ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വർണ-ജാതിവ്യവസ്ഥ പ്രകാരമുള്ള തൊഴിൽ/പദവികൾ അഗ്രഹാരങ്ങളിലെ മനുഷ്യർക്ക് ലഭിക്കുന്നില്ല എന്ന് ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ നേതാവ് യാതൊരു മടിയും കൂടാതെ പ്രഖ്യാപിക്കുന്ന ഒരു സവിശേഷ രാഷ്ട്രീയ സന്ദർഭത്തിലാണ് ഇന്നത്തെ കേരളം. ഇത് വലിയൊരു നൈതിക പ്രതിസന്ധിയും ഇടതു രാഷ്ട്രീയത്തിന്‍റെ തന്നെ ദിശാമാറ്റവും കൂടിയാണ്.

ബ്രാഹ്മണിസത്തിന്‍റെ രാഷ്ട്രീയ അബോധം

മുകളിൽ പറഞ്ഞ തരത്തിലുള്ള പ്രതികരണങ്ങൾ സവർണ്ണ പ്രീണനത്തിന്റേയോ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ പിന്തുടരുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റേയോ പ്രതിഫലനമായി ചുരുക്കാൻ കഴിയില്ല. ഹിന്ദുത്വശക്തികൾ ദേശീയരാഷ്ട്രീയത്തിൽ പിടിമുറുക്കിയതും, തുടർച്ചയായി കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുന്നതും, ഇടതും വലതുമുള്ള സവർണ രാഷ്ട്രീയത്തേയും, മത-സാമുദായിക നേതൃത്വങ്ങളേയും അ/ബോധ പരമായി ആവേശഭരിതരാക്കുന്നുണ്ട്. വിവിധ പാർട്ടികളിൽ നിന്നും ഹിന്ദുത്വത്തിലേക്കുള്ള കൊഴിഞ്ഞുപോക്ക് ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

പ്രത്യക്ഷത്തിൽ മുകളിൽ പറഞ്ഞതരം നിലപാടുകൾ വിവിധ രാഷ്ട്രീയ ധാരകളിൽ ഉൾപ്പെടുന്നവ ആണെങ്കിലും ഇത്തരം വാദങ്ങൾക്കും വിലാപങ്ങൾക്കും തുടർ പ്രസ്താവനകൾക്കും ഉള്ള ധാർമ്മികബലം ഇൻഡ്യൻ സാമൂഹിക മന:ശാസ്ത്രത്തിൽ ആഴത്തിൽ വേരോടിയ ബ്രാഹ്മണിക രാഷ്ട്രീയ തത്വശാസ്ത്രങ്ങളാണ്. ചെറിയ വ്യതാസങ്ങള്‍ ഉണ്ടെങ്കിലും ഇടത്, വലത്, സെന്‍ററിസ്റ്റു രാഷ്ട്രീയ, പ്രത്യയശാസ്ത്ര ധാരകളിൽ ഇതിന്‍റെ വേരോട്ടം ശക്തമാണ്.

ചേരിസമാനമായ അഗ്രഹാരം

എത്രമാത്രം ഭയാനകവും, ഇൻഡ്യയിലെ ജാതിയുടേയും അദ്ധ്വാനത്തിന്റേയും സാമൂഹിക ചരിത്രത്തെ റദ്ദുചെയ്യുന്ന തരം നയങ്ങളും പ്രഖ്യാപനങ്ങളുമാണ് ഇടതുപക്ഷത്ത്‌ നിന്നും അടുത്ത കാലത്തായി മാത്രം വന്നുകൊണ്ടിരിക്കുന്നത്. വർണ്ണവ്യവസ്ഥയും നിയോ ലിബറൽ മുതലാളിത്തവും കോടിക്കണക്കിന് മനുഷ്യരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്ത് അവരെ ‘തോട്ടിപ്പണിക്കാരും’ ‘കുടിയേറ്റക്കാരും’ ‘അന്യസംസ്ഥാന’ തൊഴിലാളികളും ‘ബംഗ്ളാദേശികളും’ അഭയാർത്ഥികളും പൗരത്വമില്ലാത്തവരും ആയി തരംപോലെ തിരിക്കുന്ന ചരിത്ര, വർത്തമാനകാല സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ‘ചേരി സമാനമായ’ അഗ്രഹാരങ്ങളെക്കുറിച്ചും അവിടുത്തെ സ്ത്രീകൾക്ക് ഇച്ഛയ്ക്ക് അനുസരിച്ച് പൊതുമേഖലാ കമ്പനികളിലും, ബാങ്കുകളിലും ഇൻഷൂറൻസ് മേഖലയിലുമൊക്കെ പുതിയ കാലത്ത് ആവശ്യാനുസരണം തൊഴിൽ ലഭിക്കുന്നില്ല എന്നുമുള്ള വ്യാധി കൊള്ളുന്നത്. ചേരി/കോളനി എന്നൊക്കെ വിളിക്കുന്ന അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ അരികു ജീവിതാവസ്ഥയെ മനസ്സിലാക്കിയവർക്ക് അഗ്രഹാരം ചേരികളെപ്പോലെ ആവുന്നു എന്ന് ഒരിക്കലും വിലപിക്കാനാവില്ല. ഇൻഡ്യയിലെ ജാതിബോധത്തിൽ നിന്നും ഉയരാത്ത ഇടത് വർഗ്ഗബോധത്തെയും വർഗ്ഗരാഷ്ട്രീയത്തിന്റെ പിളർപ്പുകളേയും ആണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അഗ്രഹാര രാഷ്ട്രീയ ചിന്തകൾ സൂചിപ്പിക്കുന്നത്.

അരിവാളും ചുറ്റികയും പിടിച്ച് അദ്ധ്വാനവർഗ്ഗത്തെ കുറിച്ചു പറയുന്ന ഇടതുപക്ഷം ഇൻഡ്യയിലെ ബഹുജനങ്ങളുടെ അദ്ധ്വാനത്തിന്റെ ചരിത്രവും വൈകാരികതയും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. രാഷ്ട്രത്തെ നിലനിർത്തുന്ന കീഴാള ബഹുജന അദ്ധ്വാനത്തെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ അജ്ഞത ഇന്നും ഭയാനകമാണ്.

നിയോലിബറൽ കാലത്ത് സവർണ ജനവിഭാഗങ്ങളുടെ ഇടയിൽ വര്‍ദ്ധിച്ചു വരുന്നതായി പറയപ്പെടുന്ന സാമ്പത്തികപരമായ വിഷമതകളേയും സാംസ്കാരിക മൂലധനത്തിന്റെ ശോഷണത്തേയും പറ്റിയുമാണ് ഇടതുപക്ഷം സംസാരിക്കുന്നത് എന്ന ഒരു തോന്നൽ വ്യാപകമായി സൃഷ്ടിക്കുകയാണ്. പക്ഷെ ഇതുവഴി യഥാർത്ഥത്തിൽ അവർ ഉദ്ദേശിക്കുന്നത് ചിന്തയിലും പ്രയോഗത്തിലും ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ട സാമ്പത്തിക നിർണ്ണായവാദത്തിന്റെ (economic determinism) പഴയ രാഷ്ട്രീയം ഒളിച്ചു കടത്തുകയും അതുവഴി ഹിന്ദുത്വ ബ്രാഹ്മണിക രാഷ്ട്രീയത്തെ പുഷ്ടിപ്പെടുത്തുകയും ആണ്. ജാതിയെക്കുറിച്ചുള്ള ഇടത് നിലപാട് ഇപ്പോഴും എത്രമാത്രം അജ്ഞത നിറഞ്ഞതും ഭാവനാശൂന്യം ആണെന്നും ഇത് വീണ്ടും തെളിയിക്കുന്നുണ്ട്.

സമീപകാലത്ത് കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ പ്രവേശനത്തിന് മുന്നോക്ക ജാതികൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ അകമഴിഞ്ഞു പിന്തുണയ്ക്കുകയും, ഇപ്പോൾ ദേവസ്വം നിയമനങ്ങളിൽ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് വ്യവസ്ഥ ചെയ്യുകയും, ഭരണഘടന ഭേദഗതിക്ക് ബ്രാഹ്മണിക ശക്തികളെ വെല്ലുവിളിക്കുകയും, ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തിൽ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെ ദാരിദ്ര്യ നിർമ്മാർജ്ജന/തൊഴിലുറപ്പ് പദ്ധതിയായി കണ്ട്, അതിനെ നിയമമാക്കുകയും ചെയ്തതോടെ, ബ്രാഹ്മണിക രാഷ്ട്രീയത്തിന്റെ ഇൻഡ്യയിലെ ഏറ്റവും വലിയ നടത്തിപ്പുകാരായി ഇൻഡ്യയിലെ പാർട്ടി ഇടതുപക്ഷം.

ഇൻഡ്യയിലെ ഇടതുപക്ഷ ചിന്തയുടെ ഏറ്റവും വലിയ ഒരു പരിമിതി തൊഴിലാളി, അദ്ധ്വാനം, മിച്ചമൂല്യം, വർഗ്ഗം തുടങ്ങിയ സംവർഗ്ഗങ്ങളേയും അത് സൂചിപ്പിക്കുന്ന ജാതിസമൂഹത്തിലെ ജീവിതബന്ധങ്ങളേയും ആഴത്തിൽ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ്. വർണ്ണജാതി സാമൂഹത്തിന്റെ രൂപീകരണത്തിന്റേയും വികാസത്തിന്റേയും വിവിധ ചരിത്രഘട്ടങ്ങളിൽ മിച്ചമൂല്യം ഉത്പാദിപ്പിക്കുന്ന അടിസ്ഥാനവിഭാഗങ്ങളുടെ അന്തസ്സിനും അഭിമാനത്തിനും ഈ വ്യവസ്ഥ ഏതുതരത്തിലുള്ള രാഷ്ട്രീയ ധാർമിക പ്രത്യാഘാതങ്ങളാണ് സൃഷിടിച്ചത് എന്ന് ഇനിയും ആഴത്തിൽ പഠിക്കപ്പെട്ടിട്ടില്ല. വർണ്ണജാതിവ്യവസ്ഥ സൃഷ്ടിച്ച ചരിത്രപരമായ അനീതികളുടെ (historical injustice) പ്രശ്‌നത്തിൽ മാർക്സിസ്റ്റ് ചിന്ത വളരെ ശുഷ്കമാണെന്ന് മാത്രമല്ല ഈ മർമ്മപ്രധാനമായ പ്രശ്നത്തെ ബുദ്ധിപരമായ ഔന്നത്യത്തോടേയും സത്യസന്ധതയോടേയും അഭിമുഖീകരിച്ച ഡോ. ബി.ആർ.അംബേദ്കറിന്റെ രാഷ്ട്രീയ നൈതിക ദർശനങ്ങളെ അഭിമുഖീകരിക്കാനും ആഴത്തിൽ പഠിക്കാനും ഇനിയും ശ്രമിച്ചിട്ടില്ല.

അദ്ധ്വാനത്തേയും തൊഴിലിനേയും കുറിച്ച് അംബേദ്കറോ, റാം മനോഹർ ലോഹ്യയോ, പിന്നീട് കാഞ്ച ഇളയ്യയെ പോലുള്ള ദളിത് ബഹുജന ചിന്തകർ എഴുതിയതുപോലുള്ള പഠനങ്ങളോ/കൃതികളോ മണ്ഡൽ പ്രക്ഷോഭത്തിനു ശേഷംപോലും ഇൻഡ്യൻ മാർക്സിസത്തിൽ നിന്നും ഉണ്ടായിട്ടില്ല. അഥവാ ഇനി ഒരുവേള ഇവയൊന്നും വായിച്ചു മനസ്സിലാക്കാനും പ്രയോഗങ്ങളിലേക്ക് കൊണ്ടുവരാനും ഇടത് രാഷ്ട്രീയക്കാരും പ്രസ്ഥാനങ്ങളും സിദ്ധാന്തകാരൻമാരും മുതിർന്നിട്ടില്ല. ഇൻഡ്യൻ മാർക്സിസം ഇത്രയധികം ഊഷരവും ബ്രാഹ്മണികവും ആയി തുടരുന്നതും മറ്റൊന്നും കൊണ്ടല്ല.

ഇൻഡ്യയിലെ ദാരിദ്ര്യത്തിന്റെ തലങ്ങൾ

വസ്തുനിഷ്‌ഠമായ വിവരങ്ങളുടേയും വിശകലനങ്ങളുടേയും അടിസ്‌ഥാനത്തിൽ സവർണ്ണ ജാതി വിഭാഗങ്ങൾക്കിടയിൽ ദരിദ്രരായ ജനങ്ങൾ എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി, ആ വിഭാഗത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെ സർക്കാരുകളും സിവിൽ സമൂഹവും പരിഹരിക്കുന്നതിൽ സാമൂഹിക നീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആർക്കും തന്നെ എതിർപ്പുണ്ടാവുകയില്ല. പക്ഷെ ബ്രാഹ്മണര്‍ ഉൾപ്പെടെയുള്ള മേല്‍ജാതി സാമൂഹിക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ഒരു ജനാധിപത്യ സർക്കാറിന് അടിയന്തരമായി പബ്ലിക്/ സോഷ്യൽ പോളിസികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ വിവരങ്ങൾ ഒന്നും തന്നെ പൊതുമണ്ഡലത്തിലോ, സർക്കാർ വകുപ്പുകളുടേയോ/ഏജൻസികളുടേയോ, സ്റ്റേറ്റ് പ്ലാനിംഗ് കമ്മീഷന്റേയോ രേഖകളിൽ ഒന്നുംതന്നെയില്ല. മനുഷ്യ അന്തസ്സ് നിഷേധിക്കപ്പെടുന്നതിന്റേയും സാമൂഹിക വിദ്യാഭ്യാസ അവശതകൾ അനുഭവിക്കുന്നതിന്റേയും ചരിത്രപരമായ ഒരു തലവും സവർണ സമുദായങ്ങളിലെ പറയപ്പെടുന്ന ദരിദ്രർക്കില്ല. വർത്തമാനകാലത്തെ സവർണ വിഭാഗങ്ങളുടെ ദാരിദ്ര്യ അനുഭവങ്ങളെ മറ്റൊരു രീതിയിലാണ് മനസ്സിലാക്കേണ്ടത്. അത് പൊതുക്ഷേമ പദ്ധതികൾക്ക് അഭിമുഖീകരിക്കാവുന്ന ഒരു പ്രശ്നമാണ്.

ഇൻഡ്യൻ സാഹചര്യത്തിൽ വിവിധ സാമൂഹിക വിഭാഗങ്ങളുടെ ‘ദാരിദ്ര്യം’ എന്നതിനെ വിതരണത്തിന്റേയും (distribution) അംഗീകാരത്തിന്റേയും (recognition) സങ്കീർണമായ മാനങ്ങൾ ഉൾക്കൊള്ളുന്ന ജീവിതബന്ധമായും സാമൂഹിക വൈകാരിക അവസ്ഥയായും നാം മനസ്സിലാക്കേണ്ടതുണ്ട്‌. ഭൗതിക വിഭവങ്ങളുടെ ചില തരത്തിലുള്ള ഇല്ലായ്മയെ/അപര്യാപ്തതയെ മാത്രം കണക്കിലെടുത്ത്, ഇൻഡ്യൻ സമൂഹത്തിലെ അനീതിയേയും ദാരിദ്ര്യത്തേയും അരികുവൽക്കരണത്തേയും നിർവചിക്കാൻ കഴിയില്ല. അംബേദ്കറേയും ഗോപാൽ ഗുരുവിനേയും, അമർത്യാ സെന്നിനേയും മാർത്ത നുസ്ബാമിനേയും (Martha Nausbaum) പോലുളള നിരവധി രാഷ്ട്രീയ, സാമ്പത്തിക, നിയമ തത്വചിന്തകരും ഇതിനെപ്പറ്റി വിശദമായി പഠിച്ചിട്ടുണ്ട്. ജനനവും സാമൂഹിക സാംസ്കാരിക മൂലധനവും അവയുടെ പുനരുത്പാദനവും വിതരണവും അനീതിയുടെ വിശകലനത്തിൽ പരിഗണിക്കേണ്ട നിർണ്ണായക ഘടകങ്ങളാണ്. ദരിദ്രനായ ദലിതന്റേയും ദരിദ്രനായ സവർണ്ണന്റേയും ജീവന്റെ മൂല്യവും അന്തസ്സും അംഗീകരിക്കപ്പെടുന്നതും വിതരണം ചെയ്യപ്പെടുന്നതും ഒരുപോലെയല്ല എന്ന് മനസ്സിലാക്കാൻ വലിയ യുക്തിയൊന്നും ആവശ്യമില്ല.

നവ ജനാധിപത്യ വ്യവഹാരങ്ങൾ

വർണ്ണ ജാതി വ്യവസ്ഥയും പോസ്റ്റ് കൊളോണിയൽ കാലത്തെ ഭൂപരിഷ്കരണവും കേരള മാതൃക വികസനവും പുറംതള്ളിയ ലക്ഷക്കണക്കിന് അരിക് മനുഷ്യർ റോഡ്, തോട്, പുറമ്പോക്ക് സ്ഥലങ്ങളിലും നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും കോളനികളിലുമായി ഇന്നും അന്തസ്സാർന്ന ജീവിതത്തിന് വകയില്ലാതെ താമസിക്കുന്നുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇത്തരമൊരു അവസ്ഥയെ തികച്ചും സ്വാഭാവികവൽകരിച്ച ലിബറൽ, ഇടത്, അധീശ വ്യവഹാരങ്ങളെ കഴിഞ്ഞ മൂന്ന് ദശകങ്ങളായി രൂപപ്പെട്ടുവരുന്ന ദളിത് ആദിവാസി ഫെമിനിസ്റ്റ് നവജനാധിപത്യ രാഷ്ട്രീയ വ്യവഹാരങ്ങൾ സാമൂഹിക ചരിത്രത്തിന്റേയും, ജാതി കാർഷിക അടിമത്ത അനുഭവത്തിന്റേയും, കേരളത്തിലെ വികസന ആധുനികതയുടേയും സങ്കീർണമായ തലങ്ങളെ പരിശോധിച്ചുകൊണ്ടു തന്നെ ആഴത്തിൽ പ്രശ്നവൽക്കരിച്ചിട്ടുണ്ട്. അക്കാദമികവും അക്കാദമികേതരവും ആയ നിരവധി തലങ്ങൾ ഇതിനുണ്ട്. ഭൂമിയിൽ നിന്നും സാമൂഹിക ഇടങ്ങളിൽ നിന്നും മറ്റ് വിഭവാധികാരത്തിൽ നിന്നുള്ള പ്രവർജ്ജനങ്ങളെ (exclusion) സിദ്ധാന്തപരമായ ഉൾക്കാഴ്ച്ചയോടും എംപിരിക്കൽ പഠനങ്ങളിലൂടേയും അവർ പൊതുമണ്ഡലത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ‘പ്രബുദ്ധരായ മലയാളി’ എന്നു പറയുമ്പോഴും ഒരു ഭാഷാ ദേശീയതയും രാഷ്ട്രീയ ജനാധിപത്യ സമൂഹമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുമ്പോഴും സാമൂഹിക ജനാധിപത്യമെന്ന സങ്കൽപ്പനത്തിന്റെ കടുത്ത അഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. കീഴാള ജനവിഭാഗങ്ങളുടെ അറിവിൽ നിന്നും അധികാരത്തിൽ നിന്നും പദവികളിൽ നിന്നുമുള്ള വ്യവസ്ഥാപിതമായ പുറന്തള്ളലിനേയുമാണ് കേരളീയ ആധുനികതയുടെ നവ വിമർശന പഠനങ്ങളിൽകൂടി മുന്നോട്ടു വെക്കപ്പെട്ടത്. പക്ഷെ എണ്പതുകൾ തൊട്ട് സജീവമായ നവജാതീയതയും സിവിൽ, പൊളിറ്റിക്കൽ സൊസൈറ്റിയുടെ സവർണ പക്ഷപാതിത്വവും പ്രീണന നയങ്ങളും ഈ വിമർശങ്ങളിലെ ചില സാധ്യതകളെ എങ്കിലും മനസ്സിലാക്കുന്നതിൽ നിന്നും, ഉൾക്കൊള്ളുന്നതിൽ നിന്നും കേരളീയ പൊതുമണ്ഡലത്തെ തടഞ്ഞുനിർത്തി.

ഒരു ഉദാഹരണം പറഞ്ഞാൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഭരണകൂട പിന്തുണയോടെയും പ്രബല സാമുദായിക വിഭവങ്ങളുടെ കരുത്തിലും അന്യായങ്ങൾ അരങ്ങേറിയിട്ടും, ഇതൊക്കെ എല്ലാവർക്കും വ്യക്തമായിട്ടും, കേരളീയ പൊതുബോധത്തിൽ ഇതൊരു അനീതിയുടെ പ്രശ്‌നമായി അനുഭവപ്പെടുന്നേയില്ല. ഈ മേഖലയിലെ നീതിനിഷേധങ്ങളെ കണക്കുകളുടെ പിൻബലത്തിൽ പൊതുസമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുന്ന കൂട്ടായ്‌മകളേയും വ്യക്തികളേയും ‘ദളിത് സ്വത്വവാദികൾ’ എന്ന് വിളിച്ച് പരിഹസിക്കുകയും പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയുമാണ് സവർണ ശക്‌തികളും സ്ഥാപിത താത്പര്യക്കാരും ചെയ്തുവരുന്നത്. കേരളത്തിലെ അധീശ സ്വഭാവമുള്ള ചില സാമുദായിക സ്വത്വത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തേയും നയങ്ങളേയും മറച്ചു വെക്കുന്നതിനാണ് മാർജിനിലുള്ള മനുഷ്യർ നിർമ്മിക്കുന്ന നീതിയുടെ നവീന വ്യവഹാരങ്ങളെ ഇവർ വിഭാഗീയതയായി മുദ്രയടിക്കുന്നത്.

സാമ്പത്തിക മാത്രവാദവും ‘നിയോലിബറൽ മോറലിസം’

അടുത്തിടെ അക്കാദമികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും രൂപപ്പെട്ടുവരുന്ന ഒരു വാദം ആഗോളവൽക്കാരണത്തിന്റേയും നിയോലിബറൽ മുതലാളിത്തത്തിന്റേയും കാലത്ത് നാം കൂടുതൽ ഊന്നിപ്പറയേണ്ടത് സാമ്പത്തിക അവകാശത്തെപ്പറ്റിയാണ്, അല്ലാതെ ഉള്ള സാമൂഹിക രാഷ്ട്രീയ ചിന്തകളും പ്രസ്താവന നിയോലിബറൽ മോറലിസത്തിന്റെ (neoliberal moralism) ഉത്പന്നമാണ് തുടങ്ങിയ വാദഗതികളാണ്. ജനവിഭാഗങ്ങളുടെ ചരിത്രപരമായ അനീതികൾ, തദ്ദേശീയത, ന്യൂനപക്ഷം, ധാർമ്മിക മുറിവുകൾ, അംഗീകാരം, അപമാനം, അന്തസ്സ്, അനുതാപം, അപരത്വത്തെപ്പറ്റിയുള്ള ചർച്ചകൾ ഇവയൊക്കെ രാഷ്ട്രീയ നൈതിക ചിന്തയിലെ പുതുദർശനങ്ങളായി കാണാൻ പലരും തയ്യാറല്ല. നാൻസി ഫ്രേസറെപ്പോലുള്ള (Nancy Fraser) വലിയ ഫെമിനിസ്റ്റ് രാഷ്ട്രീയ ചിന്തകരൊക്കെ ഒരു പരിധിവരെ ഈ വാദം ഉന്നയിക്കുന്നതു കാണാം. പക്ഷെ നീതിയെ കുറിച്ചുള്ള, സാമൂഹിക വിഭാഗങ്ങളുടെ കര്‍ത്തൃത്വത്തെ കുറിച്ചുള്ള പുതുവ്യവഹാരങ്ങളെ എല്ലാം ഇങ്ങനെയൊരു ചട്ടക്കൂടിൽ കാണാൻ കഴിയില്ല. കാരണം അത് പഴയ വർഗ്ഗന്യൂനീകരണത്തിന്റേയും സാമ്പത്തികമാത്രവാദ ചിന്തയുടേയും വെറും പുനരാവിഷ്കരണം മാത്രമാണ്. നിയോലിബറൽ പശ്ചാത്തലം ഇതിനെ ന്യായീകരിക്കാൻ ഒട്ടും പര്യാപ്തമല്ല.

തത്വചിന്തയുടെ ദാരിദ്ര്യം

നിയോലിബറൽ ഹിന്ദുത്വ ഇൻഡ്യ കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് ഇൻഡ്യൻ ഇടതുപക്ഷം സംവരണത്തെ സവർണ്ണ ജാതികൾക്ക് തൊഴിലുറപ്പും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ഏറ്റവും പ്രതിലോമകരമായ രീതിയിൽ പുനർവിഭാവനം ചെയ്യുകയും, നടപ്പിലാക്കാൻവേണ്ടി ബി.ജെ.പിയെ ഭരണഘനാഭേദഗതിക്ക് വെല്ലുവിളിച്ചതാണ്. പ്രതേകിച്ചും ഇൻഡ്യൻ രാഷ്ട്രീയ മണ്ഡലത്തിൽ മാർക്‌സ്-അംബേദ്കർ സംവാദ സാധ്യതകളെപ്പറ്റി ഇടതുപക്ഷം ആലോചനകൾ മുന്നോട്ടു വെക്കുന്ന സാഹചര്യത്തിൽ. സംവരണമെന്ന അതിപ്രധാന വിഷയത്തിൽ ഒരു രാഷ്ട്രീയ ചർച്ചപോലും കൂടാതെയാണ് ഇടതുപക്ഷം ഹിന്ദുത്വശക്തികളോട് ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടത്. അവർ അത് ഉദ്ദേശിച്ചപോലെ എളുപ്പത്തിൽ പൂർത്തിയാക്കുകയും ചെയ്തു. ‘സവർണ്ണർക്ക് വർഗ്ഗവും’ ‘അവർണ്ണർക്ക് ജാതിയും’ എന്ന സമാവാക്യത്തിലൂടെ
മാർക്സിസ്റ്റ് വർഗ്ഗയുക്തിയെ തന്നെ തകിടം മറിക്കുന്ന ബ്രാഹ്മണിക യുക്തിയാണ് സംവരണത്തെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായി കാണുന്ന ഇടതുപക്ഷം അവതരിപ്പിച്ചത്. ഇടതിന്റേത് മിനിമം സാമ്പത്തിക യുക്തിയാണെങ്കിൽ പത്ത്‌ ശതമാനം എല്ലാ വിഭാഗം ജനങ്ങളിലേയും ദരിദ്രരെ ഉൾക്കൊള്ളുന്ന ഒന്നാകണമായിരുന്നു. അതിനാൽ തന്നെ സവർണ്ണ സംവരണം ഫലത്തിൽ വർഗ്ഗം എന്ന മാർക്സിസ്റ്റ് സങ്കല്പനത്തെ പോലും നിഷേധിക്കുന്ന ഒന്നായി മാറുന്നു. മിനിമം ഒരു വെബ്ബറിയൻ വിശകലനം പോലും ഇൻഡ്യയിൽ ഇടതുപക്ഷത്തിന് മുന്നോട്ടു വെക്കാൻ കഴിയുന്നില്ല. അതു കൊണ്ടു തന്നെയാണ് ‘സവർണർക്ക് ജാതിയില്ല’ എന്നും അതിനാൽ അവർ വേറൊരു വർഗ്ഗമാണെന്നും ‘ദരിദ്രനാരായണൻമാര്‍’ ആണെന്നും അതുവഴി സാമ്പത്തിക സംവരണം അർഹിക്കുന്നവരാണ് എന്ന ബ്രാഹ്‌മണിക യുക്തിക്ക് കീഴ്പ്പെടുന്നത്.
സംവരണ വ്യവസ്‌ഥ നിലവിൽ വന്നതിനുശേഷം രാഷ്ട്രീയ ശരീരത്തിനകത്ത് അതിനെ ഏറ്റവും വെറുപ്പോടേയും ധാർമ്മിക സംഭ്രമത്തോടേയും ഭയപ്പാടോടേയും ആണ്‌
അധീശ ജാതിമത വിഭാഗങ്ങൾ/പാർട്ടികൾ കണ്ടുവരുന്നത്. അതിനാൽ തന്നെയാണ് മെറിട്ടോക്രസി, ബ്രാഹ്മണിക പൊതുബോധത്തിലൂടേയും ബ്യൂറോക്രസിയിലൂടേയും അനുബന്ധമായ നിരവധി സ്ഥാപനങ്ങൾ വഴിയും തന്ത്രങ്ങളിലൂടേയും സംവരണമെന്ന സാമൂഹിക പ്രതിനിധാന നീതിയെ നിരന്തരമായി അട്ടിമറിക്കാൻ ശ്രമിച്ചു വരുന്നത്. സവർണ സാമൂഹിക വിഭാഗങ്ങളെ ‘നിയോപ്രോലിറ്റേറിയൻ’ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഇടതുപക്ഷ യുക്തി ഇൻഡ്യയിലെ നവയാഥാസ്‌ഥിതികതയുടെ പ്രത്യയശാസ്ത്ര പ്രയോഗങ്ങളെ ഒട്ടും തന്നെ തിരിച്ചറിയുന്നില്ല. സാമ്പത്തിക സംവരണത്തെ ന്യായീകരണങ്ങൾ കൊണ്ട്‌ ബലപ്പെടുത്താൻ ശ്രമിച്ച ഇടത് ചരിത്രകാരൻമാരും ചിന്തകരും തത്വചിന്തയുടെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. സംവരണ വിരുദ്ധതയുടെ ഭാഗമായി ഇൻഡ്യയിലെ നഗരങ്ങളിൽ രൂപമെടുത്ത യൂത്ത് ഫോര്‍ ഈക്വലിറ്റിയുടെ യുക്തിയിൽ കവിഞ്ഞ ഒന്നും തന്നെ ഇവർക്ക് പറയാനില്ല. മിനിമം ഡി. ഡി. കൊസാംബിയുടെ ചരിത്ര വിശകലനത്തിലെ ഉൾക്കാഴ്ച പോലും ഇന്നും ഇവർ
സ്വീകരിക്കാൻ തയ്യാറല്ല. ഇൻഡ്യയിലെ സാമൂഹികതയുടേയും വർഗ്ഗവൽക്കരണത്തിലേയും സാമൂഹിക രൂപീകരണത്തിലേയും അടിസ്ഥാനപരമായ പിളർപ്പുകളും സന്നിഗ്ധതകളും പ്രതിസന്ധികളെ കുറിച്ചുമുള്ള അംബേദ്കറിന്റെ ഉൾക്കാഴ്ചകളോ നീതിയുടേയും അന്തസ്സിന്റേയും വിതരണത്തെ കുറിച്ചുള്ള നവീന ജനാധിപത്യ രാഷ്ട്രീയ തത്വചിന്തയോ ഇനിയും ഉൾക്കൊള്ളാൻ തയ്യാറാവാത്ത ഇടതുപക്ഷത്തിന് കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിൽ സംഭവിച്ചതുപോലെ നിരവധി ദശകങ്ങൾ കഴിഞ്ഞ് തങ്ങളുടെ ചരിത്രപരവും സാമൂഹിക പരവുമായ പാളിച്ചകൾ ഏറ്റുപറയേണ്ടി വരും. ഒരുപക്ഷെ ഇ.എം.എസിന്റെ ‘ഓങ്ങല്ലൂർ പ്രസംഗം’പോലെ അത് ഒരുപാട് വൈകിയാണ് അവർ മനസ്സിലാക്കുക.


Comments

comments