ഇന്ത്യയില്‍ ചാവുനിലങ്ങളില്‍ നിന്ന് മുഴങ്ങിയ കര്‍ഷകരുടെ ആര്‍ത്തനാദമാണ് ഫാസിസത്തിന്തിന്റെ നെഞ്ചകം തകര്‍ത്തിരിക്കുന്നത്. ‘ പാല്‍ ചിരി കാണ്‍കെ മൃതിയെ മറന്നു ചിരിച്ചേ പോകും പാവം മാനവ ഹൃദയം’ ആണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ എന്ന രാക്ഷസീയമായ ഉദാസീനതയും ലാസ്യവുമാണ് ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ അങ്കത്തട്ടുകളെ തകര്‍ത്തത്. മോഡിയും ഷായും വീണത് ഇവിടെയാണ്. ഭരണാലസ്യം [ incumbency factor ] ഒരു കപടസമവാക്യമാണ്. അത് ഈ പരാജയത്തെയോ മറ്റു പരാജയങ്ങളെയോ അതിന്റെ രൂഢമൂലമായ കാരണങ്ങളില്‍ നിന്ന് ഒളിച്ചുനിർത്താൻ പലപ്പോഴും പരാജിതരെ സഹായിക്കുന്ന ഒരു മഞ്ഞുമറ മാത്രം.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവയടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് ബി ജെ പി കനത്ത ആഘാതം ഏറ്റുവാങ്ങിയത് incumbency factor എന്ന് ലളിതമായി വിലയിരുത്തുന്നത് ഒഴിഞ്ഞുമാറലാണ്. എല്ലാ രാഷ്ട്രീയക്കാരും ഇതുപയോഗിക്കാറുണ്ട്. ഇതെവിടെ നിന്നുണ്ടാവുന്നു എന്ന് നോക്കാം. പൊള്ളയായ വാഗ്ദാനങ്ങള്‍, പെരുമ്പറ മുഴക്കുന്ന ഇല്ലാത്ത നേട്ടങ്ങള്‍, ഭരണലാസ്യത്തിന്റെ ധാര്‍ഷ്ട്യവും ജനങ്ങളെ മറന്നുള്ള അഹങ്കാരവും, ആദ്യം പറഞ്ഞതുപോലെ “ഒരു താരക കണ്ടാല്‍ ജനം രാവു മറക്കും” എന്ന അന്ധവിശ്വാസം, അടുപ്പ് പുകഞ്ഞില്ലെങ്കിലും പ്രതീക്ഷ നീട്ടിയാല്‍ ആട് പ്ലാവിലയ്ക്ക് പിറകെ എന്ന പോലെ അതിനു പിന്നാലെ ജനം നടക്കും എന്ന അഹങ്കാരം…………. ഒറ്റയടിക്ക് ഇവ തകരുമ്പോഴും ഇതില്‍ കടിച്ചു തൂങ്ങാന്‍ ഭരണക്കാര്‍ ശ്രമിക്കാറുണ്ട്. ഫാസിസത്തിന്റെ ഊര്‍ജ്ജ ശ്രോതസ് ഇതുമാത്രമാണ് താനും. മോഡിയും ഷായും മുന്‍ നിന്ന ആര്‍ എസ്സ് എസിന്റെ വര്‍ഗീയ ഭീകരവാദം ഇന്നലെ പൊളിഞ്ഞു വീണതും ഈ ജനകീയ ശക്തിയിലാണ്. രാമക്ഷേത്രവും പ്രതിമയും വാട്സ് ആപ്പ് ഗ്രൂപ്പുകളും ഈ അപ്രതിരോധ്യമായ ജനവികാരത്തെ തടുക്കാന്‍ പര്യാപ്തമല്ല എന്ന് കൂടി ഇതോര്‍മ്മിപ്പിക്കുന്നു.
തീവ്ര ഹിന്ദുത്വ ഫാസിസത്തിന്റെ അന്ത്യമാണ് ഇതെന്ന് ആരും പറയില്ല. പക്ഷെ ആഞ്ഞടിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ ശേഷിയും ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത് കളഞ്ഞ ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തും ഇത് വിളിച്ചു പറയുന്നുണ്ട്. ഇത് പഠിക്കേണ്ടതും വീണ്ടും വീണ്ടും ഓര്‍ക്കേണ്ടതും പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ്. ഫാസിസ്ടുകള്‍ക്ക് ഇനി ആദ്യം മുതല്‍ – ഒരു ചിന്തന്‍ ബൈഠക്ക് മുതല്‍ – ആരംഭിക്കേണ്ടതുണ്ട്. അവരത് ചെയ്യും. പക്ഷെ നിന്ദിതരും പീഡിതരുമായ ഇന്ത്യന്‍ ഗ്രാമീണതയ്ക്കും ദളിത് ജീവിതങ്ങള്‍ക്കും അവരുടെ ചെറുത്തു നില്‍പ്പിനും മുന്നിൽ ബ്രാഹ്മണിക്കൽ പാര്‍ട്ടികള്‍ക്ക് നിത്യജയം അസാധ്യമാണ് എന്ന് ഈ ഡിസംബർ പതിനൊന്ന് വിളിച്ചു പറയുന്നുണ്ട്.
ശരിയാണ്. മൃദു ഹിന്ദുത്വയും ഭീകര ഹിന്ദുത്വയും ഈ തെരഞ്ഞെടുപ്പിന്റെ ചാലക ശക്തികള്‍ തന്നെയായിരുന്നു. ചെകുത്താനെ തോല്‍പ്പിക്കാന്‍ ജനം ഗ്രാമങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും മന്ത്രവാദിയെ കൂട്ടുപിടിച്ചു എന്ന് തന്നെ ഈ ഫലത്തെ നമുക്ക് കാണാം. ഇതെത്ര നാള്‍ സഫലമാവും എന്ന് സംശയിക്കാം. പ്രവചനാതീതമായ വസ്തുതയാണത്. ചരിത്രം ഇതിനെ ചാക്രികമായ ഒരു പ്രതിഭാസമായാണ് വിലയിരുത്തുന്നത്.
ആര്‍ എസ്സ് എസ്സിന്റെ ബ്രാഹ്മണിക്കല്‍ അജണ്ട വീണ്ടും ഭീമാകാരം പൂണ്ടത് മണ്ഡല്‍ രാഷ്ട്രീയത്തോടെ ദളിത് — ഗ്രാമീണ ഇന്ത്യ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ആണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടായി. ലാലു പ്രസാദ് യാദവ്, മുലായം സിങ്ങ്, ജനതാ ദളില്‍ നിന്ന് ചിതറിയ മറ്റു പാര്‍ട്ടികള്‍ എന്നിവയൊക്കെ ചേര്‍ന്ന് മൂന്നു ദശാബ്ദത്തോളം ദളിത് ന്യൂനപക്ഷ ഇന്ത്യയെ നിവര്‍ന്നു നില്‍ക്കാന്‍ പര്യാപ്തമാക്കി. പിന്നെയവര്‍ ആഗ്രഹിച്ചത് വികസനം എന്ന മായാമരീചികയാണ്. അതിലവര്‍ തെറ്റായിരുന്നില്ല. പക്ഷെ അവര്‍ക്ക് മുന്നിലേക്ക് അവസരം കാത്തിരുന്ന ബ്രാഹ്മണിക്കല്‍ പാര്‍ട്ടികളും ഭിക്ഷാം ദേഹികളും കടന്നുവന്നു. വന്നത് പക്ഷേ ഗ്രാമങ്ങളെ പട്ടണ ഹൈവേകള്‍ ആക്കുമെന്ന ആശയവുമായാണ്. വികസനം. അതെത്ര അസാധ്യവും ആപല്‍ക്കരവും ആണെന്ന് അവരോടു പറയാന്‍ അന്തച്ഛിദ്രത്തില്‍ തകര്‍ന്ന മണ്ഡല്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. ഗ്രാമങ്ങളെ നഗരങ്ങളുടെ അന്നദാതാവ് മാത്രമായി മാറ്റാനുള്ള അഭ്യാസമാണ് ആ സിസ്റ്റം മുന്നോട്ടു വെക്കുന്നതെന്ന് പറയാന്‍ കഴിഞ്ഞില്ല. അതിന്റെ ദയനീയമായ പരിണാമം കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഇന്ത്യ കണ്ടു. വെറും ബ്രാഹ്മണിക്കല്‍ ചര്‍വണം കൊണ്ട് കാര്യം സാധ്യമാവില്ല എന്ന് കണ്ട ആര്‍ എസ്സ് എസ്സ് നേതൃത്വം ഒരു ക്ലാസ്സിക്കല്‍ ഫാസിസ്റ്റ് ആണെന്ന് പ്രവൃത്തിയില്‍ തെളിയിച്ച മോഡിയെയും ക്രൂരതയുടെ ശിങ്കിടി ആയ ഷായെയും കൊണ്ടുവന്നു. അവര്‍ അമേരിക്കയുടെ പിന്തുണയും തന്ത്രവും പണവും ശേഖരിച്ചു. അവിടെ പ്രവർത്തിക്കുന്ന ആള്‍ ദൈവ തട്ടിപ്പുകാര്‍ വഴി പെന്റഗൺ വരെ പണം നല്‍കി ഇന്ത്യന്‍ ഫാസിസത്തെ സഹായിച്ചു. ഇന്ത്യയില്‍ ഒരു ഇസ്രായേലി സാധ്യത കണ്ട അമേരിക്ക ചൈനയുടെ മുതലാളിത്ത കമ്യൂണിസ്റ്റ് കുതിപ്പിന് തടയിടാന്‍ ഉന്നം വെച്ച ഒരു തുറുപ്പായിരുന്നു വര്‍ഗീയ ഫാസിസ്റ്റ് ഇന്ത്യ.
അനേകം ഘടകങ്ങള്‍ ഒത്തു പിടിച്ചാണ് ക്ലാസിക്കല്‍ ഫാസിസത്തെ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അരങ്ങൊരുക്കിയത്. ജനങ്ങളെ പരമാവധി ഞെരുക്കി, ഭയപ്പെടുത്തിയും കൊന്നും നുണ പറഞ്ഞും കെട്ടുകാഴ്ചകള്‍ തീര്‍ത്തും മുന്നേറുകയാണ് അതിന്റെ ശൈലി. അതാണ് ഹിട്ലര്‍ ചെയ്തത്. അതു തന്നെയേ ടീം മോഡിയും ചെയ്തുള്ളൂ. അവിശ്വസനീയമായ പൈശാചികത കണ്ടു അന്തം വിട്ടുനിന്ന ഇന്ത്യ പൊറുതി മുട്ടി തിരിച്ചടിച്ചതാണ് നാം കാണുന്നത്.
ഇതൊരു തുടക്കം മാത്രമാണ്. അനേകം തുടർച്ചകളുടെയും ഇടർച്ചകളുടെയും വളർച്ചകളുടെയും നൈരന്തര്യത്തിലൂടെ മാത്രമേ ഇതില്‍ നിന്ന് പൂര്‍ണ്ണ സുരക്ഷയുള്ളൂ. അതിനു രാഷ്ട്രീയം ഒഴിവു ദിവസത്തെ കളിയായി കാണുന്ന ശൈലിയില്‍ നിന്ന് പ്രതിപക്ഷവും മാറണം. ഇലക്ഷന്‍ ഡയനാമിക്സും ഇലക്ഷന്‍ എഞ്ചിനീറിങ്ങും സമര്‍ത്ഥമായി നടത്തണം. ജനവികാരം മനസ്സിലാക്കണം. കോൺഗ്രസ് ഇക്കുറി അതിനു തുടക്കമിട്ടു എന്ന് പറയുന്നത് അമിത പ്രതീക്ഷയാവാം. എന്നാല്‍ സൂചനകളുണ്ട്.
മധ്യപ്രദേശും ചത്തീസ്ഗഡും പറയുന്നത് മറ്റൊന്നല്ല. രണ്ടും ഒരേ ഭൂമികയാണ്. മധ്യപ്രദേശിലെ വൈരക്കല്ല് സമ്പന്നരുടെയും കര്‍ഷകരുടെയും സമ്മിശ്ര ജനത ഛത്തീസ്ഡില്‍ കാണുന്നില്ലായിരിക്കാം. അതൊരു കാര്‍ഷിക ഭൂമി. പഴയ മധ്യപ്രദേശിന്റെ ഭാഗം. ഒരേ സമൂഹ സമവാക്യം. അനീതിയെ പ്രതിരോധിക്കുന്നവരൊക്കെ നക്സലൈറ്റ് ആവുന്ന അസംബന്ധ രാഷ്ട്രീയം. ഇരു സംസ്ഥാനങ്ങളും ഒരുപോലെ പ്രതികരിച്ചു എന്നത് ആകസ്മികമല്ല.
ബി ജെ പി യുടെ മധ്യപ്രദേശിലെ അടിയിളക്കത്തിന്റെ തുടക്കം, ട്രിഗ്രിംഗ് പോയിന്റ് മണ്ട്സോരിലെ കര്‍ഷക കലാപം ആണെന്ന് കരുതുന്നത് അപാകതയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. അല്ല. മാള്‍വാ മേഖലയിലെ ഈ പ്രദേശത്തു നിന്നാണ് കാര്‍ഷികസമരത്തിനു ഊര്‍ജം പകര്‍ന്നത്. പശുപതിനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ സവര്‍ണ്ണ മേഖലയില്‍ കര്‍ഷകര്‍ ദുര്‍ബലരാണ്. 2017-ല്‍ അവര്‍ നടത്തിയ സമരത്തെ ആറുപേരെ വെടിവെച്ചു കൊന്നാണ് ഭരണകൂടം ഒതുക്കിയത്. ഈ പ്രദേശത്തെ എട്ട് അസ്സംബ്ലി സീറ്റില്‍ ഏഴും ഇക്കുറിയും നേടിയത് ബി ജെ പിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ അവസ്ഥ. ഈ സവര്‍ണ്ണ / ജന്മി മേഖല കര്‍ഷകരെ തകര്‍ക്കാന്‍ തോക്കും വോട്ടും ഉപയോഗിച്ചതില്‍ ആശ്ചര്യമില്ല. കോൺഗ്രസ്സിനെതിരെയല്ല അവരുടെ കര്‍ഷകാനുകൂല മാനിഫെസ്റ്റോയ്ക്ക് എതിരെയാണ് വോട്ട്. പക്ഷെ മണ്ടസോര്‍ മധ്യപ്രദേശിലും അയൽ സംസ്ഥാനങ്ങളിലും ഇന്ത്യയാകെയും ഉണ്ടാക്കിയ തരംഗം ബി ജെ പി ക്ക് കനത്ത ആഘാതം തന്നെയാണ് നല്‍കിയത്.
രാജസ്ഥാനും ഏറെയൊന്നും വ്യതസ്തമല്ല ഈ സംസ്ഥാനങ്ങളില്‍ നിന്ന്. വൈരക്കല്ലിനു പകരം അവര്‍ ടൂറിസം കൊണ്ട് ജീവിക്കുന്നു. പഴയ രാജാക്കന്മാര്‍ നാടുവാഴുന്ന അവിടെ കര്‍ഷകര്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടു. അതിന്റെ പ്രതിഫലനമല്ല പകരം വസുന്ധര രാജ സിന്ധ്യയുടെ മുഖം കണ്ടു മടുത്ത ഇൻകുംബന്സിയാണ് പരാജയ കാരണം എന്ന് പറയുന്നത് ശുദ്ധ ഫലിതമാണ്.
തെലങ്കാനക്ക് മറ്റൊരു ചിത്രം. തെലങ്കാനാ സംസ്ഥാനം ഹൈവേകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും സ്വകാര്യ സിറ്റികളും നിറഞ്ഞ ഒരു യൂറോപ്യന്‍ രാജ്യമാക്കാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. അതിന്റെ മോഹവലയത്തിലാണ് ജനം വീണ്ടും റാവുവിനെ ആശ്രയിക്കുന്നത്. തെലങ്കാന യുടെ സ്ഥാപകന്‍ എന്ന പദവിയും. പത്തനം തിട്ട ജില്ലയുടെ സ്ഥാപകന്‍ കെ കെ നായര്‍ എന്നൊക്കെ പറയുകയും കെ കെ ഇടതടവില്ലാതെ വാഴ്ത്തപ്പെടുകയും ചെയ്യുന്നതിന്റെ ഒരു വലിയ ചിത്രം.
ഈ കുറിപ്പില്‍ തെരഞ്ഞെടുപ്പു ഗണിതം ഉള്‍പ്പെടുന്നില്ല. അതിന്റെ ഡൈനാമിക്സ് മാത്രം. ചെകുത്താനെ തോല്‍പ്പിച്ച മന്ത്രവാദി.
Be the first to write a comment.