വിക്ക് അവന്റെ ജീവിതം തന്നെ പാഠശാല
അവൻ തന്നെ അവന്റെ ഒസ്യത്തും, ഭാഗപത്രവുമാണ്.
നിരന്തരമുള്ള വേട്ടയാടലുകളിൽ ഇറങ്ങിപ്പോയ പകലുകൾ,
പൊങ്ങച്ചങ്ങളുടെ കച്ചമുറുക്കങ്ങൾ,
പെരുമാറിത്തേഞ്ഞതെങ്കിലും മുറിപ്പെടുത്താനാവുന്ന വാക്കുകൾ,
ചതിച്ചൂതിൽ തോറ്റു നിൽക്കുമ്പോഴും
കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്ന പ്രിയങ്ങൾ
എല്ലാം അവനെ കുരിശ്ശിലേറ്റാൻ അവൻ ചെയ്ത പാപങ്ങൾ.
കവി, ഒരു കുമ്പസാരക്കൂടാണ്.
നിവേദനങ്ങൾ,ആവലാതികൾ
ആരതിയുഴിയുന്നുണ്ടവനെ.
കടൽ പോലെ പ്രക്ഷുബ്ധമാണവന്റെയുള്ളം.
കനൽ പോലെ പൊള്ളുന്നുണ്ടവന്റെ ദേഹം.
കവിതയിൽ കളരിച്ചുവടുവെച്ച് ഇടംവലം വെട്ടിയവൻ.
കൊടികളില്ലാതെ കാലത്തിന്റെ അടയാളമിട്ടവൻ.
ശിരസ്സിലെ, ആരുംകാണാത്ത മൂന്നാം കണ്ണുകൊണ്ട്,
ഭൂതകാലത്തെ ഭാവിയിലേക്ക് വർത്തമാനപ്പെടുന്നവൻ.
നിലപാടുകളുടെ കൊടും പാശം ബോധത്തിലൊളിപ്പിച്ചവൻ.
തുണവന്നവനാൽ ചതിക്കപ്പെട്ടവൻ.
രാത്രി സത്രത്തിന്റെ ഭിത്തി തുരന്ന് പ്രഭാതത്തിലേക്ക് ഒളിച്ചു കടന്നവൻ.
വരും കാലത്തേക്കായ് ജ്വലിച്ച് ജ്വലിച്ച്
ഉരുകിയൊലിച്ച നക്ഷത്രം.
പലരാൽ കൂദാശപ്പെട്ടവൾക്ക് പ്രണയം പകുത്തു തോറ്റവൻ.
മഹാസമുദ്രത്തിലെ ചെറിയ പവിഴത്തെയും മുങ്ങിയെടുക്കാൻ കൊതിച്ചവൻ.
കോപ്പുകൂട്ടലുകളിൽ ലിംഗഭംഗംവന്ന ക്ഷാത്രവീരന്റെ നിഴൽ.
ഏറെ വായിച്ചു തീർന്നതെങ്കിലും മരിച്ച ഈ പുസ്തകം പൊതുദർശനത്തിനു വെച്ചിരിക്കുന്നു.
പുഷ്പചക്രങ്ങൾ അനുശോചനങ്ങളാകട്ടെ.
ഒരുവൾക്ക് തൂകാനുള്ള കണ്ണീരല്ല, കവിതയാണിത്.


 

Comments

comments