“നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയും ഉള്ള ആ രാജകുമാരനും രാജകുമാരിയും പിന്നീട് ഏറെക്കാലം സുഖമായി ജീവിച്ചു.” യൂറോപ്യന്‍ ഫെയറി ടെയിലുകള്‍ മിക്കവയും അവസാനിക്കുന്നത് ഏറെക്കുറെ ഇത്തരത്തിലായിരുന്നു. നന്മ, സ്നേഹം, വിശ്വാസ്യത, വൃത്തി, സഹിഷ്ണുത, ക്ഷമ, അച്ചടക്കബോധം, ബുദ്ധി ഒക്കെയുള്ള, നീലക്കണ്ണുള്ള സുന്ദരിമാര്‍ നിറഞ്ഞ് നിന്ന അമേരിക്കന്‍ സാഹിത്യലോകം കറുത്ത ശരീരങ്ങള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കിയത് അവഗണനയുടെ, വെറുപ്പിന്‍റെ, ക്രൂരതയുടെ അപരലോകങ്ങള്‍ ആയിരുന്നു. സിന്‍ഡ്രല്ല, സ്നോവൈറ്റ്, ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡ് കഥകളിലെ സുന്ദരിമാര്‍ നാടോടിക്കഥകളില്‍ നിന്നും എഴുത്തുകളുടെ ലോകത്തും സിനിമകളിലും എത്തിയപ്പോഴും സൌന്ദര്യത്തിന്‍റെ അളവുകോലുകള്‍ക്ക്‌ മാറ്റം വന്നില്ല. അവിടെയെല്ലാം കവര്‍ച്ചക്കാരും, ദുര്‍ന്നടപ്പുകാരും, നരഭോജികളും, കണ്ണ് ചൂഴ്ന്നെടുക്കുന്നവരും, ദുഷ്ടയായ രണ്ടാനമ്മയും ഒക്കെ കറുത്ത വംശജര്‍ ആയിരുന്നു. നാടോടിക്കഥകളും, ആധുനിക സാഹിത്യവും, സിനിമയും വെളുത്തവര്‍ക്ക് നല്‍കിയ അവസരങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ കോട്ടയിലേക്ക് ആണ് 1970ല്‍ The Bluest Eye എന്ന തന്‍റെ നോവലുമായി ടോണി മോറിസണ്‍ കടന്ന് ചെന്നത്. അമേരിക്കന്‍ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ ആഫ്രിക്കന്‍ വംശജരായ സ്ത്രീകളെ വലിച്ചിടുന്ന അപകര്‍ഷതയുടെ, അന്തര്‍സംഘര്‍ഷങ്ങളുടെ ലോകം അവര്‍ പ്രസ്തുത നോവലിലൂടെ വരച്ച് കാട്ടി. കാള്‍ സാന്‍ബര്‍ഗ്ഗിനും ലാംഗ്സ്റ്റണ്‍ ഹ്യൂസിനും ശേഷം, അമേരിക്ക കേട്ട ഏറ്റവും തീക്ഷ്ണമായ, കരുത്തുറ്റ ശബ്ദമായിരുന്നു ടോണി മോറിസന്റേത്. ഖനികളിലേക്കും തോട്ടങ്ങളിലേക്കും നിങ്ങള്‍ ഞങ്ങളെ പറഞ്ഞയക്കുന്നില്ല. എന്നാല്‍, ഞങ്ങള്‍ക്ക് മേല്‍ നിങ്ങളണിയിച്ച അടിമച്ചങ്ങല ഇന്നും പൂര്‍ണ്ണമായി അഴിച്ചുമാറ്റപ്പെട്ടിട്ടില്ല എന്ന് ടോണി മോറിസണ്‍ തന്‍റെ എഴുത്തുകളിലൂടെ ലോകത്തോട്‌ പറഞ്ഞു. 1987ല്‍ പ്രസിദ്ധീകരിച്ച “Beloved” ആഫ്രിക്കന്‍ അടിമജീവിതങ്ങളേയും, ആ ജീവിതങ്ങള്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളേയും ആണ് അപഗ്രഥിച്ചത്. 1987ലെ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ ബഹുമതിയും, 1983ല്‍ നോബല്‍ പുരസ്കാരവും “Beloved”ന് ലഭിച്ചു. സാഹിത്യത്തിന് നോബല്‍ നേടുന്ന ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വംശജയാണ് തിങ്കളാഴ്ച്ച വിട വാങ്ങിയ ടോണി മോറിസണ്‍ (88). ടോണി മോറിസണ്‍ വിട വാങ്ങിയതിലൂടെ ഏറ്റവും ശക്തമായ എഴുത്തിന്‍റെ, ഭാഷയുടെ ലോകത്തില്‍ നിന്നുകൊണ്ട് വര്‍ണ്ണവിവേചനത്തിനും വംശീയതയ്ക്കും എതിരെ പോരാടിയ ഏറ്റവും ശക്തമായ സാന്നിദ്ധ്യം ആണ് ഇല്ലാതാകുന്നത്. ഭൂഖണ്ഡങ്ങള്‍ കടന്നും ടോണി മോറിസന്‍റെ കൃതികള്‍ സഞ്ചരിച്ചു.

Toni Morrison was the author of Beloved, Song of Solomon and The Bluest Eye. She was awarded the Nobel Prize in Literature, the Pulitzer Prize for Fiction, and the Presidential Medal of Freedom.

ഇന്ത്യന്‍ സവര്‍ണ്ണ ഫെമിനിസ്റ്റ് ചിന്താധാരകള്‍ ടോണി മോറിസണിലെ എഴുത്തുകാരിയെ സമൂഹത്തിന് പരിചയപ്പെടുത്തി എങ്കിലും അത് അമേരിക്കയുടെ മുക്കിലും മൂലയിലും നടത്തിയ രാഷ്ട്രീയ മാറ്റങ്ങളെ വേണ്ടത്ര വിശകലനം ചെയ്തിരുന്നില്ല. ടോണി മോറിസന്‍റെ കൃതികള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന ദളിത്‌/ദളിത്‌ പക്ഷ ചിന്താധാരകളേയും ദളിത്‌ ഫെമിനിസ്റ്റ് നിലപാടുകളേയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് നിന്നുകൊണ്ട് വെള്ളക്കാര്‍ തീര്‍ക്കുന്ന കോട്ടകളില്‍ കറുത്ത വംശജര്‍ മാത്രമല്ല, പുതുതലമുറയില്‍ വളര്‍ന്ന് വരുന്ന വെളുത്ത, നീലക്കണ്ണുകള്‍ ഉള്ള കുട്ടികളും അരക്ഷിതര്‍ ആകുന്നു എന്ന വിമര്‍ശനം അവര്‍ മുന്നോട്ട് വെച്ചു. “നിങ്ങളുടെ കൃതികളില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന കവര്‍ച്ചക്കാര്‍ക്ക്, കൊലപാതകികള്‍ക്ക്, ദുര്‍മാര്‍ഗ്ഗികള്‍ക്ക് ഒക്കെ നിങ്ങള്‍ ഞങ്ങളുടെ രൂപം നല്‍കുമ്പോള്‍, അവര്‍ സ്കൂളുകളിലെ കൂട്ടുകാരായ കറുത്ത കുഞ്ഞുങ്ങളേയും, കറുത്ത വംശജര്‍ ആയ അദ്ധ്യാപകരേയും, അവരെ പരിചരിക്കുന്ന ആയമാരേയും, മരുന്ന് നല്‍കുന്ന നഴ്സുമാരേയും ഭയക്കുന്നു. ഞങ്ങള്‍ക്ക് വെറുപ്പിന്‍റെ ലോകവും, നിങ്ങളുടെ മക്കള്‍ക്ക് ഭയത്തിന്‍റെ ലോകവും ആണ് നിങ്ങള്‍ നല്‍കുന്നത്. അകാരണമായി അവര്‍ ഞങ്ങളെ ഭയക്കുന്നു.” ആത്മധൈര്യത്തോടെ, കൃത്യതയോടെ വെളുത്ത സാഹിത്യത്തെ ചോദ്യം ചെയ്ത മറ്റൊരു ശബ്ദം ഇതുവരെ ആഫ്രിക്കയില്‍ വേറെ ഉയര്‍ന്നില്ല എന്നയിടത്താണ്‌ ടോണി മോറിസന്‍റെ പ്രസക്തി. ഒരേ സമയം അമേരിക്കന്‍ അധീശത്വ ലോകം ചോദ്യം ചെയ്യപ്പെടാനും, ആഫ്രിക്കന്‍ യുവത ആത്മവിശ്വാസത്തിന്‍റെ പരകോടിയില്‍ എത്താനും ടോണി മോറിസന്‍റെ എഴുത്തുകള്‍ പ്രയോജനപ്പെട്ടു. ടെക്സ്റ്റൈല്‍ സെന്ററുകളിലെ വെളുത്ത പ്രതിമകള്‍ക്ക് ഒപ്പം കറുത്ത പ്രതിമകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. റിസപ്ഷന്‍ കൌണ്ടറുകളില്‍ കറുത്ത സൌന്ദര്യങ്ങള്‍ ആതിഥേയര്‍ ആയി കടന്ന് വന്നു. പരസ്യങ്ങളുടെ, സിനിമയുടെ ലോകത്തേയ്ക്ക് ആഫ്രിക്കന്‍ ചടുലത സ്വാഗതം ചെയ്യപ്പെട്ടു തുടങ്ങി.

ലോകത്തിന്‍റെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അനുസരിച്ച്, ടോണി മോറിസണ്‍ തന്‍റെ എഴുത്തിനേയും പുതുക്കി പണിതുകൊണ്ടിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ പകര്‍ന്ന് നല്‍കിയ ജനാധിപത്യ ബോധം ആണ് നിരവധി ആഫ്രിക്കന്‍ ഗോത്രവംശങ്ങളെ ക്രിസ്തുമതത്തില്‍ എത്തിച്ചതിന് പിന്നില്‍ ഉള്ള അനവധി ഘടകങ്ങളില്‍ ഒന്ന്. എന്നാല്‍, പില്‍ക്കാലത്ത്, ക്രൈസ്തവ സഭകള്‍ ആര്യനൈസേഷന് തുല്യമായി കറുത്ത വംശജരോട് അസമത്വം കാണിച്ചു തുടങ്ങി. ഇന്ത്യയിലെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക്‌ വിദേശങ്ങളില്‍ കൃത്യമായ മാര്‍ക്കറ്റ് ലഭിക്കുവാന്‍ തുടങ്ങി. ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്ഥാനങ്ങള്‍, ഹരേരാമ ഹരേകൃഷ്ണ പ്രസ്ഥാനങ്ങള്‍ വിദേശത്ത്‌ കൃത്യമായ ഉണര്‍വ്വുകള്‍ സൃഷ്ടിച്ചു. ക്രൈസ്തവ ശാക്തീകരണം മുഴുവന്‍ ശക്തിയോടേയും വംശീയതയിലും വര്‍ണ്ണവിവേചനത്തിലും ഊന്നി അധീശത്വ അധികാര രൂപം പൂണ്ടു. പരിവര്‍ത്തിതരായ ആഫ്രിക്കന്‍ ഗോത്രങ്ങളെ ഈ രണ്ട് വിഭാഗങ്ങളും ഉള്‍ക്കൊണ്ടതും ഇല്ല.

ടോണി മോറിസണ്‍, ചിനുവ അച്ചബെ പോലെ ഉള്ള എഴുത്തുകാര്‍ ആഫ്രിക്കന്‍ സാംസ്കാരികത, സ്നേഹോഷ്മളത എന്നിവയില്‍ ഊന്നിയ എഴുത്തുകളില്‍ കൂടിയാണ് ഇതിനെ പ്രതിരോധിച്ചത്. മുഖ്യധാരയില്‍ ആഫ്രിക്കന്‍ സംസ്കൃതികള്‍ കൊണ്ടുവന്ന്, ആത്മാഭിമാനവും അന്തസ്സും ഉള്ള ജനത എന്ന് അവര്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞു. “നിങ്ങളുടെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്ന പക്ഷി ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഒന്നെനിക്ക് അറിയാം. ആ പക്ഷി നിങ്ങളുടെ കൈകളില്‍ ആണ്, നിങ്ങളുടെ കൈകളില്‍ ആണ്.

ആഫ്രിക്കന്‍ കറുത്ത ശബ്ദങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെ കാഹളം മുഴക്കിയ പക്ഷി, ടോണി മോറിസണ്‍, തിങ്കളാഴ്ച്ച പറന്നകന്നു. “നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകം ഇനിയും എഴുതപ്പെട്ടിട്ടില്ലെങ്കില്‍ അത് എഴുതേണ്ടത് നിങ്ങള്‍ തന്നെയാണ്” എന്ന് നമ്മളോട് പറഞ്ഞിട്ടാണ് പക്ഷി അനന്തവിഹായസ്സിലേക്ക് പറന്നകന്നത്. നമുക്ക് അതിനെ ലോകങ്ങളിലേക്ക് പറത്തേണ്ടതുണ്ട്. വിട തരാന്‍ ആവുന്നില്ല ടോണി മോറിസണ്‍ …….

പ്രധാന കൃതികള്‍ – The Bluest Eye (1970), Sula (1973), Song of Solomon (1977), Beloved (1987), The Source of Self-Regard (2019).

ജനനം – 1931ല്‍ യു. എസ്. എ യിലെ ഒഹായോയില്‍ ഫാക്ടറി തൊഴിലാളിയുടെ മകള്‍ ആയി.

മരണം – ആഗസ്റ്റ്‌ 5, 2019.

അറിയിച്ചത് – ആഗസ്റ്റ്‌ 6, 2019ന് പ്രസാധകന്‍ ആല്‍ഫ്രഡ്‌ നോഫും മോറിസണ്‍ കുടുംബവും.

Comments

comments