മുത്തശ്ശിയെ കൊണ്ടു പോകുവാന്‍
വീട്ടില്‍ മരണം വന്നു.
അത്ര പ്രിയ മുത്തശ്ശിയാണേ.
അച്ഛനുമമ്മയ്ക്കും
കുഞ്ഞുമക്കള്‍ക്കും
മുത്തശ്ശിയില്ലാണ്ടു പറ്റില്ല.
മുത്തശ്ശിയെ ഒരു വിധത്തിലും അവര്‍
മരണത്തിനു കൊടുക്കില്ല.
മുത്തശ്ശിയ്ക്കും അങ്ങനെ.
ഈ വീടുവിട്ടെങ്ങും പോകില്ല.
മുത്തശ്ശി വാക്കു കൊടുത്തിട്ടുണ്ട്.
ചെന്ന് ഗയിറ്റ് പൂട്ട് എന്ന്
അച്ഛന്‍ പറഞ്ഞതു കേട്ട്
മൂത്ത കുട്ടി ഓടിച്ചെന്ന് അതു ചെയ്തു.
ഉയരമുള്ള മതിലാണ്,
ഹ…ഹ…,
ഇനി എങ്ങനെ കയറിവരും
എന്നു കാണട്ടെ
,’ അവന്‍ കരുതി.
അമ്മ വാതിലുകളും ജനലുകളും
വേഗം വേഗം പൂട്ടുന്നതു കണ്ട്
ഇളയവളും കൂടെക്കൂടി.
വെന്റിലേറ്ററിലൂടെ വെളിച്ചം
അകത്തേയ്ക്കു ചാറുന്നതു കണ്ട്
അതെന്താക്കും എന്ന്
അമ്മയുടെ കാതില്‍ കുശുകുശുത്തു.
സാരല്ല,
അതു കൊറച്ചൊയരത്തിലല്ലേ?

അമ്മ പറഞ്ഞു.
അതിലൂടെയൊന്നും
നൂണ്ടു കടക്കാന്‍ പറ്റില്ല
.’
എല്ലാവരും ഒന്നിച്ച്
യുദ്ധം ജയിച്ച പടപോലെ
മുത്തശ്ശി കിടക്കുന്നടുത്തേയ്‌ക്കോടി.
പേടിയ്ക്കണ്ട മുത്തശ്ശീ,
ഗയിറ്റു പൂട്ടി,
വാതിലുകളും ജനാലകളും പൂട്ടി.
ഇനി ഒന്നും പേടിയ്ക്കാനില്ല
.’
മൂത്തവന്‍ പറഞ്ഞു.
മുത്തശ്ശിയുടെ മുഖം വാടിക്കണ്ടു.
ഇളയ കുട്ടി
തലക്കൂല്‍ മുട്ടുകുത്തിയിരുന്ന്
മുഖം ഉഴിഞ്ഞു.
എന്താ? പറയ്,’ അവള്‍ ചോദിച്ചു.
എന്തിനാ സങ്കടം?’
ഗെയിറ്റു തൊറക്ക്,
ജനലുകളും വാതിലുകളും തൊറക്ക്

മുത്തശ്ശി കടുത്ത,
കല്ലിച്ച സ്വരത്തില്‍ പറഞ്ഞു,
എനിക്കു പോണം.’

Comments

comments