ഉരിഞ്ഞ് പോകുമ്പോൾ
തൊലിയുടെ ഉൾഭാഗം
റോസ് നിറത്തിൽ
കാണുമ്പോൾ
രക്തത്തിൽ
രാഷ്ട്രീയമുള്ളവര്‍ക്ക്
ഒരിത് തോന്നാതിരിക്കില്ല
അകത്തോട്ടകത്തോട്ട്
കറുത്തിരുന്നെങ്കിലെന്താ
എന്നാശിച്ചു പോവുകയും ചെയ്യും
ചില സമയങ്ങളിൽ
അങ്ങിനെയായിരുന്നെങ്കിൽ
ഒരു പക്ഷെ
ഒരാൾക്ക് തന്റെ സഹോദരനെ
കൊല്ലേണ്ടി വരുമായിരുന്നില്ല
ഓരോ പിളർപ്പിനും
ഉള്ളിലേക്ക് വീശുന്ന കറുപ്പ്
അയാൾ ഓങ്ങുന്ന
ഏതെങ്കിലുമൊരു
നിമിഷത്തിൽ
തിരിച്ചറിവിനുള്ള സമയം കൊടുത്തേനേ…
വെട്ടിയെടുത്ത
അവയവത്തിന്റെ
അറ്റത്തു നിന്ന്
ഒറ്റുകാരേപ്പോലെ
പിൻവലിഞ്ഞ്
കുറച്ച് ഭാഗം കൂടി
വെട്ടാനാംഗ്യം കാണിക്കുന്ന
ചില ഉറപ്പില്ലാത്ത
തൊലിയുള്ളവരുമുണ്ട്
പഴയ സംഘർഷങ്ങളുടെ
സ്കൂളിൽ നിന്നാ ണിതൊക്കെ
കറുത്ത ബോർഡും
വെളുത്ത അക്ഷരവും
പോലെ ചിലത്
വെളുക്കെ വെളുക്കെ
ഒരു തുരുമ്പിച്ച
കത്തി കൊണ്ട്
പകയോ വൈരാഗ്യ മോഇല്ലാതെ
ഒരു ശരീരം
തുണ്ടിച്ചതിന്റെ കൂലിക്ക്
കുഞ്ഞിന് പാൽ
വാങ്ങിപ്പോകുന്നതു
പോലെയാണ്
ഇന്ന് നമ്മുടെ രാഷ്ട്രീയം
Be the first to write a comment.