാദം തെറ്റാണ് എന്നാണ്. താന്‍ അങ്ങനെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയും സ്ഥാപിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതു വാഗ്നരുടെ ഒരു ഭാവന മാത്രം ആണെന്നുമാണ് മാര്‍ക്സ് പറയുന്നത് (“According to Mr. Wagner, Marx’s theory of value is the cornerstone of his socialist system. Since I have never established a ‘socialist system’, this is a fantasy of Wagner”). ഭാവിനീതിയുടെതായ ഒരു ചര്‍ച്ച താന്‍ മുന്നോട്ടുവച്ചിട്ടില്ല എന്നും നീതിയുടെ ഒരു പ്രത്യയശാസ്ത്രത്തിലല്ല തന്റെ ചിന്താവ്യവസ്ഥ നിലകൊള്ളുന്നതെന്നും അദ്ദേഹം അടിവരയിട്ടു പറയാന്‍ ശ്രമിക്കുന്നു. ഇത് കൂടുതല്‍ വ്യക്തമായി ഗോഥാ പരിപാടിയുടെ വിമര്‍ശനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്താണ് നീതിപൂര്‍വ്വമായ വിതരണം എന്ന് അദ്ദേഹം ചോദിക്കുന്നു. ബൂര്‍ഷ്വാസി ഇപ്പോഴത്തെ വിതരണ സമ്പ്രദായം നീതിപൂര്‍വകം ആണ് എന്ന് കരുതുന്നില്ലേ? അത് നിലനില്‍ക്കുന്ന മുതലാളിത്ത ഉല്‍പ്പാദനരീതിയില്‍ സ്വീകാര്യമായ, നീതിപൂര്‍വകമായ വിതരണമല്ലേ? സാമ്പത്തികബന്ധങ്ങളെ നീതിന്യായ പരികല്‍പ്പനകള്‍ നിയന്ത്രിക്കുകയാണോ അതോ സാമ്പത്തിക ബന്ധങ്ങളില്‍ നിന്ന് നിയമ ബന്ധങ്ങള്‍ ഉയര്‍ന്നു വരികയാനോ ചെയ്യുന്നത്? (“What is a ‘just distribution’? Do not the bourgeois assert that the present distribution is just? And isn’t it in fact the only just distribution based on the present mode of production? Are economic relations ruled by juridical concepts, or do not, on the contrary, juridical relations arise out of economic ones?”) മാര്‍ക്സിന്റെ ഈ ചോദ്യം 1875-ല്‍ ആണെങ്കിലും തന്റെ പഴയ ഉപരിഘടന-അടിത്തറ മാതൃക തന്നെയാണ് അദ്ദേഹം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം നീതിയുടെ പ്രശ്നം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഈ സമീപനം അദ്ദേഹം ജര്‍മ്മന്‍ പ്രത്യയശാസ്ത്രം എഴുതുന്ന കാലം മുതല്‍ മുറുകെ പിടിച്ചിട്ടുള്ളതാണ്. ഭൌതികവാദത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി അതില്‍ അദ്ദേഹം പറയുന്നത് ധാര്‍മ്മികതയും സാമൂഹികതയും തമ്മിലുള്ള ബന്ധം സുവ്യക്തമാക്കുന്നതിലൂടെ അത് ധാര്‍മ്മികതാ സങ്കല്‍പ്പത്തിന്റെ ഊന്നുവടി അടിച്ചുതകര്‍ത്തു എന്നാണു (broken the staff of all morality). മൂലധനം തൊഴിലാളികളില്‍നിന്ന് മിച്ചമൂല്യം എടുക്കുന്നത് എന്തോ തെറ്റായ മാര്‍ഗ്ഗത്തിലൂടെയാണ് എന്ന് താന്‍ പറഞ്ഞതായി സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മാര്‍ക്സ് വാഗ്നര്‍ കുറിപ്പുകളില്‍ ആരോപിക്കുന്നു. അദ്ദേഹം പറയുന്നു- “എന്നാല്‍ ഞാന്‍ പറയുന്നത് അതിന്റെ നേരെ വിപരീതം ആണ്”. ഇതു പ്രത്യേക ചരിത്ര ഘട്ടത്തിലാണോ മുതലാളിത്തം ആവിര്‍ഭാവം ചെയ്യുന്നത് അപ്പോള്‍ മുതല്‍ അതിന്റെ ചലന നിയമങ്ങള്‍ക്കു അനുസരിച്ച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മിച്ചമൂല്യം തൊഴിലാളിക്കല്ല, മുതലാളിക്ക് അവകാശപ്പെട്ടതാണ്. (“This obscurantist foists on me the view that ‘surplus value,’ which is produced by the workers alone, remains with the capitalist entrepreneurs in a wrongful manner. But I say the direct opposite: namely, that at a certain point, the production of commodities necessarily becomes ‘capitalistic’ production of commodities, and that according to the law of value which rules that production, ‘surplus value’ is due to the capitalist and not to the workers”).
കൂട്ടത്തില്‍ പറയട്ടെ, മാര്‍ക്സിന്റെ ചിന്താവ്യവസ്ഥയില്‍ ഒരു നീതിശാസ്ത്രമുണ്ടോ എന്ന ചോദ്യം ഭാവി മാര്‍ക്സിസത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, വിശേഷിച്ചു സോഷ്യലിസ്റ്റ് നൈതികതയെക്കുറിച്ച് മാര്‍ക്സ് കാര്യമായി ഒന്നും പറഞ്ഞിട്ടില്ല എന്ന വസ്തുതയുടെയും കൂടി അടിസ്ഥാനത്തില്‍, നോക്കുമ്പോള്‍, വളരെ പ്രസക്തമാണ്. ഇത്തരമൊരു ചര്‍ച്ച തുടങ്ങിവച്ചത് മാര്‍ക്സിന്റെ സമഗ്രമായ മറ്റൊരു പുനര്‍വായന സാധ്യമാക്കിയ ജെറാള്‍ഡ് കോഹന്‍ (Gerald Cohen, Karl Marx’s Theory of History, 1978) അടക്കമുള്ള അപഗ്രഥനാത്മക മാര്‍ക്സിസത്തിന്റെ (Analytical Marxism) വക്താക്കളാണ്. അത്തരമൊരു സമീപനം മാര്‍ക്സിനു ഇല്ലെന്നും അതില്ലാതെ തന്നെ മാര്‍ക്സിസം സമ്പൂര്‍ണ്ണമാണെന്നും അപഗ്രഥനാത്മക മാര്‍ക്സിസ്റ്റുകള്‍ വാദിച്ചിരുന്നു. അലെന്‍ വുഡ് (Wood, A. W (1984). “Justice and Class interests.“) കായ് നീല്‍സന്‍ (Nielsen, K. 1987, “Justice, Class Interests and Marxism.“) ആഗ്നസ് ഹെല്ലെര്‍ (Heller, A. 1984, “Marx, Justice, Freedom: The Libertarian Prophet“) നോര്‍മന്‍ ഗെരാസ് (Geras, N. 1984, “The controversy about Marx and Justice.“), റൊണാള്‍ഡ് കൊമേഴ്സ് (Commers, R. 1984, Marx’s Concept of Justice and the two traditions in European political thought) ദൌഗ്ലാസ് കെല്‍നര്‍ (Kellner, 1981, Marxism, Morality and Ideology) തുടങ്ങി നിരവധി പേര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. ജോണ് റാല്‍സ് (John Rawls, 1971, A Theory of Justice), അമര്‍ത്യ സെന്‍ (Sen, A, 2009, The Idea of Justice) തുടങ്ങിയവരുടെ നീതിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഈ സംവാദങ്ങളില്‍ കടന്നുവന്നിട്ടുമുണ്ട്. (കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ധാരാളം പഠനങ്ങള്‍ ലഭ്യമാണ്. Srivastav, D.S (2016). Rawl’s theory of justice through Amartya Sen’s Idea. Indian Law Institute, Law Review. Winter Issue, Valentini, L. (2010). A Paradigm Shift in Theorizing about justice? A critique of Sen. Working Paper. Center for the study of social justice. Series SJ011, University of Oxford എന്നിവയും നോക്കാവുന്നതാണ്). അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മാര്‍ക്സിന്റെ രചനകളില്‍ നിന്ന് ഈ ചര്‍ച്ചയിലേക്ക് സംക്രമിച്ചിട്ടുള്ള ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് ഒരു സന്ദേഹപരമായ ചില ചിന്തകളാണ് ഇവിടെ നടത്തുന്നത്.
വാഗ്നര്‍ കരുതുന്നത് പോലെ (മറ്റു പലരും കരുതുന്നത് പോലെയും) മിച്ചമൂല്യം തൊഴിലാളികളെ കൊള്ളയടിച്ചു ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞുനിര്‍ത്താനല്ല താന്‍ ശ്രമിച്ചത് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. മറിച്ച്, മുതലാളിത്തവ്യവസ്ഥയുടെ ഉല്‍പ്പാദനപ്രക്രിയയിൽ അവശ്യം വേണ്ട ഒരു ഘടകം (functionary) ആണ് കാപിറ്റലിസ്റ്റ്. മുതലാളി മിച്ചമൂല്യം കൊള്ളയടിക്കുയാണ് എന്ന് പറഞ്ഞാല്‍ കാര്യം പൂര്‍ണ്ണമാവില്ല. ഉല്‍പ്പാദനശക്തികളില്‍ നിന്ന് മിച്ചമൂല്യം സൃഷ്ടിക്കുകയാണ് മൂലധനം ചെയ്യുന്നത്. ഒരു മുതലാളി കൂലികൊടുത്തു കഴിയുന്നതോടെ, അതായാത് താന്‍ വാങ്ങിയ അദ്ധ്വാന ശക്തിക്ക് വിലകൊടുത്തു കഴിയുന്നതോടെ, ബാക്കിയുള്ള മിച്ചം പൂര്‍ണ്ണമായ അവകാശത്തോടെ സ്വീകരിക്കുന്നതിനു അര്‍ഹതയുള്ള വ്യക്തിയാവുന്നു. കാരണം അതാണ് മുതലാളിത്തത്തില്‍ നിലനില്‍ക്കുന്ന അവകാശഘടന. (“capitalist- as soon as he pays the worker the actual value of his labor power – earns surplus value with full right, i.e. the right corresponding to this mode of production”). ഇതിന്റെ ധാര്‍മ്മികതയെക്കുറിച്ച് മാര്‍ക്സിനു യാതൊരു സംശയവുമില്ല- ‘This circumstance’…is peculiar good fortune for the buyer [of labor power], but no wrong or injustice at all to the seller.’. അതായത് മുതലാളിത്തഘടനയുടെ ചട്ടക്കൂടില്‍ നടക്കുന്ന മിച്ചമൂല്യ ഉല്‍പ്പാദനം എന്ന് പറയുന്നത് ആ വ്യവസ്ഥ നിലനില്‍ക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രക്രിയയാണ്. ആ മാനദണ്ഡത്തില്‍ നോക്കുമ്പോള്‍ അതില്‍ അധാര്‍മ്മികമായി ഒന്നുംതന്നെയില്ല. താന്‍, മുതലാളിത്തത്തിന്റെ കേവലനായ നൈതികവിമര്‍ശകന്‍ ആണെന്ന് സ്ഥാപിക്കുന്നതിനെതിരെ മാര്‍ക്സ് ആഞ്ഞടിക്കുകയാണ് ഇവിടെ. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ എതിര്‍ക്കുന്ന ഒരു നിയോലിബറല്‍ ധനശാസ്ത്രജ്ഞന്റെ ഭാഷയാണോ മാര്‍ക്സ് ഇവിടെ ഉപയോഗിക്കുന്നത് എന്ന് സംശയം തോന്നാം. പക്ഷെ അദ്ദേഹം ഊന്നല്‍ നല്കുന്നത് വ്യവസ്ഥയുടെ ചലന നിയമങ്ങള്‍ക്കാണ്, അല്ലാതെ എന്തെങ്കിലും ധാര്‍മ്മിക/അധാര്‍മ്മിക വിചാരണക്കല്ല.
തന്റെ വിമോചന സങ്കല്പം സാമ്പത്തിക വിമോചനവുമായിട്ടാണ് മാര്‍ക്സ് അഭേദ്യമാം വിധം ബന്ധിപ്പിക്കുന്നത്. എംഗല്‍സിനോടൊപ്പം ജര്‍മ്മന്‍ പ്രത്യയശാസ്ത്രം എഴുതുന്ന കാലത്ത് തന്നെ ഇതിന്റെ അടിസ്ഥാനവാദങ്ങള്‍ അദ്ദേഹം വികസിപ്പിച്ചിരുന്നു. അതില്‍ അദ്ദേഹവും എംഗല്‍സും ഊന്നിപ്പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. യഥാര്‍ത്ഥ ലോകത്ത് യഥാര്‍ത്ഥമായ മാര്‍ഗ്ഗങ്ങളില്‍ കൂടെയേ മോചനം സാധ്യമാവുകയുള്ളൂ. ആവിയന്ത്രം കണ്ടു പിടിക്കാതെ അടിമത്തം അവസാനിപ്പിക്കാന്‍ കഴിയില്ല, കാര്‍ഷിക സാങ്കേതികവിദ്യ വികസിപ്പിക്കാതെ കാര്‍ഷികാടിമത്തം നിര്‍ത്തലാക്കാന്‍ ആവില്ല. പൊതുവില്‍ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് കുടിക്കാനും കഴിക്കാനും ധരിക്കാനും പാര്‍ക്കാനും ആവശ്യത്തിനു നല്ല രീതിയില്‍ ലഭിക്കാതെ അവരെ മോചിപ്പിക്കാന്‍ കഴിയില്ല (it is only possible to achieve real liberation in the real world… by employing real means… slavery cannot be abolished without the steam-engine and the mule and spinning-jenny, serfdom cannot be abolished without improved agriculture, and… in general, people cannot be liberated as long as they are unable to obtain food and drink, housing and clothing in adequate quality and quantity). ഇത് പറഞ്ഞശേഷം അദ്ദേഹം നടത്തുന്ന നിരീക്ഷണം മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ ഏറ്റവും സവിശേഷമായ ഭൌതികവാദ നിലപാടാണ്. ‘വിമോചനം’ ഒരു മാനസിക വ്യപാരമല്ല, അത് ചരിത്രപരമാണ്. അത് കൊണ്ടുവരുന്നത് ചരിത്രപരമായ സാഹചര്യങ്ങളാണ്. അതായത്, വ്യാവസായിക വികാസം, വ്യാപാരം, കൃഷി, പാരസ്പര്യത്തിന്റെ സാഹചര്യങ്ങള്‍ തുടങ്ങിയവ (“Liberation” is a historical and not a mental act, and it is brought about by historical conditions, the development of industry, commerce, agriculture, the conditions of intercourse). മാര്‍ക്സിനെ സാങ്കേതിക നിര്‍ണ്ണയവാദി എന്നി ഒരിക്കല്‍ കൂടി വിളിക്കാന്‍ പര്യാപ്തമായ വരികള്‍. പക്ഷെ മാര്‍ക്സ് വിമോചനത്തെ കാണുന്നത് അദ്ധ്വാനവുമായി ബന്ധപ്പെടുത്തിയും അതിന്റെ ചരിത്രസാഹചര്യങ്ങളെ മുന്‍നിര്ത്തിയുമാണ് എന്ന് മനസ്സിലാക്കാതെയാവും ഈ നിര്‍ണ്ണയവാദ മുദ്രകുത്തല്‍.
അതുകൊണ്ടാണ് മാര്‍ക്സ് ഒരു കേവല ധാര്‍മ്മികതാവാദി അല്ലാതിരിക്കുന്നതും. മതത്തിനെതിരെ മാര്‍ക്സിനു പോരടിക്കേണ്ടി വരുന്നത് യഥാര്‍ത്ഥത്തില്‍ ധാര്‍മ്മികതയുടെ പേരിലാണ്. ചരിത്രത്തില്‍ എല്ലായ്പ്പോഴും നന്മയാണ് വിജയിക്കുക എന്ന മതബോധത്തിനെതിരെ മാര്‍ക്സ് ആഞ്ഞടിക്കുന്നുണ്ട്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്, അത് ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ്’ തുടങ്ങിയ യുവമാര്‍ക്സിന്റെ വാക്കുകള്‍ പേര്‍ത്തും പേര്‍ത്തും ഉദ്ധരിച്ചുകൊണ്ടല്ല മാര്‍ക്സിന്റെ മതവിമര്‍ശനം മനസ്സിലാക്കേണ്ടത്. അദ്ദേഹം മതത്തെ എതിര്‍ക്കുന്നത് ധാര്‍മ്മികതയില്‍ ഉള്ള അതിന്റെ ഊന്നലിനെ ശക്തമായി എതിര്‍ത്തുകൊണ്ടാണ്. ധാര്‍മ്മികത, നന്മ എന്നൊക്കെ പറയുന്നത് സാമൂഹിക പുരോഗതിയെ തടയുന്ന കാര്യങ്ങളാണ് എന്നായിരുന്നു മാര്‍ക്സിന്റെ സുചിന്തിതമായ അഭിപ്രായം. നന്മക്കെതിരെ തിന്മ വിജയിക്കേണ്ടതുണ്ട് എന്ന് മാര്‍ക്സ് തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന കൃതിയില്‍ വളരെ തെളിച്ചുതന്നെ പറയുന്നുണ്ട്: “it is always the bad side which finally triumphs over the good side. For the bad side is the one which brings movement to life, which makes history by bringing the struggle to fruition”. ഈ ആശയം മാര്‍ക്സ് കടംകൊള്ളുന്നതു ഹേഗലില്‍ നിന്നാണ് എന്ന് എംഗല്‍സ് ചൂണ്ടിക്കാട്ടുന്നുണ്ട്. തിന്മ എന്നത് ചരിത്രവികാസത്തിന്റെ ചാലകശക്തിയുടെ സ്വയം പ്രകാശനമാണ് എന്നും ഓരോ പുരോഗതിയും നിലനില്‍ക്കുന്ന വ്യവസ്ഥക്കെതിരെയുള്ള കുറ്റകൃത്യമാണെന്നും ഹെഗല്‍ പറയുന്നുണ്ടെന്നു എംഗല്‍സ് കൂട്ടിച്ചേര്‍ക്കുന്നു.
Image ( Georg Wilhelm Friedrich Hegel )
മുതലാളിത്തത്തിന്റെ അടിസ്ഥാനതത്വങ്ങളുടെ ഉദാത്തവല്‍ക്കരണം ഒരു സമഗ്രവിശകലനം എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്നത് ബെര്‍നാദ് മണ്ടെവില്‍ (Bernard Mandeville) എഴുതിയ The Fable of the Bees: or, Private Vices, Public Benefits” (1705) എന്ന കൃതിയിലാണ്. മനുഷ്യനിലെ നന്മയല്ല, തിന്മകളാണ് യഥാര്‍ത്ഥത്തില്‍ സമൂഹത്തിനു ഗുണകരമായി ഭവിക്കുന്നത് എന്ന ആശയമാണ് ഈ കൃതി മുന്നോട്ടുവച്ചത്. മുതലാളിത്തം സ്വയം പണിതുയര്‍ത്തിയിരിക്കുന്നത് വ്യക്തിതിന്മകളുടെ സഞ്ചയത്തിന്മേലാണ് എന്ന അപൂര്വ്വമായ ഉള്‍ക്കാഴ്ചയെ അതിന്റെ എല്ലാ രാഷ്ട്രീയസാധ്യതകളും ഉപയോഗിച്ച് ഒരു അനിവാര്യതയായി വ്യാഖ്യാനിക്കുകയാണ് മേണ്ടെവില്‍ ചെയ്യുന്നതെന്ന് പറയാം. “Only Mandeville was of course infinitely bolder and more honest than the philistine apologists of bourgeois society” എന്ന് മാര്‍ക്സ് അദ്ദേഹത്തെ വാഴ്ത്തുന്നുണ്ട്. അദ്ദേഹം വിശുദ്ധകുടുംബം എന്ന കൃതിയില്‍ ഇങ്ങനെയാണ് മാര്‍ക്സ് വളരെ കൃത്യമായി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: “Fable of the Bees, or Private Vices Made Public Benefits, by Mandeville, one of the early English followers of Locke, is typical of the social tendencies of materialism. He proves that in modern society vice is indispensable and useful. This was by no means an apology of modern society”.
മണ്ടെവില്‍ പറയുന്നതനുസരിച്ച് സത്യസന്ധതയും ത്യാഗമനസ്ഥിതിയുമെല്ലാം നിക്ഷേപത്തെ തടസ്സപ്പെടുത്തുന്നതാണ്. അത് വികസന വിരോധികളുടെതാണ്. മുതലാളിത്തത്തിന്റെ അടിസ്ഥാനചോദനകളെ സ്പര്‍ശിക്കുന്ന, മനുഷ്യസ്വാസ്വാര്‍ഥതയുടെ സാമൂഹിക ഗുണത്തെക്കുറിച്ചുള്ള ആദം സ്മിത്തിന്റെ ‘The Wealth of Nations’ എന്ന പുസ്തകത്തിലെ വിഖ്യാതമായ വാചകം ഈ കൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എഴുതിയതാണ്: “It is not from the benevolence of the butcher, the brewer, or the baker that we expect our dinner, but from their regard to their own self-interest. We address ourselves not to their humanity but to their self-love, and never talk to them of our own necessities, but of their advantages”. മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയമായി ഇത് മാറുന്ന കാലത്താണ് മാര്‍ക്സ് എഴുതുന്നത് എന്നത് ശ്രദ്ധേയമാണ്. സ്വന്തം തിന്മയെ മറച്ചുവക്കാതെ, അതിനെ ഉദാത്തീകരിക്കുകയും, അതിനെ മനുഷ്യവികാസചരിത്രത്തിലെ അടിസ്ഥാനത്വരയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രം എത്രമാത്രം ശക്തമായിരിക്കും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഗാവിന്‍ കെന്നഡി (Gavin Kennedy) പറയുന്നത് പോലെ ആദം സ്മിത്തിന്റെ അദൃശ്യഹസ്തം (invisible hand) എന്ന പരികല്‍പ്പന മണ്ടേവിലിന്റെ കൃതിയിലെ സിനിക്കല്‍ സോഷ്യല്‍ എഞ്ചിനീറിംഗ് തന്ത്രത്തെ കടമെടുത്തുകൊണ്ടുള്ളതാണ്; അതിനു സാമൂഹികമായ ബഹുമാന്യത നേടിക്കൊടുക്കുന്നതാണ്. അതായതു പതിനെട്ടാം നൂറ്റാണ്ടിലെ ക്ലാസ്സിക്കല്‍ ധനശാസ്ത്രം അതിന്റെ ഗൃഹപാഠം നന്നായി ചെയ്തിരുന്നു എന്നര്‍ത്ഥം. അദൃശ്യ ഹസ്തം എന്ന പ്രയോഗം തന്നെ നോക്കുക. ഒറ്റയടിക്ക് മധ്യകാല മതത്തെയും ഫ്യൂഡല്‍ ഭരണകൂടത്തെയുമാണ് ആദം സ്മിത്ത് വിപണിയില്‍ നിന്ന് നാടുകടത്തുന്നത്. മുതലാളിത്തത്തിനു ഭരണകൂടവും മതവും ആവശ്യമില്ല. അഥവാ അവ നിലനില്‍ക്കുന്നെങ്കില്‍ അത് മുതലാളിത്തത്തിന്റെ അടിസ്ഥാന തത്വങ്ങളോട് സമരസപ്പെട്ടുകൊണ്ട് മതി എന്ന ശക്തമായ മുന്നറിയിപ്പ് കൂടി നല്‍കിയാണ് രാഷ്ട്രീയ സമ്പദ്ശാസ്ത്രം സ്വന്തം തട്ടകം നിര്‍മ്മിക്കുന്നത് എന്ന വസ്തുത കാണാതിരിക്കാന്‍ മാര്‍ക്സിനു കഴിയുമായിരുന്നില്ല. തിന്മയെ നന്മയായി കാണാന്‍ പ്രേരിപ്പിക്കുന്ന ലൂസിഫര്‍ ആകാന്‍ മുതലാളിത്തം മുതിരുമ്പോള്‍ മതവും ഭരണകൂടവും നിശബ്ദമാകുന്നതും അതിന്റെ ഭൌതികശക്തിക്ക് മുന്നില്‍ പരാജയമടയുന്നതും മാര്‍ക്സ് മനസ്സിലാക്കുകയായിരുന്നു. താന്‍ മറിച്ചിടാന്‍ ശ്രമിക്കുന്ന സൈദ്ധാന്തിക സമുച്ചയത്തിന്റെ വേരുകള്‍ എത്ര ആഴമുള്ളതാണ് എന്ന ബോദ്ധ്യത്തില്‍ നിന്ന് തന്നെയാണ് മാര്‍ക്സ് തന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശനം ആരംഭിച്ചത് എന്നര്‍ത്ഥം. ഈ യാഥാര്‍ഥ്യം കൂടി സൂചിപ്പിച്ചുകൊണ്ട് മാത്രമേ മാര്‍ക്സിസത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ കഴിയൂ.
മാര്‍ക്സിസത്തെക്കുറിച്ചുള്ള നവമലയാളി ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാര്‍ ഒരേ ചിന്താഗതി പുലര്‍ത്തുന്നവര്‍ ആയിരുന്നില്ല. എന്നാല്‍ വ്യത്യസ്തമായ അഭിപ്രയങ്ങള്‍ക്കിടയിലും കണ്ടെത്താന്‍ കഴിഞ്ഞ ഒരു വസ്തുത ആരും തന്നെ മാര്‍ക്സിന്റെ സമഗ്രവും സൂക്ഷ്മവുമായ സംഭാവനകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല എന്നതാണ്. ഭാവി സമൂഹത്തിന്റെ നിര്‍മ്മിതിക്കായി ഇനിയും ആശ്രയിക്കാവുന്ന നിരവധി ഘടകങ്ങള്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാന സമീപനങ്ങളില്‍ കാണുവാന്‍ കഴിയും എന്ന ബോധ്യം തന്നെയാണ് ഈ ചര്‍ച്ചയും അവശേഷിപ്പിക്കുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ എഴുത്തുകാര്‍ക്കും നവമലയാളിയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
©www.navamalayali.com
Be the first to write a comment.