Acting is behaving truthfully under imaginary circumstances.
-Sanford Meisner
‘പേരൻപ് ‘ കണ്ടിറങ്ങുമ്പോൾ പലവിധ ചോദ്യങ്ങൾ ഒന്നൊന്നായി മനസ്സിലുയരുന്നു. തീയറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷക മനസ്സിൽ ജീവിതം തുടരുന്ന കഥാപാത്രങ്ങളാണ് അമുദനും പാപ്പായും. സമീപകാലത്ത് കണ്ട മികച്ച അഭിനയ പ്രകടനങ്ങളും പാട്ടുകളും പൊതുവെ മുഖ്യധാര സിനിമ പറയാൻ മടിക്കുന്ന വിഷയ ഗൗരവവും ‘പേരൻപി’നെ
വ്യത്യസ്തമാക്കുന്നു. Spastic അസുഖം ബാധിച്ച കൗമാരക്കാരിയായ മകളും അവളുടെ അച്ഛനും തമ്മിലുള്ള വൈകാരിക / സ്നേഹ സംഘർഷങ്ങളാണ് പേരൻപിന്റെ മുഖ്യ പ്രമേയം. മകൾ പ്രായപൂർത്തിയാകുന്നതോടെ, സ്ത്രീ സഹജമായ വൈകാരിക മുതിർച്ചയിലേക്ക് വളരുന്നതോടെ, അമുദൻ എന്ന അച്ഛൻ അനുഭവിക്കുന്ന വൈകാരിക dilemma അതിന്റെ പാരമ്യത്തിൽ എത്തുന്നു.
അതിവൈകാരികതയുടെ ടോൺ സിനിമയിൽ ഉടനീളമുണ്ടെങ്കിലും അമുദനെ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടി എന്ന അഭിനേതാവ് പ്രദർശിപ്പിക്കുന്ന നിയന്ത്രണം, മിതത്വം, സൂക്ഷ്മത, ആത്മാർത്ഥത, സത്യസന്ധത എന്നിവ, ക്രമീകൃതാഭിനയത്തിന്റെ നല്ല ഉദാഹരണമായി മാറുന്നതോടൊപ്പം മെലോ ഡ്രാമയാവാതെ സിനിമയെ രക്ഷിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ശബ്ദ ക്രമീകരണത്തിൽ വേണ്ടത്ര ആർദ്രതയും ദുർബലതയും അടയാളപ്പെടുത്താൻ, ഒട്ടും മിമിക്രിയാവാതെ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടിമുടി അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ നടത്തുന്ന പരകായപ്രവേശമാണ് പേരൻപിന്റെ ഹൈലൈറ്റ്.
മലയാള സിനിമയിൽ ഇപ്പോൾ താരങ്ങളുടെ മാനറിസങ്ങൾ മാത്രമേയുള്ളൂ അഭിനയമില്ല എന്നൊരു നിരീക്ഷണം ഈയ്യടുത്ത് എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ നടത്തുകയുണ്ടായി. ആ വിമർശനത്തിന് ഒരുത്തരം കൂടിയാവുന്നുണ്ട് പേരൻപിലെ അമുദനായി മമ്മൂട്ടി നടത്തുന്ന പ്രകടനം. കമേഴ്സ്യൽ സിനിമയിലെ സേഫ് സോണിലിരുന്നുള്ള ആരാധക കൂട്ടത്തിന്റെ കയ്യടിക്കുവേണ്ടിയുള്ള താരപ്രകടനത്തിന്റെ നിഴലിൽ, അഭിനേതാവ് തന്റെ അർത്ഥം/അസ്തിത്വം നിർവചിക്കുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നാണ് പേരൻപിലേത്. ആ പ്രകടനത്തിന് സാക്ഷിയാകാൻ നിറഞ്ഞ പ്രേക്ഷകരും ഉണ്ട് എന്നത് വളരെ സന്തോഷം തരുന്നു.
‘അമുദൻ ‘എന്ന കഥാപാത്രത്തിന്റെ വിശ്വസനീയതയ്ക്ക് ബാധ്യതയായേക്കാവുന്ന സൗന്ദര്യം, താരപ്പകിട്ട് മമ്മൂട്ടി എന്ന അഭിനേതാവിന് ഉണ്ട്. തമിഴന്റെ തനത് നിറ/ രൂപഘടനയുമല്ല അദ്ദേഹത്തിന്റേത്. തന്റെ അഭിനയത്തിലെ മിടുക്കു കൊണ്ട്, എകാഗ്രത കൊണ്ട്, കൃത്യത കൊണ്ട് തുടക്കം മുതൽ കാണിയെ തന്റെ കൂടെ സഞ്ചരിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ട് എന്നത് പേരൻപിന്റെ വിജയമാണ്.
കഥാനായകൻ നേരിട്ട് തന്റെ കഥ വിവരിക്കുന്ന ശബ്ദ പഥമായതിനാൽ പ്രേക്ഷകൻ ‘കഥകാണൽ’ പ്രവൃത്തിയിലേക്ക് എളുപ്പത്തിൽ വീഴുന്നുണ്ട്. പശുപതിയെപ്പോലെയൊക്കെയുള്ള ഒരു അഭിനേതാവിനെ കൊണ്ട് പ്രേക്ഷകമനസ്സിനെ ബോധ്യപ്പെടുത്താവുന്ന ഒരു റോൾ, ഒരു മികച്ച അഭിനേതാവിന്റെ സമ്പൂർണ പ്രകടനത്തിലൂടെ മമ്മൂട്ടി, സ്ഥാപിച്ചെടുക്കുന്നു.
സാധന ജീവിച്ചു തീർത്ത ‘പാപ്പാ ‘യുടെ നിമിഷങ്ങളാണ് പേരൻപിലെ നല്ല മുഹൂർത്തങ്ങളിലധികവും. ലൈംഗിക വിദ്യാഭ്യാസമെന്നത് കുടുംബത്തിനകത്ത് നടക്കേണ്ടതാണെന്ന് പാപ്പയുടെ കഥാപാത്രം വ്യക്തമായും ശക്തമായും അടയാളപ്പെടുത്തുന്നു. ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന പാപ്പാ, സാധന എന്ന അഭിനേത്രിയുടെ കടുത്ത പരിശീലന/ പ്രയത്നങ്ങളുടെ തിളക്കം കൊണ്ട് പൂർണത പ്രാപിക്കുന്നുണ്ട്, സ്ക്രീനിൽ. ഒപ്പം ഇത്തരം കുട്ടികളോട് പൊതുവെ സമൂഹം പുലർത്തുന്ന മനോഭാവം പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നു എന്നത് പേരൻപിനെ സാമൂഹിക പ്രസക്തമാക്കുന്നു.
ഈ രണ്ടു അഭിനേതാക്കളുടേയും പ്രകടനങ്ങൾ വലിയ അംഗീകാരങ്ങൾ അർഹിക്കുന്നുണ്ട്.
അഭിനയത്തിലെ മേൽപറഞ്ഞ മികവുകളും വിഷയ സ്വീകരണത്തിലെ ധീരതയും എടുത്തു പറയുമ്പോഴും ‘പേരൻപി’ലെ ചില കൃത്രിമത്വങ്ങളും ഏകപക്ഷീയ വീക്ഷണങ്ങളും പറയാതെയിരിക്കുന്നത് സത്യസന്ധമാവില്ല.
‘പേരൻപി’ലെ ആഖ്യാനം ആദ്യന്തം ആൺ വീക്ഷണ കേന്ദ്രീകൃതമാണ്. അത് നമ്മുടെ സമൂഹത്തിന്റേതു കൂടിയാണ് എന്ന് സമാധാനിക്കണം. അമുദന്റെ വീക്ഷണത്തിൽ നിന്ന് മാത്രം കഥ പറയാനാണ് ഇവിടെ ശ്രമമുള്ളത്. ആ നിയന്ത്രിതമായ ആഖ്യാനം സിനിമയുടെ ‘Politics of Narrative ‘ നെ വൈകാരികതയിൽ മാത്രം ഊന്നിനിർത്തുകയും ആകെ സിനിമ മുന്നോട്ടു വെക്കുന്ന ലോകവീക്ഷണത്തെ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഈയൊരു പരിമിതിയെ മറികടക്കാനെന്നോണം സിനിമയുടെ ഘടന സാഹിത്യത്തെ കൂട്ടുപിടിക്കുന്നു. സ്വന്തം ജീവിതത്തിന്റെ ഋതുഭേദങ്ങളെ പ്രകൃതിയുടെ ഭാവങ്ങളുമായി താരതമ്യം ചെയ്ത് വിശകലനം ചെയ്യാൻ മാത്രമുള്ള ഉന്നതമായ ഭാവനാശേഷിയുമുണ്ട്, വെറും സാധാരണക്കാരായ അമുദൻ എന്ന ടാക്സി ഡ്രൈവർക്ക്. എന്നാൽ അത്തരം ജീവിതവീക്ഷണമുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ ആശയകുഴപ്പവും ലോക പരിചയക്കുറവും അജ്ഞതയും അമുദൻ ചിലപ്പോഴൊക്കെ പ്രദർശിപ്പിക്കുന്നുണ്ട് താനും. അതു കൊണ്ട് nature is hateful, nature is wondrous, nature is cruel, nature is miraculous, nature is mysterious, nature is dangerous, nature is unbridled, nature is ruthless, nature is thirsty, nature is lawless, nature is compassionate എന്ന തിരിച്ചറിവിലേക്ക് എത്തുന്ന അമുദന്റെ വിവരണങ്ങൾ ഉൾക്കാഴ്ചയുള്ളതും പലതല വ്യഖ്യാന സാധ്യതകൾക്കിട നല്കുന്നതുമാണെങ്കിലും ആ കഥാപാത്രത്തെ സംബന്ധിച്ച് കൃത്രിമ നിർമ്മിതിയായി അനുഭവപ്പെട്ടു.
ഭൂമാഫിയയുടെ കടന്നുകയറ്റം മറ്റൊരു തലമായി സിനിമയിൽ വിളക്കിച്ചേർത്തിരിക്കുന്നതും കേവല വൈകാരികതയല്ല ഈ സിനിമയുടെ ലക്ഷ്യമെന്ന് കാണിക്കാനുള്ള, പ്രകൃതിയെ സിനിമയിലെ Subtext ആയി കൊണ്ടുവരാനുള്ള ബോധപൂർവ്വമായുള്ള ശ്രമമായി തന്നെയാണ് അനുഭവപ്പെട്ടത്.
സ്ത്രീ മനസ്സ് / സ്ത്രൈണ ലൈംഗികത തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ അത്യുക്തിയും ഓവർ ടോണും കടന്നു വരാൻ അമുദന്റെ കഥാപാത്രസൃഷ്ടിയിലെ ചില ബലഹീനതകൾ കാരണമായി എന്നു പറയാം.
12 അധ്യായങ്ങളിലായി അമുദൻ എഴുതുന്ന ഓർമപുസ്തകത്തിന്റെ ഘടനയിലാണ് ഈ സിനിമയുടെ ആഖ്യാനം. പ്രകൃതിയുടെ 12 ഭാവ രസങ്ങളെന്ന പോലെ 12 ഉപശീർഷകങ്ങളും ഓരോ അധ്യായത്തിനായി കൊടുത്തിരിക്കുന്നു. ഈ അധ്യായങ്ങളുടെ ശീർഷകങ്ങൾ, അതിലെ വരികൾ തികച്ചും കാവ്യാത്മകവും നല്ല സാഹിത്യ ഗുണമുള്ളതുമാണ്. തമിഴിന്റെ ഭാഷാചാരുത വേണ്ടത്ര ഉള്ളവയുമാണ്.
ആളൊഴിഞ്ഞ, കാടിന് നടുവിലുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലേക്ക് മകളുമായി എത്തുന്ന അമുദൻ, മകളുമായി സൗഹൃദം/ ഇണക്കം നേടിയെടുക്കുന്ന സ്വീക്വൻസിലൂടെയാണ് ആദ്യ അധ്യായം തുടങ്ങുന്നത്. മകൾ അച്ഛനെ അന്യനായി കാണുന്നതിന്റെ ദൈന്യത/ നിസഹായത കാണിയെ അനുഭവപ്പെടുത്തുന്ന സന്ദർഭങ്ങൾ സംവിധായകമികവു കൊണ്ടും അഭിനേതാക്കളുടെ പ്രകടങ്ങൾ കൊണ്ടും, ഛായാഗ്രഹണ / ചിത്രസംയോജന / സംഗീത ലയം കൊണ്ടും നന്നായി വന്നിട്ടുണ്ട്. വാംടോണിൽ ഒരുക്കപ്പെട്ട ഈ സീക്വൻസ് സ്നേഹത്തിന്റെ ഊഷ്മളതയുടെ ഭാവവും നല്കുന്നു. വീടും പരിസരവും പ്രകൃതിയും തടാകത്തിന് കുറുകെ നിർമിച്ച മരപ്പാലവും കഥാപാത്ര സമാനമായി കാണിയുടെ മനസ്സിൽ ഇടം നേടുന്നു. ആ അന്തരീക്ഷത്തിന്റെ ദൃശ്യങ്ങൾ മനോഹരം തന്നെ. മഞ്ഞും സൂര്യവെളിച്ചവും ഇടകലരുന്ന അന്തരീക്ഷവും ‘പേരൻപി’ലെ മനുഷ്യ മനസുകളുടെ മഞ്ഞുരുക്കത്തിന് അനുയോജ്യമായ അന്തരീക്ഷമാവുന്നു.
6 മിനിറ്റോളം വരുന്ന ഒറ്റഷോട്ടിൽ മകളെ സന്തോഷിപ്പിക്കാൻ/ കൂട്ടുകൂടാൻ അമുദൻ ശ്രമിക്കുന്നത് ഹൃദയസ്പർശിയായി അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ മമ്മൂട്ടി എന്ന Actor – Creator വിജയിക്കുന്ന രംഗം, തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. സംവിധായകൻ റാമും ഛായാഗ്രാഹകൻ തേനി ഈശ്വറും തുടക്കം മുതൽ ഒടുക്കംവരെ ‘Oscillating movement ‘ ലൂടെയാണ് ഈ ഷോട്ട് പകർത്തിയിരിക്കുന്നത്. അകലെ നിന്ന് അടുത്തേക്ക് നീങ്ങുന്ന രീതിലാണ് ഈ ഊഞ്ഞാൽ ചലനം. മകളോടുള്ള അച്ഛന്റെ വാത്സല്യ നിറവ് ഈ ക്യാമറാ ചലനത്തിൽ ധ്വനി ഭംഗിയാവുന്നു. അതേ സമയം മകളെ തന്റെ അസ്തിത്വം / സ്നേഹം / കരുതൽ ബോധ്യപ്പെടുത്താൻ പെടാപാട് പെടുന്ന ഒരു മനുഷ്യന്റെ ചഞ്ചലമായ മനസ്സിന്റെ സ്വഭാവവും ഈ ചലനത്തിൽ കണ്ടെത്താം.
ഈ രംഗങ്ങൾ പിന്നിടുമ്പോഴേക്കും കാണികൾക്ക് അമുദനോട് വല്ലാതെ അനുകമ്പ തോന്നി തുടങ്ങും. ആ സഹതാപം പിന്നീട് എല്ലാ കഥാപാത്രങ്ങളുടേയും മേൽ നിഴൽ വീഴ്ത്തുകയും ചെയ്യുന്നുണ്ട്.
വീടിനകത്ത് കുടുങ്ങി പോയ ഒരു കുരുവിയെ മകൾക്ക് വേണ്ടി അമുദൻ സ്വാതന്ത്ര്യത്തിലേക്ക് രക്ഷിച്ചു വിടുന്നത് അവർക്കിടയിലെ അകലമില്ലാതാക്കുന്നു. ഗംഭീരമായി കൺസീവ് ചെയ്ത് നിർവഹിക്കപ്പെട്ടിരിക്കുന്നു ഈ രംഗം. സിനിമയുടെ തുടക്കം മുതൽ കിളികളുടെ ശബ്ദം / സാന്നിധ്യം ‘ലെയിറ്റ് മോട്ടിഫായി’ (leitmotif) വരുന്നുണ്ട്. ജന്മനാ വലിയ ശാരീരിക പരിമിതികളിൽ വലയുന്ന ഒരു പെൺ മനസിന്റ സ്വാതന്ത്രേഛയെ, പിടച്ചിലുകളെ ദ്യോതിപ്പിക്കാൻ ഈ കുരുവി സാന്നിധ്യങ്ങൾ നല്ല / സ്വാഭാവികമായ ബിംബമാകുന്നുണ്ട്. ‘മനുഷ്യന്മാരില്ലാത്ത, കുരുവികൾ ചാകാത്ത ഒരിടം’ തേടിയാണ് അയാൾ മകളുമായി കാടിനു നടുവിൽ എത്തുന്നതു പോലും.
അമുദന്റെ ഭാര്യ, തങ്കം അയാളെയും വയ്യാത്ത മകളേയും ഇട്ടേച്ച് പോയതെങ്ങിനെ എന്ന് പറഞ്ഞ രീതി അമുദന് ബോധ്യപ്പെടാം, പക്ഷേ പ്രേക്ഷകർക്ക് അത്ര convinced ആവാത്ത രീതിയിലാണ്! ഒരു എഴുത്തിൽ ആ സംഭവത്തിന്റെ ഉള്ളടക്കം വിവരിച്ചു ഒതുക്കി പറഞ്ഞ സംവിധായകൻ ആ അമ്മയെ വേണ്ടവിധം അടയാളപ്പെടുത്തുന്നേയില്ല. നീണ്ട മെലോഡ്രമാറ്റിക് ക്ലീഷേ സ്വീകൻസുകൾ വേണം എന്നല്ല.
11 വർഷം ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്ത അമുദൻ വെറും 100 ദിവസം പോലും തന്റെ കൂടെ ജീവിച്ചിട്ടില്ല എന്നതാണ് തങ്കം, ഒരു സുപ്രഭാതത്തിൽ ഒരു കത്തെഴുതി വെച്ച്, അയാളുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള ഒരു കാരണം. മകളുടെ രോഗാവസ്ഥയിൽ അയാൾ അവരെ ഉപേക്ഷിച്ചു എന്നും അമുദന്റെ വീട്ടിൽ അവരുടെ ജീവിതം ദുസ്സഹമാണെന്നും തുടർന്നു പറയുന്നു. ഇത്രയും കാലം താനിവളെ അമ്മയെന്ന നിലയിൽ നോക്കി വളർത്തി, ഇനി നിങ്ങൾ നോക്കിക്കോളൂ ,തനിക്ക് സ്നേഹം തരാനും സംരക്ഷിക്കാനും മനസ്സുള്ള ആളുടെ കൂടെ താൻ പോകുന്നു എന്നുമാണ് ആ കത്തിലെ ചുരുക്കം.
ഇതു പോലെ പരസഹായമാവശ്യമുള്ള, കൗമാരക്കാരിയായ, സ്ത്രീയായി മുതിരാൻ പോകുന്ന ഒരു പെൺകുഞ്ഞിനെ ഇത്ര ലാഘവത്തോടെ ഒരമ്മ ഉപേക്ഷിക്കുമോ?! ഏതായാലും കഥയിൽ അങ്ങനെ സംഭവിച്ചു. ആ ഉപേക്ഷിക്കലിൽ അമുദൻ അനുഭവിക്കുന്ന വേദന വിശദമാക്കാൻ വേണ്ടത്ര രംഗങ്ങൾ സിനിമയിൽ ഉൾപെടുത്താൻ കാണിച്ച ശ്രദ്ധ / ഇടം തങ്കത്തിന് നല്കിയിട്ടില്ല. എന്നിരുന്നാലും അമുദൻ അവൾ നല്ല സ്ത്രീയാണ്, താൻ വെറും ഭർത്താവ് / പുരുഷനായി പോയതിന്റെ തെറ്റാണ് എന്ന് പരിതപിച്ച്, ആ നീതികേടിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്, പിന്നീട്. തങ്കത്തിന്റെ വീക്ഷണത്തിന് / ആരോപണങ്ങൾക്ക് സംഭവിപ്പിച്ച ഈ നേർപ്പിക്കൽ, അമുദനെ ജനപ്രിയമാക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായി കൂടി കാണേണ്ടി വരുന്നു.
കാടിന് നടുവിലെ ഒറ്റപ്പെട്ട ഈ വീട്ടിലേക്ക് മാറാൻ അയൽവാസികളുടെ/ സമൂഹത്തിന്റെ സമ്മർദ്ദങ്ങളുമുണ്ടെന്ന് അമുദൻ പറയുന്നു.
മകൾ ഋതുമതിയാവുന്നതോടെ പെൺതുണ അത്യാവശ്യമാണെ അമുദന്റെ തോന്നൽ, പാട്രിയർക്കൽ ആയ വ്യവസ്ഥാശീലത്തിന്റെത് കൂടിയാണ്. സ്ത്രൈണ ലൈംഗീകത അപകടം പിടിച്ചതാണെന്നും അത് വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കിൽ കൈവിട്ടു പോകുമെന്ന അമിത ആകാംക്ഷ / ഉത്കണ്ഠ വല്ലാതെ പിടികൂടുന്ന ഒരു പിന്തിരിപ്പൻ കഥാപാത്രമായി, സിനിമ പുരോഗമിക്കുന്തോറും അമുദൻ മാറുന്നു എന്നത് ശരിക്കും അമ്പരിപ്പിക്കുന്നുണ്ട്.
മകളെ നോക്കാൻ ആദ്യം വന്ന സ്ത്രീ ഭർത്താവിന്റെ സംശയരോഗം കാരണം പെട്ടെന്ന് ജോലി നിർത്തി പോയി. പിന്നീട് വന്ന വിജയലക്ഷ്മി എന്ന കഥാപാത്രം വന്നതാകട്ടെ ചില ഗൂഢോദ്ദേശ്യത്തിലും. എങ്കിലും വിജിയുടെ സാന്നിധ്യം പാപ്പയിലും അമുദനിലും വലിയ മാറ്റങ്ങൾ സന്തോഷങ്ങൾ കൊണ്ടു വരുന്നു. പാപ്പയിൽ വിടരുന്ന സ്ത്രീ മനസ്സിനെ വിജി പറഞ്ഞു മനപ്പിലാക്കി കൊടുക്കുന്നിടത്താണ് സിനിമ അല്പമെങ്കിലും ബാലൻസ്ഡ് ആവുന്നത്.
ഭാര്യ നിഷ്കരുണമുപേക്ഷിച്ച പുരുഷനോട് വിജിക്ക് തോന്നുന്ന സഹാനുഭൂതി കൂടുതൽ ഗാഢമായ ബന്ധമായി മാറുന്നു. എന്നാൽ അത് വിജിയും ഭർത്താവും പ്ലാൻ ചെയ്ത കപടനാടകമായിരുന്നു എന്നും അമുദൻ തിരിച്ചറിയുന്നതോടെ അയാൾ തകരുന്നുണ്ട്. വിജിയുടെ നാടകം കളിക്കു പിന്നിൽ വലിയ പരാധീനതകളുടെ ഒരു കഥയുണ്ടാവുമെന്ന് അയാൾ മനസ്സിലാക്കുകയും ചെയ്യുന്നു.
മകൾക്ക് ലൈംഗിക വികാരമുണ്ടാകുന്നു എന്നത് അമുദനിലുണ്ടാക്കുന്ന ആഘാതങ്ങൾ പുരുഷ വീക്ഷണകോണിലൂടെയും സ്ത്രീ / മനുഷ്യ വിരുദ്ധതയിലൂടെയുമാണ് ഒരു സ്ത്രീ പ്രേക്ഷക എന്ന രീതിയിൽ അനുഭവിച്ചത്. ഇത് വ്യക്തിപരം മാത്രമാകാം. കടുത്ത ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു മനുഷ്യത്തിക്ക് സാനിറ്ററി നാപ്കിൻ മാറാനുള്ള സഹായം/ സ്വാതന്ത്ര്യം നേടിയെടുക്കുന്ന അമുദൻ, അച്ഛൻ-മകൾ ബന്ധത്തിന്റെ ആരോഗ്യപരമായ, മാനുഷികവും പുരോഗമനപരവുമായ നല്ല മുഹൂർത്തങ്ങളിലേക്ക് സിനിമയെ കുറച്ചു നേരത്തേക്ക് വളർത്തുന്നുണ്ട്. എന്നാൽ മകൾ തന്റെ കാമനകൾ തിരിച്ചറിയുന്ന നിമിഷം മുതൽ അച്ഛനെ അകറ്റി നിർത്തുകയും ചെയ്യുന്നിടത്ത് സിനിമ വീണ്ടും പുരുഷപക്ഷത്തേക്ക് ചായുന്നു.
കുറേക്കാലം ഗൾഫിൽ ജോലി ചെയ്ത, മറ്റു മനുഷ്യരെ മനസ്സിലാക്കാൻ / ഉൾക്കൊള്ളാൻ പറ്റുന്ന ആഴമുളള മനസ്സിനുടമയായ, നല്ല സാഹിത്യബോധമുള്ള അമുദൻ എന്ന കഥാപാത്രം സ്വന്തം വിധിയിലും മകളുടെ ദൈന്യതയിലും പെട്ട് ആത്മസഹതാപത്തിൽ വീണ്ടും വീണ്ടും വീണുപോകുന്നത് ചിലപ്പോഴെല്ലാം യുക്തിയെ ഭേദിക്കുന്നു.
സിനിമയിൽ കൃത്യമായ കാല സൂചനയില്ലെങ്കിലും മാറിയ ലോകത്തിന്റെ വിവര ലഭ്യതാ സാധ്യതകൾ ഒന്നും അമുദൻ ഉപയോഗിക്കുന്നതായി കാണുന്നില്ല. കഥയിൽ ചോദ്യമില്ല എന്നത് അംഗീകരിക്കുന്നു..
കാടിനകത്തെ ഏകാന്തവാസം ഉപേക്ഷിച്ച് നഗരത്തിൽ എത്തുമ്പോഴും അയാൾ അവളുടെ സുരക്ഷയെ കുറിച്ചുള്ള ആധിയിലാണ്. ഹോട്ടൽ മുറിയിലെ താമസത്തിനിടയിൽ പാപ്പ, സ്ത്രീസഹജമായ ലൈംഗീക ചോദനകളിലേക്ക് മുതിരുന്നത് വളരെ ഒതുക്കത്തോടെ, ഒരു വൾഗാരിറ്റിയുമില്ലാതെ സംവിധായകൻ വിശദീകരിക്കുന്നു. ടെലിവിഷൻ ദൃശ്യങ്ങളിലേക്ക് തോന്നുന്ന ആകർഷണം, ആൺ ശരീരങ്ങളോട് തോന്നുന്ന ചെറു കൗതുകങ്ങൾ, സ്വന്തം ശരീരത്തിന്റെ തൃഷ്ണകളിലേക്കുള്ള ഉണർവ് എല്ലാം അമുദന്റെ മനസ്സിൽ വൻ ഭൂകമ്പമുണ്ടാക്കുന്നു. അത് അയാളിൽ, ആ കഥാപാത്രത്തിൽ, ഉറഞ്ഞുകൂടിയ അബദ്ധധാരണകൾ കൊണ്ടാണെന്ന് സമാധാനിച്ചാലും പലപ്പോഴും awkward ആയി തോന്നുന്നു.
ടാക്സി ഡ്രൈവറായി തൊഴിൽ ചെയ്യാൻ തുടങ്ങിയ അമുദൻ മകളെ താല്ക്കാലികമായി ഒരു സംരക്ഷണ കേന്ദ്രത്തിൽ ആക്കുന്നു. രാവും പകലും അധ്വാനിച്ച് ഒരു നല്ല വീട് വാടകയ്ക്ക് എടുക്കാനുള്ള ശ്രമത്തിലാണ് അയാൾ. അതിനിടയിൽ മീര എന്ന ട്രാൻസ്ജെന്റർ വ്യക്തിയെ പരിചയപ്പെടുന്നുണ്ട്. അവർക്കിടയിൽ പതിയെ രൂപപ്പെടുന്ന സൗഹൃദം വഴി അമുദൻ ഒരു വീട് കണ്ടു പിടിക്കുന്നു.
പാപ്പയെ വിളിക്കാൻ സംരംക്ഷണ കേന്ദ്രത്തിലെത്തുന്ന അമുദൻ, അവളെ (സ്വയംഭോഗം ചെയ്തു എന്ന പേരിൽ) മർദ്ദിക്കപ്പെട്ട നിലയിൽ കാണുന്നു. കേവലം പതിനാലു വയസ്സുള്ള മകളുടെ കാമപൂർത്തീകരണത്തിനായി ബ്രോത്തൽ ഹൗസ് അന്വേഷിച്ചു പോകുന്ന ആ നിമിഷം മുതൽ അമുദൻ, പേരൻപ് എന്ന സിനിമയിലെ സ്ത്രീ / മനുഷ്യ വിരുദ്ധമായ കഥാപാത്രമാവുന്നു. അതു മാത്രമല്ല സ്ത്രീ ലൈംഗീകത പോകട്ടെ, സാമാന്യ മനുഷ്യന്റെ ജൈവിക ചോദനകളെപ്പറ്റി ഒരു മിനിമം ധാരണ പോലുമില്ലാത്തയാളാണോ അമുദൻ എന്ന് പ്രേക്ഷകൻ ചിന്തിച്ചു പോകും. സംരക്ഷണ കേന്ദ്രത്തിലെ മറ്റൊരു കൗമാരക്കാരനും ഇത്തരമൊരു സ്വഭാവദൂഷ്യമാരോപിക്കപ്പെട്ട് വീട്ടിൽ നിന്ന് / നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടവനാണ്.
ഇത്തരം റസ്ക്യൂ ഹോമുകളിലെ കാടത്തം കാണിക്കുന്ന രംഗമാണിത്. തൊട്ടടുത്ത രംഗത്തിൽ പാപ്പയുടെ സുഹൃത്തായ കുട്ടിയുടെ അച്ഛനെ കാണാൻ അമുദൻ പോകുന്ന സ്വീക്വൻസിലും വിഷയം ഈ sexual Urge തന്നെ.
Nature is thirsty എന്ന ഈ ഖണ്ഡത്തിൽ, ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ചിലരുടെ testimonial statements കൂടി ഉൾപെടുത്തി ആധികാരികമാക്കിയിട്ടുണ്ട്. Spastic അവസ്ഥയിലുള്ള കുട്ടികൾ മാത്രമല്ല, കൗമാരത്തിലെത്തുന്നതോടെ ഏവരും/ കുടുംബത്തിനകത്തു നിന്നു തന്നെ ആർജിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ഈ അധ്യായമാണ് പേരൻപിന്റെ യഥാർത്ഥ സത്ത. ഈ വിഷയം ചർച്ചചെയ്യാനുള്ള സിനിമാറ്റിക് രീതിയിലേക്ക് ചിത്രത്തിന്റെ ഘടന മാറ്റിയെടുക്കാൻ Lyrical ആയ, intellectual ആയ പരിചരണ രീതി ഉപയോഗിക്കുന്നത് ഫോഴ്സ്ഫുൾ ആയി തോന്നുന്നു.
തുടർന്നു വരുന്ന സീക്വൻസുകൾ ലൈംഗിക ഭീതികളുടെ ഫലമായുള്ള ഓവർ റിയാക്ഷൻസ് ആണ് അമുദനിൽ മുന്നിട്ട് നില്ക്കുന്നത്. മീരയെ ലൈംഗീക തൊഴിൽ ആരോപിച്ച് ഇറക്കിവിടുന്നത് അതിന്റെ ഭാഗമായാണ്. പ്രായത്തിനനുസരിച്ചുള്ള നൈസർഗിക വാസനകൾ പൊറുക്കാൻ പറ്റാത്ത തെറ്റായും പാപമായും കാണുന്ന സമൂഹ്യ സമർദ്ദങ്ങൾക്ക് കീഴ്പെടുന്ന കഥാപാത്രമായി അമുദനെ ഉൾക്കൊള്ളാൻ എന്തു കൊണ്ടോ പറ്റുന്നില്ല. അയാളുടെ ഒറ്റപ്പെടൽ, മകളോടുള്ള കരുതൽ ഹൃദയവേദനയോടെ കാണി ഏറ്റുവാങ്ങുമ്പോഴും അയാളിലെ സെൻസില്ലായ്മ കല്ലുകടിയായി തന്നെ നില്ക്കുന്നു.
ഭിന്നശേഷിക്കാരായ / ശരിയായി ആശയവിനിമയം സാധ്യമാകാത്ത മനുഷ്യർക്കും ശാരീരിക തൃഷ്ണകളുണ്ടാകുമെന്നും അത് ഒരു തെറ്റല്ല, അതിനെ അഭിമുഖീകരിക്കണമെന്നുമുള്ള നല്ല ഉദ്ദേശ്യത്തിലാണ് റാം ഈ സിനിമയെടുത്തതെങ്കിലും അതിന് വേണ്ടി ഉണ്ടാക്കിയ ഈ സന്ദർഭങ്ങൾ പരിതാപകരമായിപോയി. അതിന് ന്യായീകരണം നല്കാൻ, മക്കൾക്ക് കല്യാണപ്രായമായാൽ മാതാപിതാക്കൾ വിവാഹം നടത്തുന്നത് ഇതിനല്ലേയെന്നും തന്റെ മകൾക്ക് അതിനൊന്നും യോഗമില്ലെന്നും താൻ മരിക്കു മുമ്പ് അവൾക്ക് അതൊക്കെ സാധിച്ചു കൊടുക്കാനാണ് താനിങ്ങനെ ചെയ്യുന്നതെന്ന് പറയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു മരണഭയവും തീണ്ടാത്ത അരോഗദൃഢഗാത്രനായ ഒരാൾ ഇങ്ങനെ പരിതപിക്കുന്നത് എന്തിനാണ്? ബാലിശമായ ആ രംഗത്തിന്റെ സ്വീകാര്യത സംഭവിക്കുന്നത് മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ അഭിനയത്തിലാണ്, ഇടറുന്ന / കനം വിങ്ങിയ വാക്കുകളുടെ വൈകാരികശേഷിയിലാണ്.
പതിനാലുകാരിക്ക് പുരുഷനെ തേടുന്ന ചിന്ത ഈ സിനിമ മുന്നോട്ട് വെക്കുന്ന നിരവധി പുരോഗമന ചിന്തകൾക്കിടയിലെ വലിയ അബദ്ധമാണ്. മകൾ തനിക്കൊരു ബാധ്യതയാണെന്ന് കണ്ട് അവളെ കടലിൽ മുക്കി കൊല്ലാനൊരുങ്ങുന്ന അച്ഛനും ഒരു പെസിമിസ്റ്റിക് മനസ്സിന്റെ ഫലമാണ്.
അമുദനും മകൾക്കും വനത്തിന് നടുവിലെ വീട് നല്കുന്ന വിദേശ വനിതയൊഴികെ ഈ സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെല്ലാം പല തരത്തിൽ ന്യൂനതകൾ ഉള്ളവരാണ്. ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച തങ്കം, അമുദനെ പറ്റിക്കാനെത്തിയ വിജി, പാപ്പയുടെ വൈകല്യത്തിൽ അവളോട് ഒട്ടും കരുണയില്ലാത്ത അമുദന്റെ സഹോദര ഭാര്യ, അമുദന്റെ അമ്മ എല്ലാവരിലും Negative shade/ സ്വാർത്ഥത വേണ്ടുവോളം ഉണ്ട്.
നിവൃത്തികേടുകൊണ്ട് തന്റെ ആദ്യ ഭാര്യയെ വീണ്ടും കാണാൻ അമുദൻ ചെല്ലുന്ന രംഗമുണ്ട് സിനിമയിൽ. തങ്കം അപ്പോൾ സ്റ്റെല്ല എന്ന പേരിൽ മറ്റൊരാളുടെ ഭാര്യയാണ്. അവരെ രംഗത്ത് മുഴുവനായി പ്രേക്ഷകർക്ക് വ്യക്തമാകാത്ത രീതിയിലാണ് റാമിന്റെ ഷോട്ട് നിർമിതി. അമുദന് തങ്കത്തെ അഭിമുഖീകരിക്കാനുള്ള പ്രയാസം സംവിധായകനും ഏറ്റെടുത്തതുപോലെ തോന്നും! എല്ലാ ശ്രദ്ധയും അമുദനിൽ നിർത്തി ആ സീൻ എഡിറ്റ് ചെയ്ത രീതി കാണിക്കുന്നുണ്ട് സംവിധായകന് അമുദനോടുള്ള കൂറ്! തങ്കം ഒരു വാക്കു പോലും അമുദനോട് മിണ്ടിയില്ല. പശ്ചാത്തലത്തിൽ കേൾക്കുന്ന ശിശുവിന്റെ കരച്ചിലിന് പുതിയ ഭർത്താവ് വിശദീകരണം നല്കുമ്പോഴാണ് മൂന്നു മാസം പ്രായമായ ഒരു കുഞ്ഞിന്റെ അമ്മയാണ് തങ്കം എന്ന് അമുദനും പ്രേക്ഷകനും അറിയുന്നത്. ഒരിക്കൽ കൂടി മമ്മുട്ടി എന്ന നടൻ തന്റെ performance-ന്റെ റേഞ്ച് കാണിച്ചുതരുന്നുണ്ട് ഈ രംഗത്തിൽ.
പറയാൻ വന്ന കാര്യം പറയാതെ അമുദൻ ആ വീട്ടിൽ നിന്നിറങ്ങുന്നു. കൊച്ച് കുഞ്ഞിന്റെ അമ്മയായ ഒരു സ്ത്രീയോട് കൂടുതൽ ഉത്തരവാദിത്തമേറ്റെടുക്കാൻ പറയാതിരിക്കാനുള്ള മാന്യത കൂടി അമുദന്റെ ഈ പെരുമാറ്റത്തിൽ ദർശിക്കാം. പക്ഷെ തൊട്ടടുത്ത വോയിസ് ഓവറിൽ പാപ്പയെപ്പറ്റി ഒന്നും ചോദിക്കാത്തതിനാലാണ് താനങ്ങനെ ഒന്നും പറയാതിറങ്ങിയത് എന്ന് അമുദൻ വിശദീകരിക്കുന്നോടെ അയാളുടെ politics of Narrative ആൺപക്ഷത്തിന്റെ സങ്കുചിതത്തിലേക്ക് വീണ്ടും ഒതുക്കുന്നു സംവിധായകൻ.
തങ്കം എന്ന സ്റ്റെല്ലയ്ക്ക് മുഖം പോലും നല്കിയില്ല എന്നു മാത്രമല്ല, സുമുഖനായ അമുദനെ ഉപേക്ഷിച്ച്, ഒറ്റ നോട്ടത്തിൽ കുടവയറും കഷണ്ടിയുമുള്ള, സാധാരണ പ്രേക്ഷകന് അത്ര പ്രതിപത്തി തോന്നാത്ത ഒരാളെ പുതിയ ഭർത്താവായി പ്രതിഷ്ഠിച്ചതിലും നായക കഥാപാത്രത്തോടുള്ള സംവിധായക പക്ഷപാതിത്വമായി വായിച്ചാൽ തെറ്റുപറയാൻ കഴിയില്ല.
നായകന്റെ നേർക്കുള്ള സഹാനുഭൂതി വർദ്ധിപ്പിക്കാനുള്ള നിരവധി ഘടകങ്ങളുടെ ബാലൻസഡ് അല്ലാത്ത കോർത്തിണക്കൽ ഉണ്ട് എന്നത് പറയാൻ ഇത് ഉദാഹരിച്ചു എന്നേയുള്ളൂ.
ട്രാൻസ്ജെൻഡർ വ്യക്തികളെ ലൈംഗിക തൊഴിലാളികളായി ഒറ്റയടിക്ക് ചിത്രീകരിക്കുന്നതിലും വളരെ ഏകപക്ഷീയമായ നോട്ടമാണ് അനുഭവപ്പെട്ടത്.
സിനിമയുടെ അവസാനത്തിൽ Nature is compassionate എന്ന ഒറ്റ അധ്യായത്തിൽ, വിവാഹബന്ധങ്ങളെപ്പറ്റി സമൂഹം പുലർത്തുന്ന ഇടുങ്ങിയ വീക്ഷണത്തെ റാം മാറ്റിപ്പണിയുന്നതിന് അഭിനന്ദനമർഹിക്കുന്നു. സിനിമയിൽ ആദ്യ പകുതിയിൽ കാവ്യാത്മകതയെങ്കിൽ രണ്ടാം പകുതി കുറച്ചു കൂടി റിയലിസ്റ്റിക് ആണ്.
പാട്ടുകളിലെ വരികളുടെ ആഴത്തെ യുവാൻ ശങ്കർ രാജ മനോഹരമായി ഈണപ്പെടുത്തിയിരിക്കുന്നു. ആലാപനവും മനോഹരമായിരിക്കുന്നു. വൈരമുത്തുവിന്റെ രചനയിൽ പിറന്ന ‘വാൻതൂരൽ ‘ഹൃദ്യമായ ഗാനരംഗവുമാണ്. പശ്ചാത്തല സംഗീതം അഭിനേതാക്കളുടെ നടിപ്പിനെ നന്നായി പിന്തുണയ്ക്കുന്നു. അതിനപ്പുറത്തുള്ള ശബ്ദ ശ്രദ്ധ നേടുന്നില്ല എന്നു മാത്രമല്ല, നിശബ്ദ വൈകാരിക വിനിമയങ്ങൾ പ്രേക്ഷകനിലേക്ക് എത്താൻ പാലിക്കേണ്ട മിതത്വം നന്നായി പാലിച്ചിരിക്കുകയും ചെയ്യുന്നു.
വിജിയായി എത്തിയ അഞ്ജലി, മീരയെ അവതരിപ്പിച്ച ട്രാൻസ്ജെൻഡർ അഞ്ജലി അമീർ, സംരക്ഷണ കേന്ദ്രത്തിലെ പാപ്പയുടെ കൂട്ടുകാരൻ പയ്യൻ തുടങ്ങിയവരെല്ലാം നല്ല പ്രകടനം നടത്തിയിരിക്കുന്നു.
അഭിനേതാക്കളുടെ പെർഫോമൻസ് ഛായാഗ്രാഹകനായ തേനി ഈശ്വർ വിശദമായി പകർത്തിയിട്ടുണ്ട്. ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ blue/cool ടോണിലും അമുദൻ – പാപ്പാ രംഗങ്ങൾ warm ആയും അനുഭവപ്പെടുത്തുന്നുണ്ട് ക്യാമറ.
വാക്കുകളെ ആശ്രയിക്കാതെ തന്നെ, അഭിനേതാക്കളുടെ മുഖഭാവം, നോട്ടങ്ങൾ, ശരീരചലനങ്ങൾ ആശയ വിനിമയം നടത്തുന്നത് എന്നിവ കൃത്യമാക്കിയിരിക്കുന്ന ചിത്രസംയോജനം അഭിനന്ദനമർഹിക്കുന്നു.
പ്രധാനപ്പെട്ട, വലിയ ചർച്ചകൾക്ക് വഴിയൊരുക്കേണ്ട ഒരു വിഷയം കൈകാര്യം ചെയ്യുന്നു പേരൻപ് എന്ന സോദ്ദേശ്യ ചിത്രം. അതിന് പ്രേക്ഷകരുടെ സകുടുംബ ശ്രദ്ധ ആവശ്യമുണ്ട്. അഭിനയത്തിൽ നാലു പതിറ്റാണ്ട് പിന്നിടുന്ന മമ്മൂട്ടി എന്ന നടൻ എങ്ങനെ സ്വയം പുതുക്കുന്നു എന്നത് കണ്ടറിയാനുള്ള അവസരം കൂടിയാണ് പേരൻപ്. നടന്റെ Refinement ബാഹ്യ പ്രകടനമല്ലെന്നും ആന്തരികമായ രസതന്ത്രമാണെന്നും അത് ഏറ്റവും ശ്രമകരമായ സർഗാത്മകതയാണെന്നും ഓരോ ഷോട്ടിലും പേരന്പ് കാണിച്ചുതരുന്നു.
തീർച്ചയായും കുട്ടികൾ അഛനമ്മമാരൊടൊപ്പമിരുന്ന് ഈ സിനിമ കാണണം. ശരീരകേന്ദ്രീകൃത ഭീതി/ അകൽച്ചയിൽ കാര്യമില്ലെന്നും ബന്ധങ്ങളിൽ ലിംഗവിവേചനങ്ങൾക്ക് പ്രസക്തിയില്ലെന്നും പേരൻപിലെ ചില രംഗങ്ങൾ കൃത്യമായി വിനിമയം ചെയ്യുന്നുണ്ട്. അതാണ് ഈ സിനിമയെ പ്രസക്തമാക്കുന്നതും.
Be the first to write a comment.