ഹേബർമാസിന്റെ ആശയങ്ങളെ മുൻനിർത്തി “സ്വകാര്യതയ്ക്കപ്പുറം ‘പൊതു’ എന്ന് വിളിക്കാവുന്ന ഒരവസ്ഥയുടെ നിർമ്മിതി” എന്ന് നോവലിനെ വിളിക്കാറുണ്ട്.  മലയാള നോവലിന്റെ പിറവിയെയും ഈ ആശയത്തോട് ചേർത്ത് വയ്ക്കാവുന്നതാണ്.  പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ പൊതുമണ്ഡലത്തിന്റെ രാഷ്ട്രീയ പ്രതിനിധാനമായാണ് മലയാളത്തിൽ നോവലുകൾ ഉദയം ചെയ്തത്.  കൊളോണിയൽ അധിനിവേശം, ക്രിസ്ത്യൻ മിഷനറി പ്രവർത്തനം, തദ്ദേശീയ നവോത്ഥാനം തുടങ്ങിയ പ്രക്രിയകൾ നിലവിലിരുന്ന സാമൂഹ്യക്രമങ്ങളിൽ ആഘാതം സൃഷ്ടിച്ചുകൊണ്ടിരുന്ന കാലഘട്ടമാണ് 19 -ാം നൂറ്റാണ്ട്.  ആധുനികീകരണ പ്രക്രിയകളുടെ – അച്ചടി, പത്രമാധ്യമങ്ങൾ, ഇംഗ്ലീഷ് വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യകൾ, റെയിൽ റോഡ് മാർഗങ്ങൾ തുടങ്ങിയ നവസംരംഭങ്ങളുടെ – ഭാഗമായ സാംസ്‌കാരിക നിർമ്മിതിയായി വേണം മലയാള നോവലിന്റെ ആരംഭത്തെ കാണേണ്ടത്.

സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ബൃഹദ് ആഖ്യാനങ്ങളായി  രൂപം കൊണ്ട മലയാള നോവൽ സാഹിത്യം ഒന്നര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.  കൊളോണിയൽ, ഫ്യൂഡൽ, മുതലാളിത്ത കാലഘട്ടത്തിലൂടെ ആഗോള മുതലാളിത്തത്തിന്റെ സാംസ്‌കാരിക ക്രമത്തിലേക്ക്  എത്തിനിൽക്കുന്ന ഈ സാഹിത്യഗണം സവിശേഷ ഭാവുകത്വത്തിൽ അതിന്റെ സ്ഥാനത്തെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു.  ആഗോളവൽക്കരണ കാലത്തെയാണ് സാഹിത്യത്തിൽ ആധുനികാനന്തരം എന്ന് വിശേഷിപ്പിച്ചത്.  ആധുനികാനന്തരതയിൽ – ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകൾക്കുശേഷമുള്ള ഇരുപത്തഞ്ച് വർഷം കൊണ്ട് മലയാള നോവൽ കൈവരിച്ചിരിക്കുന്ന നൂതന ഭാവുകത്വത്തെ സമഗ്രമായി അപഗ്രഥിക്കുന്ന സാഹിത്യ സംസ്‌കാരപഠനഗ്രന്ഥമാണ്  ഷാജി ജേക്കബ് രചിച്ച ‘ആധുനികാനന്തര നോവൽ: വിപണി, കല, പ്രത്യയശാസ്ത്രം’.  സാംസ്‌കാരപഠനത്തിന്റെ

ഷാജി ജേക്കബ്

രീതിശാസ്ത്ര പദ്ധതികൾ അവലംബിച്ചുകൊണ്ട് ഗവേഷണാത്മക സ്വഭാവത്തോട് കൂടി വിശകലനം ചെയ്യുന്ന അക്കാദമിക രചനയാണ് ഇത്.  സാഹിത്യ സംസ്‌കാര പഠനത്തിന്റെ ഗണത്തിൽ പെടുന്ന ഈ ഗ്രന്ഥം നോവൽ എന്ന സാഹിത്യഗണത്തിന്റെ ആധുനികാനന്തര സവിശേഷതയും നിലനിൽപും അപഗ്രഥിക്കുന്നതിന്  സാഹിത്യസ്ഥാപനങ്ങളുടെ വർഗ്ഗ/സമ്പദ് / രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ സ്വീകരിക്കുന്നു. സാഹിതീയമായ പൊതുമണ്ഡലത്തെയും രാഷ്ട്രീയ മണ്ഡലത്തെയും ചേർത്തു നിർത്തിക്കൊണ്ടേ അതിന്റെ സൗന്ദര്യമൂല്യ നിർണ്ണയം സാധ്യമാകൂ എന്ന വീക്ഷണത്തിൽ രൂപപ്പെടുത്തിയിട്ടുളള പഠനമാണിത്.  സാഹിത്യത്തെ അതിന്റെ സൗന്ദര്യത്തെ/ രാഷ്ട്രീയത്തെ/ പാഠത്തിന്റെ ആന്തരികവും ബാഹ്യവുമായ തലങ്ങളിൽ ഊന്നിക്കൊണ്ട് അപഗ്രഥിക്കുന്ന രീതി പദ്ധതിയാണ് സാധാരണ മലയാള നോവൽ വിമർശ പഠനങ്ങൾ സ്വീകരിച്ചു കാണുന്നത്.  എന്നാൽ മലയാള ഭാവനയിലെ പൊതുമണ്ഡലത്തെ സമഗ്ര പഠനത്തിന് വിധേയമാക്കിയിട്ടുള്ള  ഇദ്ദേഹം ഈ ഗ്രന്ഥത്തിലും നോവലിന്റെ രചനയുടെ വായനയും, രാഷ്ട്രീയവും ചരിത്രവും പൊതുമണ്ഡലത്തിന്റെ നിർമ്മിതിയായി കാണുന്ന നിരീക്ഷണമാണ് അവതരിപ്പിക്കുന്നത്.  ആധുനികാനന്തര മലയാളനോവൽ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സവിശേഷ മാതൃക കൈക്കൊള്ളുന്ന പുതുഭാവുകത്വത്തെ നിർമ്മിക്കുന്നതിന്റെ അടിസ്ഥാനം എന്തെന്നും എങ്ങനെ എന്നും വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള നോവൽ ചരിത്രപഠനത്തിന്റെ തന്നെ രീതിശാസ്ത്ര മാതൃകയാവുന്നുണ്ട്.

അഞ്ചധ്യായങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പഠനത്തിന്റെ ഉള്ളടക്കത്തെ ഏറ്റവും സംക്ഷിപ്തമായി ഇങ്ങനെ സംഗ്രഹിക്കാം:
കൊളോണിയൽ ആധുനികതയുടെ സാംസ്‌കാരിക ഉല്പന്നമായാണ് മലയാള നോവലിന്റെ പിറവി.  കൊളോണിയൽ – ദേശീയ ആധുനികതകളുടെ കാലഘട്ടത്തിൽ ജനപ്രിയം-വരേണ്യം എന്ന് വിഭജിക്കപ്പെട്ടിരുന്ന മലയാള നോവൽ ആധുനികാനന്തരതയിൽ ആ വിഭജനം റദ്ദു ചെയ്യുന്നു.  ഇതര സാഹിത്യരൂപങ്ങളിൽ നിന്നും ഭിന്നമായി ആധുനികാനന്തരതയിൽ നോവൽ സാഹിതീയ മണ്ഡലത്തിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു.  ചരിത്രത്തിന്റെ ജനപ്രിയ വൽക്കരണത്തിലൂടെയും ആഖ്യാനകലയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലൂടെയും നോവൽ കൈവരിച്ച മേൽക്കൈ  ആധുനികാനന്തരതയിൽ പ്രകടമാണ്.  നോവലും ചരിത്രവും തമ്മിലുള്ള ബന്ധത്തിന്റെ അതിർ വരമ്പുകൾ ഭേദിക്കപ്പെടുകയും ചരിത്രങ്ങളുടെ പല രൂപങ്ങളും പാഠങ്ങളും പ്രശ്‌നവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് ആധുനികാനന്തരതയുടെ സവിശേഷതയാണ്.  ആഖ്യാനകല നോവലിന്റെ രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവുമാണെന്നു സമകാലനോവലുകളുടെ മാതൃകകളിലൂടെ വിശകലനം ചെയ്യുന്നു.  ആധുനികാനന്തരതയിൽ  നോവൽ വിവർത്തനം നിർവ്വഹിക്കുന്ന ധർമ്മം  ‘സാംസ്‌കാരിക കുറ്റകൃത്യം’ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തി ലായിപ്പോവുന്നുണ്ട് എന്ന് നിരീക്ഷിക്കുന്നു.

ആധുനികതയുടെ അപനിർമ്മാണം, നോവലിന്റെ ഏകലോകം എന്നീ ആദ്യ രണ്ടധ്യായങ്ങൾ ആധുനികാനന്തര സാംസ്‌കാരികത രൂപപ്പെട്ട ചരിത്ര സന്ദർഭത്തെയും ആ പ്രക്രിയയുടെ ഭാഗമായി നോവൽ കൈവരിച്ച സവിശേഷ ഭാവുകത്വം എന്തൊക്കെയാണെന്നും രേഖപ്പെടുത്തുകയാണ്.  പ്രധാനമായും  നാല് തലങ്ങളിലൂടെയാണ് നോവൽ പുതുഭാവുകത്വത്തെ അടയാളപ്പെടുത്തിയത് എന്നാണ് ലേഖകൻ നിരീക്ഷിക്കുന്നത്.  ജനപ്രിയത, ചരിത്രത്തിന്റെ പ്രശ്‌നവൽക്കരണം ആഖ്യാന കലയുടെ വഴിമാറ്റം, നോവൽ വിവർത്തന രംഗത്തുണ്ടായ മുന്നേറ്റം എന്നിങ്ങനെ അവയെ ചുരുക്കാം.

1)  ജനപ്രിയ സംസ്‌കാരത്തിലേക്കുള്ള ചുവടുമാറ്റം

ആധുനികാനന്തര സാംസ്‌കാരികതയുടെ ഏറ്റവും പ്രഥമ സവിശേഷതയായി ലേഖകൻ നിരീക്ഷിക്കുന്നത് ‘ജനപ്രിയത’യാണ്.  വിശാലാർത്ഥത്തിൽ ‘ജനപ്രിയമാവുക അല്ലെങ്കിൽ തിരോഭവിക്കുക’ എന്ന സമവാക്യം തന്നെ സാംസ്‌കാരിക ആധുനികാനന്തരതയ്ക്ക് നൽകാൻ കഴിയും എന്നാണ് ഈ പുസ്തകം പറയുന്നത്.  കൊളോണിയൽ ആധുനികത, ദേശീയ ആധുനികത, ആധുനികതാ വാദം, ആധുനികാനന്തരത എന്നിങ്ങനെ നാലുഘട്ടങ്ങളായി മലയാള നോവൽ ചരിത്രത്തെ അടയാളപ്പെടുത്തുന്നു.

ആധുനികതയുടെ കാലഘട്ടം സംസ്‌കാരവും സാഹിത്യവും വരേണ്യതയുടെ ഭാഗമായിരുന്നു.  ആധുനികതയിൽ നിലനിന്ന വരേണ്യത ‘റദ്ദ് ചെയ്യപ്പെടുന്നു’ എന്നതാണ് സവിശേഷ ഭാവുകത്വത്തിന്റെ അടിസ്ഥാനം  സവിശേഷമായി ഉയർത്തിക്കാട്ടിയ എല്ലാ വ്യവഹാരങ്ങളെയും ചോദ്യം ചെയ്യുകയും അപനിർമ്മിക്കുകയും ചെയ്തുകൊണ്ടാണ് ആധുനികാനന്തര വ്യവഹാരം ജനപ്രിയമായിത്തീരുന്നത്.  വ്യക്തി, സമൂഹം, ചരിത്രം, ദേശം, രാഷ്ട്രം തുടങ്ങി സാമൂഹ്യജീവിതത്തിലെ എല്ലാത്തിനെയും പല തലങ്ങളിൽ നിന്നുകൊണ്ട് വിഘടിപ്പിക്കുക എന്ന ദൗത്യമാണ് ആധുനികാനന്തരത നിർവ്വഹിച്ചത്.

21-ആം നൂറ്റാണ്ട് സാധ്യമാക്കിയ വിവര സാങ്കേതിക വിദ്യ, ദൃശ്യമാധ്യമസംസ്‌കാരം എന്നിവ ‘ജനപ്രിയമായ’ ഒരു പൊതു അവബോധം സമൂഹത്തിൽ സൃഷ്ടിച്ചിരുന്നു.  അത്തരം ഒരവബോധത്തിന്റെ  സംസ്‌കാരത്തിലേക്ക് നോവലും വഴിമാറി നടക്കുക എന്നതാണ് സംഭവിച്ചത്.  നോവൽ പ്രസാധനം, വിപണി, വായനാസമൂഹം എന്നിവയിലെ കണക്കുകൾ പരിശോധിക്കുമ്പോഴും നോവലിന്റെ ജനപ്രീതി വ്യക്തമാണെന്ന്  തെളിയുന്നുണ്ട്.  ആധുനിക കാലം തൊട്ട് നോവലുകളുടെ എണ്ണത്തിലുണ്ടായ വർദ്ധന, നോവൽ പതിപ്പുകളുടെ വർദ്ധന, നോവൽ വായനക്കാരുടെ വർദ്ധന എന്നിവ അടിസ്ഥാനമാക്കിയാണ് നോവൽ അതിന്റെ ‘ഏകലോകം’ ഉറപ്പിക്കുന്നു എന്ന് നിരീക്ഷിക്കുന്നത്.  ഇതര സാഹിത്യ രൂപങ്ങളിൽ നിന്നും ഭിന്നമായി നോവൽ ആധുനികാനന്തരതയിൽ ‘ജനപ്രിയ വഴി’യിലൂടെ അതിന്റെ സ്ഥാനം ദൃഡീകരിക്കുന്നു എന്ന നിലപാടിലാണ് ഗ്രന്ഥകാരൻ എത്തിച്ചേരുന്നത്.

2) ചരിത്രത്തിന്റെ പ്രശ്‌നവൽക്കരണം.

‘നോവലും ചരിത്രവും’ എന്ന ഭാഗം ആധുനികാനന്തര നോവലിനെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന  വിഷയം അതിന് ചരിത്രവുമായുളള ബന്ധമാണെന്ന കണ്ടെത്തലാണ്.  ചരിത്രം എന്ന ജ്ഞാന വിഷയത്തെ നോവൽ പ്രശ്‌നവൽക്കരി ക്കുന്നതെങ്ങനെ എന്ന് പുതിയ നോവൽ മാതൃകകളിലൂടെ വ്യക്തമാക്കുകയാണ് ഈ അധ്യായത്തിന്റെ ഉദ്ദേശ്യം.

നോവലിനെയും ചരിത്രത്തെയും ബന്ധപ്പെടുത്തി പടിഞ്ഞാറും കിഴക്കും ഉണ്ടായ ചിന്താപദ്ധതികളെയും  ആശയങ്ങളെയുമാണ് ലേഖകൻ മുൻനിർത്തുന്നത്.  ലിന്റ ഹച്ചിയന്റെ ‘ഹിസ്റ്റോറിയോ ഗ്രാഫിക് മെറ്റാഫിക്ഷൻ’ മിലൻ കുന്ദേരയുടെ ‘നോവലിന്റെ ചരിത്രവൽക്കരണം/ ചരിത്രത്തിന്റെ നോവൽ വൽക്കരണം’ തുടങ്ങിയ സങ്കല്പങ്ങളെ അപഗ്രഥിച്ചുകൊണ്ടും ലൂക്കാച്ച്, റൊളാങ് ബാർത്ത്, റെയ്മണ്ട് വില്യംസ്, ഹേബർമാസ്, ബനഡിക്ട്  ആൻഡേഴ്‌സൻ തുടങ്ങിയവരുടെ രീതികൾ വിശദമാക്കിയും മലയാള നോവലിലെ ‘ചരിത്രവിഷയ’ത്തിന് പൊതുതലങ്ങൾ കണ്ടെത്തുന്നു.

ചരിത്രത്തിന്റെ പാഠരൂപങ്ങൾ എന്ന നിലയിൽ മലയാള നോവലിനെ നിരീക്ഷിക്കുമ്പോൾ അഞ്ച് തലങ്ങളിലൂടെ ‘ചരിത്രവിഷയം’ നിർവ്വഹിക്കപ്പെടുന്നു എന്ന കണ്ടെത്തലാണ്  ലേഖകൻ നടത്തുന്നത്.  ‘ചരിത്രത്തിന്റെ അപമിത്തീകരണം, ചരിത്രവും പ്രത്യയശാസ്ത്രബന്ധവും, ചരിത്രവും നോവലും തമ്മിലുള്ള അഭേദം, ചരിത്രത്തിന്റെ പലമ, ജനപ്രിയ ചരിത്രം’ എന്നിവയാണ്.

ആധുനികാനന്തര മലയാള നോവലുകളുടെ പഠനത്തിൽ പുലർത്തിപ്പോന്ന സങ്കല്പങ്ങൾ ഹേബർമാസിൽ തുടങ്ങി ബനഡിക്ട് ആൻഡേഴ്‌സണിൽ എത്തിനിൽക്കുന്നതാണ്.  ചരിത്രം , ദേശീയത എന്ന് രണ്ടു വ്യവഹാരങ്ങൾക്കുള്ളിൽ വെച്ചാണ് നോവലുകളിലെ പ്രത്യയശാസ്ത്രപഠനങ്ങൾ നടക്കുന്നത്.  ഈ രീതിയിൽ മലയാള നോവലുകളിലെ ചരിത്രത്തെ വിശകലനം ചെയ്യുമ്പോൾ മുഖ്യമായും പത്തു രീതികളിൽ ചരിത്രത്തിന്റെ പ്രശ്‌നവൽക്കരണം നടക്കുന്നു എന്ന നിഗമനത്തിൽ നോവലുകളെ അപഗ്രഥിക്കുകയാണ്.’  രാഷ്ട്രം – ദേശീയത, ദേശം – പ്രദേശം, ജാതിസ്വത്വം , ജാതി ചരിത്രം, സ്ത്രീ-മതം, രാഷ്ട്രീയ പ്രത്യയശാസ്ത്രവിമർശനം, ജനപ്രിയചരിത്രം, ആഖ്യാനം-വ്യവഹാരം, ഓർമയുടെ ചരിത്രപരത, കഥയും ചരിത്രവും അഭിന്നമാകുന്ന രീതി എന്നിങ്ങനെ ചരിത്രത്തെ സൂക്ഷ്മമായി വർഗീകരിക്കുന്നുണ്ട്.

രാഷ്ട്രത്തിന്റെയും ദേശത്തിന്റെയും ദേശീയതയുടെയും വിമർശനങ്ങളും, വ്യാഖ്യാനങ്ങളുമായി തീരുന്ന ആനന്ദിന്റെ നോവലുകൾ, ദേശം പ്രാദേശിക ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും രാഷ്ട്രീയമായി പരിണമിക്കുന്ന എൻ. പ്രഭാകരന്റെ നോവലുകൾ (തിയൂർ രേഖകൾ, ജനകഥ) സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ, കീഴാള ദലിത് ചരിത്രങ്ങളുടെ പാഠങ്ങളായ കൊച്ചരേത്തി, ഊരാളിക്കുടി, ചാവൊലി തുടങ്ങിയവയും ദലിത്പക്ഷ നിലപാടുകൾ പുലർത്തുന്ന മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ എന്നിങ്ങനെ തൊണ്ണൂറുകൾക്ക് ശേഷമുള്ള മലയാള നോവലിലെ ചരിത്രത്തിന്റെ പലമകൾ ഉദാഹരിക്കുന്നുണ്ട്.  ബർസ, റാബിയ, തുടങ്ങിയ നോവലുകളെപ്പോലെ മതത്തെയും, സ്ത്രീയുടെ ചരിത്രത്തെയും പ്രശ്‌നവൽ ക്കരിക്കുന്നത്, അന്ധകാരനഴി, പാലേരിമാണിക്യം, കെ.ടി.എൻ. കോട്ടൂർ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, തുടങ്ങി രാഷ്ട്രീയ ചരിത്രത്തെ അപനിർമ്മിക്കുന്നവയും, ആരാച്ചാർ, മനുഷ്യന് ഒരു ആമുഖം, മറുപിറവി, കൽപ്രമാണം, തുടങ്ങി ചരിത്രത്തിന്റെ അപ അക്കാദമികവൽക്കരണവും ജനപ്രിയവൽക്കരണവും പ്രതിനിധാനം ചെയ്യുന്നവ, ചരിത്രത്തിന്റെ, അതികഥനങ്ങൾ – ഗോവർദ്ധനന്റെ യാത്രകൾ, കേശവന്റെ വിലാപങ്ങൾ, ഫ്രാൻസിസ് ഇട്ടിക്കോര’ തുടങ്ങിയവ,  ഓർമ്മയെ ചരിത്രവൽക്കരിക്കുന്ന നോവലുകൾ , ലന്തൻബത്തേരിയിലെ ലുത്തിനിയകൾ,  വിഭജനങ്ങൾ, ആടുജീവിതം തുടങ്ങി          25 വർഷക്കാലം മലയാള ത്തിൽ ഉണ്ടായിട്ടുള്ള നോവലുകൾ ഏതെങ്കിലും തരത്തിൽ ചരിത്രത്തിന്റെ പ്രശ്‌നവൽക്കരണം ഏറ്റെടുക്കുന്നുണ്ട്.  ആധുനികാനന്തര നോവലിലെ ഏറ്റവും വിസ്തൃതമായ വിഷയം ചരിത്രത്തിന്റേതാണെന്ന് ഉറപ്പിക്കുന്നതാണ് ഈ അധ്യായം.  ഒരു നോവൽ തന്നെ പലതരത്തിൽ ചരിത്രത്തെ അപനിർമ്മിക്കുന്നു എന്ന പാഠമാണ് ഈ ഭാഗം നൽകുന്നത്. ‘Death of Centres’ എന്നത് ചരിത്രത്തിനും ബാധകമാണെന്നും നോവൽ ചരിത്രത്തിന്റെ യാഥാർത്ഥ ദൗത്യം ഏറ്റെടുക്കുന്നു എന്നും വ്യക്തമാക്കുന്നതാണ്  ഈ അധ്യായം.  ചരിത്രത്തിന്റെ ‘ജനപ്രിയ വൽക്കരണം’ സാധ്യമാകുന്നു എന്നതാണ് ആധുനികാനന്തര മലയാള നോവലിന്റെ പ്രത്യേകത.

3) ആഖ്യാനത്തിന്റെ രാഷ്ട്രീയം

കഥാകഥനമാണ് ആഖ്യാനം എന്ന പരിമിത നിർവചനത്തിൽ നിന്നും ‘ആഖ്യാനമാണ് നോവൽ’ എന്ന വിശാല അർത്ഥത്തിലേക്ക് പരിണമിക്കുന്ന ചരിത്രം നോവലിന്റെ ആഖ്യാന കലയ്ക്കുണ്ട് എന്ന് ആധുനികാനന്തര നോവലുകളിലൂടെ വ്യക്തമാക്കുന്നതാണ് ‘ആഖ്യാനവും നോവലിന്റെ കലയും’ എന്ന ഭാഗം.  നോവലിന്റെ ആഖ്യാനത്തെ പരമ്പരാഗത രീതിയിൽ ഉറപ്പിച്ചെടുത്ത ഇംഗ്ലീഷ് നോവൽ പഠനങ്ങളുടെയും കാലാകാലങ്ങളിൽ ആ രീതിയിൽ നിന്നും ഭിന്നമായി ആഖ്യാന പഠനത്തിലുണ്ടായ നൂതന ശാസ്ത്രങ്ങളെ വിശകലനം ചെയ്തുകൊണ്ടുമാണ് ആഖ്യാനത്തിന്റെ ആധുനികാനന്തര നിർവ്വചനത്തിലേക്ക് എത്തിച്ചേരുന്നത്.

ഹെന്റി ജയിംസ്, പേഴ്‌സി ലബ്ബക്ക്, ഇ. എം. ഫോസ്റ്റർ തുടങ്ങിയവരുടെ നോവൽ പഠനങ്ങൾ, അമേരിക്കൻ നവവിമർശനത്തിന്റെ രീതി പദ്ധതികളിലൂടെ ആഖ്യാന കലയുടെ പഠനം നിർവ്വഹിച്ച ഡേവിഡ് ലോഡ്ജ്, വയൻ.സി.ബൂത്ത് എന്നിവരുടെ പഠനങ്ങൾ, ലൂക്കാച്ചിന്റെ ആഖ്യാന പഠനം, ആഖ്യാന കലയെക്കുറിച്ച് മാർക്സിയൻ സാഹിത്യ വിമർശകർ രേഖപ്പെടുത്തിയ കാഴ്ചപ്പാടുകൾ, ഉത്സവീകരണം, ബഹുഭാഷകത്വം, ബഹുസ്വരത എന്നിവയെ മുൻനിർത്തി മിഖായേൽ ബക്തിൻ ആവതരിപ്പിച്ച ആഖ്യാനകല, നോവലിന്റെ വായനാപരതയെ അടിസ്ഥാനമാക്കി റെയ്മണ്ട് വില്യംസ് അവതരിപ്പിച്ച നിർവചനങ്ങൾ, ഘടനാവാദത്തിന്റെ രീതി പദ്ധതികളിലൂടെ രൂപംകൊണ്ട ആഖ്യാനവിജ്ഞാനം, അപനിർമ്മാണത്തിന്റെ വിശ കലനരീതിയുപയോഗപ്പെടുത്തി ദറിദയും ജൂലിയ ക്രിസ്‌തേവയുൾപ്പെടെയുള്ളവർ ആവിഷ്‌ക്കരിച്ച ആഖ്യാനവിശകലനം എന്നിവ ആഖ്യാന കലയിലുണ്ടായ പല രീതി ശാസ്ത്രങ്ങൾക്ക് തെളിവാണ്.  സൗന്ദര്യ ശാസ്ത്ര പദ്ധതികൾ കൂടാതെ നോവലിസ്റ്റ് തന്നെ നോവലിന്റെ ആഖ്യാനത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളിൽ പ്രധാനമായ മിലേൻ കുന്ദേരയുടെ കാഴ്ചപ്പാടുകളെ വിശദീകരിക്കുന്നുണ്ട്.  ലോത്യാർ, ആൻഡേഴ്‌സൺ, ഹേബർമാസ് തുടങ്ങിയവർ മുന്നോട്ടു വെച്ച ആഖ്യാന കലാചിന്തകളെയും ഉപജീവിച്ചുകൊണ്ട് ആധുനികാനന്തര മലയാള നോവലിന്റെ ആഖ്യാന കലയുടെ സാധ്യതകളെ മാതൃകകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ ഗ്രന്ഥം.   ഒരു നോവൽ അതിന്റെ ആഖ്യാന കലയുടെ രാഷ്ട്രീയമായി മാറുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ്.    ആധുനികാനന്തര മലയാള നോവലിന്റെ ആഖ്യാനം നോവലിന്റെ സമഗ്ര രാഷ്ട്രീയമായി മാറുന്നത് മികച്ച ദൃഷ്ടാന്തത്തിലൂടെ വെളിപ്പെടുത്തുന്ന ഈ ഭാഗം നോവലിന്റെ ആഖ്യാനകലയെക്കുറിച്ച് സമഗ്രാവബോധം ഉണ്ടാക്കാൻ പര്യാപ്തമായതാണ്.  നോവൽ പഠനത്തിന് നോവലിന്റെ സമഗ്ര രാഷ്ട്രീയത്തെ അപഗ്രഥിക്കുന്ന ആഖ്യാനത്തിന്റെ രീതിശാസ്ത്രം രൂപപ്പെടുത്തുന്ന ഈ അധ്യായം അക്കാദമിക ഗവേഷണ പഠനങ്ങൾക്ക് ഏറെ പ്രയോജന പ്പെടുന്നതാണ്.

4) സാംസ്‌കാരിക കുറ്റകൃത്യങ്ങളാവുന്ന നോവൽ വിവർത്തനങ്ങൾ

സാംസ്‌കാരിക വിനിമയവും സമ്പർക്കവും സാധ്യമാകുന്ന മേഖലയെന്ന നിലയിൽ വിവർത്തനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല.  എന്നാൽ ആധുനികാനന്തര ഘട്ടത്തിൽ വിവർത്തിത നോവലുകളുടെ എണ്ണവും ജയപ്രിയതയും ഏറെയാണ്.  എന്നാൽ വിവർത്തനത്തിന്റെ യാഥാർത്ഥ മൂല്യങ്ങൾ ആ നോവലുകൾ പുലർത്തുന്നുണ്ടോ എന്നത് സംശയകരമാണെന്നാണ് ലേഖകൻ നിരീക്ഷിക്കുന്നത്.  പ്രത്യേക അജണ്ടകളുടെ പ്രചരണത്തിനുള്ള ഉപാധിയായി വിവർത്തന നോവലുകൾ യാതൊരു ഉത്തരവാദിത്തങ്ങളും പുലർത്താതെ വിപണി കീഴടക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടു ത്തുകയാണ്.  പൗലോ കൊയ്ലോ മുതൽ ഓർഹൻ പാമുക്ക് വരെയുള്ളവരുടെ കൃതികളുടെ വിവർത്തനം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.  ചിലപ്പോഴെങ്കിലും വിവർത്തിത നോവലുകൾ സാംസ്‌കാരിക കുറ്റകൃത്യങ്ങളായി മാറുന്നുണ്ട് എന്ന നിരീക്ഷണമാണ് ലേഖകൻ മുന്നോട്ട് വെക്കുന്നത്.

ആധുനികാനന്തര മലയാള നോവലിന്റെ ചരിത്രത്തെ അപഗ്രഥിക്കുകയും വിശകലനം ചെയ്യുന്ന ഈ രചന സാഹിത്യത്തിന്റെ സാംസ്‌കാരിക ചരിത്രപഠനത്തിന്റെ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു.  നോവൽ സാഹിത്യഗണത്തിന്റെ രാഷ്ട്രീയം അതിന്റെ ഉത്ഭവം മുതലിങ്ങോട്ട് സാംസ്‌കാരിക ചരിത്രത്തിന്റെതു തന്നെയാണെന്നും ബോധ്യപ്പെടുത്തുന്നു. നോവൽ എന്ന ഗണത്തിനാണ് ഇത്തരം സമഗ്രതകളെ പൂർണമായും അടയാളപ്പെടുത്താൻ കഴിയുന്നത്.  ചരിത്രവും ആഖ്യാനവും രൂപ സാങ്കേതികതയും നിരന്തരം നവീകരിച്ചുകൊണ്ട് എന്നും ‘നോവലാ’യി തന്നെ മലയാള നോവൽ നിലനിൽക്കുന്നുണ്ട് എന്നത് സംശയാതീതമാണെന്ന് വെളിപ്പെടുത്തുന്നു ഈ പഠനഗ്രന്ഥം.

ആധുനികാനന്തര നോവലിന്റെ ചരിത്രവത്ക്കരണത്തെയും ആഖ്യാനകലയുടെ പ്രത്യയശാസ്ത്ര പാഠങ്ങളെയും നവഭാവുകത്വത്തിന്റെ സവിശേഷ തലങ്ങളായി വ്യാഖ്യാനിക്കുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ പ്രകൃതിപാഠത്തിന്റെ ചരിത്രങ്ങളും വ്യാഖ്യാനങ്ങളും അപ്രസക്തമാകുന്നത് ഒരു പരിമിതിയായനുഭവപ്പെട്ടിട്ടുണ്ട്.  ദേശം, പ്രദേശം കീഴാള ചരിത്രത്തോടൊപ്പം പ്രകൃതിയുടെ സൂക്ഷ്മപാഠങ്ങൾ ആധുനികാനന്തര നോവലിന്റെ നൂതന ഭാവുകത്വത്തെ നിർണയിച്ച സവിശേഷ ഘടകമാണെന്നത് പ്രസക്തമായ കാര്യമാണ്.

നിരന്തര നവീകരണത്തിന്റെ മാർഗ്ഗത്തിൽ ‘നോവൽ’ എന്ന ഗണം, സവിശേഷമായി നാമകരണം ചെയ്യപ്പെടാത്ത മറ്റൊരു ഗണമായി പരിവർത്തിതമാകുന്നുണ്ടെന്നുള്ള യാഥാർത്ഥ്യത്തെയും മറന്നുകൂടാ.  സാങ്കേതികതകളുടെയും ഗവേഷണങ്ങളുടെയും ബോധപൂർവ്വമായ ജ്ഞാനനിർമ്മിതികളുടെയും സങ്കരമായി പൂതിയ രൂപഭാവങ്ങളിലൂടെ നിർമ്മിക്കുന്ന നവഭാവുകത്വം ചിലപ്പോഴെങ്കിലും ‘കൃത്രിമ’മായി തീരുന്നുമുണ്ട് എന്ന സത്യത്തെയും രേഖപ്പെടുത്തേണ്ടതുണ്ട്.

ഭാഷാ സാഹിത്യ പഠിതാക്കൾക്കും ഗവേഷകർക്കും ഏറെ പ്രയോജനകരമായ ഈ  ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ആണ്.  വില: 100 രൂപ

Comments

comments