കഥാപാത്രങ്ങളിലൂടെ സ്വയം വെളിപ്പെടുന്ന കലാകാരൻ എന്ന ഒരു സംവർഗം കണക്കാക്കിയാൽ ഏറെക്കുറെ എല്ലാ എഴുത്തുകാരും അതിൽപ്പെടും. തന്റെ സൃഷ്ടികളിൽ അറിഞ്ഞോ അറിയാതെയോ ആത്മഭാവം കലരാതെ വയ്യ. എഴുതിവരുമ്പോൾ കഥാപാത്രം താൻ പോലുമറിയാതെ വളരുകയും ജൈവികചോദനകൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഈശ്വരനെ കുറിച്ച് പറയും പോലെ താൻ സൃഷ്ടിച്ച സങ്കൽപ്പത്തിന്റെ ശക്തിയറിയാൻ വൈകിപ്പോകും ചിലപ്പോൾ എഴുത്തുകാരൻ.
ചെറിയ മനുഷ്യരിൽ അരവിന്ദനും നമ്മളും ഒക്കെ കണ്ടുപരിചയമുള്ള പലരും ഉണ്ട്.ചിലരുടെ വാക്കുകൾ, വീക്ഷണങ്ങൾ, മനോഭാവങ്ങൾ എല്ലാം ഈ വലിയ ലോകത്തെ നമുക്കുമുന്നിൽ ഒന്നുകൂടി നേർക്കുനേർ കാണിച്ചു തരികയായിരുന്നു. തങ്ങൾ ജീവിക്കുന്ന ഈ ലോകം ചെറുതെന്നും തങ്ങൾ വലുതെന്നും ധരിച്ചുവശായ സമൂഹത്തിനു സത്യം പറഞ്ഞുകൊടുക്കുക എന്ന കാവ്യനീതി അനുഷ്ഠിക്കയാണ് ഈ പരമ്പര ചെയ്തതെന്ന് കാണാം.
ഇതിലെ കഥാപാത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യാനിരിക്കവേ ആദ്യമൊന്നു ഓർക്കുന്നു. വായനക്കാരുടെ അക്കാലത്തെ പ്രതികരണങ്ങളെപ്പറ്റി. ആഴ്ചയിൽ ഒരു ദിവസം തങ്ങളുടെ മുന്നിലെത്തുന്ന ഈ ലോകത്തിലെ മനുഷ്യരെ വായനക്കാർ ഹൃദയത്തിലേക്കാണ് കയറ്റിനിർത്തിയത്. അവർ അത് എഴുതിയറിയിക്കയും ചെയ്തു.രാധയെക്കുറിച്ചു, ലീലയെക്കുറിച്ചു…എന്നുവേണ്ട അമ്മയുടെ നേര്യതിനെപ്പറ്റി പോലും വായനക്കാർക്കു പലതും പറയാൻ ഉണ്ടായിരുന്നു. രാമുവിന്റെ വഴി മാറിയ പോക്കിൽ ഒരാൾ ശകാരിച്ചതോർക്കുന്നു. നീ ഒരിക്കലും ഗോപിയോടിങ്ങനെ പെരുമാറരുതായിരുന്നു നന്ദി വേണം. പണ്ട് അവൻ തന്ന ജുബ്ബായിട്ടു നീ നിന്നതോർക്കുന്നുണ്ടോ എന്നിങ്ങനെ ക്ഷുഭിതരായി അവർ. രാമു…തുടർച്ചയായ പരാജയങ്ങളാണോ നിങ്ങൾ ഇങ്ങനെ മാറാൻ കാരണം എന്നൊരാൾ സങ്കടത്തോടെ ചോദിച്ചിരുന്നു. ഉത്തരങ്ങൾ കിട്ടില്ലെന്നറിഞ്ഞിട്ടും അവർ പറഞ്ഞുകൊണ്ടേയിരുന്നു. വാടകവീട് ഇനി ആർക്കും കൊടുക്കേണ്ട എന്നും രാധയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു ഒരാൾ എഴുതി. അങ്ങനെ കല്യാണം കഴിഞ്ഞാൽ തങ്ങൾക്കു താമസിക്കാൻ വീട് വേറെ നോക്കേണ്ടല്ലോ.
സ്വാമിയെ കുറച്ചുകാലത്തേക്ക് കാണാതെ ആയപ്പോൾ ഒരാൾ അന്വേഷിച്ചു, എന്താ സ്വാമിയെവിടെ? എങ്ങോട്ടു പോയി? അവർ സംവദിച്ചത് അവരുടെ സ്വന്തം ജീവിതത്തോടായിരുന്നു. ഗോപിയുടെ സുഹൃത്തിന്റെ വിയോഗത്തിൽ പോലും വായനക്കാർ അനുശോചനം അറിയിച്ചു കൊണ്ടെഴുതി. രാമു…നിന്റെ പോക്ക് അപകടത്തിലേക്കാണ്. ഇത്ര മനസ്സാക്ഷിയില്ലാതെ ആയതെങ്ങനെ?എന്നൊരാൾ ദുഃഖിച്ചും ക്ഷോഭിച്ചും എഴുതി.
ലീല ചെയ്തത് തെറ്റാണ് എന്നും അത് മറന്നു സമാധാനമായി ഇരിക്കൂ.. ഈ മാറ്റം സഹിക്കുന്നില്ല എന്നും പറഞ്ഞു ഒരാളെഴുതിയതും ഓർക്കുന്നു. ഇതോടൊപ്പം ചെറിയ മനുഷ്യർ പങ്കുവെച്ച വൈജ്ഞാനിക വിഷയങ്ങളിൽ വന്ന ചില അപാകതകൾ തിരുത്താനും സംശയം ചോദിക്കാനും ചിലർ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ലൈഫ് ഇൻഷുറൻസ് പോളിസിയുടെ കാര്യം. സമൂഹം അത്ര ഹൃദയംഗമമായാണ് ഈ ജീവിതങ്ങളെ കണ്ടത്
അതുകൊണ്ട് തന്നെ ഇതിലെ കഥാപാത്രങ്ങൾ വെറും സങ്കല്പസൃഷ്ടികൾ അല്ല, കേരളത്തിലെ നാട്ടുജീവിതം നഗരജീവിതത്തിലേക്കു മാറുന്ന ദശാസന്ധിയുടെ പ്രവർത്തകർ കൂടിയാണ്.
ഇന്ന് നമ്മൾ മിനിട്ടിനു മിനിട്ടിനു സൈബർ ലോകത്തെക്കുറിച്ചു പറയില്ലേ…എന്തും ഏതും സൈബറിൽ വെച്ചുകെട്ടുന്ന പ്രവണത…അത് തന്നെയാണ് അന്നത്തെ സമൂഹത്തിലും കാണുന്നത്. കാലം മാറുന്നതിന്റെ വലിയ സാക്ഷ്യപ്പെടുത്തലുകൾ ഈ പരമ്പരയിൽ ഉണ്ട്. എന്നുമുണ്ട് കാലമൊക്കെ മാറി എന്ന പരിദേവനം. ഇക്കാലത്തെ നമുക്ക് മുന്നിൽ കൊണ്ടുവന്നു നിർത്തുകയാണീ മനുഷ്യർ.
ഇതിലൂടെ അറുപതുകളിലെ മൂല്യബോധത്തെക്കുറിച്ചുള്ള ഒരു അവലോകനം കൂടിയാകാവുന്നതാണ്. ഒരു കാലഘട്ടത്തിലെ വായനാശീലങ്ങൾ പഠിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാം. ചില ഘട്ടങ്ങളിൽ ദൂരദർശിനിയും സൂക്ഷ്മദർശിനിയും അധികവായനകളിൽ അവശ്യസാമഗ്രികൾ ആകുമല്ലോ
രാമുവിന്റെ അനുക്രമമായ നാഗരികതയിലേക്കുള്ള മാറ്റത്തെ ഉൾക്കൊള്ളാൻ ആകാത്തവർ ആയിരുന്നു ഭൂരിപക്ഷവും. ധർമ്മത്തിൽ നിന്നും സത്യത്തിൽനിന്നും വ്യതിചലിക്കുക എന്നത് നിന്ദ്യമായി അവർ കണ്ടു. ജീവിതവിജയം എന്നത് സാമ്പത്തികവിജയം ആയി അവർചിന്തിച്ചില്ല. സ്നേഹം, പ്രണയം, സാമൂഹിക ഉത്തരവാദിത്വം, പൗരധർമ്മം എന്നിങ്ങനെ സമസ്തതലങ്ങളിലും പൊതുജനം എടുത്ത നിലപാട് അവയെല്ലാം സത്യസന്ധവും ധാർമ്മികവും ആയ വ്യവഹാരരൂപങ്ങൾ എന്ന നിലയ്ക്കാണ്. ലാഭപ്പെരുക്കങ്ങൾ അല്ല, സ്വത്വപരമായി മനുഷ്യൻ കൈവരിക്കുന്ന ആന്തരികസത്യത്തെയും വിശുദ്ധിയേയും ആണ് മൂല്യവത്തായി കണ്ടത്. താൽക്കാലികപരാജയത്തിൽ നഷ്ടപ്പെടാത്ത നിത്യമായ ഒരു നന്മയിലേക്ക് വായനക്കാരെ ഉണർത്തിക്കൊണ്ടുവരാണ് ഈ പരമ്പരയ്ക്കായി എന്നത് അനുഭവം കൊണ്ട് മനസ്സിലായിട്ടുണ്ട്. അക്കാലത്തിറങ്ങിയ സിനിമകൾ ഒരു പാർശ്വപഠനം എന്ന പോലെ വിലയിരുത്തിയാൽ ഇതെളുപ്പത്തിൽ മനസ്സിലാക്കാം ത്യാഗം എന്ന ഒരൊറ്റ വിഷയം മാത്രം എടുത്തു ഇതൊന്നു ഉദാഹരിക്കാം. പണ്ട് സ്വജീവിതം നോക്കാതെ അന്യർക്കായി അർപ്പിച്ചു ജീവിക്കുക എന്നത് വലിയ മഹത്വമേറിയ ഒരു ത്യാഗം ആയി കരുതപ്പെട്ടു.
മെഴുകുതിരിയോട് ജീവിതങ്ങളെ ഉപമിച്ചുകൊണ്ട് സാഹിത്യവും സിനിമയും സൃഷ്ടിച്ചു. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന അത്തരം ത്യാഗശീലർക്കു നല്ല ഒരു അന്ത്യം പോലും സങ്കൽപ്പിക്കാൻ ആ സൃഷ്ടാക്കൾക്കായില്ല എന്നതൊരു പ്രശ്നം ആണ്. തങ്ങൾക്കായി എരിഞ്ഞുതീർന്ന അവരെ സഹോദരരോ പിതാവ് തന്നെയോ ഗൗനിച്ചില്ല. തന്മൂലം ഉദ്യോഗസ്ഥയും അദ്ധ്യാപികയും പപ്പുവും ഒക്കെ അനാഥജന്മങ്ങളായി അവസാനിച്ചു. ത്യാഗത്തെയും സ്നേഹത്തെയും ഉത്തമമായി പരികല്പനം ചെയ്തവർ എന്തുകൊണ്ട് നന്ദികേട് എന്ന വലിയൊരു തിന്മയെ, പാപത്തെ കൂടെക്കൂട്ടി എന്നതാണ് അറിയാത്തതു. ഈ സ്നേഹസ്വരൂപർ ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്ന പ്രതിലോമപരമായ കാഴ്ചപ്പാട് വാസ്തവവിരുദ്ധം ആയിരുന്നില്ലേ? എന്തായാലും ത്യാഗത്തിനും സ്നേഹത്തിനും ഒക്കെ ഓഡിറ്റിങ് വേണം എന്ന ഒരു നവഗണിതജീവബോധം അതോടെ ഉരുത്തിരിഞ്ഞു എന്നത് സത്യമാണ്. കുട്ടിക്കാലത്തു ഞാൻ തന്നെ കേട്ടിട്ടുണ്ട് സ്വന്തം കാര്യം കുറച്ചൊക്കെ നോക്കിയില്ലെങ്കിൽ ആ അധ്യാപികയെപ്പോലെ പട്ടീടെ കയ്യീന്ന് വെള്ളം കുടിച്ചു ചാകേണ്ടിവരും എന്ന് പലരും പറയുന്നത്. നാട്ടുവർത്തമാനങ്ങളിൽ ഈ സിനിമകളിലെ ജീവിതാന്ത്യങ്ങൾ ഒക്കെയും കണ്ണീർമഴയ്ക്കു ജന്മം നൽകി. മുതിർന്നവരുടെ പേടിയായി ത്യാഗശീലം മാറിവരുന്നത് സാമൂഹ്യജീവിതഘടനയിലെയും കലാസൃഷ്ടികളിലെയും പൊതുബോധം വിലയിരുത്തിയാൽ അറിയാവുന്നതേയുള്ളൂ. Value added product ആയി ബന്ധങ്ങളെ കാണുന്ന ഇക്കാലത്തു അതിലേക്കു നയിച്ച സാമൂഹികസാഹചര്യം ആണ് പ്രസ്തുതനിർമ്മിതികൾ…ഈ പരമ്പരയിലെ കഥാപാത്രങ്ങൾ തന്നെ അങ്ങനെ ചിന്താഗതി പുലർത്തുന്നവരായി കാണാം.
കുടുംബത്തോടുള്ള സ്നേഹവും ത്യാഗശീലവും ഒരു വശത്തു,രാജ്യത്തോടുള്ള ദേശസ്നേഹവും ത്യാഗവും ഒരുവശത്തു..ഇങ്ങനെ വളർത്തിയെടുത്ത രണ്ട് മൂല്യസങ്കല്പവും തിരിച്ചുകിട്ടാത്ത വെറും മുടക്കുമുതലുകൾ ആകുമെന്നും ലോകം ഇങ്ങനെ ധർമ്മം അനുഷ്ഠിക്കുന്നവരെ ഒക്കെ മറന്നുകളയും .എന്നുമൊക്കെയുള്ള സന്ദേശങ്ങൾ ആണ് പിൽക്കാലത്ത് സൃഷ്ടിക്കപ്പെട്ടത്.അതുകൊണ്ടുതന്നെ ത്യാഗശീലർ വിഡ്ഢികളും ആയി മുദ്ര കുത്തപ്പെട്ടു.നേടിക്കഴിഞ്ഞ സ്വാതന്ത്ര്യത്തിന്റെ പുറത്തു തങ്ങൾക്കിനി സ്വർഗ്ഗമായിരിയ്ക്കും എന്ന് കരുതിയ ഒരു ദേശീയബോധത്തിന്റെ ചരിത്രപരമായ പരാജയം കൂടി ഇതോടൊപ്പം ചേർത്ത് വായിക്കണം. സ്വാതന്ത്ര്യദിനം, സ്വാതന്ത്ര്യസമരസേനാനി എന്നൊക്കെ പറയുമ്പോൾ ഇപ്പോളത്തെ യുവജനതയിൽ അങ്കുരിക്കുന്ന ഭാവം എന്തെന്ന് സത്യസന്ധമായി നോക്കിക്കണ്ടാൽ ഈ മാറ്റം ഉൾക്കൊള്ളാൻ ആയേക്കും. പണ്ട് ഉദാത്തമെന്നു കരുതിയത് ഇന്ന് ഗൗനിക്കപ്പെടാതെ പോകുന്നു. മൂല്യശോഷണം എന്ന് പറയുക തന്നെ വേണ്ടിവരും.
അന്നത്തെ മാതൃഭൂമിയിൽ ഈ കാലഘട്ടത്തിൽ ഒരേ വാരികയുടെ വിവിധ താളുകളിലായി വിവിധഭാഷകളിൽ പുറത്തുവന്നുകൊണ്ടിരുന്ന സാഹിത്യങ്ങളിൽ ഒരേ ചിന്താധാര തെളിഞ്ഞുകാണാമായിരുന്നു.നഗരവൽക്കരണവും യന്ത്രസംസ്കൃതിയും മനുഷ്യനിൽ പൊലിപ്പിച്ചെടുത്ത മടുപ്പിന്റെ, മൂല്യച്യുതികളുടെ ആവിഷ്ക്കാരങ്ങൾ എന്ന നിലയ്ക്ക് അവയെ താരതമ്യപ്പെടുത്താവുന്നതാണ്. യുക്തിബോധം, നാസ്തികത, ഈശ്വരചിന്ത എന്നിങ്ങനെ മനുഷ്യന്റെ വിചാരതലങ്ങളെ ബാധിച്ച പ്രഹേളികകൾ നിർധാരണം ചെയ്യാനുള്ള ശ്രമങ്ങളുടെ തുടർച്ചകൾ ആയിരുന്നു അവ. ഈ പരമ്പര കേരളത്തിന്റെ പ്രശ്നപരിസരങ്ങളിൽ ചിലതിനെ ആധാരമാക്കി ഈ ബോധധാരയുടെ തന്നെ ഭാഗമായി. എം.മുകുന്ദന്റെ രാധ-രാധ മാത്രം വരുന്നതും. ഏകാകിത, പേരെടുത്തു പറയാൻ ആവാത്ത ഒരുപാട് ഉദ്വേഗങ്ങൾ,സന്ദേഹങ്ങൾ എന്നിവ ആധുനികസമൂഹം നേരിടുവാൻ പോകുന്ന വലിയ ദുരന്തസമസ്യകൾ ആയി രേഖപ്പെടുത്തപ്പെട്ടു.
ഈ പരമ്പരക്കു സാധാരണ കാർട്ടൂൺ ആവശ്യപ്പെടുന്ന സംവേദനാത്മകതയല്ല വേണ്ടത് എന്നതിനാൽ ഇതിനെ നിരാകരിച്ചവരും ഉണ്ടെന്നു എം.ടി പറഞ്ഞിട്ടുണ്ട്.സാമാന്യത്തിൽ നിന്ന് അകന്നുനിൽക്കുന്ന കലാതന്ത്രത്തിന്റെ പ്രവർത്തകൻ എന്ന നിലയിൽ അത് അരവിന്ദനും സ്വീകരിച്ചു.
ലോകസത്യങ്ങളെ കരതലാമലകം പോലെ കാണാൻ ആവുന്ന ഒരു കഥാപാത്രം കലാസൃഷ്ടികളിൽ സാധാരണമാണ്. അല്പസ്വത്വരായ മനുഷ്യരുടെ കഥ പറയുമ്പോൾ ഒരു അതികായന്റെ സാന്നിദ്ധ്യം കലാകാരനെ സമ്മർദ്ദങ്ങളിൽനിന്നു ഇളവേൽക്കാൻ സഹായിക്കുന്നുണ്ട്. തന്റെ സ്വപ്നവും പ്രതീക്ഷകളും ആ കഥാപാത്രത്തിലേക്ക് സംക്രമിപ്പിക്കുകയും അതിലൂടെ പരകായപ്രവേശത്തിലെന്നവണ്ണം സമൂഹവുമായി സംവദിക്കുകയും ചെയ്യാൻ അയാൾക്ക് കഴിയും. ഇതാണ് ഞാൻ എന്ന് അരവിന്ദൻ മുന്നോട്ടു നീക്കിനിർത്തുന്ന ആള്രൂപമാണ് ഗുരുജി. പരമ്പരയുടെ തുടക്കത്തിൽ സാധാരണക്കാരനും അല്ലറചില്ലറതട്ടിപ്പുകൾ ഉള്ളവനുമായ ഗുരുജി പിന്നീട് ഗുരുജി എന്ന പദവിക്ക് അന്വര്ഥമാകും വിധം ഗൗരവബുദ്ധിയും ചിന്താശീലനും ശാന്തപ്രകൃതിയുമായി പരിണമിക്കുന്നു. മിക്കതും ഇത്തരമൊരു പരിവർത്തനത്തിനു വിശ്വാസ്യത ലഭിക്കാനിടയില്ല. നിഷാദന് സംഭവിച്ച സാംസ്ക്കാരികപരിണാമത്തെ ഓർമ്മിപ്പിക്കും മട്ടിൽ ഒരു പഴംപുരാണമായോ പുരാവൃത്തശകലമായോ നമുക്ക് കാണാൻ പറ്റുന്ന വിധം ഒട്ടേറെ സാഹിത്യകൃതികളിൽ കഥാപാത്രസന്നിവേശങ്ങൾ ഉണ്ടല്ലോ.
(ബോബനും മോളിയും പരമ്പരയിലെ ഉപ്പായിമാപ്പിള ഇങ്ങനെ ഭാവാന്തരം സംഭവിക്കുന്ന കഥാപാത്രമാണ് എന്ന് ഈയവസരത്തിൽ ഓർക്കാം.ആദ്യം ഒരു വിഡ്ഢിലക്ഷണം കാണിച്ചിരുന്ന ഉപ്പായിമാപ്പിള ക്രമേണ ബുദ്ധിമാനും വിശാലഹൃദയനും നീതിമാനും ഒക്കെയായ ഒരു നാട്ടുകാരണവസ്ഥാനത്തേക്കു വരുന്നുണ്ട് . ഫലിതപ്രധാനമായ ആ പരമ്പരയുടെ നൈതിക സംതുലനം സാധിക്കാൻ ആകണം ഇത് )
ഇവിടെ ഗുരുജിയുടെ മാറ്റം ദാർശനിക വ്യക്തിഭാവകല്പനയുടെ പകർപ്പാണ് .
ഗുരുജിയെ സംബന്ധിച്ചിടത്തോളം ഹിപ്പോക്രിറ്റ് ആകാതിരിക്കുക എന്നതാണ് ഏക നന്മയും മഹത്വവും . താൻ കണ്ടുമുട്ടുന്ന അസംഖ്യം സഹജീവികളിൽ ഏറ്റവും അടുത്ത രാമു,ഗോപി,രവി എന്നിവരിൽ മഹത്വത്തിന്റെ ഒരു പ്രതിച്ഛായ ഉണർത്താൻ ഗുരുജി എന്ന ബിംബത്തിനാകുന്നുണ്ട്.
കഥാപാത്രമെന്ന നിലയിൽ ഗുരുജി കയ്യാളുന്ന ഈ മഹത്വം കഥാഘടനയിൽ പക്ഷെ വലിയ മാറ്റം വരുത്തുന്നില്ല. രാമുവിന്റെ പതനസമമായ പരിണതിയിൽ ഗുരുജി കേവലം കാഴ്ചക്കാരൻ മാത്രം. ഒരുപക്ഷെ അനുതാപത്തോടെ രാമുവിന്റെ പോക്ക് കണ്ടുനിൽക്കുക മാത്രം ചെയ്യുന്നു. നീ പോയാൽ ഗുരുജി ഒറ്റയ്ക്കാവില്ലേ?എന്ന് ചോദിക്കുന്ന ഗോപിയോട് ഗുരുജി പറയുന്നു.”അവൻ പോട്ടെ.ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ല.എനിക്ക് ഞാൻ കൂട്ടുണ്ട്.”എന്ന ഗുരുജിയുടെ പറച്ചിൽ ആത്മഭാഷണത്തിന്റെ മനോഹരമായ ഒരു സന്ദർഭമാണ്. അവൻ പോട്ടെ എന്ന് പറഞ്ഞു അടുത്തവാചകംപറയുമ്പോൾരാമുകാറിനുള്ളിലാണ്. അതിനാൽത്തന്നെ അയാൾ അത് കേൾക്കുന്നുമില്ല. രാമു കേൾക്കേണ്ട എന്ന് ഗുരുജിയും കരുതിയിരിക്കണം. കാരണം ഗുരുജിയുടെ വാക്കുകൾ രാമുവിന്റെയുള്ളിൽ ഒരശനിപാതം പോലെ ആഘാതമേല്പിക്കാൻ സാധ്യതയുണ്ട്. ഒറ്റയ്ക്കാവൽ പോലെ നിസ്സഹായവും ഭീതിദവുമായി മറ്റെന്തുണ്ട്.?
ഒരു ചലച്ചിത്രത്തിലെന്നപോലെ ഞാൻ ഈ രംഗം സങ്കൽപ്പിച്ചു നോക്കാറുണ്ട്. ഉള്ളിൽ തകർന്നുകൊണ്ടിരിക്കുന്ന രാമു. കാറ് ഡ്രൈവ് ചെയ്തുപോകുമ്പോൾ അല്പം ദുഖത്തോടെ ഗോപിയെയും ഗുരുജിയെയും കടന്നുപോകുമ്പോൾ ഗുരുജിയുടെ വാക്കുകൾ..ഒറ്റയ്ക്കായിപ്പോകുമോ എന്ന പേടിയുടെ സമകാലീനഭാഷ്യങ്ങൾ അന്നത്തെ ഇന്ത്യൻ ജീവിതാന്തരീക്ഷത്തിൽ തന്നെ അലയടിച്ചിരുന്ന കാലമാണത്.
(ഗുരുജിയെ കുറിച്ച് വിശദമായി പിന്നീട് ചർച്ച ചെയ്യുന്നുണ്ട്)
ചെറിയ മനുഷ്യരുടെ അകംപൊരുളുകൾ ചിലതൊക്കെ ദുർഗമഭൂമികൾ ആണ്.മനസ്സുതുറക്കാത്ത ചിലർ,ഒരു നാണയത്തിന്റെ രണ്ട് പുറത്തെ ഒരിക്കലും കാണിച്ചുതരാത്ത മട്ടിൽ ഒരേ വശം തിരിഞ്ഞു നിൽക്കുന്ന ചിലർ.
ഇതിൽ രണ്ട് തരം കഥാപാത്രങ്ങൾ ഉണ്ട്.കഥാകേന്ദ്രസ്ഥാനത്തു നിൽക്കുന്ന രാമു ഉൾപ്പെടെ ഉള്ള മുഖ്യർ. അവർ മുഖ്യർ ആകുന്നതു രാമുവിനോടൊപ്പം മിക്ക രംഗത്തും വരുന്നു എന്ന നിലയ്ക്കാണ്. പുഴയ്‌ക്കൊപ്പം നീങ്ങുന്നവർ. അവരില്ലെങ്കിൽ,അവരുടെ ഇടപെടലുകളിൽ നിര്ണായകമായൊന്നും ഇല്ലെങ്കിലും അവർ കൂടി യില്ലെങ്കിൽ ഒരു അപൂർണ്ണപ്രതീതി ഉണ്ടാകും. രണ്ടാമത്തെ കൂട്ടർ ജൈവിക വളർച്ചയും രൂപ ഭാവ മാറ്റങ്ങളും കാണിക്കുന്നവർ. കേന്ദ്രസ്ഥാനത്തുള്ളവർ അല്ല എങ്കിലും ചെറിയ മനുഷ്യരുടെ ജീവിതകഥയെ രസഭാവസമ്മിളിതമാക്കുന്നതു അവരാണ്. ഇടയ്ക്കു വല്ലപ്പോളും കടന്നുവരും. വരുമ്പോൾ അനിവാര്യമായ കാലത്തിന്റെ ന്യായാന്യായവിചിന്തനങ്ങളെ പറ്റി ചില ഓർമ്മപ്പെടുത്തലുകളും തരും. രാമുവിന്റെ ജീവിതത്തിൽ അന്യരെന്നുതന്നെ നിര്ദേശിക്കാവുന്ന ഈ വ്യക്തികൾക്ക് ചെറുതല്ലാത്ത സ്ഥാനം തന്നെയുണ്ട്. സ്വഭാവത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ വരുന്ന അവർ കഥാഘടനയിൽ ചലനം കൊണ്ടുവരുന്നുണ്ട്.
സ്വാമി എന്ന കഥാപാത്രത്തെ നോക്കുക. ആദിമഘട്ടം മുതൽ സ്വാമിക്ക് ഏകതാനസ്വഭാവം ആണുള്ളത്. പിശുക്കനും സദാ സ്വാർത്ഥനുമായ സ്വാമി ആ ഭാവം കളഞ്ഞു ഒരിക്കലും നിലകൊള്ളുന്നില്ല . പ്രായത്തിനനുസരിച്ചു സ്വാമിയുടെ ഈ സ്വഭാവവും വളരുന്നു എന്നേയുള്ളൂ.
ഇത് മനുഷ്യസ്വഭാവത്തെ സംബന്ധിച്ച് യഥാതഥമാകാം. എന്നാൽ കഥാഘടനയിൽ പരിണാമിയായ സ്വഭാവതന്തുക്കൾക്കെ പ്രാധാന്യമുള്ളൂ. തികഞ്ഞ പ്രായോഗികമതിയായ സ്വാമിയുടെ അകംവശം നമുക്കുമുന്നിൽ അരവിന്ദൻ വരച്ചുവെക്കുന്നില്ല. രാമുവിന്റെ ജീവിതത്തോടൊത്തു സ്വാമിയുമുണ്ട്. അയാൾക്ക് ഉള്ളിൽ സദാ ശങ്കയാണ്, എപ്പോളും താൻ മത്സരപരീക്ഷയ്ക്കു പോകുന്നു എന്ന രീതിയിൽ ആണ് . രാമുവിനെ എന്തൊക്കെയായാലും ഇഷ്ടമുണ്ട്,എന്നാൽ ഉള്ളിൽ ഉള്ളതൊക്കെ പുറത്തുകാണിക്കാത്ത ഒരു മട്ടും ആണ്. സ്വാമിയുടെ ഈ പരാധീനത രാമുവിന് നന്നായറിയാം. അതുകൊണ്ട് തന്നെ രാമു മറ്റു പലരുടെ കളിയാക്കലുകൾക്കു വിധേയനായി നിൽക്കുന്ന സ്വാമിയോട് അനുതാപത്തോടെ പെരുമാറുന്നുണ്ട്. രാമു അങ്ങനെയാണ്. ഈ ലോകത്തിൽ ശാശ്വതമായ വിരോധം വെക്കേണ്ടതില്ലെന്ന ഒരു മനോഭാവം ആണ് രാമുവിന്. കടും വൈകാരികനിലകൾ ആവശ്യമില്ലെന്ന ഒരു രീതി.
ഈ രസതന്ത്രം അരവിന്ദന്റെ മനുഷ്യസ്വഭാവനിരൂപങ്ങളുടെ ഒരു മാതൃകയായി കാണാം . സ്വാമിയെ വായനക്കാർ ഏറെ ശ്രദ്ധിച്ചിരുന്നു. രാമുവുമായി അകലം പാലിച്ചു രാമുവിന്റെ പോസിറ്റിവുകളെ മുഴുക്കെ പകർത്തിയെടുകാനായി വ്യഗ്രത പൂണ്ട് നടക്കുന്ന തികഞ്ഞ സസ്യഭുക്കും മദ്യവിരോധിയും ആയ സ്വാമി. സമൂഹത്തിൽ ജാതിപരവും മതപരവും ആയി രൂപപ്പെട്ടുവന്നിട്ടുള്ള ചില ഇമേജുകൾ ഉണ്ടല്ലോ. അങ്ങനെ ഒരു പട്ടർ കഥാപാത്രം ആണ് സ്വാമി. പണത്തിന്റെ കാര്യത്തിൽ ഉള്ള കടുംപിടുത്തം, കണക്കുകൂട്ടൽ, പിശുക്ക് , സംഗീതത്തിൽ ആഭിമുഖ്യം, കണിശത എന്നിങ്ങനെ കേരളം പരദേശബ്രാഹ്മണരുടെ സ്വഭാവത്തെ കുറിച്ച് ഒരു നാട്ടുനടപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.പഴയ ആ വൈത്തിപ്പട്ടർ തൊട്ടു ഒരുപക്ഷെ തുടങ്ങുന്നുണ്ട് ആ കഥാപാത്രചർച്ച. കോളനികൾ ആയി താമസിക്കയും ഉപ്പുതൊട്ട് കർപ്പൂരം വരെ വിപണിയിൽ നിന്ന് വാങ്ങേണ്ടിവരികയും ചെയ്ത ആ സാമൂഹ്യപരിതഃസ്ഥിതിയിൽ ഉരുത്തിരിഞ്ഞുവന്ന പൊതുസ്വഭാവം ആണ് ഇവർക്ക് ചാർത്തിക്കൊടുക്കുന്നതു. നല്ല ഗുണങ്ങളും ഉണ്ട്. ബുദ്ധിസാമർഥ്യം അതിലൊന്നാണ്. ഒരു “നിർദോഷി ടച്ച്” സ്വാമിയിൽ ഉണ്ട്. പ്രായോഗികതയിൽ മുന്നിട്ടു നിൽക്കുന്ന ഇവരുടെ ഉള്ളിലെ നെരിപ്പോടുകൾ അപൂർവ്വമായേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. ഇവിടെയും സ്വാമിയെ സൂത്രശാലിയായ ഒരു പാവം എന്ന രീതിയിൽ രാമുവിന്റെ ചങ്ങാതിയായി രാമുവിനെപ്പോലെ നമ്മളും അംഗീകരിക്കുന്നു.
Be the first to write a comment.