കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് കേരളം അഭിമുഖീകരിച്ച രണ്ട് മഹാപ്രളയങ്ങള്‍ നമ്മുടെ പല ധാരണകളും തിരുത്തി എഴുതുന്നതിന് ഒപ്പം പരിസ്ഥിതിചിന്തകര്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്തിട്ടുണ്ട്. അശാസ്ത്രീയമായ വികസനരീതികളുടെ അനന്തരഫലമാണ് പ്രകൃതിദുരന്തങ്ങള്‍ എന്ന പൊതുബോധം രൂപപ്പെടുത്തുന്നതില്‍ പ്രളയാനന്തര ചര്‍ച്ചകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സഹ്യാദ്രിമലനിരകളുടെ സംരക്ഷണം ആവശ്യപ്പെടുന്ന മാധവ് ഗാഡ്ഗില്‍ ശുപാര്‍ശകളെ എതിര്‍ത്ത പലരും നിലപാടുകള്‍ തിരുത്തുന്നത് ഈ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വികസനപ്രവര്‍ത്തനം എന്ന പേരില്‍ പുഴകളും കടലോരവും കായലോരവും പിടിച്ചെടുക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോള്‍ ശുഭകരമായ ഭാവിയെയല്ല കാണിക്കുന്നതെന്ന തിരിച്ചറിവ് നിയമ നിര്‍മ്മാണങ്ങളിലും അവ നടപ്പാക്കുന്നതിലും കാണാന്‍ സാധിക്കും. തീരദേശ നിയമം ലംഘിച്ച് കൊച്ചിയില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെടുന്ന സുപ്രീംകോടതിയുടെ വിധിയും അതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലും സുസ്ഥിരവികസനം എന്ന ആശയം പ്രകടമായിരുന്നു.

പാരിസ്ഥിതിക പ്രസ്ഥാനങ്ങളും നയപരിപാടികളും ലോകത്ത് എല്ലായിടങ്ങളിലും സൂക്ഷ്മ വിശകലനങ്ങള്‍ക്ക് വിധേയമാകുന്ന കാലമാണിത്. ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന സാമൂഹ്യശാസ്ത്ര പഠന വിഷയം കൂടിയായി മാറിക്കൊണ്ടിരിക്കുന്നതാണ്. മറ്റു ശാസ്ത്ര മേഖലകളും അറിവുകളും വിമര്‍ശിക്കപ്പെടുന്നത് പോലെ തന്നെ പാരിസ്ഥിതിക പഠനങ്ങളും ചര്‍ച്ചകളും സാമൂഹ്യശാസ്ത്ര വിശകലനത്തിന്‍റെ വിഷയമാണ്. പാരിസ്ഥിതിക പ്രതിസന്ധിയും ആധുനിക സമൂഹങ്ങളുടെ രൂപീകരണവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ചരിത്ര വീക്ഷണത്തിലും ചരിത്രരചനയുടെ രീതിശാസ്ത്രത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. പാരിസ്ഥിതിക നീതിയെപ്പറ്റിയുള്ള (environmental justice) ചര്‍ച്ചകള്‍ക്കൂടി ഉള്‍പ്പെടുത്തി വേണം വിമോചന രാഷ്ട്രീയത്തിന്‍റെ (politics of liberation) ഭാവി രൂപപ്പെടുത്തേണ്ടതെന്ന ആശയത്തെ വിപുലമാക്കുന്നതിനുള്ള സാമൂഹ്യശാസ്ത്ര പഠനശാഖകള്‍ വരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. പാരിസ്ഥിതിക നീതിയെന്ന ആശയം അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ നിരൂപണമാണ് ഈ പംക്തി. ജനകീയ പ്രതിരോധങ്ങള്‍ക്കും കോടതിയുടെ ഇടപെടലുകള്‍ക്കും ഒരു കല്‍ക്കരിഖനി നിറുത്തലാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ഇടപെടലുകള്‍ക്ക് ആഗോളതാപനത്തെ ഒരു ദിവസത്തേക്കുകൂടി നീട്ടിവയ്ക്കാനാവും, എന്നാല്‍ ഇല്ലാതാക്കാനാവില്ല. അതിന് ആഹാര-ഊര്‍ജ്ജവിഭവങ്ങളുടെ അമിതോപയോഗവും അസന്തുലിത വിതരണവും സാദ്ധ്യമാക്കുന്ന സാമൂഹ്യബന്ധങ്ങള്‍ ആണ് മാറേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള പഠനം പരിഷ്ക്കരണവാദങ്ങളില്‍ ഒതുങ്ങാതെ ആഗോള മുതലാളിത്തം അപ്രമാദിത്വം നിലനിര്‍ത്തുന്ന കാലത്തിന്‍റെ സാമൂഹ്യ വിമര്‍ശനം കൂടിയാകേണ്ടതുണ്ട്.

മുതലാളിത്തവ്യവസ്ഥിതി സൃഷ്ടിക്കുന്ന സാമൂഹ്യാവസ്ഥയുടെ ഭാഗമാണ് പാരിസ്ഥിതിക പ്രതിസന്ധി എന്ന ജയ്സണ്‍ മൂര്‍ ഉള്‍പ്പടെയുള്ള ഇടതുപക്ഷ പരിസ്ഥിതി ചിന്തകരുടെ നിലപാട് ഇവിടെ പ്രസക്തമാണ്. മുതലാളിത്ത സാമൂഹ്യ ബന്ധങ്ങളും പാരിസ്ഥിതിക പ്രതിസന്ധിയും തമ്മിലുള്ള പരസ്പര ബന്ധം സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമാകണമെന്ന നിലപാടാണ് ജയ്സണ്‍ മൂറിന്‍റെ ‘കാപ്പിറ്റലിസം ഇന്‍ ദി വെബ് ഓഫ് ലൈഫ്’ (Moore, 2016.) എന്ന ലോകശ്രദ്ധ നേടിയ പഠനം സ്വീകരിക്കുന്നത്. മുന്നൂറിലധികം പേജുകളില്‍ പത്ത് അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ പഠനം നിലവിലുള്ള പാരിസ്ഥിതിക ഗവേഷണ രീതിശാസ്ത്രങ്ങളെ മാറ്റിമറിക്കുന്നു. പ്രകൃതിയും മുതലാളിത്തവും പരസ്പരം രൂപപ്പെടുത്തുന്ന വൈരുദ്ധ്യങ്ങള്‍ ആണെന്ന ആശയമാണ് തത്ത്വചിന്തയും, രാഷ്ട്രീയ പാരിസ്ഥിതിക ശാസ്ത്രവും (political ecology) മാര്‍ക്സിസ്റ്റ് ചരിത്രവിശകലന രീതിശാസ്ത്രവും ഒന്നിച്ചു ചേര്‍ത്ത് മൂര്‍ മുന്നോട്ടു വെയ്ക്കുന്നത്.

ആഗോളമുതലാളിത്തം വളരുകയും നിലനില്‍ക്കുകയും ചെയ്യുന്നത് ഭക്ഷ്യധാന്യങ്ങള്‍, ഊര്‍ജ്ജസ്രോതസ്സുകള്‍, തൊഴില്‍ശക്തി, അസ്ംസ്കൃതവസ്തുക്കള്‍ (Four Cheaps) തുടങ്ങിയവയുടെ വന്‍തോതിലുള്ള ലഭ്യത ഏറ്റവും കുറഞ്ഞ ചിലവില്‍ ഉറപ്പുവരുത്തിക്കൊണ്ടാണ്. മൂലധനത്തെ സംബന്ധിച്ച് പ്രകൃതിയെന്നത് ചിട്ടപ്പെടുത്തി ഉപയോഗപ്പെടുത്തേണ്ട വിഭവങ്ങളാണ്. മൂലധന യുക്തിയനുസരിച്ച് പുഴവക്കിലോ കാട്ടിലോ നില്‍ക്കുന്ന ഒരു മരം ഇതുവരെ ഗൃഹോപകരണമാകാത്ത വിഭവം മാത്രമാണ്. മരങ്ങളും പുഴകളും മലകളും ഉള്‍പ്പെടുന്ന വിലമതിക്കാനാവാത്ത ആവാസവ്യവസ്ഥയെ ചുരുങ്ങിയ ചിലവില്‍ ഉല്‍പ്പന്നങ്ങളാക്കി വരേണ്യസമൂഹത്തിന് ലഭ്യമാക്കുക എന്നതാണ് കോളനിവല്‍ക്കരണ കാലം തുടങ്ങി മുതലാളിത്തം ചെയ്യുന്നത് എന്ന് മൂര്‍ വിശദമാക്കുന്നു. കോളനിവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളേയും ജനവിഭാഗങ്ങളേയും
അരികുവല്‍ക്കരിച്ച് കൊണ്ടും അവരുടെ ജീവിതമാര്‍ഗങ്ങള്‍ ഇല്ലാതാക്കിയുമാണ് മുതലാളിത്തം വിഭവങ്ങള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ സുലഭമാക്കുന്നത്. അമേരിക്കയും യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളുമാണ് ലോകത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അറുപത് ശതമാനം വിഭവങ്ങളും ഉപയോഗിച്ച് തീര്‍ക്കുന്നത്. കുറഞ്ഞചിലവില്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന കാലം അവസാനിക്കുകയാണ്. ഉദാഹരണത്തിന് ഇതുവരെ കണ്ടത്തിയിട്ടുള്ള എണ്ണഖനികള്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ വറ്റിത്തീരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പകരമെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. അതുകൊണ്ടുതന്നെ ആഗോളതാപനം മൂലമുമുണ്ടാകുന്ന വിഭവദൌര്‍ലഭ്യം മുതലാളിത്ത ഉല്‍പ്പാദന വ്യവസ്ഥിതിയുടെ നിലനില്‍പ്പിനു വിഘാതമാകുന്നു.

അതേസമയം അരികുവല്‍ക്കരിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളും ദേശങ്ങളും ഇതിനകംതന്നെ അനുഭവിക്കുന്ന സാമൂഹ്യ-സാമ്പത്തിക യാഥാര്‍ത്ഥ്യം ആണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍. കഴിഞ്ഞ ആറ് നൂറ്റാണ്ടുകളായി നടക്കുന്ന കോളനിവല്‍ക്കരണ പ്രക്രിയ, പ്രകൃതിയിലെ പോഷകസ്രോതസ്സുകളുടെ അസമമായ കേന്ദ്രീകരണത്തിന്‍റെ ചരിത്രം കൂടിയാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം സമൂഹങ്ങളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയിട്ടാണ് വ്യവസായവല്‍കൃത സമൂഹങ്ങളിലെ വിഭവകേന്ദ്രീകരണം നടക്കുന്നത്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വവും വംശീയതയും പുരുഷമേധാവിത്വവും തുടങ്ങി ചൂഷണ വ്യവസ്ഥിതി സൃഷ്ടിക്കുന്ന അവസാനമില്ലാത്ത സാമൂഹിക-സാമ്പത്തിക അസമത്വത്തെപ്പറ്റി സംസാരിക്കാതെ സുസ്ഥിരമായ പരിസ്ഥിതി ലക്ഷ്യമാക്കുന്നതില്‍ അര്‍ഥമില്ല എന്ന നിലപാടാണ് മൂര്‍ മുന്നോട്ട് വെക്കുന്നത്.

വികസിതരാജ്യങ്ങളില്‍ ഉള്‍പ്പടെ പ്രകൃതിദുരന്തങ്ങളുടെ ഇരകളാകുന്നവര്‍ തൊഴിലാളികളും പാവപ്പെട്ടവരും കുടിയേറ്റക്കാരും ആണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി തന്നെ മുതലാളിത്ത വ്യവസ്ഥിതി ചിട്ടപ്പെടുത്തുന്ന സാമൂഹികാവസ്ഥ ആണെന്ന് വാദിക്കുമ്പോള്‍ മൂറിന്‍റെ പഠനം മാര്‍ക്സിന്‍റെ സാമൂഹ്യവിമര്‍ശന രീതിശാസ്ത്രത്തിന്‍റെ തുടര്‍ച്ച കൂടിയാകുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം എന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാനമായ ലക്ഷ്യമാണ് കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രധാന കാരണം. സമീപകാലത്ത് വലിയ അക്കാദമിക് ചര്‍ച്ചകള്‍ക്കു തുടക്കമിട്ട അന്ത്രോപ്പോസീന്‍ (Anthropocene) ജൈവപ്രക്രിയയിലെ വിള്ളല്‍ (metabolic rift) ഹരിത രാഷ്ട്രീയം (green politics) എന്നീ ആശയങ്ങളില്‍ ജയ്സണ്‍ മൂര്‍ നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച് ഇതു വ്യക്തമാക്കാം.

ആന്ത്രോപ്പോസീന്‍ എന്ന ഇനിയും മരിക്കാത്ത ഭൂമി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തില്‍ ഭൌമശാസ്ത്രഗവേഷകര്‍ക്ക് ഇടയിലാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ആവസ്ഥാവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന ആന്ത്രോപ്പോസീന്‍ എന്ന പദം രൂപപ്പെടുന്നത്. ഊര്‍ജ്ജസ്രോതസ്സുകളുടെ അമിതോപയോഗത്തിന്‍റെ ഫലമായി ഭൌമചരിത്രം ഹോളോസീന്‍ യുഗം മറികടന്ന് മനുഷ്യനിര്‍മ്മിതമായ ആന്ത്രോപ്പോസീന്‍ (Age of Man) എന്ന പുതുയുഗത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞുവെന്നാണ് പോള്‍ കര്‍ട്സന്‍ ഉള്‍പ്പെടുന്ന ഭൌമശാസ്ത്ര ഗവേഷകര്‍ തെളിവുകള്‍ സഹിതം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. (Crutzen, 2002; Steffens et. al., 2007).

( The Trinity test in 1945 )

വ്യവസായവല്‍ക്കരണത്തിന്‍റെ ഊര്‍ജ്ജസ്രോതസ്സുകളായ കല്‍ക്കരിയുടേയും പെട്രോളിയത്തിന്റേയും പതിനെട്ടാം നൂറ്റാണ്ടു തുടങ്ങിയുള്ള അമിതോപയോഗം കാലക്രമത്തില്‍ ആവാസവ്യവസ്ഥക്ക് വലിയ വെല്ലുവിളി ആയിരിക്കുകയാണ്. കാര്‍ബണ്‍ അമിതമായി പുറംതള്ളുന്നതു മൂലം ഭൌമചരിത്രത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട മറ്റൊരു ഹിമയുഗത്തിനു പകരം താപനിലയും ഉഷ്ണവും കൂടിയ പുതുയുഗത്തിനു തുടക്കമിട്ടു എന്ന് സൂചിപ്പിക്കുന്നതാണ് ‘ആന്ത്രോപ്പോസീന്‍‍’ ആശയം. പോള്‍ കര്‍ട്സന്‍റെ ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പുറത്തുവന്ന പഠനം ഉപയോഗിച്ച ഈ സാങ്കേതികപദം ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. മനുഷ്യന്‍ ഭൂമിയുടെ താളത്തിലും ജീവഘടനയിലും വലിയ തോതില്‍ മാറ്റം വരുത്താന്‍ ശേഷിയുള്ള ഭൌമശക്തിയായി മാറിയെന്നാണ് മുകളില്‍ സൂചിപ്പിച്ച പഠനങ്ങള്‍ വിലയിരുത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങി ഇന്നും തുടരുന്ന വ്യവസായ യുഗത്തിന്‍റെ വികസനപരിപ്രേഷ്യത്തെ വിമര്‍ശിക്കുകയാണ് മനുഷ്യനിര്‍മ്മിത ആന്ത്രോപ്പോസീന്‍ യുഗം എന്ന ശാസ്ത്രനിലപാട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ആന്ത്രോപ്പോസീന്‍ ഗവേഷണങ്ങള്‍ ഈ നിലപാടിനെ പിന്തുണക്കുന്ന തെളിവുകളെ ചിട്ടപ്പെടുത്തുന്നതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് വിവിധ ശാസ്ത്രശാഖകളുടെ സംയോജിത പഠനം സൂചിപ്പിക്കുന്നത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്‍റെ അനുപാതം പതിനെട്ടാം നൂറ്റാണ്ടിലെ 270-275 പിപിഎംല്‍ നിന്നും ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനം എത്തുമ്പോള്‍ 380 പിപിഎം ആയിട്ട് ഉയരുന്നു എന്നാണ് (Crutzen, 2002). കാര്‍ബണ്‍ ഗ്രാഫിന്‍റെ കുത്തനെയുള്ള ഉയര്‍ച്ചയ്ക്ക് ആധുനികലോകത്തിലെ ഉപഭോഗ സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട് എന്ന വാദത്തെ പിന്താങ്ങുന്നതാണ് മുകളില്‍ പറയുന്ന കണക്കുകള്‍. ഉദാഹരണത്തിന് പാരിസ്ഥിക പ്രസ്ഥാനങ്ങള്‍ പറയുന്ന കണക്കുകള്‍ പ്രകാരം രണ്ടായിരത്തിപതിമൂന്നില്‍ ലോകജനത കഴിച്ച മാംസാഹാരം മുന്നൂറ്റിയെട്ട് മില്ല്യണ്‍ ടണ്ണിനു മുകളിലാണ്. അതേവര്‍ഷത്തെ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഇരുന്നൂറ്റിതൊണ്ണൂറ്റിയൊന്‍പത് മില്ല്യണ്‍ ടണ്‍ എന്ന ആശങ്ക ജനിപ്പിക്കുന്ന അളവാണ് (Worldwatch Institute Report, Vol. 22). വ്യാവസായിക അടിസ്ഥാനത്തില്‍ ഉള്ള ഊര്‍ജ്ജവിഭവങ്ങളുടെ ഉപഭോഗത്തിന്‍റെ അനന്തരഫലം ആഗോളതാപനം, സമുദ്രനിരപ്പുയരല്‍, ഹിമാലയം, ആല്‍പ്സ് തുടങ്ങിയ പര്‍വ്വത നിരകളിലെ അതിവേഗത്തിലുള്ള മഞ്ഞുരുകല്‍, വായു മലിനീകരണം, ശുദ്ധജല ദൌര്‍ലഭ്യം തുടങ്ങിയ മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായി നിലനില്‍ക്കുമ്പോള്‍ തന്നെ ജീവിക്കുന്ന ആവാസവ്യവസ്ഥക്കു മാറ്റം വരുത്തി അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുക കൂടിയാണ് എന്ന മുന്നറിയിപ്പാണ് ആന്ത്രോപ്പോസീന്‍‍. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട് എന്നത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

ആന്ത്രോപ്പോസീന്‍ ആശയത്തെ വിമര്‍ശിക്കുന്നവരില്‍ പ്രധാനിയാണ് മൂര്‍. മനുഷ്യയുഗ സിദ്ധാന്തം ആഗോളമുതലാളിത്തത്തിന്‍റെ പാരിസ്ഥിതിക വീക്ഷണവുമൊയി ചേര്‍ന്നു നില്‍ക്കുന്നത് ആണെന്നാണ്‌ മൂറിന്‍റെ പഠനം നടത്തുന്ന പ്രധാന വാദഗതികളിലൊന്ന്. ഇംഗ്ലണ്ടില്‍ നടന്ന വ്യവസായവിപ്ലവത്തെ മനുഷ്യയുഗത്തിന്‍റെ തുടക്കമായി കാണുന്നത് യൂറോപ്പ് കേന്ദ്രീത ചരിത്രവീക്ഷണത്തിന്‍റെ തുടര്‍ച്ച ആണെന്നാണ്‌ മൂര്‍ വിമര്‍ശിക്കുന്നത്. കാരണം എല്ലാ മാറ്റങ്ങളുടേയും തുടക്കം യൂറോപ്പില്‍ നിന്നാണെന്ന ധാരണയാണ് മനുഷ്യയുഗം എന്ന സങ്കല്‍പ്പത്തിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. മനുഷ്യനും പ്രകൃതിയും വിരുദ്ധദ്വന്ദങ്ങള്‍ ആണെന്ന പാശ്ചാത്യ തത്വചിന്തയില്‍ ഉള്ള നിലപാടിന്‍റെ പ്രതിഫലനമാണ് ആന്ത്രോപ്പോസീന്‍ എന്ന ആശയം.

വര്‍ഗവിശകലനം നടത്തുന്നതിനു പകരം ആന്ത്രോപ്പോസീന്‍ പോലുള്ള പരിഷ്കൃതപദങ്ങള്‍ കൊണ്ട് പാരിസ്ഥിതിക പ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വഴിതിരിച്ചു വിടുന്നത് മുതലാളിത്ത ജ്ഞാനവ്യവസ്ഥയുടെ രാഷ്ട്രീയമാണ്. ദേശ വര്‍ഗ ലിംഗ വേര്‍തിരിവുകള്‍ ഇല്ലാത്ത ഒരു വര്‍ഗമായല്ല മനുഷ്യരാശി നിലനില്‍ക്കുന്നത് എന്നും അതുകൊണ്ട് മനുഷ്യരാശിയുടെ ഉത്തരവാദിത്തമാണ് കാലാവസ്ഥയിലും പ്രകൃതിയിലുമുള്ള മാറ്റമെന്ന നിലപാട് ആന്ത്രോപ്പോസീന്‍ ആശയത്തിന്‍റെ അപര്യാപ്തതയാണ് കാണിക്കുന്നതെന്ന് മൂര്‍ ചൂണ്ടി കാണിക്കുന്നു. മുതലാളിത്തവും വരേണ്യവിഭാഗങ്ങളും നയിക്കുന്ന ആഡംബരജീവിതത്തിന്‍റെ ഉത്തരവാദിത്വം മനുഷ്യരാശിയുടെ മുകളില്‍ ആരോപിക്കുകയാണ് ആന്ത്രോപ്പോസീന്‍ എന്ന ആശയം ചെയ്യുന്നത്. മുതലാളിത്ത യുക്തിയെ പിന്തുണക്കുന്ന പരിസ്ഥിതിവാദത്തോടുള്ള (bourgeois environmentalism) മൂറിന്‍റെ ശക്തമായ വിമര്‍ശനമാണിത്. മനുഷ്യരാശിയെയാണ് പാരിസ്ഥിതിക പ്രതിസന്ധിയുടെ ഉത്തരവാദി എന്ന നിലപാടാണ് ഹരിത മുതലാളിത്തം ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. മനുഷ്യയുഗം എന്ന പാശ്ചാത്യ ആശയവും മറ്റൊന്നല്ല പറയുന്നത്. അതേസമയം പാരിസ്ഥിതിക നീതിയുടേയും അധികാര വിമര്‍ശനത്തിന്റേയും ഭാഷയില്‍ മനസ്സിലാക്കേണ്ട മനുഷ്യ ബന്ധങ്ങളെപ്പറ്റി ആന്ത്രോപ്പോസീന്‍ പരിപൂര്‍ണ്ണ നിശബ്ദത പാലിക്കുന്നു. ഉദാഹരണത്തിന് ആഡംബര കപ്പലുകളില്‍ ഉല്ലാസയാത്ര നടത്തുന്നവരും (emission for leisure) ബംഗ്ലാദേശിലും ബീഹാറിലും ജീവിക്കാന്‍ വേണ്ടിമാത്രം കാര്‍ബണ്‍ പുറംതള്ളുന്നവരും (emission for survival) ഒരേ അളവില്‍ ആഗോളതാപനത്തിന്‍റെ ഉത്തരവാദികളല്ല. ആഫ്രിക്കയിലെ സഹല്‍ പ്രദേശത്തുള്ള ഒരു ആട്ടിടയനേക്കാള്‍ ആയിരം മടങ്ങു കൂടുതല്‍ ഊര്‍ജ്ജവിഭവങ്ങളൊണ് ഒരു സാധാരണ കാനഡക്കാരന്‍ ഉപയോഗിക്കുന്നത് (Malm and Alf Hornborg, 2014). അതുകൊണ്ട് ആന്ത്രോപ്പോസീന്‍ എന്നതിനേക്കാള്‍ ആഗോളതാപനത്തിന്‍റെ ഈ കാലത്തെ സൂചിപ്പിക്കാന്‍ കൂടുതല്‍ ചേരുക ക്യാപ്പിറ്റലോസീന്‍ (Age of Capital) എന്ന പദം ആണെന്നാണ്‌ മൂറിന്‍റെ നിലപാട്.

പ്രകൃതിവിഭവങ്ങളുടെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉള്ള ഉപ്പാദനത്തിലും ഉപഭോഗത്തിലും ഊന്നിയാണ് സമകാലീന സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങള്‍ രൂപപ്പെടുന്നത് എന്ന നിലപാടാണ് രാഷ്ട്രീയ പാരിസ്ഥിതിക ശാസ്ത്രം (political ecology) മുന്നോട്ടുവെക്കുന്നത്. വിപണിമൂല്യത്തിന്‍റെ യുക്തിയില്‍ ഭൂമിയേയും ഭൂബന്ധങ്ങളേയും ചിട്ടപ്പെടുത്തുകയാണ് മുതലാളിത്ത വ്യവസ്ഥ ചെയ്യുന്നത്. ഏറ്റവും കുറഞ്ഞചിലവില്‍ പ്രകൃതിവിഭവങ്ങള്‍ സമാഹരിക്കുക എന്നതാണ് മുതലാളിത്തയുക്തി. മതിവരാത്ത ലാഭക്കൊതിയില്‍ മണ്ണും മരങ്ങളും മലകളും കച്ചവടവസ്തുക്കള്‍ ആയിമാത്രം കാണുന്ന മുതലാളിത്ത സമൂഹം കാട്ടിലും പുഴയോരത്തും കടല്‍തീരത്തുമൊക്കെ ജീവിക്കുന്ന മനുഷ്യരെ അനാവശ്യമായ അല്ലെങ്കില്‍ ആഗോളവിപണിയില്‍ ഉപയുക്തമാക്കേണ്ട ജീവിതങ്ങളായാണ് കാണുന്നത്. കച്ചവടമൂല്യമില്ലാത്ത എല്ലാ പ്രകൃതിബന്ധങ്ങളും അനാവശ്യമായി കാണുന്ന ലോക ബോധത്തില്‍ നാടോടികളും, ആദിവാസികളും, ചെറുകിട കര്‍ഷകരും അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങളും മുതലാളിത്ത വിപണിബോധത്തില്‍ ഒഴിവാക്കപ്പെടേണ്ട തടസ്സങ്ങളാണ്. പുല്‍മേടുകളും കായലോരങ്ങളും ജീവിതമാര്‍ഗ്ഗങ്ങളായല്ല, മറിച്ച് വിനോദസഞ്ചാര വ്യവസായത്തില്‍ വില്‍ക്കപ്പെടേണ്ട പ്രകൃതിരമണീയത ആയാണ് സംരഭകരും ഭരണകൂടങ്ങളും കാണുന്നത്. മുതലാളിത്ത കുത്തകാധികാരം രൂപപ്പെടുത്തി നിയന്ത്രിക്കുന്ന നഗരങ്ങളും, പാര്‍ക്കുകളും, തേയിലത്തോട്ടങ്ങളും ഒക്കെയാണ് പ്രകൃതിരമണീയതയായി വിനോദസഞ്ചാര വ്യവസായം കേരളത്തില്‍ വില്‍ക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ട വിഷയമാണ്.

പ്രകൃതിരമണീയത കച്ചവടച്ചരക്ക് ആകുന്ന കേരളം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പോഷകാഹാരം, ഊര്‍ജസ്രോതസ്സുകള്‍, ശുദ്ധജലം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ഭൂരിപക്ഷത്തിനും താങ്ങാവുന്നതില്‍ അധികം വിപണിമൂല്യമുള്ള വിഭവങ്ങളാണ്. വിഭവങ്ങള്‍ക്കു മുകളില്‍ നിയന്ത്രണമുള്ള ആളുകളും ദേശരാഷ്ട്രങ്ങളും മലിനീകരണം ഉണ്ടാകുന്ന വ്യവസായങ്ങളും, നഗരമാലിന്യങ്ങളും ദുര്‍ബലരായ ദേശങ്ങളുടേയും വിഭാഗങ്ങളുടേയും മേല്‍ അടിച്ചേല്‍പ്പിക്കുന്നു. കാടുകള്‍, ശുദ്ധവായു, ശുദ്ധജലം തുടങ്ങിയ പാരിസ്ഥിതിക അവസ്ഥകള്‍ക്ക് (ecological goods) വിപണി മൂല്യം കൈവരുമ്പോള്‍ അന്യവല്‍ക്കരിക്കപ്പെടുന്നത് ദരിദ്രരായ ജനങ്ങളും ദേശങ്ങളുമാണ്. കൃഷിയിടങ്ങളും പുല്‍മേടുകളും കായലും പുഴകളും നിരന്തരമായ സമരത്തിലൂടെ നിലനിര്‍ത്തേണ്ട അടിസ്ഥാന അവകാശമായി മാറിയിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാരിസ്ഥിതിക പ്രതിസന്ധികളെ മുതലാളിത്ത സമൂഹരൂപീകരണത്തിന്‍റെ ഭാഗമായിക്കണ്ട് ആഴത്തില്‍ വിശകലനം ചെയ്യുന്ന ജയ്സണ്‍ മൂറിന്‍റെ പഠനം ഇവിടെ പ്രസക്തമാണ്.

ജൈവപ്രക്രിയയിലെ വിള്ളല്‍ (Metabolic Rift)

ആഗോള പരിസ്ഥിതിവാദത്തിന് പുതിയ രാഷ്ട്രീയദിശ നല്‍കുന്ന ആശയമായാണ് ‘metabolic rift’ വിശകലനം ചെയ്യപ്പെടുന്നത്. ജൈവപ്രക്രിയയിലൂടെ ഭക്ഷണവസ്തുക്കള്‍ വളമായി മാറുന്ന പുനചംക്രമണം പ്രകൃതിയുടെ നിലനില്‍പ്പിന്‍റെ ആധാരമാണ്. മനുഷ്യര്‍ സമൂഹമായി പ്രവര്‍ത്തിച്ച് പ്രകൃതിയുടെ ഗുണങ്ങള്‍ ഭക്ഷണവും ഊര്‍ജ്ജവും ആക്കി മാറ്റുന്നു. ദഹനപ്രക്രിയയിലൂടെ അവ വീണ്ടും വളവും ചാരവുമായി മണ്ണില്‍ ചേരുന്നു. ഇത് പ്രാദേശികമായി നടക്കേണ്ട പാരിസ്ഥിതിക പ്രവര്‍ത്തനമാണ്. മുതലാളിത്ത ഉല്‍പ്പാദനരീതി ഈ പുനചംക്രമണ പ്രക്രിയയെ പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ മാറ്റിമറിക്കുകയാണ്. കോളനിവല്‍ക്കരിക്കപ്പെട്ട നാടുകളിലെ പ്രകൃതിഗുണങ്ങളെ കുത്തക വിദേശവ്യാപാരം വഴി (monopoly foreign trade) കടത്തിക്കൊണ്ടു പോയി വരേണ്യവര്‍ഗത്തിന്‍റെ സമ്പത്ത് ആക്കുന്ന പ്രക്രിയയാണ് പതിനഞ്ചു മുതല്‍ പതിനെട്ട് വരേയുള്ള നൂറ്റാണ്ടുകളില്‍ നടന്നത്. കാലക്രമത്തില്‍ വളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കര്‍ഷകഗുണങ്ങള്‍ വലിയതോതില്‍ വലിച്ചെടുക്കുന്നത് കോളനികളിലെ കൃഷിഭൂമിയും, കാടുകളും പുല്‍മേടുകളും കച്ചവടവല്‍ക്കരിച്ച് കാപ്പി, തേയില, റബ്ബര്‍, കോട്ടണ്‍ തുടങ്ങി തോട്ടം വ്യവസായങ്ങളാക്കി മാറ്റുന്നതില്‍ കാണാം. ഈ രണ്ടു ഘട്ടങ്ങളും സ്വാഭാവിക പുനചംക്രമണത്തില്‍ താളപ്പിഴകള്‍ വരുത്തുന്നു. മണ്ണിലുള്ള പോഷകാംശം കാര്‍ഷികോല്‍പ്പന്നങ്ങളും അസ്ംസ്കൃതവസ്തുക്കളുമായി നഗരങ്ങളിലേക്ക് കയറ്റിയയ്ക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളില്‍ രൂപപ്പെട്ടുവന്ന ഉപഭോഗകേന്ദ്രീതമായ നഗരജീവിതത്തെ നിലനിര്‍ത്തുന്നത് പ്രകൃതിവിഭവങ്ങളുടെ നഗരത്തിലേക്കുള്ള കയറ്റുമതിയാണ്. അതിന്‍റെ ഫലമായി സ്വാഭാവികമായി നടക്കേണ്ട പുനചംക്രമണത്തിനു പകരം പാഴ്വസ്തുക്കള്‍ നഗരങ്ങളില്‍ അടിഞ്ഞുകൂടി പാരിസ്ഥിതിക പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

ആന്ത്രോപ്പോസീന്‍ ആശയം ഉള്‍ക്കൊണ്ട് പാശ്ചാത്യനാടുകളിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ മനുഷ്യരാശിയോട്‌ നടത്തുന്ന വികാരാത്മക ആഹ്വാനങ്ങള്‍ പുതിയ മുന്നേറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. അടുത്തിടെ ലോകശ്രദ്ധ നേടിയ ഗ്രേറ്റ തന്‍ബെര്‍ഗ് എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയും പറയുന്നത് ഭാവിയില്‍ വരാന്‍ പോകുന്ന പരിസ്ഥിതിനാശം മനുഷ്യരാശിയുടെ നാശമെന്ന മഹാദുരന്തത്തെ പറ്റിയാണ്. എന്നാല്‍ മൂന്നാംലോക ജനത അനുഭവിക്കുന്ന മലിനീകരണം, ശുദ്ധജല ദൌര്‍ലഭ്യം, ഊര്‍ജ്ജപ്രതിസന്ധി, ഭക്ഷ്യക്ഷാമം തുടങ്ങിയ അന്താരാഷ്‌ട്ര സഹകരണം വേണ്ട പ്രശ്നങ്ങളില്‍ സുസ്ഥിരമായ പരിഹാരമാര്‍ഗം ഇത്തരത്തിലുള്ള ഭാവിപ്രവചനങ്ങള്‍ കൊണ്ട് രൂപപ്പെുടുമോ? ലോകം ഉറ്റുനോക്കുന്ന ഈ വിഷയങ്ങളുടെ ആഴത്തിലുള്ള വിശകലനമാണ് ജയ്സണ്‍ മൂറിന്‍റെ ‘കാപ്പിറ്റലിസം ഇന്‍ ദി വെബ് ഓഫ് ലൈഫ്’ എന്ന പഠനം. മറ്റേതൊരു സാമൂഹ്യപ്രശ്നവും പോലെ മിച്ചമൂല്യത്തിന്‍റെ പങ്കിടലും വര്‍ഗരാഷ്ട്രീയവും സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളും ലിംഗരാഷ്ട്രീയവുമെല്ലാം കാലാവസ്ഥ വ്യതിയാനം വിശകലം ചെയ്യാന്‍ ആവശ്യമാണെന്ന ഇടതുപക്ഷ നിലപാട് രൂപപ്പെടുത്തുന്നതില്‍ ജയ്സണ്‍ മൂര്‍ വലിയ സംഭാവനയാണ് നല്‍കുന്നത്.

പ്രാക്തനമായ പ്രകൃതി എന്ന അവസ്ഥ സമകാലീന ലോകത്തില്‍ നിലനില്‍ക്കുന്നില്ല. മൂലധനവ്യവസ്ഥിതി ലാഭേച്ഛയുടെ യുക്തിയില്‍ മാറ്റിതീര്‍ത്ത ലോകത്തിലാണ് (second nature) നമ്മള്‍ ജീവിക്കുന്നത് എന്ന നിലപാടാണ് ജയ്സണ്‍ മൂര്‍ ഉള്‍പ്പെടുന്ന പാരിസ്ഥിതിക രാഷ്ട്രീയ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നത്. പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങള്‍ ആഗോളതലത്തില്‍ ശക്തിപ്രാപിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്സിന്‍റെ പഠനങ്ങളും ആഴത്തില്‍ വായിക്കപ്പെടും. കാലാവസ്ഥാപ്രതിസന്ധി എന്ന അടിയന്തിര പ്രാധാന്യം ഉള്ള സ്ഥിതിവിശേഷം വിശകലനം ചെയ്യൊന്‍ പുതിയ രീതിശാസ്ത്രങ്ങള്‍ രൂപപ്പെട്ട് കൊണ്ടിരിക്കുന്നു. പാരിസ്ഥിതിക രാഷ്ട്രീയവും കാലാവസ്ഥാവ്യതിയാനവും ലോകത്തിലെ പല സര്‍വകലശാലകളിലും ചരിത്ര – സാമൂഹ്യശാസ്ത്ര -പദ്ധതികളുടെ ഭാഗമായിക്കഴിഞ്ഞു. ജയ്സണ്‍ മൂറിന്‍റെ ‘ക്യാപ്പിറ്റലിസം ഇന്‍ ദി വെബ് ഓഫ് ലൈഫ്’ ഈ പദ്ധതികളുടെ ഒഴിവാക്കാനാവാത്ത ഭാഗമാണ്.

പുസ്തക സൂചിക:
Crutzen, P. J. “Geology of Mankind: The Anthropocene” Nature 415 (2002): 23.
Foster, J. B. 2000. Marx’s Ecology: Materialism and Nature, New York: Monthly Review Press, pp. 141-177.
Lewis, S. L. and M. A. Maslin “Defining the Anthropocene”, Nature 511 (2015), 171-80.
Malm Andreas and Alf Hornborg, “The Geology of Mankind? A Critique of the Anthropocene.” The Anthropocene Review 1, 1 (2014): pp. 62-69.
Moore, Jason W. 2016. Capitalism in the Web of Life: Ecology and the Accumulation of Capital. London: Verso.
Morrison, Kathleen D. “Provincializing the Anthropocene”, Seminar, Vol 673 (2015), pp. 75-80
Shiva, Vandana. 1989. Staying Alive: Women, ecology and development (London: Zed Books)
Singh, Randhir. 2009. Contemporary Ecological Crisis: A Marxist View. Delhi: Aakar Books.
Steffens, Will, Paul J. Crutzen and John R. McNeill, “The Anthropocene: Are Humans Now Overwhelming the Great Forces of Nature?” Ambio 33, no. 8, Dec. 2007, pp. 614-621.
Wrigley, E. A. 2010. Energy and the English Industrial Revolution. Cambridge: Cambridge University Press.
Zizek, Slavoj. 2010. Living in the End Times. London: Verso.

Comments

comments