കുതിക്കുകയെന്നാൽ
ദൂരങ്ങളിലേക്ക് കണ്ണൂപായിച്ച്
കൈയ്യിലൊതുങ്ങാത്ത വഴുക്കലുകളിൽ
ഒറ്റക്കൊരാളുടെ, ചിതറിയോട്ടം
അത് തിരിച്ചു പറക്കലിന്റെ
അളന്നിട്ട ദൂരങ്ങളല്ല
മേഘങ്ങളിൽ
ജലവഴികളായി തീരുന്ന
പുഴപോലൊരുവളുടെ
അറ്റവും അറുതിയുമില്ലാത്തതെന്തോ
വടുക്കളിൽ നിന്ന്
പ്രാചീനമായ വേദനകളെ
ഉരുക്കി മാറ്റുന്നൊരു സ്വപ്നം
എല്ലാം കലർത്തി
കറുപ്പിച്ച നീലയായ്
ചിറകടിക്കുന്നത്
അറ്റുപോയതിനെ മുഴുവൻ
ഒരേ ലക്ഷ്യത്തിലേക്ക്
തറച്ചു നിർത്താനാണ്
വിശപ്പ് കാഞ്ഞ്
പുക പിടിച്ചൊരു പാട്ടിന്
സ്വയം തീ പിടിക്കുന്നത്
വെറുപ്പും വേദനയും
പ്രതിഷേധവു കൊണ്ട്
നെഞ്ചുലഞ്ഞു പോകുന്ന
അതിന്റെ നിശബ്ദത.
ഏത് മുറിവിന്റെ ചോരയിൽ നിന്നു കൊണ്ടും
ഞാനതിനെ തിരിച്ചു കൊണ്ടുവരും
ആകാശത്തിന്റെ മടക്കുകളിലൊളിപ്പിച്ച
ഇടിമുഴക്കങ്ങളോടെ
അതിന്റെ തീക്ഷണതയ്ക്ക് കീഴെ
നീറ്റലിന്റെ രാത്രികൾ
മരങ്ങളും
ഇലകളും
ശിഖരങ്ങളും കടന്ന്
ചോരയക്ക് മീതെ
ചേറു പുരട്ടിയ
വേരുകളിലുമ്മ വയ്ക്കും


 

Comments

comments