ധുനിക ശാസ്ത്രവുമായുള്ള മലയാളികളുടെ ഇടപെടലിന് ഒന്നര നൂറ്റാണ്ടിലധികം നീളുന്ന ചരിത്രമുണ്ട്. മലയാള ഭാഷയിലെ ആദ്യ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഒന്നുതന്നെ പാശ്ചാത്യ ശാസ്ത്രത്തിൻ്റെ അതിശയ വാർത്തകൾ പകർന്നു നല്കിയ ‘പശ്ചിമോദയ’മായിരുന്നു (1847-1851). തുടർന്ന് ധാരാളം ആനുകാലികങ്ങൾ ശാസ്ത്രപ്രചരണം ഒരു ധർമ്മമായി ഏറ്റെടുക്കുന്നുണ്ട്. 

സഹോദരൻ അയ്യപ്പൻ്റെ യുക്തിവാദപരമായ ശാസ്ത്രസമീപനം മറ്റൊരു നാഴികക്കല്ലാണ്. മലയാളികൾ ശാസ്ത്രത്തെക്കുറിച്ച് രൂപപ്പെടുത്തിയിരിക്കുന്ന പൊതുധാരണകളെ സഹോദരൻ്റെ ‘സയൻസ് ദശകം’ എന്ന പദ്യകൃതി ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. “കോടി സൂര്യനുദിച്ചാലു-മൊഴിയാത്തൊരു കൂരിരുൾതുരന്നു സത്യം കാണിക്കുംസയൻസിന്നു തൊഴുന്നു ഞാൻ“എന്നാണ് ‘സയൻസ് ദശക’ത്തിൽ അയ്യപ്പൻ ശാസ്ത്രത്തെ നമസ്കരിക്കുന്നത്. 

സയൻസിൻ്റെ ജ്ഞാനശാസ്ത്രപരമായ ഉദാത്തതയിൽ ഊന്നുന്ന സഹോദരനയ്യപ്പൻ്റെ ദർശനത്തിൻ്റെ തുടർച്ച നമ്മൾ കാണുന്നത് യുക്തിവാദ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലാണ്‌. ശാസ്ത്രീയ യുക്തി അയ്യപ്പന് ജാതി നിർമ്മൂലന പദ്ധതിയുടെ അടിസ്ഥാന പണിയായുധമായിരുന്നു; സത്യദർശനത്തിനുള്ള ഉപാധിയായിരുന്നു. എന്നാൽ അറുപതുകൾക്കു ശേഷം യുക്തിവാദ പ്രസ്ഥാനങ്ങൾ കേവലയുക്തിവാദപരമായ സമീപനത്തിലേക്ക് പതിയെ നീങ്ങുന്നതായി കാണാം; സോഷ്യലിസ്റ്റ് – മാർക്സിസ്റ്റ് ചിന്താധാരകൾ ചില യുക്തിവാദികളുടെയെങ്കിലും രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിക്കുന്നുണ്ടെങ്കിലും. അന്ധവിശ്വാസങ്ങൾക്കും മതാന്ധ്യത്തിനുമെതിരെയുള്ള പ്രവർത്തനങ്ങൾ (പ്രൊഫ. എ.ടി. കോവൂരിന്റെ ‘ദിവ്യാത്ഭുത അനാവരണ പരിപാടി‘ ഉദാഹരണം) യുക്തിവാദികൾ സജീവമായി ഏറ്റെടുത്തു. സയൻസിന്റെ യുക്തിഭദ്രമായ ആരായൽ രീതിയെ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും പ്രവർത്തനക്ഷമമാക്കുക എന്നതായിരുന്നു അവരുടെ വിശാല പദ്ധതി.

ഈ രാഷ്ട്രീയ പദ്ധതിയെ സൈദ്ധാന്തികത്തെളിമയോടെ  അവതരിപ്പിച്ചത് കേരള ശാസ്ത്രസാഹിത്യ പരിഷത്തായിരുന്നു. എഴുപതുകളുടെ രണ്ടാം പകുതിയോടെ ‘ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്‘ (1973-ലാണ് പരിഷത്ത് ഈ സമീപനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്) എന്ന മുദ്രാവാക്യം രൂപപ്പെടുന്നു. മലയാളത്തിൽ ശാസ്ത്ര പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തിൽ നിന്നും ‘ജനകീയമായ ശാസ്ത്രം’ എന്ന ഊന്നലിലേക്ക് പരിഷത്ത് ഇക്കാലത്ത് മാറുന്നു. ജനങ്ങൾ അവരുടെ ദൈനംദിന ജീവിത വ്യാപാരങ്ങളിൽ ശാസ്ത്രീയമായ അറിവുകൾ ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്‌. തൊഴിലാളികളുടെയും ഗ്രാമീണ ജനതയുടെയും നിത്യജീവിതത്തിൽ അന്തർലീനമായ ഈ ശാസ്ത്രാഭിമുഖ്യത്തെ അംഗീകരിക്കുകയും അതിനെ ഔപചാരിക ശാസ്ത്ര പ്രവർത്തനങ്ങളുമായി കണ്ണി ചേർക്കുകയും ചെയ്യേണ്ടതുണ്ട് എന്ന തിരിച്ചറിവ് അങ്ങനെ പരിഷത്ത് രൂപപ്പെടുത്തുന്നു. 

മാർക്സിസ്റ്റ് വർഗവിശകലനരീതിയെയും ചരിത്രവിജ്ഞാനീയത്തെയും സയൻസിനെ മനസിലാക്കാനായി ഉപയോഗിച്ച ജെ.ഡി. ബർണാലിൻ്റെ സമീപനമായിരുന്നു (The Social Function of Science, 1939) പരിഷത്തിൻ്റെ പ്രചോദനം. ശാസ്ത്രീയ രീതി ആധുനികമനുഷ്യൻ്റെ ഏറ്റവും ഉന്നതമായ സത്യാന്വേഷണോപാധിയാണ് എന്ന് പരിഷത്ത് യുക്തിവാദികൾക്കൊപ്പം ചിന്തിക്കുന്നു. പക്ഷേ സത്യോന്മുഖവും വസ്തുനിഷ്ഠവും മൂല്യനിരപേക്ഷവുമായ ശാസ്ത്രീയ അറിവുല്പാദന പ്രവർത്തനങ്ങൾ ഇന്ന് മുതലാളിത്തത്തിന്റെ ചൊൽപ്പടിയിലാണ്. ശാസ്ത്രത്തെ മുതലാളിത്ത താല്പര്യങ്ങളിൽനിന്നും മോചിപ്പിച്ച് ജനകീയമാക്കുകയും തുടർന്ന് സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയുടെ രൂപീകരണത്തിന് അതിനെ ഉപാധിയാക്കുകയും ചെയ്യുക എന്ന പ്രവർത്തനപദ്ധതി പരിഷത്ത് എഴുപതുകളുടെ രണ്ടാം പകുതിയിൽ രൂപീകരിച്ചു. 

യുക്തിവാദികൾ സയൻസിനെ ‘ശാസ്ത്രീയ യുക്തി’ എന്നതിലേക്ക് ലഘൂകരിച്ചപ്പോൾ പരിഷത്ത് അതിൻ്റെ രാഷട്രീയ-സാമ്പത്തിക പശ്ചാത്തലത്തെ പ്രധാനമായിക്കണ്ടു. യുക്തിവാദികൾക്ക് ശാസ്ത്രീയ യുക്തിയുടെ വ്യാപനമായിരുന്നു ലക്ഷ്യം. ശാസ്ത്രീയ യുക്തിയെ ജനങ്ങൾ സ്വാംശീകരിക്കുന്നതോടുകൂടി കൂരിരുൾ മായുകയും ജ്ഞാനോദയകാന്തി പരക്കുകയും ചെയ്യും. എന്നാൽ പരിഷത്തിന് മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണ പ്രവർത്തനങ്ങൾക്ക് ഇന്ധനം പകരുന്ന സയൻസിനെ വിമോചനോന്മുഖമാക്കി മാറ്റണ്ടതുണ്ടായിരുന്നു. ശാസ്ത്രം അതിൽ തന്നെ നിഷ്കളങ്കമാണ് എന്നും വസ്തുനിഷ്ഠതയാണതിൻ്റെ കാതൽ എന്നും പരിഷത്ത് കരുതി. ശാസ്ത്രം നിലനിൽക്കുന്ന ചൂഷണ വ്യവസ്ഥയാണ് പ്രശ്നം. ചൂഷകൻ്റെ ഉപകരണമായ സയൻസിനെ ചൂഷിതരുടെ ആയുധമാക്കി മാറ്റുക എന്നതിലായിരുന്നു പരിഷത്തിൻ്റെ ഊന്നൽ. ഉപകരണം ഒന്നു തന്നെ; ഉപയോഗിക്കുന്നവരുടെ സ്വഭാവവും ഉദ്ദേശ്യങ്ങളുമാണ് (അതു മാത്രമാണ്) പ്രശ്നമെന്ന് അർത്ഥം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശാസ്ത്രത്തിൻ്റെ ജ്ഞാനാർജന മാർഗത്തിന് (epistemology) രണ്ടു കൂട്ടരും പ്രശ്നമൊന്നും കാണുന്നില്ല. എന്നാൽ എഴുപതുകളുടെ അവസാനം രൂപപ്പെട്ട പരിസ്ഥിതിപ്രവർത്തക സംഘങ്ങൾ ശാസ്ത്രത്തിൻ്റെ അറിവുല്പാദന രീതി തന്നെയാണ് പ്രശ്നമെന്ന് വാദിച്ചു തുടങ്ങി. എൺപതുകളോടെ ഈ പരിപ്രേക്ഷ്യം വികസിച്ചു. സയൻസിൻ്റെ ജ്ഞാനോദയ പാരമ്പര്യം പ്രകൃതിയെയും സ്ത്രീ ശരീരങ്ങളെയും ചൂഷണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതിൻ്റെ രീതിശാസ്ത്രം ഹിംസാത്മകമാണ്. അത് സ്ത്രീവിരുദ്ധവും വംശീയവും പ്രകൃതി വിരുദ്ധവുമായ പാശ്ചാത്യ സാംസ്കാരിക മൂല്യങ്ങളെ ഉൾപ്പേറുന്ന ജ്ഞാനോല്പാദന രീതിയാണ് എന്നവർ വാദിച്ചു. ഗാന്ധി, ഷൂമാക്കർ, ഫുക്കുവോക്ക തുടങ്ങിയവരൊക്കെ ഈ പരിപ്രേക്ഷ്യത്തിൻ്റെ നിർമ്മിതിയിൽ പ്രചോദനമാവുന്നുണ്ട്. എഴുപതുകൾ മുതൽ ഇന്ത്യയിൽ രൂപപ്പെട്ടു വന്ന പരിസ്ഥിതി സമരങ്ങളിൽ നിന്നു കൂടിയാണ് ഈ ശാസ്ത്രദർശനം രൂപപ്പെട്ടത്. 
അക്കാലത്ത് ഈ വാദഗതികൾ സ്വതവേ പാരിസ്ഥിതിക കാല്പനിക വാദമായി ഇകഴ്ത്തപ്പെടുകയും തൊണ്ണൂറുകളിൽ ‘ഉത്തരാധുനികത‘യെന്ന പേരിൽ ആക്രമിക്കപ്പെടുകയും ചെയ്തു. പ്രത്യേകിച്ചും പരിഷത്തായിരുന്നു സയൻസിൻ്റെ അധീശത്വ സാംസ്ക്കാരിക മുൻവിധികളെക്കുറിച്ചുള്ള ഈ വിമർശനത്തെ എഴുപതുകളുടെ അന്ത്യം മുതൽ ശക്തമായി എതിർത്തു പോന്നത്.

മലയാളികളുടെ ശാസ്ത്ര സമീപനത്തിൽ പരിഷത്തിനും യുക്തിവാദത്തിനുമുണ്ടായിരുന്ന പിടി അയഞ്ഞു തുടങ്ങിയത് തൊണ്ണൂറുകളിലാണ്. അപരിഹാര്യങ്ങളായ ‘റിസ്കു’കൾ കേരളത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഇക്കാലത്താണ്. മത്സ്യരോഗമായും തെങ്ങിൻ്റെ മണ്ഡരിബാധയായും കാൻസർ പോലെയുള്ള രോഗങ്ങളായും ആരംഭിച്ച റിസ്കുകളുടെ വ്യാപനം മുല്ലപ്പെരിയാർ പൊട്ടുമോ എന്ന ഭീതിയിലും വർണമഴയിലും നിപയിലും ഇപ്പോൾ പ്രളയസാധ്യതയിലും എത്തി നിൽക്കുന്നു. ഇത്തരം റിസ്കുകൾ ആധുനിക ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നീണ്ട കാലത്തെ വികസന-സാങ്കേതിക പ്രവർത്തനങ്ങളുടെ ഭാഗമായിക്കൂടി രൂപപ്പെട്ടതാണ് എന്ന വസ്തുത പരിഹാരമാർഗങ്ങൾക്ക് ശാസ്ത്രത്തെത്തന്നെ ആശ്രയിക്കുന്നതിന് തടസമായി. സാങ്കേതിക വിദഗ്ധർ മുമ്പോട്ടു വെയ്ക്കുന്ന വിശദീകരണങ്ങളെക്കുറിച്ചും പരിഹാര നിർദ്ദേശങ്ങളെപ്പറ്റിയും ജനങ്ങൾ സംശയാലുക്കളായിത്തുടങ്ങി. ആരോഗ്യ മാസികകളുടെ വർധിച്ച പ്രചാരം, ഡയറ്റിനെക്കുറിച്ചും ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ചുള്ള ചർച്ചകൾ, ആരോഗ്യ പ്രശ്നങ്ങളിൽ സെക്കൻഡ് ഒപ്പീനിയൻ തേടൽ, പ്രകൃതിജീവനത്തോടും ഓർഗാനിക് ഭക്ഷ്യവസ്തുക്കളോടും പാരമ്പര്യ – നാട്ടുവൈദ്യരീതികളോടുമുള്ള അഭിനിവേശം, ശാസ്ത്രവിവാദങ്ങൾ, എന്നിങ്ങനെ ‘റിസ്ക് സമൂഹ’മായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു എന്നതിൻ്റെ ധാരാളം ലക്ഷണങ്ങൾ തൊണ്ണൂറുകൾക്കു ശേഷം കേരളത്തിൽ കാണാം.

ശാസ്ത്രത്തിൻ്റെ ഫലപ്രാപ്തിയെക്കുറിച്ച് യുക്തിവാദികളും പരിഷത്തും എഴുപതുകളിൽ രൂപപ്പെടുത്തിയ ധാരണകൾക്ക് റിസ്ക് സമൂഹത്തിൽ കാര്യമായ ഇടപെടലുകൾ നടത്താനുള്ള ശക്തിയില്ലാതെ പോയി. തന്മൂലം രണ്ട് പ്രസ്ഥാനങ്ങളും തൊണ്ണൂറുകളിൽ ക്ഷയിക്കുകയാണുണ്ടായത്. ശാസ്ത്ര ചർച്ചകൾക്ക് ഇക്കാലം മുതൽ കളമൊരുങ്ങിയത് മാധ്യമങ്ങളിലാണ്‌. മലയാള പത്രമാസികകൾ റിസ്ക് ചർച്ചകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. വിവിധയിനം സാങ്കേതിക അഭിപ്രായങ്ങൾക്കും വൈദഗ്ധ്യങ്ങൾക്കും ജ്ഞാന പാരമ്പര്യങ്ങൾക്കും ഈ ചർച്ചകളിൽ ഇടം കിട്ടിത്തുടങ്ങി. ശാസ്ത്രജ്ഞരുടെ ഇടയിലെ അഭിപ്രായ ഭിന്നതകൾ തുറന്നു കാട്ടി മാധ്യമങ്ങൾ ശാസ്ത്ര വിവാദങ്ങൾ സൃഷ്ടിച്ചു (മുല്ലപ്പെരിയാർ വിവാദം ഓർമ്മിക്കുക). ഇത് പൊതുജനങ്ങൾ ശക്തമായി ശാസ്ത്രീയ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന സ്ഥിതിവിശേഷം കേരളത്തിൽ സൃഷ്ടിച്ചു. ഔദ്യോഗിക സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങൾ നിശിതമായി വിമർശിക്കപ്പെടുകയും ബദൽ വിശദീകരണങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു. തൊണ്ണൂറുകളിൽ മാധ്യമങ്ങളുടെ മുൻകയ്യിൽ രൂപപ്പെട്ട ഈ ശാസ്ത്ര സംവാദത്തിൽ പരിഷത്തിനോ യുക്തിവാദ സംഘങ്ങൾക്കോ കാര്യമായ പ്രസക്തി ഇല്ല എന്നു കാണാം.

ഒരു പക്ഷേ ഈ ആശയധാരകളേക്കാളൊക്കെ പഴയതും ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പതിന്മടങ്ങ് ശക്തിയാർജിച്ചതുമായ സമീപനം ഹിന്ദുത്വത്തിൻ്റെതാണ്. ആധുനിക ശാസ്ത്രത്തിൻ്റെ നേട്ടങ്ങളെല്ലാം തന്നെ പുരാതന ഹിന്ദു സംസ്കൃതിയുടെ (?) ഭാഗമായിരുന്നെന്നും ആ ‘സുവർണ കാലഘട്ടത്തെ’ തിരിച്ചുപിടിക്കുകയാണ് വേണ്ടതെന്നുമുള്ള ഈ വാദം ഇന്ദുലേഖയിലെ (1889) പതിനെട്ടാമധ്യായത്തിൽ കാണാം. ഈ ‘ഹൈന്ദവ’ പാരമ്പര്യത്തെ ആധുനിക പാശ്ചാത്യ സംസ്കൃതിയുമായി വിളക്കിയെടുത്ത് നമ്മുടേതായ ആധുനികതയെ സൃഷ്ടിക്കുന്ന പദ്ധതി എന്ന നിലയിൽ (ഗ്യാൻ പ്രകാശ് ഇതിനെ ‘archaic  modernity’ എന്ന് വിളിക്കുന്നു) ഇത് പൊതു മലയാളിബോധത്തിൻ്റെ അടിത്തട്ടിൽ ഇന്നും നിലനില്ക്കുന്നുണ്ട് എന്നു കാണാം (നായക കഥാപാത്രമായ മാധവനാണ് ഇന്ദുലേഖയിൽ ഈ നിലപാടിൻ്റെ വക്താവ്). 

സാമൂഹ്യമാധ്യമങ്ങൾ സജീവമായതോടുകൂടി സമീപകാലത്ത് ശാസ്ത്രചർച്ചയിൽ ചില പുതിയ പ്രവണതകൾ കാണാം. പരിസ്ഥിതിയും ആരോഗ്യവുമായി ബന്ധപ്പെട്ട റിസ്കുകളെ എങ്ങിനെ നേരിടാം എന്ന കാര്യത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ രണ്ടു വിരുദ്ധചേരികൾ രൂപപ്പെട്ടു. ആദ്യത്തേത് ജേക്കബ് വടക്കഞ്ചേരിയും മോഹനൻ വൈദ്യരും മറ്റും നയിക്കുന്ന പ്രകൃതിജീവന – പാരമ്പര്യ വൈദ്യസംഘമാണ്. ഈ ചേരിയെ സംബന്ധിച്ച് ആധുനിക ശാസ്ത്രം ആണ് നാമനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം. ‘പ്രകൃതി’യിലേക്കുള്ള മടങ്ങൽ (?) ആണ് പരിഹാരം. എല്ലാ സങ്കീർണമായ റിസ്കുകൾക്കും ഒറ്റമൂലികൾ നിർദ്ദേശിക്കുന്നു ഇവർ. സയൻസ് വിരുദ്ധതയാണ് ഇവരുടെ പ്രധാന സ്വഭാവം. പാരമ്പര്യ – നാട്ടുവൈദ്യ – പ്രകൃതിജീവന അറിവുധാരകൾ പലതും പ്രതിലോമകരമായ മൂല്യബോധങ്ങൾ പേറുന്നവയാണെന്ന് അവയുടെ വക്താക്കൾ പക്ഷേ അംഗീകരിച്ചു തരില്ല താനും. 

നവയുക്തിവാദികളുടേതാണ് മറുചേരി. ഇവരിൽ പുതിയ തലമുറ യുക്തിവാദികളാണ് പ്രധാനമായും ഉള്ളത്. ചില പരിഷത്തുകാരേയും കൂട്ടത്തിൽ കാണാം. ആധുനിക ശാസ്ത്രത്തിൻ്റെ ജ്ഞാനസിദ്ധാന്തപരമായ അപ്രമാദിത്തം, അതിൻ്റെ വസ്തുനിഷ്ഠത, ശാസ്ത്രീയ യുക്തി എന്നിവയെ ഇവർ ഉയർത്തിപ്പിടിക്കുന്നു. ഈ നിലപാടിൽ നിന്നും അല്പമെങ്കിലും വ്യതിചലിക്കുന്നവരെല്ലാം ഉത്തരാധുനികരും (ആയതിനാൽ) വലതുപക്ഷവുമാണ് ഇവർക്ക്. ശാസ്ത്രജ്ഞാന രൂപീകരണം നടക്കുന്നത് ഋജുവായ ഒരു ‘ശാസ്ത്രീയരീതി‘ ഉപയോഗിച്ചാണ് എന്നതാണ് ഇവരുടെ ഉറച്ച ബോധ്യം. അതുകൊണ്ടുതന്നെ സയൻസ് ഉത്പാദിപ്പിക്കുന്ന അറിവുകൾ സാമൂഹികതയുടെ ‘കറ’പുരണ്ടവയല്ല. മൂല്യനിരപേക്ഷതയാണ് സയൻസിൻ്റെ പ്രത്യേകത. ശാസ്ത്രീയയുക്തി ജീവിതത്തെ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും മതവിശ്വാസത്തെയും സാമൂഹിക അനാചാരങ്ങളെയും ജാതി-ലിംഗപദവി -വർഗ വ്യത്യാസങ്ങളെയും തുടച്ചു മാറ്റുന്നതിനും സഹായകരമാവും എന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു.

ഈ രണ്ട് ചേരികളായി ഉറച്ചു പോയിരിക്കുകയാണ് ശാസ്ത്രത്തെക്കുറിച്ചുള്ള മലയാളികളുടെ സമീപനം. ശാസ്ത്രത്തിൻ്റെ സാമൂഹികതയെ സംബന്ധിച്ച് നടക്കേണ്ടുന്ന തുറന്ന സംവാദത്തിനുള്ള സാധ്യതതന്നെ ഇക്കൂട്ടർ അടച്ചു കളയുന്നു. എന്തിനേയും കറുപ്പും വെളുപ്പും കള്ളികളിലേക്കൊതുക്കി മനസിലാക്കാനാവുമെന്ന ലളിത യുക്തിയാണ് ഇതിനു പുറകിൽ. ശാസ്ത്രമുൾപ്പടെയുള്ള അറിവു പാരമ്പര്യങ്ങളുടെ സങ്കീർണവും വൈവിധ്യപൂർണവുമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും അറിവുൽപാദനം ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാകേണ്ടതിനെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ ഈ ലളിതബുദ്ധികൾക്ക് പ്രധാനമല്ല. സയൻസേതര അറിവു പാരമ്പര്യങ്ങളെ (ഹോമിയോപ്പതി ഉൾപ്പടെ) പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും വികസനവാദവിരുദ്ധ-പരിസ്ഥിതി പ്രവർത്തകരെയും മുന്നേറ്റങ്ങളെയും ഒന്നടങ്കം ശാസ്ത്രവിരുദ്ധ പക്ഷമായി മുദ്രയടിക്കാൻ ചേരിതിരിഞ്ഞുള്ള ഈ ഉപരിപ്ലവ ചർച്ചയ്ക്ക് സാധിക്കുന്നു.  കേരളത്തിലെ വികസനവാദ വിരുദ്ധ / പരിസ്ഥിതി മുന്നേറ്റങ്ങൾ ഉയർത്തുന്ന ശാസ്ത്രത്തെക്കുറിച്ചുള്ള കാതലായ ചോദ്യങ്ങളെ തമസ്കരിക്കാനാണ് ശാസ്ത്ര വിരുദ്ധത / ശാസ്ത്രപക്ഷം എന്ന വിചിത്ര ദ്വന്ദത്തെ ആധാരമാക്കിയുള്ള ഈ കപട സംവാദം ഉപകരിക്കുന്നത്. ഈയർത്ഥത്തിൽ തികഞ്ഞ അരാഷ്ട്രീയതയും ജനാധിപത്യവിരുദ്ധതയുമാണ് രണ്ടു കൂട്ടരും പുലർത്തുന്നത്‌.

സയൻസിനെ ഹിന്ദു പാരമ്പര്യമായി തിരിച്ചറിയുന്ന അപകടകരമായ പ്രവണത (ഉദാഹരണത്തിന് അമ്പലത്തിൽ വൈദ്യുതകാന്തികോർജ മണ്ഡലമുണ്ട് എന്ന വാദം) മലയാളികളുടെ പൊതുബോധത്തിലുണ്ട് എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ഈ ബോധത്തെ അഭിമുഖീകരിക്കാനും രാഷ്ട്രീയമായി തിരുത്താനും ഉള്ള ഉൾക്കാഴ്ചകളോ പണിക്കോപ്പുകളോ ഈ ദ്വന്ദാധിഷ്ഠിത ചർച്ച മുന്നോട്ടു വെയ്ക്കുന്നില്ല. ‘യുക്തിയില്ലായ്മ‘ എന്ന ആരോപണമുന്നയിക്കുന്നതിനപ്പുറം നവയുക്തിവാദികൾക്ക് ഈ വലതുപക്ഷ പൊതുബോധത്തെ എതിർക്കാനാവുന്നില്ല. നവലിബറൽ കാലത്തെ സയൻസിൻ്റെ സ്വഭാവത്തെക്കുറിച്ചും ഭരണകൂടം സയൻസിനെ എത്ര ആഴത്തിൽ അതിൻ്റെ സ്വയം സാധൂകരണത്തിനായി ഉയോഗിച്ചു വരുന്നുവെന്നതിനെക്കുറിച്ചും ഫാഷിസത്തിന് ശാസ്ത്രം എത്ര പ്രധാനപ്പെട്ട പിണയാളായി ചരിത്രത്തിൽ മാറിയിട്ടുണ്ടായിരുന്നു എന്നതിനെക്കുറിച്ചും നവയുക്തിവാദികൾക്ക്   ധാരണകളേയില്ല. സയൻസ് തെളിഞ്ഞ നന്മയാണവർക്ക്; മറുപക്ഷത്തിനാവട്ടെ അത് തികഞ്ഞ തിന്മയും!

സയൻസിനെക്കുറിച്ചുള്ള നവയുക്തിവാദികളുടെ ലളിത ധാരണകളെ രൂപീകരിക്കുന്നതിൽ അവരുടെ വിദ്യാഭ്യാസ പശ്ചാത്തലം പ്രധാനമാണ്. വിദ്യാസമ്പന്നർ തന്നെയാണ് മോഹനൻ വൈദ്യരുടെയും മറ്റും  ആരാധകർ. ഇരുപക്ഷത്തെയും വക്താക്കളിൽ ഭൂരിപക്ഷവും പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവരാണ്. ഐടി, എഞ്ചിനീയറിങ്, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ നിന്നാണ് ഇവർ പ്രധാനമായും വരുന്നതെന്ന് കാണാം. സാമൂഹിക ശാസ്ത്രങ്ങളിൽ  ഒട്ടുംതന്നെ പരിശീലനം ലഭിച്ചിട്ടുള്ളവരല്ല ഇവർ. ശാസ്ത്രഗവേഷണ പ്രവർത്തനങ്ങളിലേർപ്പെട്ട് സയൻസിൻ്റെ ജ്ഞാനോൽപാദനരീതികളെ മനസിലാക്കിയവരുമല്ല ഇവർ. ശാസ്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ അടിസ്ഥാന ധാരണകൾ ഇവർ രൂപപ്പെടുത്തിയിരിക്കുന്നത് എഞ്ചിനീയറിങ്, വൈദ്യശാസ്ത്രം തുടങ്ങിയ പ്രായോഗിക – സാങ്കേതിക മേഖലകളിൽ നിന്നുമാണ്. ഈ മേഖലകളിലുള്ള ബിരുദ പഠനത്തിന് ആധാരമാകുന്നത് സ്ഥിരത നേടിയ (stabilised) ശാസ്ത്രീയ തത്വങ്ങളും സമവാക്യങ്ങളുമാണ്. ശാസ്ത്ര വിഷയങ്ങളിലെ ബിരുദപഠനത്തിൻ്റെ ഭാഗമായി കോളജ് ലബോറട്ടറികളിൽ നടത്തുന്ന പരീക്ഷണങ്ങൾ (‘practicals’) പോലും പുതിയ അറിവുകൾ ഉല്പാദിക്കുന്ന ഗവേഷണ പരീക്ഷണങ്ങളല്ല, മറിച്ച് വിദ്യാർത്ഥികളുടെ പരിശീലനം ലക്ഷ്യമാക്കിയിട്ടുള്ളതാണ്. അതായത്, സയൻസ് എന്നാൽ പ്രകൃതിലോകത്തെക്കുറിച്ചുള്ള കൃത്യതയേറിയ അറിവുകൾ നിർമ്മിക്കുന്ന പ്രക്രിയയായാണ് മലയാളികൾ പൊതുവേ മനസിലാക്കുന്നത്. കാരണം, പ്രായോഗിക പ്രവർത്തനങ്ങൾക്ക് സഹായകരമായ സിദ്ധാന്ത-നിയമങ്ങളും ഫോർമുലകളുമായിട്ടാണ് ശാസ്ത്രം ടെക്സ്റ്റ് ബുക്കുകളിൽ അവതരിപ്പിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഗവേഷകരനുഭവിക്കുന്ന ജ്ഞാന സംബന്ധിയായ സന്ദിഗ്ധതകളോ രീതികളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളോ സിദ്ധാന്ത സങ്കീർണതകളോ  അവർക്കിടയിലെ അഭിപ്രായ ഭിന്നതകളോ ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളുടെ ഭാഗമല്ല. പരിഷത്ത് എക്കാലത്തും ഊന്നിയത് സ്കൂൾ നിലവാരത്തിലുള്ള ശാസ്ത്രവിദ്യാഭ്യാസത്തിലാണ് എന്നതും  ശാസ്ത്രത്തെക്കുറിച്ചുള്ള മലയാളികളുടെ ലളിതധാരണകളെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

ശരാശരി മലയാളിയുടെ ഈ വിദ്യാഭ്യാസ പശ്ചാത്തലം അറിവിനെക്കുറിച്ചുള്ള പൊതുധാരണകളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. സയൻസ് വിമർശന ചേരിയുടെ ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണകളുടെ അടിസ്ഥാനവും ഇതുതന്നെ. ശാസ്ത്രം മൊത്തത്തിൽ മുതലാളിത്തത്തി ൻ്റെ ഉപകരണമാണ് എന്നും മനുഷ്യവിരുദ്ധമാണ് എന്നും ഇവർ ലഘൂകരിക്കുന്നു. പ്രധാനമായും ആധുനിക വൈദ്യശാസ്ത്രമാണ് ഇവരുടെ വിമർശനത്തിന് വിധേയമാകുന്നത്. ഉപരിപ്ലവമായ വിമർശനങ്ങൾ ഉന്നയിച്ച് അല്പം പണവും പ്രശസ്തിയും നേടാം എന്നതിനപ്പുറം കാമ്പുള്ളതല്ല ഇവരുടെ വിമർശനങ്ങൾ. പക്ഷേ കേരളമെന്ന റിസ്ക് സമൂഹത്തിൽ ഇവരുടെ വീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടുന്നതിൽ അത്ഭുതമില്ല. നേരത്തേ വിശദീകരിച്ചതുപോലെ റിസ്ക് സമൂഹത്തിൽ ജനങ്ങൾക്ക് ആധുനിക ശാസ്ത്രത്തിലുള്ള വിശ്വാസ്യത  നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.

മെഡിക്കൽ ചികിത്സാരംഗം ജനങ്ങളെ സാമ്പത്തികമായി പിഴിയുന്ന അവസ്ഥ നിലനില്ക്കുന്നിടത്തോളം കാലം മോഹനൻ വൈദ്യരുടെയും വടക്കഞ്ചേരിയുടെയും വൈദ്യശാസ്ത്ര വിമർശനത്തിന് ജനങ്ങൾ ചെവി കൊടുക്കും. ലളിതസുഭഗവും തീർച്ചകളുള്ളതുമാണ് നവയുക്തിവാദികൾക്ക് സയൻസ് എന്നതിനാൽ റിസ്ക് സമൂഹത്തിൽ സയൻസിൻ്റെ വിശ്വാസ്യത നഷ്ടപ്പെടുന്നതിൻ്റെ സാമൂഹിക-രാഷ്ട്രീയ കാരണങ്ങൾ വിശകലനം ചെയ്യാനോ ചൂഷണപരമല്ലാത്ത ശാസ്ത്രത്തെക്കുറിച്ചുള്ള പുതിയ ഒരു അവബോധം സൃഷ്ടിക്കാനോ അവർക്ക് തീരെ കെല്പില്ല താനും. സയൻസിൻ്റെ അപ്രമാദിത്തത്തെക്കുറിച്ചുള്ള ഉദീരണങ്ങൾ നിറഞ്ഞ റിച്ചാർഡ് ഡോക്കിൻസിൻ്റെ ജനപ്രിയ രചനകളാണ് അവരുടെ സത്യവേദപുസ്തകം.

ശാസ്ത്രത്തിൻ്റെ സാമൂഹികതയെക്കുറിച്ചുള്ള അന്വേഷണങ്ങൾ പരിഷത്തും പരിസ്ഥിതി പ്രസ്ഥാനങ്ങളും എഴുപതുകളിൽ സ്വീകരിച്ച സൈദ്ധാന്തിക നിലപാടുകളിൽ നിന്നും ഏറെ മുന്നോട്ടു പോയിയിരിക്കുന്നു എന്ന് പരിഷത്തുകാർ പോലും അറിഞ്ഞിട്ടില്ല. സാമൂഹിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പഠന മേഖലയാണ് ഇന്ന് ഇത്. ‘Science, Technology & Society (STS) Studies‘ എന്നാണീ അന്തർവൈജ്ഞാനിക (interdisciplinary) ഗവേഷണമേഖല അറിയപ്പെടുന്നത്. അമേരിക്കയിലും മറ്റും ‘സയൻസ് സ്റ്റഡീസ്‘ എന്നും ഇത് അറിയപ്പെടുന്നു. മലയാളത്തിൽ നമുക്കിതിനെ ‘ശാസ്ത്ര സാമൂഹിക പഠനങ്ങൾ’ എന്നു വിളിക്കാം. 

ഇന്ത്യയിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഗവേഷണ രംഗമാണ് ഇത്. ജെഎൻയു, ഗുജറാത്ത് കേന്ദ്രീയ സർവ്വകലാശാല എന്നിവിടങ്ങളിൽ പഠനവകുപ്പുകൾ ഉണ്ട്. ഇന്ത്യയിൽ മറ്റനേകം അക്കാദമിക സ്ഥാപനങ്ങളിൽ ഈ വിഷയത്തിൽ കോഴ്സുകൾ ലഭ്യമാണ്. ജെ.പി.എസ്. ഉബറോയ്, ശിവ് വിശ്വനാഥൻ, ആശിഷ് നന്ദി, വന്ദന ശിവ, ധ്രുവ് റയ്ന, സയ്യദ് ഇർഫാൻ ഹബീബ്, വി.വി. കൃഷ്ണ, ദീപക് കുമാർ, നസീർ തയബ്ജി, രാജേശ്വരി എസ്. റയ്ന, ഗീത ചദ്ദ, സുന്ദർ സരൂക്കായ്, ഗ്യാൻ പ്രകാശ്, മീര നന്ദ, ഇട്ടി എബ്രഹാം, കവിത ഫിലിപ്പ്, പ്രജിത് ബസു, ഇ. ഹരി ബാബു എന്നിവരൊക്കെ ഇന്ത്യൻ STS വികസിപ്പിക്കുന്നതിൽ നിർണായക സംഭാവനകൾ നല്കിയവരാണ്. ധാരാളം മലയാളികളും ഈ പഠനമേഖലയിൽ ഇന്ന് സജീവമാണ്. ടി.ടി. ശ്രീകുമാർ, കെ.ജെ. ജോസഫ്, രാജേശ്വരി എസ്. റയ്‌ന, ഗോവിന്ദ് ഗോപകുമാർ, ആഷ അച്ചുതൻ, ഗിരിജ കെ.പി., സുനന്ദൻ കെ.എൻ., നവീൻ തയ്യിൽ, അഭിലാഷ് ബാബു തുടങ്ങിയവർ ഉദാഹരണം (രണ്ട് ലിസ്റ്റുകളും അപൂർണമാണ്).

STS ശാസ്ത്രത്തെ ഒരു സാമൂഹിക സംരംഭമെന്ന നിലയിൽ സമീപിക്കുന്നു. ഏതു പഠന രംഗത്തുമെന്ന പോലെ, വൈവിദ്ധ്യ പൂർണമായ പരികല്പനകളും വാദമുഖങ്ങളും രീതിശാസ്ത്ര സമീപനങ്ങളും ഈ മേഖലയെ സജീവമാക്കുന്നു. ഏകതാനമായ സമീപന രീതിയല്ല ഇവിടെ ശാസ്ത്രത്തോടുള്ളത് എന്ന് ചുരുക്കം. സയൻസ് ഏകശിലാത്മകമല്ല. സങ്കീർണത നിറഞ്ഞ, വിഭിന്നങ്ങളായ പ്രവൃത്തി മേഖലകളാലും സമീപനരീതികളാലും ജ്ഞാന സംവാദങ്ങളാലും സംഘർഷഭരിതമായ ഒരു ജ്ഞാനപാരമ്പര്യമായിട്ടാണ് ശാസ്ത്ര സാമൂഹിക പഠനങ്ങൾ സയൻസിനെ കാണുന്നത്. സാങ്കേതിക വിദ്യകൾ, ഇന്നവേഷൻ, ശാസ്ത്ര നയരൂപീകരണം, ശാസ്ത്രത്തിന് മറ്റ് സാമൂഹിക പ്രക്രിയകളോടും സ്ഥാപനങ്ങളോടുമുള്ള ബന്ധങ്ങൾ, അറിവുൽപാദനത്തിൽ ജെൻഡർ, ജാതി, വംശം, വർഗം മുതലായവ ചെലുത്തുന്ന സ്വാധീനം, മുതലാളിത്ത വ്യവസ്ഥയോടും വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോടും മൂല്യവ്യവസ്ഥകളോടുള്ള ശാസ്ത്രത്തിൻ്റെ ബന്ധങ്ങൾ എന്നിവയൊക്കെ ഇവിടെ പഠന വിഷയങ്ങളാണ്. മറ്റ് അറിവ് പാരമ്പര്യങ്ങളും പരമ്പരാഗത സാങ്കേതിക വിദ്യകളും ഇവിടെ ഗവേഷണ വിധേയമാകുന്നു. നയരൂപീകരണം, ശാസ്ത്രസാങ്കേതിക രംഗങ്ങളുടെ ഭരണനിർവ്വഹണം, പരിസ്ഥിതി-വികസന പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രായോഗിക ഇടപെടലുകൾ ഈ രംഗത്തെ ഗവേഷകർ നടത്തി വരുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ ശാസ്ത്ര സാമൂഹിക പഠന വിദഗ്ധരെയാണ് ഗവൺമെന്റുകൾ ശാസ്ത്ര/സാമൂഹിക നയപരിപാടികളുടെ രൂപീകരണ ഘട്ടത്തിലും റിസ്കുകളുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ തേടാനുള്ള ശ്രമങ്ങളിലും ഇന്ന് ആശ്രയിക്കുന്നത്. STS ഗവേഷകർക്ക് ഇത്തരം സാങ്കേതിക പ്രശ്നങ്ങളെ അവയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളുടെ സങ്കീർണ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാനും വിവിധ സാങ്കേതിക വൈദഗ്ധ്യങ്ങളെ ജനാധിപത്യപരമായി സംയോജിപ്പിച്ച് പ്രശ്നപരിഹാരം തേടാനുമാവും എന്നതിനാലാണിത്. ശാസ്ത്രജ്ഞർക്കോ, എഞ്ചിനീയർമാർക്കോ, സാമ്പത്തിക ശാസ്ത്രജ്ഞർക്കോ ഉദ്യോഗസ്ഥർക്കോ ഒറ്റയ്ക്ക് അത്തരം പരിഹാരങ്ങൾ കണ്ടെത്താനാവില്ല എന്ന തിരിച്ചറിവ് വികസിത രാജ്യങ്ങൾക്കുണ്ട്. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇന്നും ടെക്നോക്രാറ്റുകൾക്കാണ് ഈ രംഗത്ത് മേൽക്കൈ.

ശാസ്ത്രത്തിൻ്റെ സാമൂഹികതയെക്കുറിച്ച് ഈ ജ്ഞാനമേഖലയിൽ നടക്കുന്ന അന്വേഷണങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ പംക്തിയുടെ പ്രാഥമികമായ ഉദ്ദേശ്യം. ശാസ്ത്രപക്ഷം / ശാസ്ത്ര വിരുദ്ധപക്ഷം എന്ന ലളിതദ്വന്ദത്തിൻ്റെ കറുപ്പും വെളുപ്പും കള്ളികളിൽ നിന്നു കൊണ്ട് അറിവിനെ അറിയാനാവില്ല എന്നതിനാൽ ശാസ്ത്ര വിമർശനത്തിൻ്റെ പുതിയൊരു അന്വേഷണ പഥം വികസിപ്പിക്കാനുള്ള ശ്രമമാണിത്. ശാസ്ത്രസങ്കേതികവിദ്യകളുടെ ജനാധിപത്യവല്ക്കരണം അടിയന്തിര ശ്രദ്ധ പതിയേണ്ട രാഷ്ട്രീയ പ്രശ്നമാണെന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്. നിഴലും വെളിച്ചവും ഇഴചേരുന്ന ഇടങ്ങളിലൂടെയുള്ള (പെനമ്പ്ര) ഈ അന്വേഷണ യാത്രയിൽ പങ്കാളികളാകുവാൻ വായനക്കാരെ സഹർഷം ക്ഷണിക്കുന്നു.

തുടർവായനയ്ക്ക്
Varughese, Shiju Sam. 2017. Contested Knowledge: Science, Media and Democracy in Kerala. Oxford University Press, New Delhi.
Raina, Rajeswari S. 2015. Science, Technology and Development in India: Encountering Values. Orient Blackswan, Hyderabad.


Comments

comments