കാ

ടൊരു കാടേയല്ല..
അതിനേയൊരു വീടായ്
സങ്കൽപ്പിച്ച്..
ജീവിതത്തോട്
കൂട്ടിക്കെട്ടിയവർക്ക്…

മാൻ വേഗങ്ങൾക്ക്
പിന്നാലേ പാഞ്ഞ,
ഒരസ്ത്രമൂർച്ചയാൽ
ഗർജ്ജനങ്ങളെ
കോർത്തെടുത്ത,
ഓരോ പച്ചത്തലപ്പുകളേയും
പേര് ചൊല്ലി വിളിച്ചവർ…
കാവലുണ്ട്..
കരിയിലകൾ മൂടിയ
മണ്ണിനടിയിലിപ്പോഴും…

ഒരുകെട്ട് പുകയിലയിലും..
ഒരു കവിൾ ചാരായത്തിനും
ജീവിതം കവർച്ചചെയ്ത്..
അദൃശ്യമായ ജണ്ടകൾ കെട്ടി
ഇരുണ്ടലോകമെന്ന്..അടയാളമിട്ട്..
അരികുകളിലേക്ക് തുടച്ച് നീക്കിയാലും..

ചരിത്രത്തിന്റെ
ചെതുക്കിച്ച മരങ്ങളിൽ ബന്ധിച്ച
ചാവുകൾ
അവർക്കുചുറ്റും
ഒരു കാടായ്
പച്ചിച്ച്..പച്ചിച്ച്..
വളരുന്നുണ്ടിപ്പോഴും…

കാലുകുത്തുന്നിടമെല്ലാം..
കലാപത്തിന്റെ
വിത്ത് പൊട്ടുന്ന മണ്ണെന്ന്..
സംശയക്കണ്ണുകൾ..
അധികാരത്തിന്റെ
തോക്കിൻ കുഴലുകൊണ്ട്
നോക്കുമ്പോഴും…

അവർ..
കാടു കയറുന്നത്…

ബൊളീവിയൻ ഡയറി
വായിച്ചിട്ടല്ല…
വസന്തത്തിന്റെ
ഇടിമുഴക്കം കേട്ടിട്ടുമല്ല…
അതിനുംമുമ്പേ
കാടറിഞ്ഞവർ…

പട്ടിണി
ഇരവിഴുങ്ങിയ
കുടിലുകൾക്ക് മുമ്പിൽ
എല്ലുന്തിയ
നെഞ്ചിൻ കൂടുകളിൽ
മരണം മിടിക്കുമ്പോഴാണ്…

കാട് കരുതിവച്ച
ഒരു നേരത്തേ
അന്നത്തിന്
വെറും കയ്യോടെ
കുന്ന് കയറിപ്പോകുന്നത്..

പക്ഷേ…
കുന്ന് കയറിപ്പോയവർ
തിരിച്ചെത്തും മുമ്പേ…
വെടിയൊച്ചകൾ
കുന്നിറങ്ങി വരുന്നുണ്ടല്ലോ…


 

Comments

comments