കോളേജിൽ നീ
വന്നശേഷമാണ് എന്റെ തലമുടി കോതിതുടങ്ങിയത്…
ഡിസിയിലെ കൂട്ടുകാരി പറയവേ  ഞാൻ നിന്നെ ശ്രദ്ധിച്ചത്.
ചൂഴുന്നതെങ്കിലും വശ്യമായിരുന്നു നിന്റെ കണ്ണുകൾ
പരുത്തിപാറകളെങ്കിലും നീ നോക്കുന്നു എന്നറിയുമ്പോൾ എന്റെ മാറൊന്ന് വിങ്ങാറുണ്ടായിരുന്നു,
ചുവന്നു നേർത്ത നിന്റെ ഇടത്  കണ്ണിൽ ഞാനെന്റെ തുറക്കാത്ത ഏടുകൾ പതിയാൻ കൊതിച്ചു നിന്നു…
നിഴൽ പോലുമറിയാതെ…
ചരിത്രവും കാവ്യവും ഭാഷയുടെ ഓളങ്ങളിൽ
അലിഞ്ഞൊഴുകീടവെ
നിന്റെ നിനവുകളിൽ ഈ കറുമ്പി വിഗ്രഹമില്ലാത്ത ദേവിയായി…
അലസമായ വൈശാഖ രാത്രികളിൽ,
ഏറെ സ്വാധീനിച്ച താരമുഖപടങ്ങളോടെ നിന്നെ കൂർക്കുന്ന വിരലുകളുടെ ബലികല്ലിൽ ഇരയാക്കി…
നിന്നിലൂടെ എന്റെ കാമനകൾ… അചുംബിത ലാസ്യങ്ങൾ, അവതരിക്കപ്പെടാത്ത ഭാവനകളെല്ലാം അനശ്വരമായി…
നിന്റെ കണ്ണ് എത്തുമിടമെല്ലാം ഞാൻ
പൂത്തുലഞ്ഞു…
സമരക്കാർ നിന്റെ മുഖം ഉടച്ചശേഷം ഞാൻ ഡെര്‍മ്മ ഉപേക്ഷിച്ചു… ലിപ്സ്റ്റിക്കും ഫേസ് ക്രീമും വലിച്ചെറിഞ്ഞു…
സി സി ടി വി ക്യാമെറ-
നീയാണെന്നിലെ എന്നെ ഉണർത്തിയവൻ…
എന്റെ ആദ്യകാമുകൻ… !

Comments

comments