മഴകൾ പെയ്യവെ
വീണ്ടും നവംബറിൻ
പടികളിൽ നിന്ന്
ശൈലാന്തരങ്ങളിൽ
കനലു തൂവുന്ന
സന്ധ്യാവിളക്കിലെ
തിരികളെല്ലാം
തണുത്തുറഞ്ഞീടവെ,
പഴയ വാക്കായി
പൈതൃകം, അക്ഷര-
ച്ചിമിഴിലിന്നൊരു
മാതൃകം! അമ്മതൻ
നിറുകയിൽ വന്നു
വീഴുന്ന വെള്ളിവാൾ.
മുറി പകുക്കേണ്ട
മൂവന്തികൾ തീർത്ത
തിരിവ് രാവിൻ്റെ,
പകലിൻ്റെ ഭിത്തിയിൽ
വഴി മറന്നങ്ങിരിക്കുന്ന
നക്ഷത്രമിഴിയിൽ മങ്ങി
മാഞ്ഞീടും ചിരാതുകൾ

വിധികൾ, വിസ്മയം
മാറ്റൊലിക്കാറ്റുകൾ
എതിർവഴിക്കുള്ളിൽ
വിശ്വാസ ഗദ്ഗദം
വഴി തടഞ്ഞവർ വഴി-
യൊരുക്കിയോരിടയി-
ലെങ്ങോ മറന്നോരു
ഭൂവിലെ പ്രളയനോവ്
നിലം പൊത്തിവീഴുന്ന
സ്ഫടിക ഗോപുരം
തൊട്ടുനിന്നീടുന്ന-
ഗഗന നീലം, നിലാവിൻ്റെ
യാത്രയിൽ കിളികൾ
വന്നു പാടുന്ന പ്രഭാതങ്ങൾ
അവിടെയെത്രെ
ലോകത്തെ ജയിച്ചവർ
അവിടെ സൗരയൂഥം
കണ്ട് വന്നവർ..
ചുമരിൽ സൂര്യഘടി-
കാരമേന്തുന്ന പഴയ
സ്മാരകം പൈതൃകം
കാഴ്ച്ചതന്നിരുമിഴി
ഗർഭ-ക്ഷേത്ര പാത്രത്തിലെ
നനവിൽ നിന്നും തുളുമ്പുന്ന-
മാതൃകം!

Comments

comments