വിശപ്പ് എല്ലായ്പ്പോഴും ശത്രുവാണ് 
എത്ര വെറുത്താലും 
കാട് പോലെ കനക്കും 
പാറക്കെട്ടു പോലെ 
കൂസലില്ലാതെ നിൽക്കും
അട്ടയും തേളും പോലെ 
പതുങ്ങി വന്ന് കടിക്കും

വിശപ്പ് 
സൂചിമുന പോലെ പെയ്യുന്ന മഴയാണ് 
കരിച്ചു കളയുന്ന
വെയിലും വേദനയുമാണ്
കാലുകൾ ചുരുട്ടി
എത്രയോ ഒതുക്കി പതുങ്ങി 
പാറപ്പൊത്തിലൊളിച്ചാലും വരും

രണ്ട് സവാളയോ
ഇത്തിരി അരിമണിയോ
അരമുറി പഴമോ തിന്നാലും…

ഭ്രാന്തിന്റെ മുൾക്കാടിൽ  
തലച്ചോർ തകർന്നാലും.. 
ചൂരൽക്കാടുപോലെ കീറി മുറിക്കും.

വിശപ്പ് എല്ലായ്പ്പോഴും ശത്രുവാണ്….
എത്രയൊളിച്ചാലും തേടിവരും.

ചുറ്റി വളയും 
കനത്ത മുഷ്ടിയാൽ ഇടിക്കും 
ലാത്തി പോലുള്ള വടികളാൽ അടിക്കും .. 
വാരിയെല്ലുകൾ തകർന്ന് 
ഹൃദയം തുളത്താലും 
അവന്റെ ഹൃദയം നനയില്ലാ.

വിശപ്പ് ശത്രുവാണ് 
കോളി* മരക്കൊമ്പിലെ 
എന്റെ വംശത്തിലെ 
പിതൃക്കളുടെ ചാവ് നോവുന്നത് 
അവനറിയേണ്ട.

വിശപ്പ് ശത്രുവാണ്…
ഒറ്റയായവനെ തേടിയെത്തും
കാടിനുള്ളിൽ ചെന്നും വേട്ടയാടും.


*മരിച്ചുപ്പോയ പിതൃക്കളുടെ ചാവുകൾ മരണാനന്തരം കോളി വൃക്ഷത്തിൽ വന്നിരിക്കുന്നു എന്ന് ആദിമനിവാസികൾക്ക് ഇടയിൽ വിശ്വസിക്കപ്പെടുന്നു

Comments

comments