‘As flies to wanton boys are we to th’ gods’
(King Lear, Act 4, Scene 1)

അൽത്യൂസർ

നിരത്തിലൂടെ നടന്നുനീങ്ങുന്ന ഒരുകൂട്ടം ആളുകളെ നോക്കി ‘ഏയ് താൻ തന്നെ’ എന്നു പോലീസ് വിളിക്കുന്നതായി സങ്കൽപിക്കാം. വിളികേൾക്കുന്ന ആളുകളിൽ ഓരോരുത്തരും അത് തങ്ങളെയാണ് വിളിച്ചതെന്ന തിരിച്ചറിവിൽ തിരിഞ്ഞു നോക്കുന്നു. ഒരു വ്യവസ്ഥയോടോ ആചാരക്രമത്തോടോ ഉള്ള വിധേയത്വം മൂലമാണ് ഇത്തരമൊരു തിരിച്ചറിവ് പ്രസ്തുത വ്യക്തികളിലുണ്ടാകുന്നത്. ഇവിടെ വ്യക്തികൾ വ്യവസ്ഥകൾക്ക് കീഴ്‌പ്പെടുന്ന കർതൃത്വങ്ങളായി പരിവർത്തനപ്പെടുന്നു. ഫ്രഞ്ച് ധൈഷണികനായ ലൂയി അൽത്യൂസറിന്റെ ‘പ്രത്യയശാസ്ത്രവും ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങളും’ എന്ന പ്രബന്ധത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു സന്ദർഭമാണിത്. വ്യക്തിയിൽനിന്ന് കർതൃത്വത്തിലേക്കുള്ള രൂപാന്തരീകരണത്തെ ‘interpellation’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത്തരം സാമൂഹികാധികാര സ്ഥാപനങ്ങളുടെ ദൃഷ്ടിപഥത്തിൽനിന്നു മോചനമില്ലാത്ത മനുഷ്യശരീരങ്ങളെക്കുറിച്ചുള്ള മുന്നറിവുകളുടെ പശ്ചാത്തലത്തിലാവണം മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യൻ’ ചർച്ച ചെയ്യപ്പെടേണ്ടത്.

ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജീവൻ ജോബ് തോമസ് 2012 ജൂലായ് 21- ന് കോഴിക്കോട് നടന്ന സുന്ദരിയമ്മ കൊലക്കേസിനെക്കുറിച്ചും അതിൽ ജയേഷിനെ പോലീസ് പ്രതിയായി ചിത്രീകരിച്ചതിനെക്കുറിച്ചും ഒരു അന്വേഷണ റിപ്പോർട്ട് ‘സുന്ദരിയമ്മ ജയേഷ് അഥവാ പോലീസ് സദാചാരം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു (പച്ചക്കുതിര, ഡിസം. 2014). ഇതേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് അദ്ദേഹം ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും. യഥാർഥ കൊലപാതകിയെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ ജയേഷ് (ജബ്ബാർ എന്ന് അന്വേഷണ റിപ്പോർട്ടിൽ പോലീസ് നാമകരണം നടത്തിയിരുന്നു!) എന്ന അനാഥ യുവാവിനെ പ്രതിയാക്കി കേസ് അവസാനിപ്പിക്കുവാൻ ക്രൈം ബ്രാഞ്ച് ശ്രമിച്ചതും കോടതിയിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന് തെളിഞ്ഞതോടെ ജയേഷ് കുറ്റവിമുക്തനായെന്നതുമാണ് സംഭവകഥ. ഈ സംഭവത്തോട് നീതിപുലർത്തി അവതരിപ്പിക്കപ്പെട്ട ചിത്രത്തിൽ തമിഴ്‌നാട്ടിലെ ജാതിവാഴ്ചയെയും ദുരഭിമാനക്കൊലയെയും ഭാവനാത്മകമായി വിളക്കിച്ചേർത്ത് ഒരു പരിഷ്‌കരിക്കപ്പെട്ട ആഖ്യാനമാക്കി മാറ്റി അവതരിപ്പിക്കുവാൻ തിരക്കഥാകൃത്തിനും സംവിധായകനുമായി.

കുപ്രസിദ്ധരെ ഉണ്ടാക്കുന്നതെങ്ങനെ?

ഏതൊരു സമൂഹത്തിലും പ്രബലമായി വർത്തിക്കുന്ന പ്രത്യയശാസ്ത്രങ്ങളുണ്ടാകും. കാലങ്ങളായി പിൻതുടരുന്ന ആചാരാനുഷ്ഠാനങ്ങൾ, പൊതുബോധം, ലോകവീക്ഷണം തുടങ്ങിയ നിരവധി തലങ്ങളിൽ അത് പ്രവർത്തിക്കുന്നു. ദേശീയത, മതാത്മകത, ജാതീയത, വംശീയത, ലിംഗപരത മുതലായ അനവധി അവസ്ഥാന്തരങ്ങളിൽ കാണപ്പെടുന്ന ഇത്തരം പ്രബലബോധങ്ങൾ ഒരേ സമയം സമൂഹത്തെ ഏകീകരിക്കുവാനും ബഹിഷ്‌കൃതരെ നിർമിക്കുവാനും ഉപയോഗപ്പെടുത്തുന്നു. മറ്റൊരർഥത്തിൽ, മധ്യവർഗപൊതുബോധത്തിന് അനഭിലഷണീയരായവരെ അരിച്ചെടുത്ത് അകറ്റി നിർത്തുവാൻ ഇത്തരം പ്രക്രിയകൾക്കൊണ്ട് സാധിക്കുന്നു.

ജനാധിപത്യവ്യവസ്ഥിതിയിൽ ഒരു പൗരന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അതിനാൽതന്നെ, ബാധിക്കപ്പെട്ട/ ആക്രമിക്കപ്പെട്ട പൗരന്റെ പക്ഷത്തുനിന്ന് നീതി നടപ്പിലാക്കുക എന്ന കടമ നിറവേറ്റേണ്ടത് അധികാരസ്ഥാപനങ്ങളായ പോലീസ്, കോടതി എന്നിവയുടെ ദൗത്യവുമാകുന്നു. എന്നാൽ, ഇത് യഥാവിധി നിർവഹിക്കുന്നതിൽ മനപ്പൂർവമായോ അല്ലാതെയോ വീഴ്ചയുണ്ടാകുമ്പോൾ വ്യവസ്ഥിതിയെ നിലനിർത്തേണ്ടുന്നതിന്റെ ആവശ്യകതയിലേക്കായി കൃത്രിമത്വങ്ങളോ വിട്ടുവീഴ്ചകളോ ചെയ്യേണ്ടതായി വരുന്നു. ഇത്തരമൊരവസ്ഥയിൽ പൊതുവിൽ ഇരയാക്കപ്പെടുന്നതാകട്ടെ മുൻപ് സൂചിപ്പിച്ച അരിച്ചെടുക്കപ്പെട്ട വിമതശബ്ദങ്ങളും അരികു ജീവിതങ്ങളുമായിരിക്കും. ദളിതർ, ആദിവാസികൾ, മുസ്ലീം വിഭാഗങ്ങൾ, അനാഥർ, ചേരിനിവാസികൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയ അരക്ഷിതരായ (vulnerable) കൂട്ടങ്ങളിൽ നിന്നുള്ള കുറ്റാരോപിതർക്ക് മധ്യവർഗ പൊതുബോധങ്ങളെ കൂടുതൽ തൃപ്തരാക്കുവാനാകും എന്ന സ്ഥിതിയും ഇന്ന് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നു.

ഇരകളെക്കുറിച്ചും വേട്ടക്കാരെക്കുറിച്ചുമുള്ള പരാമർശങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ് ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിന്റെ പതിനൊന്നാം അധ്യായം. ഇരയാക്കപ്പെട്ടവന്റെ മുമ്പിൽ അധികാരമുള്ളവന്റെ നോട്ടവും നെറ്റിചുളിക്കലും എന്തിനേറെ ഒരു പുഞ്ചിരിപോലും ഉളവാക്കുന്ന ഭീതിയും ആശങ്കയും എത്ര ഭീകരമാണെന്ന് ഇവിടെ വ്യക്തമാക്കപ്പെടുന്നു. ‘വേട്ടനായയുടെ കൂടെ വേട്ടയാടുക, മുയലിന്റെ കൂടെ ഓടുക’ എന്ന നോവലിലെ പ്രയോഗത്തിന് സമകാലിക സാമൂഹിക സാഹചര്യങ്ങളിൽ എത്രമാത്രം സാംഗത്യമുണ്ടെന്ന് പരിശോധിക്കാം.

രാഷ്ട്രീയാധികാരികളുടെ താത്പര്യങ്ങളെ സംരക്ഷിക്കുവാനായി പോലീസ് ഒരുക്കിയ കുരുക്കിൽ ബലിയാടുകളാകുവാനായിരുന്നു പി. രാജന്റെയും നമ്പി നാരായണന്റെയും ദുര്യോഗമെങ്കിൽ (ചാരക്കേസിലെ മറ്റൊരു ഇരയായ ഫൗസിയ ഹസന്റെ വെളിപ്പെടുത്തലുകളും ശ്രദ്ധിക്കേണ്ടതാണ്) ലൈംഗികാരോപണ വിധേയനായ ബിഷപ്പിനെതിരെയും സഭയുടെ അധികാരപ്രയോഗങ്ങൾക്കെതിരെയും സമരം ചെയ്ത കന്യാസ്ത്രീകൾ പൊതുസമൂഹത്തിൽ അപമാനിതരാകുന്ന കാഴ്ചയും അടുത്ത നാളുകളിൽ കേരളം കണ്ടുകഴിഞ്ഞു. തിരുവനന്തപുരത്ത് പോലീസ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ഉദയകുമാർ, ശ്രീജീവ് എന്നിവരുടേതടക്കം നിരവധി കസ്റ്റഡി മരണ വാർത്തകൾ സമകാലിക കേരളം സ്വാഭാവികമെന്ന മട്ടിൽ അഭിമുഖീകരിച്ചു കഴിഞ്ഞിരിക്കുന്നു. സുന്ദരിയമ്മ വധക്കേസിലാകട്ടെ, പൊതുജന പ്രക്ഷോഭങ്ങളെ ശമിപ്പിക്കുവാനായി മെനഞ്ഞെടുത്ത കെട്ടുകഥയുടെയും വ്യാജമായ തെളിവുകളുടെയും സഹായത്തോടെ ജയേഷ് കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു. അധികാരപർവത്തിലിരിക്കുന്നവർ അശരണരെ നോക്കി പല്ലിളിക്കുന്ന ഭീതിതമായ കാഴ്ച! സോപ്പുകുമിള പൊട്ടുന്ന ലാഘവത്തോടെ സ്വന്തം ജീവനും ജീവിതവും നഷ്ടമാകുന്നവരുടെ രോദങ്ങൾ, സവിശേഷാവകാശങ്ങൾ പ്രദാനം ചെയ്യുന്ന അധികാരവ്യവസ്ഥയ്ക്ക് വെളിയിൽ വരുന്നവരുടെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു.

സമൂഹം, അധികാരം, സിനിമ

സാമൂഹികമായ അധികാരക്രമങ്ങളെയും മധ്യവർഗാഭിരുചികളെയും പരിചരിച്ചുകൊണ്ട് നിലനിൽക്കുന്ന ജനപ്രിയസിനിമകൾ സമൂഹത്തിന്റെ വിളുമ്പുകളിലെ ജീവിതങ്ങളെ അന്യവത്കരിച്ചും കുറ്റവാളികളാക്കിയും പലവട്ടം അവതരിപ്പിച്ചിട്ടുണ്ടെന്നത് ചർച്ചാവിഷയമായിട്ടുണ്ട്. വളരെ സ്വാഭാവികമെന്ന വണ്ണം ഇത്തരം ജീവിതങ്ങളെക്കുറിച്ചുള്ള തെറ്റായ അവബോധം സമൂഹത്തിൽ വ്യാപിക്കുവാൻ ജനപ്രിയസിനിമകൾ വഹിച്ച പങ്ക് വിമർശിക്കപ്പെടേണ്ടതു തന്നെയാണ്. എന്നിരുന്നാലും, ഒരു പ്രതിവ്യാവഹാരിക തലം നിർമിച്ചെടുക്കുന്നതിനായി, ചിതറിത്തെറിച്ചനിലയിലുള്ള കീഴാള ജീവിതങ്ങളെ ഒപ്പിയെടുക്കാൻ ശ്രമിച്ച ചലച്ചിത്ര സംരംഭങ്ങളെയും കാണാതിരിക്കുവാനാകില്ല. ഇവയിൽ ഒരുപക്ഷേ, അധികാര വ്യവസ്ഥിതി തങ്ങൾക്കനുയോജ്യമായ തരത്തിൽ നിരാലംബരുടെ ജീവിതങ്ങളെ തിരുത്തിയെഴുതിയ കാഴ്ച വെട്രിമാരന്റെ ‘വിസാരണൈ'(2015) കാണിച്ചു തരുന്നുണ്ട്. അന്യസംസ്ഥാനത്തും സ്വന്തം നാട്ടിലും ഒരേ പോലെ പോലീസ് ഭാഷ്യങ്ങൾക്കനുസരിച്ച് ഇല്ലായ്മ ചെയ്യപ്പെടുന്ന ശരീരങ്ങളെയാണ് ‘വിസാരണൈ’ തിരശീലയിലെത്തിച്ചത്.

c/o  സൈറാ ബാനു

ജനപ്രിയ ചേരുവകളെല്ലാം യഥാവിധി ചേർത്ത് അവതരിപ്പിച്ച ഹിന്ദി ചിത്രങ്ങളായ ‘ജോളി എൽ.എൽ.ബി.'(2013), ‘ജോളി എൽ.എൽ.ബി. 2’ (2017), തമിഴ് ചിത്രമായ ‘മനിതൻ'(2016), മലയാള ചിത്രമായ ‘c/o  സൈറാ ബാനു'(2017) തുടങ്ങിയവയിൽ കോടതി വ്യവഹാരരംഗങ്ങളും വ്യാജക്കേസുകളും അൽപം അതിശയോക്തി കലർത്തി അവതരിപ്പിച്ചിട്ടുണ്ട്. നിരാശ്രയർക്കുവേണ്ടി ശക്തരായ പ്രതിയോഗികളോട് ദുർബലർ പോരാടി വിജയിക്കുന്ന കഥകളാണവയെല്ലാം. ഇതിൽ ‘c/o സൈറാ ബാനു’ എന്ന ചിത്രം പ്രത്യേക വിശകലനമർഹിക്കുന്നു. വ്യാജ തെളിവുകൾ നിർമിച്ച് തന്റെ മകനെ കസ്റ്റഡിയിലെടുത്ത നിയമവ്യവസ്ഥയോട് നിയമ പരിജ്ഞാനമില്ലാത്ത, അനാഥയായ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കാതൽ. എന്നാൽ, ചിത്രത്തിന്റെ ഒടുവിൽ സ്വന്തം മക്കളെ കേസിൽനിന്നും രക്ഷിക്കുവാനുള്ള രണ്ട് അമ്മമാരുടെ വ്യഗ്രതയിൽ നീതി നിഷേധിക്കപ്പെടുന്നത് കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിക്കാണെന്നത് ശ്രദ്ധ നേടാതെ പോയി. മധ്യവർഗകാമനകളെ മാത്രം അഭിസംബോധന ചെയ്യുന്ന ഇത്തരം ജനപ്രിയസിനിമകളുടെ കുത്തൊഴുക്കിൽ അധികാര ദുർവിനിയോഗം എപ്രകാരമാണ് ജീവിതങ്ങളെയും പ്രണയത്തെയും തകർത്തെറിയുന്നതെന്ന് വെളിവാക്കിയ ‘കിസ്മത്ത്'(2016) വ്യത്യസ്തമായൊരു ചലച്ചിത്രാഖ്യാനമായിരുന്നു. മുസ്ലീം യുവാവായ ഇർഫാനും (ഷെയ്ൻ നിഗം) ദളിത് യുവതിയായ അനിതയും (ശ്രുതി മേനോൻ) തമ്മിലുള്ള വിവാഹത്തിന് എതിർപ്പുകളുണ്ടാകുമെന്ന് ഭയന്ന് അവർ പോലീസ് സഹായം തേടുന്നു. എന്നാൽ, സദാചാര സംരക്ഷണമേറ്റെടുത്ത പോലീസ് ഇരുവരും ഒന്നിക്കുന്നതിൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയും അവരെ വീട്ടുകാർക്കൊപ്പം പറഞ്ഞയയ്ക്കാൻ അമിതാവേശം കാണിക്കുകയും ചെയ്യുന്നു. ഇവിടെ, അധികാരമുപയോഗിച്ച് ഭയം ജനിപ്പിച്ചുകൊണ്ടാണ് പോലീസ് തങ്ങളുടെ നയം നടപ്പിലാക്കിയത്.

മധുപാൽ സംവിധാനം ചെയ്ത ‘തലപ്പാവ്'(2008), ‘ഒഴിമുറി'(2012) തുടങ്ങിയ ചിത്രങ്ങളിൽ പോലീസ്, കോടതി തുടങ്ങിയ അധികാരസ്ഥാപനങ്ങളെ തന്നെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.  ഇരുചിത്രങ്ങളും തീവ്രമായ തലത്തിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നായക കഥാപാത്രങ്ങളെ മുൻനിർത്തിയാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്നതും മറ്റൊരു സമാനതയാണ്. മാതാപിതാക്കൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ മൂലം അനാഥമാക്കപ്പെട്ട ശരത്ചന്ദ്രനും (ഒഴിമുറി), പോലീസ് അധികാരകേന്ദ്രം കുടുംബബന്ധങ്ങളെ തകർത്ത രവീന്ദ്രൻ പിള്ളയും (തലപ്പാവ്) ഇവിടെ വ്യവസ്ഥിതികളുടെ ഇരകളാണ് (‘തലപ്പാവ്’, നക്‌സൽ വർഗീസ് വധവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയ കോൺസ്റ്റബിൾ പി. രാമചന്ദ്രൻ നായരുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്നുവെന്നതും പ്രധാനമാണ്).

നിന്ദിതരുടെയും പീഡിതരുടെയും കഥ

ചെമ്പകമ്മാൾ എന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, തങ്ങളുടെ കർത്തവ്യ വിലോപം മറച്ചുവച്ച് കേസ് തീർപ്പാക്കുവാനായി ക്രൈം ബ്രാഞ്ച് വ്യാജത്തെളിവുകളുടെ പിൻബലത്തോടെ അജയനെ (ടൊവിനോ തോമസ്) അറസ്റ്റ് ചെയ്യുന്നു. അജയനു വേണ്ടി കേസ് വാദിക്കുവാനായി കോടതി ജൂനിയർ അഭിഭാഷകയായ ഹന്നയെ (നിമിഷ സജയൻ) ചുമതലപ്പെടുത്തുന്നു.    അജയനെ പോലുള്ളവരിൽ കുറ്റംചാർത്തപ്പെടുന്ന സാഹചര്യം തിരിച്ചറിയുന്ന ഹന്ന യുക്തിസഹമായ തെളിവുകളുടെ പിൻബലത്തോടെ യാഥാർഥ്യം കണ്ടെത്തുന്നു. ‘ഒരു കുപ്രസിദ്ധ പയ്യൻ’ സജീവമായി ചർച്ച ചെയ്യപ്പെടേണ്ടത് അതുന്നയിക്കുന്ന രണ്ട് പ്രശ്‌നങ്ങൾ കൊണ്ടാണ്. 1. ദുർബലമായ ശരീരങ്ങളിന്മേൽ സമൂഹം എപ്രകാരമാണ് അധികാരപ്രയോഗം നടപ്പിലാക്കുന്നത്? 2. ജാതിവാഴ്ച/ ദുരഭിമാനക്കൊല എന്നിവയ്ക്കു പിന്നിലെ അധികാര സൂത്രവാക്യങ്ങളെന്ത്?

രണ്ട് വ്യത്യസ്ത സാമൂഹിക ശ്രേണികളിലുൾപ്പെടുന്ന അജയൻ, ഹന്ന എന്നിവർ എപ്രകാരമാണ് അധികാരപ്രയോഗയിടങ്ങളിൽ നിഷ്പ്രഭരായിപ്പോകുന്നത്? അനാഥനും സ്വന്തം കർതൃത്വം തെളിയിക്കുവാനുള്ള തിരിച്ചറിയൽ രേഖകളൊന്നും കൈവശമില്ലാത്തവനുമായ അജയൻ അനുഭവിക്കുന്ന പൗരാവകാശങ്ങൾ ഏത് നിമിഷവും ചോദ്യം ചെയ്യപ്പെടാവുന്നതും റദ്ദ് ചെയ്യപ്പെടാവുന്നതുമായ വിധത്തിൽ താത്കാലികമാണ്. സാമൂഹിക ബന്ധങ്ങളുടെ സംരക്ഷണമില്ലാത്ത ഇത്തരം ശരീരങ്ങളെ ചൂഷണം ചെയ്യുവാനോ ഇല്ലായ്മ ചെയ്യുവാനോ അധികാരസ്ഥാനങ്ങൾക്ക് ഏറെ പണിപ്പെടേണ്ടി വരുന്നില്ല. എന്നാൽ, മധ്യവർഗ കുടുംബ പശ്ചാത്തലത്തിൽനിന്നു വരുന്ന, നിയമ പരിജ്ഞാനവും ഭരതേട്ടനേപ്പോലെയുള്ളവരുടെ (സിദ്ദിഖ്) പിന്തുണയുമുള്ള ഹന്ന, സന്തോഷ് നാരായണന്റെ (നെടുമുടി വേണു) പരിഹാസങ്ങൾക്കു മുന്നിലും പുരുഷ നോട്ടങ്ങൾക്കു മുന്നിലും തളർന്നു പോകുന്നുണ്ട്. പുസ്തകം മോഷ്ടിച്ചവൾ, പഴയ അസിസ്റ്റന്റ്(സ്ഥാനപരമായ കീഴ്‌നില ആവർത്തിച്ച് സൂചിപ്പിക്കൽ) തുടങ്ങിയ സന്തോഷ് നാരായണന്റെ വിളികൾക്കു മുന്നിലും പലപ്പോഴുമവൾ  ശബ്ദമിടറി നിൽക്കുന്നു. മറ്റെല്ലാ സാമൂഹിക, സാംസ്‌കാരിക മൂലധനങ്ങളും അവകാശപ്പെടുന്ന ഒരു ജൂനിയർ വനിതാ അഭിഭാഷക, ആണധികാരപ്രയോഗയിടമായ സമൂഹത്തിലും കോടതിയിലും അനുഭവിക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥ ഈ സന്ദർഭങ്ങളിലൂടെ തിരശീലയിൽ വ്യക്തമാകുന്നു.

ജാതിമിശ്രപ്രണയത്തിലോ വിവാഹത്തിലോ ഏർപ്പെടുന്നവരെ കാലങ്ങൾക്കു ശേഷവും അടങ്ങാത്ത പകയോടെ തേടിച്ചെന്ന് കൊല്ലുന്ന പ്രവണത ഇന്ത്യയിലെ പ്രബല ജാതി സമുദായങ്ങൾക്കിടയിൽ ഇന്നും നിലനിൽക്കുന്നു (ഈ വിഷയം പരാമർശിച്ച ശ്രദ്ധേയമായ മറാത്തി ചിത്രമാണ് ‘സായ്‌റാത്ത്്’). ചെമ്പകമ്മാളിന്റെ കൊലയ്ക്കു പിന്നിൽ ഇത്തരമൊരു സാധ്യതയുണ്ടാകാമെന്നത് ഹന്നയുടെയും ഭരതേട്ടന്റെയും അന്വേഷണത്തിലൂടെ കോടതിയിൽ വെളിവാക്കപ്പെടുന്നു. ജാത്യാഭിമാനം, മിശ്രവിവാഹത്തിലൂടെ സ്വന്തം ജാതിയിലുള്ള പെണ്ണുടലിന്മേൽ അന്യജാതിയിലുള്ളവർക്ക് അവകാശം ലഭിക്കുമെന്ന ആശങ്ക തുടങ്ങിയ കാരണങ്ങളാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിൽ. ചെമ്പകമ്മാളിനൊപ്പം ട്രെയിനിൽ സഞ്ചരിക്കേണ്ടിയിരുന്നയാൾ  ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടുവെന്നതും ജാതിവെറിയുടെ ഹിംസാത്മക തലത്തിലേക്കാണ് വിരൽ ചുണ്ടുന്നത്.

വ്യാജത്തെളിവുകൾ നിർമിച്ച് അജയനെ പ്രതിയായി ചിത്രീകരിക്കുന്ന പോലീസ്, തന്ത്രപൂർവം പൊതുജനസമ്മതിയും പൊതുബോധവും നിർമിക്കുന്നു. അജയനാണ് കൊലയാളിയെന്ന അധികാരകേന്ദ്രത്തിൽനിന്നുള്ള ആവർത്തിച്ച പരാമർശം ക്രമേണ സാമൂഹിക ബോധമായി പരിണമിക്കുന്നു. കൂടാതെ വളർത്തമ്മ, സുഹൃത്തുക്കൾ, ഹോട്ടലുടമ തുടങ്ങിയവരെ ഭീഷണിപ്പെടുത്തിയും വിശ്വസിപ്പിച്ചും തങ്ങളുടെ വ്യാജപ്രസ്താവങ്ങൾക്ക് വേരോട്ടമുണ്ടാക്കാനുള്ള പ്രതലമൊരുക്കുവാനും പോലീസിന് സാധിക്കുന്നു (സമാനമായ കാഴ്ചകൾ ‘തലപ്പാവ്’ എന്ന ചിത്രത്തിലും കാണാവുന്നതാണ്).

ഇതിനൊരു മറുപുറത്തിന്റെ സാധ്യതയും നിലനിൽക്കുന്നു. പോലീസിനെ സ്വാധീനിക്കുന്ന തരത്തിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടാകാത്ത ചെമ്പകമ്മാൾ വധക്കേസിൽ, ആൾക്കൂട്ട പൊതുബോധത്തെ തൃപ്തിപ്പെടുത്തുക എന്നതു മാത്രമാണ് അധികാരികൾ നേരിടുന്ന വെല്ലുവിളി. അജയനെന്ന ‘പെർഫക്ട് ക്യാച്ചി’ലൂടെ അത് കൃത്യമായി നടപ്പിലാകുന്നുമുണ്ട്. ചുരുക്കത്തിൽ, കോടതി വെറുതെ വിടുന്നുവെങ്കിലും ആൾക്കൂട്ടത്തിന്റെ ന്യായവിധിയിൽ അജയൻ സാമൂഹിക ബഹിഷ്‌കരണത്തിനു (social ostracism) വിധേയനാകാൻ സാധ്യതകളേറെയാണ്. സിനിമ ശുഭപര്യവസായിയാകുമ്പോഴും യഥാർഥ സാമൂഹികഘടനയിൽ സംശയത്തിന്റെ നിഴൽ വീണ പാർശ്വവൽകൃത ജീവിതങ്ങൾക്ക് സുഗമമായ തിരിച്ചുവരവിനുള്ള സാധ്യതകൾ ഏറെക്കുറെ വിരളമാണ്.

ചിത്രത്തിന്റെ കഥാഗതിയിലെ മറ്റൊരു നിർണായകമായ വസ്തുതകൂടി പരാമർശിക്കേണ്ടിയിരിക്കുന്നു. തമിഴ് സ്ത്രീയായ ചെമ്പകമ്മാൾ കൊല്ലപ്പെടുന്നത് കേരളത്തിലായതിനാൽ, ഇവിെട നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ പരിചിതമായ മോഷണം, ബലാത്‌സംഘം തുടങ്ങിയ ഇനങ്ങളിൽ മാത്രമൊതുങ്ങിയാണ് പോലീസ്  – ക്രൈം ബ്രാഞ്ച് അന്വേഷണങ്ങൾ പുരോഗമിച്ചത്. കൊല്ലപ്പെട്ട സ്ത്രീയുടെ സ്വഭാവത്തെക്കുറിച്ചുപോലും അശ്ലീലമായ പരാമർശങ്ങൾ നടത്തുന്ന പോലീസ് എന്തുകൊണ്ടാവാം അന്വേഷണങ്ങൾ കേരളാതിർത്തിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാതിരുന്നത്? കൊല്ലപ്പെട്ട തമിഴ് സ്ത്രീയും കേരളീയ സാമൂഹികാവസ്ഥയിൽ അന്യവത്കരിക്കപ്പെട്ട പ്രതിനിധാനമാണെന്നത് ഒന്നാമത്തെ കാരണമായിരിക്കണം. മറ്റൊന്ന്, ഇത്തരം കുടിയേറ്റത്തൊഴിലാളികളുടെ പൂർവകാല ജീവിതം അദൃശ്യവത്കരിച്ചുകൊണ്ട് വർത്തമാനകാലത്തിലേക്ക് വിഷയത്തെയും അതിന്റെ കാരണങ്ങളെയും ചുരുക്കുവാനുള്ള അതിയായ താത്പര്യം. ഇത്തരത്തിൽ  പരിശോധിക്കുമ്പോൾ പ്രസ്തുത സിനിമ വിനിമയം ചെയ്യുന്ന വ്യാവഹാരികതലം അതീവ സങ്കീർണമാണെന്ന് വെളിപ്പെടുന്നു.

സുസ്ഥിരമായ സാമുഹികഘടന നിലനിർത്തുന്നതിൽ നീതിന്യായവ്യവസ്ഥയും പോലീസും വഹിക്കുന്ന പങ്ക് തള്ളിക്കളയുവാനാകില്ല. എന്നിരുന്നാലും, തങ്ങളുടെ അധികാര ദുർവിനിയോഗവും കർത്തവ്യനിർവഹണത്തിലെ വീഴ്ചകളും മറയ്ക്കുവാനായി നിർമിച്ചെടുക്കുന്ന വ്യാജക്കേസുകളും വ്യാജ ഏറ്റുമുട്ടലുകളും കീഴാള/ ഇടത്തട്ട് ജീവിതങ്ങളെ സാമൂഹികചര്യകളിൽനിന്ന് ബഹിഷ്‌കൃതരാക്കുകയാണെന്ന ധാരണ അധികാരം കൈയ്യാളുന്നവർക്കുണ്ടാകേണ്ടതുണ്ട്. ജയേഷ് ജബ്ബാറാകുമ്പോഴും അതിന്റെ ചലച്ചിത്രപ്രതിരൂപമായ അജയൻ അജ്മലാകുമ്പോഴും വർഗീയത വളരെ നിസാരമായി പ്രയോഗത്തിൽ വരുത്താവുന്ന ഒരു തന്ത്രമായി വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. ചലച്ചിത്രങ്ങളിലെ പോലീസ് പ്രതിരൂപങ്ങളുടെ ഊറ്റം കൊള്ളിക്കുന്ന സംഭാഷണങ്ങളും ആൺപോരിമയും കണ്ട് കയ്യടിക്കുമ്പോൾ ഓർക്കുക, വിനായകനെപ്പോലെ പോലീസ് പീഡനം ഭയന്നും അപമാനം മൂലവും ജീവനൊടുക്കിയവർ നമ്മുടെ അയൽപക്കങ്ങളിൽത്തന്നെ ഉണ്ടെന്നത്. അധികാരവ്യവസ്ഥയുടെ പുരികം ചുളിയുന്നതുവരെ മാത്രമെ പൗരാവകാശങ്ങളുടെ സുരക്ഷിതകവചം മനുഷ്യശരീരങ്ങൾക്ക് പരിരക്ഷയേകുകയുള്ളൂ എന്നതും വിസ്മരിക്കാനാവില്ല.

 

Comments

comments