“Art is not a mirror held up to reality
but a hammer with which to shape it”
– Bertolt Brecht

കലയുടെ പ്രഹരശേഷിലുള്ള കടുത്തഭീതികൊണ്ട് രണ്ടര വർഷക്കാലം  സെൻസർ ബോർഡ് നിയമക്കുരുക്കിൽ കുടുക്കിയിട്ട ഒരു സിനിമ തീയറ്ററിൽ എത്തിയിരിക്കുന്നു.

ജയൻ ചെറിയാൻ

ജയൻ ചെറിയാന്റെ ‘ക ബോഡിസ്കേപ്സ്’. ഏറെക്കുറേ ഒറ്റയ്ക്ക്   അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രകാശനത്തിനായി പോരാടുകയും അതിൽ വിജയിക്കുകയും ഭാവിയിലേക്കുള്ള നീക്കിയിരിപ്പുകളായി മാറുന്ന കോടതി വിധിന്യായങ്ങളുൾപ്പടെ സമ്പാദിക്കുകയും സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കുകയും കൂടി ചെയ്ത ജയൻ ചെറിയാന്റെ കഠിനാധ്വാനവും രാഷ്ട്രീയമായ സമർപ്പണം കൂടിയാണ്  ഈ സിനിമ.

സെൻസർ ബോർഡിന്റെ അന്ധതയുടേയും മുൻവിധിയുടേയും ഭരണകൂട പക്ഷപാതിത്വത്തിന്റെയും മുറിവുകൾ ഏറ്റുവാങ്ങിയ ശരീരവുമായാണ് ഈ സിനിമ പൊതു പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ  ഫാസിസ്റ്റു സ്വഭാവം വ്യക്തിയുടെ ജീവിത /ആവിഷ്കാര / സ്വാതന്ത്ര്യങ്ങളിൽ നടത്തുന്ന കടന്നുകയറ്റങ്ങളെ മെലോഡ്രാമയില്ലാതെ  അവതരിപ്പിക്കാൻ സംവിധായകൻ ജയൻ ചെറിയാന് ഈ സിനിമയിൽ കഴിഞ്ഞിരിക്കുന്നു. കൈകാര്യം ചെയ്ത വിഷയത്തിന്റെ ഗൗരവം ചോർന്നു പോകാതെ, അതേ സമയം സിനിമയുടെ ദൃശ്യഭാഷയ്ക്ക് ഊന്നലുകൾ നല്കി, ഒട്ടും മടുപ്പിക്കാത്ത ആഖ്യാനം തീർച്ചയായും പ്രശംസയർഹിക്കുന്നു.

സ്വതന്ത്ര ചിന്തകൾ, മതരഹിത, ലിംഗസമത്വമുള്ള മനുഷ്യ ഇടപെടലുകൾ, കൂട്ടായ്മകൾ എല്ലാം സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും കർശന ‘സോഷ്യൽ സെൻസർഷിപ്പിന്’ വിധേയമാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിന്റെ നീതികേടുകൾ തുറന്നു കാട്ടുന്ന സിനിമ കൂടിയാണിത്.

ഹാരിസ് എന്ന ‘ബോഡിസ്കേപ്’  പെയിന്റർ, അയാളുടെ സുഹൃത്ത് വിഷ്ണു, സിയ എന്ന ആക്റ്റിവിസ്റ്റ്, അവരുടെ സുഹൃത്തുക്കൾ തുടങ്ങി പരിമിതമായ കഥാപാത്രങ്ങളിലൂടെയാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. ഈ മൂന്നു കഥാപാത്രങ്ങളുടേയും ഭാഗധേയം നിർണ്ണയിക്കുന്ന ചില സംഭവങ്ങളെ ‘റിയലിസ്റ്റിക്’  ശൈലിയിലാണ് സംവിധായൻ അവതരിപ്പിച്ചിട്ടുള്ളത്. രൂപഘടനയിൽ ലളിതമെങ്കിലും സിനിമയുടെ അകത്ത് പല തലങ്ങളിലായി ചിന്തിപ്പിക്കുന്ന മത/ രാഷ്ടീയ/ ലിംഗപരമായ വിഷയവൈവിധ്യങ്ങളുടെ സങ്കീർണതയുണ്ട്. അതുകൊണ്ടു തന്നെ കാഴ്ചയ്ക്കപ്പുറമുള്ള ഉൾക്കാഴ്ചയുടെ സിനിമയാണ് ‘ക ബോഡി സ്കേപ്സ്’.

ഹാരിസും വിഷ്ണുവും സമൂഹം നിഷിദ്ധമെന്ന് കരുതുന്ന തരം പ്രണയത്തിലാണ്. വ്യത്യസ്ത മത രാഷ്ടീയ ബോധ്യമുള്ള / പശ്ചാത്തലമുള്ള രണ്ടുപേർ ഒരുമിച്ചിടപഴകുന്നത് ഒരു കലാപ്രവർത്തനത്തിനും ഇവിടെ ഊർജമാവുന്നുമുണ്ട്. ഹാരിസിന്റെ വരയുടെ  മെറ്റീരിയൽ വിഷ്ണുവിന്റെ മാംസപേശീദൃഢസമൃദ്ധമായ ശരീരമാണ്. ആ ചിത്രശേഖരങ്ങളുടെ പൊതു പ്രദർശനത്തിന് ഒരുങ്ങുകയാണ് അയാൾ.

പച്ച നിറഞ്ഞ സ്വച്ഛമായ ഒരു നാട്ടിൻപുറത്തിന്റെ വിശാല ‘ലാൻഡ് സ്കേപ്’ ദൃശ്യത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. നാടൻ കബഡി കളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരിലേക്ക് പതിയെ ആ രംഗം കേന്ദ്രീകരിക്കുന്നു. സിനിമ ചർച്ച ചെയ്യുന്ന രാഷ്ടീയ കാലാവസ്ഥയുടെ സൂചനയെന്നോണം കളി മൈതാനത്തിനരികിൽ കാവി കൊടി പാറിക്കളിക്കുന്ന ഒരു കൊടിമരം വ്യക്തമായി കാണാം. സിനിമയിലെ  രണ്ടാമത്തെ ഷോട്ടിൽ തുടങ്ങിയ ഈ സൂചകങ്ങൾ പിന്നീട് പല രീതിയിൽ  ആവർത്തിക്കുന്നുണ്ട്. പ്രേക്ഷകന്റെ മനസ്സിലേക്ക് ബോധപൂർവ്വം തന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ സന്നിവേശിപ്പിക്കാൻ സംവിധായകൻ നടത്തുന്ന ശ്രമം  ഇടയ്ക്ക് കൃത്രിമ നിർമിതിയായി തോന്നി. കബഡി കളിക്കിടയിൽ വിഷ്ണുവിന്റെ ശരീരത്തിന്റെ അതി സമീപ ദൃശ്യങ്ങളിലേക്ക്, ബോഡിസ്കേപ്പുകളിലേക്ക് ദൃശ്യങ്ങൾ ചേർത്തുവയ്ക്കുന്നു സംവിധായകൻ.

കബഡിയും ശാഖാ പ്രവർത്തനവുമായി നാട്ടിൽ കഴിഞ്ഞുകൂടുന്ന വിഷ്ണുവിന് അമ്മാവൻ ഭക്തവത്സലന്റെ ‘ഭാരതഭൂമി’  പത്രത്തിൽ ജോലി ലഭിക്കുകയും അങ്ങനെ ഹാരിസും വിഷ്ണുവും ഒരുമിച്ച് താമസം തുടങ്ങാനിടയാവുകയും ചെയ്യുന്നതോടെ ഹാരിസിന്റെ സുഹൃത്തുക്കൾ സിയയും കൂട്ടുകാരും വിഷ്ണുവിന്റേയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു.

ഹാജി എക്സ്പോർട്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സിയ, തികഞ്ഞ സാമൂഹ്യ രാഷ്ടീയ ബോധമുള്ളവളും നിലപാടുകളുള്ളവളുമായ ഒന്നാന്തരം പെണ്ണാണ്. അഭിനയത്തിലെ അനായാസതയും ചടുലവും കൃത്യതയുള്ള വാക്ക് / നോക്ക് എന്നിവ കൊണ്ടും സിയയെ നന്നായി അവതരിപ്പിച്ചിരിക്കുന്നു നസീറ. യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ നിന്ന് വരുന്ന സിയ, ജോലി സ്ഥലത്തും വീട്ടിനകത്തും ഒരേ പോലെ സമർദ്ദത്തിലാണ്. ജോലി സ്ഥലത്തെ ടോയ്ലെറ്റിൽ നാപ്കിൻ കണ്ടെത്തിയതിനെ തുടർന്ന് സ്ത്രീ തൊഴിലാളികളുടെ ദേഹപരിശോധന നടത്തിയ കിരാത നടപടി വാർത്തകളിൽ ഇടം പിടിച്ചത് കേരളത്തിലാണ് എന്നോർക്കണം! സമാനമായ   അനുഭവം സിയയുടെ ജീവതത്തിൽ അരങ്ങേറുകയും അതിനെതിരെ അവൾ നടത്തുന്ന പ്രതിഷേധ/സമര / നിലപാടുകൾ ഈ സിനിമയിൽ ശക്തമായ രാഷ്ട്രീയ പ്രസ്താവനയായി മാറുകയും ചെയ്യുന്നുണ്ട്.

വീട് എങ്ങനെ സ്ത്രീയെ ചിട്ടപ്പെടുത്തുന്നു എന്നും അത് ജനാധിപത്യമൂല്യങ്ങളെ പുറത്തു നിർത്തി മത നിയമങ്ങളുടെ / കീഴ്‌വഴക്കങ്ങളുടെ പരിശീലനക്കളരിയാകുന്നു എന്നും ഈ സിനിമ കാണിച്ചുതരുന്നുണ്ട്. മുറ്റത്ത് പന്തു തട്ടികളിക്കുന്ന കൊച്ചു പെൺകുട്ടി ദിൽഷയെ തുടരെ തുടരെ ശാസിക്കുന്ന കദീശുമ്മ (നിലമ്പൂർ ആയിഷ ) പാരമ്പര്യവാദത്തിന്റെ ആൾരൂപമാണ്. കദിശുമ്മയുടെ കാർക്കശ്യങ്ങൾ, അയിഷുമ്മയുടേയും  സൈറയുടേയും നിസഹായത, സിയയുടെ വാത്സല്യം എല്ലാം ഏറ്റുവാങ്ങുന്ന നിശബ്ദ നിഷ്കളങ്കത. ദിൽഷ, എന്ന ബാലികയായി  അദിതി പ്രതാപ് എന്ന കൊച്ചു കുട്ടി തികച്ചും സ്വാഭാവികതയോടെ അഭിനയിച്ചിരിക്കുന്നു.

വീട് കഴിഞ്ഞാൽ തൊഴിലിടത്തും പെണ്ണായി പിറന്നതു കൊണ്ടു മാത്രം അവഹേളനമേറ്റുവാങ്ങേണ്ടുന്ന ഒരു കൂട്ടം തൊഴിലാളികളെ ഈ സിനിമയിൽ കാണാം. സൂപ്പർവൈസർ ദേവകിയായി എത്തിയ സരിത,  ശക്തമായ സാന്നിധ്യമായി അടയാളപ്പെടുന്നു. ആൺ മുതലാളിയുടെ കർശന നിയമങ്ങൾ, മനുഷ്യ വിരുദ്ധ ചെയ്തികൾ തുടങ്ങിയവയ്ക്ക് കൂട്ടുനില്ക്കേണ്ടി വരുന്ന ഇരയാണ് യഥാർത്ഥത്തിൽ ഈ സൂപ്പർവൈസർ എന്ന് നമുക്ക് ബോധ്യമാകുന്നു.വീട് /തൊഴിലിടം രണ്ടും തീർക്കുന്ന അരക്ഷിതാവസ്ഥ തന്നെയാണ് റീഹയുടേയും അമ്മയുടേയും അവസ്ഥ.

ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രയാസപ്പെടുന്ന പെൺജീവിതങ്ങളുടെ കാൻവാസ് കൂടിയാണ് ക ബോഡിസ്കാപ്സ് എന്ന സിനിമ. പ്രധാനപ്പെട്ട രണ്ട് ആണ് കഥാപാത്രങ്ങൾ വിഷ്ണു, ഹാരിസ് വീട്/ കുടുംബം തുടങ്ങിയ ഇടങ്ങളിൽ നിന്ന് വേറിട്ട, സ്വതന്ത്ര ജീവിതം നയിക്കുന്നവരാണ് എന്നതും ശ്രദ്ധിക്കണം. ഹാരിസ് തന്റെ കലാജീവിതത്തിനായി / സാക്ഷാത്കാരത്തിനായി സമൂഹവുമായി ഏറ്റുമുട്ടേണ്ടി വരുമ്പോൾ, സിയ  ജീവിക്കാൻ തന്നെ പൊരുതേണ്ടി വരുന്നു. ആൺ/കലാകാരൻ എന്നീ പ്രിവിലേജുകൾ  ഹാരിസിന്  സിയയെക്കാൾ അപേക്ഷിച്ച് സ്വാതന്ത്ര്യം നല്കുന്നുണ്ട്.

ഹിന്ദു / മുസ്ലീം മതങ്ങളിലെ പുനരുത്ഥാന / തീവ്രവാദങ്ങളെ പ്രതി കൂട്ടിലാക്കാനുള്ള മോട്ടീഫുകൾ കഥാപാത്രങ്ങളായും സൂചകങ്ങളായും നിരവധിയുണ്ട് ഈ സിനിമയിൽ. എന്തിനേയും സംശയത്തോടെയും ഭയത്തോടെയും വെറുപ്പോടെയുമൊക്കെ കാണുന്ന ഭക്തവത്സലന്റ സദാ അതൃപ്തി നിറഞ്ഞ മുഖഭാവം അയാൾ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ – ഫാസിസ്റ്റ് രാഷ്ടീയത്തിന്റേതുകൂടിയാണ് എന്ന് വ്യക്തം. അശ്വിൻ മാത്യുവിന്റെ പ്രകടനത്തിൽ പിഴവുകളില്ല.

ഭക്തവത്സലനെ പ്രേക്ഷകൻ കാണുന്നതിന് മുമ്പേ, അയാളുടെ കാബിനിൽ തൂക്കിയിട്ടിരിക്കുന്ന ഗോൾവാക്കറിന്റെ ഫോട്ടോ പ്രേക്ഷകന്റെ ശ്രദ്ധയിൽ പെടും. മറ്റൊരിടത്ത് ഹെഡ്ഗേവാറിന്റെ ചിത്രം ആലേഖനം ചെയ്തതും, ഘർ വാപസിയെ കുറിച്ചുള്ള പോസ്റ്റർ സാന്ദർഭികമായി കടന്നുവരുമ്പോഴും സംവിധായകന്റെ ഉദ്ദേശ്യം പ്രകടം. അതുകൊണ്ട് തന്നെ തങ്ങളെ കൊണ്ട് ആകുന്നവിധം അവയെ മറക്കാൻ സെൻസർ ബോർഡ് ശ്രമിച്ചിട്ടുണ്ട്!

‘മിസ് എൻ സീൻ’  ഷോട്ടുകളുടെ ഗംഭീരമായ പ്രയോഗങ്ങൾ ഈ സിനിമയിലുണ്ട്.

അഭിനേതാക്കൾ, പശ്ചാത്തലം, ലൈറ്റിംഗ്, നിറം  എല്ലാം വിശദമായി നോക്കി കണ്ട് മനസ്സിലാക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു ഓരോ ഷോട്ടും. കഥാപാത്രങ്ങളുടെ വൈകാരികതയിലേക്ക് പ്രേക്ഷകനെകൂടി ചേർത്തുവെച്ച്, സഹാനുഭൂതി ഉണ്ടാക്കാൻ സംവിധായകൻ ഈ സിനിമയിൽ ശ്രമിക്കുന്നില്ല. മറിച്ച് പ്രേക്ഷകനെ നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്നുമുണ്ട്.

സന്ദർഭത്തിനനുസരിച്ചുള്ള മൂഡ് ഓരോ സീനിലും കൃത്യമായി ഒരുക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളേക്കാൾ ഫ്രെയിമിൽ അവരെ വിലയിച്ചു നിർത്തി, സിനിമ ധ്വനിപ്പിക്കുന്ന ആശയം പ്രകാശിപ്പിക്കുന്ന ‘figure behaviour ‘ തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്താനും സംവിധായകൻ ജയൻ ചെറിയാന് കഴിഞ്ഞിട്ടുണ്ട്.

ഛായാഗ്രഹണത്തിൽ എം.ജെ രാധാകൃഷ്ണൻ പുലർത്തിയ കയ്യടക്കം, സൗന്ദര്യാത്മകത  എടുത്തു പറയണം. പ്രത്യേകിച്ചും ഫ്രെയിം കോംപോസിഷനുകളിൽ. ലോങ്ങ് ടേക്കുകളും ലോങ്ങ് ഷോട്ടുകളും ഡീപ് സ്പേസുകളും ധാരാളമായി ഉപയോഗിച്ച സിനിമ കൂടിയാണിത്. ഹാരിസിന്റെയും വിഷ്ണുവിന്റെയും മുറിയിലെ ചെറു ഇടത്തെപോലും ഭംഗിയായി ഫ്രെയിമിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

അവർക്കിടയിലെ സൗഹൃദ / പ്രണയ ഇടപെടലുകളിലെ സ്വഭാവികത, നൈസർഗികത, അതി ദീർഘമായി പകർത്തുമ്പോഴും അശ്ലീലത ഒട്ടും കടന്നു വരുന്നില്ല. കടൽത്തീരത്ത് അവർ തമ്മിൽ ചേർന്നിരിക്കുന്ന ഷോട്ടുകൾ പോലും അലങ്കാരങ്ങളോ, ആർട്ട് പ്രോപ്പർട്ടികളോ ഇല്ലാതെ ഫെയിമിങ്ങിന്റെ മിടുക്കിൽ പെയിന്റിംഗുകളെ ഓർമിപ്പിക്കുന്നു.

ഹാരിസ് ,വിഷ്ണു കൂട്ടിന്റെ ഊഷ്മളത കൂടുതലും ‘ടlow movement  and Steady Shot’ കൾ ഉപയോഗിച്ചാണ്  ചിത്രീകരിച്ചിട്ടുള്ളത്. മുറിയിലെ വെളിച്ച ക്രമീകരണവും അവരുടെ body Posters ഫ്രെയിം ചെയ്ത രീതിയും കാഴ്ചയെ ഇഷ്ടപ്പെടുത്തുന്നു. പ്രകൃതിയെ, പ്രത്യേകിച്ച് കടൽതീരത്തെ കാണിക്കുമ്പോൾ ഉപയോഗിച്ച ‘ഡയഗണൽ കോംപോസിഷൻസ്’ സിനിമയ്ക്കു നല്കുന്ന ആഴം കണ്ടു തന്നെ അറിയണം. ‘From here to eternity ‘ എന്നു വിശേഷിപ്പിക്കാവുന്ന തരം കാവ്യാത്മകമായ ദൃശ്യങ്ങൾ.

ഇത് കേവല സൗന്ദര്യാനുഭൂതി എന്ന നിലയ്ക്കുള്ള ഷോട്ട് നിർമിതി അല്ല. വിഷ്ണുവിൽ നിന്ന് പിരിയേണ്ടി വരുന്ന ഹാരിസിന്റെ ഏകാകിതയും വേദനയും ഉൾക്കൊള്ളുന്ന ഭാവം കൂടി ഈ ചിത്രങ്ങൾ പകരുന്നുണ്ട്. സദാചാരവാദികളുടെ ആക്രമണങ്ങൾ നേരിടുകയും നിശബ്ദനായിരിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ, ഹാരിസ് എന്ന കലാകാരൻ അത്  അതിജീവിക്കുന്നത്  തന്റെ ‘മാസ്റ്റർ പീസ്’ പെയിന്റിംഗ്‌  അനാവരണം ചെയ്തുകൊണ്ടാണ്. സമൂഹം  നിഷ്കർഷിക്കുന്ന എല്ലാ കാപട്യങ്ങളുമുരിഞ്ഞെരിഞ്ഞ് കരയിൽ തന്റെ കലാസൃഷ്ടി മാത്രം ബാക്കിയാക്കി ഹാരിസ് കടലിലേക്ക് നടന്നകലുന്നത് നിർന്നിമേഷരായി നോക്കിയിരിക്കെ പ്രേക്ഷകന്റെ മനസ്സ് നനയും.

കാഴ്ചകളെ ഒബ്ജക്ടീവ് ആയി കാണുന്ന രീതിയിലാണ്  പൊതുവെ ഈ സിനിമയിലെ സമീപനം. ക്ലോസപ്പുകൾ, പോയിന്റ് ഓഫ് വ്യൂ ഷോട്ടുകൾ വിരളമാണ് എന്നു പറയാം.

ഹാരിസ് / വിഷ്ണു എന്നിവരുടെ രംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സിയയുടെ സ്വീക്വൻസുകൾ കുറേക്കൂടി ചലനാത്മകമാണ്. വീടിനകത്തേക്കും പുറത്തേക്കും സിയയുടെ വരവും പോക്കും കുടുംബത്തിലുണ്ടാക്കുന്ന / ഉയർത്തുന്ന ചോദ്യങ്ങൾ, അതിന് അവൾ നല്കുന്ന മറുപടികളിലെ തീഷ്ണത, ഊർജസ്വലത ക്യാമറ ചലനങ്ങളിലും നിഴലിക്കുന്നു. സിയയുടെ തറവാടിന്റെ അകത്തളങ്ങൾ എം.ജെ വിശദമാക്കുമ്പോൾ, എന്തുമാത്രം ഉൾപിരിവുകളുള്ള രാവണൻ കോട്ടയാണതെന്ന് ദൃശ്യങ്ങൾ കൃത്യമായി സംസാരിക്കും. സിയ, അമ്മ, അമ്മുമ്മ ചേച്ചി, കുഞ്ഞുമകൾ തുടങ്ങിയ സ്ത്രീ ജീവിതങ്ങൾ കുടുങ്ങിയ അകത്തളങ്ങളിലെ ഇരുട്ട്,  മതശാഠ്യങ്ങൾ ആ സീക്വൻസിലെ ഓരോ ഫ്രെയിമിലും കനത്തു നില്ക്കുന്നതായി അനുഭവപ്പെടുത്താൻ ഛായാഗ്രാഹകന് കഴിയുന്നുണ്ട്. ദൈർഘമേറിയ, എന്നാൽ നന്നായി മൂവ്മെൻറ് കോറിയോഗ്രാഫി നടത്തിയ, അതേ സമയം യാഥാർത്ഥ്യബോധം നഷടപ്പെടുത്താതെ ഈ ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ സംവിധായകനും ഛായാഗ്രാഹകനും വിജയിച്ചിരിക്കുന്നു.

സിനിമയുടെ അന്തരീക്ഷം, ടോൺ, നിറങ്ങളുടെ ഉപയോഗം എന്നിവ പ്രമേയത്തിനനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്നു. വാം ടോൺ ഒഴിവാക്കി ,കടും നിഴലുകൾ / നിറങ്ങൾ കുറച്ച് ഏകതാനമായൊരു നിറ പകർച്ച നല്കിയത് കാഴ്ചയ്ക്ക് നല്കുന്ന ഏകാഗ്രത വലുതാണ്. കളറിസ്റ്റ് ലിജു പ്രഭാകറിന്റെ സ്പർശം പ്രേക്ഷകനെ അലോസരപ്പെടുത്താതെ, യുക്തിയെ ചോദ്യം ചെയ്യാതെ തന്നെ സിനിമാഗാത്രത്തോട് ചേർന്നു നില്ക്കുന്നു.

സ്വാഭാവികത നിലനിർത്തിയ ശബ്ദലേഖനവും ചിത്രസംയോജനത്തിലെ ഒഴുക്കും വളരെ നന്നായിട്ടുണ്ട്.

അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ കാണിച്ച മിടുക്ക്, അവരെ ക്യാമറയ്ക്കു മുന്നിൽ ഏറെ നേരം പെരുമാറാൻ വിടാനുള്ള ധൈര്യം എന്നിവ കൗതുകകരമായി തോന്നി. ദൈർഘ്യമേറിയ ഷോട്ടുകൾ ചിത്രീകരിക്കാൻ തനിക്കുള്ള പേടിയെ കുറിച്ച് സാക്ഷാൽ ആൽഫ്രഡ് ഹിച്ച് കോക്ക് ഒരിക്കൽ പറഞ്ഞതിങ്ങനെ “if i have to shoot a long scene continuously i always feel am losing grip on it, from cinematic point of view ”

തുടക്കം മുതൽ ഇഴച്ചിലോ, മടുപ്പോ തോന്നിക്കാതെ തന്നെ ജയൻ ചെറിയാൻ സംവിധായക ദൗത്യം പൂർത്തികരിക്കുന്നു. മാധ്യമപരമായി ‘പാപ്പിലിയോ ബുദ്ധ’യിൽ നിന്ന് എല്ലാ അർത്ഥത്തിലും മുന്നറിയ ഒരു സംവിധായകനെ ഈ സിനിമയിൽ കാണാം.

‘ക ബോഡിസ്കേപ്സി ‘ൽ തലമുതിർന്ന അഭിനേത്രി നിലമ്പൂർ ആയിഷ തൊട്ട് ഓരോ മനുഷ്യരും വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ട് അഭിനയിച്ചിട്ടുണ്ട്. വിദൂര/ മധ്യദൂര ദൃശ്യങ്ങൾ ധാരാളമായി ഉപയോഗിച്ചിരിക്കുന്നതിനാൽ അഭിനേതാക്കൾക്ക്  പരമാവധി ജെസ്റ്റേഴ്സ് ഉപയോഗിച്ച് അഭിനയിക്കാനുള്ള ഇടവും സ്വാതന്ത്ര്യവും ലഭിച്ചിരിക്കുന്നു. ഷോട്ടുകളുടെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് പെരുമാറുന്നതിലെ കൃത്രിമത്വം ഒരൊറ്റ അഭിനേതാവിലും കാണാനില്ല എന്നതും ശ്രദ്ധേയം.

വ്യത്യസ്തമായ രണ്ടു സ്വതന്ത്ര സിനിമകൾക്കു സാധ്യമായ വിഷയങ്ങൾ ഈ ചിത്രത്തിലുണ്ട്. രണ്ടും ഇഴ ചേർത്തു പറയാനുള്ള തിരക്കഥയിലെ ശ്രമം വിജയിക്കുന്നുണ്ടെങ്കിലും അവയ്ക്ക് കിട്ടേണ്ടുന്ന ശ്രദ്ധ/ ഊന്നൽ ചിതറിപ്പോകുന്നു എന്നത് ഒരു ന്യൂനതയാണ്.

കാലാനുസൃതമായി സമൂഹചിന്തകളിൽ / നിയമ വ്യവസ്ഥകളിൽ വരേണ്ടുന്ന മാറ്റങ്ങൾ / പരിഷ്കാരങ്ങൾ പ്രവചനസ്വഭാവത്തോടെ ഈ സിനിമയിൽ പറഞ്ഞിരിക്കുന്നു എന്നത് ചിന്തിപ്പിക്കുന്നു. നിയമത്തിലെ 377-ആം വകുപ്പ് അസാധുവാക്കി കൊണ്ടുള്ള സുപ്രധാന വിധി സുപ്രീം കോടതി പ്രസ്താവിക്കുന്നതിന് 2 വർഷം മുൻപ്, അതിന്റെ ആവശ്യത്തെ കുറിച്ച്,  അതിലെ നൈതിക രാഹിത്യത്തെകുറിച്ച് ഈ മലയാള സിനിമ സംസാരിച്ചിരിക്കുന്നു! അതുകൊണ്ട് ചിത്രം പുറത്തിറങ്ങിയ സമയം ഏറ്റവും അനുയോജ്യവും പ്രസക്തവുമായി തീരുന്നു. സിനിമയുടെ ചർച്ചയുടെ കാലം മുതൽ അതിന്റെ നടത്തിപ്പിലും ആവിഷ്കാരത്തിലും കൂടി  ഭാഗഭാക്കുകളായ ആളുകളിൽ ഭൂരിപക്ഷവും മേല്പറഞ്ഞ രാഷ്ട്രീയങ്ങളുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റ് സമൂഹമായിരുന്നു എന്ന് സംവിധായകൻ പലപ്പോഴും എടുത്ത് പറഞ്ഞിട്ടുള്ള ഒരു കാര്യമാണെന്നതും ഓർക്കേണ്ടതുണ്ട്.

വിഷ്ണുവിനെ മോഡലാക്കി ഹാരിസ് വരയ്ക്കുന്ന ചിത്രങ്ങളിൽ സദാചാര / മത വാദികളെ പ്രകോപിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. അതിലൊന്ന് ‘ഗേ ലിറ്ററേച്ചർ ‘ ഉള്ളം കയ്യിൽ താങ്ങി പറക്കുന്ന വിഷ്ണു മോഡലായ ചിത്രമാണ്. ഹനുമാന്റെ മൃതസഞ്ജീവനീ യാത്രയുമായുള്ള സാദൃശ്യത്തെ മതാവഹേളനമായി ചിത്രീകരിക്കാനും ശ്രമം നടന്നു.

യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ശബരിമല കേസ് വിധിയോട് അനുബന്ധിച്ച് പൊതു സമൂഹത്തിൽ നടന്ന ചർച്ചകളുടെ കാതൽ, ജെൻഡർ ഇഷ്യു എന്നതിൽ നിന്ന് വിശ്വാസത്തിലേക്കും ആചാരത്തിലേക്കും കലർത്തി അത് ഒരു മത വിഭാഗത്തിന്റെ vulnerability-യുടെ വിഷയമായി മാറ്റി, സ്ത്രീ അശുദ്ധിയുള്ളവളാണ് എന്ന അറു പിന്തിരിപ്പൻ പാട്രിയാർക്കൽ മനോഗതികൾ പൊതു സമൂഹത്തിലേക്ക് അടിച്ചേല്പിക്കുന്ന കാലത്ത് ‘ആർത്തവം അശുദ്ധിയല്ല,  എന്റെ ശരീരം എന്റെ അവകാശം’  എന്ന മുദ്രാവാക്യവുമായി ഒരു പെണ്ണ് തെരുവിലേക്ക് സമരത്തിനിറങ്ങുന്നത് തിരശ്ശീലയിൽ കാണുമ്പോഴുള്ള സന്തോഷം ചെറുതല്ല!

ശബരിമല കലാപകാലത്ത് വടിയും കൊടിയും കല്ലുമൊക്കെയായി അക്രമത്തിനൊരുങ്ങിയ ആൺകുട്ടത്തിന്റെ ഒരു ‘Replica’ രണ്ടര വർഷം മുമ്പേ ചിത്രീകരിച്ച ഒരു ഷോട്ടിൽ ഈ സിനിമയിലുണ്ട്!

സിയയുടെ കഥാപാത്രം സ്വയം ശാരീരിക തൃഷ്ണകൾ തേടുന്ന ഒരു സന്ദർഭം ടോപ് ആംഗിളിൽ ഒറ്റഷോട്ടിൽ സംവിധായകൻ ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീ ജീവിതത്തിലെ സ്വാഭാവിക പ്രക്രിയ എന്നതിനപ്പുറത്ത്, കാണിയുടെ ലൈംഗിക ചോദനകളെ ഉദ്ദീപിപ്പിക്കാനോ, തൃപ്തിപ്പെടുത്താനോ ഉള്ള ഒരു ശ്രമവും സംവിധായകൻ ഇവിടെ നടത്താതിരിക്കെ, ആ ദൃശ്യം ‘ബ്ലർ’  ചെയ്യാൻ നിഷ്കർഷിച്ച സെൻസർ അധികാരികളോട് സഹതാപം മാത്രം. സംവിധായകന്റെ ആർജവമുള്ള, കലാപരമായ നിലപാടാണ് ഒറ്റ ഷോട്ടിൽ, ഒരു കട്ടും ഒരു ബിൾഡ് അപ്പും  ഇല്ലാത്ത ആ സീനിൽ ഉള്ളതെന്ന് മിനിമം സിനിമാഭാഷയറിയുന്ന ആർക്കും മനസ്സിലാവും.

‘ക ബോഡിസ്കാപ്സ് ‘  കാണുക. സമകാലീന സംഭവങ്ങളുടെ രേഖപ്പെടുത്തൽ  എന്നതിൽ കവിഞ്ഞുള്ള സിനിമാനുഭവമാണത്. സിനിമയുടെ ഗൗരവതരമായ ആസ്വാദനം പക്വതയുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്.

അത് നിറവേറ്റുക.

Comments

comments