സയൻസ് പഠിക്കുന്നതും സയൻസിനെപ്പറ്റി പഠിക്കുന്നതും രണ്ട് കാര്യങ്ങളാണ്. സാങ്കേതികമായ രീതിയിൽ സയൻസ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. സയൻസ് പ്രചരണം മോശമല്ലാത്ത അവസ്ഥയിൽ നാട്ടിൽ ലഭ്യവുമാണ്. ശാസ്ത്രസാഹിത്യ പരിഷത്തു മുതൽ പലതരം ‘സ്വതന്ത്രചിന്തക’ കൂട്ടായ്മകൾ വരെ (Atheist കൂട്ടായ്മകൾ ഇപ്പോൾ അവരെ സ്വയം വിളിക്കുന്നത് സ്വതന്ത്രചിന്തകർ എന്നാണ്.) നാട്ടിൽ സയൻസ് പ്രചരണം നടത്തുന്നുണ്ട്. യാക്കോവ് പെരൽമാന്റെ “ഭൗതികകൗതുകം” മുതൽ വൈശാഖൻ തമ്പിയുടെ “അഹം ദ്രവ്യാസ്മി” വരെ പലനിലവാരത്തിലുള്ള ശാസ്ത്രപുസ്തകങ്ങളും മലയാളത്തിലുണ്ട്. എന്നാൽ സയൻസിനെക്കുറിച്ചുള്ള പഠനങ്ങളും ആ നിലയ്ക്കുള്ള വിചാരങ്ങളും മലയാളത്തിൽ വളരെ കുറവാണ്. സയൻസിന്റെ ചരിത്രം (History of Science), തത്വചിന്ത (Philosophy of Science), സാമൂഹികത (Sociology of Science) എന്നീ വിഷയങ്ങളിൽ പഠനഗവേഷണങ്ങൾ കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം. കണ്ണൂർ സർവ്വകലാശാലയിലെ കോളേജുകളിൽ ഫിലോസഫി എം.എ. വിദ്യാർത്ഥികൾ പഠിക്കുന്ന ശാസ്ത്രദർശനത്തിന്റെ (Philosophy of Science) ന്റെ വളരെ പഴക്കമുള്ള സിലബസ് മേല്പറഞ്ഞതിന്ന് ഒരു അപവാദമല്ല. എം.സി.നമ്പൂതിരിപ്പാട് വിവർത്തനം ചെയ്ത ജെ.ഡി.ബർണ്ണലിന്റെ (1954) “ശാസ്ത്രം ചരിത്രത്തിൽ” (Science in History) എന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുസ്തകമാണ് ശാസ്ത്രത്തിന്റെ ചരിത്രത്തെപ്പറ്റി മലയാളത്തിൽ ലഭ്യമായ ഏറ്റവും മികച്ച പുസ്തകം. നിസാർ അഹമ്മദിന്റെ “ശാസ്ത്രദർശനത്തിനു ഒരു ആമുഖം” എന്ന പഴയ കുറിപ്പാകും ശാസ്ത്രദർശനത്തെ പരിചയപ്പെടുത്തുന്നതിന്ന് ലഭ്യമായ ഏറ്റവും മികച്ച അക്കാദമിക ലേഖനം. വി. വിജയകുമാറിന്റെ (2018) “ശാസ്ത്രവും തത്വചിന്തയും” വസ്തുനിഷ്ഠതയെപ്പറ്റിയുള്ള ശാസ്ത്രദർശനപരമായ ചില ആലോചനകളെ പരിചയപ്പെടുത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സയൻസിനെപ്പറ്റി മലയാളത്തിൽ ലഭ്യമാകുന്ന ആലോചനകൾ പ്രസ്തുതവിഷയത്തിലെ അക്കാദമിക വിജ്ഞാനത്തിന്റെ അളവുമായി തട്ടിച്ചുനോക്കിയാൽ വളരെ കുറവാണ് .
ഈ പരിതസ്ഥിതിയിൽ ഷിജു സാം വർഗീസ് “പെനമ്പ്ര-ശാസ്ത്രവും സമൂഹവും” എന്ന തലക്കെട്ടിൽ നവമലയാളിയിലും “ശാസ്ത്രം സമൂഹം ജനാധിപത്യം” എന്ന പേരിൽ ഡൂൾന്യൂസിലും എഴുതി വരുന്ന ലേഖനങ്ങൾക്ക് അവയുടെ ഉള്ളടക്കത്തിന്റേതു മാത്രമല്ലാത്ത പ്രാധാന്യമുണ്ട്. മലയാളത്തിൽ സുലഭമല്ലാത്ത അക്കാദമിക വിചാരങ്ങൾ, വിശേഷിച്ചും സയൻസിന്റെ സാമൂഹികതയുമായി ബന്ധപ്പെട്ട ആലോചനകൾ, അവതരിപ്പിക്കുകയാണ് ഈ ലേഖനപരമ്പരകളിലൂടെ ഷിജു ചെയ്യുന്നത്. ഏതൊരു വിഷയവും അവതരിപ്പിക്കുന്നതിന്നുള്ള ഒരു മുന്നുപാധിയാണ് ആ വിഷയത്തിന്റെ സാങ്കേതികവും സങ്കല്പനപരവുമായ സങ്കീർണ്ണതകളെ ആവിഷ്കരിക്കുന്നതിന്ന് ചേരുന്ന ഭാഷ. സയൻസിനെപ്പറ്റിയുള്ള പഠനവിചാരങ്ങൾ മലയാളത്തിൽ കുറവായതിനാൽ പ്രസ്തുതവിഷയങ്ങളെ അവതരിപ്പിക്കുന്നതിന്നുള്ള അക്കാദമിക ഭാഷയുടെ കുറവും മലയാളത്തിനുണ്ട്. ശാസ്ത്രസംബന്ധിയായ- പ്രത്യേകിച്ചും സയൻസിന്റെ സാമൂഹികതയുമായി ബന്ധപ്പെട്ട- വിഷയങ്ങൾ മലയാളത്തിൽ നിരന്തരമായി ലഭ്യമാക്കുന്നതിലൂടെ അവയെ അവതരിപ്പിക്കുന്നതിനും ചർച്ചചെയ്യുന്നതിനുമുള്ള ഒരു അക്കാദമികഭാഷ ഉണ്ടാകുന്നതിന്നുള്ള സാധ്യതകൾ കൂടിയാണ് ഷിജു തുറന്നു തരുന്നത്. ഭാഷാപരമായ ഈ ഉരുത്തിരിയൽ വൈജ്ഞാനിക വിഷയങ്ങൾ ആവിഷ്കരിക്കുന്നതിൽ മലയാളത്തിനെ വളർത്താനുമിടയുണ്ട്.
മാത്രമല്ലാത്ത പ്രാധാന്യമുണ്ട്. മലയാളത്തിൽ സുലഭമല്ലാത്ത അക്കാദമിക വിചാരങ്ങൾ, വിശേഷിച്ചും സയൻസിന്റെ സാമൂഹികതയുമായി ബന്ധപ്പെട്ട ആലോചനകൾ, അവതരിപ്പിക്കുകയാണ് ഈ ലേഖനപരമ്പരകളിലൂടെ ഷിജു ചെയ്യുന്നത്. ഏതൊരു വിഷയവും അവതരിപ്പിക്കുന്നതിന്നുള്ള ഒരു മുന്നുപാധിയാണ് ആ വിഷയത്തിന്റെ സാങ്കേതികവും സങ്കല്പനപരവുമായ സങ്കീർണ്ണതകളെ ആവിഷ്കരിക്കുന്നതിന്ന് ചേരുന്ന ഭാഷ. സയൻസിനെപ്പറ്റിയുള്ള പഠനവിചാരങ്ങൾ മലയാളത്തിൽ കുറവായതിനാൽ പ്രസ്തുതവിഷയങ്ങളെ അവതരിപ്പിക്കുന്നതിന്നുള്ള അക്കാദമിക ഭാഷയുടെ കുറവും മലയാളത്തിനുണ്ട്. ശാസ്ത്രസംബന്ധിയായ- പ്രത്യേകിച്ചും സയൻസിന്റെ സാമൂഹികതയുമായി ബന്ധപ്പെട്ട- വിഷയങ്ങൾ മലയാളത്തിൽ നിരന്തരമായി ലഭ്യമാക്കുന്നതിലൂടെ അവയെ അവതരിപ്പിക്കുന്നതിനും ചർച്ചചെയ്യുന്നതിനുമുള്ള ഒരു അക്കാദമികഭാഷ ഉണ്ടാകുന്നതിന്നുള്ള സാധ്യതകൾ കൂടിയാണ് ഷിജു തുറന്നു തരുന്നത്. ഭാഷാപരമായ ഈ ഉരുത്തിരിയൽ വൈജ്ഞാനിക വിഷയങ്ങൾ ആവിഷ്കരിക്കുന്നതിൽ മലയാളത്തിനെ വളർത്താനുമിടയുണ്ട്.
ശാസ്ത്രത്തിന്റെ സാമൂഹികതാപഠനങ്ങൾക്കുതകുന്ന ഒരു ഭാഷാരൂപം ഷിജു അവതരിപ്പിച്ചു കഴിഞ്ഞു എന്നല്ല. മറിച്ച് ഇത്തരം പ്രവർത്തനങ്ങൾ അത്തരമൊന്ന് ഉണ്ടാകുന്നതിനുള്ള സാധ്യതകൾ തുറക്കുന്നു എന്നാണ് പറഞ്ഞു വന്നത്. ഭാഷയിലെ മൗലികചിന്തകളുടെ (അതെന്തു തന്നെയായാലും) അഭാവത്തെക്കുറിച്ചുള്ള ആലോചനയിലേക്കും ഈ എഴുത്തുകൾക്ക് തുറവിയുണ്ട്. വൈജ്ഞാനികവിഷയങ്ങളിൽ ഭാഷയിലുള്ള എഴുത്തുകളുടെ കുറവ് മലയാളത്തിൽ മൗലികചിന്തകൾ ഉണ്ടാകാത്തതിന്റ കാരണങ്ങളിൽ ഒന്നായി ഷിജു (2018c) പരിഗണിക്കുന്നുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ മൗലികചിന്തകൾ ഉണ്ടാകുന്നതിനുള്ള നിലമൊരുക്കലിന്റെ ഭാഗമായും ഇത്തരം എഴുത്തുകളെ കാണാം.[i]
അനുശീലനങ്ങളുടേതായ ഭാഷ (Disciplinary languages) ഉണ്ടാകുന്നതിനെപ്പറ്റിയല്ല ഈ കുറിപ്പിലെ വിചാരങ്ങൾ. മറിച്ച്, ഷിജുവിന്റെ “ക്രോമസോമുകളെ എണ്ണുന്നതെങ്ങനെ?” എന്ന ലേഖനത്തെ വിമർശനപരമായി നോക്കുകയാണ് ഇതിൽ ചെയ്യുന്നത്. അതോടൊപ്പം സാമൂഹിതാപഠനങ്ങളിൽ മാത്രം ഊന്നിയുള്ള ശാസ്ത്രപഠനങ്ങളുടെ ചില പരിമിതികൾ സൂചിപ്പിക്കുവാനും ഈ ലേഖനം താല്പര്യപ്പെടുന്നു. മലയാളത്തിലെ എഴുത്തുവഴക്കങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ ഷിജു (2018c) പരിഗണിച്ച ആശയവിനിമയ രീതികളിലെ ജനപ്രിയ ജ്ഞാനവിനിമയത്തിന്റെ കൂട്ടത്തിൽ വരാവുന്നവയാണ് ഷിജുവിന്റെ മലയാളലേഖനങ്ങൾ. ക്രോമസോമുകളെ എണ്ണുന്നതിനെക്കുറിച്ചുള്ള ലേഖനവും വ്യത്യാസമുള്ളതല്ല. പ്രസ്തുത ലേഖനത്തിൽ വിശകലനപരമായും സങ്കല്പനപരമായും (Conceptual) ഉള്ള പ്രശ്നങ്ങളെയാണ് ഈ കുറിപ്പ് വിഷയമാക്കുന്നത്. എണ്ണൽ (Counting), വർഗ്ഗീകരണം (Classification), തിരിച്ചറിയൽ (Identification), സംസ്ഥാപനം (Confirmation) തുടങ്ങിയ സങ്കല്പനങ്ങൾ തമ്മിലുള്ള വ്യത്യാസം സൂക്ഷിക്കാത്തതിനാൽ സംഭവിച്ച പ്രമാദങ്ങളാണ് ഈ ലേഖനത്തിൽ നിറഞ്ഞു നിൽക്കുന്നത്. ശാസ്ത്രദർശനത്തിന്റെ ഉൾക്കാഴ്ചകളെ പരിഗണിക്കാത്തത് ഈ പ്രമാദങ്ങളെ രൂക്ഷമാക്കി. ഈ പ്രമാദങ്ങൾ ഷിജുവിന്റേതുമാത്രമായി കരുതേണ്ടതില്ല. തന്റെ ലേഖനത്തിന്നായി ഷിജു ഉപയോഗപ്പെടുത്തിയ പ്രബന്ധങ്ങളിലെ (Martin 2004, Martin and Lynch 2009) പ്രമാദങ്ങൾ ആവർത്തിക്കുകയാണ് ഷിജു ചെയ്യുന്നത്. ഇത്തരം പരാവർത്തനവും ആവർത്തനവും മലയാളത്തിലെ അക്കാദമിക എഴുത്തിൽ, വിശേഷിച്ചും ജ്ഞാനരൂപങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകളിൽ, സുലഭമാണെന്ന് ഷിജു മുന്ന് വാദിക്കുന്നുണ്ട് (ഷിജു 2018c). മലയാളത്തിലെ മൗലികതയില്ലായ്മക്ക് ഷിജു കണ്ടെത്തിയ കാരണങ്ങളും പരിഹാരനിർദ്ദേശങ്ങളും ഈ കുറിപ്പിന്റെ മുഖ്യവിഷയമായ ലേഖനത്തിന്നും ഷിജുവിന്റെ മറ്റ് എഴുത്തുകൾക്കും ബാധകമാണെന്നു കാണാം. എങ്കിലും, ഈ വിചാരത്തെ നാം തുടർന്ന് വികസിപ്പിക്കുന്നില്ല.
ഈ ലേഖനത്തിന്ന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യഭാഗം ‘ക്രോമസോമുകളെ എണ്ണുന്നതെങ്ങനെ?’ എന്ന കുറിപ്പിലെ വാദങ്ങളെ സംഗ്രഹിക്കുന്നു. രണ്ടാമത്തേതിൽ പ്രസ്തുത ലേഖനത്തിലെ പ്രമാദങ്ങളെ വിശദീകരിക്കുന്നു. മൂന്നാം ഭാഗത്തിൽ വസ്തുനിഷ്ഠതയേയും സാമൂഹികതയേയും പറ്റി ഷിജു സൂചിപ്പിക്കുന്ന കാര്യങ്ങളെ വിശദീകരിക്കുകയും അതിന്റെ പരിമിതികളെ വിവരിക്കുകയും ചെയ്യുന്നു.
1. ക്രോമസോം സംഖ്യാനിർണ്ണയം: എണ്ണലും ഭവശാസ്ത്രവും (counting and ontology)
‘ക്രോമസോമുകളെ എണ്ണുന്നതെങ്ങനെ’ എന്ന ലേഖനം പ്രധാനമായും രണ്ടു കാര്യങ്ങളാണ് വാദിക്കുന്നത്. ഒന്ന്, എണ്ണൽ എന്നത് ഭവശാസ്ത്രപരവും (ontological) സാമൂഹ്യവുമാണ് (social). രണ്ട്, സയൻസിലെ അറിവ് നിർമ്മാണം സാമൂഹ്യമാണ്.
എണ്ണലിനെപ്പറ്റിയുള്ള പരിഗണനകളെ ആദ്യം പരിശോധിക്കാം. എണ്ണൽ ഭവപരമായ പ്രവൃത്തിയാണ് എന്നാണ് ഷിജുവിന്റെ നിലപാട്. എണ്ണൽ മാത്രമല്ല ഗണിതം ആകമാനവും ഭവപരമാണ് എന്നതിലേക്ക് പരിണമിക്കാവുന്ന താല്പര്യമാണിത്. അലൻ ബാദിയോയെ ഉപജീവിച്ചാണ് ഷിജു ഈ നിലപാട് സ്വീകരിക്കുന്നത്. എണ്ണലിന്റെ ഉദ്ദേശ്യം മുതൽ എന്താണ് എണ്ണപ്പെടുന്നത് എന്നതുവരെയുള്ള കാര്യങ്ങൾക്ക് എണ്ണുമ്പോൾ മാത്രമാണ് വ്യക്തത വരുന്നത് എന്നാണ് വാദം. അതായത്, എണ്ണൽ എന്ന പ്രവർത്തനം തന്നെയാണ് ആയതിന്ന് നിദാനമായി വർത്തിക്കുന്ന ഇനത്തെ സംസ്ഥാപിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ എണ്ണൽ സംഭവിക്കുന്നതിലൂടെ എണ്ണപ്പെടുന്നത് ഭവപരമായി രൂപപ്പെടുന്നു. ഷിജുവിന്റെ വാക്കുകൾ ഉപയോഗിച്ചാൽ “എണ്ണലിലൂടെയാണ് മാത്രകൾ വ്യതിരിക്തമായ തന്മയെ ആർജിക്കുന്നത്” (ഷിജു 2019). അയോഗ്യമായവയെ പുറത്താക്കിയും യോഗ്യരെ എണ്ണത്തിൽ ചേർത്തുമാണ് ഈ തന്മാരൂപീകരണം സംഭവിക്കുന്നത്. എണ്ണപ്പെടാനുള്ള യോഗ്യത തീരുമാനിക്കപ്പെടുന്നത് സങ്കീർണ്ണമായ പ്രവർത്തനമാണ്. അതിൽ പലതരത്തിലുള്ള താല്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ പൗരത്വ നിയമം (Indian Citizenship Amendment Bill 2016) പരിഗണിക്കുക. പൗരർ എന്ന് ആരെയെല്ലാം കണക്കാക്കണം എന്ന താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം ഉണ്ടാകുന്നത്. ഇത്തരം എണ്ണലിൽ, എണ്ണപ്പെടാനുള്ള യോഗ്യത തീരുമാനിക്കുന്നതിന്റെ സങ്കീർണ്ണതയും അതിലെ മൂല്യങ്ങളുടെ ഇടപെടലും വ്യക്തമാണ്. അതായത്, പ്രായോഗികതയടക്കമുള്ള താല്പര്യങ്ങൾ ഗണിതത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിലേക്കു നോക്കിയാൽ ഇത്തരം മൂല്യങ്ങൾ ഗണിതയുക്തിയെത്തന്നെ മാറ്റുന്നതായി കാണാമെന്നും ഷിജു പറയുന്നു.
ഷിജുവിന്റെ അഭിപ്രായത്തിൽ “നമ്മുടെ ശരീരം ഉപയോഗിച്ചാണ് നമ്മൾ എണ്ണുന്നത്: തൊട്ടും, മണപ്പിച്ചും, കണ്ടും, കേട്ടുമാണ് എണ്ണുന്നത്. എണ്ണം ശരിയായോ എന്ന് തിട്ടപ്പെടുത്തുന്നതിന് മറ്റാരെയെങ്കിലും കൊണ്ട് വീണ്ടും എണ്ണിക്കേണ്ടിയും വരുന്നു. എണ്ണലിലെ സത്യം വ്യക്തിപരമായി തീരുമാനിക്കപ്പെടുന്നതല്ല എന്ന് ചുരുക്കം” (ഷിജു 2019). ഗണിതം, വിശേഷിച്ചും എണ്ണൽ, സാമൂഹികമാണെന്നാണ് ഇവിടെ സമർത്ഥിക്കുന്നത്. ഇതിന്ന് സാധൂകരണമായി രണ്ട് കാര്യങ്ങൾ പറയുന്നു. ആദ്യത്തേത് മനുഷ്യർ എണ്ണാൻ പഠിക്കുന്ന വിധവും അതിൽ ശരീരത്തിന്റെ സവിശേഷമായ പങ്കാളിത്തവുമാണ്. വസ്തുക്കളെ, ഉദാഹരണത്തിനു മഞ്ചാടിക്കുരുക്കൾ, വെള്ളാരംകല്ലുകൾ തുടങ്ങിയവ, ഉപയോഗിച്ച് അവയെ തൊട്ടും കണ്ടും എല്ലാമാണ് കുട്ടികൾ എണ്ണാൻ പഠിക്കുന്നത്. എണ്ണുന്നതിലെ, കൃത്യമായി പറഞ്ഞാൽ എണ്ണാൻ പഠിക്കുന്നതിലെ, ശരീരത്തിന്റെ സാന്നിധ്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, നമുക്കെല്ലം കൈയ്യിൽ പത്തുവിരലുകൽ ഉണ്ട് എന്നത് ദശാംശസംമ്പ്രദായത്തിന്റെ സ്വീകാര്യതയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നാം എണ്ണാൻ പഠിക്കുന്നതിലും ഗണിതശാസ്ത്രപരമായ ചിന്തകളിലും ശരീരത്തിന്ന് പ്രാധാന്യമുണ്ടെന്നാണ് വാദം. കൊഗ്നിറ്റീവ് സയൻസിലെ (Cognitive Science) പഠനങ്ങൾ ഗണിതശാസ്ത്രപഠനത്തിന്റെ ശാരീരികതയെ ശരിവയ്ക്കുന്നുണ്ട് (Fischer and Shaki 2018 കാണുക). അമൂർത്തവും തത്ഭലമായി സാമൂഹ്യതാല്പര്യങ്ങൾ കലരാത്തതുമായി കണക്കാക്കപ്പെട്ടിരുന്ന എണ്ണൽ എന്ന അടിസ്ഥാനക്രിയയിൽ മനുഷ്യന്റെ ശാരീരികതയുടെ സവിശേഷതകൾ ഇടപെടുന്നു എന്നാണ് നാം കണ്ടത്. ഇതിന്നെ ഗണിതത്തിന്റെ സാമൂഹികത വ്യക്തമാക്കുന്ന സൂചനയായി ഷിജു കരുതുന്നു. വേറൊരുനിലയ്ക്കും എണ്ണൽ സാമൂഹികമാണ്. എണ്ണുന്നതിന്റെ ശരിതെറ്റുകൾ അറിയുന്നതിന്ന് മറ്റൊരാളുടെ സഹായം അനിവാര്യമാണ്. മറ്റൊരാളുടെ സാന്നിധ്യത്തിൽ മാത്രമേ ഭാഷ പ്രവർത്തിക്കുകയുള്ളു എന്ന കാര്യമാണിത്. ഗണിതത്തിൽ മാത്രമല്ല ഏത് ഭാഷയ്ക്കും ഇത് ബാധകമാണ്. ലുഡ്വിഗ് വിറ്റ്ഗെൻസ്റ്റൈനിന്റെ (Ludwig Wittgenstein) വിഖ്യാതമായ സ്വീയഭാഷാവാദമാണിത് (Private language argument) (Wittgenstein 2009, §§244–271). ചുരുക്കിപ്പറഞ്ഞാൽ എണ്ണലും ഗണിതം ആകമാനവും നിശ്ചയമായും സാമൂഹ്യമായ പ്രവർത്തനമാണ്.
ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിൽ വ്യത്യസ്ഥ സംസ്കാരങ്ങൾ ഉപയോഗിച്ചിരുന്ന സംഖ്യാസമ്പ്രദായങ്ങളിലെ വൈവിധ്യവും സംഖ്യകളെപ്പറ്റിയുള്ള ധാരണകളിലെ വൈവിധ്യവും ഗണിതത്തിന്റെ സാമൂഹികത വെളിപ്പെടുത്തുന്നുണ്ട് എന്ന് ഷിജു കരുതുന്നു. ഇപ്പോൾ സാർവത്രികമായി ഉപയോഗിക്കുന്ന ദശാംശസംഖ്യകൾ അഥവാ ഇന്തോ-അറബ് സംഖ്യാരീതി താരതമ്യേന പുതുതാണ്. മായൻ സംസ്കാരത്തിലെ അറുപത് അടിസ്ഥാനമാക്കിയുള്ള സംഖ്യാരീതി, ഗ്രീക്ക്ഗണിതത്തിൽ, വിശേഷിച്ചും പൈഥഗോറസ് ഉൾപെടെയുള്ളവർ, സംഖ്യകൾക്ക് കൽപിച്ചിരുന്ന ദിവ്യത്വം എന്നിവ ഗണിതത്തിന്റെ വ്യത്യസ്ഥമായ രൂപങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആധുനിക ഗണിതശാസ്ത്രത്തിൽ സംഖ്യകളുടെ ദിവ്യത്വം പോലുള്ള പരിഗണനകൾ ഇല്ല (സംഖ്യാരീതികളുടെ വിശദമായ ചരിത്രത്തിനായി Georges Ifra (2000) യുടെ A Universal History of Numbers കാണുക). ഷിജുവിന്റെ അഭിപ്രായത്തിൽ ഇത് എണ്ണലിന്റെയും ഗണിതത്തിന്റേയും സാമൂഹികതയും ചരിത്രപരതയും വെളിപ്പെടുത്തു.
എണ്ണലിന്റെ ഭവപരതയും സാമൂഹികതയും ഉറപ്പിക്കുന്നതിന്നായാണ് മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം നിർണ്ണയിക്കുന്നതിനുള്ള പരിശ്രമങ്ങളെപ്പറ്റിയുള്ള സാമൂഹികതാ പഠനങ്ങളെ ഷിജു ഉപയോഗപ്പെടുത്തുന്നത്. സയൻസിന്റെ വസ്തുനിഷ്ഠതയെപ്പറ്റി ആലോചിക്കുന്നതിന്നും ഈ പഠനങ്ങളെ വിനിയോഗിക്കുന്നു.അരിൻ മാർടിൻ, മൈക്കിൾ ലിഞ്ച് എന്നിവരുടെ പഠനങ്ങളെയാണ് ഇവിടെ ഷിജു ആശ്രയിക്കുന്നത്.
ജീവിവർഗ്ഗങ്ങളുടെ (Species) ശരീരകോശങ്ങളിലെ ഡി.എൻ.എ തന്മാത്രകളും ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രകളും ചേർന്ന സഞ്ചയമാണ് ക്രോമസോം. കോശവിഭജനസമയത്താണ് ക്രോമസോമുകൾ കോശങ്ങളിൽ പ്രത്യക്ഷമാവുക. ജീവിവർഗങ്ങൾ അവയുടെ ജനിതകസവിശേഷതകളെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നത് ക്രോമസോമുകൾ വഴിയാണ്. കോശവിഭജനസമയത്ത് ഒരു കോശത്തിൽ പ്രത്യക്ഷമാകുന്ന ക്രോമസോം ഇനങ്ങളുടെ എണ്ണത്തെയാണ് ക്രോമസോംസംഖ്യ എന്നു പറയുന്നത്. ഓരോ ജീവിവർഗ്ഗത്തിന്റേയും ക്രോമസോംഎണ്ണം ഒരു സ്ഥിരസംഖ്യയാണ്. അതായത് സാധാരണഗതിയിൽ ഒരു ജീവിവർഗ്ഗത്തിലെ രണ്ടു ജീവികൾക്ക് രണ്ട് ക്രോമസോംസംഖ്യ ഉണ്ടാകില്ല. മനുഷ്യരുടെ ക്രോമസോംസംഖ്യ 46 ആണ്. ക്രോമസോമുകളെ നേരിട്ട് കാണാൻ കഴിയില്ല. അതുകൊണ്ട് അവയെ കാണുന്നതിനും ഒരു കോശത്തിൽ ഉള്ള ക്രോമസോമുകളുടെ എണ്ണം നിശ്ചയിക്കുന്നതിനും പലതരം സാങ്കേതികവിദ്യകളുടെ സഹായം വേണം. സറ്റാൻലി ഗാർടലെർ (Stanley M. Gartler) നിരീക്ഷിക്കുന്നതു പ്രകാരം, പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലേ തന്നെ ക്രോമസോമുകൾ നിരീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരിലെ ക്രോമസോംസംഖ്യ നിർണ്ണയിക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതലും നടക്കുന്നത് 1890 കളിലാണ്. 1914 ആയപ്പോഴേക്കും ഇക്കാര്യത്തിൽ ഏകദേശം പതിനഞ്ചോളം പഠനങ്ങൾ പുറത്തുവന്നതായും അവ വ്യത്യസ്ത ക്രോമസോംസംഖ്യകൾ കണ്ടെത്തിയതായും ഗാർട്ലർ രേഖപ്പെടുത്തുന്നു. ഈ അന്വേഷണങ്ങൾ പലതരം മാറ്റങ്ങളിലൂടെ കടന്നുപോവുകയും ആയതിന്റെ ഒരു സുപ്രധാനഘട്ടത്തിൽ, 1921 ൽ തിയോഫിലോസ് എസ്. പെയിന്റർ (Painter 1921) കണ്ടെത്തിയ 48 നെ മനുഷ്യരുടെ ക്രോമസോംസംഖ്യയായി ശാസ്ത്രലോകം അംഗീകരിക്കുകയും ചെയ്യുന്നു (Gartler 2006, 664-665). എന്നാൽ 1956-ൽ ജോ ഹിൻ തിജോയും (Jo Hin Tijo) ആൽബർട് ലെവാനും (Albert Levan) നടത്തിയ നിരീക്ഷണത്തിൽ മനുഷ്യരിലെ ക്രോമസോംസംഖ്യ 46 ആണെന്നു ലഭിക്കുന്നു (Levan and Tijo 1956). ഈ പരീക്ഷണഫലം തുടർന്ന് സ്ഥിരീകരിക്കപ്പെടുകയും ശാസ്ത്രലോകം അംഗീകരിക്കുകയും ചെയ്യുന്നു.
ക്രോമസോംസംഖ്യ നിർണ്ണയിക്കുന്നതിനെപ്പറ്റി മാർടിന്റേയും ലിഞ്ചിന്റേയും (Martin 2004; Martin and Lynch 2009) സാമൂഹികതാ പഠനങ്ങളും അവയെ ആശ്രയിച്ച് ഷിജുവും അവതരിപ്പിക്കുന്ന പ്രധാനപ്പെട്ടകാര്യങ്ങൾ ഇനി പറയുന്നവയാണ്. ക്രോമസോംസംഖ്യ നിർണ്ണയിച്ച ഏല്ലാ നിലകളിലും അതായത് എണ്ണലിലും ആയതിന്റെ ഫലത്തെ അറിവായി ഉറപ്പിച്ചെടുക്കുന്ന ജ്ഞാനശാസ്ത്രപ്രവർത്തനത്തിലും അനവധി സാമൂഹികമൂല്യങ്ങൾ ഉൾച്ചേർന്നിരുന്നു. തന്നെയുമല്ല ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ തുല്യമായ നിലയിൽ വസ്തുനിഷ്ഠവുമാണ്. അതുകൊണ്ട് മനുഷ്യരിലെ ക്രോമസോംസംഖ്യ 48 എന്ന് സംസ്ഥാപിച്ചതും പിന്നീട് 46 എന്ന് തിരുത്തിയതും വസ്തുനിഷ്ഠതയുടെ കാര്യത്തിലും ജ്ഞാനശാസ്ത്രപരമായ പരിഗണനകളിലും ഒരേ നിലയിൽ സാധുവായ പ്രവർത്തനങ്ങളാണ്. ക്രോമസോംസംഖ്യയെ ഭവപരമായി ഉറപ്പിക്കുന്നത് എണ്ണൽ എന്ന പ്രക്രിയയാണ്. ഇതിൽ നിന്നും എണ്ണൽ എന്നുള്ളത് ഭവശാസ്ത്രപരവും സാമൂഹികവുമായ പ്രക്രിയയാണെന്നും സയൻസിന്റെ ജ്ഞാനശാസ്ത്രസമീക്ഷകൾ സാമൂഹികമാണെന്നും ഉറപ്പിക്കാം.
2. എണ്ണുന്നതിന്റെ തർക്കശാസ്ത്രം
“ഗണിതം ഭവശാസ്ത്രമാണ്” എന്ന അലൻ ബാദിയോയുടെ പരാമർശത്തെ രേഖപ്പെടുത്തിക്കൊണ്ടാണ് ഷിജുവിന്റെ (2019) ലേഖനം തുടങ്ങുന്നത്. ബാദിയോയുടെ പരാമർശത്തെ തുടർന്ന് വിശദീകരിക്കുകയോ സവിശേഷമായി ഉപയോഗിക്കുകയോ ചെയ്യുന്നില്ല. എങ്കിലും, ഗണിതത്തോടും എണ്ണലിനോട് വിശേഷമായും ഷിജു കൈക്കൊള്ളുന്ന നിലപാടിന്റെ സൂചനയായി ബാദിയോയിൽനിന്നും സ്വീകരിച്ച പരാമർശത്തെ കാണാം. എണ്ണൽ ഭവശാശാസ്ത്രപരമാണ് എന്നതാണ് ഇവിടുത്തെ താല്പര്യം. പക്ഷേ ഭവശാസ്ത്രത്തിലെ ബാദിയോയുടെ നില സന്ദേഹരഹിതമായി നാം ഏറ്റെടുക്കേണ്ടതില്ല. ഭവശാസ്ത്രപരമായ ആലോചനകളുടെ ചരിത്രത്തിലെ പല നിലപാടുകളിൽ ഒന്നു മാത്രമാണ് ബാദിയോയുടേത്. തന്നെയുമല്ല ഗണിതശാസ്ത്രം മാത്രമാണ് ഭവശാസ്ത്രപരമായ വിചാരങ്ങൾക്ക് പര്യാപ്തം എന്ന പിടിവാദത്തിന്റെ ഫലമാണ് ബാദിയോയുടെ നിലപാട്. ബാദിയോയുടെ ഈ നിലപാടിനെയും അതിന്റെ വൈഷമ്യങ്ങളേയും നിസാർ അഹമ്മദ് ഇപ്രകാരം വ്യക്തമാക്കുന്നു: “അതൊരു പിടിവാദമാണെന്നു പറയാൻ കാരണമുണ്ട്. സത്യത്തിന്റെ ഉറവിടമെന്ന നിലയ്ക്കുള്ള (ചിന്തിക്കുന്ന) വിഷയിയുടെ ആനുകൂല്യം നിഷേധിക്കുന്ന അദ്ദേഹം (ബാദിയോ) അതേ വിഷയിയോട് ആപേക്ഷികമായി നില്ക്കുന്ന ഗണിതശാസ്ത്ര യുക്തിയുടെ രീതികൾ ഭവശാസ്ത്രപരമായ അന്വേഷണങ്ങളിൽ ഏറെക്കുറെ പൂർണ്ണമായി അവലംബിക്കാൻ തയ്യാറായി. ഭവശാസ്ത്രപരമായ ഉറവിടങ്ങളെ പിന്തുടരാൻ നാം അവലംബിക്കേണ്ടത് ഗണിതത്തെയാണ്, അതും ഗണസിദ്ധാന്തപരമായിട്ടാണ്, എന്ന മുൻവിധി തത്വചിന്തയ്ക്ക് ഈ മേഖലയിലുള്ള പ്രാഥമ്യം ഉപേക്ഷിക്കാൻ നാം തയ്യാറാവണം എന്ന ആഹ്വാനവുമാണ്” (അഹമ്മദ് 2018). അതിഭവശാസ്ത്രത്തിന്റേയും (meta-ontology) ഗണിതത്തിന്റെ തത്വചിന്തയിലേയും സങ്കീർണ്ണമായ ഒരു വിഷയമാണിത്. ഭവപരമായ ഉൽകണ്ഠകളെ എങ്ങനെ പരിഗണിക്കണം എന്നതുമുതൽ (ഇത് അതിഭവശാസ്ത്രപരമായ കാര്യമാണ്) ഭവം എന്നാൽ എന്താണ് എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇതിലുണ്ട്.[ii] ഇക്കാര്യങ്ങൾ ഷിജു വിശദീകരിക്കുന്നില്ല. പകരം ബാദിയോയുടെ നിലപാടിനെ സന്ദേഹമേതുമില്ലാതെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. എണ്ണൽ ഭവപരമാണ് എന്ന കാഴ്ച്ചപ്പാടിനെ ഉറപ്പിക്കാൻ ബാദിയോ സഹായിക്കുന്നുണ്ട്. പക്ഷേ, ബാദിയോയുടെ നില തന്നെ പ്രശ്നഭരിതമായാൽ അതിൽ നിന്നും നിഷ്പന്നമാകുന്നവയുടെ വിധിയും മറിച്ചാവുകയില്ല. വിമർശരഹിതമായി വിശദീകരണങ്ങളില്ലാതെ നിലപാടുകളെ സ്വീകരിക്കുന്നതിന്റെ കുഴപ്പമാണിത്. ലേഖനത്തെ ആകമാനം ബാധിച്ചിരിക്കുന്ന കുഴപ്പങ്ങളുടെ ഒരു കാരണം വിമർശരഹിതമായ ഇത്തരം കൈക്കൊള്ളലുകളാണ് എന്ന് നമുക്ക് തുടർന്ന് ബോധ്യമാകും.
ഗണിതശാസ്ത്രപരമായി എണ്ണൽ എന്താണ് എന്ന് പരിശോധിക്കേണ്ടത് ഇനിയുള്ള ആലോചനകൾക്ക് അനിവാര്യമാണ്. ഒരു സംഖ്യാപരമ്പരയിലെ (number series) അംഗങ്ങളെ ആയതിന്റെ ക്രമപ്രകാരം അവതരിപ്പിക്കുന്നതിന്നാണ് നാം പൊതുവേ എണ്ണൽ എന്നു പറയുക (Sicha 1970, 405-407). ക്രമബദ്ധതയ്ക്കാണ് ഇവിടെ പ്രാമുഖ്യം. എണ്ണൽസംഖ്യാപരമ്പരയിൽ 0,1,2,3… എന്നതാണ് ക്രമം. ഒന്ന് കഴിഞ്ഞ് മൂന്ന് വന്നാൽ ക്രമം തെറ്റും. എന്നാൽ, ഒറ്റസംഖ്യകളുടെ ശ്രേണിയിൽ ഒന്നിനു ശേഷം മൂന്നാണ് വരേണ്ടത്; അല്ലാതെ രണ്ട് എന്നായാൽ അത് തെറ്റാകും. ഗണിതശാസ്ത്രത്തിൽ ശ്രേണികളുടെ സവിശേഷതകൾ കേവലം ഗണിതപരമാണ്. അതായത് സംഖ്യകളുടെ സവിശേഷതകളും അവകൾ തമ്മിലുള്ള ഗണിതപരമായ ബന്ധങ്ങളും മാത്രമാണ് ഇവിടെ താല്പര്യം. എണ്ണലിനെ സാധ്യമാക്കുന്ന സംഖ്യകളുടെ സംഖ്യകളുടെ തന്മ (Identity). പൂർണ്ണത, ഏകത (Indivisibility) എന്നീ പ്രത്യേകതകളെ പരിഗണിക്കാം.[iii] ഓരോ സംഖ്യയ്ക്കും മറ്റൊന്നിൽ നിന്നും വേറിട്ട് സ്വയമേവ നിലനില്പുണ്ട്. അഥവാ, ഓരോ സംഖ്യയും ഏതൊന്നിനെ കുറിക്കുന്നുവോ അതിനെ മറ്റൊരു സംഖ്യകൊണ്ട് സൂചിപ്പിക്കുവാൻ കഴിയില്ല. കാരണം ഒരോ സംഖ്യയും മറ്റൊന്നിനാൽ പകരം വയ്ക്കാനാകാത്തവിധം സങ്കല്പനപരമായി സ്വയംപൂർണ്ണമാണ്. ഈ പൂർണ്ണത സംഖ്യയ്ക്ക് അതിന്റെ തന്മയിൽ നിന്നും അഥവാ സംഖ്യ എന്നതിന്റെ നിർവചനത്തിൽ നിന്നും ലഭിക്കുന്നതാണ്. തന്നെയുമല്ല ഓരോ സംഖ്യയ്ക്കും സങ്കല്പനപരമായി വിഘടിപ്പിക്കാൻ കഴിയാത്തവിധമുള്ള ഏകതയുണ്ട്. അതായത്. 1, 2 എന്നീ സംഖ്യകളെ പരിഗണിക്കുക. ആദ്യത്തേത് എല്ലായ്പ്പോഴും അടുത്തതിൽ നിന്നും വേറിട്ടുള്ള തന്മയാണ്. ആദ്യത്തേതിനു രണ്ടാമത്തേതോ മറിച്ചോ ഒരുനിലയ്ക്കും പകരമാവുകയില്ല. ഈ സവിശേഷതകൾ സംഖ്യയുടെ നിർവചനത്തിൽ നിന്നും ലഭ്യമാണ്. സംഖ്യയെ ഗണസിദ്ധാന്ത സങ്കലപനങ്ങളുപയോഗിച്ചാണ് (Set theory) നിർവചിക്കുന്നത്. ഇതിലൂടെയാണ് സംഖ്യയ്ക്ക് അതിന്റെ തന്മ ലഭിക്കുന്നത്. ഒരുദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. 2 എന്ന സംഖ്യ പരിഗണിക്കുക. ഇത്, രണ്ട് അംഗങ്ങൾ മാത്രമുള്ള ഏതൊരു ഗണത്തിലേയും അംഗങ്ങളുടെ എണ്ണമാണ്. ഇപ്രകാരം, ഏതൊരു സംഖ്യയും ഏതെങ്കിലും ഗണത്തിലെ ആംഗങ്ങളുടെ എണ്ണമാണ്. ഇങ്ങനെ, ഏതൊരു ഗണത്തിന്റെയും അംഗങ്ങളുടെ എണ്ണമായി വർത്തിക്കുന്നതെന്താണോ (Cardinality) അതിന്നെയാണ് നാം സംഖ്യ എന്നു പറയുന്നത്. അതുകൊണ്ട്, 2 എന്നത് സംഖ്യ എന്നതിന്റെ പ്രതിനിധാനവും (Instantiation) ഉദാഹരണവുമാണ്. രണ്ടു പെൻസിൽ എന്നതാകട്ടെ രണ്ട് എന്ന സംഖ്യയുടെ ഒരു പ്രതിനിധാനമാണ്. ഏതൊരു സംഖ്യക്കും അനന്തമായ പ്രതിനിധാനങ്ങൾ സാധ്യമാണ്. രണ്ട് പെൻസിൽ എന്നത് 2 എന്ന സംഖ്യയുടേയും, 2 എന്നത് സംഖ്യയുടേയും ഒരോ പ്രതിനിധാനങ്ങളാണ്. സങ്കല്പനപരമായ ഈ വ്യത്യാസങ്ങൾ ഇനിയുള്ള ആലോചനകളുടെ മുൻനിലമയാണ്. (മേല്പറഞ്ഞ കാര്യങ്ങൾ വിശദമായി പരിചയപ്പെടുന്നതിനു Russell 1920, Ch1, Ch2 കാണുക).
ഇതുവരെ പരിചയപ്പെട്ടത് ഗണിതത്തിലെ കാര്യങ്ങളാണ്. ഇവ ഏതൊരു ഭാഷയും സാമൂഹികമാണ് എന്ന നിലയിൽ സാമൂഹികവുമാണ്. അല്ലാതുള്ള യാതൊരു സാമൂഹികമൂല്യവും ഇതിൽ പ്രവർത്തിക്കുന്നില്ല. വസ്തുക്കളെ എണ്ണുന്നത് (Counting objects) മേല്പറഞ്ഞതിൽ നിന്നും വ്യത്യാസമുള്ള പ്രവർത്തനമാണ്[iv]. വസ്തുക്കളെ എണ്ണുമ്പോൾ, വസ്തു എന്ന നിലയ്ക്ക് പരിഗണിക്കുന്നവയുടെ ഗണത്തിലുള്ള അംഗങ്ങളുടെ എണ്ണം ഏത് സംഖ്യയുടെ പ്രതിനിധാനമാണ് എന്ന് കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. ഉദാഹരണത്തിന്, മനുഷ്യരിലെ ക്രോമസോം എന്ന ഗണത്തിലെ അംഗങ്ങളുടെ എണ്ണം 46 എന്ന സംഖ്യയുടെ പ്രതിനിധാനമാണ് എന്നാണ് ക്രോമസോമുകളെ എണ്ണിയപ്പോൾ നാം തിട്ടപ്പെടുത്തിയത്. 10B ക്ലാസ്സിലെ ഹാജർ 46 എന്ന് പറയുമ്പോൾ ആ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 46 എന്ന സംഖ്യയുടെ പ്രതിനിധാനമാണ് എന്നാണ് നാം കണ്ടെത്തുന്നത്. ഗണിതശാസ്ത്രപരമായി വളരെ പ്രാഥമികവും ലളിതവുമായ കാര്യമാണ് എണ്ണൽ എന്നത്. എന്നാൽ ഒരു ഗണത്തിലെ അംഗങ്ങളെ വ്യതിരിക്തമായി അടയാളപ്പെടുത്തുക എന്നത് ശ്രമകരമാണ്. എണ്ണപ്പെടാനുള്ള വസ്തുവിന്റെ തന്മയും ഏകതയും എണ്ണലിന്റെ മുന്നുപാധികളാണ്. മറ്റൊന്നിൽ നിന്നും വേർതിരിച്ചറിയാൻ സാധ്യമല്ലാത്തവയെ എണ്ണാൻ കഴിയില്ല. സംഖ്യകളുടെ ഉണ്മ, തനിമ, സ്വയംപൂർണ്ണത എന്നിവ ഗണിതശാസ്ത്രത്തിൽ നിർവചനപ്രകാരവും സ്വയംസിദ്ധതത്വപ്രകാരവും (Axioms) ലഭ്യമാണ്. അതുകൊണ്ട് എണ്ണൽ എന്നത് അതിൽ സംഖ്യകളെ ഗണപ്പെടുത്തുന്ന നിയമങ്ങളുടെ പരിചാലനവും (operation) പരിപാലനവുമാണ്. എണ്ണലല്ല എണ്ണുന്നവയെ ഭവപ്പെടുത്തുന്നത്. വ്യതിരിക്തമായി സ്വയം പൂർണ്ണതയോടെ ഉണ്ടായിരിക്കുക എന്ന എണ്ണലിന്റെ പൂർവ്വനിലയുടെ സംസ്ഥാപനമാണ് ഭവപരമായ വിവക്ഷകൾ ഉള്ള പ്രവർത്തനം.
ഷിജുവിനും ഷിജു ആശ്രയിക്കുന്ന സാമൂഹികതാ പഠിതാക്കൾക്കും സംഭവിച്ച ഒരു പ്രമാദം എണ്ണൽ എന്ന ഗണിതക്രിയയും എണ്ണൽ എന്ന സാമൂഹ്യക്രിയയും (വസ്തുക്കളെ എണ്ണുന്നതുൾപ്പെടെ) തമ്മിൽ സങ്കല്പനപരമായും പ്രവർത്തനപരമായും ഉള്ള വ്യത്യാസങ്ങൾ വിശകലനത്തിൽ പരിഗണിച്ചില്ല എന്നതാണ്. മാത്രവുമല്ല, ഏത് നിലയിലെ എണ്ണലിന്നും അനിവാര്യമായ പൂർവ്വനിലകളെ നിശ്ശേഷം അവഗണിക്കുകയും ചെയ്തു. വസ്തുക്കളെ എണ്ണുമ്പോൾ, എണ്ണപ്പെടുന്നതിന്റെ പ്രതിഷ്ഠാപനം സങ്കീർണ്ണമായ കാര്യമാണ്. വസ്തുക്കളെ എണ്ണുന്നതിന്ന് മുന്നോടിയായി എണ്ണടുന്നതിനെ തിരിച്ചറിഞ്ഞ് തന്മാപരമായി പ്രതിഷ്ഠിക്കണം. ഒരോ വസ്തുവിനേയും അതല്ലാത്തവയിൽ നിന്നും വേർതിരിക്കണം. അവകളെ ഒരു ഗണമായി അല്ലെങ്കിൽ ഒരേ ഇനമായി പരിഗണിക്കുമ്പോൾ ആ ഇനത്തിലുൾപ്പെട്ടവയെ പരസ്പരം വേർതിരിക്കാനും സാധിക്കണം.[v] ക്രോമസോമിന്റെ ഉദാഹരണം പരിഗണിക്കുക. ക്രോമസോം എന്നതിനെ ഭവപരമായി പരിഗണിക്കുക എന്നതാണ് ആദ്യപടി. ഈ പരിഗണന മിക്കവാറും സൈദ്ധാന്തികമായി ലഭിക്കും. ഇപ്രകാരം പരിഗണിക്കപ്പെട്ടതിനെ തന്മാപരമായി പ്രതിഷ്ഠിക്കണം. അതായത് പരീക്ഷണനിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ക്രോമസോം ഉണ്ട് എന്ന് സ്ഥാപിക്കണം. അതിന്നു ശേഷം ക്രോമസോമുകളെ പരസ്പരം വേർതിരിക്കാനും അവയെ ക്രോമസോം അല്ലാത്തതിൽ നിന്നും വേർതിരിക്കാനും കഴിയണം. ഇത്രയും കാര്യങ്ങൾ സാധിക്കുമ്പോൾ മാത്രമാണ് ക്രോമസോമുകളെ എണ്ണാൻ കഴിയുക. മേല്പറഞ്ഞ ഓരോ ഘട്ടത്തിലും ജ്ഞാനശാസ്ത്രപരവും സാമൂഹ്യവുമായ അനേകം മൂല്യങ്ങൾ ഇടപെടുന്നുണ്ട്. സയൻസിന്റെ പ്രവർത്തനത്തിന്റെ എക്കാലത്തേയും രൂപം തന്നാണിത്.
എണ്ണലിന്ന് സവിശേഷമായി ഭവപരമായ വിവക്ഷകൾ ഇല്ല.[vi] ഷിജുവും മറ്റും സൂചിപ്പിക്കുന്ന ഹാജരെടുക്കൽ പ്രക്രിയ പരിഗണിക്കുക. ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് വർഗീകരണത്തിലൂടെയുള്ള ഗണവൽക്കരണവും തന്മാരൂപീകരണവുമാണ്. ഈ പ്രവർത്തനം പ്രാഥമികമായി വർഗ്ഗീകരണമാണ് എണ്ണലല്ല. ഉദാഹരണത്തിന്, 10B ക്ലാസ്സിലെ കുട്ടികൾ എന്ന തന്മ ഉണ്ടായിരിക്കുകയും ആയതിനെ മറ്റു ക്ലാസ്സുകളിൽ നിന്നും വ്യത്യാസപ്പെടുത്തിയിരിക്കുകയും ചെയ്യേണ്ടത് 10B ക്ലാസ്സിൽ ഹാജരെടുക്കുന്നതിന്റെ പൂർവ്വകല്പനകളാണ്. 10B ക്ലാസ് എന്ന ഗണത്തിലെ അംഗങ്ങളുടെ ആകെ എണ്ണം തിട്ടപ്പെടുത്തൽ മാത്രമാണ് പിന്നീട് ഹാജരെടുക്കൽ എന്ന എണ്ണലിൽ സംഭവിക്കുന്നത്. പ്രസ്തുത ഗണത്തിലെ (10B) എല്ലാ അംഗങ്ങളും സന്നിഹിതരാണോ, അല്ലാത്തവർ ആരെല്ലാമാണ് എന്നൊക്കെ അറിയലും ഹാജരെടുക്കലിന്റെ താല്പര്യമാണ്. ഇതൊന്നും എണ്ണൽ എന്ന കേവലപ്രക്രിയുടെ സവിശേഷതയല്ല. എണ്ണലിൽ നിന്നും കിട്ടാവുന്ന ഉപയോഗങ്ങളാണിവ. ഇവയാകട്ടെ പ്രയോഗത്തിന്റെ സാമൂഹികസന്ദർഭവും ലക്ഷ്യവുമനുസരിച്ച് മാറുന്നു.
ഒന്നിലധികം വസ്തുക്കളിൽ സാജാത്യത ആരോപിച്ച് ഒരേ ഗണമായി പരിഗണിക്കുന്ന പ്രക്രിയയാണ് വർഗ്ഗീകരണം (Classification). സംഖ്യകളെ ഒറ്റയെന്നും ഇരട്ടയെന്നും തിരിക്കുന്നത് വർഗ്ഗീകരണത്തിന്റെ ഉദാഹരണമാണ്. ഗണിതത്തിലേക്കാൾ സങ്കീർണ്ണമാണ് ലോകത്തെ കാര്യങ്ങൾ. സാജാത്യത ആര്, എങ്ങനെ, എന്തിന്നായി തീരുമാനിക്കുന്നു എന്നതിന്നനുസരിച്ച് വർഗീകരണം മാറും. വർഗ്ഗീകരണത്തിന് ഭവപരമായ വിവക്ഷകൾ ഉണ്ട്. വിശദീകരണത്തിന്നായി, അഭയാർത്ഥി എന്ന സങ്കല്പനം പരിഗണിക്കാം. അഭയാർത്ഥി എന്ന് ആളുകളെ വർഗീകരിക്കുന്നതോടെ ഭവപരമായി അഭയാർത്ഥി ഉണ്ടാകുന്നു. പലനിലയ്ക്കുള്ള ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് “അഭയാർത്ഥി”ഉണ്ടാകുന്നത്. എന്നാൽ, അഭയാർത്ഥി എന്ന നിലയ്ക്ക് മനുഷ്യരെ തിരിക്കുന്നതോടെയും അപ്രകാരം തിരിച്ചറിഞ്ഞ് ആ വാക്കിനെ ഉപയോഗിക്കുന്നതിലൂടെയും മാത്രമാണ് ഭവപരമായി അഭയാർത്ഥി ഉണ്ടാകുന്നത് (Hacking 1999, Ch1, 32-42). വർഗ്ഗീകരണത്തെ എണ്ണലായി പരിഗണിക്കുന്ന പ്രമാദം ഷിജുവിലും കാണാവുന്നതാണ്. എണ്ണൽ എന്ന വാക്കിന്റെ വിവിധ അർത്ഥങ്ങൾ വേർതിരിക്കാതെ ഉപയോഗിച്ചതും പ്രമാദത്തിന്ന് ആക്കം കൂട്ടി. “പത്തുവരെ എണ്ണുന്നതിന്നു മുമ്പ് സ്ഥലം കാലിയാക്കിക്കൊള്ളണം, അവനെയൊന്നും എണ്ണിയിട്ടില്ല” എന്നീ പ്രയോഗങ്ങളിൽ എണ്ണൽ എന്നതിന്റെ അർത്ഥവ്യത്യാസം ശ്രദ്ധിക്കുക. ആദ്യത്തേത് സമയത്തെ കുറിക്കാൻ ഉപയോഗിക്കുന്നു. (അതൊരു ഭീഷണിയാണെന്നും കാണാം!) രണ്ടാമത്തേത് വർഗീകരണമാണ്. മാർബിൾ എണ്ണുന്നതിനെപറ്റി മാർടിനും ലിഞ്ചും പറയുന്നതു നോക്കാം. “Even a straightforward case of counting marbles can be a source of contention, such as when children competitively tally results in a game: Which marbles count as “yours” or “mine”? Which marbles are within a boundary that allows them to count in a score? Often, a struggle is required to make recalcitrant objects docile enough to be counted” (Martyn and Lycnh 2004, 245). എന്റേത് നിന്റേത് എന്ന് മാർബിളിനെ എങ്ങനെ തിരിക്കും എന്നതാണ് ചോദ്യമെങ്കിൽ അത് വർഗീകരണമാണ്, എണ്ണലല്ല. ഈ പ്രശ്നത്തെ ഷിജു ഇങ്ങനെ അവതരിപ്പിക്കുന്നു: “മഞ്ചാടിക്കുരുക്കളോ വെള്ളാരങ്കല്ലുകളോ എണ്ണുമ്പോൾ എന്താണ് എണ്ണപ്പെടുന്നത് എന്ന് തീരുമാനിക്കുന്നത് അത്ര എളുപ്പമല്ല. എണ്ണലിന്‍റെ ഉദ്ദേശ്യം, എണ്ണപ്പെടാൻ യോഗ്യതയുള്ള മാത്രകൾ (elements), അവ പ്രതിനിധീകരിക്കുന്ന ഇനം (category) എന്നീ കാര്യങ്ങളിൽ വ്യക്തത വരുന്നത് എണ്ണുമ്പോൾ മാത്രമാണ്: എണ്ണലിലൂടെയാണ് മാത്രകൾ വ്യതിരിക്തമായ തന്മയെ ആർജിക്കുന്നത്. അവ ഓരോന്നും അങ്ങനെ എണ്ണത്തിൽ ഒന്നിനെ വീതം പ്രതിനിധീകരിക്കുന്നു. ചിലവ എണ്ണപ്പെടാൻ യോഗ്യതയില്ലാതെ പുറത്താക്കപ്പെടുന്നു (‘discounting’). നമ്മുടെ ശരീരം ഉപയോഗിച്ചാണ് നമ്മൾ എണ്ണുന്നത്: തൊട്ടും, മണപ്പിച്ചും, കണ്ടും, കേട്ടുമാണ് എണ്ണുന്നത്” (ഷിജു 2019). മഞ്ചാടിയേയും വെള്ളാരംകല്ലിനേയും വേർതിരിക്കാനുള്ള പ്രയാസം എന്താണെന്നോ ഇവയെ ഇടകലർത്തി എണ്ണുമ്പോൾ എന്തിന്നെയാണ് എണ്ണുന്നത് എന്ന് നിശ്ചയിക്കാനുള്ള പ്രയാസം എന്താണെന്നോ വ്യക്തമല്ല. എന്റേത് നിന്റേത് എന്നെണ്ണുന്നതാണ് വിഷയമെങ്കിൽ അത് വർഗീകരണം അഥവാ തരംതിരിക്കലാണ്. മാർടിനും ലിഞ്ചും “counting” എന്ന് ഉപയോഗിക്കുന്നത് പരിഗണിക്കൽ എന്ന അർത്ഥത്തിലാണെന്നത് വ്യക്തമാണ്. Her opinion does not count; (അവളുടെ അഭിപ്രായം എണ്ണിയില്ല) എന്ന വാചകത്തിലെ count ഉം She was counting the mangoes in the basket (അവൾ കൂടയിലെ മാങ്ങകളെ എണ്ണുകയായിരുന്നു) എന്നതിലെ counting ഉം വേവ്വേറെ കാര്യങ്ങളാണ്. വർഗീകരണവും എണ്ണലും തമ്മിലുള്ള വ്യത്യാസം സൂക്ഷിക്കാത്തതിന്റെ കുഴപ്പമാണ് ഇവിടെ കാണുന്നത്.
വർഗീകരണം, വസ്തുക്കളെ എണ്ണൽ എന്നീ കാര്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മാർടിനും ലിഞ്ചും പരിഗണിക്കുന്നുണ്ട്. “Counting As: Enumeration as Clasification” എന്ന തലക്കെട്ടിലാണ് ക്രോമസോംസംഖ്യയെക്കുറിച്ചുള്ള പഠനങ്ങളെ അവർ അവതരിപ്പിക്കുന്നത്. പക്ഷേ, സങ്കല്പനപരമായ ഈ വ്യത്യാസങ്ങളെ വിശകലനത്തിൽ അവർ അവഗണിക്കുന്നു. ഇതിന്നു കാരണം ഭവശാസ്ത്രപരമായ മുൻധാരണകളോ സയൻസിന്റെ പ്രവർത്തനത്തപ്പറ്റിയുള്ള മുൻധാരണകളോ ആകാം. ഷിജുവിന്റെ കാര്യത്തിലാണെങ്കിൽ എണ്ണാൻ പഠിക്കുന്നതും, എണ്ണുന്നതും തമ്മിലുള്ള വ്യത്യാസങ്ങളെ പരിഗണിക്കാതിരുന്നതും വിനയായി. ചുരുക്കിപ്പറഞ്ഞാൽ, ഷിജുവും കൂട്ടരും വാദിക്കുന്നതുപോലെ എണ്ണൽ എന്നത് പ്രാഥമികമായി ഭവപരമായ പ്രവർത്തനമല്ല. എന്നാൽ വർഗീകരണവും മററ് ജ്ഞാനശാസ്ത്രപ്രവർത്തനങ്ങളും ഭവപരമായ വിവക്ഷകൾ ഉള്ളതാണ്. വസ്തുക്കളെ എണ്ണുന്നതിന്ന് അനിവാര്യമായും വേണ്ട പൂർവ്വനിലകളിലാണ് ഷിജുവും കൂട്ടരും പരിഗണിക്കുന്ന തരത്തിൽ മൂല്യങ്ങളുടെ ഇടപെടൽ സംഭവിക്കുന്നത്. ഇതിന്ന് ഭവപരമായ വിവക്ഷകൾ ഉണ്ട്. പക്ഷേ, തത്വചിന്തയിൽ ഇതൊരു പുതിയ വാർത്തയേ അല്ല.
3. വസ്തുനിഷ്ഠതയും സാമൂഹികതയും
വസ്തുനിഷ്ഠത (Objectivity), സത്യം (Truth) തുടങ്ങിയവ ലോകത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന സങ്കല്പനങ്ങൾ അല്ല. ഇവ മനുഷ്യരുടെ പ്രവർത്തനത്തേയും അതിന്റെ വിവരണത്തേയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കല്പനങ്ങളിൽ ചിലതാണ്. ഇത്തരം പദങ്ങളുടെ ഒരു സവിശേഷതയാണ് ആർത്ഥികമായ ആരോഹണം (Semantic Ascent) (ക്വയിൻ 1960, 249-254; Hacking 1999, 22). അർത്ഥത്തിന്റേതായ വേറൊരു നിലയിൽ ആണ് ഈ വാക്കുകൾ പ്രവർത്തിക്കുന്നത് എന്നാണ് ആർത്ഥിക ആരോഹണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വസ്തുക്കളല്ല വാക്കുകളാണ് ഈ സങ്കല്പനങ്ങളുടെ പ്രവർത്തകേന്ദ്രം. ശാസ്ത്രമടക്കമുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രം വസ്തുക്കളാണ്. ഉദാഹരണത്തിനു ഫിസിക്സിന്റെ പ്രവർത്തനകേന്ദ്രം ഭൗതികലോകമാണ്, സമൂഹമാണ് സാമൂഹികതാ പഠനങ്ങളുടെ കേന്ദ്രം. നാം വിവരണപരമായി ലോകത്തെ (സമൂഹ്യലോകത്തേയും) പരിഗണിക്കുമ്പോൾ അത് പ്രവർത്തനത്തിന്റെ ഒന്നാം നിലയാണ്. പ്രവചനശേഷി (Predictive power), വിശദീകരണക്ഷമത (Explanatory power) തുടങ്ങിയ വാക്കുകൾ ഈ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നു. ഇത്തരത്തിൽ, മനുഷ്യരുടെ ഇടപെടലുകളുടെ ഒന്നാം നിലയാണ് ശാസ്ത്രം എങ്കിൽ അതിനെ വിലയിരുത്തുന്ന രണ്ടാം നിലയിലാണ് ആരോഹണ വാക്കുകൾ പ്രവർത്തിക്കുന്നത്. ശാസ്ത്രത്തിലെ ചർച്ചകളിൽ, വിശേഷിച്ചും പ്രകൃതിശാസ്ത്രങ്ങളിൽ (Natural Sciences), ആയതിന്റെ പ്രയോക്താക്കൾ ഉപയോഗിക്കുന്ന പ്രാഥമിക സങ്കല്പനങ്ങൾ അല്ല വസ്തുനിഷ്ഠത, സത്യം എന്നിവ. ക്രോമസോംസംഖ്യ നിർണ്ണയിക്കുന്നതിന്നായുള്ള പരിശ്രമങ്ങളെ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. പെയിന്ററുടെ പരീക്ഷണങ്ങളെ മറ്റുള്ളവർ വിമർശിക്കുന്നത് അതിലെ വസ്തുനിഷ്ഠതയുടെ കുറവുകൊണ്ടല്ല. ലെവിനും തിജോയും അവരുടെ പരീക്ഷണഫലം അവതരിപ്പിക്കുമ്പോൾ വസ്തുനിഷ്ഠതയെപ്പറ്റി പറയുന്നേയില്ല. ക്രോമസോംസംഖ്യയുടെ നിർണ്ണയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെ ഒരു ഘട്ടത്തിലും ശാസ്ത്രജ്ഞർ വസ്തുനിഷ്ഠതപോലുള്ള സങ്കല്പനങ്ങളെ പരിഗണിക്കുന്നില്ല. ക്രോമസോംസംഖ്യ 48 എന്നെണ്ണിയ പെയിന്ററുടെ പഠനങ്ങൽ(1921, 1923), അതിനെ 46 എന്നു തിരുത്തിയ തിജോയും ലെവാനും (1956) ചേർന്നു നടത്തിയ പഠനം, ഇതിനെ ആവർത്തിക്കാൻ ഫോർഡും ഹാമേർടോണും (Ford and Hamerton 1956) ചേർന്ന് നടത്തിയ പഠനം എന്നിവകളിലൊന്നും വസ്തുനിഷ്ഠത ഒരു വിഷയമായിരുന്നില്ല. താന്താങ്ങളുടെ പരീക്ഷണമാതൃകയുടേയും ഉപയോഗിക്കുന്ന ഉപകരണങ്ങളുടേയും മേന്മ, സൈദ്ധാന്തികമാതൃകയുടെ സാധുത തുടങ്ങിയ ജ്ഞാനശാസ്ത്രപരമയ പരിഗണനകളാണ് ഒരോരുത്തരും മുന്നോട്ട് വയ്ക്കുന്നത്.[vii] വസ്തുനിഷ്ഠത പോലുള്ള സങ്കല്പനങ്ങളാകട്ടെ ശാസ്ത്രപ്രവർത്തനത്തിന്റെ പൂർവ്വനിലയിൽ സ്വീകരിക്കുന്ന ഒരു മൂല്യമാണ്. ഇവ ചരിത്രപരവുമാണ്. (വസ്തുനിഷ്ഠതയുടെ ചരിത്രത്തെക്കുറിച്ചറിയാൻ Daston and Galison 2007 കാണുക). അതായത്, ശാസ്ത്രപ്രവർത്തനങ്ങളെ അതിന്റെ പ്രവർത്തനക്ഷേത്രത്തിൽ നിന്ന് വിലയിരുത്താൻ വസ്തുനിഷ്ഠതാദി പരിഗണനകൾ പര്യാപ്തമല്ല.
സയൻസിന്റെ ജ്ഞാനശാസ്ത്രപരമായ പ്രവർത്തനങ്ങളിൽ സാമൂഹികമായ മൂല്യങ്ങൾ ഇടകലരുന്നുണ്ട് എന്നത് ഇന്നും പ്രസക്തമായ ഒരു പഴയ വാർത്തയാണ്. ഉദാഹരണത്തിന്ന്, ഭവപരത നിർണ്ണയിക്കുന്നതിന്നായി കാർണാപ് (1950) നിർദ്ദേശിക്കുന്ന ഭാഷാസ്വരൂപങ്ങളുടേയോ (Linguistic frameworks), കുഹ്നിന്റെ (1962) വിചാരമാതൃകകളുടേയോ (Paradigm) തിരഞ്ഞടുപ്പുകൾ ജ്ഞാനശാസ്ത്രപരമായ പരിഗണനകളാൽ മാത്രം സംഭവിക്കുന്നവയല്ല. ഒരേ വിചാരമാതൃകയുടെ ഉള്ളിലും സിദ്ധാന്തങ്ങളുടെ തിരഞ്ഞെടുപ്പിൽ മുതൽ പരീക്ഷണമാതൃകയുടെ പരിഗണനകളിൽ വരെ ജ്ഞാനേതരമായ മൂല്യങ്ങൾ ഇടപെടുന്നുണ്ടെന്ന് കാണാം (കുഹ്ൻ 1977; വർഗീസ് 2019). ഇക്കാരണങ്ങളിൽ നിന്നും സയൻസിന്റെ ഭവപരവും ജ്ഞാനശാസ്ത്രപരവുമായ നിർമ്മിതികൾ മറ്റേതൊരു നിർമ്മിതിപോലെയുമാണെന്ന വിശ്വാസത്തിലേക്ക് ആളുകൾ എത്താറുണ്ട്. എല്ലാ പ്രവർത്തനങ്ങളും സാമൂഹികമാണെന്നും അതുകൊണ്ട് സയൻസും കപടശാസ്ത്രവും തമ്മിലുള്ള വേർതിരിവുകൾ അസാധ്യമാണെന്നും, ഇതരജ്ഞാനമാതൃകകൾക്ക് സയൻസിനോളം തന്നെ സാധുതയുണ്ടെന്നും വാദങ്ങളുണ്ട്. ഷിജു ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നില്ല. അവയെ നിരാകരിക്കുന്നുമുണ്ട്. പക്ഷേ, ഷിജുവിന്റെ വിശകലനങ്ങൾക്കും തൊട്ടുമുന്നെ സൂചിപ്പിച്ച അന്ത്യത്തിൽ നിന്നും മോചനമില്ല. ശാസ്ത്രവും കപടശാസ്ത്രവും തമ്മിൽ വേർതിരിക്കുന്നതിലെ ഷിജുവിന്റെ പരിമിതികളെ ശ്രദ്ധിച്ചാൽ ഇത് ബോധ്യമാകും. സാമൂഹികതയിൽ മാത്രം ഊന്നുന്നതുകൊണ്ട് ശാസ്ത്രത്തിന്റെ ആന്തരികജനാധിപത്യം, വിമർശാവബോധം എന്നീ കര്യങ്ങളെയാണ് ശാസ്ത്രവും കപടശാസ്ത്രവും വേർതിരിക്കുന്നതിന്ന് ഷിജു ആശ്രയിക്കുന്നത് (ഷിജു 2018a; 2018b). എന്നാൽ ശാസ്ത്രവും കപടശാസ്ത്രവും തമ്മിൽ വേർതിരിക്കുന്നതിന്ന് മേല്പറഞ്ഞ പരിഗണനകൾ താർക്കികമായി പര്യാപ്തമല്ല. ജ്യോതിശാസ്ത്രം പോലെ ജ്യോതിഷവും, പരിണാമസിദ്ധാന്തം പോലെ സൃഷ്ടിവാദവും ആന്തരികജനാധിപത്യവും വിമർശാവബോധവും താർക്കികമായി നിവർത്തിക്കുന്നുണ്ട്. കപടശാസ്ത്രസമീക്ഷകളെ അവയുടെ ചരിത്രത്തിൽ പരിശോധിക്കാത്തതുകൊണ്ടാണ് മറിച്ചു തോന്നിയത് (Ruse 1998; Lauden 1998 എന്നിവ കാണുക). സയൻസിന്റെ ജ്ഞാനശാസ്ത്രരൂപങ്ങളെയും അതിന്റെ സാമൂഹികതയെപ്പറ്റിയുമുള്ള ലളിതധാരണകളാണ് മേല്പറഞ്ഞ നിഗമനത്തിലേക്കുള്ള ഉപാധിയായി വർത്തിച്ചത്. സയൻസിനെ അതിന്റെ സങ്കീർണ്ണതയിൽ പരിഗണിക്കാതുള്ള ആലോചനകളുടെ താർക്കികമായ അന്ത്യമാണ് ഇത്. ഇതിന്നർത്ഥം, സയൻസിന്റെ വ്യതിരിക്തത മനസ്സിലാക്കാൻ സാധിക്കില്ല എന്നല്ല. സാമൂഹികതാപഠനങ്ങൾ തനിയെ അതിനു ഉപകരിച്ചേക്കില്ല എന്നാണ്. സയൻസിനെ അതിന്റെ സങ്കീർണ്ണതയിൽ മനസ്സിലാക്കാനുള്ള ശ്രമങ്ങളും, സങ്കല്പനപരമായുള്ള ജാഗ്രതയുമാണ് ഇവിടെ ആവശ്യം. സങ്കല്പനപരമായ സങ്കീർണ്ണതകൾ മനസ്സിലാക്കുന്നതിന്ന് തത്വചിന്തയുടെ ആലോചനകൾ ഉപകരിക്കുന്നവയാണ്[viii]. സങ്കല്പനപരമായ ഏതൊരു കാര്യത്തിലും എന്ന പോലെ, ശാസ്ത്രത്തിന്റെ കാര്യത്തിലും സാമൂഹികത അതിന്റെ ഒരു നിലയാണ്. സാമൂഹികതയിൽ മാത്രം ശ്രദ്ധിക്കുന്ന സമീപനം ഒരു എളുപ്പവഴിയാണ്. ശാസ്ത്രത്തിന്റെ കാര്യത്തിലും ഭവശാസ്ത്രപരമായ വിഷയത്തിലും എളുപ്പവഴിയിൽ ചരിക്കുന്നു എന്നതാണ് “ക്രോമസോമുകളെ എണ്ണുന്നതിലും” ആ നിലയിലുള്ള മറ്റ് ആലോചനകളുടേയും ദോഷം. പാതിസത്യമായിരിക്കുമ്പോഴും അവ അസ്വീകാര്യമായ നിലകളിലേക്ക് എപ്പോൾ വേണമെങ്കിലും വഴുതിവീഴാം. അതിനാൽതന്നെ ആ നിലപാടിനെ വിമർശിക്കേണ്ടി വരുന്നു.
കടപ്പാട്.
ക്രോമസോമുകളുടെ സയൻസ് വിശദീകരിച്ചു തന്നതിലും സാങ്കേതിക കാര്യങ്ങളിലെ സംശയങ്ങൾ നീക്കിയതിനും ഭാഗ്യശ്രീ രവീന്ദ്രനോടുള്ള (ഗവേഷക, സസ്യശാസ്ത്രവിഭാഗം, കാസർഗോഡ് കേന്ദ്രസർവ്വകലാശാല) കടപ്പാട് സ്നേഹപൂർവ്വം രേഖപ്പെടുത്തുന്നു.
References
Boudry, Maarten and Massimo Pigliucci. 2017. Science Unlimited? The Challenges of Scientism. Chicago: The University of Chicago Press
Carnap, Rudolf. 1950. “Empiricism, semantics, and ontology.” Revue Internationale de Phi- losophie 11 (1950): 208–228. https://www.jstor.org/stable/23932367
Daston, Lorraine and Peter Galison. 2007. Objectivity, New York: Zone Books
Ford , C.E. and J.L. Hamerton 1956. The Chromosome of Man. Nature Vol. 17b, 1020-1023
Fischer M.H and Shaki S. 2018. Number concepts: abstract and embodied. Philosophical Transactions of Royal Society. B 373: 20170125. http://dx.doi.org/10.1098/rstb.2017.0125
Hacking, Ian, 1983. Representing and Intervening. Cambridge: Cambridge University Press.
Hacking, Ian. 1999. Why ask What? in The Social Construction of What? Cambridge: Cambridge University Press
Harper, Peter S. 2006. The discovery of the human chromosome number in Lund, 1955–1956 Hum Genet 119: 226–232 DOI 10.1007/s00439-005-0121-x
Horsten, Leon. 2019. Philosophy of Mathematics, The Stanford Encyclopedia of Philosophy (Spring 2019 Edition), Edward N. Zalta (ed.), URL = <https://plato.stanford.edu/archives/spr2019/entries/philosophy-mathematics/>.
Kuhn, Thomas. 1962 [1996]. The Structure of Scientific Revolution. Chicago: University of Chicago Press
Kuhn, Thomas. 1977. Objectivity, Value Judgment, and Theory Choice in The Essential Tension Chicago: University of Chicago Press. 320-339
Kottler, Malcom Jay. 1974. From 48 To 46: Cytological Technique, Preconception, And The Counting Of Human Chromosomes. Bulletin of the History of Medicine, Vol. 48, No. 4 (WINTER, 1974), pp. 465-502 URL: https://www.jstor.org/stable/44450164
Laudan, Larry. 1998. Commentary: Science at the Bar—Causes for Concern in Martin J. Curd and J.A. Cover (Eds.) Philosophy of Science Central Issues, New York: W.W. Norton and Company. 48-53
Martin, Aryn. 2004. Can’t Anybody Count? Counting as an Epistemic Theme in the History of Human Chromosomes, Social Studies of Science 34(6): 923-948.
Martin, Aryn and Michael Lynch. 2009. Counting Things and People: The Practices and Politics of Counting, Social Problems 56(2): 243-266.
Painter, Theophilus S. 1921. The Y Chromosome in Mammals, Nature Science VOL.LIII. NO.1378
Painter, Theophilus S. 1923. The Spermatogenesis of Man,The Jorunal For Experimental Zoology. VOL. 37, NO. 3, 291-236
Pigliucci, Massimo and Maarten Boudry. 2013. Reconsidering the Demarcation Problem: The Philosophy of Pseudoscience, Chicago: The University of Chicago Press
Quine W.V. 1960. Word and Object, Massachusetts: MIT Press
Quine, W .V . 2004. On What There in Roger F. Gibson, Jr. (Ed) Quintessence, Cambridge: The Belknap Press of Harvard University Press
Ruse, Michael. 1998. Creation-Science Is Not Science in Martin J. Curd and J.A. Cover (Eds.) Philosophy of Science Central Issues, New York: W.W. Norton and Company. 38-47
Sicha, Jeffrey F. 1970. Counting and the Natural Numbers. Philosophy of Science, Vol. 37, No. 3 (Sep., 1970), 405-416
Thomas, Jolly. 2019. Resolving Scheffler and Chomsky’s Problems on Quine’s Criterion of Ontological Commitments. Journal of Indian Council of Philosophical Research, Volume 36, Issue 2, 229–245
Varghese, Joby. 2019. Philosophical import of non‐epistemic values in clinical trials and data interpretation. History and Philosophy of the Life Sciences (2019) 41:14 https://doi.org/10.1007/s40656-019-0251-4
Wittgenstein, Ludwig. 2009, Philosophical Investigations translated by G. E. M. Anscombe, P. M. S. Hacker and Joachim Schulte, Oxford: Blackwell, Revised 4th edition by P. M. S. Hacker and Joachim Schulte.
നിസാർ അഹമ്മദ്. 2018. ഉണ്മയുടെ ഇടയൻ. (സ്വകാര്യവായനക്കായി കിട്ടിയത്)
ഷിജു സാം വർഗീസ്. 2018a. ശാസ്ത്രം വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ?,ഡൂൾന്യൂസ്. https://www.doolnews.com/dr-shiju-sam-vargheese-article-on-science123.html Tuesday, 6th February 2018, 8:08 pm Accessed Wednesday, 20 November 2019
ഷിജു സാം വർഗീസ്. 2018b. ആധുനിക ശാസ്ത്രവും മറ്റ് അറിവു സമ്പ്രദായങ്ങളും. ഡൂൾന്യൂസ്. https://www.doolnews.com/dr-shiju-sam-vargheese-article-on-science-third-part123.html Saturday, 10th March 2018, 8:12 pm Accessed Wednesday, 20 November 2019
ഷിജു സാം വർഗീസ്. 2018c. മലയാള ചിന്തയും എഴുത്തുവഴക്കങ്ങളും. ഡൂൾന്യൂസ്. Friday, 7th December 2018, 2:23 pm. https://www.doolnews.com/dr-shiju-sam-vargese-article-on-malayalam-linguistics-785.html. accessed Wednesday, 20 November 2019
ഷിജു സാം വർഗീസ്. 2019. ക്രോമസോമുകളെ എണ്ണുന്നതെങ്ങനെ?, നവമലയാളി November 14, 2019. https://navamalayali.com/2019/11/14/column-shiju-sam-varugheese-2/ Accessed Wednesday, 20 November 2019
യാക്കോവ് പെരൽമാൻ. ഗോപാലകൃഷ്ണൻ(വിവർത്തനം). 1978. ഭൗതികകൗതുകം, മോസ്കോ: പ്രോഗ്രസ് പബ്ലിഷേഴ്സ്.
വി.വിജയകുമാർ. 2018. ശാസ്ത്രവും തത്വചിന്തയും. തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
വൈശാഖൻ തമ്പി. 2018. അഹം ദ്രവ്യാസ്മി: പ്രപഞ്ചത്തിന്റെ പാസ് വേഡ്. കോട്ടയം: ഡി.സി.ബുക്സ്.
[i] മൗലികതയെപ്പറ്റിയും ഭാഷയിലെ മൗലികതയെപ്പറ്റിയും ഷിജുവിന്റേതടക്കമുള്ള ആലോചനകളോട് ഞാൻ യോജിക്കുന്നില്ല. സമ്മതിക്കാവുന്ന പലകാര്യങ്ങൾ ഷിജുവിൽ (2018) ഉണ്ടെങ്കിലും, മൗലികതയെ സങ്കല്പനപരമായി പരിഗണിക്കുന്നതിലും ആയതിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ വിവക്ഷകളെ മനസ്സിലാക്കുന്നതിനും ഷിജു ശ്രമിക്കുന്നതായി തോന്നുന്നില്ല. തന്നെയുമല്ല, സങ്കല്പനപരമായ വ്യക്തതക്കുറവ് അക്കാദമികപ്രവർത്തനത്തിൽ മൗലികത എങ്ങനെ നിലനിൽക്കുന്നു എന്നതിനെപ്പറ്റി മനസ്സിലാക്കുന്നതിന്ന് തടസമാകുന്നു. ഇത് വേറെ പരിഗണിക്കേണ്ടുന്ന വിഷയമായതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.
[ii] അപഗ്രഥന
തത്വചിന്തയിൽ (Analytical philosophy) ഭവശാസ്ത്രത്തെ പരിഗണിക്കുന്നത്
ബാദിയോ കാണുന്നതുപോലെ
അല്ല. ഉള്ളത് എന്നാൽ
താർക്കികമായി നിഷ്പന്നമാകുന്നതാണെന്നുള്ള
ക്വയിനിന്റെ നിലപാട്
ഇതിൽ പ്രസിദ്ധമാന്. ക്വയിനിന്റെ അഭിപ്രായത്തിൽ
“To be is to be the value of a variable”. ഇവിടെ
ചരം (variable) എന്നത്
തർക്കശാസ്ത്രത്തിലെ (Logic) ചരം
എന്ന സങ്കല്പമാണ്. See
Quine On What There is? ക്വയിനിന്റെ
നിലപാടുകളോടുള്ള വിമർശനപരമായ
സമീപനത്തിനു Jolly Thomas 2019 കാണുക.
ബാദ്യോയോയുടെ ഭവശാസ്ത്രനിലപാടുകളെപ്പറ്റി
നിസാർ അഹമ്മദിന്റെ
അഭിപ്രായങ്ങൾ ഇവിടെ
പരിഗണനാർഹമാണ്. നിസാർ
എഴുതുന്നു: “ഉള്ളവയെന്താണ്, എങ്ങനെയാണ് എന്ന
ഭവശാസ്ത്രപരമായ ചോദ്യങ്ങൾക്ക്
ഉപരി ‘ഉണ്മ’യെ തനിയായി തന്നെ
ഒരു അന്വേഷണ
വിഷയമാക്കുന്ന തത്വചിന്താമാതൃകകളെ
മാത്രമേ ബജ്യോയുടെ
നിലപാട് പ്രശ്നവത്കരിക്കുകയുള്ളു. അപഗ്രഥന തത്വചിന്താ
പാരമ്പര്യത്തിലെ ഭവശാസ്ത്രം
എന്നത് ഭവങ്ങൾ
എന്തോ അവയെ
അടയാളപ്പെടുത്താനും, നിർണ്ണയിക്കാനും
ഉള്ള തീരുമാനമെടുക്കാൻ
വേണ്ടി അവലംബിക്കുന്ന
തത്വചിന്താപരമായ ഒരു
പ്രസ്ഥാനമാണ്. ഉണ്മ
എന്ന ഒന്ന്
അവിടെ ഭവശാസ്ത്രത്തിന്റെ
വിഷയമാകുന്നില്ല. നേരേ
മറിച്ച് അതിഭൌതീക
പാരമ്പര്യത്തിൽ ചിലത്, പൌരാണിക ഗ്രീസിലെ
പർമനൈഡ്സ് തൊട്ട്
ഹേഗൽ വരെയുള്ളവരുടെ
കൃതികളിലൂടെ, അതിനെ
അവയുടെ ചിന്തയുടെ
കേന്ദ്രമായി അംഗീകരിച്ചു.” (നിസാർ 2018). ഇതിൽ
നിന്നും വ്യക്തമാകുന്ന
ഒരു കാര്യം
ഭവപരമായ ആലോചനകളും
ചരിത്രപരമാണെന്നാണ്. അതായത്
ഗണിതം ഭവപരമാണെന്ന
ഷിജുവിന്റെ വാദംപോലും
ഭവപരമായ ആലോചനകളുടെ
ചരിത്രത്തിലെ പലനിലപാടുകളിൽ
ഒന്നു മാത്രമാണ്. [Alan
Badiou യെ ഷിജു ബാദിയോ
എന്നും നിസാർ
ബാജിയോ എന്നുമാണ്
മലയാളപ്പെടുത്തുന്നത്. നിസാറിനെ
ഉദ്ധരിക്കുന്നിടത്തുമാത്രം ബാജിയോ
എന്നുപയോഗിച്ചിരക്കുന്നു. ]
[iii] സംഖ്യകളുടെ പരമ്പര എന്ന ആശയം എണ്ണലിൽ പ്രധാനമാണ്. സംഖ്യാപരമ്പര ലഭിക്കുവാൻ progression എന്ന സങ്കല്പനം മാത്രം മതിയാകും. ഇക്കാര്യത്തെ തുടർന്ന് വിശദീകരിക്കുന്നില്ല.
[iv] വസ്തുക്കളെ എണ്ണുമ്പോഴും ഒരു സംഖ്യാപരമ്പരയിലെ സംഖ്യകളെ വിശേഷിച്ചും, പൂർണ്ണസംഖ്യകളെ, ആ വ്തുക്കളുമായി ചേർത്തുവയ്ക്കുകയാണ് നാം ചെയ്യുന്നത്. ഷിജു ആശ്രയിക്കുന്ന പഠനത്തിൽ മാർടിന്റെ (2004 ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മാർടിന്റെ പറയുന്നത് ഇങ്ങനാണ്: “In this paper I approach the practice of counting- by which I mean the assignment of a series of whole numbers to objects – as a phenomenon to be investigated in and of itself” Martin 2004, 923 emphasis added). ഇപ്പറഞ്ഞത് എണ്ണലിന്നും സൂചികയ്ക്കും (Indexing) ഒരേ പോലെ സാധുവാണ്. എന്നിരുന്നാലും, മാർടിനും ഷിജുവും എല്ലാം എണ്ണലിനെ ആകെഎത്ര എന്ന നിലയിലാണ് പരിഗണീക്കുന്നത്.
[v] A={2,3,4} B={2,34} ഉം പരിഗണിക്കുക. കോമയാണ് ഇതിൽ അംഗങ്ങളെ വേർതിരിക്കാനായി നാം ഉപയോഗിക്കുന്നത്. രണ്ടാമത്തേതിലെ ഒരു കോമയുടെ കുറവ് ആ ഗണത്തെ മാറ്റുന്നത് ശ്രദ്ധിക്കുക. അംഗങ്ങളെ തമ്മിൽ വേർതിരിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇത്തരത്തിൽ ഒരോ അംഗങ്ങളേയും വേറിട്ട് കാണുവാൻ കഴിയുക എന്നാണ്. ക്രോമസോമുകളെ എണ്ണുമ്പോൾ അവയേയും ഇത്തരത്തിൽ പരസ്പരം വേർതിരിക്കേണ്ടുണ്ട്.
[vi] ഗണിതശാസ്ത്രത്തിന്റെ ഭവപരതയിൽ നിന്നും ഈ നിലപാടിനെ വേറിട്ടുകാണേണ്ടതുണ്ട്. ഉദാഹരണത്തിനു അഭാജ്യ സംഖ്യകളെ പരിഗണിക്കുക. അഭാജ്യം എന്ന സങ്കല്പനം ഉണ്ടാകുന്നതോടെ അഭാജ്യസംഖ്യകളുടെ പരമ്പരയും ആയതിന്റെ എണ്ണലും താർക്കികമായി സാധ്യമാവുന്നു. ഈ നിലയിൽ അഭാജ്യസംഖ്യകളെ എണ്ണുന്നതോടെ അഭാജ്യസംഖ്യകൾ ഉണ്ടാകുന്നു എന്നു പറയാവുന്നതാണ്. എന്നാൽ, മുന്നേ കണ്ടതുപ്രകാരം സംഖ്യ, സംഖ്യകളുടെ പലതരം സവിശേഷതകൾ, സംഖ്യാപരമ്പര എന്നീ സങ്കല്പനങ്ങൾ താർക്കികമായി സാധുവായതിന്നു ശേഷമാണ് അഭാജ്യം എന്ന ഗണം ഉണ്ടാകുന്നത്. റസ്സലും മറ്റും സ്വീകരിക്കുന്ന ലോജിസിസത്തോട് ചേർന്നുപോകുന്ന അഭിപ്രായമാണ് ഇത്. ഗണിതത്തിന്റെ അടിസ്ഥാനത്തേയും ഭവപരതയേയും പറ്റി മറ്റു നിലപാടുകളും ഉണ്ട്. അവ ഈ ലേഖനത്തിലെ വാദങ്ങളെ ബാധിക്കുന്നവയല്ല. എണ്ണൽ എന്ന ഗണിതക്രിയയുടെ ഭവപരമായവിവക്ഷകളും വസ്തുക്കളെഎണ്ണൽ എന്ന പ്രക്രിയയും തമ്മിൽ ബന്ധങ്ങൾ ഉണ്ടെങ്കിലും അവയെ വേറിട്ട് കാണേണ്ടുണ്ട്. ആദ്യത്തേത് രണ്ടാമത്തേതിന്ന് അനിവാര്യമാണ്, പക്ഷേ, പര്യാപ്തമല്ല. ഗണിതത്തോടുള്ള വിവിധങ്ങളായ തത്വചിന്താസമീപനങ്ങളുടെ പ്രാഥമിക വിവരങ്ങൾക്കായി Horsten 2019 കാണുക.
[vii] ക്രോമസോം പഠനങ്ങളെപ്പറ്റിയുള്ള പഠനങ്ങളിൽ വസ്തുനിഷ്ഠതയെപ്പറ്റിയുള്ള വിചാരങ്ങൾ പ്രവർത്തിക്കുന്നതുകാണാം. (നാം മുന്നേ കണ്ടതുപോലെ, ഇത് ഉയർന്ന നി ലയിലാണ് പ്രവർത്തിക്കുന്നത്.)ക്രോമസോമുകളുടെ എണ്ണലും തിരിച്ചറിയലും വ്യക്തിനിഷ്ഠത കലർന്ന കാര്യമാണെന്ന് കോട്ലർ അഭിപ്രായപ്പെടുന്നുണ്ട്. മുൻധാരണകളെ വസ്തുനിഷ്ഠമായ നിരീക്ഷണമാണെന്ന് തെറ്റിദ്ധരിച്ച്തിന്റെ ഫലമാണ് ഈ വിഷയത്തിൽ ഒരു കാലത്തെ പരീക്ഷണഫലങ്ങൾ രൂപപ്പെട്ടതെന്നും കോട്ലർ നിരീക്ഷിക്കുന്നു (Kottler 1974, 487). കോട്ലറുടെ നിരീക്ഷണത്തിൽ ശരിയുണ്ടെങ്കിലും, താർക്കികമായി ഇതൊരു കുഴഞ്ഞനിലയാണ്. ഏതു കാലത്തെ നിരീക്ഷണത്തിലും ഏറിയും കുറഞ്ഞുമായി മുൻധാരണകൾ പ്രവർത്തിക്കുന്നുണ്ട്. തത്വചിന്തയിൽ Theory-ladenness of observation എന്നു വിളിക്കുന്ന പ്രശ്നമാണിത്. ഹാക്കിംഗിന്റെ (1983, Ch 10) Weak and Strong Theory ladenness എന്ന വിച്ഛേദം ഈ പ്രശ്നത്തിന്ന് ഒരു പരിഹാരനിർദ്ദേശമാണ്. വസ്തുനിഷ്ഠതയുമായി ബന്ധപ്പെട്ട ആലോചനകളിൽ thoery-ladenness പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഇത് വേറെത്തന്നെ വിഷയമായതിനാൽ വിശദീകരിക്കുന്നില്ല.
[viii]സയൻസിന്റെ അനന്യതയുമായി ബന്ധപ്പെട്ടവിഷയത്തിൽ Pigliucci andBoudry (2013) യും ശാസ്ത്രവാദവുമായി (Scientism) ബന്ധപ്പെട്ട വിഷയത്തിൽ Boudry and Pigliucci (2017) യും തത്വചിന്തയിൽ നിന്നുള്ള സമീപകാല ആലോചനകളാണ്. ശാസ്ത്രവാദവുമായി ബന്ധപ്പെട്ട് സാമൂഹികതയിൽ മാത്രം ഊന്നുന്ന ഷിജുവിന്റേതടക്കമുള്ള (ഷിജു 2018a) ആലോചനകളുടെ പരിമിതികൾ മേൽപുസ്തകങ്ങൾ നോക്കിയാൽ മനസ്സിലാകും. ശാസ്ത്രവാദത്തിന്ന് സങ്കല്പനപരമായി പല അടരുകളുണ്ടെന്നും അവയിൽ ചിലത് സാധുവാണെന്നും കാണുവാൻ Science Unlimited The Challenges of Scientism എന്ന പുസ്തകത്തിലെ Stephen Law യുടെ Scientism എന്ന ലേഖനം കാണുക.
Be the first to write a comment.