(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അറബ് സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് പ്രഥമ വര്‍ഷം (2008) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച കൃതിയാണ് സിറിയന്‍ നോവലിസ്റ്റ് ഖാലിദ് ഖലീഫയുടെ ‘In Praise of Hatred’. സിറിയന്‍ സംഘര്‍ഷങ്ങളുടെ ചരിത്രപരവും വംശീയവുമായ അടിവേരുകള്‍ സര്‍ഗ്ഗാത്മകമായി അന്വേഷിക്കുന്ന പുസ്തകം അപരവിദ്വേഷമെന്ന ഋണാത്മക ശക്തി എങ്ങനെയാണ് ഊര്‍ജ്ജവും വിനാശവും ആയിത്തീരുന്നത് എന്ന് മൌലിക വാദസമൂഹത്തിലെ സ്ത്രീജീവിത സാക്ഷ്യങ്ങളിലൂടെ ആവിഷ്കരിക്കുന്നു.)
ഇന്നത്തെ വടക്കന്‍ സിറിയയിലെ അലെപ്പോ നഗരത്തെ സമാന്തരമാക്കുന്ന, മരണം ‘വഴിയോരത്തേക്കു തള്ളുന്ന ഒരു വണ്ടി അഴുകിയ പീച്ച് പഴങ്ങള്‍ പോലെ അത്രയും സ്വാഭാവികമായ’ ഇടമാണ് സുപ്രസിദ്ധ സിറിയന്‍ നോവലിസ്റ്റ് ഖാലിദ് ഖലിഫയുടെ ‘വിദ്വേഷത്തെ പുകഴ്ത്തിക്കൊണ്ട്’ എന്ന നോവലിന്റെ ഭൂമിക. ഇപ്പോഴത്തെ സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന്റെ പിതാവ് ഹാഫെസ് അല്‍ അസദിന്റെ ഭരണകൂടവും മുസ്ലിം ബ്രദര്‍ഹുഡും തമ്മില്‍ എഴുപതുകളില്‍ തുടങ്ങിയ രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ 1982-ലെ ഹമായിലെ നരമേധം എന്നറിയപ്പെട്ട കൂട്ടക്കൊലയിലാണ് മൂര്‍ദ്ധന്യത്തില്‍ എത്തിയത്. ഈ കൂട്ടക്കൊല തന്നെയും നോവലില്‍ സൂചിതമാകുന്നുണ്ടെങ്കിലും പുസ്തകത്തിന്റെ പശ്ചാത്തലം ശരിക്കും ഇസ്ലാമിസ്റ്റ് റിബലുകളും മുഖാബറാത് രഹസ്യപ്പോലീസും തമ്മില്‍ അലെപ്പോയില്‍ അരങ്ങേറിയ സുദീര്‍ഘമായ കലാപങ്ങളാണ്. ലോകനഗരമായിരുന്ന അലെപ്പോയുടെ സെക്കുലര്‍ സഹിഷ്ണുതയെ തകര്‍ത്തെറിഞ്ഞ സംഭവങ്ങള്‍ വിഭാഗീയതക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വിത്തുപാകിയതെങ്ങനെയെന്ന അന്വേഷണത്തിന് വര്‍ത്തമാന പരിതസ്ഥിതിയില്‍ ഏറെ സാംഗത്യമുണ്ട്. വിലക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ആഖ്യാനമെന്ന നിലയില്‍ നോവല്‍ സിറിയയില്‍ ഉടനടി നിരോധിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു.
അപരവിദ്വേഷമെന്ന ഋണാത്മക ഊര്‍ജ്ജം
ഒലീവ് തോട്ടങ്ങളും പിസ്താ വയലുകളും നിറഞ്ഞ പുരാതന നഗരത്തില്‍ – ഭൂമിയില്‍ എക്കാലവും ജനവാസമുണ്ടായിരുന്ന നഗരങ്ങളില്‍ ഏറ്റവും പുരാതനം എന്ന ബഹുമതി ഡമാസ്കസ്സിനൊപ്പം പങ്കുവെക്കുന്ന നഗരമെന്നു പുസ്തകത്തിന്റെ അനുബന്ധ ലേഖനത്തില്‍ റോബിന്‍ യാസിന്‍ കസബ് – കടുത്ത മതനിഷ്ടതയുള്ള കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് വലിയ തറവാട്ടു വീട്ടില്‍ കഴിയുന്ന പേര് പറയുന്നില്ലാത്ത ആഖ്യാതാവായ പെണ്‍കുട്ടി. മൂന്ന് അമ്മായിമാരും വയോധികനായ അന്ധ ഭൃത്യനും ഉള്ള കുടുംബത്തില്‍ നിഷേധികളായ ഇളയ രണ്ട് അമ്മായിമാര്‍ മൂത്തവളായ മറിയം അമ്മായിയുടെ മത കാര്‍ക്കശ്യങ്ങളില്‍ നിന്ന് അവളെ വേറിട്ട് വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ‘പുകവലി ഭീകരമാണ്, എന്നാല്‍ ഹറാം അല്ല’ എന്നാണു അവര്‍ പറയുക. എന്നാല്‍ ദൈവപ്രീതിക്കായി കറുത്ത വസ്ത്രം ധരിച്ചും മൂടുപടമിട്ടും വളരുന്ന ഏകാന്തതയേയും അനാഥത്വത്തെയും കുറിച്ച് ചകിതയായി വാതില്‍പ്പടിക്കല്‍ നില്‍ക്കുമായിരുന്ന ലജ്ജാലുവായ പെണ്‍കുട്ടി’ എന്നതില്‍ നിന്ന്, സ്ത്രീയെന്നാല്‍ ‘ജീവനുള്ള അഴുക്ക്’ ആണെന്നു പഠിപ്പിക്കപ്പെട്ട, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ആയ അമ്മാവന്മാരുടെ നിയന്ത്രണത്തില്‍ വളരുന്ന അവള്‍ കൌമാരമനസ്സില്‍ ‘മരത്തില്‍ നീരെന്ന പോലെ .. ഉയരുന്ന ആസക്തി’യെ നുള്ളിക്കളയുകയും കൂമ്പിവരുന്ന മാറിടങ്ങള്‍ കട്ടിയുള്ള ചട്ടകള്‍ കൊണ്ട് ഒതുക്കിക്കളയുകയും ചെയ്യുന്നു. ‘എന്റെ ഉടല്‍ ഒരു ഇരുണ്ട അറയാണെന്ന് എനിക്ക് തോന്നി, ഈറന്‍, ചിലന്തികള്‍ ഇഴയുന്നത്.’ തങ്ങളുടെ ഉടല്‍ ഭാഗങ്ങളെ തുറന്നു കാട്ടുന്നതില്‍ മടിയില്ലാത്ത സെക്കുലറിസ്റ്റുകളെയും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും കുറിച്ച് നരകപാപ ഭയമുള്ള പെണ്‍കുട്ടിയില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങള്‍ യൂണിഫോമും ആയുധങ്ങളും കാണിച്ചു കോളേജിലും തെരുവിലും നടത്തുന്ന പ്രകടനങ്ങളും ചേരുന്നതോടെ അവരോടുള്ള വെറുപ്പുണ്ടാകുകയും അതിന്റെ സ്വാഭാവിക തുടര്‍ച്ചയെന്നോണം മുഴുവന്‍ ‘അപര വിഭാഗ’ങ്ങളോടുമുള്ള വെറുപ്പിനു അവള്‍ കീഴടങ്ങുകയും ചെയ്യുന്നു. രാഷ്ട്രീയ അപഥസഞ്ചാരവും ധാര്‍മ്മിക ഛെച്യുതിയും ആഖ്യാതാവിന്റെ മനസ്സില്‍ കെട്ടുപിണയുന്നുണ്ട്. തന്റെ പ്രിയപ്പെട്ട അമ്മാവന്‍ ബക്കറിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടി ആ അപകടകരമായ നിലപാടില്‍ എത്തിച്ചേരുന്നു: വിദ്വേഷം ഒന്ന് മാത്രമാണ് ഹിംസ നിറഞ്ഞ ലോകത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ട ഊര്‍ജ്ജവും പ്രചോദനവും നല്‍കുക. ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജയില്‍ വാസവും കൊടിയ പീഡനങ്ങളും അതിനു വിലയായി നല്‍കേണ്ടി വരുന്നതാണ് അവളുടെ ജീവിതത്തില്‍ പരിണാമങ്ങള്‍ സൃഷ്ടിക്കുക.
കൃത്യമായി പറയുന്നില്ലെങ്കിലും നോവലിലെ അപരവിഭാഗമെന്നത് ബാത്ത് പാര്‍ട്ടി ഭരണത്തില്‍ ഭൂരിപക്ഷമുള്ള ഷിയാ വിഭാഗമായ, സെക്കുലര്‍ നാട്യം സൌകര്യപൂര്‍വ്വം നിലനിര്‍ത്തുന്ന അലവി ന്യൂനപക്ഷമാണ്. പെണ്‍കുട്ടിയുടെ കുടുംബമാകട്ടെ, സുന്നി ഭൂരിപക്ഷവും. അപരവിദ്വേഷത്തിന്റെതായ പാഠങ്ങളില്‍ അവളുടെ ശിക്ഷണം പൂര്‍ത്തിയാക്കുന്നതില്‍ ഡമരു കൊട്ടുന്ന ഇസ്ലാമിസ്റ്റുകളും അവളുടെ ‘പെന്‍ഗ്വിന്‍’ വേഷത്തെ കളിയാക്കുകയും പീഡകരുമായുള്ള ദുരന്ത ബന്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യുന്ന സെക്കുലര്‍ നാട്യക്കാരോ മാര്‍ക്സിസ്റ്റുകളോ ആയ സഹപാഠികളും പിന്നീട് ജയില്‍വാസക്കാലത്ത് തന്നോടൊപ്പം കഴിയുന്നവരും ചേര്‍ന്നാണ്- ചിലര്‍ ഇസ്ലാമിക രാജ്യത്തിന്റെ ‘പച്ച’ സ്വപ്നം കാണുമ്പോള്‍ മറ്റു ചിലര്‍ കമ്യൂണിസത്തിന്റെ ‘ചുവന്ന’ ലോകത്തെ ഉറ്റുനോക്കുന്നു എന്നാണ് നോവലിലെ പരാമര്‍ശം. എതിരാളികളുടെ മതാന്ധത പെരുപ്പിക്കുന്നതില്‍ ഭരണകൂടവും ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതില്‍ ഇസ്ലാമിസ്റ്റുകളും മത്സരിക്കുന്നത് ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുന്ന നില വരുത്തുന്നു. ഇരുവശത്തും ഭീകരതകള്‍ അരങ്ങേറുന്നുണ്ട്; ഇളംപ്രായക്കാരായ അലവി കേഡറ്റുകളുടെ കൊലകള്‍ മുതല്‍ ആഖ്യാതാവിന്റെ സഹോദരന്‍ കൊല്ലപ്പെടുന്ന മരുഭൂ തടവറയിലെ കൂട്ടക്കൊല – ഹമാ കൂട്ടക്കൊല- പോലെ ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. ഹമായില്‍ സൈനികര്‍ ‘ജയില്‍പുള്ളികള്‍ക്ക് നേരെ നിഷ്കരുണം വെടിവെപ്പു നടത്തി, അവരുടെ തലച്ചോറുകള്‍ ചുവരിലും സീലിങ്ങിലും എല്ലായിടത്തും പടര്‍ത്തി.. എണ്ണൂറിലേറെ തടവുകാര്‍ ഒരു മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടു.”
സ്ത്രീപാത്രസൃഷ്ടിയിലെ സൂക്ഷ്മതലങ്ങള്‍
അമ്മായിമാര്‍ ഏറെ സൂക്ഷ്മമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ്. മറിയം അവരുടെ സ്വന്തം ‘അഴുക്കായ, നിഷേധിയായ’ ഉടലുമായി യുദ്ധത്തിലാണെങ്കില്‍ മര്‍വ അമ്മായി ബ്രദര്‍ഹുഡ് വേട്ടക്കാരായ കൊലയാളി സൈന്യത്തിലെ ഒരു ഓഫീസറെ വിവാഹം ചെയ്തേക്കാന്‍ ഇടയുള്ളത് കൊണ്ട് കട്ടിലില്‍ ബന്ധിതയായി കഴിയുന്നു. സ്വതന്ത്ര ബുദ്ധിയും ജീവിതം മുഴുവനായും ആസ്വദിക്കുന്നവളുമായിരുന്ന സഫാ അമ്മായിയുടെ ദുരന്തം സ്ത്രീജീവിതം സംഘര്‍ഷങ്ങളുടെയും മൌലികവാദത്തിന്റെയും വീര്‍പ്പുമുട്ടലില്‍ എങ്ങനെയാണ് തോറ്റുപോകുന്നത് എന്നതിന്റെ ചിത്രമാണ്. ഖണ്ഡഹാറില്‍ മുജാഹിദ് പോരാളിയായിരുന്ന മുന്‍ കമ്യൂണിസ്റ്റുകാരനായ ഭര്‍ത്താവ് കൊല ചെയ്യപ്പെട്ട ശേഷം അവര്‍ ബുര്‍ഖയില്‍ ഒതുങ്ങിപ്പോവുന്നു. ആഖ്യാതാവായ മുഖ്യ കഥാപാത്രത്തിന് പേരു പറയുന്നില്ലെങ്കിലും ശക്തമായി ആവിഷ്കരിക്കപ്പെട്ട പാത്രസൃഷ്ടി തന്നെയാണ് അവരുടെതും. ഒരര്‍ത്ഥത്തില്‍ അവര്‍ സമാന ജീവിതം അനുഭവിക്കുന്ന സമൂഹത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധാനം തന്നെയാണ്: “എന്റെ ജീവിതം മറ്റുള്ളവരുടെതായിരുന്ന ദൃഷ്ടാന്ത കഥകളുടെ സംഘാതമായിരുന്നു. നിങ്ങള്‍ക്കായി മറ്റുള്ളവര്‍ നിശ്ചയിക്കുന്ന വിശ്വാസ ക്രമങ്ങളില്‍ വിശ്വസിച്ചു കൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയുക എത്ര വിഷമകരമാണ്; അവര്‍ നിങ്ങള്‍ക്കൊരു പേര് കണ്ടെത്തുന്നു, പിന്നീട് നിങ്ങള്‍ക്കതിനെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്തേ പറ്റൂ, നിങ്ങള്‍ ആരാധിക്കേണ്ട ദൈവത്തെ അവര്‍ തെരഞ്ഞെടുക്കുംപോലെത്തന്നെ, അവന്റെ ചൈതന്യത്തെ കുറിച്ചുള്ള അവരുടെ ഭാഷ്യത്തെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ, നിങ്ങള്‍ ‘അവിശ്വാസികള്‍’ എന്ന് വിളിക്കുന്നവരെ മുഴുവന്‍ കൊന്നുകൊണ്ട്. എന്നിട്ട് ഒരു വെടിയുണ്ടമഴ വര്‍ഷിക്കുന്നു, അങ്ങനെ മരണം ഒരു യാഥാര്‍ത്ഥ്യം ആയിത്തീരുന്നു.”
സ്ത്രീ ജീവിതത്തിന്റെ പ്രതിസന്ധികള്‍ തീക്ഷണമായി ചിത്രീകരിക്കുന്ന മറ്റൊരു സന്ദര്‍ഭമാണ് ഹതഭാഗ്യയായ ഒരധ്യാപികയുടെത്. എങ്ങും ചാരന്മാര്‍ നിറഞ്ഞയിടത്തില്‍ ഒരു ജ്യോഗ്രഫി അധ്യാപിക മുഖാബരാത് കുടുംബത്തിലെ വിദ്യാര്‍ഥിയെ തോല്‍പ്പിച്ചതിന്റെ പേരില്‍ വിവസ്ത്രയാക്കപ്പെടുന്നു.
മസ്തിഷ്കപ്രക്ഷാളനത്തിലൂടെ വിഭാഗീയ ചിന്ത രൂഡമാകുന്ന പെണ്‍കുട്ടിയുടെ കഥ സിറിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ യഥാതഥമായ ആവിഷ്കാരം തന്നെയെങ്കിലും തിരിച്ചറിവുകളുടെ പാഠശാലയാകുന്നത് തടവറയാണ് എന്നത് നോവലിലെ ഹൃദ്യമായ വൈരുധ്യമാണ്. മുഖാബരാത് പോലീസിന്റെ മനുഷ്യത്വ ഹീനമായ പീഡനങ്ങള്‍ നിത്യ സംഭവമാകുന്ന തടവറയില്‍ പക്ഷെ ദുരിതപര്‍വ്വങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വിചിത്ര ബന്ധുത്വം വിദ്വേഷങ്ങളുടെ മതിലുകള്‍ തകര്‍ത്ത് കളയുന്നു. ഇസ്ലാമിസ്റ്റ് വിമതരായി ജയിലിലെത്തിയവരും കമ്യൂണിസ്റ്റ് ബന്ധങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരും വേശ്യകളും ഇതര കുറ്റവാളികളുമെല്ലാം പീഡനങ്ങളുടെ ഇടവേളകളില്‍ പരസ്പരം താങ്ങും തുണയുമാകുന്നു. ഉണക്ക ബ്രെഡും ‘ഇക്കിളി വര്‍ത്തമാനങ്ങളും’ പങ്കു വെക്കുന്നു. തഴക്കം ചെന്ന വേശ്യകള്‍ ‘രാഷ്ട്രീയ’ക്കാരോട് സഹതപിക്കുന്നു. തടവറയില്‍ പിറക്കുന്ന കുഞ്ഞ് ‘ഇരുപത്തിരണ്ടു അമ്മമാരുടെ കുഞ്ഞായി’ വളരുന്നു. ‘വിഭാഗീയതയുടെ ജ്വരം’ മടുത്ത് ബയ്റൂത്തിലേക്ക് പോയ പിതാവിനെ ഇപ്പോള്‍ ആഖ്യാതാവിന് മനസ്സിലാകുന്നുണ്ട്: അദ്ദേഹം ‘നമ്മുടെ വിഭാഗത്തില്‍ പെട്ട അഴിമതിക്കാരായ രാജ്യതന്ത്രജ്ഞരെ കുറിച്ചും പീഡനങ്ങളെ കുറിച്ചും സംസാരിച്ചു, മറുവശത്ത് സത്യം പറയാനുള്ള ഞങ്ങളുടെ അവകാശത്തിനു വേണ്ടി ശബ്ദിച്ച മറുവിഭാഗത്തിലെ ആളുകളെ കുറിച്ചും.” ആഖ്യാതാവിന്റെ അപര വിദ്വേഷം ആത്മനിന്ദയുടെ സൃഷ്ടിയാണെങ്കില്‍ സ്വയം തിരിച്ചറിഞ്ഞു അംഗീകരിക്കുന്നതിലാണ് സഹിഷ്ണുത എന്ന് നോവല്‍ സൂചിപ്പിക്കുന്നു.
തീവ്രവാദവും പെണ്‍കര്‍തൃത്വവും
കര്‍തൃത്വം നിഷേധിക്കപ്പെടുന്ന സ്ത്രീജീവിതത്തില്‍ തീവ്രവാദ പ്രവര്‍ത്തനം – മത പരമോ, വംശീയമോ, രാഷ്ട്രീയമോ – നല്‍കുന്ന ‘പരമമായ സുനിശ്ചിതത്വത്തിന്റെ ആനന്ദം’ (നോവലില്‍ നിന്ന്) ഉന്മാദമായിത്തീരുന്നതിന് ലോകമെങ്ങും സംഘര്‍ഷ ഭൂമികളില്‍ ഉദാഹരണങ്ങളുണ്ട്. എല്‍.ടി.ടി.ഇ. പോരാട്ടത്തിലെ വലിയ തോതിലുള്ള സ്ത്രീ സാന്നിധ്യത്തിന് പിന്നില്‍ ശ്രീലങ്കന്‍ സൈന്യം തമിഴ് സ്ത്രീത്വത്തിനു നേരെ നടത്തിവന്ന അത്യാചാരങ്ങളിലുള്ള പ്രതികാര ബോധം മാത്രമായിരുന്നില്ല, ‘പുലിക്കൊടിച്ചി’ എന്ന പ്രയോഗം സിവിലിയന്‍/ പുലി ഭേദമെന്യേ കേള്‍ക്കേണ്ടി വന്നതിന്റെ അവമതിയും ഉണ്ടായിരുന്നുവെന്ന് നയോമി മുനവീരയുടെ ‘ആയിരം കണ്ണാടികളുടെ ദ്വീപ്’ എന്ന നോവലില്‍ ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്. പലസ്തീന്‍ സംഘര്‍ഷം പ്രമേയമാകുന്ന കൃതികളിലും പോരാളികളുടെ നിശ്ചയ ദാര്‍ഡര്‍ദ്യം പ്രകടിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ കാണാം. മത മൌലികവാദത്തിന്റെ കഥപറയാന്‍ പതിവ് ‘ആണ്‍ രക്തസാക്ഷി’ ബിംബത്തിനു പകരം ഒരു സ്ത്രീവീക്ഷണ കോണ്‍ ഉപയോഗിക്കുന്നു എന്നിടത്തു തന്നെ ഖാലിദ് ഖലീഫയുടെ നോവല്‍ വ്യത്യസ്തമാകുന്നു. ആകെ മൂടിക്കെട്ടിയ തറവാട്ടു വീട്ടിലെ ജീവിതം വെറുപ്പ് എന്ന ‘ഊര്‍ജ്ജ’ത്തെ പോഷിപ്പിക്കാന്‍ പാകത്തിലുള്ളതുമാണ്. പ്രണയം പോലെ ഊര്‍ജ്ജദായകമാണ് വെറുപ്പും എന്ന് അവള്‍ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്: “വിദ്വേഷം പ്രകീര്‍ത്തിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ് എന്ന് ഞാന്‍ കണ്ടെത്തി, കാരണം അത് പ്രണയം എങ്ങനെയാണോ നമുക്കുള്ളില്‍ കഴിയുന്നത് അതുപോലെത്തന്നെ കഴിയുന്നു. അത് നിമിഷം പ്രതി വളരുകയും ഒടുവില്‍ നമ്മുടെ ആത്മാവില്‍ വാസമുറപ്പിക്കുകയും ചെയ്യുന്നു, നമ്മളോ, അത് നമ്മെ വേദനിപ്പിക്കുമ്പോള്‍ പോലും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയില്ല.” തടവിലാക്കപ്പെടുമ്പോഴും പീഡിതര്‍ ആവുന്ന സ്ത്രീകള്‍ക്കിടയില്‍ വെറുപ്പിന്റെതായ ഒരു പെണ്‍ സൌഭ്രാത്രം വളരുന്നത് അവള്‍ അറിയുന്നു. കാമനകളുടെ ഉണര്‍വ്വ് സംഭവിച്ചു തുടങ്ങുമ്പോള്‍ അവളുടെ ജൈവ ചോദനകള്‍ തീവ്ര മതനിഷ്ടയുമായി സംഘര്‍ഷത്തിലാണ്. ചില സന്ദര്‍ഭങ്ങളില്‍ ലെസ്ബിയന്‍ ചോദനകളായും അധികവും ജയില്‍ ഗാര്‍ഡുകള്‍ക്കു നേരെയുള്ള തീക്ഷ്ണ ലൈംഗിക ആകര്‍ഷണമായും അനുഭവപ്പെടുന്ന വികാരങ്ങള്‍ക്കെതിരെ സ്വയം ശാസിച്ചു പിന്‍ വലിയുന്ന അവസരങ്ങള്‍ പലതുണ്ട്. ആഖ്യാനതലത്തില്‍ ആണ്‍നോട്ടത്തിന്റെ വിമര്‍ശനം ക്ഷണിച്ചു വരുത്തും വിധം സ്ഥൂലമാകുന്നുണ്ട് പലപ്പോഴും നോവലിസ്റ്റിന്റെ ശൈലി – വിശേഷിച്ചും സ്തന വര്‍ണ്ണനകളുടെ ആധിക്യത്തില്‍. ആഖ്യാതാവിനെ പോലെത്തന്നെ തങ്ങളുടെ ജൈവചോദനകളെ അടക്കിനിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന അമ്മായിമാരും തങ്ങളോടു തന്നെ തുടരുന്ന അടിച്ചമര്‍ത്തല്‍ നോവലിന്റെ കേന്ദ്ര പ്രമേയമായ ഹിംസയുടെ – രാഷ്ട്രീയ, സൈനിക, മൌലികവാദ, വിദ്വേഷാധിഷ്ടിത കടന്നു കയറ്റങ്ങളുടെ – തുടര്‍ച്ചയോ പൂരകമോ ആണ് എന്ന് കാണാം. നോവലിലെങ്ങും കാണാവുന്ന ഇരുണ്ട അറകള്‍, മൂടുപടങ്ങള്‍, അടഞ്ഞ ഇടങ്ങള്‍ തുടങ്ങിയ ബിംബങ്ങളും ആദര്‍ശങ്ങള്‍, ചരിത്രം, വിദ്വേഷം തുടങ്ങിയ ബഹുരൂപ തടവറകളില്‍ അടഞ്ഞു പോയ ജീവിതങ്ങളുടെ പ്രതീകവല്‍ക്കരണമായി കാണാമെന്ന് യാസിന്‍ കസബ് നിരീക്ഷിക്കുന്നുണ്ട്.
യാസിന്‍ കസബ് എഴുതിയ അനുബന്ധലേഖനവും വിവര്‍ത്തകന്‍ ലെറി പ്രൈസ് എഴുതിയ കുറിപ്പും നോവലിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും കലാപരമായ മേന്മയെ കുറിച്ചും ഹ്രസ്വമെങ്കിലും ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സിറിയന്‍ ഏകാധിപത്യ ഭരണം സെക്കുലറിസമെന്ന ആശയത്തെ തന്നെ അശ്ലീലമാക്കിയതിനെ കുറിച്ച് യാസിന്‍ കസബ് ചൂണ്ടിക്കാണിക്കുന്നു. അതൊരു നിര്‍ബന്ധിതവും വിഭാഗീയവുമായ നാട്യമായിരുന്നുവെന്നും മധ്യ പൌരസ്ത്യ ദേശങ്ങളുടെ പോസ്റ്റ് കൊളോണിയല്‍ ഉത്പന്നമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയായിരുന്നു എന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ‘ന്യൂനപക്ഷ സൈന്യം’ ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിന്റെ സൃഷ്ടിയായിരുന്നു. 1963-ല്‍ ബാത്ത് പാര്‍ട്ടിയുടെ സൈനിക വിഭാഗം അധികാരത്തില്‍ പിടിമുറുക്കി. 1970 ആകുമ്പോഴേക്കും ഹാഫെസ് അല്‍ അസദും അദ്ദേഹത്തിന്റെ ജനറല്‍മാരും ചേര്‍ന്ന് പാര്‍ട്ടിയെ പരമാധികാര കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ആദ്യകാലത്ത് നഗരവാസികളായ സുന്നി ബൂര്‍ഷ്വാസിക്കെതിരെ ആധുനികതയുടെയും ദേശീയ വാദത്തിന്റെയും ജനകീയ മുഖമായി പ്രത്യക്ഷപ്പെട്ട അസദ്
ഭരണം, കര്‍ഷക മുന്നേറ്റങ്ങളുടെ ജിഹ്വയായി വര്‍ത്തിച്ചു. എന്നാല്‍ എഴുപതുകളുടെ രണ്ടാം പാതിയിലെത്തുമ്പോള്‍ താക്കോല്‍ സ്ഥാനങ്ങളില്‍ മുഴുവന്‍ അലാവി വിഭാഗക്കാരെ കുത്തിനിറച്ചും അടിമുടി അഴിമതിയില്‍ മുങ്ങിയും ജനങ്ങളില്‍ നിന്ന് അകന്നു പോയ ഭരണം, 1976-ല്‍ പലസ്തീനിലെ ഇടതു പക്ഷ- മുസ്ലിം സഖ്യത്തിനെതിരെ ലബനനിലെ ഫലാംഗിസ്റ്റ് സൈന്യത്തെ പിന്തുണക്കുക കൂടി ചെയ്തതോടെ അസംതൃപ്തികള്‍ മൂര്‍ദ്ധന്യത്തില്‍ എത്തി. സിറിയന്‍ ഇസ്ലാമിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തുറന്ന സംഘട്ടനങ്ങള്‍ ആരംഭിക്കുന്ന ഈ സന്ദര്‍ഭമാണ് നോവല്‍ അടയാളപ്പെടുത്തുന്നത്. നാസ്തിക നിലപാടുള്ള ബാത്തിസ്റ്റുകളുടെ സെക്കുലര്‍ മൂല്യങ്ങളെ
തകിടം മറിച്ച് ശരീയത്ത് നിയമം കൊണ്ടുവരാനുള്ള അവസരമായി മുസ്ലിം ബ്രദര്‍ഹുഡ് സന്ദര്‍ഭത്തെ ഉപയോഗിച്ചപ്പോള്‍ മാര്‍ക്സിസ്റ്റുകളുടെ എതിര്‍പ്പിനുള്ള കാരണങ്ങളും സുവ്യക്തമായിരുന്നു. എന്നാല്‍ അസദ് ഭരണം എല്ലാതരം വിമതസ്വരങ്ങളെയും കണ്ണില്‍ ചോരയില്ലാതെ അടിച്ചമര്‍ത്തി. അലേപ്പോ ഉപരോധ നാളുകളില്‍ രഹസ്യപ്പോലീസിന്റെ പിടിയില്‍ അകപ്പെട്ടു പീഡനം സഹിക്കേണ്ടി വരും എന്ന് വരുന്ന ഘട്ടത്തില്‍ എരിയുന്ന ഓവനില്‍ ചാടി ആത്മഹത്യ ചെയ്യുന്ന സിവിലിയന്റെ ചിത്രം ആ രക്ത രൂക്ഷിത കാലത്തിന്റെ ശക്തമായൊരു രൂപകമാണ്. ഇരു വശങ്ങളിലെ ഹിംസാത്മകതയെയും വിറങ്ങലിച്ചു പോയ സമൂഹത്തിന്റെ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്നതില്‍ ഗുന്തര്‍ ഗ്രാസിന്റെയും ജെ. എം. കൂറ്റ്സിയുടെയും കൂടെയാണ് ഖാലിദ് ഖലീഫയെന്നു യാസിന്‍ കസബ് നിരീക്ഷിക്കുന്നു.
കഥാപാത്രങ്ങളുടെ വിശദമായ പശ്ചാത്തല വിവരണങ്ങളും ആഖ്യാനങ്ങളും നാഗിബ് മഹ്ഫൂസിനെ അതിശയിക്കുന്ന ഇഴയടുപ്പമുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൊല്ലപ്പെട്ട വിപ്ലവ കവി റബി ഗാസിയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കവേ, പിതാവിന്റെ പുത്രന്‍ – ബഷാര്‍ അല്‍ അസദ് – നേതൃത്വം കൊടുക്കുന്ന ഭരണത്തികൂടത്തിന്റെ പുതുകാല ഏജന്റുമാരുടെ ആക്രമണത്തില്‍ പരിക്കേറ്റു സ്ലിങ്ങില്‍ ഉള്ള കൈയ്യുമായി നോവലിസ്റ്റിനെ നേരില്‍ കണ്ട കാര്യം യാസിന്‍ കസബ് വിവരിക്കുന്നത്, നോവലിന്റെ ഹിംസാത്മക കാലം വര്‍ത്തമാനത്തിലേക്ക് ഭേദിച്ച് കേറുന്നതിന്റെ ശരിയായ ചിത്രമാണ്.
Be the first to write a comment.