ഓഗസ്റ്റ് 4, 11 തിയ്യതികളിലായി മാതൃഭൂമി വാരാന്തപ്പതിപ്പിൽ സി ആർ പരമേശ്വരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ എഴുത്തുകാർ സാമൂഹിക നിരീക്ഷകർ എന്നിവർക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രസ്തുത സംഭാഷണത്തിൽ സി ആർ പരമേശ്വരൻ നടത്തിയത്. കേരളത്തിലെ ബുദ്ധിജീവികൾ ഇടതുപക്ഷ ഭരണകൂടത്തോട് അപഹാസ്യമായ വിധേയത്വം പുലർത്തുന്നു എന്നതായിരുന്നു ഈ വിമർശനത്തിന്റെ കാതൽ. സത്യത്തിൽ കേരളത്തിലെ എഴുത്തുകാർക്ക് ഇടതുപക്ഷത്തോട് വിമർശന നിരപേക്ഷമായ ഒരു സമീപനമാണോ ഉള്ളത്? ശബരിമല വിഷയത്തിലെ വാദങ്ങളെ സവിശേഷമായി പരിഗണിച്ചുകൊണ്ട് സി ആർ പരമേശ്വരന്റെ സമീപകാല നിലപാടുകളിലെയും ആശയങ്ങളിലെയും പരിമിതികളും വൈരുധ്യങ്ങളും തുറന്നു കാട്ടുകയാണ് മലയാളത്തിലെ പ്രമുഖ കവിയും സാമൂഹിക നിരീക്ഷകനും പ്രഭാഷകനുമായ ശ്രീ പി എൻ ഗോപീകൃഷ്ണൻ ഈ തുറന്ന കത്തിലൂടെ. 

സി ആർ പരമേശ്വരന് അഡ്രസ് ചെയ്യുമ്പോഴും നമ്മുടെ കണ്മുന്നിൽ തിടം വെക്കുന്ന സംസ്കാരത്തിലെ വർഗീയാധിപത്യത്തെയാണ് ഗോപീകൃഷ്ണൻ തുറന്നു കാണിക്കാൻ ശ്രമിക്കുന്നത്. ആ അർത്ഥത്തിൽ കൂടുതൽ ഗൗരവമായ തുടർ ചർച്ചകളും സംവാദങ്ങളും ഈ ലേഖനത്തിന്മേൽ ഉണ്ടാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു

പ്രിയ സി.ആര്‍. പരമേശ്വരന്,

കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി, മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന താങ്കളുടെ അഭിമുഖസംഭാഷണം ആണ് ഈ കത്തിന് ആധാരം. കൃത്യമായി പറഞ്ഞാല്‍ ആ അഭിമുഖത്തിന്‍റെ അവസാന രണ്ട് ചോദ്യങ്ങള്‍ക്ക് താങ്കള്‍ നല്‍കിയ ഉത്തരങ്ങള്‍. ഏതാണ്ട് ഒരു വര്‍ഷമായി താങ്കള്‍ എടുത്തു വരുന്ന നിലപാടിന് ഒരു മാറ്റവും ഇല്ല എന്ന് അത് ദ്യോതിപ്പിക്കുന്നു. അതോടൊപ്പം അത്തരമൊരു നിലപാട് കൈക്കൊള്ളാത്തവരെ ഒരു പ്രത്യേക വലയത്തിലേയ്ക്ക് തള്ളിക്കയറ്റാനും ശ്രമിയ്ക്കുന്നു. ഇതിനോട് പ്രതികരിക്കാന്‍ തുനിയുന്നതിന് എനിയ്ക്കുള്ള കാരണങ്ങള്‍ താഴെ രേഖപ്പെടുത്തുന്നു.

1. താങ്കളെ പോലുള്ളവര്‍ നട്ടുനനച്ച സാംസ്ക്കാരിക പരിസരത്തായിരുന്നു, ഞങ്ങളുടെ തലമുറ വളര്‍ന്നത്.

2. അരിഷ്ടതകളില്‍ പെട്ട് ഞെരിയുമ്പോഴും കേരളത്തില്‍ ഒരു പൊതുസമൂഹം തുടരുന്നുണ്ട്.

3. ശബരിമല വിധി നടപ്പാക്കണം എന്ന അഭിപ്രായം ഞാന്‍ ഇപ്പോഴും വെച്ചു പുലര്‍ത്തുന്നുണ്ട്.

ആദ്യമേ വിയോജിക്കട്ടെ. ശബരിമല വിഷയം ഒരു നോണ്‍ ഇഷ്യു എന്ന ധാരണയില്‍ നിന്നാണ് താങ്കള്‍ തുടങ്ങുന്നത്. അതിന്‍റെ ഏറ്റവും പ്രധാന കാരണം പുരുഷന്‍ എന്ന നിലയില്‍ താങ്കള്‍ (ഞാനും) അനുഭവിയ്ക്കുന്ന മുന്‍ഗണനയാണ് എന്ന് ആഴത്തില്‍ കാണാനാകും. ആ വിധി വന്ന കാലത്ത് താങ്കള്‍ എഴുതിയ കുറിപ്പില്‍ സൂചിപ്പിച്ച പോലെ, അവിടേയ്ക്ക് താങ്കള്‍ക്ക് സൗകര്യത്തിന് അനുസരിച്ച്, കരുതിക്കൂട്ടിയോ ആകസ്മികമായോ പ്രവേശിയ്ക്കാം. ഒരിക്കല്‍ കാണേണ്ട സ്ഥലം എന്നോ, ഒരിക്കലും ഇനി പോകേണ്ടതില്ലാത്ത സ്ഥലം എന്നോ, ആവര്‍ത്തിച്ച് പോകേണ്ട സ്ഥലം എന്നോ തീരുമാനിയ്ക്കാം. ഇങ്ങനെ ലാഘവത്തോടെ മാത്രം തീരുമാനം എടുക്കാന്‍ താങ്കളെ അര്‍ഹനാക്കിയത് “പുരുഷന്‍” എന്ന നിലയിലുള്ള താങ്കളുടെ പദവിയാണ്. അന്തരിച്ച ഇസ്രയേലി എഴുത്തുകാരന്‍ അമോസ് ഓസ്, അന്തരിച്ച പത്രപ്രവര്‍ത്തകനായ ദിലീപ് പഡ്ഗാവങ്കര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍, ദേശരാഷ്ട്രങ്ങള്‍ എന്ന സങ്കല്പം തന്നെ നശിക്കാന്‍ പോകുന്നതായി പറയുന്നുണ്ട്. പക്ഷെ, അയാള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു, പാലസ്തീന്‍കാര്‍ ആ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. അതിനാല്‍ ദേശരാഷ്ട്രങ്ങളുടെ അവസാനം എന്ന പ്രമേയം ഉദാസീനതയോടെ അവരോട് പറയാന്‍ പറ്റില്ല. ഇസ്രയേലി എന്ന നിലയില്‍ താന്‍ ലാഘവത്തോടെ അനുഭവിയ്ക്കുന്ന ആ യാഥാര്‍ത്ഥ്യത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോകാന്‍ അവര്‍ക്കും അവകാശമുണ്ട്. ആ അവകാശം ഒരു മനുഷ്യാവകാശം എന്ന നിലയില്‍ വിലപ്പെട്ടതാണ്.

ഈ വിലപ്പെട്ട മനുഷ്യാവകാശം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തില്‍ ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. അവള്‍ക്ക് അവിടെ പോകാം. പോകാതിരിക്കാം. ഇനി വരേണ്ട സ്ഥലം എന്നോ വരേണ്ടതില്ലാത്ത സ്ഥലം എന്നോ തീരുമാനിയ്ക്കാം. അങ്ങനെയൊക്കെ നാം ചിന്തിയ്ക്കുന്ന മട്ടില്‍ ചിന്തിക്കാനുള്ള ലാഘവം അവള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് ആണ് ആണിനോട് സംസാരിയ്ക്കുമ്പോള്‍ നോണ്‍ ഇഷ്യു എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന് പെണ്ണ് സംസാരിയ്ക്കുമ്പോള്‍ അങ്ങനെ ആകാതിരിയ്ക്കുന്നത്.

ഇത് തിരിച്ചറിഞ്ഞ കോടതിവിധി ആയതുകൊണ്ടാണ് ശബരിമല വിധിയ്ക്ക് മറ്റേതെങ്കിലും വിധിയേക്കാള്‍, താങ്കള്‍ അവാങ്ഗാര്‍ദ് എന്ന് വിളിയ്ക്കുന്ന, ആ വിഭാഗത്തിന്‍റെ ആനുകൂല്യം കിട്ടിയത്. അത് ഇന്നത്തെ സാംസ്കാരിക പരിസരത്തില്‍ മനുഷ്യാവകാശങ്ങളെ പറ്റിയുള്ള വലിയ രേഖ ആകുന്നുണ്ട്. നിരവധി തവണ ചര്‍ച്ച ചെയ്ത വിഷയം ആയിരിക്കുമ്പോള്‍ തന്നെ, അത് സംഗ്രഹിയ്ക്കേണ്ടത്, ഈ പ്രതികരണത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. 4:1 എന്ന ഭൂരിപക്ഷത്തില്‍ സുപ്രീം കോടതിയില്‍ നിന്നും പുറത്തുവന്ന വിധിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും ഇങ്ങനെ രേഖപ്പെടുത്തി. ‘സ്ത്രീ പുരുഷനേക്കാള്‍ നിസ്സാരയോ നീചപദവി ആളുന്നവളോ അല്ല. വിശ്വാസത്തെ മുന്‍നിര്‍ത്തി മതത്തിനുള്ളില്‍ ആണ്‍കോയ്മ അധികാരം ഉറപ്പിയ്ക്കുന്നത് അനുവദിയ്ക്കാനാകില്ല.” ജസ്റ്റിസ് നരിമാന്‍ രേഖപ്പെടുത്തിയത് “സ്ത്രീകളെ നിസ്സാരരായി കാണുന്നിടത്ത് ഭരണഘടന സ്വയം കണ്ണടയ്ക്കുന്നു” എന്നാണ്. ജസ്റ്റീസ് ചന്ദ്രചൂഡിന്‍റെ വിധിയിലാകട്ടെ, പുരുഷന്‍റെ ബ്രഹ്മചര്യത്തിന്‍റെ ഭാരം സ്ത്രീയില്‍ കെട്ടിയേല്‍പ്പിക്കുക വഴി അവളെ അശുദ്ധയും വാര്‍പ്പുമാതൃകാജീവിയും ആക്കി മാറ്റുന്നത് ചൂണ്ടിക്കാണിച്ചു. ശബരിമല വിധിയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും ഒപ്പം താങ്കളും ചൂണ്ടി കാണിച്ചിട്ടുള്ള ഇന്ദു മല്‍ഹോത്രയുടെ വിമത വിധിന്യായത്തില്‍ പോലും പറയുന്നത്, ശബരിമല വിലക്ക് അനുഭവിച്ച, ഒരു ബാധിത സ്ത്രീ അല്ല കോടതിയെ സമീപിച്ചത്, മറിച്ച് സാമൂഹ്യസംഘടന ആയതിനാല്‍ കേസിന്‍റെ മെറിറ്റിലേയ്ക്ക് കടക്കേണ്ട ആവശ്യമില്ല എന്നാണ്. ഈ കോടതി വിധികള്‍ ഒക്കെത്തന്നെ നാം ജീവിക്കുന്ന കാലത്തെ വിലപ്പെട്ട മനുഷ്യാവകാശരേഖകള്‍ എന്ന നിലയ്ക്ക് നമുക്ക് മനസ്സിലാക്കി തരുന്നത് നാം നോണ്‍ -ഇഷ്യു എന്ന നിലയ്ക്ക് സമീപിയ്ക്കുന്ന പലതും നമുക്ക് ലഭിയ്ക്കുന്ന മുന്‍ഗണനാപദവിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അങ്ങനെയായി തീരുന്നത് എന്നാണ്. സ്ത്രീകളെ മാറ്റിനിര്‍ത്തല്‍ അയിത്തോച്ചാടനവും ആയിപ്പോലും ബന്ധപ്പെടുത്തണമെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടന ഉണ്ടാക്കിയത് തന്നെ, അതുവരെ മനുഷ്യാവകാശത്തിലേയ്ക്ക് വരാത്ത മനുഷ്യരെ, ആ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോട് കൂടിയാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഈ വിധിയെ, ഇന്ത്യയിലെ ബുദ്ധിജീവി വര്‍ഗ്ഗം, താങ്കളുടെ ഭാഷയില്‍ അവാങ്ങ് ഗാര്‍ദ്, എങ്ങനെയായിരുന്നു സമീപിക്കേണ്ടത്? ഇതിലെ മനുഷ്യാവകാശ പ്രശ്നങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടോ, എതിര്‍ത്തുകൊണ്ടോ? മതം പോലെ ചില പ്രത്യേക സ്ഥലങ്ങളില്‍, ആണ്‍കോയ്മ ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കട്ടെ എന്ന പ്രാകൃതസമീപനം സ്വീകരിച്ചുകൊണ്ടോ?

പക്ഷേ, ഈ ചോദ്യത്തെ നേരിടുന്നതിന് പകരം താങ്കള്‍ ഈ പ്രശ്നത്തെയാകെ മറ്റൊരിടത്ത് പ്രതിഷ്ഠിക്കുന്നു. ഭരണകൂടത്തോടുള്ള അവാങ്ങ്ഗാര്‍ദിന്‍റെ കീഴടങ്ങല്‍ എന്ന ഒരു വ്യാജ ഇടത്തില്‍. അതിന്‍റെ പ്രധാനപ്പെട്ട കാരണം വളരെ വര്‍ഷങ്ങളായി താങ്കളുടെ ചിന്തയുടെ കേന്ദ്രപ്രമേയം സി.പി.എമ്മും പിണറായി വിജയനുമാണ്. അധികാരത്തേയും മനുഷ്യാവകാശത്തേയും പറ്റിയുള്ള താങ്കളുടെ ചിന്തകള്‍ ഉദിയ്ക്കുന്നതും അസ്തമിക്കുന്നതും അവിടെ നിന്നാണ്. “ഞാന്‍ തെറ്റായി ഇരിയ്ക്കുമ്പോള്‍ ശരിയായി ഇരിയ്ക്കുന്നത് എന്താണോ, അതാണ് ദൈവം” എന്ന് നടരാജഗുരു ഒരിയ്ക്കല്‍ ദൈവത്തെ നിര്‍വചിച്ചു കണ്ടിട്ടുണ്ട്. അതുപോലെ ധൈഷണിക ഇടപെടലിനെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചുമുള്ള താങ്കളുടെ നിലപാടുകള്‍ കേരളത്തിലെ സി.പി.എം. നിലപാടിന്‍റെ എതിരില്‍ നിന്നാണ് തുടങ്ങുന്നത്. ഇടതുപക്ഷബാധ അത്യാവശ്യം നിലനില്‍ക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു എതിര്‍പക്ഷം ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, സ്വന്തം പ്രതിബിംബത്തില്‍ മുങ്ങി മരിയ്ക്കുന്ന, “തന്നെത്തന്നെ പ്രേമിച്ച് പ്രേമിച്ച്” ഒടുങ്ങുന്ന ഒരു നാര്‍സിസത്തിന്‍റെ വിപരീതം അതിലുണ്ട്. പുരാണങ്ങളില്‍ പറയുന്ന വിരോധഭക്തി. രാവണന് രാമനോട് തോന്നുന്ന മട്ടില്‍. വിമര്‍ശനത്തേക്കാള്‍ മറ്റൊന്നാണത്. തിരിച്ചിട്ട ഭക്തിപോലുള്ള ഒന്ന്. അത് രണ്ട് ധ്രുവങ്ങള്‍ മാത്രമുള്ള ഒന്നായി ചിന്തയെ ചുരുക്കുന്നുണ്ട്. അതില്‍ എന്നന്നേയ്ക്കുമായി കുടുങ്ങാന്‍ സ്വയം നിശ്ചയിച്ചിട്ടുള്ളതിനാല്‍ താങ്കള്‍ക്ക് കോടതിവിധിയെ നോണ്‍-ഇഷ്യു ആക്കി മാറ്റേണ്ടി വരുന്നു. കോടതി വിധിയോടും അത് ഉയര്‍ത്തുന്ന മനുഷ്യാവകാശത്തോടും ആണ് ഇന്ത്യയിലെ ധൈഷണികര്‍ ചേര്‍ന്ന് നിന്നതെന്ന പ്രാഥമിക യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ച്, ഭരണകൂടത്തിന് അവര്‍ കീഴടങ്ങി എന്ന വ്യാജമായ ഇടത്ത് നിന്ന് ചര്‍ച്ച തുടങ്ങിവെയ്ക്കേണ്ടി വരുന്നു. കേരളത്തിലെ നിയമസഭ നടത്തിയ നിയമനിര്‍മ്മാണം എന്ന നിലയ്ക്ക് അബോധം പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് അവാങ്ഗാര്‍ദിന് എതിരെ അഞ്ച് ന്യായങ്ങള്‍ താങ്കള്‍ നിരത്തുന്നതെന്ന്, അത് ഒരിക്കല്‍ കൂടി വായിച്ചുനോക്കിയാല്‍ താങ്കള്‍ക്ക് തന്നെ വ്യക്തമാകും എന്ന് ഞാന്‍ പ്രത്യാശിയ്ക്കുന്നു. മാത്രമല്ല, ചിന്തയേയും സംവാദശേഷിയേയും, തന്നോട് തന്നെ അതിക്രൂരമായിക്കൊണ്ട്, ഈ ചെറിയ ഇടത്ത് തളച്ചിടുന്നത് കൊണ്ട്, അധികാരം എന്നത് രാഷ്ട്രീയാധികാരമായി ചുരുക്കപ്പെടുന്നുണ്ട്. കേരള സംസ്ക്കാരത്തെ ഭരിയ്ക്കുന്നത് ആര് എന്ന ചോദ്യം അത്ഭുതകരമായി താങ്കളില്‍ മറവിയിലേയ്ക്ക് തള്ളപ്പെടുന്നു. ഈ വിധി പുറപ്പെടുവിയ്ക്കുന്നതിന് തൊട്ടുമുമ്പ്, എസ്. ഹരീഷിന്‍റെ “മീശ” എന്ന നോവലിന് നേരെ സംഘപരിവാര്‍ ഉണ്ടാക്കിയ കോലാഹലം താങ്കള്‍ മറന്നുകാണില്ല എന്ന് കരുതുന്നു. അതും സമാന സ്ത്രീകളെ മുന്‍ നിര്‍ത്തിയായിരുന്നു. ഹരീഷ് എന്ന മാതൃഭൂമി ലേഖകന്‍ കേരളത്തിലെ ഹിന്ദുസ്ത്രീകളെ അപമാനിയ്ക്കും വിധം വാര്‍ത്ത കൊടുത്തു എന്ന മട്ടിലായിരുന്നു ‘പ്രബുദ്ധരായ, രാജസ്ഥാനികളല്ലാത്ത’വരില്‍ പലരും പ്രതികരിച്ചത്. കോടതി വിധി, മീശയ്ക്ക് പെരുമാള്‍ മുരുകന്‍ കേസില്‍ എന്നപോലെ, പ്രകാശനത്തിനുള്ള അവസരം നല്‍കി. ആ വിധിയെ ഓരത്തേയ്ക്ക് വകഞ്ഞുമാറ്റി സംഘപരിവാര്‍ പ്രവര്‍ത്തനം അരങ്ങേറി. നാം രണ്ടുപേരും ജീവിതം പങ്കിടുന്ന അതേ തൃശൂര്‍ നഗരത്തില്‍, പാറമേക്കാവ് അഗ്രശാലയില്‍, എല്ലാക്കൊല്ലവും നടക്കാറുള്ള ബുക്ക് എക്സിബിഷനില്‍ നിന്നും മീശ പിന്‍വലിക്കപ്പെട്ടു. ഇന്ന് ഹിന്ദുമതത്തെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കുന്ന പുസ്തകം തങ്ങളുടെ പട്ടികയില്‍ ഉണ്ടെങ്കില്‍ പാറമേക്കാവ് അഗ്രശാലയില്‍ ബുക്ക് എക്സിബിഷന്‍ നടത്താന്‍ വയ്യാതായി.

ഒരു തരത്തില്‍, നമ്മെയൊക്കെ അനാഥരാക്കി പിരിഞ്ഞുപോയ ആറ്റൂര്‍ രവിവര്‍മ്മ മാഷെ ഇത്തരുണത്തില്‍ ഓര്‍മ്മിക്കട്ടെ. ഗുരുവായൂരിലെ പാല്‍പ്പായസത്തിനെ “ലോക കാമുകനുടെ ശുക്ലം” എന്നാണ് കവിതയില്‍ മാഷ് വിശേഷിപ്പിച്ചത്. ‘ഉദാത്തം’ എന്ന കവിത സിലബസ്സില്‍ വരെയുണ്ടായിരുന്നു, എന്നാണോര്‍മ്മ. ഈ വരിയുടെ മുന്നില്‍ ഹരീഷ് എത്ര ചെറിയ പാപിയാണ്. അത് കഴിഞ്ഞിട്ടും ആറ്റൂര്‍മാഷ് പൂരപ്പറമ്പുകളില്‍ നടന്നു. മേളം ആവോളം കേട്ടു. ആരും ആറ്റൂര്‍മാഷെ ഭീഷണിപ്പെടുത്തിയില്ല. കുത്തിന് പിടിച്ചില്ല. ഉദാത്തം പോലുള്ള കവിതകളെ മറ്റ് പലതരത്തില്‍ വിമര്‍ശിച്ചവര്‍ ഉണ്ടാകും. പക്ഷെ, ഈ വരിയുടെ പേരില്‍ അല്ല. ഞാന്‍ പോലും ഇത് എഴുതുന്നത് ആറ്റൂര്‍ മണ്‍ മറഞ്ഞുപോയി എന്ന യാഥാര്‍ത്ഥ്യത്തിന് ഏറെ മുകളിലാണ്. ജീവിച്ചിരിയ്ക്കുന്ന കാലമാണെങ്കില്‍, ഇതിനെ തുടര്‍ന്ന് ആറ്റൂര്‍ മാഷിന് എന്തൊക്കെ പുകിലുകള്‍ ആണ് ഉണ്ടാകുക എന്ന് പറയാന്‍ വയ്യ. ‘നഗ്നയായ സരസ്വതി’യെ വരച്ചത് ദശാബ്ദങ്ങള്‍ക്ക് ശേഷം കണ്ടുപിടിച്ച് ഹുസൈനെ നാടുകടത്തിയ ചരിത്രം ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

അതിനും മുമ്പ് പ്രൊഫ. എം.എം. ബഷീര്‍, മാതൃഭൂമി പത്രത്തില്‍ എഴുതിയിരുന്ന രാമായണ വ്യാഖ്യാനം പൊടുന്നനെ നിര്‍ത്തേണ്ടി വന്നതും താങ്കള്‍ക്ക് ഓര്‍മ്മ കാണും. മുസ്ലീം നാമധാരി രാമായണം തൊടേണ്ട എന്ന മുന്നറിയിപ്പ് നല്‍കിത്തന്നെ. മലയാളം ഐഛികവിഷയമായെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങളോളം രാമായണം പഠിപ്പിച്ച അദ്ധ്യാപകന് ആണ് സാക്ഷരകേരളത്തില്‍ ഈ വിധി വന്നത്. അതും മലയാളം കണ്ട മഹാമനീഷിയായ കുട്ടിക്കൃഷ്ണമാരാരെ ഉദ്ധരിച്ചതിന്‍റെ പേരില്‍. കുരീപ്പുഴ ശ്രീകുമാറിന് പോലീസ് സംരക്ഷണയില്‍ ജീവിക്കേണ്ടി വന്നതും ഈ കേരളത്തിലാണ്. മാതാ അമൃതാനന്ദമയിയെ പറ്റിയുള്ള, പണ്ടത്തെ ശിഷ്യ ഗെയ്ല്‍ ട്രെഡ്വെല്ലിന്‍റെ പുസ്തകത്തിന്‍റെ പരിഭാഷ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ ഡി.സി. ബുക്സിന് കല്ലേറ് കൊണ്ടു. ഇങ്ങനെ ഭീഷണി, നിരോധനം, അനുമതി എന്നിങ്ങനെ ആവിഷ്ക്കാരത്തിന് മേല്‍, ഭരണഘടനയ്ക്ക് പുറത്ത് ഒരു അധികാരശക്തി താങ്കള്‍ പറയുന്ന എണ്‍പതുകള്‍ക്കും തൊണ്ണൂറുകള്‍ക്കും ശേഷം രൂപം കൊണ്ടു. ഈ വന്‍ശക്തിയാണ് പത്രസ്ഥാപനങ്ങളേയും അഭിപ്രായങ്ങളേയും ഒക്കെ നിയന്ത്രിക്കുന്നത് എന്ന് കാണാതെ പോയ്ക്കൂടാ. രാഷ്ട്രീയാധികാരത്തിന്‍റെ രൂക്ഷപ്രകടനങ്ങളെ നോക്കിയിരിയ്ക്കുന്ന താങ്കളുടെ കണ്ണില്‍ നിന്ന് ഇത് മറഞ്ഞുനില്‍ക്കുന്ന ഒന്നല്ലല്ലോ. ഈ സാംസ്ക്കാരിക കാലാവസ്ഥയിലേയ്ക്ക് കൂടിയാണ് ശബരിമല വിധി വന്നു വീണത്. ആ സമയത്ത് താങ്കള്‍ എഴുതിയ ലേഖനം എന്നെപ്പോലെ അനേകരെ ഞെട്ടിച്ചുകളഞ്ഞു. അതിലെ വരികളിലെ നിരുത്തരവാദപരം എന്ന് വരെ വിശേഷിപ്പിക്കാവുന്ന ഉദാസീനതയാണ് ഞങ്ങളെ ഞെട്ടിച്ചത്. ഉദാഹരണമായി “ഈ വിധി നടപ്പാക്കുന്നതില്‍ ഏറ്റവും വേദനിയ്ക്കുന്നത്, സ്വമേധയാ തെരുവില്‍ ഇറങ്ങിയ കേരളത്തിലെ ഹിന്ദുസ്ത്രീകളാണ്. ഇവരുടെ പ്രബുദ്ധതാ നിലവാരം രാജസ്ഥാനിലെ സാമാന്യ വിദ്യാഭ്യാസമില്ലാത്ത സതി പ്രക്ഷോഭകരുടേതിന് സമാനമെന്ന് പറയുന്നത് ബാലിശമാണ്.” “മിക്കവാറും പരപ്രേരണയില്ലാതെ തന്നെ വിധിയാല്‍ ബാധിതരായ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ മാത്രമാണ് ഈ അവസരത്തിന്‍റെ സാധ്യതയേയും വെല്ലുവിളിയേയും അവര്‍ തിരിച്ചറിഞ്ഞത്.” ഏറ്റവും ഞെട്ടിച്ച വാചകം “ലിംഗസമത്വം ഉറപ്പാക്കുന്ന വിധിയുടെ ഗുണഭോക്താക്കള്‍ ആരാണോ, ആ സ്ത്രീകളില്‍ 95 ശതമാനവും ‘ഈ പരിഷ്ക്കാരം വേണ്ടേ’ എന്ന് പറഞ്ഞ് തെരുവിലാണ് എന്നതാണ്.( ബോള്‍ഡ് ഇറ്റാലിക്കില്‍ സി.ആര്‍. പരമേശ്വരന്‍റെ വാക്കുകള്‍ ) താങ്കളെപ്പോലെ ഒരാള്‍ 95% എന്ന സ്റ്റാറ്റിസ്റ്റിക്സ് ഒരു സാംഗത്യവുമില്ലാതെ എടുത്ത് വീശുന്നതിന്‍റെ പിന്നില്‍ എന്ത് ആവേഗമാണ് പ്രവര്‍ത്തിക്കുന്നത്? കോടതി വിധി എന്തെന്ന് തിട്ടമില്ലാതെ ഹിന്ദുവാദത്തിന്‍റെ ഇരകളായി പ്രവര്‍ത്തിക്കുന്ന വരെ കാണാന്‍ വയ്യാത്ത വിധം ക്വിക്സോട്ടിക് ആയി താങ്കളുടെ വിവേകം ഉറച്ചുപോകുന്നത് എന്തുകൊണ്ട്?

മാത്രമല്ല, പൊതുബോധത്തില്‍ ഇരുട്ടുമൂടുന്ന ഇത്തരം സാഹചര്യത്തില്‍ അവാങ്ങ്ഗാര്‍ദിന്‍റെ ധര്‍മ്മം “ഭരണഘടനയും നിയമവാഴ്ചയും കോടതികളും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയില്‍ അന്യൂനമായി നിലനില്‍ക്കുന്നു എന്ന വിശ്വാസം തന്നെ ഒരു അന്ധവിശ്വാസമാണ്” എന്ന് സമീകരിക്കലാണോ? അല്ല എന്ന് ഞാന്‍ കരുതുന്നു. കോടതി വിധി ചൂണ്ടിക്കാട്ടിയ ഭരണഘടനയുടെ അന്തഃസത്ത സ്വയം കേള്‍ക്കുകയും എല്ലാവരേയും കേള്‍പ്പിക്കുകയും ചെയ്യുന്ന ഒരു ഉത്തരവാദിത്വമാണ് അവര്‍ ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അടവുനയങ്ങള്‍ക്ക് അപ്പുറം പ്രവര്‍ത്തിക്കേണ്ടതാണ് ഈ സാംസ്കാരിക ബോധം. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഒരു പരിധി വരെ കോടതി അതിന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുകയും, പ്രതിപക്ഷദൗത്യം എന്ന് വിളിക്കാവുന്ന ഒന്ന് നിറവേറ്റുകയും ചെയ്തിട്ടുണ്ട്. പെരുമാള്‍ മുരുകന്‍ കേസ് മുതല്‍ ഉന്നാവോ കേസ് വരെ കോടതി നടത്തിയ ഇടപെടലുകളെ ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന പൗരന്‍ ആശ്വാസത്തോടെ തന്നെ കാണണം. 1000 പുരുഷന്മാര്‍ക്ക് 1029 സ്ത്രീകള്‍ ഉള്ള, സ്ത്രീ ഭൂരിപക്ഷം ഉള്ള അപൂര്‍വ്വ സംസ്ഥാനങ്ങളിലൊന്നില്‍ അസമത്വത്തിന്‍റേയും മതത്തിന്‍റേയും സവര്‍ണ്ണതയുടേയും ഇടുക്കുകളിലേയ്ക്ക്  സ്ത്രീകളെ കണ്ണുകെട്ടി നയിക്കാന്‍ കച്ചകെട്ടുന്ന വര്‍ഗ്ഗീയ കോമരങ്ങളെ താങ്കള്‍ കാണാതെ പോകുന്നത് അതിശയപ്പെടുത്തുന്നു. അതിവാദങ്ങളുടെ തിരയടങ്ങിയാല്‍ താങ്കള്‍ക്ക് തന്നെ കാണാവുന്ന സത്യം ആണത്. 

ഇത്തരം കാലസന്ധികളില്‍ ഹിന്ദുത്വശക്തികളുടെ അധീനതയില്‍ സംസ്ക്കാരം അമര്‍ന്നിരിയ്ക്കുമ്പോള്‍, സ്വതേ ന്യൂനപക്ഷമായ അവാങ്ഗാര്‍ദിനെ പരിഹസിയ്ക്കാന്‍, താങ്കള്‍ക്ക് വളരെ എളുപ്പമാണ്. സ്റ്റാലിനിസത്തിന്‍റെ പതിന്മടങ്ങ് ഫാസിസം നിക്ഷേപിക്കാന്‍ കഴിയുംവിധം ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ്.ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ് കേരളം. സാംസ്ക്കാരിക അധിനിവേശത്തെ, തെരഞ്ഞെടുപ്പ് സീറ്റുകള്‍ വെച്ച് വസ്തുനിഷ്ഠമാക്കാന്‍ ശ്രമിയ്ക്കുന്നതില്‍ യാതൊരു കാര്യവും ഇല്ല. സംസ്ക്കാരത്തില്‍ കല്‍പ്പിക്കുന്നതും നടപ്പാക്കുന്നതും യു.ഡി.എഫോ., എല്‍.ഡി.എഫോ. അല്ല. സംഘ പരിവാര്‍ ആണ്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവരുടെ പ്രത്യയശാസ്ത്ര നിര്‍മ്മിതികേന്ദ്രം നിരന്തരം അഴിച്ചുവിടുന്ന അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും താങ്കള്‍ക്കും അറിയാവുന്നതാണല്ലോ. സോഷ്യല്‍ മീഡിയപോലെ നുണകളേയും സത്യങ്ങളേയും വ്യവഛേദിയ്ക്കാതെ, പെരുപ്പിയ്ക്കുന്ന ഒരിടം അവരുടെ സ്വന്തം ഇടമാകുന്നത് അങ്ങനെയാണ്. ഈ പ്രചരണത്തിന്‍റെ ശക്തിയോട് നിസ്സംഗനായി തിരിഞ്ഞ് നിന്ന്, ലിംഗനീതി എന്ന നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നൈതിക പ്രശ്നത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അവാങ്ഗാര്‍ദിനോട് താങ്കള്‍ ചോദിയ്ക്കുന്നു: “ഭരണകൂടവുമായി താദാത്മ്യത്തില്‍ ആയി അല്ലേ?”

ആ ചോദ്യം താങ്കളുടെ വായില്‍ നിന്നും കേന്ദ്രഭരണകൂടത്തിന്‍റെ ചുക്കാന്‍ പിടിയ്ക്കുന്ന കക്ഷിയുടെ ദിനപത്ര ജിഹ്വ ഏറ്റെടുക്കുന്നത് താങ്കള്‍ക്ക് പ്രശ്നമല്ലേ? സവര്‍ണ്ണകുലത്തില്‍ ജനിച്ചത് കൊണ്ടാണ് താങ്കള്‍ ഈ ദുര്‍ഘടത്തില്‍ വന്നുപെട്ടത് എന്ന ക്ഷിപ്രബുദ്ധി വാദമുഖത്തോടൊന്നും എനിയ്ക്ക് യാതൊരു യോജിപ്പും ഇല്ല. സ്വപ്നത്തില്‍പ്പോലും അത്തരം ഒരു ആക്ഷേപം താങ്കള്‍ക്കെതിരെ ഞാന്‍ ഉന്നയിക്കില്ല. അത്തരം എളുപ്പവഴികളോ, തര്‍ക്കത്തില്‍ തങ്ങളുടെ വശത്ത് ആളെക്കൂട്ടാനുള്ള “അടവുനയങ്ങളോ” നമുക്കിടയില്‍ വേണ്ട. താങ്കളുടെ സമ്മതത്തോട് കൂടിയാണോ “ജന്മഭൂമി”യില്‍ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം കിട്ടിയത് എന്നും ചോദിക്കാന്‍ മെനക്കെടുന്നില്ല. പക്ഷെ, കേന്ദ്രം ഭരിയ്ക്കുന്ന കുറെക്കൂടി വലിയ ഭരണകൂടത്തെ, കോര്‍പ്പറേറ്റുകളുടെ കുറെക്കൂടി വലിയ ചങ്ങാത്ത ഭരണകൂടത്തെ, ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും സഞ്ജീവ് ഭട്ട്പോലുള്ള ഉദ്യോഗസ്ഥര്‍ക്കും മേലെ കുറെക്കൂടി ഫാസിസം പ്രയോഗിക്കുന്ന ഭരണകൂടത്തെ, നിയന്ത്രിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അവരുടെ പത്രത്തിന്‍റെ ഉയര്‍ന്നവിതാനത്തില്‍ താങ്കളുടെ അഭിപ്രായങ്ങളെ കയറ്റിവെച്ചത്, ഒരു ചിരിയുടെ ഊറലോട് കൂടിയായിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ അവാങ്ഗാര്‍ദുകളില്‍ പെട്ട ഒരാളുടെ വാചകങ്ങളെ രണ്ട് നാല് ദിവസത്തേയ്ക്കെങ്കിലും തങ്ങളുടെ പത്രത്തില്‍ കയറ്റിവെക്കാം എന്ന ചിരി.

ഇവിടെയാണ് താങ്കള്‍ സ്വവാദങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ കൂടെകൂട്ടുന്ന ഒ.വി. വിജയനും വി.കെ.എന്നും വ്യത്യസ്തമാകുന്നത്. സ്റ്റാലിനിസത്തോടുള്ള അവരുടെ കലഹം അത് മാത്രമായി ഒതുങ്ങിയിരുന്നില്ല. സി.പി.എമ്മിന്‍റെ ഏതെങ്കിലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ധാര്‍ഷ്ട്യം ചമയ്ക്കുന്ന പരിമിതമായ ഇടത്ത് തന്നെ വീണുകിടന്നിരുന്നെങ്കില്‍ വിജയന്‍ “ധര്‍മ്മപുരാണം” എഴുതില്ലായിരുന്നു. അന്നത്തെ കേന്ദ്രഭരണകൂടം ഫാസിസത്തിലേയ്ക്ക് തെന്നുന്നത് വിജയന്‍ കണ്‍മുമ്പിലെന്നപോലെ കണ്ടു. ‘അധികാരം’ എന്ന വി.കെ.എന്‍. പുസ്തകം നേരിട്ടത് ഒരു പാന്‍ ഇന്ത്യന്‍ അധികാരദൃശ്യത്തെ ആയിരുന്നു. അദ്ദേഹത്തിന്‍റെ ‘കാവി’ പ്രവചിച്ചത് യോഗി ആദിത്യനാഥുമാരേയും അസീമാനന്ദമാരേയുമാണ്.

ഈ പാന്‍ ഇന്ത്യന്‍, കേരള സംസ്കാരിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് കേരളത്തിലെ ഫെമിനിസ്റ്റ്, ദളിത്, പരിസ്ഥിതി, വിശാല ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പെട്ടവരൊക്കെ ശബരിമല വിഷയത്തില്‍ കോടതി വിധിയ്ക്ക് അനുകൂലമായ നിലപാട് എടുത്തത്. വിധി നടപ്പാക്കാന്‍ കേരള ഗവണ്‍മെന്‍റ് എടുത്ത തീരുമാനം കോടതി വിധിയുടെ തുടര്‍ച്ചയാണ്. കേരളത്തിലെന്നല്ല, ഇന്ത്യയിലെ ഒരു ഭരണകൂടവും ഇപ്പോള്‍ ഭൂരിപക്ഷ മതത്തെ ബാധിയ്ക്കുന്ന തീരുമാനങ്ങള്‍ സ്വമേധയാ എടുക്കില്ല. തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുന്ന സീറ്റുകളാണ് രാഷ്ട്രീയ കക്ഷികളുടെ അസ്തിത്വം നിര്‍ണ്ണയിക്കുന്നത് എന്നത് അവര്‍ സ്വയമേവ ചിന്തിച്ചിരിക്കേ. ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കിയ സിദ്ധരാമയ്യ ആകും തല്‍ക്കാല ചരിത്രത്തില്‍ അതിന് ശ്രമിച്ച ഒരാള്‍. ശബരിമല വിധിയുടെ കാര്യത്തില്‍ കേരള ഗവണ്‍മെന്‍റ്, അസാധാരണമായ വിധം പ്രോ ആക്ടീവ് ആയി എന്നതിന്, അവരുടേതായ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉണ്ടായിരിക്കാം. പക്ഷെ, അങ്ങനെയല്ലെങ്കിലും ഈ വിധിയോട് സ്വതന്ത്ര ധൈഷണികര്‍ക്ക് മറ്റുതരത്തില്‍ പെരുമാറാനുള്ള സാഹചര്യം ഇല്ല എന്ന് സാവകാശം നിരീക്ഷിച്ചാല്‍ താങ്കള്‍ക്കും അറിയാന്‍ കഴിയും. ഇതെഴുതുമ്പോള്‍ ജമ്മുകാശ്മീര്‍ എന്ന സംസ്ഥാനം ഒറ്റദിവസം കൊണ്ട് കേന്ദ്രഭരണപ്രദേശം ആയിരിക്കുന്നു. താങ്കളുടെ തന്നെ വാക്കുകള്‍ ഞാനോര്‍ക്കട്ടെ. “ജനാധിപത്യ വ്യവസ്ഥയോടുള്ള നെഹ്റുവിന്‍റെ ബഹുമാനം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വളരെ മഹത്തായി കാണുന്നു. കയ്യൂക്കിനേക്കാള്‍ ധാര്‍മ്മികതയില്‍ ഊന്നാന്‍ ശ്രമിച്ച ഭരണാധികാരി ആയിരുന്നു അദ്ദേഹം എന്ന് കശ്മീര്‍ പ്രശ്നത്തിന്‍റെ തുടക്കത്തിലെ അദ്ദേഹത്തിന്‍റെ നിലപാട് പരിശോധിച്ചാല്‍ മനസ്സിലാകും. കശ്മീരിന്‍റെ മൂന്നിലൊന്നുഭാഗം പാകിസ്ഥാനി ഗോത്രവര്‍ഗ്ഗക്കാരും വിപ്ലവകാരികളും ആക്രമിച്ചു കഴിഞ്ഞിട്ടും ചഞ്ചലചിത്തനായ കശ്മീര്‍ രാജാവ് ഇന്ത്യയുമായി സംയോജനക്കരാര്‍ ഒപ്പിടുന്നതുവരെ സേനയെ അയയ്ക്കാന്‍ നെഹ്റു വിസമ്മതിച്ചു. ഇത് നെഹ്റുവിന്‍റെ ദുര്‍ബലതയായി വ്യാഖ്യാനിയ്ക്കുന്നവര്‍ ഉണ്ട്. പക്ഷെ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരം 1947’ നോടുള്ള തന്‍റെ പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന ഒരു ഭരണാധികാരിയുടെ ധാര്‍മ്മികബലമായാണ് ഇതിനെ കാണേണ്ടത്.” ആ ധാര്‍മ്മികബലത്തിന്‍റെ നിരാകരണം എല്ലാ തലത്തിലും നടക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റേയും ചിന്തയുടേയും ധൈഷണികതയുടേയും നീതിയുടേയും ഭൂപടങ്ങള്‍ മാറ്റിവരയ്ക്കുന്ന പണിയാണ് ഹിന്ദുത്വഫാസിസം ഇന്ന് ഏറ്റെടുത്തിട്ടുള്ളത്. അവരുടെ പ്രത്യയശാസ്ത്രത്തെ, ഇന്ത്യയെ കുറിച്ചുള്ള സാമ്പത്തിക-സാമൂഹിക നയങ്ങള്‍ക്ക് അപ്പുറം, അവര്‍ വിലമതിയ്ക്കുന്നു. ഈ പാന്‍ ഇന്ത്യന്‍ പ്രക്രിയയുടെ മലയാള പതിപ്പിനെ, ശബരിമല വിഷയം പോലെ ലോലവും വികാരഭരിതവും ആയ ഇടത്ത് വേണ്ടത്ര കാണാതെ പോകുന്നത് ചിന്തയുടെ അസ്റ്റിഗ്മാറ്റിസം ബാധിച്ച നോട്ടം കൊണ്ടാണ്. ഈ അസ്റ്റിഗ്മാറ്റിസം കേരളത്തിലെ അവാങ്ഗാര്‍ദ് ഏറ്റെടുക്കണം എന്നാണ് താങ്കള്‍ ആവശ്യപ്പെടുന്നതെങ്കില്‍, അവരുടെ വിനയത്തോടുള്ള മറുപടി “ഇല്ല” എന്നായിരിക്കും.

ഈ അസ്റ്റിഗ്മാറ്റിസം താങ്കളെ എവിടെ കൊണ്ട് എത്തിച്ചിരിയ്ക്കുന്നു എന്നതിനെ ഉദാഹരിയ്ക്കാന്‍, ഹൈപ്പോത്തെറ്റിക്കല്‍ ആയ ഒരു വാദം കൂടി മുന്നോട്ട് വെച്ച് ഞാന്‍ തല്‍ക്കാലം പിന്മടങ്ങട്ടെ. കേരളത്തിലെ ഇന്നത്തെ ഗവണ്‍മെന്‍റ് ശബരിമല വിധിയെ ഇത്രയും പ്രോ-ആക്ടീവ് ആയി സ്വീകരിച്ചില്ല എന്ന് വിചാരിയ്ക്കുക. അതിനെ ഒടിച്ചുമടക്കി ഒരിടത്തുവെച്ചു എന്നും. അന്നേരവും താങ്കളുടെ വാദങ്ങള്‍ക്ക് ഇതേ രൂക്ഷതയും ശക്തിയും ഉണ്ടായിരിക്കും. പക്ഷേ, കോടതിവിധിയെ നിരാകരിച്ച ഗവണ്‍മെന്‍റിനെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളതാകും അത്. കാരണം താങ്കളുടെ മുന്‍ഗണന വളരെ വ്യക്തമാണ്. ആ മുന്‍ഗണന പ്രയോഗിക്കേണ്ട ഇടത്തല്ലാതെ പ്രയോഗിക്കുമ്പോള്‍ എങ്ങനെ അസ്തിത്വവാദിയുടെ ഏകാന്തതയോടുള്ള ഹതാശാഭിമുഖ്യം ചരിത്രവിരുദ്ധം ആകുന്നു എന്ന് തിരിച്ചറിയണം. ഫാസിസത്തിന് എതിരെയുള്ള സഫലമായ പ്രതിവിധി ഐക്യമുന്നണിയാണ്. ഇന്ത്യയിലായാലും, ജര്‍മ്മനിയിലായാലും, നിരന്തരസംവാദങ്ങളാല്‍ മുഖരിതമായ ഒരു ഐക്യമുന്നണി. ജനാധിപത്യം എന്നത് എല്ലാക്കാലത്തും എതിര്‍ധ്രുവങ്ങളെ മാത്രമല്ല ഉത്പാദിപ്പിക്കുക, അനേക ധ്രുവങ്ങളെക്കൂടിയാണ്. ആഴത്തില്‍ അറിയാവുന്ന സംഗതികള്‍ തര്‍ക്കത്തിനു വേണ്ടി മാറ്റിവയ്ക്കുന്ന ഒരാളെപ്പോലെ താങ്കള്‍ പെരുമാറുമ്പോള്‍ ഇത്രയെങ്കിലും എഴുതാതെ വയ്യ.

സ്നേഹത്തോടെ

പി.എന്‍. ഗോപീകൃഷ്ണന്‍

Comments

comments