മ്മുടെ ഭാഷയും ഭാഷാവിചാരങ്ങളും ഇന്നും നിലനിൽക്കുന്നത് ദേശ-രാഷ്ട്ര യുക്തിയിൽ ആണ്. ഭാഷാസംസ്ഥാനങ്ങൾ രൂപം കൊണ്ട അതേ യുക്തിയിൽ. ആന്ധ്രാപ്രദേശത്തെ പോട്ടി ശ്രീരാമലുവിന്‍റെ നിരാഹാര രക്തസാക്ഷിത്വമാണ് ഭാഷാസംസ്ഥാനങ്ങളിലേയ്ക്ക് നമ്മുടെ രാജ്യത്തെ എത്തിച്ചത്. എന്നാൽ സമീപ വർഷങ്ങളിൽ അതേ ആന്ധ്രാപ്രദേശം തന്നെ രണ്ടായ് പിളർന്നിട്ടും – ആന്ധ്ര, തെലുങ്കാന – നമ്മുടെ ഭാഷാ ബോധത്തിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. ഭാഷാതിർത്തികളിൽ ആണ് ഭാഷയെപ്പറ്റിയുള്ള നമ്മുടെ ഏറ്റവും നല്ല വിചാരങ്ങൾ നാം നിക്ഷേപിച്ചിരിക്കുന്നത്. തമിഴിനെ പോലെ, ആ ഭാഷയിലെ പദസഞ്ചയങ്ങൾ എല്ലാം തമിഴിൽ തന്നെ നിർമ്മിച്ചതാണ് എന്ന് ഊറ്റം കൊള്ളുന്ന ഒരു ഭാഷയുടെ നോട്ടത്തിൽ, മലയാളത്തിന്‍റെ അതിർത്തികൾ ലോലങ്ങളാണ്. ഏത് വിദേശഭാഷയിലെ പദങ്ങൾക്കും എളുപ്പം നൂണുകടക്കാൻ പാകത്തിൽ കാവൽ ശക്തമല്ലാത്ത അതിർത്തികൾ. ഇങ്ക്വിലാബ് സിന്ദാബാദ് എന്നും ജയ്ഹിന്ദ് എന്നും മലയാളികൾ മുഴങ്ങുമ്പോൾ, “വാഴ്ക” എന്ന തമിഴ് പദം അവരെ തുറിച്ചുനോക്കുന്നു. ഭാഷയുടെ പ്രശ്നങ്ങളേക്കാൾ ഭാഷാതിർത്തിയുടെ പ്രശ്നങ്ങൾ ആണവ. ദേശാടനപക്ഷികളെപ്പോലെ അതിർത്തിയിൽ എത്തുന്ന വാക്കുകളെ തടയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു നിയന്ത്രണ സംവിധാനത്തെ നിയമിച്ചാൽ തീരുന്ന പ്രശ്നം.

എന്നാൽ പ്രഖ്യാപിത അതിർത്തികൾ കടന്നെത്തിയല്ലാതെ ആവിർഭവിക്കുന്ന ചില പദങ്ങൾ ഉണ്ട്. അവ ദേശാടനപ്പക്ഷിസിദ്ധാന്തത്തിൽ ഒതുങ്ങില്ല. അത്തരം വാ‍ക്കുകളുടെ ചുറ്റും ദേശ-രാഷ്ട്ര അയിത്തനിയമങ്ങൾ വരച്ചിടാനാകില്ല. “പാളീസ്” അത്തരമൊരു വാക്കാണ്. “പൊളിഞ്ഞു പാളീസ്” ആകുന്നത് എന്തെന്നു നമുക്കറിയാം. പക്ഷെ “പാളീസ്”?. അതെവിടെ നിന്നു വന്നു? അതിന്‍റെ അപ്പനും അമ്മയും ആര്? ഏത് ദൈവത്തെയാണത് പ്രാർത്ഥിക്കുന്നത്? ഏത് ഭാഷാവ്യവസ്ഥയുടെ കൊടിയാണ് അതു പേറുന്നത്? മലയാളത്തിൽ ഇരിക്കാൻ പറ്റുമ്പോൾ തന്നെ അതിന് ഒരു ഹിന്ദി-ഉർദുച്ചുവ ഉണ്ട്. അതോ ഇംഗ്ലീഷിലെ ബഹുവചനച്ചുവയോ? പാളികൾ എന്ന മലയാളപദത്തിന്‍റെ അരികു ചെത്തി ഇംഗ്ലീഷ് പിടിപ്പിച്ചതാകുമോ അത്? എങ്കിൽ “പൊളിഞ്ഞു പാളികളായി” എന്ന പറച്ചിലിനേക്കാൾ “പൊളിഞ്ഞു പാളീസാ”യതിന് ഉപയോഗമൂല്യം വർദ്ധിച്ചതെന്ത്? വാക്കിന്‍റെ ഭാഷാമൂല്യത്തേക്കാൾ വലുതാണ് വാക്കിന്‍റെ വക്കിൽ ശബ്ദമൂല്യം അനുഷ്ഠിക്കുന്നത് എന്നതിന്‍റെ ഘോഷണമാണോ “പാളീസിനെ” നാം ചരിത്രത്തിന്‍റെ ഗോവണി കയറ്റി സംരക്ഷിക്കുന്നതിന്‍റെ അടിസ്ഥാനം? തകർച്ചയോടു കൂടി അല്ലാതെ അതിന് ഇരിപ്പിടം തരമായിട്ടുമില്ല . “പാളീസായി” എന്ന് വെറുതേ പറഞ്ഞാലും പൊളിയൽ അവിടെ തന്നെയുണ്ട്. ഉച്ചരിക്കുമ്പോൾ കിട്ടുന്ന അതേ ഊർജ്ജം ഗുപ്തമായിരിക്കുമ്പോഴും അതിനുണ്ട്. ഇങ്ങനെ അതിവിചിത്രതകൾ പേറുന്ന ഒരു സാധാരണ പദമായ “പാളീസി”ന് കൂട്ടു വരുന്ന പദങ്ങൾ വേറെ ഉണ്ടോ? ഉണ്ടായിരിക്കും. പക്ഷേ, ഓർമ്മയിൽ അവ ഓടിവരുന്നില്ല

ഭാഷയുടെ പദകോശം ഇങ്ങനെ പലതരം ചരിത്രങ്ങളാൽ നിബിഡമാണ്. ദേശങ്ങളുടെ ഭരണസംവിധാനത്തെ കുറിച്ചുള്ള ബോധം, ഭാഷാവിചാരത്തിനുമേൽ അമർന്നിരിക്കുന്നതുകൊണ്ട് പദചരിത്രം വായിക്കപ്പെടുന്നതും ചിന്തിക്കപ്പെടുന്നതും ഭാഷയുടെ രൂപീകരണമായും അതുമായി പ്രതിപ്രവർത്തിച്ച ഭാഷകളുടെ കണക്കുമായും ബന്ധപ്പെട്ടാണ്. മലയാളത്തിലെ പദപഠനങ്ങൾ മിക്കവാറും മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, അറബി, പേർഷ്യൻ, ഉറുദു, ഹിന്ദി, പോർച്ചുഗീസ് തുടങ്ങി അതും അതുമായി ബന്ധപ്പെട്ട ഭാഷാ ഇടങ്ങളിലും വട്ടംചുറ്റിക്കൊണ്ടിരിക്കുന്നു. എന്നാൽ ഭാഷ അതിനുള്ളിൽ വിരിയിക്കുന്ന “പാളീസു”കളെ ഏത് പഠനരീതി കൊണ്ടാണ് നാം സ്ഥാനീകരിക്കുക? വാമൊഴിയിലും വരമൊഴിയിലും അത് വിരാജിക്കുന്നുണ്ട്. പഴമയിലും ആധുനികതയിലും അതിന് വസിക്കാം. എന്നാൽ മലയാളം എന്ന് പറഞ്ഞ് വിനിമയം ചെയ്യപ്പെടാനുള്ള ശേഷി അതിന് നാം കല്പിച്ചുകൊടുത്തിട്ടില്ല താനും.

ഭാഷ, ദേശ-രാഷ്ട്ര സ്വത്വത്തിൽ മാത്രം പ്രവർത്തിക്കുന്ന യാന്ത്രികവ്യവഹാരമല്ല എന്ന് അത് നമ്മെ പഠിപ്പിക്കുന്നു. പ്രസംഗപീഠങ്ങളിൽ നാം ഉച്ചരിക്കുന്ന അർത്ഥസ്പഷ്ടതയുള്ള ഇടങ്ങളിൽ മാത്രമല്ല ഭാഷയുടെ പടർപ്പുകൾ ഉണ്ടാകുന്നത് എന്നും. അത് ഒരേ സമയം ചോദ്യവും ഉത്തരവുമാണ്. എത്രയൊക്കെ കണ്ടെത്തിയാലും അതിന്‍റെ നിഷ്പത്തിയെ പറ്റി ഒരു ചോദ്യം അവശേഷിക്കും. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും, പുറം തള്ളാനാകാതെ, അത് ഭാഷാവാദകരുടെ നാവിലെ അബോധമായി വർത്തിക്കുന്നതുകൊണ്ട് അത് ഒരു ഉത്തരവുമാണ്. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കൾ എന്നപോലെ ഭാഷയുടെ വ്യതിരിക്തതകളിൽ നിന്ന് മാത്രമല്ല പദങ്ങളുടെ ജനനം. ഉഭയജീവിയെപ്പോലെ വസിക്കുന്ന “അന്യ” ഭാഷാപദങ്ങൾക്ക് കൊടുത്ത കുടിപ്പാർപ്പിൽ നിന്നുമല്ല. നാം വേർതിരിച്ചെടുത്ത ഭാഷയിലോ അതിന്‍റെ ആധാരമാക്കി വെച്ച വ്യാകരണത്തിലോ നിന്നുമല്ല. അതിൽ ഒരു ജൈവാംശം ഉണ്ടെന്ന് “പാളീസ്” പറഞ്ഞു തരുന്നു. എണ്ണയോ ഗ്രീസോ ഇട്ട് പദങ്ങളെ ചലനാത്മകമാക്കുന്ന ചിന്തയേയും പ്രവൃത്തിയേയും അത് നിരാകരിക്കുന്നു.നക്ഷത്രം ഉദിക്കുന്ന പോലെ മലയാളത്തിന്‍റെ ഇരുട്ടിൽ തന്നെത്തന്നെ കാണിച്ച് അത് നിലകൊള്ളുന്നു. കവിതകൾ ഭാഷയിൽ ഉരുവം കൊള്ളുന്നതെങ്ങിനെ എന്നറിയാൻ ആ പദനക്ഷത്രത്തെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ മതിയാകും

Comments

comments