‘കാണുന്നിലോരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകവംശത്തിൻ ചരിത്രങ്ങൾ’
 – പൊയ്കയിൽ യോഹന്നാൻ

മതങ്ങൾ, തത്വശാസ്ത്രങ്ങൾ മനുഷ്യരാശിയെ ഉടച്ചുവാർക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.  മനുഷ്യസമൂഹത്തിന് അവശ്യഘടകവും കൂടിയാണ് മതം. ഏത്/ എന്ത് തരം തത്വശാസ്ത്രം സ്വീകാര്യമാക്കണമെന്ന് വ്യക്തി- സമൂഹം നിർണയിക്കേണ്ട കാര്യവുമാകുന്നു. മതപരിവർത്തനങ്ങൾ സമകാലീന അന്തരീക്ഷത്തിൽ വ്യാകുലതകൾ/ ഉത്കണ്ഠകൾ ഉണ്ടാക്കുന്നുണ്ടോ എന്ന്  പരിശോധിക്കേണ്ട കാര്യമാണ്. ഉത്കണ്ഠകൾ ഉണ്ടാക്കുന്നുണ്ട് എന്നത് തന്നെയാണ് എന്റെ അഭിപ്രായം. സമകാലിക  അന്തരീക്ഷത്തിൽ ഈ വ്യാകുലതകൾ കൂടിവരുന്നതായി നമുക്ക് കാണാം. എന്നാൽ നമ്മൾ ചോദിക്കേണ്ട സുപ്രധാനമായ ചോദ്യം ആർക്കാണ് ഈ വ്യാകുലതകളത്രയും എന്നതാണ്. ബ്രാഹ്മണിക്കൽ സാമൂഹികഘടനയിൽ നിർമ്മിതമായ ഒരു വ്യവസ്ഥയിൽ നിന്നും വ്യാപകമായ കൊഴിഞ്ഞുപോക്ക് മിഷനറിമാരുടെ സമയത്തും 1956-ന് ശേഷവും ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. വ്യാകുലതകളുടെ പ്രഭവകേന്ദ്രം ഈ അർത്ഥത്തിൽ എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്ന് നമുക്ക് മനസിലാക്കാം.

ബോധിസത്വ(1) ഡോ. ബി. ആർ. അംബേദ്കറിന്റെ ഇടപെടലുകളും അത് ഇന്ത്യൻ സമൂഹത്തെ എങ്ങനെ ഉടച്ചുവാർക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണ് ഈ ചെറിയ പഠനം തയ്യാറാക്കിയിരിക്കുന്നത്. വ്യക്തമായി പ്രതിപാദിച്ചാൽ അദ്ദേഹത്തിന്റെ ആത്മീയ ഇടപാടുകളെ സംബന്ധിച്ചാണ്. ആത്മീയത എന്ന പദം ബുദ്ധിസ്റ്റ് സംജ്ഞയിൽ (nomenclature) തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള പദപ്രയോഗമാണ്. ആത്മാവ് – Spirit, ആത്മീയത – Spirituality എന്ന ഭാഷാരീതിയിൽ നിന്നാണ്  ഈ പദം വ്യാപകമായി ഉപയോഗിച്ച് പോരുന്നത്. ബുദ്ധിസ്റ്റ് വ്യവഹാരത്തിൽ ആത്മീയത എന്ന ആശയത്തിന് പ്രതിരൂപമായി ‘അനാത്മ’ എന്ന ആശയം നിലനിൽക്കുന്നതിനാൽ ‘ധാർമികത’ എന്ന പദമാണ് സ്വീകാര്യമായി തോന്നുന്നത്. അംബേദ്കർ പ്രത്യയശാസ്ത്രങ്ങളെ രാഷ്ട്രീയമായും, ധാർമികമായും വ്യത്യസ്ഥമാനങ്ങളിൽ മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ നവസാമൂഹികരൂപീകരണവും പരിവർത്തനവും- അതിലെ പരിവർത്തനം (transformation) എന്നത് നിലവിൽ ഉണ്ടായിരിക്കുന്ന ഒരു അവസ്ഥയിൽ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റമായിട്ടാണ് ഉൾകൊള്ളേണ്ടത്. ഇന്ത്യയിലെ ദളിത് സമൂഹം നിർബന്ധിതമായി അകപ്പെട്ടുപോയ ഹൈന്ദവ വിശ്വാസസംഹിതയിൽ നിന്നും നവ സാമൂഹിക രൂപീകരണത്തിലേക്ക് ഡോ. അംബേദ്കർ ഒരു ജനതയെ നയിക്കുകയായിരുന്നു. ഈ നവ സാമൂഹിക രൂപീകരണത്തിലേക്ക് അംബേദ്കറും പരിവർത്തനപ്പെടുകയായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും ലക്ഷ്യവും വ്യക്തമാക്കുന്നത്.

ജാതി എന്ന വിപത്ത് ഇന്ത്യയെ സർവ്വവ്യാപകമായി ബാധിച്ച സവിശേഷ സ്വഭാവുള്ള പ്രതിഭാസമാണ്. അംബേദ്കറിന്റെ കുട്ടിക്കാലത്തെ ചില അനുഭവങ്ങൾ ഈ വിപത്തിനെ നേരിട്ട് മനസിലാക്കാൻ സാധിച്ചതായി അദ്ദേഹത്തിന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. 1901-ലെ തീവണ്ടി സംഭവവും, മുടിമുറിക്കാൻ മുടിവെട്ടുകാരൻ വിസമ്മതിച്ചതും ജാതിയെ സംബന്ധിച്ച ഒരു ചോദ്യമായി കുട്ടിക്കാലത്തുതന്നെ അദ്ദേഹം നിരീക്ഷിച്ചിരുന്നു. 1918-ൽ പാഴ്‌സികളുടെ സത്രത്തിൽനിന്നും  നിർബന്ധിതമായി താമസം മാറ്റേണ്ടിവന്നതും മുഹമ്മദീയരുടെ പള്ളിയിൽ നിന്നും കുടിവെള്ളം നിഷേധിച്ചതുമെല്ലാം ജാതി ഒരു സമൂഹത്തെമാത്രമല്ല മതത്തിന്റെ സാമൂഹിക ഇടപെടലുകളെക്കൂടി അഭേദ്യമായി ബാധിച്ചിട്ടുണ്ട് എന്ന നിലയിൽ അദ്ദേഹം ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്(2). ഈ പശ്ചാത്തലത്തിലാണ് ‘പരിവർത്തനം’ എന്നത് കേവലം ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്കുള്ള മാറ്റം ആയാൽ മാത്രം പോര,  ധാർമികവും മനഃശാസ്ത്രപരവുമായ ഒരു ശുദ്ധീകരണം കൂടിയായിരിക്കണം എന്ന് അദ്ദേഹം നിർദേശിക്കുന്നത്. ഇന്ത്യൻ സാമൂഹികഘടനയുടെ ചിന്ത, ആത്മീയത, ഭാവന മറ്റ് വ്യവഹാരങ്ങൾ മുതലായവ നിർമിതമായിരിക്കുന്നത് ബ്രാഹ്മണിക സാമൂഹികഘടനയിൽ ആണെന്നതും അതിന് ബദലായി അടിമുടി പരിഷ്‌കരണഹേതുവായ തത്വസംഹിതകളെ കണ്ടെത്തേണ്ടതിന്റെ അനിവാര്യതയുണ്ടെന്നുമുള്ള തിരിച്ചറിവാണ് ബുദ്ധിസം പോലെ ജനായത്തപരമായ ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ഡോ. അംബേദ്കർ നന്നേ ചെറുപ്പത്തിലെതന്നെ മതസാഹിത്യങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്നു. കബീർ ഭക്തനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഹൈന്ദവഭക്തിയിലും ആകൃഷ്ടനായിരുന്നു. ഹിന്ദുപുരാണ സാഹിത്യങ്ങളും, ബൗദ്ധസാഹിത്യങ്ങളും ചെറുപ്പത്തിലേതന്നെ അദ്ദേഹത്തിന് വായിക്കാൻ സാധിച്ചിട്ടുണ്ട്. 1909-ൽ ദാദാസാഹേബ് കെലുസ്‌കർ ബുദ്ധന്റെ ജീവചരിത്രം അംബേദ്കർക്ക് സമ്മാനമായി നൽകികൊണ്ടാണ് അദ്ദേഹത്തിന്റെ സമൂഹം മെട്രിക്കുലേഷനിലെ ഉന്നതവിജയം ആഘോഷിച്ചത്. ബൗദ്ധമതസാഹിത്യങ്ങളെപ്പറ്റി തന്റെ ബാല്യകാലത്തിലെ പരിചയം പിന്നീടു് അംബേദ്കർ ആശയങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും നിരീക്ഷിക്കാൻ സാധിക്കും(3). 1909 മുതൽ 1917 വരെ പ്രാഥമിക വിദ്യാഭ്യാസത്തിൽ ചിലവിട്ട അദ്ദേഹം 1923 വരെ ആധുനികവിദ്യാഭ്യാസത്തിനായി യൂറോപ്പിൽ ചിലവഴിച്ചു. 1918-ൽ ബർട്ടണ്ട് റസലിന്റെ  The Principles of Social Reconstruction എന്ന ലേഖനത്തിൽ യുദ്ധത്തിന്റെ തത്വശാസ്ത്രം ഒരു സാമൂഹിക അഭിവൃദ്ധിയെ എങ്ങനെ സൂചിപ്പിക്കുന്നു  എന്ന് അംബേദ്കർ സംശയം പ്രകടിപ്പിച്ചു. ഒരു ദേശത്തിന്റെ പ്രതീക്ഷ ജനങ്ങളെ ആവേശം കൊള്ളിക്കുമെന്നും അത് ഒരു യുദ്ധത്തിലോ, വിപ്ലവത്തിലോ കലാശിക്കുമെന്നും പ്രതീക്ഷകൾ അസ്തമിക്കുന്നിടത്ത് വലിയ വിപ്ലവമോ യുദ്ധമോ ഉണ്ടാകുമെന്നുമായിരുന്നു റസലിന്റെ മറുപടി. യുദ്ധത്തിനെതിരെ ബൗദ്ധതത്വശാസ്ത്ര സംഹിതകൾ താത്വികമായി ഉപയോഗിച്ച സന്ദർഭങ്ങളിലൊന്നായി ഇതിനെ കാണേണ്ടതുണ്ട്. അംബേദ്കറിൽ സ്വാധീനം ചെലുത്തിയ തത്വചിന്തകരിലൊരാളായിരുന്നു പ്രാഫ. ജോൺ ഡെവി. Force -ശക്തി- ചെലുത്തുക എന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ  force  എന്നത് ഒരേസമയം violence  ആണെന്നും അതുപോലെ  force   എന്നത്  ഊർജം കൂടിയാണെന്നും ഡെവി അഭിപ്രായപ്പെട്ടു. ശക്തി (force) എന്നത് ശാസ്ത്രീയമായ ഒരു ഘടകം മാത്രമല്ല എന്നും മാനുഷിക ഗുണഗണങ്ങളിലെ ഊർജ ഉത്പാദനമായ ‘വീര്യം’ എന്ന ഘടകവുമായി ഇതിന് അഭേദ്യ ബന്ധമുണ്ടെന്നും അംബേദ്കർ സ്ഥാപിച്ചു(4) ശക്തി ചെലുത്തുന്നത് അക്രമത്തിൽ കലാശിക്കാൻ സാധ്യതയുള്ള ഘടകമായതിനാൽ  അക്രമരാഹിത്യത്തിലേക്ക് നയിക്കാതെ സാമൂഹിക വ്യവഹാരങ്ങളിൽ എങ്ങനെ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്ന ചരിത്ര സംഭവമാണ് 1927-ലെ ചൗദാർ ടാങ്ക് കുടിവെള്ള സമരം(5). ജനാധിപത്യസമരങ്ങൾ തന്റെ ഭാഗത്തുനിന്ന് ഒരിക്കൽ പോലും അക്രമത്തിൽ കലാശിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. കൊടിയ ജാതീയ പീഡനങ്ങൾ നടന്നിട്ടും ഇന്ത്യയിലെ ദളിത് സമൂഹം അവരുടെ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് തിരിച്ചു വിടാത്തതിൽ അംബേദ്കറിന്റെ ജനാധിപത്യ ഇടപെടലുകൾ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്‌. force എന്നതിനെ ഊർജം എന്ന നിലയിൽ ബുദ്ധിസ്റ്റ് ആശയമായ വീര്യത്തിലേക്ക് പരിഭാഷപ്പെടുത്തിയാൽ മാനുഷിക ഗുണഗണങ്ങളെ ഉത്തേജിപ്പിക്കാവുന്ന ഒരു ശക്തിയായി കണക്കാക്കാമെന്ന് അംബേദ്കർ വായിച്ചെടുത്തു. ശീലം, നിഷ്‌കാമം, ദാനം, വീര്യം, സഹനം, സത്യസന്ധത, ദൃഢനിശ്ചയം, കരുണ, മൈത്രി, ഉപേക്ഷ എന്നിങ്ങനെ ബുദ്ധന്റെ സാരോപദേശത്തിലെ ദശശീലത്തെ ആധാരമാക്കിയാണ് അംബേദ്കർ തന്റെ ആശയങ്ങളെ വികസിപ്പിച്ചെടുത്തത്(6). വീര്യത്തിന് അത്രകണ്ട് മഹത്വമുണ്ടെന്നും വീര്യമില്ലാത്ത മനുഷ്യർക്ക് യാതൊന്നും ചെയ്യാൻ സാധ്യമല്ലെന്നും അദ്ദേഹം ജനങ്ങളെ ബോധിപ്പിച്ചു. കൊടിയ ജാതീയ പീഡനങ്ങൾക്ക് വിധേയരായ ദളിതരുടെ ജനായത്ത സമരങ്ങളെ ഒരിക്കൽപോലും അക്രമത്തിൽ കലാശിക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കാത്ത ബൗദ്ധതത്വശാസ്ത്രങ്ങൾ അംബേദ്കർ തന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ പ്രാവർത്തികമാക്കിയിരുന്നു. 1927-ലെ രണ്ടാം മഹഡ് കോൺഫറൻസിൽ ബ്രാഹ്മണിക്കൽ നിയമസംഹിതയായ മനുസ്മൃതി കത്തിച്ച് കിരാതമായ ഒരു മത-സാമൂഹിക നിയമത്തെ നിരാകരിക്കുകയും ഇന്ത്യൻ ജനതങ്ങളുടെ നവ സാമൂഹിക പരിഷ്‌കരണത്തിന് അടിത്തറയിടുകയുമായിരുന്നു അദ്ദേഹം. സാംസ്‌കാരിക ഓർമകളും (Cultural memory), ചരിത്രത്തിന്റെ വീണ്ടെടുപ്പുമാണ് ചരിത്രം നഷ്ടപ്പെട്ട ഒരു ജനതയുടെ പുനർജീവനം എന്ന് അംബേദ്കറുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊയ്കയിൽ യോഹന്നാൻ പാടിയ ഈരടികൾക്ക് അംബേദ്കർ ചരിത്രം നിർമ്മിച്ചാണ് ഉത്തരം കണ്ടെത്തിയത്. 1927-ലെ മഹഡ് സത്യാഗ്രഹത്തിനുശേഷം തന്റെ അനുയായികളോട്  ബൗദ്ധ സ്മരണകൾ ഉണർത്തുന്ന ബൗദ്ധ സ്മാരകങ്ങൾ സന്ദർശിക്കാൻ ആഹ്വാനം ചെയ്തു(7). തന്റെ അനുയായികൾക്ക് ഒരു ദിശാബോധം നിർമ്മിക്കുന്നതിനായി കേവലം ജ്ഞാനപദ്ധതിയിലോ, തത്വശാസ്ത്രത്തിലോ മാത്രം അധിഷ്ഠിതമായ പ്രസ്ഥാനങ്ങൾ മാത്രമായിരിക്കരുതെന്നും വൈകാരികവും, ധാർമ്മികവുമായ ഒരടുപ്പം കൂടി അതിൽ  ഉണ്ടാവണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. 1927-ലെ രണ്ടാം മഹഡ് കോൺഫറൻസിൽ ബുദ്ധിസ്റ്റ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളെ ആധാരമാക്കി നവ സാമൂഹ്യവൽക്കരണത്തെ സാധ്യമാക്കാൻ അടിസ്ഥാന ജനത എങ്ങനെ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹൈന്ദവസാമൂഹികഘടനയിൽ നിന്നും പരിവർത്തനപ്പെടുന്നതിനായി മൂന്ന് വിധം ശുദ്ധീകരണപ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. ആ മൂന്ന് ധാർമിക ശുദ്ധീകരണപ്രവർത്തനങ്ങൾ നമ്മൾ നടത്തിയില്ലായെങ്കിൽ ശാശ്വതമായ യാതൊരു നേട്ടവും സ്വായത്തമാക്കാൻ സാധ്യമല്ല എന്നദ്ദേഹം മഹഡിലെ ചരിത്രപ്രസിദ്ധമായ സമ്മേളനത്തിൽ തന്റെ ജനതയോട് ആഹ്വാനം ചെയ്തു(8). ബൗദ്ധതത്വശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ പത്ത് പാരമിതകൾ ഇന്ത്യൻ സാമൂഹികാവസ്ഥയിൽ അംബേദ്കർ സ്ഥാപിച്ചെടുക്കുകയായിരുന്നു.

  1. Improve your general tone of behavior: സ്വഭാവസവിശേഷതകളിലേയും സദാചാരബോധത്തിലേയും പരിശുദ്ധി.
  2. Retune our utterance : നമ്മുടെ വാക്കുകളിലെ പരിശുദ്ധി
  3. Revitalize our thoughts: നമ്മുടെ ചിന്തകളിലെ പരിശുദ്ധി

ബൗദ്ധ ആശയത്തിലെ  ദശശീലിനെ ആധാരമാക്കിയാണ് അംബേദ്കർ ഈ നിരീക്ഷണങ്ങൾ മുന്നോട്ട് വച്ചത്. സാമൂഹിക പുനർനിർമാണ പ്രക്രിയക്ക് ഭൗതികവികാസം മാത്രമല്ല ധാർമിക പരിണാമവും അത്യന്താപേക്ഷിതമാണെന്ന് 1927-കളിൽ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ദശശീലത്തിലെ ശരീരം- സംസാരം- മനസ്/ചിന്ത (body, speech, mind)  എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു മഹഡിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ഉള്ളടക്കം. (body- സദാചാരത്തേയും, speech -സംസാരത്തേയും mind – ചിന്തകളുടെ പ്രവർത്തനമായും ബന്ധപ്പെട്ടിരിക്കുന്ന അകുശല ശീലങ്ങളിൽ നിന്നുമുള്ള മോചനമായിട്ടാണ് നവബുദ്ധനായ അംബേദ്കർ ഒരു ജനതയെ സദാചാരത്തിന്റെ മാർഗത്തിലേക്ക് നയിച്ചത്.) അടിമുടി കുത്തഴിഞ്ഞ പ്രാചീന ഇന്ത്യൻ സാമൂഹികക്രമത്തിൽ നിന്നും ബുദ്ധൻ എങ്ങനെയാണോ ഒരു ജനതയെ വാർത്തെടുത്തത് അതിന് അനുരൂപമായിട്ടാണ് ആധുനികനായ അംബേദ്കർ ബുദ്ധന്റെ ആശയങ്ങൾക്ക് പുതുരൂപം നൽകിയത്.

  1. body – ശരീരവുമായി ബന്ധപ്പെട്ടത്
  2. കൊലചെയ്യാതിരിക്കുക
  3. മോഷ്ടിക്കാതിരിക്കുക
  4. ലഹരി/ലൈംഗികദുരാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കുക
  5. speech – സംസാരവുമായി ബന്ധപ്പെട്ടത്
  6. കളവ് പറയാതിരിക്കുക
  7. അസഭ്യം/ അധിഷേപം നടത്താതിരിക്കുക
  8. നിഷ്‌ക്രിയം സംസാരത്തിൽ നിന്നും വിട്ടുനിൽക്കുക
  9. ഏഷണി/കുശുമ്പ്/ വാക്ക് പാലിക്കാതിരിക്കൽ
  10. mind – ചിന്തയുമായി ബന്ധപ്പെട്ടത്
  11. അത്യാഗ്രഹം
  12. വെറുപ്പ്/അസൂയ
  13. തെറ്റായ കാഴ്ചപ്പാടിൽ നിന്നും വിട്ടുനിൽക്കൽ

നവസാമൂഹിക രൂപീകരണം ശീലാധിഷ്ഠിതമായിരിക്കണമെന്ന അംബേദ്കറിന്റെ ഈ നിരീക്ഷണം ഒരു ജനതയുടെ സമഗ്രപുരോഗതിക്ക് ആക്കം കൂട്ടുന്നതാണ്.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയത്തിന് വിലങ്ങുതടിയാകുന്ന ബ്രാഹ്മണിസത്തിനെതിരെയാണ് മറിച്ച്,  ബ്രാഹ്മണർക്കെതിരെയല്ല തന്റെ വിപ്ലവം എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ജനനമല്ല ഉന്നത ആദർശങ്ങളാണ് മനുഷ്യനാവശ്യമെന്ന് അംബേദ്കർ ജീവിതം വ്യക്തമാക്കുന്നുണ്ട്. 1929-ൽ Depressed class conference-ൽ ഹിന്ദുമതം ഉപേക്ഷിക്കണമെന്ന ആശയവുമായി ബന്ധപ്പെട്ട് യുവജനങ്ങളുടെ ഇടയിൽ അദ്ദേഹം പ്രവർത്തനമാരംഭിച്ചിരുന്നു. മതപരിവർത്തനത്തിന് ആവശ്യമായ വിഭവശേഖരണം 1920-കളിൽ തന്നെ അദ്ദേഹം തുടങ്ങിയിരുന്നു. ബുദ്ധമതത്തിന്റെ തത്വശാസ്ത്രങ്ങളും, ചരിത്രങ്ങളും, ആചാരവിധികളും പൊതുജനങ്ങളിൽ നിന്നും അന്യമായിരുന്നതിനാൽ അവ വീണ്ടെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹത്തിൽ നിക്ഷിപ്തമായിരുന്നു. 1917-ൽ തന്നെ ഇന്ത്യയിലെ ജാതിവ്യവസ്ഥയെപ്പറ്റിയും അതിന്റെ ഉത്ഭവത്തെപ്പറ്റിയും (Caste in India: origin and geneology) ആന്റിക്വിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു. 1933 മുതൽ 35 വരെയുള്ള കാലഘട്ടം അംബേദ്കറെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു. അംബേദ്കർ ഹിന്ദുമതം ഉപേക്ഷിച്ചുവെന്ന വാർത്ത ഹിന്ദുവാദികളുടെയും, കോൺഗ്രസിന്റെ ഇടയിലും പരന്നു. ഏത് മതം സ്വീകരിക്കുമെന്ന സംശയം മതപുരോഹിതൻമാരുടെ ഇടയിൽ അന്വേഷണമായി വന്നു. ഇന്ത്യൻ കൊളോണിയൽ കാലഘട്ടം മതപരിവർത്തനത്തിന്റെ വേദികയായിരുന്നതിനാൽ പല പുരോഹിതൻമാരും മുഖാമുഖചർച്ചക്ക് അംബേദ്കറെ സമീപിച്ചു. 1935-ലെ ചരിത്രപ്രസിദ്ധമായ അംബേദ്കറുടെ  എയോള പ്രഖ്യാപനം – ‘ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല’ എന്നത് ഇന്ത്യൻ സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിച്ചു. ഇത്തരം ഒരു പ്രഖ്യാപനത്തിനു പിന്നിൽ നീണ്ട പഠനവും, അനുഭവവും തിരിച്ചറിവും ഉണ്ടെന്ന വസ്തുത ബുദ്ധിസവുമായി ബന്ധപ്പെട്ട നവസാമൂഹ്യമുന്നേറ്റത്തെ അംബേദ്കർ ഉൾക്കൊണ്ടത് എങ്ങനെയായിരുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ്. അയിത്ത ജാതിക്കാർക്ക് ഒരു മുന്നറിയിപ്പും കൂടിയായിരുന്നു ഈ പ്രഖ്യാപനം. ഒരു മതത്തിലേക്ക് പരിവർത്തനം ചെയ്യും മുമ്പ് അതിന്റെ നഷ്ടപ്പെട്ട ചരിത്രം, തത്വശാസ്ത്രത്തിന്റെ ആധുനിക വ്യാഖ്യാനം, ആചരണസംഹിതകൾ മുതലായവ നിർമ്മിച്ചെടുക്കേണ്ടതുണ്ടായിരുന്നു. ബുദ്ധമതം മനുഷ്യഹൃദയങ്ങളിലുണ്ടെങ്കിലും അത് പ്രയോഗത്തിൽ വരുത്തുവാൻ ഉതകുന്ന ഘടകങ്ങളൊന്നും അവശേഷിച്ചിരുന്നില്ല. ബാബാസാഹേബ് ഡോ. ബി. ആർ അംബേദ്കർ ബുദ്ധമതത്തെ വീണ്ടെടുക്കുകമാത്രമല്ല ആധുനികതയോട് യോജിക്കും വിധം പരിഷ്‌കരിക്കുക കൂടിയായിരുന്നു. യഥേഷ്ടം കൊണ്ടുനടക്കാനും, വായിക്കാനും സാധ്യമാകും വിധം ബുദ്ധതത്വശാസ്ത്രങ്ങളെ ക്രോഡീകരിക്കുക, ബുദ്ധസാഹിത്യങ്ങളിലെ ബ്രാഹ്മണവീക്ഷണങ്ങളെ നിർമാർജ്ജനം ചെയ്യുക, ഭിക്ഷുസംഘങ്ങളുടെ ഘടനാപരമായ നിയമങ്ങളിൽ ഭേദഗതിവരുത്തുക, സ്ത്രീകളുടെ പാതിനിധ്യം ഉറപ്പുവരുത്തുക, കല, ശാസ്ത്രം, ചരിത്രങ്ങളുമായി ബുദ്ധമതത്തെ പുനർ: ബന്ധിപ്പിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വം അംബേദ്കർ മുന്നോട്ട് വച്ചു. 1935-ലെ എയോള കോൺഫറൻസിനുശേഷം പലമതങ്ങളിൽ നിന്നും അദ്ദേഹത്തിന് ക്ഷണമുണ്ടായി. ഇസ്ലാമിൽ നിന്നും കെ. എൽ. ഗൗബ, ഹൈദ്രബാദിൽനിന്നും നിസാം രാജാവ്, ബർമ്മ, ചൈന, തിബറ്റ് എന്നിവിടങ്ങളിൽ നിന്നും ബൗദ്ധമിഷണറിമാർ, ക്രിസ്ത്യൻ, സിഖ് പൗരോഹിത്യമടക്കം അംബേദ്കറെ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഹിന്ദുമതത്തിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നു മാത്രമല്ല മതത്തിൽ നിന്നും ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് ഒരു വ്യാകുലതയായി അവർ നിരീക്ഷിച്ചിരുന്നുമില്ല. (സ്വാതന്ത്ര്യാനന്തരം ഇത്തരം വ്യാകുലതകൾ മതപരിവർത്തകരെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന്  സമകാലിക സംഭവവികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.) 1936-ൽ മഹാരാഷ്ട്രയിലെ അയിത്ത ജാതിക്കാരായ യുവജനങ്ങൾക്ക് വേണ്ടി, അയിത്ത ജാതി സന്യാസികൾക്ക് വേണ്ടി, ഉദ്യോഗസ്ഥർക്ക് വേണ്ടി, ആക്ടിവിസ്റ്റുകൾക്കുവേണ്ടി പ്രത്യേകമായ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുകയുണ്ടായി. ഹിന്ദുമതത്തിൽ നിന്നും പിൻതിരിയുന്നതിനായി പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അവരോട് ആവശ്യപ്പെട്ടത്.

  1. ഹിന്ദുദൈവങ്ങളേയും, വിഗ്രഹങ്ങളെയും ആരാധിക്കുകയോ പൂജിക്കുകയോ അരുത്.
  2. ഹിന്ദു ആഘോഷങ്ങളിൽ പങ്കെടുക്കരുത്.
  3. ഹിന്ദു തീർത്ഥാടനകേന്ദ്രങ്ങളിൽ ആത്മശാന്തിക്കായി പോകരുത്.

ഭക്തിപ്രസ്ഥാനത്തിന് വേരോട്ടമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ ദളിത് ഹിന്ദുസന്യാസിമാരോട് ബൗദ്ധഭിക്ഷുപദം സ്വീകരിക്കാൻ അംബേദ്കർ ആഹ്വാനം ചെയ്തു. തന്റെ സമൂഹത്തിന് നഷ്ടപ്പെട്ട പൗരോഹിത്യത്തെ വീണ്ടെടുക്കാൻ സന്യാസവൃത്തത്തെയാണ് അദ്ദേഹം ചുമതലപ്പെടുത്തിയത്. ബുദ്ധമതപൗരോഹിത്യത്തെ നിലവിൽ വരുത്തുന്നതിനായി ബാംഗ്ലൂരിലെ ബുദ്ധിസ്റ്റ് സെമിനാരിയിലേക്ക് 6 യുവാക്കളെ അംബേദ്കർ അയക്കുന്നുണ്ട്. 1937-ൽ നടന്ന ഡിപ്രസ്ഡ് ക്ലാസ് മീറ്റിംങിൽ മതപരിവർത്തനത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള പ്രഭാഷണത്തിൽ ‘നമ്മൾ സ്വീകരിക്കുന്ന മതം എല്ലാവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം മാത്രമായിരിക്കുമെന്നും യുക്തി, സയൻസ്, അനുഭവം എന്നീ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”

ഇന്ത്യയിലെ തൊട്ടുകൂടായ്മ എന്ന വിപത്ത് ബൗദ്ധരോടുള്ള അസഹിഷ്ണത മൂലം രൂപപ്പെട്ടതാണെന്ന് അംബേദ്കർ സമർത്ഥിക്കുന്നു. ബ്രാഹ്മണമതം നിലവിൽ വരുത്തിയ കീഴ്‌മേൽമറിഞ്ഞ സാമൂഹ്യയാഥാർത്ഥ്യങ്ങളോടാണ് ബുദ്ധൻ പ്രതികരിച്ചത്. ലോകത്തിലെതന്നെ ആദ്യത്തെ ജനാധിപത്യവാദിയായിരുന്നു ബുദ്ധൻ  എന്ന് അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്. ‘വിപ്ലവവും പ്രതിവിപ്ലവവും പ്രാചീനഭാരതത്തിൽ’ എന്ന കൃതിയിൽ ബ്രാഹ്മണാധീശ സാമൂഹ്യ വ്യവഹാരങ്ങൾക്കെതിരെ ബുദ്ധൻ നയിച്ച വിപ്ലവത്തെ തിരിച്ചുപിടിക്കാൻ ബ്രാഹ്മണാധിപത്യം നടത്തിയ അരുംകൊലയെ പ്രതിവിപ്ലവമായിട്ടാണ് അംബേദ്കർ നിരീക്ഷിക്കുന്നത്. ഈ പ്രതിവിപ്ലവത്തിന്റെ അനുഭവങ്ങൾ ഇന്നും ബഹുജനങ്ങൾക്ക് നേരെ വ്യത്യസ്ഥമാനങ്ങളിൽ നടത്തപ്പെടുന്നു എന്ന സത്യം സമകാലിക അന്തരീക്ഷത്തിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. അശരണരെ അക്രമിച്ചും, സ്ത്രീകളുടെ സ്വാതന്ത്ര്യം റദ്ദ് ചെയ്തും, ജനാധിപത്യത്തിന് വിലങ്ങുതടിയായി നിന്ന ബ്രാഹ്മണാധിപത്യം മുകളിലേക്ക് പോകുന്തോറും ശ്രേഷ്ഠതയും കീഴ്‌പോട്ട് പോകുന്തോറും മ്ലേച്ഛത്വവും നിറഞ്ഞ സാമൂഹിക ക്രമമായിരുന്നു. അധ:പതിച്ച ഈ സാമൂഹികക്രമത്തിനെതിരെയാണ് ബുദ്ധൻ തന്റെ സിദ്ധാന്തം ആവിഷ്‌കരിച്ചത്. തന്റെ സംഘത്തിൽ ആർക്കും ജാതിയുടേയോ, ലിംഗത്തിന്റേയോ, വംശത്തിന്റേയോ, കുലമഹിമയുടെയോ  പേരിൽ പ്രത്യേകം പരിഗണനകളൊന്നും നൽകിയിരുന്നില്ല. സാമൂഹിക ശ്രേണിയിൽ താഴ്ത്തപ്പെട്ട സ്ത്രീകളെ സംഘത്തിൽ പ്രവേശിപ്പിച്ചാണ് ബുദ്ധൻ മാതൃക കാട്ടിയത്. പുരുഷൻമാർ മാത്രമടങ്ങുന്ന ആദ്യകാലസംഘനിയമങ്ങളിൽ സ്ത്രീകൾക്ക് ബാധകമാകുന്നതിനെ പരിഷ്‌കരിക്കാനും, ക്രമീകരിക്കാനും ഭിക്ഷുണി സംഘത്തോട് ബുദ്ധൻ ആഹ്വാനം ചെയ്തു. പ്രാതിനിധ്യവും, പങ്കാളിത്തവും ആര് ആർക്കുവേണ്ടി സംസാരിക്കണമെന്ന അഭിപ്രായവും ആധുനികതയിൽ നിലനിൽക്കുമ്പോഴാണ് ആധുനികനല്ലാത്ത ബുദ്ധൻ സ്ത്രീകൾക്കുവേണ്ടി സ്ത്രീകളുടെ നിയമസംഹിത രൂപപ്പെടുത്താൻ ഭിക്ഷുണി സംഘത്തെ ചുമതലപ്പെടുത്തിയത്. ഥേരിഗാഥയും, ഭിക്ഷുണിനിയമസംഹിതയും ഇത്തരത്തിൽ രൂപപ്പെട്ടതാണ്. തന്റെ സംഘത്തിലേക്ക് സ്ത്രീകൾ, ദരിദ്രർ, തൊട്ടുകൂടാത്തവർ, നാടുവാഴികൾ, നാട്ടുപ്രമാണിമാർ, രാജാക്കന്മാർ, വേശ്യകൾ, തസ്‌കരൻമാർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ വസിക്കുന്നവർക്ക് പ്രവേശനം ലഭിച്ചു. വ്യത്യസ്ഥ ജീവിതം നയിക്കുന്നവർക്ക് പുതിയ ജീവിതക്രമം ബുദ്ധൻ വാഗ്ദാനം ചെയ്തു. ബുദ്ധന് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പം താമരയായിരുന്നു. താമര ഒരു പ്രതീകം മാത്രമാണ്. മാലിന്യവും, അഴുക്കും നിറഞ്ഞ ചേറിൽ വളരുന്ന താമര മനോഹരമായ പുഷ്പങ്ങൾ വിരിച്ച് മനോഹാരിത നിർമ്മിക്കാനാകുമെന്ന പ്രതീകാത്മക സന്ദേശം മനുഷ്യരിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജനനമല്ല ഏതൊരു വ്യക്തിക്കും പരിവർത്തനം സാധ്യമാകുമെന്ന വിശാല ആശയം താമരയിലടങ്ങിയിരുപ്പുണ്ടെന്നതാണ് അദ്ദേഹം കൊടുത്ത ഉപദേശം. ബുദ്ധിസ്റ്റ് കലാസൗന്ദര്യശാസ്ത്രത്തിൽ കൊത്തുപണികളിലൂടെയാണ് ചിത്രകാരന്മാർ ഇത്തരം പ്രതീകങ്ങളിലൂടെ ചരിത്രബുദ്ധനെ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ എന്ന രാജ്യത്തിന് ഒരു ചരിത്രമില്ലാതെ പോയത് ബ്രാഹ്മണ എഴുത്തുകാരുടെ വികലഭാവനയുടെ ബാക്കിപത്രമാണ്. ചരിത്രനിർമ്മിതികളിൽ ഇത്തരം തമസ്‌കരണങ്ങൾ ബോധപൂർവ്വം നടക്കുന്നുണ്ട്. 1944-ൽ മദ്രാസ് റാഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ ഇന്ത്യയുടെ ചരിത്രം ബ്രാഹ്മണമതവും, ബുദ്ധമതവുമായി നടന്ന ഘോരയുദ്ധത്തിന്റെ കഥയാണെന്നും ചരിത്രകാരൻമാർ അത് ബോധപൂർവ്വം തമസ്‌കരിച്ചതാണെന്നും അംബേദ്കർ നിരീക്ഷിക്കുന്നു. ഹൈന്ദവ ആഘോഷങ്ങളുടെ ചരിത്രത്തിൽ മൃഗീയമായ ഒരു ഹിംസയുടെ ചരിത്രം ആഘോഷമാക്കുന്നുണ്ടെന്ന് പ്രൊഫ. കാഞ്ച ഐലയ്യയും വ്യക്തമാക്കുന്നുണ്ട്. ആഘോഷങ്ങളുടെ സാംസ്‌കാരിക ചരിത്രം വിശാലമായ ഒരു പഠനപദ്ധതിയുമാണ്. കേരളത്തിലെ കെട്ടുകാഴ്ച, ശൂലംകുത്ത്, ഗരുഡൻ തൂക്കം തുടങ്ങിയ ആഘോഷങ്ങൾ അന്വേഷിക്കേണ്ട പഠനപദ്ധതിയാണ്. ഇങ്ങനെ ബുദ്ധമതവുമായി ബന്ധപ്പെട്ട ചരിത്ര സാഹിത്യപഠനങ്ങൾ അംബേദ്കറും മുന്നോട്ട് വച്ചിരുന്നു. പൂർത്തീകരിക്കാനാകാത്ത പല പുസ്തകങ്ങളും, ആശയങ്ങളും അംബേദ്കർ പുസ്തക എഡിറ്റോറിയൽ കമ്മിറ്റിയിലെ പ്രധാന അംഗമായ വസന്തമൂൺ കണ്ടെത്തിയിട്ടുണ്ട്. ബൗദ്ധ സാഹിത്യങ്ങൾക്ക് ഒരു പതിപ്പ് തയ്യാറാക്കണമെന്ന് അംബേദ്കർ ആഗ്രഹിച്ചിരുന്നു. 1907 പി. ലക്ഷ്മി നരസു എഴുതിയ The essence of Buddhism എന്ന കൃതിക്ക് അംബേദ്കർ ഒരു കുറിപ്പ് എഴുതിയിരുന്നു. 1948-ൽ ആ പുസ്തകം പുനപ്രസിദ്ധീകരിച്ചുകൊണ്ട് ബുദ്ധന്റെ സംക്ഷിപ്ത ജീവചരിത്രത്തിന്റെ പണിപ്പുരയിലാണെന്നും ബുദ്ധിസത്തെ ആധുനികതയിൽ അടയാളപ്പെടുത്തുന്നതിനായി ബുദ്ധിസ്റ്റ് ബൈബിൾ എന്നുമാണ്  ആ ഉദ്യമത്തെ അദ്ദേഹം വിശേഷിപ്പിച്ചത്(9). ബഹുജനങ്ങൾക്ക് ബൗദ്ധസാഹിത്യങ്ങൾ അടങ്ങുന്ന തിപിഠകങ്ങൾ ലഭ്യമാക്കുവാനോ വായിക്കുവാനോ സാധ്യമായിരുന്നില്ല. സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ വേണ്ടിയാണ് ബുദ്ധന്റെ സംക്ഷിപ്തചരിത്രം അദ്ദേഹം നിർമ്മിച്ചത്. ആധുനിക വ്യവഹാരങ്ങളിൽ ചരിത്രപശ്ചാത്തലങ്ങളേയും, സാംസ്‌കാരിക ഓർമകളേയും ഗഹനചിന്തകളുടെ ഭാഗമാക്കുവനായി വിപ്ലവവും പ്രതിവിപ്ലവും പ്രാചീന ഭാരതത്തിൽ എന്ന കൃതിയും, കാൾമാർക്‌സിന്റെ തത്വചിന്തകളുടെ  സാധ്യകളെ നിർണയിക്കുന്നതിനായി ‘ബുദ്ധനോ കാൾമാക്‌സോ?’ എന്ന കൃതിയും ‘ബുദ്ധനും ബുദ്ധധർമ്മവും’ എന്ന ബുദ്ധിസ്റ്റ് ബൈബിളിനൊപ്പം കൂട്ടിവായിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം ചരിത്രവിദ്യാർത്ഥികൾക്ക് ഉണർവ് നൽകുന്നതാണ്(10). ബുദ്ധൻ തന്റെ സുവിശേഷം അപ്രമാദിത്വമുള്ളതല്ലെന്നും കാര്യകാരണനിയമങ്ങൾക്കും, യുക്തിക്കും, സയൻസിനും അനുയോജ്യമായതാണെന്നും വിവരിക്കുന്നു. ലോകത്ത് ഒരു മതസ്ഥർക്കും അവകാശപ്പെടാൻ സാധിക്കാത്ത സ്വാതന്ത്ര്യം ബുദ്ധൻ തന്റെ സംഘത്തിന് കൊടുത്തിട്ടുണ്ട്. മഹാപരിനിബ്ബാണസുത്തയിൽ സമയബന്ധിതമായും, ആധുനികതയിലും തന്റെ ശാസനങ്ങൾക്ക് ഭേദഗതി വരുത്തുവാനും പരിഷ്‌കരണം നടത്തുവാനും ബുദ്ധൻ സംഘത്തിന് സർവ്വ സ്വാതന്ത്ര്യവും കൊടുത്തിരുന്നു(11). ബുദ്ധനെ അഹിംസ സിദ്ധാന്തവാദിമാത്രമായി നിരീക്ഷിക്കുന്നവരുണ്ട്. സാമൂഹിക- ബൗദ്ധിക- സാമ്പത്തിക- രാഷ്ട്രീയ സ്വാതന്ത്രപ്പറ്റിയും ബുദ്ധന്റെ സുവിശേഷം വ്യക്തമാക്കുന്നുണ്ട്. ഗ്രഹസ്തർ എങ്ങനെ സമ്പത്ത് കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി സിഗളോവാതസുത്തയിൽ ബുദ്ധൻ വ്യക്തമാക്കുന്നത് ഇതിന് ഉദാഹരണമാണ്. പുരുഷാധിപത്യ സാമൂഹികക്രമത്തിൽ നിന്നും നവസാമൂഹിക രൂപീകരണത്തിലേക്ക് എത്തിച്ചേരുന്നതിന് സ്ത്രീപുരുഷ ബന്ധങ്ങളിൽ സമത്വം രൂപീകരിക്കണമെന്നും/ പുനസ്ഥാപിക്കണമെന്നുമുള്ള ബാബാസാഹിബിന്റെ കാഴ്ചപ്പാട് ആധുനിക രാഷ്ട്ര സങ്കൽപ്പനത്തിന് പുതിയ മുഖമായിരുന്നു(12). 1947 മുതൽ 1956 വരെ നീണ്ട  ചർച്ചകളിലും തുടർന്ന് 1951 മുതൽ പാർലമെന്റിൽ ചർച്ചക്ക് വിധേയമായി പൂർണ്ണമായും പാസാക്കാതെയുമിരുന്ന ബിൽ സ്ത്രീകളുടെ അവകാശത്തിനെതിരായിരുന്നു എന്ന യാഥാർത്ഥ്യബോധം ആധുനികലോകം തിരിച്ചറിയുന്നുണ്ട്. ഇന്ത്യയിൽ ഒരു വ്യവസ്ഥാപിത നിയമം ഇല്ലാതിരുന്നത് തന്നെ നിയമത്തെ വ്യവസ്ഥാപിതമായി നിലവിൽ വരുത്തേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നതാണ്. സ്ത്രീകളുടെ അവകാശം നിയമപരമായി സ്ഥാപിച്ചെടുക്കുക എന്നതു തന്നെയായിരുന്നു ആ ബില്ലിന്റെ അന്തസത്ത. സ്ത്രീകളുടെ അവകാശങ്ങൾക്കായി ആധുനിക സമൂഹം നിലനിൽക്കുമ്പോൾ അംബേദ്കർ എത്രമാത്രം ദീർഘദർശിയായിരുന്നു എന്നു നാം മനസിലാക്കേണ്ടതുണ്ട്. ഒരു വേള സ്ത്രീകളെ പൗരോഹിത്യപദവിയിലേക്ക് ഉയർത്തിക്കൊണ്ട് അവരുടെ സമഗ്രപുരോഗതിക്കായി യത്‌നിച്ച ബുദ്ധന്റെ വിപ്ലവത്തിന് കർതൃത്വം ഏറ്റെടുത്തുകൊണ്ടാണ് നവബുദ്ധനായ അംബേദ്കർ ഹിന്ദുകോഡ് ബില്ലിനെ ആവിഷ്‌കരിച്ചത്. സ്ത്രീകളെ ഭയപ്പെടാത്ത ഒരേ ഒരു വ്യക്തി ബുദ്ധനായിരുന്നു എന്നും അംബേദ്കർ സ്മരിക്കുന്നുണ്ട്. ആധുനിക ഇന്ത്യയിൽ സ്ത്രീകൾ സവിശേഷമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ബാബാ സാഹേബ് ഡോ. ബി. ആർ. അംബേദ്കറിന്റെ ദാർശനികമൂല്യങ്ങളായി ഇന്ത്യൻ സമൂഹം തിരിച്ചറിയേണ്ടതാണ്. ‘I measure the progress of a community by the degree of progress which women have achieved’(13). സമൂഹത്തിന്റെ ഉയർച്ചയുടെ അളവുകോൽ ആ രാജ്യത്തിലെ സ്ത്രീകളുടെ സമഗ്രവികാസമാണന്ന് നമ്മോട് പറഞ്ഞ ദാർശനികൻ ഒരു പക്ഷേ അംബേദ്കർ മാത്രമായിരിക്കും.

എന്തുകൊണ്ടാണ് അംബേദ്കർ തന്റെ ധമ്മ വിപ്ലവം സാക്ഷാത്കരിക്കാൻ 1956 ഒക്‌ടോബർ 14 വരെ കാത്തിരുന്നത്?, ഒരുവേള ഇന്ത്യൻ സമൂഹം ചിന്തിച്ചിരിക്കാം. അംബേദ്കറിന്റെ ജീവിതവും ലക്ഷ്യവും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. തകർന്നുപോയ ഇന്ത്യൻ സാമൂഹിക ചരിത്രം പുനർനിർമിക്കുക മാത്രമല്ല ജനാധിപത്യ സാമൂഹികക്രമത്തെ നിയമംമൂലം സാധ്യമാക്കണമെന്നതുമായിരുന്നു അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. ബഹുജനങ്ങളുടെ സമഗ്ര ഉണർവിനായി;

  1. സാംസ്‌കാരികവും, ബൗദ്ധികവുമായ വികാസം
  2. ചില അനുഭവങ്ങളും തിരിച്ചറിവുകളും ലഭ്യമാക്കാൻ
  3. പുതിയ മതത്തിലേക്കുള്ള ചുവടുവപ്പിനെ ആഴത്തിൽ പഠിക്കാൻ
  4. അതിനുസാധ്യമായ വിഭവശേഖരം ലഭ്യമാക്കാൻ

തുടങ്ങിയ കർമ്മപദ്ധതികൾ അദ്ദേഹം നടത്തിയിരുന്നു. 1940 മെയ് 25-ന് അംബേദ്കർ നടത്തിയ ലങ്കാ സന്ദർശനം ബൗദ്ധ ആചാരവിധികളെ ആഴത്തിൽ  സംഗ്രഹിച്ചു പഠിക്കാനുള്ളതായിരുന്നു. ഒരു മതമെന്ന നിലയിൽ ബുദ്ധമതത്തിന്റെ സാമൂഹ്യവൽകരണത്തിന് അനുയുക്തമായ ക്രോഡീകരണം നടത്തിയത് സാമ്രാട്ട് അശോകന് ശേഷം അംബേദ്കറായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബൗദ്ധ സാഹിത്യങ്ങളെ ക്രോഡീകരിച്ച്, പ്രത്യേകിച്ചും തിപിഠകങ്ങൾ, സുത്തകൾ, ബൗദ്ധ ആചാരവിധികളിൽ- പൂജ, വിവാഹം, നാമകരണം, അന്ത്യവിധി, മംഗളകർമ്മങ്ങൾ എന്നിവ ഒരു മതസമൂഹമെന്നനിലയിൽ നിലവിൽ വരുത്തിയാണ് നവ സാമൂഹിക രൂപീകരണത്തിന് അംബേദ്കർ തുടക്കം കുറിച്ചത്. എന്താണ് ബുദ്ധമതമെന്ന് സമർത്ഥിക്കാൻ; അത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്ന ആധുനിക മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതും, അടിത്തറയായി പഞ്ചശീലവും, അരിയ അഷ്ടാംഗിക മാർഗം ജീവിത നിയമമായും, ധാർമിക അടിത്തറയായി അരിയ സത്യങ്ങളെ സ്ഥാപിച്ചും, ജനനമല്ല ഉത്കൃഷ്ട ആദർശങ്ങളാണ് വിളിച്ചോതുന്നതെന്നും, അനിത്യത, അനാത്മ, ദു:ഖം, ദു:ഖകാരണം, ദു:ഖനിവാരണം, ദുഃഖ നിവാരണ മാർഗ്ഗം എന്നത് വിശ്വാസപ്രമാണമായും പ്രത്യുത്‌സമത്പാത, അതായത് കാര്യകാരണ നിയമങ്ങൾക്ക് ബാധകമായി എല്ലാ സങ്കരവസ്തുക്കളും മാറ്റത്തിന് വിധേയമാണെന്ന പ്രകൃതി നിയമം ഉൾക്കൊള്ളുന്നതാണ് ബുദ്ധിസം എന്ന് ഏതൊരു സാധാരണക്കാരനും വിശദമാക്കാൻ പ്രാപ്തമായിരിക്കണം തന്റെ മതമെന്ന് അംബേദ്കർക്ക് നിർബന്ധമുണ്ടായിരുന്നു. ഈ കാലയളവിലെയും ബൗദ്ധ മിഷണറിമാരുമായി സുദീർഘബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു. 1950-ലും 1954-ലും ബർമ്മ സന്ദർശിക്കുകയും ലോകബുദ്ധിസ്റ്റ്  കോൺഫറൻസിൽ തനിക്ക് ലഭിച്ച ബുദ്ധപ്രതിമ ദഹു റോഡിൽ സ്ഥാപിച്ചും, സ്വഭവനത്തിന് പ്രാചീന ഇന്ത്യയിലെ പ്രഥമ ജനാധിപത്യരാജ്യമായിരുന്ന മഗധയുടെ തലസ്ഥാനമായ രാജഗ്രഹയെന്ന്‍  നാമകരണം ചെയ്തുമാണ് പുതിയ സുവിശേഷത്തിന്റെ പാത അദ്ദേഹം തുറന്നത്. 1954-ൽ തന്നെ ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ ബൗദ്ധസെമിനാരികളും, വിഹാരങ്ങളും സ്ഥാപിക്കണമെന്ന് അദ്ദേഹം ആശ പ്രകടിപ്പിച്ചു. ബോംബെ, നാഗ്പൂർ, ഡൽഹി, ബാംഗ്ലൂർ, മദ്രാസ് എന്നിവിടങ്ങളിൽ ബൗദ്ധകേന്ദ്രങ്ങൾ തുടങ്ങണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു(14). ഹൈദ്രാബാദിലെ നിസാം രാജാവ് സ്വാതന്ത്രപ്രാപ്തിക്ക് മുമ്പ് ദാനം കൊടുത്ത 15 ഏക്കർ സ്ഥലം മതനിരപേക്ഷതയുടെ മുഖമായി ഇന്നും നിലനിൽക്കുന്നു. സ്റ്റേറ്റ്, ഭരണാധികാരികൾ തുടങ്ങിയവരുമായുള്ള രാഷ്ട്രീയ ഇടപെടലുകളിലൂടെ തന്റെ ജനതക്ക് ഭൂമി, സ്ഥാപനങ്ങൾ തുടങ്ങിയവ അനുവദിച്ചുതരണമെന്ന് പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റിയിലൂടെ അംബേദ്കർ വ്യത്യസ്ഥ ദേശങ്ങളിലെ ഭരണാധികാരികൾക്ക് നിവേദനം നൽകുന്നതുതന്നെ സ്റ്റേറ്റുമായുള്ള സുസ്ഥിര രാഷ്ട്രീയബന്ധം സ്ഥാപിച്ചെടുക്കലാണ്. കർണാടകയിൽ കൃഷ്ണരാജ വൊടയാർ അഞ്ചാമൻ, എട്ട് എക്കർ നിലം പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റിക്ക് പതിച്ച് നൽകുകയും, വിദ്യാഭ്യാസ പുരോഗതിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു. മദ്രാസ്, പോണ്ടിച്ചേരി, ഡൽഹി, ഡറാഡൂൺ എന്നിവിടങ്ങളിലും സൊസൈറ്റിക്ക് നിലം  പതിച്ച് നൽകിയിട്ടുണ്ട്.

നെഹ്‌റുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതിയിൽ ഇന്ത്യൻ ഭരണഘടനക്ക് ആധുനികരൂപം നൽകികൊണ്ടാണ് ബോധിസത്വനായ അംബേദ്കർ രാജ്യത്തിന് പുതിയ നിയമസംഹിത സമർപ്പിക്കുന്നത്. ഇന്ത്യൻ കോൺസ്റ്റിറ്റിയൂഷൻ അസംബ്ലിയിൽ  പുതിയ പാർലമെന്ററി ഘടനക്ക് രൂപം നൽകിയത് ബുദ്ധമതത്തിലെ വിനയ പിഠകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് സംഘരക്ഷിത നിരീക്ഷിക്കുന്നുണ്ട്. പ്രധാനമായും

  1. പാർലമെന്റിലെ സിറ്റിംഗ് സംവിധാനം
  2. പ്രമേയങ്ങളുടെ നിയമരീതി
  3. പ്രമേയം അവതരിപ്പിക്കൽ
  4. വിപ്പ് കൊണ്ടുവരൽ
  5. വോട്ടിംഗ് സംവിധാനം
  6. ബാലറ്റ് വോട്ട് നിലനിർത്തൽ
  7. സെൻസറിംഗ് ഏർപ്പെടുത്തൽ
  8. റെഗുലേഷൻ നടത്തൽ
  9. ചർച്ചക്ക് തീർപ്പ് കൽപ്പിക്കൽ തുടങ്ങിയ സംവിധാനങ്ങൾ അംബേദ്കറിന്റെ ഇടപെടലുകളായിരുന്നു. ഇന്ത്യാരാജ്യം ആരുടേത് എന്ന ചോദ്യം ഇന്ന് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ആയിരക്കണക്കിന് രാജ്യങ്ങളും- നാട്ടുരാജ്യങ്ങളുമായി വിഘടിച്ചുനിന്നിരുന്ന ഈ ഭൂപ്രദേശത്തെ കൊളോണിയൽ ഭരണമാണ് ഏകോപനത്തിൽ എത്തിച്ചത്. ദേശം, ദേശീയ വികാരം എന്നിവ എല്ലായ്‌പ്പോഴും അപരരെ നിർമ്മിച്ചായിരുന്നു നടത്തപ്പെട്ടിരുന്നുത്. കൊളോണിയൽ ഭരണക്രമത്തിന് എതിരെ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള പ്രധാന പരാജയ കാരണം ജാതീയ വിഘടനമായിരുന്നു. (എനിക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണന്ന ശ്രീനാരായണ ഗുരുവിന്റെ അഭിപ്രായം തന്നെ ഇന്ത്യൻ സാമൂഹ്യവ്യവസ്ഥക്ക് ഉള്ള ഒരു മറുപടിയായിരുന്നു) മദ്രാസ്, ബോംബെ, കൽക്കട്ട തുടങ്ങിയ മൂന്ന് പ്രവിശ്യകളായാണ് ബ്രിട്ടീഷ് ഭരണം ആധുനിക ഇന്ത്യൻ ഭൂമികയെ ഏകോപിപ്പിച്ചത്. പ്രാചീന ഭാരതത്തിൽ ഇത്തരം ഏകോപനത്തിന് ശ്രമം നടന്നിരുന്നോ എന്ന വസ്തുത ചരിത്രത്തിൽ നിന്നും നമ്മൾ കണ്ടെത്തേണ്ടതുണ്ട്. കേവലം നൂറ് ഏക്കർപോലും വിസ്തീർണമില്ലാത്ത അയോദ്ധ്യരാജ്യത്തിലെ നിയുക്ത രാജാവായിരുന്ന രാമന്റെ രാജ്യമാണ് ഭാരതമെന്ന സങ്കൽപം ദേശമെന്ന ഇന്നത്തെ സങ്കൽപത്തിനും, അതിരുകൾക്കും വെളിയിലായിരുന്നു. അവിശ്വസനീയവും അതിലുപരി ചരിത്രതെളിവുകളുടെ പിൻബലവുമില്ലാത്തതാണ് ഇത്തരം അഭിപ്രായങ്ങൾ. ചരിത്രവസ്തുതകൾ പരിശോധിച്ചാൽ അശോകചക്രവർത്തിയുടെ സാമ്രാജ്യം ഇറാന്റെ അതിർത്തി മുതൽ ശ്രീലങ്ക, ടിബറ്റ് വടക്ക് കിഴക്കൻ രാജ്യങ്ങളുടെ അതിർത്തി പങ്കിട്ടിരുന്നു എന്ന കാര്യം സുവ്യക്തമാണ്. അശോകന്റെ 13-ആം ശിലാഫലകം കേരളത്തിലെ ചേരരാജാക്കന്മാർക്കുള്ള ഉപദേശങ്ങളായി അടയാളപ്പെടുത്തുന്നതാണ്. ബുദ്ധസുത്തത്തിലെ ‘ലങ്കായ-ജംപുദ്വീപേ തിതസപുരവരേ നാഗലോകേ ചഥൂപേ’ എന്ന കീർത്തനം പ്രാചീനഭാരതത്തിലെ അശോകന്റെ സ്മാരകങ്ങളെ സൂചിപ്പിക്കുന്നതാണ്.* ദേശീയ സങ്കൽപ്പത്തിന് നിദാനമായ കൊടിയടയാളങ്ങളും, ദേശീയ ചിഹ്നങ്ങളും, ദേശീയ പതാകയിലെ അശോകചക്രവും ബൗദ്ധചക്രവർത്തിയായ അശോകന്റെ സംഭാവനകളെ അടയാളപ്പെടുത്തിക്കൊണ്ട് ആധുനികനായ അംബേദ്കർ വീണ്ടെടുത്തതാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ രാഷ്ട്രീയ പ്രതിനിധികൾക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്ന അഭിപ്രായം പാർലമെന്റിൽ ചർച്ചക്ക് വന്നിരുന്നു. എന്തായിരിക്കണം പ്രതിനിധികളുടെ അടിസ്ഥാന യോഗ്യത എന്നതിൽ തീർപ്പ് കൽപ്പിക്കപ്പെട്ടില്ല. എന്നിരുന്നാലും വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ പ്രതിനിധികൾക്ക് ബാധകമാണെന്ന പൊതു സമ്മതി നിലവിൽ വന്നു. ഡോ. അംബേദ്കർ വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തിൽ മുന്നോട്ടുവച്ചത്. അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകാത്ത അടിസ്ഥാന ജനതക്ക് ലജിസ്‌ലേചറിൽ മൽസരിക്കാൻ സാധ്യമല്ലാതാകുമെന്ന് അംബേദ്കർക്ക് ഉറപ്പുണ്ടായിരുന്നു. വിദ്യാഭ്യാസ യോഗ്യത നിലനിൽക്കെത്തന്നെ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ മനസിലാക്കാൻ അനുഭവമുള്ള പ്രതിനിധികൾ ഉണ്ടായിരിക്കണമെന്ന അഭിപ്രായം അദ്ദേഹം മുന്നോട്ടുവച്ചു. ജനാധിപത്യം പുഷ്‌കലമാകണമെങ്കിൽ വിവിധ സമൂഹങ്ങളിലെ ജനപ്രാതിനിധ്യം  ലജിസ്‌ലേച്ചറുകളിൽ ഉണ്ടായിരിക്കണമെന്ന ജനാധിപത്യപരമായ കാഴ്ചപ്പാടാണ് അംബേദ്കർ ആരാഞ്ഞത്. അംബേദ്കർ പറയുന്നത് ‘നിശ്ചിതമായ വിദ്യാഭ്യാസ യോഗ്യത പൊതുമാനദണ്ഡമായി പരിഗണിച്ചാൽ ഉണ്ടായേക്കാവുന്ന പരിണിതഫലം, വിദ്യാഭ്യാസം സാർവത്രികമായി ഇന്ത്യയിലെ എല്ലാ ജനങ്ങളിലും എത്തിച്ചേർന്നിട്ടില്ലാത്തതിനാലും, ഉന്നതവിദ്യാഭ്യാസം  നേടിയിട്ടുള്ള അധികം വിഭാഗങ്ങൾ ഇല്ലാത്തതിനാലും ഈ പ്രശ്‌നത്തിന് ആത്യന്തികമായി പരിഹാരം കണ്ടെത്താൻ കഴിയില്ല’(15). അംബേദ്കറിന്റെ ദീർഘവീക്ഷണത്തിന്റെ കാലികപ്രസക്തി സാർവത്രിക വിദ്യാഭ്യാസത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യം സമകാലിക അന്തരീക്ഷത്തിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. സംവരണം എന്ന ജനാധിപത്യാധിഷ്ഠിത നിയമം തന്നെ അംബേദ്കർ ആവിഷ്‌കരിച്ചത് സാമൂഹ്യതുല്യതയിലേക്കുള്ള വിഭവങ്ങളുടെ ലഭ്യത എന്ന നിലക്കാണ് എന്നത് ബുദ്ധനും ബുദ്ധധർമ്മവും എന്ന കൃതിയിൽ അദ്ദേഹം വ്യക്തമാക്കുന്നത്. ‘ധമ്മം സദ്ധമ്മമാകണമെങ്കിൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമത്വം പ്രോൽസാഹിപ്പിക്കണം. മാത്രമല്ല നിലനിൽപ്പിന് വേണ്ടിയുള്ള സമരങ്ങളിൽ എല്ലാവരും പങ്കുകൊണ്ടേ മതിയാകൂ. അസമത്വം വ്യാപകമായാൽ നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിൽ ദുർബലർ പരാജയപ്പെടും. ഒരു മതം സമത്വത്തിനുവേണ്ടി വാദിക്കണം. ഏറ്റവും മികച്ചത്  ഏറ്റവും അനുയോജ്യമാകണമെന്നില്ല. കഴിവുള്ളവരെകൊണ്ട് മാത്രം സമൂഹത്തിന് നിലനിൽക്കാനാവില്ലാത്തതുകൊണ്ട്,  കഴിവുള്ളവയോടൊപ്പം ഏറ്റവും മികച്ചതിന്റേയും നിലനിൽപ്പിന് സമത്വം സഹായകമാകും. അനുയോജ്യമായത് (ഏറ്റവും ശക്തമായത്) ആണോ ഏറ്റവും യോജിച്ചത് എന്ന ചോദ്യം അക്കാലത്ത് ആരെങ്കിലും ചോദിച്ചെന്നുവരാം. അങ്ങേയറ്റം ദുർബലമായവയേയും വേണ്ടത്ര സംരക്ഷണം നൽകുന്ന പക്ഷം സമൂഹത്തിന്റെ പുരോഗതിക്ക് അനുയോജ്യമായിത്തീരുകയില്ലേ? അനുയോജ്യമായിത്തീരും എന്ന ഉത്തരമാണ് അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ നിന്നും ലഭിക്കുക. അപ്പോൾ മറ്റൊരു ചോദ്യം ഉദിക്കുന്നു. ദുർബലരെ സംരക്ഷിക്കാനുള്ള മാർഗമെന്താണ്. ഏറ്റവും അനുയോജ്യമായവരെ ചില നിയന്ത്രണങ്ങൾക്ക് വിധേയരാക്കുക’ സംവരണത്തിന്റെ സാമൂഹ്യപശ്ചാത്തലം ബൗദ്ധ ആശയത്തിലൂടെ നിയമത്തിൽ വരുത്തുക എന്ന പ്രവർത്തനമാണ് അംബേദ്കർ നിർവ്വഹിച്ചത്(16). രാഷ്ട്രീയപ്രതിനിധികൾ കേവലം വിദ്യാഭ്യാസം മാത്രം ആശ്രയിക്കരുതെന്നും പ്രജ്ഞയും ശീലവും ഉണ്ടായിരിക്കണമെന്നും അംബേദ്കർ ഓർമപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറയുന്നു, ‘ഞാൻ ബുദ്ധന്റെ സാംരാംശത്തിൽ പറയുകയാണെങ്കിൽ മനുഷ്യന് രണ്ട് കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഒന്ന് ജ്ഞാനം (പ്രജ്ഞ) രണ്ട് ശീലമാണ് (ശീൽ) ശീലത്തിന്റെ അഭാവത്തിലുള്ള പ്രജ്ഞ അപകടകരമാണ്. സ്വഭാവം, ധാർമികത, പ്രലോഭനത്തിൽ നിന്നും സ്വതന്ത്രമായി നിൽക്കാനുള്ള പ്രവണത, ആദർശത്തോടുള്ള തികഞ്ഞ സത്യസന്ധത, ഇത്തരത്തിൽ വ്യക്തികൾ പരിവർത്തനത്തിന് വിധേയരായിത്തീരണമെന്നും ബൗദ്ധ ആശയങ്ങളിലെ സദാചാരം വ്യക്തി ഗുണഗണങ്ങൾ എന്നിവയ്ക്ക് സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുമെന്നും അദ്ദേഹം ഇന്ത്യൻ ജനതയോട് പറഞ്ഞു(17). 1950 മുതൽ 1956 വരെയുള്ള കാലഘട്ടം അംബേദ്കറെ സംബന്ധിച്ചിടത്തോളം മതപരമായും രാഷ്ട്രീയമായും നിർണായകമായിരുന്നു. വിവിധ ബൗദ്ധരാജ്യങ്ങളുമായും, ഭിക്ഷുസംഘങ്ങളുമായും ചർച്ചക്ക് വേദിയൊരുങ്ങി. ഇംഗ്ലീഷ് ഭിക്ഷുവായിരുന്ന ബന്ദേ സംഘരക്ഷിതയായിരുന്നു അംബേദ്കറിൽ ശ്രദ്ധ ചെലുത്തിയ വിദേശ ബൗദ്ധരിൽ ഒരാൾ. അംബേദ്കർ മുന്നോട്ട് വച്ച നവബൗദ്ധ ആശയങ്ങളെ ദാർശനികമായി ഉൾക്കൊണ്ട വ്യക്തി അദ്ദേഹമായിരുന്നു. ബൗദ്ധ സംഘത്തെ ഒരഴിച്ചുപണിക്ക് വിധേയമാക്കണമെന്ന അംബേദ്കറിന്റെ ആശയത്തെ മുന്നോട്ട് ചലിപ്പിക്കുകയും അംബേദ്കറിന്റെ നവയാന ബുദ്ധിസത്തെ പ്രാവർത്തികമക്കാൻ യത്‌നിച്ചതും സംഘരക്ഷിതയായിരുന്നു(18). ഡോ. ബി. ആർ. അംബേദ്കർ ഒരുവേള  തന്റെ ജനതക്ക് നല്കിയ അവസാന സന്ദേശം ഒരു പക്ഷേ സംഘരക്ഷിതയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയിലേതായിരിക്കാം. ഇന്ത്യയിലെ ആദ്യകാല ബുദ്ധമതപരിവർത്തകരിലൊരാളായ ധമ്മചാരി ചന്ദ്രബോധിയുമായി നടത്തിയ എഴുത്തിടപ്പാടുകളിലെ ഓർമ്മക്കുറിപ്പുകളിൽ ഇത് വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്; ഒക്‌ടോബർ 14-ലെ ധമ്മവിപ്ലവത്തിന് ശേഷം  നവംബറിൽ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ അംബേദ്കർ നന്നേ ക്ഷീണിതനായിരുന്നു. സംസാരിക്കാൻ വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സംസാരിച്ചത് വീണ്ടും വീണ്ടും ആവർത്തിക്കുകയുണ്ടായി. തന്റെ സമൂഹം 22 പ്രതിജ്ഞകളെ ഏറ്റെടുക്കണമെന്ന് അദ്ദേഹം പ്രത്യാശ പുലർത്തി. മൂന്ന് പ്രധാനകാര്യങ്ങളാണ് സംഘരക്ഷിതയോട് അംബേദ്കർ അവസാനമായി സംസാരിച്ചത് 1) കക്ഷിവഴക്ക് (factionism),  2) സ്ത്രീധനസമ്പ്രദായം (giving of dowry), 3) മദ്യപാനം (alcoholism). ഒരു പക്ഷേ ഇതായിരിക്കാം ഡോ. ബി. ആർ. അംബേദ്കർ തന്റെ ജനതക്ക് നല്കിയ അവസാന സന്ദേശം.*  ബൗദ്ധസാഹിത്യത്തിൽനിന്നും ഹൈന്ദവദർശനങ്ങളെ അരിച്ചുമാറ്റേണ്ടുന്നതിനായി  പാലിഭാഷയെ പഠിക്കേണ്ടിയിരുന്നു. അതിനായി പാലിഭാഷ പരിശീലനത്തിനായി അംബേദ്കർ ഒരു നിഘണ്ടു രൂപകൽപന ചെയ്തു(19). സംസ്‌കൃതഭാഷക്കും, പാലിഭാഷക്കും ഉച്ഛാരണത്തിൽ സാമ്യമുണ്ടെങ്കിലും വ്യാകരണത്തിലും അർത്ഥത്തിലും വ്യത്യാസമുള്ളതിനാലാണ് പാലിഭാഷയെ പഠനവിഷയമാക്കണമെന്ന് അംബേദ്കർ നിർദ്ദേശിച്ചത്. 1956-ൽ തന്നെ പുതിയ മതസ്വീകരണത്തിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. അശോകൻ ബുദ്ധമതം സ്വീകരിച്ച അശോകവിജയദശമിയിൽ ഇന്ത്യയിലെ തൊട്ടുകൂടാത്തവർ മതപരിവർത്തനം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ലോകത്ത് ഒരു മതപ്രചാരകരും ചെയ്തിട്ടില്ലാത്ത പ്രവർത്തനങ്ങളാണ് അംബേദ്കർ നിർവ്വഹിച്ചത്. അംബേദ്കർക്ക് നേരിടേണ്ടിവന്ന വെല്ലുവിളി കളും, പ്രതിസന്ധികളും വേറൊരാൾക്കും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലായിരുന്നു. ഒരുമതത്തിലേക്ക് അതിന്റെ അനുയായികളെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്വം മാത്രമേ മറ്റ് പ്രചാരകർക്ക് നേരിടേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹം തന്റെ അനുയായികളെ കേവലം  ദീക്ഷ ചടങ്ങിലൂടെ പുതിയ മതത്തിലേക്ക് പ്രവേശിപ്പിക്കുക മാത്രമല്ല അതിനാധാരമായ എല്ലാ വിഭവങ്ങളും കണ്ടെത്തുകയും ക്രമീകരിക്കുകയും ചെയ്തു. നാഗ്പൂരിലെ ദിക്ഷാ ഭൂമിയിൽവച്ച് പുതിയ മതത്തിലേക്ക് അഞ്ച് ലക്ഷം അനുയായികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് താൻ തന്നെ ആവിഷ്‌കരിച്ചെടുത്ത പുതിയപ്രബോധനങ്ങൾകൂടി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം അംബേദ്കർ വ്യക്തമാക്കുന്നുണ്ട്. 22 പ്രതിജ്ഞകൾ എന്നറിയപ്പെടുന്ന പുതിയ ഉത്തരവാദിത്വം പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള പ്രേബോധനങ്ങളായിരുന്നു. പ്രതിജ്ഞ എന്നത് ഏറ്റെടുക്കേണ്ടതും നിർവ്വഹിക്കേണ്ടതുമായ ധാർമിക ഉത്തരവാദിത്വം വ്യക്തികളിൽ നിക്ഷിപ്തമാക്കുന്ന പ്രക്രിയയാണ്. (അംബേദ്കർ പറയുന്നത് ധാർമികമായ അധപതനത്തെ തടയാൻ പ്രതിജ്ഞക്കുള്ള ശക്തി ശാസനങ്ങൾക്കില്ല എന്നതാണ്.) പുതുജന്മമായിട്ടാണ് 22 പ്രതിജ്ഞങ്ങളെ അദ്ദേഹം നിക്ഷ്‌കർഷിച്ചിരുന്നത്. ഇത് ഹിന്ദുമതത്തിൽ നിന്നുമുള്ള പരിപൂർണ്ണ തിരസ്‌കരണവുമാണ് (Complte rejection). അടിമുടി കുത്തഴിഞ്ഞ ഒരു സാമൂഹ്യക്രമത്തെ ബുദ്ധൻ എങ്ങനെയാണോ നവീകരിച്ചത് അതിനു തത്തുല്യമായിട്ടാണ് ഡോ. അംബേദ്കർ ആധുനികതയിൽ തന്റെ മതത്തെ പുനസൃഷ്ടിച്ചത്.

അംബേദ്കർ ആശയങ്ങളുടെ സംക്ഷിപ്തരൂപമായി 22 പ്രതിജ്ഞകളെ വിശകലനം ചെയ്യാൻ സാധ്യമാണ്. പഠനസൗകര്യപ്രദമായി 22 പ്രതിജ്ഞകളെ നാല് ഉപവിഭാഗങ്ങളിലായി തരംതിരിക്കാവുന്നതാണ്. ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതിജ്ഞകളെ ഇന്ത്യൻ സാമൂഹിക ചരിത്രമായും- ആറ് മുതൽ എട്ട് വരെ ബൗദ്ധ ആചാരക്രമങ്ങളിലായും -ഒൻപതു മുതൽ പതിനെട്ടുവരെ ബൗദ്ധതത്വശാസ്ത്രമെന്നനിലയിലും- പത്തൊൻപതുമുതൽ ഇരുപത്തിരണ്ടുവരെ ബൗദ്ധസാഹിത്യങ്ങൾ എന്ന രീതിയിലും അംബേദ്കറിന്റെ പ്രതിജ്ഞയെ നിർവചിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ബൗദ്ധികശേഷിയും, ഗ്രന്ഥങ്ങളും ഇരുപത്തിരണ്ട് പ്രതിജ്ഞകളിൽ സംഗ്രഹിച്ചിട്ടുണ്ടെന്ന് മനസിലാക്കാം യുക്തി, സയൻസ്, അനുഭവം ഈ മൂന്ന് മാനദണ്ഡങ്ങളാണ് 22 പ്രതിജ്ഞകൾക്ക് ആധാരം

22 പ്രതിജ്ഞകൾ

യുക്തി    സയൻസ്  അനുഭവം

(A) ഇന്ത്യൻ സാമൂഹ്യചരിത്രം
1. ഞാൻ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ- ഇവരെ ഈശ്വരനായി അംഗീകരിക്കുകയോ പൂജിക്കുകയോ ചെയ്യില്ല. 2. ഞാൻ രാമനേയും, കൃഷ്ണനേയും ഈശ്വരനായി അംഗീകരിക്കുകയോ പൂജിക്കുകയോ ചെയ്യില്ല.
3. ഞാൻ ഗൗരി, ഗണപതി ഇത്തരത്തിൽ ഹിന്ദുധർമത്തിലെ ഒരു ദേവിദേവൻമാരേയും ഈശ്വരനായി അംഗീകരിക്കുകയോ പൂജിക്കുകയോ ചെയ്യില്ല.
4. ഈശ്വരൻ അവതാരമെടുത്തു എന്നുള്ളതിൽ ഞാൻ വിശ്വസിക്കുന്നില്ല.
5. ഭഗവാൻ ബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണന്നത് നുണയും ബുദ്ധിഹീനമായ പ്രചരണവുമാണെന്നും ഞാൻ മനസിലാക്കുന്നു.

22 പ്രതിജ്ഞയിലെ ആദ്യ അഞ്ച് ഭാഗങ്ങളെ വിശകലനം ചെയ്യുന്നതിനായി ഇന്ത്യൻ സാമൂഹ്യചരിത്രത്തിന് ആധാരമായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി.
– ജാതിവ്യവസ്ഥ
– ഹിന്ദുമതത്തിന്റെ ത്വത്വശാസ്ത്രം
– വിപ്ലവവും പ്രതിവിപ്ലവവും പ്രാചീനഭാരതത്തിൽ
– ഹിന്ദുമതത്തിന്റെ പ്രഹേളിക
– അസ്പൃശ്യർ അഥവാ ഇന്ത്യയിലെ ഗെറ്റോസന്തതികൾ
– അസ്പൃശ്യരും അസ്പൃശ്യതയും
– ശുദ്രർ ആരായിരുന്നു
– അസ്പൃശ്യർ
– ഇന്ത്യയിലെ ജാതികൾ
– രാമനും കൃഷ്ണനും ഒരു  പ്രഹേളിക
– ജാതി നിർമൂലനം

(B)ബൗദ്ധ ആചാരക്രമങ്ങൾ പുതിയ സുവിശേഷം
6. ഞാൻ ശ്രാദ്ധം ചെയ്യുകയോ പിണ്ഡദാനം നൽകുകയോ
7. ഞാൻ ബുദ്ധധർമ്മത്തിന് വിരുദ്ധമായി ഒരു അപപ്രചരണവും ചെയ്യില്ല
8. ഞാൻ ഒരുതരത്തിലുള്ള കർമ്മങ്ങളും ബ്രാഹ്മണന്റെ കൈകളാൽ ചെയ്യുകയില്ല.

നിലവിലിരിക്കുന്ന അചരണക്രമത്തിന് ബദലായി അംബേദ്കർ 22 പ്രതിജ്ഞയിലൂടെ പുതിയ സുവിശേഷത്തിന്റെ ആചാരക്രമങ്ങൾ വിവരിക്കുകയുണ്ടായി.
– പഞ്ചശീൽ
– അരിയ അഷ്ടാംഗിക മാർഗം
– അരിയ സത്യങ്ങൾ
– ദശശീൽ (പാരമിതകൾ)
– പ്രത്യുത് സമത്പാത
– ബുദ്ധമത ചിഹ്നങ്ങൾ, ബിംബങ്ങൾ, സ്മാരകങ്ങൾ
– പൂജാവിധികൾ

(C) ബൗദ്ധ തത്വശാസ്ത്രം
9. എല്ലാ മനുഷ്യരും സമൻമാരാണന്ന് ഞാൻ വിശ്വസിക്കുന്നു.
10. ഞാൻ സമത്വം സ്ഥാപിക്കുന്നതിനുവേണ്ടി പരിശ്രമിക്കും.
11. ഞാൻ ഭഗവാൻ ബുദ്ധൻ ഉപദേശിച്ച അരിയ അഷ്ടാംഗികമാർഗം എന്റെ ജീവിതത്തിൽ പിൻതുടരും.
12. ഞാൻ ഭഗവാൻ ബുദ്ധൻ ഉപദേശിച്ച പത്തുപാരമിതകൾ എന്റെ ജീവിതത്തിൽ പിൻതുടരും.
13. ഞാൻ എല്ലാ ജീവികളോടും ദയാനുഭൂതിയും കരുണയും ഉള്ളവനായിരിക്കും.
14. ഞാൻ മോഷ്ടിക്കുകയില്ല.
15. ഞാൻ നുണപറയുകയില്ല.
16. ഞാൻ വ്യഭിചാരം ചെയ്യുകയില്ല.
17. ഞാൻ മദ്യപിക്കുകയില്ല.
18. പ്രജ്ഞ, ശീൽ, കരുണ ബുദ്ധമതത്തിലെ ഈ മൂന്ന് തത്വങ്ങളം ആധാരമാക്കിയായിരിക്കും എന്റെ നിത്യവുമുള്ള ജീവിതം.

ബൗദ്ധതത്വശാസ്ത്രങ്ങളെ വ്യാഖ്യാനിക്കുന്നതിനായി നിരവധി പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.
– സമത്വത്തിനവേണ്ടിയുള്ള സമരങ്ങൾ
– സമത്വത്തിനുവേണ്ടിയുള്ള പ്രഭാഷണങ്ങൾ
– ബുദ്ധനും ബുദ്ധധർമ്മവും

(D) ബൗദ്ധസാഹിത്യങ്ങൾ
19. ഞാൻ മനുഷ്യന്റെ ഉയർച്ചക്ക് ഹാനികരമായി നിൽക്കുന്നതും മനുഷ്യ സമൂഹത്തെ സമാനമായി കാണാതിരിക്കുകയും ചെയ്യുന്ന ഹിന്ദുധർമ്മത്തെ ഉപേക്ഷിക്കുകയും ബുദ്ധധർമ്മത്തെ സ്വീകരിക്കുകയും ചെയ്യുന്നു.
20. ബുദ്ധധർമ്മമാണ് യഥാർത്ഥ ധർമ്മമെന്ന് ഞാൻ വിശ്വസിക്കുന്നു.
21. ഇന്ന് എനിക്ക് പുതുജന്മം ലഭിച്ചിരിക്കുന്നു. അങ്ങനെ ഞാൻ വിശ്വസിക്കുന്നു.
22. ഇനി മുതൽ ഭഗവാൻ ബുദ്ധൻ ഉപദേശിച്ച ധർമ്മത്തിന്റെ തത്വങ്ങൾ അനുസരിച്ച് ജീവിതം നയിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നു.

ബൗദ്ധസാഹിത്യങ്ങളെ വിശകലനം ചെയ്യുന്നതിനായി അംബേദ്കർ ചെറുതും വലുതുമായ നിരവധി പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും രചിക്കുകയുണ്ടായി.
– ബുദ്ധനും ബുദ്ധധർമ്മവും
– മതപരിവർത്തനം എന്തിന്?
– ബുദ്ധനും ബുദ്ധമതത്തിന്റെ ഭാവിയും
– മതപരിവർത്തനം നിങ്ങളുടെ വിമോചനവും പുരോഗതിയുമാണ്
– ഏത് മാർഗേനയാണ് വിമോചനം
– നിരീശ്വരവാദികൾ അരിയ അഷ്ടാംഗിക മാർഗം സ്വീകരിക്കണം
– ബുദ്ധമോ കാൾമാക്‌സോ
– ബുദ്ധിസം സമൂഹത്തെ അലങ്കരിക്കുന്ന ജനാധിപത്യത്തിനും സ്ഥിതിസമത്വത്തിനും വഴി പാകുന്നു
– എന്റെ ജീവിത തത്വശാസ്ത്രം
– ഞാൻ എന്തുകൊണ്ട് ബുദ്ധമതം ഇഷ്ടപ്പെടുന്നു.
– ഞാൻ ഗൗതമ ബുദ്ധന്റേയും, കബീറിന്റേയും, മഹാത്മാഫുലേയുടേയും ഭക്തനാണ്
– ബുദ്ധമതം ലോകത്തിന്റെ രക്ഷക്ക്*

ബൈബിളിലെ പഴയനിയമത്തിന്റെ ഭാഗമായ മോശയുടെ പ്രവർത്തനങ്ങൾ ഇസ്രായേൽ ജനതയുടെ മോചനത്തിനുവേണ്ടിയായിരുന്നു. ധാർമികമായി തന്റെ ജനതയുടെ മോചനത്തിനുവേണ്ടി മോശ പത്ത് കൽപനകൾ രൂപകൽപ്പന ചെയ്തതുപോലെയാണ് ഡോ. അംബേദ്കർ 22 പ്രതിജ്ഞകൾ തന്റെ സമൂഹത്തിന്റെ വിമോചനത്തിനായി മുന്നോട്ട് വച്ചത്. അശരണരുടെ മിശിഹ എന്ന അപരനാമം ഇത്തരത്തിൽ ശ്രദ്ധേയമാണ്.

ഇത്തരത്തിൽ ദാർശനികമായും, നൈതികമായും, ധാർമികമായും ഇന്ത്യൻ സാമൂഹിക രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്തിയാണ് ബോധിസത്വ ഡോ. ബി. ആർ അംബേദ്കർ ചരിത്രം നഷ്ടപ്പെട്ട ജനതയെ നവസാമൂഹിക രൂപീകരണത്തിലേക്ക് നയിച്ചത്. അടിമുടി ജാതീയതയിലധിഷ്ഠിതമായ ഇന്ത്യൻ സമൂഹത്തെ പരിഷ്‌കരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മനുഷ്യരുടെയും, വസ്തുക്കളുടെയും നേരെ ജനങ്ങളുടെ ധാരണകൾ, വികാരം, മനോഭാവം എന്നിവയിലുണ്ടാകുന്ന മാറ്റത്തെയാണ് ഡോ. അംബേദ്കർ പരിഷ്‌കരണമെന്ന് വിശേഷിപ്പിച്ചത്. പരിവർത്തനമെന്നത് രണ്ട് രീതിയിൽ  നടക്കുന്ന പ്രവർത്തനമാണ്. ഒന്ന് ആന്തരികപരിവർത്തനം രണ്ട് ബാഹ്യപരിവർത്തനം. ബാഹ്യപരിവർത്തനം എല്ലാ വസ്തുക്കളിലും പ്രകൃതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പരിവർത്തനമാണ്. എന്നാൽ ആന്തരികപരിവർത്തനം ബോധപൂർവമായ/ തിരിച്ചറിവോടുകൂടിയ ക്രിയാത്മകവികാസമാണ്. നന്മയേയും, സാൻമാർഗികതയേയും തിരിച്ചറിവോടുകൂടി അതിന്റെ പാരമ്യത്തിലെത്തിക്കുക എന്ന ഒരർത്ഥം കൂടി അതിനുണ്ട്. ഒരു പക്ഷേ ബുദ്ധനായിരിക്കാം ആന്തരികമായും ബാഹ്യമായും വികസിച്ച മനുഷ്യൻ.

ജാതിനിർമൂലനം അംബേദ്കറെ സംബന്ധിച്ചിടത്തോളം അദ്ദേഹം വിഭാവനം ചെയ്ത ആദർശമായിരുന്നു. പ്രബുദ്ധഭാരതം എന്ന സങ്കൽപം  തന്നെ ജാതിനിർമൂലനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിർണ്ണയിച്ചിരുന്നത്. നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ കലർപ്പില്ലാത്ത ശുദ്ധവംശത്തിൽപ്പെട്ട മനുഷ്യരായി ലോകത്തെങ്ങും ആരുമില്ലെന്നതുതന്നെ ജാതിയെന്ന ശുദ്ധി-അശുദ്ധിവാദത്തെ തള്ളിക്കളയുന്നു. മിശ്രവിവാഹത്തിന് മാത്രമേ ജാതിയെ ഉൻമൂലനം ചെയ്യാൻ കഴിയുകയുള്ളൂവെന്നതാണ് സാമൂഹ്യപ്രവർത്തന പരിഹാരമാർഗമായി അംബേദ്കർ മുന്നോട്ട്‌വയ്ക്കുന്ന ഉദാത്ത ആശയം(20). കാരണം രക്തസംയോജനം മാത്രമേ ബന്ധുമിത്രാദികളെന്ന വികാരം സൃഷ്ടിക്കുകയുള്ളൂ. ഡോ. അംബേദ്കർ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മാനവികമൂല്യങ്ങളെ സുസ്ഥിരമാക്കുന്നതിന് സാഹോദര്യമെന്ന ആശയത്തിനു മാത്രമേ സാധ്യമാവുകയുള്ളൂ. സാഹോദര്യത്തിന് അംബേദ്കർ വിഭാവനം ചെയ്ത മറ്റൊരു പദം മൈത്രിയാണ്. മൈത്രിയെന്നത് കേവലം മനുഷ്യരാശിയോടുള്ള സമഭാവനയിലുപരി സർവ്വജീവജാലങ്ങളോടും പ്രകൃതിയോടുള്ള സമഭാവനകൂടിയാണ്. സാഹോദര്യത്തിലൂന്നിയ ആശയ വ്യവഹാരങ്ങൾക്ക് മാത്രമേ പുതിയ ലോകത്തെ നിർമ്മിക്കാനാകുകയുള്ളൂ. അംബേദ്കർ ആശയങ്ങളിലധിഷ്ഠിതമായ ജനാധിപത്യമായിരിക്കട്ടെ പ്രബുദ്ധഭാരത നിർമ്മാണത്തിനായുള്ള ഓരോ ചുവടുവയ്പുകളും.
——————————-
അജയന്‍ ഇടുക്കി, സ്കൂള്‍ ഓഫ് ലെറ്റേഴ്സ്‌, എം ജി യൂണിവേഴ്സിറ്റി.

ഗ്രന്ഥസൂചി

  1. ബൗദ്ധതത്വശാസ്ത്രങ്ങളിൽ ജീവിതം നയിക്കുന്ന ഉയർന്ന മാനസിക അവസ്ഥയുള്ള മനുഷ്യൻ. ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ, വാല്യം 22, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പേജ് 63 (2000)
  2. Ambedkar ,Autobiographical notes, Navayana, Waiting for a Viza P. 13,23 (2003)
  3. Babasaheb Dr. B. R. Ambedkar on Buddhism, Jambudvipa Trust, Manaski, Pune, P. 98, 100 (2016)
  4. Ambedkar and Budhism, Sangharakhita, Windhorse Pablication P. 40 (1986)
  5. I bid P 41
  6. ഡോ. അംബേദ്കർ സമ്പൂർണ്ണ കൃതികൾ, വാല്യം 22, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറ. 110.
  7. Ambedkar and Buddhism, Sangharakhita, Windhorse Publication P.44
  8. Ibid P. 43
  9. Dr. Babasaheb Ambedkar writing and speeches, Vol. 17 Part II, Govt. of Maharashtra, P. 88 (2008)
  10. Ibid P. 158
  11. Ibid P. 98
  12. Ibid P. 105
  13. Dr. Babasaheb Ambedkar writing and speeches, Vol. 17 Part III, Govt. pf Maharashtra, P. 282 (2003)
  14. Babasaheb Dr. B.R. Ambedkar on Buddhism, Jambudvipa Trust, Manuski Centre, Pune P. 61
  15. Dr. Babasaheb Ambedkar writing and speeches, Vol. 17 Part II, Govt. of Maharashtra, P. 161(2008)
  16. ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ, വാല്യം 22, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പേജ് 279 (2008)
  17. Dr. Babasaheb Ambedkar writing and speeches, Vol. 17 Part II, Govt. of Maharashtra, P. 159(2008)
  18. Babasaheb Dr. B. R Ambedkar on Buddhism, Buddha and future of his religion, Jambudivipa Trust, Manuski Centre, Pune. P.18, 19
  19. Dr. Baasaheb Ambedkar writing and speeches, Vol. 16, Govt. of Maharashtra, Vol. II Suppliment.
  20. ജാതിനിർമൂലനം, ബഹുജൻ സാഹിത്യ അക്കാദമി, പേജ് 94 (2009)

* ഭഗവാൻ – പാലിശബ്ദം
ഭഗ്+വാൻ
ഭഗ്തൃ=ഷ്ണ
വാൻ=വെടിഞ്ഞവൻ

*ബുദ്ധവന്ദന സൂക്തങ്ങൾ. ത്രിരത്‌നഗ്രന്ഥമാല കേരള-2008

*ധമ്മചാരി ചന്ദ്രബോധിയുമായുള്ള കത്തിടപാടുകൾ

*ധമ്മ പ്രഭാഷണങ്ങൾ, ധമ്മമിത്ര ബിനോജ് ബാബു.

സഹായകഗ്രന്ഥം

  1. Nationalism without nation in India, G, aloysias, Oxford University Press, 1997
  2. Against the madness of manu, Sharmila Rege, Navayana, 2016

Comments

comments