ഒന്ന്

ഹൈഗേറ്റ് സെമിത്തേരിയിലേക്കുള്ള വഴിയിൽ ഇരുട്ടിന്റെ നേർത്ത ആവരണം പോലെ ഇരുപുറങ്ങളിലെയും കനത്ത വൃക്ഷച്ഛായകൾ എപ്പോഴും വീണുകിടക്കും. ഹൈഗേറ്റ് സ്‌കൂളിന് മുന്നിലൂടെ നടന്ന് സെമിത്തേരിയിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ തന്നെ നമ്മുടെ കാഴ്ചയിൽ പതിയുക കനത്തുനിൽക്കുന്ന വലിയ വൃക്ഷങ്ങളാണ്. ഇരുപുറത്തുമുള്ള മതിലുകൾക്കിടയിൽ താരതമ്യേന വീതി കുറഞ്ഞ റോഡ്. മുകളിൽനിന്നും താഴേക്ക് പതിയെ ചരിഞ്ഞിറങ്ങുന്ന വഴി. ഇരുപുറത്തുനിന്നും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷശിഖരങ്ങളുടെ നിഴലുകൾ. ആൾത്തിരക്കോ വാഹനങ്ങളുടെ പെരുപ്പമോ കാര്യമായില്ല. മരങ്ങളിൽ നിന്നും പൊഴിഞ്ഞ മഞ്ഞയും ചുവപ്പും കലർന്ന ഇലകൾ റോഡരികിനെ വർണ്ണശബളമാക്കുന്നുണ്ട്. പച്ചയോട് വിടവാങ്ങി പൊഴിയാൻ കാത്തുനിൽക്കുന്നതുപോലുള്ള ഇലപ്പടർച്ചകൾ. താഴേക്കുള്ള പടിപടിയായ ഇറക്കവും ഇരുൾ വീണ വഴിയിലെ നിശ്ശബ്തയും ചേർന്ന് ഒരു ശ്മശാനഭൂമിയുടെ അനന്തമായ നിശ്ചലതയിലേക്കുള്ള പാതയാണതെന്ന് ചിലപ്പോഴൊക്കെ നമ്മെ ഓർമ്മിപ്പിക്കും.

          ലോകത്തെ ഏറ്റവും പ്രശസ്തമായ സെമിത്തേരികളിലൊന്നാണ് ഹൈഗേറ്റിലേത്. വനോദ്യാനം പോലെ പടുകൂറ്റൻ മരങ്ങൾ തലയുയർത്തി നിൽക്കുന്ന ശ്മശാനഭൂമി. ഓർമ്മകൾക്കും അവിടെ  ഗാഢമായ പ്രശാന്തതയുണ്ട്; മരണത്തിനും. കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളം വരുന്ന കാലയളവിൽ ലോകത്തിന്റെയും ബ്രിട്ടന്റെയും ചരിത്രത്തെ വഴിതിരിച്ചുവിട്ട എത്രയോ പേരുടെ ഓർമ്മകൾ ആ ശ്മശാനോദ്യാനത്തിലെ മഹാവൃക്ഷങ്ങളെപ്പോലെ അവിടെ കനത്തുനിൽക്കുന്നു. ചിന്തയുടെയും ഭാവനയുടെയും രാഷ്ട്രീയവിചാരത്തിന്റെയും നൂറ്റാണ്ടുകൾ പിന്നിട്ട ദീർഘചരിത്രം ആ വൃക്ഷച്ഛായകളിൽ വിശ്രമിക്കുന്നു.

ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയിലാണ് മാർക്‌സിന്റെ ശവകുടീരം. കിഴക്കേ സെമിത്തേരിയുടെ ഗേറ്റ് കടന്നാൽ ടിക്കറ്റ് കൗണ്ടറിലെത്താം. ടിക്കറ്റ് വാങ്ങി അല്പം മുന്നോട്ട് നടക്കുമ്പോൾ ഇടത്തേക്കും മുന്നിലേക്കുമായി വഴി രണ്ടായി പിരിയും. ഇടത്തേക്കുള്ള ചെറിയ നടപ്പാത അല്പം കയറ്റമുള്ളതാണ്. പുറത്തെ റോഡിലെ താഴോട്ടുള്ള ചരിവിന്റെ മറുപുറം. വൃക്ഷനിബിഢമായ ആ നടവഴിയിലൂടെ നൂറുമീറ്ററോളം പിന്നിടുമ്പോൾ വലതുഭാഗത്തേക്ക് വഴി തിരിയാൻ തുടങ്ങും. ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹിതവും വിധ്വംസകവുമായ ജീവിതങ്ങളിലൊന്നിന്റെ ഓർമ്മകൾ അവിടെ അസാധാരണമായ തലയെടുപ്പോടെ നിൽക്കുന്നു. കാൾ മാർക്‌സിന്റെ ശവകുടീരം!

ഹൈഗേറ്റിലെ ഏറ്റവും വിനീതമായ സംസ്‌കാരച്ചടങ്ങുകളിലൊന്നായിരിക്കണം മാർക്‌സിന്റേത്. 1883 മാർച്ച് 17-ന് നടന്ന സംസ്‌കാരച്ചടങ്ങിൽ പതിമൂന്ന് പേർ മാത്രമാണ് പങ്കെടുത്തത് (ഹൈഗേറ്റിനെക്കുറിച്ചുള്ള മിക്കവാറും വിവരണങ്ങളിൽ പതിനൊന്ന് എന്നാണ് കാണാറുള്ളതെങ്കിലും). നാലുപതിറ്റാണ്ടോളം മാർക്‌സിന്റെ ജീവിതയാത്രയിൽ നിതാന്ത സാന്നിധ്യമായി നിലകൊണ്ട എംഗൽസ് ഉൾപ്പെടെ. ഡാർവ്വിൻ മനുഷ്യവംശത്തിന്റെ പരിണാമചരിത്രം കണ്ടെത്തിയതിന് സമാനമാണ് മാർക്‌സ് അവതരിപ്പിച്ച ചരിത്രദർശനമെന്ന് എംഗൽസ് അവിടെ കൂടിയ സഖാക്കളോട് പറഞ്ഞു. മാർക്‌സിന്റെ മകൾ എലിനോർ, എലിനോറിന്റെ ഭർത്താവ് എഡ്‌വേർഡ് അവ്‌ലിങ്ങ്, മാർക്‌സിന്റെ കുടുംബസഹായി ഹെലൻഡെമുത്ത്, പിൽക്കാലത്ത് ജർമനിയിലെ സമുന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളായി മാറിയ വില്യം ലിബ്‌നിക്റ്റ്, പോൾ ലഫാർഗ്, ചാൾസ്‌ലാംഗ്വെ, ഗോട്ടിലിബ് ലെംകെ, ഫ്രെഡറിക് ലെസ്‌നർ, ജി. ലോക്‌നെർ, സർ റെയ് ലാങ്കെസ്റ്റർ, കാൾ ഷ്‌റോലെന്മെർ ഏണസ്റ്റ് റാഡ്‌ഫോർഡ് എന്നിവർ ആ സംസ്‌കാരച്ചടങ്ങളിൽ പങ്കെടുത്തതായാണ് ജോൺ ഷെപ്പേർഡ് അതേക്കുറിച്ച് എഴുതിയ ലേഖനത്തിൽ പറയുന്നത് (Who was Really at Marx’s Funeral?, Friends of Highgate Newsletter, April 2018). മാർക്‌സിന്റെ കുടുംബസുഹൃത്തുക്കളായ മുപ്പതോളം പേർ ആ ചടങ്ങിൽ പങ്കെടുത്തതായി 1883 മാർച്ച് 25-ലെ ഒരു പത്രം (The People) പറയുന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്തായാലും ചുരുക്കം പേർ മാത്രമേ ആ ചരമോപചാരത്തിൽ പങ്കെടുത്തിരുന്നുള്ളൂ. അവരിൽ ചിലർ ഇംഗ്ലണ്ടിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ നേതാക്കളാണ്. മറ്റുചിലർ ബന്ധുക്കളും. ഹൈഗേറ്റ് സെമിത്തേരിയിലെ ഏറ്റവും സാധാരണമായ കുഴിമാടങ്ങളിൽ ഒന്നിന് മുന്നിൽ നിന്ന് അവർ എംഗത്സിന്റെ വാക്കുകൾ കേട്ടു.

മരണവേളയിൽ മാർക്‌സിന്റെ കുപ്പായക്കീശയിൽ മൂന്ന് ചിത്രങ്ങൾ ഉണ്ടായിരുന്നതായി മേരി ഗബ്രിയേൽ എഴുതിയ മാർക്‌സിന്റെയും കുടുംബത്തിന്റെയും ജീവിതകഥയിൽ പറയുന്നുണ്ട്. തന്റെ പിതാവിന്റെയും ഭാര്യയുടെയും രണ്ടുമാസം മുൻപ്, 1883 ജനുവരി 10ന്, അകാലത്തിൽ വിടപറഞ്ഞുപോയ മൂത്തമകൾ ജെന്നിയുടെയും. എംഗൽസ് ആ ഫോട്ടോകൾ മാർക്‌സിന്റെ ശവമഞ്ചത്തിൽ വച്ചു. രണ്ട് ചുവന്ന പുഷ്പഹാരങ്ങൾ അതിനു മുകളിലുണ്ടായിരുന്നു. അവിടെയുള്ള അത്രമേൽ ചെറിയ ആ സംഘത്തെ, മാർക്‌സിന്റെ പിൽക്കാല ചരിത്രത്തിൽ ചെലുത്തിയ അത്യസാധാരണമായ സ്വാധീനത്തെ ഏതെങ്കിലും നിലയിൽ സൂചിപ്പിക്കാത്ത പന്ത്രണ്ടുപേർ മാത്രമുള്ള ആ ചെറിയ സംഘത്തോട് എംഗൽസ് തന്റെ ചിരകാല സുഹൃത്തിന്റെ ജീവിതത്തെയും വിപ്ലവകാരിത്വത്തെയും കുറിച്ച് പറഞ്ഞു:

          ‘മാർക്‌സ് തന്നെ സ്വയം വിശേഷിപ്പിച്ചതെന്തായിരുന്നുവോ, അതുതന്നെയായിരുന്നു അദ്ദേഹം. ഒരു വിപ്ലവകാരി. സാമ്പത്തികോല്പാദനത്തിന്റെ മുതലാളിത്ത വ്യവസ്ഥയുടെ വിലങ്ങുകളിൽ നിന്ന് തൊഴിലാളിവർഗ്ഗത്തെ മോചിപ്പിക്കാനുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ സത്ത. അദ്ദേഹത്തേക്കാൾ തികവാർന്ന ഒരു പോരാളി ഉണ്ടായിരുന്നിട്ടില്ല’. തന്റെ ജീവിതകാലത്ത് ഏറ്റവുമധികം വെറുക്കപ്പെടുകയും അപവാദങ്ങൾക്ക് ഇരയാവുകയും ചെയ്ത ഒരാളായിരുന്നു മാർക്‌സ് എന്ന് എംഗൽസ് ആ പ്രസംഗത്തിൽ പറയുന്നുണ്ട്. ഏകാധിപതികളും റിപ്പബ്ലിക്കൻ ഭരണകൂടങ്ങളും ഒരുപോലെ അദ്ദേഹത്തെ വേട്ടയാടി. യാഥാസ്ഥിതികരും ജനാധിപത്യവാദികളുമായ ബൂർഷ്വാകൾ ഒരുപോലെ മാർക്‌സിനെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു. എങ്കിലും അദ്ദേഹം അവയെയെല്ലാം അതിജീവിച്ചു. വിപ്ലവകാരികളായ ലക്ഷോപലക്ഷം തൊഴിലാളികളുടെ സഹോദരനായി. ഹൈഗേറ്റ് സെമിത്തേരിയിലെ ആ ചെറിയ ചരമോപചാര സംഘത്തിന് മുന്നിൽ നിന്ന് എംഗൽസ് പ്രവാചകസ്വരത്തിൽ പറഞ്ഞുനിർത്തി: ‘അദ്ദേഹത്തിന്റെ പേരും പ്രവൃത്തിയും കാലങ്ങളോളം നിലനിൽക്കും’.

എംഗൽസിന്റെ പ്രവചനത്തെ കാലം ശരിവച്ചു. മാർക്‌സ് ചരിത്രത്തിലൂടെ വളർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലോകജനതയുടെ മൂന്നിലൊന്ന് മാർക്‌സിന്റെ ആശയങ്ങളാൽ പ്രചോദിതമായ ഭരണസംവിധാനങ്ങൾക്ക് കീഴിലായി. ട്രേഡ് യൂണിയനുകൾ മുതൽ ദൈവശാസ്ത്രം വരെ മാർക്‌സിനെ പിൻപറ്റാൻ തുടങ്ങി. സോവിയറ്റ് പതനത്തിനും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ പിൻവാങ്ങലിനും ശേഷവും മാർക്‌സ് പിൻവാങ്ങിയില്ല. മനുഷ്യവംശത്തിന്റെ ചിന്തയുടെയും പ്രവൃത്തിയുടെയും ചരിത്രത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി ഇപ്പോഴും മാർക്‌സ് അവശേഷിക്കുന്നു. സിദ്ധാന്തവിചാരം മുതൽ സാമൂഹ്യസംഘാടനം വരെയുള്ള മനുഷ്യജീവിതത്തിന്റെ സമസ്ത ആവിഷ്‌കാരങ്ങളിലും മാർക്‌സ് ഇപ്പോഴും തുടരുന്നു. മറ്റാരേക്കാളും പ്രബലമായി.

കാലത്തിലൂടെ തിടംവച്ചു വളർന്ന മാർക്‌സിന്റെ ചരിത്രജീവിതത്തിന് ഹൈഗേറ്റിലും തുടർച്ചയുണ്ടായി. കിഴക്കേ ഹൈഗേറ്റ് സെമിത്തേരിയിൽ ഒരു സാധാരണ ശിലാഫലകത്തിനു കീഴിൽ നിന്ന് മാർക്‌സിന്റെയും കുടുംബത്തിന്റെയും ഭൗതികാവശിഷ്ടങ്ങൾ 1954-ൽ പുതിയ സ്ഥാനത്തേക്ക് മാറ്റി. മുഖ്യപാതയിൽനിന്ന് ഇടത്തേക്കുള്ള ചെറിയ വഴി വീണ്ടും തിരിയുന്ന വളവിലേക്കാണ് അത് മാറ്റിയത്. 1954 മാർച്ച് 14-ന് അവിടെ മാർക്‌സിന്റെ പുതിയ സ്മാരകശില്പം അനാച്ഛാദനം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഹാരിപോളിറ്റാണ് തലയെടുപ്പോടെ നിൽക്കുന്ന പുതിയ സ്മാരകശില്പം അനാച്ഛാദനം ചെയ്തത്. ബ്രിട്ടനിൽ നിന്നും യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് സഖാക്കൾ മാർക്‌സിന്റെ 73-ാം ചരമവാർഷികദിനത്തിലെ ആ പുനഃസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ച് നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്നും ഉയർന്ന മുദ്രാവാക്യങ്ങൾക്കു നടുവിൽ മാർക്‌സിന്റെ വെങ്കലശില്പം വെളിച്ചത്തിലേക്ക് ശിരസ്സുയർത്തി.

1957-ലാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി പുതിയ സ്മാരകശില്പത്തിന്റെ സ്ഥാപനത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാർക്‌സ് മെമ്മോറിയൽ ഫണ്ട് എന്ന പേരിൽ അതിനായി ധനസമാഹരണം നടത്തി. രണ്ടു വർഷങ്ങൾ കൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും മാർക്‌സിന്റെ ആരാധകനുമായിരുന്ന ലോറൻസ് ബ്രാഡ്ഷാ (1899-1979) ആണ് മാർക്‌സിന്റെ വെങ്കലശില്പം തയ്യാറാക്കിയത്. എട്ടടിയോളം ഉയരമുള്ള മാർബിൾ പീഠത്തിനുമുകളിൽ ഗംഭീര്യത്തോടെ ഉയർന്നുനിൽക്കുന്ന മാർക്‌സിന്റെ ശിരസ്സ്. തൊട്ടുതാഴെയായി ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഖ്യാതമായ വാക്യങ്ങളിലൊന്ന് സ്വർണ്ണലിപികളിൽ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. ‘സർവ്വരാജ്യങ്ങളിലെയും തൊഴിലാളികളെ, സംഘടിക്കുവിൻ’ ( ‘Workers of all Lands Unite’ ). അതിനുചുവടെയായി, അവിടെ സംസ്‌കരിക്കപ്പെട്ട മാർക്‌സിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ കൊത്തിയ ഫലകം. ഏറ്റവും താഴെയായി ഫൊയർബാഖ് തീസീസിലെ മാർക്‌സിന്റെ അതിപ്രസിദ്ധമായ പതിനൊന്നാം തിസീസ് : ‘തത്ത്വചിന്തകർ ലോകത്തെ പലനിലകളിൽ വ്യാഖ്യാനിച്ചിട്ടേയുള്ളൂ; പ്രധാനം അതിനെ മാറ്റിത്തീർക്കലാണ്’ ( (“The pholosophers have only interpreted the world in various ways; the point however is to change it” ).

പന്ത്രണ്ട് അടി ഉയരമുള്ള മാർക്‌സിന്റെ സ്മാരകശില്പം പൂർണ്ണമായും വിഭാവനം ചെയ്തത് ലോറൻസ് ബ്രാഡ്ഷാ ആണ്. ‘ഒരു മനുഷ്യന്റെ സ്മാരകം മാത്രമല്ല, മഹത്തായ ഒരു മനസ്സിന്റെയും മഹാനായ ഒരു ചിന്തകന്റെയും സ്മാരകം പണിതെടുക്കുക എന്നതായിരുന്നു എനിക്ക് മുന്നിലെ വെല്ലുവിളി’. സ്മാരകശില്പത്തിനായി കമ്മീഷൻ ചെയ്യപ്പെട്ട ശേഷം ബ്രാഡ്ഷാ എഴുതി. മാർക്‌സിന്റെ ഭൗതികരൂപത്തിന്റെ പ്രത്യക്ഷീകരണത്തിനും അപ്പുറം പോകുന്നതാകണം തന്റെ ശില്പമെന്ന് ബ്രാഡ്ഷാ കരുതിയിരുന്നു. ‘മാർക്‌സിന്റെ ചിന്തയുടെ ഉജ്വലശക്തിയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വ്യാപ്തിയും ദർശനാഗാംഭീര്യവും’ പ്രകാശിപ്പിക്കുന്നതാകണം ആ ശില്പമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒപ്പം തന്നെ തന്റെ ലക്ഷ്യത്തിനായുള്ള മാർക്‌സിന്റെ സമർപ്പണവും അതിനായുള്ള നിരന്തര പ്രയത്‌നവും അതിൽ സന്നിഹിതമാകണമെന്നും ബ്രാഡ്ഷാ കരുതി. എട്ടടിയിലേറെ ഉയരമുള്ള മാർബിൾ സ്തംഭത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വെങ്കലത്തിൽ പണിതീർത്ത നാലടിയോളം ഉയരമുള്ള മാർക്‌സിന്റെ ശില്പത്തിൽ ബ്രാഡ്ഷായുടെ ഈ ആശയങ്ങളെല്ലാം സന്നിഹിതമായതായി നമുക്ക് കാണാനാവും. ശില്പത്തിന്റെ രൂപകല്പനയെന്നപോലെ സ്മാരകസ്തംഭത്തിലെ വാക്യങ്ങൾ തെരഞ്ഞെടുത്തതും അത് ആലേഖനം ചെയ്യേണ്ട അക്ഷരവടിവ് തീരുമാനിച്ചതും ബ്രാഡ്ഷാ തന്നെയാണ്.

 മാർക്‌സിന്റെ മരണത്തിനു പിന്നാലെ തന്നെ, ഹൈഗേറ്റിലെ മാർക്‌സിന്റെ സ്മാരകം ഒരു സന്ദർശനകേന്ദ്രമായി തീർന്നിരുന്നു. 1956-ലെ പുനഃസ്ഥാപനത്തിനും സ്മാരകശില്പത്തിന്റെ അനാച്ഛാദനത്തിനും ശേഷം അത് ലോകമെമ്പാടും നിന്നുള്ള കമ്മ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ഇടതുപക്ഷക്കാരുടെയും സന്ദർശനകേന്ദ്രമായി. ഇന്ന് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അനവധിപേർ മാർക്‌സിന്റെ ചരമസ്മാരകത്തിൽ വന്നു മടങ്ങുന്നു. ഇപ്പോഴത് ഇംഗ്ലണ്ടിലെ പ്രധാന ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒന്നാണ്. 1999-ൽ മാർക്‌സിന്റെ ചരമകുടീരം ഒന്നാം നിര ( Grade I ) സ്മാരകങ്ങളുടെ സ്ഥാനത്തേക്ക് ഉയർന്നു. ലോകമെമ്പാടുമുള്ള മനുഷ്യർ അസാധാരണമായ താത്പര്യം വച്ചുപുലർത്തുന്ന (exceptional interest ) സ്മാരകങ്ങളെയും കെട്ടിടങ്ങളുമാണ് ഒന്നാം നിര സ്മാരകങ്ങളുടെ പട്ടികയിൽ പെടുന്നത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരവും, ബ്ലാക്പൂൾ ടവറും, മാഞ്ചസ്റ്റർ-ലിവർപൂൾ റോഡ് റെയിൽവെ സ്റ്റേഷനും, ലണ്ടൻ ചാപ്പൽ കിങ്ങ്‌സ് കോളേജുമെല്ലാം ഇങ്ങനെ ഒന്നാംനിര സ്മാരകങ്ങളിൽ പെടുന്നവയാണ്. ലോകത്ത് ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന ശവകുടീരം എന്നാണ് ബി.ബി.സി പിന്നീടൊരിക്കൽ മാർക്‌സിന്റെ ശവകുടീരത്തെയും അവിടത്തെ സ്മാരകസ്തംഭത്തെയും മുൻനിർത്തി പറഞ്ഞത്. എല്ലാ ഭൂഖണ്ഡങ്ങളിലും പെടുന്ന കോടാനുകോടി മനുഷ്യർക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുന്ന സ്മാരകങ്ങളിലൊന്നായി ഇപ്പോഴത്. ഒരു ഡസൻ ആളുകൾ മാത്രം പങ്കെടുത്ത ചരമശുശ്രൂഷാചടങ്ങിൽ നിന്ന് ഒന്നേകാൽ നൂറ്റാണ്ടുകൊണ്ട് മാർക്‌സ് അത്രത്തോളം വളർന്നു; ഹൈഗേറ്റ് സെമിത്തേരിയിലെ സ്മാരകവും.

രണ്ട്

ലണ്ടനിലെ എന്റെ ആദ്യയാത്ര ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്‌സിന്റെ ശവകുടീരത്തിലേക്കായിരുന്നു. സെപ്തംബർ അഞ്ചിന് ഹീത്രൂവിലെത്തിയത് വൈകീട്ട് ഏഴുമണിയോടെയാണ്. മുരളിയേട്ടനും (മുരളി വെട്ടത്ത്) മോൺസിയും അവിടെയുണ്ടായിരുന്നു. എയർപോർട്ടിലെ കഫേകളിലൊന്നിലിരുന്ന് ഞങ്ങൾ ഒരു കാപ്പി കുടിച്ചു. കാപ്പിയുടെ വിവിധ ചേരുവകൾ പ്രദർശിപ്പിച്ച പട്ടികയിൽ നിന്നും ഓരോന്നും എന്തെന്ന് മനസ്സിലാക്കാൻ ഞാൻ കുറച്ചൊന്നു ശ്രമിച്ചു; കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും.

കാപ്പിയുമൊത്തുള്ള ഇരിപ്പിനിടയിൽ മുരളിയേട്ടന്റെ ജീവിതപങ്കാളി മിച്ചിരുവും അവിടെയെത്തി. മിച്ചിരു ജോലിചെയ്യുന്നത് ഹീത്രൂവിമാനത്താവളത്തിൽ തന്നെയാണ്. ജപ്പാനിൽനിന്ന് മൂന്ന് പതിറ്റാണ്ടോളം മുൻപാണവർ ലണ്ടനിലെത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്ന് യു.എ.ഇ. വഴി മുരളിയേട്ടനും. അവരുടെ സഹജീവിതം കാൽ നൂറ്റാണ്ട് തികഞ്ഞു. മൗനം കൂടുകെട്ടിയ സ്‌നേഹമാണ് മിച്ചിരുവിന്റേത്. ആവശ്യമുള്ളത് മാത്രം പറയുക. വേണ്ടതു മാത്രം ചെയ്യുക. നിരുപാധികം സ്‌നേഹിക്കുക. അതാണ് മിച്ചിരുവിന്റെ ജീവിതദർശനം. മുരളിയേട്ടന്റെ സംഭാഷണരീതി അങ്ങനെയല്ല. ഇരിങ്ങാലക്കുടയിലെ ജീവിതത്തിൽ നിന്നും കിട്ടിയ നാട്ടുചൊല്ലുകൾ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട്, കൂടൽമാണിക്യത്തിലേക്കുള്ള നടവഴിയിലോ ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലോ എന്ന പോലെ, ഓരോ ജീവിതസന്ദർഭത്തെയും മുരളിയേട്ടൻ അഭിമുഖീകരിച്ചുകൊണ്ടേയിരിക്കും. ജീവിതത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളിലേക്കോ, എതിർവാദങ്ങളിലേക്കോ, ഫലിതത്തിലേക്കോ പടരാതെ ഒരു സന്ദർഭവും മുരളിയേട്ടന് മുന്നിലൂടെ നിസംഗമായി കടന്നുപോവില്ല. ജീവിതോത്സവങ്ങളുടെ കടൽ മുരളിയേട്ടനിൽ സദാ ഇരമ്പിനിൽക്കുന്നു. തിരയൊഴിയാതെ.

 മോൺസിയെ വഴിയിലുപേക്ഷിച്ച് രാത്രിയോടെ ഞങ്ങൾ ഈസ്റ്റ് ഫിഞ്ച്‌ലിയിലെ മുരളിയേട്ടന്റെ വീട്ടിലെത്തി. പതിനാല്-പതിനഞ്ച് മണിക്കൂർ നീണ്ട യാത്രയുടെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും ഞങ്ങൾ പിന്നെയും കുറെ നേരം കൂടി സംസാരിച്ചിരുന്നു. രാത്രി വൈകിക്കിടക്കുമ്പോൾ പിറ്റേന്നത്തെ ആദ്യയാത്ര ഹൈഗേറ്റ് സെമിത്തേരിയിലേക്ക് എന്ന് ഞങ്ങൾ ഉറപ്പിക്കുകയും ചെയ്തു. ലണ്ടനിലെ എന്റെ ആദ്യപ്രഭാഷണം ഒരു ദിവസം കൂടി കഴിഞ്ഞിട്ടാണ്; സെപ്തംബർ ഏഴിന്. അതുകൊണ്ട് ആറിന് രാവിലെ ഹൈഗേറ്റ് സെമിത്തേരിയിൽ നിന്ന് തുടങ്ങാം എന്ന് തീരുമാനമായി. ആദ്യദിവസം തന്നെ അവിടെ പോകണം എന്നാഗ്രഹിച്ചിരുന്നുവെങ്കിലും അത് നടക്കുമോ എന്നറിയില്ലായിരുന്നു. അതിലേക്ക് വഴിതെളിഞ്ഞപ്പോൾ വെറുതെയൊരു സന്തോഷം തോന്നി.

 രാവിലെ പത്തുകഴിഞ്ഞാണ് പുറപ്പെട്ടത്. ഈസ്റ്റ് ഫിഞ്ച്‌ലിയിൽ നിന്ന് ഹൈഗേറ്റിലേക്കുള്ള വഴിയിലൂടെ നടന്നു. വഴിക്കിരുപുറവും പ്രാചീനഭംഗിയുള്ള വൃക്ഷങ്ങളുണ്ട്. വഴിയോരത്തു കൂടെ പതിനഞ്ചു മിനിറ്റോളം നടന്നപ്പോൾ ഹൈഗേറ്റ് സ്‌കൂളെത്തി. പ്രതാപം നിറഞ്ഞ വിദ്യാലയങ്ങളിലൊന്നാണതെന്ന് മുരളിയേട്ടൻ പറഞ്ഞു. റോഡരുകിൽ അതിവിശാലമായ കളിക്കളം. പച്ചപ്പിന്റെ പരപ്പ്. പിന്നിലെ മരങ്ങളും അതിനുംപിന്നിലെ നീലാകാശപടർപ്പും. വർണ്ണവ്യതിരേകങ്ങളുടെ സമൃദ്ധിയിൽ ആ ദൃശ്യത്തിന് ഒരു മായികതയുണ്ടായിരുന്നു.

അല്പം കൂടി മുന്നോട്ടുനടന്ന് വെസ്റ്റ്ഹിൽ റൗണ്ടിലെത്തി. അവിടെനിന്നും ഇടത്തോട്ട് തിരിയുമ്പോൾ സ്വാൺസ്‌ലെയ്ൻ ആരംഭിക്കുന്നു. ഹൈഗേറ്റ് സെമിത്തേരിയിലേക്കുള്ള വഴിയാണത്. അല്പം മുന്നോട്ട് നീങ്ങിയപ്പോൾ വലതുഭാഗത്തുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വൃത്താകാരത്തിലുള്ള നീല ഫലകം ( plaque ) കാണാമായിരുന്നു. ചാൾസ് ഡിക്കൻസ് താമസിച്ച കെട്ടിടമാണതെന്ന് മുരളിയേട്ടൻ പറഞ്ഞു. അക്കാര്യം അതിൽ എഴുതിവച്ചിട്ടുമുണ്ട്. മാർക്‌സിന് പ്രിയപ്പെട്ട എഴുത്തുകാരിലൊരാൾ ഡിക്കൻസായിരുന്നുവല്ലൊ എന്ന് ആ സംഭാഷണത്തിനിടയിൽ ഞാൻ ഓർക്കുന്നുണ്ടായിരുന്നു. മാർക്‌സിലേക്കുള്ള വഴിയിൽ ചാൾസ് ഡിക്കൻസ് ഉള്ളത് ആകസ്മികമല്ല. മുതലാളിത്തം മനുഷ്യവംശത്തോട് ചെയ്ത ക്രൂരതകളുടെ ചിത്രം ഡിക്കൻസിനോളം നന്നായി ആരും രേഖപ്പെടുത്തിക്കാണില്ല. മാർക്‌സ് അതിനെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്.

ചാൾസ് ഡിക്കൻസ് താമസിച്ച കെട്ടിടത്തിനു മുന്നിൽ

സ്വാൺസ്‌ലെയിനിലൂടെ ഒരുകിലോമീറ്ററോളം നടന്നാൽ ഹൈഗേറ്റ് സെമിത്തേരിക്ക് മുന്നിലെത്തും. കിഴക്കും പടിഞ്ഞാറുമായി 36 ഏക്കറിലായി പരന്നുകിടക്കുന്ന ശ്മശാനോദ്യാനം. പടിഞ്ഞാറൻ സെമിത്തേരിക്ക് പതിനേഴ് ഏക്കർ വലിപ്പമുണ്ട്. ഈസ്റ്റ് സെമിത്തേരിക്ക് പത്തൊൻപത് ഏക്കറും. ലണ്ടനിലെ മൂന്നാമത്തെ പൊതുശ്മശാനമാണ് ഹൈഗേറ്റ്. കെൻസൽഗ്രീനും (1833), വെസ്റ്റ് നോർവുഡിനും (1837) ശേഷം 1839-ൽ സ്ഥാപിതമായ പൊതുശ്മശാനം. ‘സപ്‌തോജ്വലം’ ( Magnificent Seven ) എന്നറിയപ്പെടുന്ന ലണ്ടനിലെ പൊതുശ്മശാനങ്ങളുടെ കൂട്ടത്തിൽ പെട്ട ഒന്നാണ് ഹൈഗേറ്റ് സെമിത്തേരി. ലണ്ടൻ നഗരം അതിന്റെ പൈതൃകാഭിമാനങ്ങളുടെ പട്ടികയിൽ പെടുത്തിക്കൊണ്ടുനടക്കുന്ന എണ്ണമറ്റ സ്മാരകങ്ങളിൽ ഈ സപ്‌തോജ്വലങ്ങളും ഉൾപ്പെടുന്നു. കെൻസൽഗ്രീൻ (1833), വെസ്റ്റ് നോർവുഡ് (1837), ഹൈഗേറ്റ് (1839), അബ്‌നേപാർക്ക് (1840), ബ്രോംപ്ടൺ (1840), നൺഹെഡ് (1840), ടവർ ഹാംലെറ്റ്‌സ് (1841) എന്നിങ്ങനെ ഏഴ് ശ്മശാനോദ്യാനങ്ങൾ. 1845-ൽ നിലവിൽ വന്ന വിക്‌ടോറിയാ പാർക്കിനെയും ചിലർ ഈ പട്ടികയിൽ പെടുത്തുന്നുണ്ട്. അതുകൂടി ചേർത്താൽ സപ്‌തോജ്വലം അഷ്ടോജ്വലമാകും!

ഹൈഗേറ്റിലേതുൾപ്പെടെയുള്ള ലണ്ടനിലെ പൊതുശ്മശാനങ്ങൾക്ക് സവിശേഷമായ ഒരു ചരിത്രമുണ്ട്. ലണ്ടൻ നഗരത്തിന്റെയും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായവത്കരണത്തിന്റെയും ചരിത്രവുമായി അത് ഇഴപിരിഞ്ഞു കിടക്കുന്നു. പത്തൊമ്പതാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ ഗ്രാമീണ മേഖലകളിൽ നിന്ന് ലണ്ടനിലേക്ക് വൻതോതിലുള്ള കുടിയേറ്റമാണ് ഉണ്ടായത്. പുതിയ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് ഗ്രാമീണജനത ഇരമ്പിയെത്തി. 1801-ൽ പത്തുലക്ഷത്തിൽ താഴെ മാത്രം ജനങ്ങളുണ്ടായിരുന്ന ലണ്ടനിലെ ജനസംഖ്യ നാല് പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഇരുപതുലക്ഷമായി. ലണ്ടനിലെ പ്രതിദിന മരണനിരക്ക് 125 ആയി ഉയർന്നു. പ്രതിവർഷം 45,000-ത്തിലധികം ശവങ്ങൾ സംസ്‌കരിക്കേണ്ട സ്ഥിതി. ഹൈഗേറ്റിനെക്കുറിച്ചുള്ള കൈപ്പുസ്തകം പറയുന്നതുപോലെ, ജീവനുള്ളവരെകൊണ്ടെന്നപോലെ മരിച്ചവരെകൊണ്ടും നഗരം വീർപ്പുമുട്ടി. പള്ളികളിലെ സെമിത്തേരികളിൽ ജഡങ്ങൾ തിങ്ങിനിറഞ്ഞു. മാസങ്ങളുടെ മാത്രം അകലത്തിൽ എല്ലാ കുഴിമാടങ്ങളും വീണ്ടും വീണ്ടും തുറക്കേണ്ട സ്ഥിതിയായി. മൂന്നടിമാത്രം ആഴത്തിൽ കുഴിച്ചിട്ട ജഡങ്ങൾ അഴുകിത്തീരുന്നതിനു മുൻപേ പുതിയ ജഡങ്ങൾ അവിടേക്കെത്തി. ആന്റിഗണിയിൽ പറയുന്നതുപോലെ ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവരോട് മനുഷ്യവംശത്തിന് ഉത്തരവാദിത്തമുണ്ടെന്ന് ലണ്ടൻ നഗരത്തിന് അപ്പോൾ ഓർക്കാനായില്ല!

ഇതോടൊപ്പം തന്നെ ലണ്ടൻനഗരത്തെ അലട്ടിയ മറ്റൊരു പ്രശ്‌നമായിരുന്നു പഠനാവശ്യങ്ങൾക്കും മറ്റുമായി മൃതദേഹങ്ങൾ മോഷ്ടിക്കുന്ന കവർച്ചാസംഘങ്ങളുടെ തേർവാഴ്ച. സെമിത്തേരികളിലെ കുഴിമാടങ്ങളിൽ അടക്കം ചെയ്യപ്പെട്ട ജഡങ്ങൾ വൻതോതിൽ കൊള്ളയടിക്കപ്പെട്ടു. മരിച്ചവരെ ‘ഉയിർത്തെഴുന്നേല്പിക്കുന്ന’ രാത്രിസംഘങ്ങൾ ( ‘Resurrection Men’ ) ലണ്ടൻ ശ്മശാനങ്ങൾ കീഴടക്കി! ലണ്ടൻ നഗരത്തിലെ ദേവാലയങ്ങളിൽ മുട്ടുകുത്തിനിന്ന്, കവർന്നെടുക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജഡങ്ങളെച്ചൊല്ലി നൂറുകണക്കിന് മനുഷ്യർ കണ്ണീർവാർത്തു. ഇതിനിടയിൽ ശരിയായി സംസ്‌കരിക്കപ്പെടാത്ത ജഡങ്ങളിൽ നിന്ന് നഗരം പകർച്ചവ്യാധികളുടെ പിടിയിലേക്ക് നീങ്ങി. 1831-ലെ കോളറ നൂറുകണക്കിന് പേരെയാണ് കൊന്നൊടുക്കിയത്. അഴുകിത്തീരാത്ത ജഡങ്ങളിൽ നിന്നും പടരുന്ന ഈർപ്പം കലർന്ന വായുവായിരുന്നു ( miasma ) ഈ പകർച്ചവ്യാധിക്ക് പിന്നിലെ കാരണങ്ങളിലൊന്ന്.

എറിക് ഹോംബ്സ്വാമിന്റെ കല്ലറയ്ക്കരിൽ

മരണം എന്ന ഈ മഹാസമസ്യയെ അഭിമുഖീകരിക്കാനുള്ള പുതിയ പരിശ്രമങ്ങളുടെ ഭാഗമായിരുന്നു പള്ളികൾക്കു പുറത്തുള്ള സ്വകാര്യ ശ്മശാനങ്ങൾ. 1830-40 കാലയളവിലായി ലണ്ടൻ നഗരത്തിന്റെ നാലുഭാഗത്തും സ്വകാര്യ ശ്മശാനങ്ങൾ ഉയർന്നുവന്നു. പ്രശാന്തവും സ്വച്ഛവുമായ പ്രകൃതിപരിസരങ്ങളിൽ മനുഷ്യർ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങൾ പിറവിയെടുക്കാൻ തുടങ്ങി. 1836-ൽ ബ്രിട്ടീഷ് പാർലമെന്റ് സ്വകാര്യ ശ്മാശാനഭൂമികളുടെ സ്ഥാപനവും നടത്തിപ്പും സംബന്ധിച്ച് നിയമം പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ശ്മശാനനടത്തിപ്പിനായി ജോയിന്റ് സ്റ്റോക്ക് കമ്പനികൾ നിലവിൽ വന്നു. ഇങ്ങനെ രൂപീകരിക്കപ്പെട്ട കമ്പനികളിലൊന്നായിരുന്നു ലണ്ടൻ സെമട്രി കമ്പനി. ഇരുപത് പൗണ്ട് മുഖവിലയുള്ള 5000 ഓഹരികൾ വഴി ഒരു ലക്ഷം പൗണ്ട് സമാഹരിച്ചാണ് ലണ്ടൻ സെമട്രി കമ്പനി പ്രവർത്തിച്ചത്. സ്റ്റീഫൻ ഗ്രെയുടെ നേതൃത്വത്തിൽ നിലവിൽ വന്ന ഈ ജോയിന്റ് സ്റ്റോക്ക് കമ്പനിയാണ് 1839-ൽ ഹൈഗേറ്റ് ശ്മശാനം ആരംഭിച്ചത്.

മരണം ശ്മശാനങ്ങളെ വേഗത്തിൽ വളർത്തി. പതിനേഴ് ഏക്കറുള്ള ഹൈഗേറ്റിലെ പടിഞ്ഞാറൻ ശ്മശാനം 1854-ൽ പാതയുടെ കിഴക്കുഭാഗത്തെ പത്തൊൻപത് ഏക്കറിലേക്ക് കൂടി വളർന്നു. കേവലം പതിനഞ്ച് വർഷങ്ങൾ കൊണ്ട് ഹൈഗേറ്റ് സിമട്രി ഇരട്ടിയായി. അത്യന്തം ഭംഗിയായി സംവിധാനം ചെയ്യപ്പെട്ട പൊതുശ്മശാനങ്ങളിലേക്ക് ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവരുടെ ജഡങ്ങൾ എത്തി. 53,000 കുഴിമാടങ്ങളിലായി രണ്ടുലക്ഷത്തോളം  പേരാണ് ഇപ്പോൾ ഹൈഗേറ്റിൽ സംസ്‌കരിക്കപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്തരായവർ മുതൽ അജ്ഞാതരായ സാധാരണ മനുഷ്യർ വരെ. അവരുടെ ഓർമ്മകൾ തേടിയെത്തുന്നവർ ഹൈഗേറ്റിനെ അതുല്യമായ ഒരു ചരിത്രസ്മാരകമായി മാറ്റിയിരിക്കുന്നു! മൺമറഞ്ഞവർ അവരിലൂടെ മൃതിയുടെ മറുപുറങ്ങളിലേക്ക് ചുവടുവയ്ക്കുന്നു.

ഹൈഗേറ്റിലെ പടിഞ്ഞാറും കിഴക്കും സെമിത്തേരികളിലായി മനുഷ്യവംശചരിത്രത്തെ മാറ്റിപ്പണിത പലരുടെയും ഓർമ്മകൾ തിടംവച്ചുനിൽക്കുന്നുണ്ട്. പത്തൊമ്പതാം ശതകത്തിലെ ചിത്രകലാചരിത്രത്തിലെ വലിയ പേരുകളിലൊന്നായ ഡാന്റെ ഗബ്രിയേൽ റോസെറ്റി, സഹോദരങ്ങളായ ക്രിസ്റ്റീന റോസെറ്റി, വില്യം റോസെറ്റി, വിക്‌ടോറിയൻ ഇംഗ്ലണ്ടിൽ അതുല്യപ്രശസ്തി നേടിയ ഗുസ്തിതാരമായ തോമസ് സെയേഴ്‌സ് (1826-65) (സെയേഴ്‌സിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ 1865-ൽ പതിനായിരത്തിലധികം പേർ ഹൈഗേറ്റ് സെമിത്തേരിയിലെത്തി. ഹൈഗേറ്റ് കണ്ട ഏറ്റവും വലിയ സംസ്‌കാരച്ചടങ്ങ് അതായിരുന്നു), ശാസ്ത്രജ്ഞനായ മൈക്കിൾ ഫാരഡേ (1791-1867), കവിയും നോവലിസ്റ്റുമായ റാഡ്ക്ലിഫ് ഹാൾ (1880-1943), വിക്‌ടോറിയൻ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ജോർജ് എലിയറ്റ് എന്നറിയപ്പെട്ട മേരി ആൻ ഇവാൻസ് (1817-78), പത്തൊമ്പതാം നൂറ്റാണ്ടിലെ അരിസ്റ്റോട്ടിൽ എന്ന് വാഴ്ത്തപ്പെട്ട ഹെർബർട്ട് സ്‌പെൻസർ (1820-1903), നാടകക്കാരനായ ഡഗ്ലസ് ആദംസ് (1952-2001), പോപ് സംഗീതജ്ഞൻ മാൽക്കം മക്‌ലാറൻ (1946-2010) എന്നിങ്ങനെ എത്രയോ പേർ കാലത്തെ അതിജീവിക്കുന്ന ഓർമ്മകളുടെ പേടകങ്ങളായി ഹൈഗേറ്റിൽ തുടരുന്നുണ്ട്.

ഹൈഗേറ്റിലെ ഈ സ്മാരകങ്ങളിൽ ഏറ്റവും പ്രൗഢവും വിശിഷ്ടവുമായ പദവിയിലാണ് മാർക്‌സിന്റെ ശവകുടീരം ഇപ്പോൾ നിലകൊള്ളുന്നത്. കാലപ്രവാഹത്തിൽ ഗാംഭീര്യമാർജ്ജിച്ച ആ സ്മാരകസ്തംഭത്തിന് ചുറ്റും പോരാളികളുടെ ഓർമ്മകൾ പേറി മറ്റനേകം ശിലാഫലകങ്ങൾ കാണാം. മാർക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം, ദക്ഷിണാഫ്രിക്കയിലെ മഹാനായ അപ്പാർത്തീഡ് വിരുദ്ധപ്പോരാളി യൂസഫ് ദാദൂ, പത്രപ്രവർത്തകയും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ ക്ലോദിയ ജോൺസ്….. മാർക്‌സിന്റെ ഓർമ്മകൾ തേടിയെത്തുന്നവർ അവരിലൂടെയും കടന്നുപോവുന്നു. മനുഷ്യൻ സാമൂഹികബന്ധങ്ങളുടെ സമുച്ചയമാണെന്ന് ( ‘Man is an ensemble of social relations’ ) എഴുതിയ മാർക്‌സ് തന്റെ ശവകുടീരത്തിലും അത് സാക്ഷാത്കരിക്കുന്നു!

മാർക്‌സിന്റെ ശവകുടീരത്തിന് നേരെ എതിർഭാഗത്തായി ഹെർബെർട്ട് സ്‌പെൻസറുടെ ശവമാടം കാണാം. എറിക് ഹോബ്‌സ്ബാം എഴുതിയതുപോലെ, പത്തൊമ്പതാം ശതകത്തിലെ അരിസ്റ്റോട്ടിലായി വാഴ്ത്തപ്പെട്ട ആളായിരുന്നു സ്‌പെൻസർ. മാർക്‌സിന്റെ നിശിതവിമർശകരിലൊരാൾ. മാർക്‌സിന്റെ ജീവിതകാലത്ത് സ്‌പെൻസറുടെ പ്രൗഢി അതുല്യമായിരുന്നു. എങ്കിലും കാലം ആ ഉദ്ധതപ്രതാപത്തെ പതിയെപ്പതിയെ കെടുത്തിക്കളഞ്ഞു. മാർക്‌സ് കാലത്തിലൂടെ വളർന്നപ്പോൾ സ്‌പെൻസർ വിസ്മൃതിയിലേക്ക് മാഞ്ഞുപോയി. ഇന്ന് മാർക്‌സിനെ കാണാനെത്തുന്നവരിൽ ഏറിയ പങ്കും സ്‌പെൻസർ അവിടെയുണ്ടെന്നുപോലും തിരിച്ചറിയാതെ മടങ്ങുന്നു.

ലേഖകനും മുരളി വെട്ടത്തും

2019 സെപ്തംബർ 6-ന് രാവിലെ പതിനൊന്നുമണിയോടെ ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയുടെ വാതിൽ പിന്നിട്ട് അകത്തേക്ക് നടക്കുമ്പോൾ അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുനടന്ന് പ്രധാനപാതയുടെ അരികത്തെ ബഞ്ചുകളിലൊന്നിൽ ഞങ്ങൾ അല്പനേരം ഇരുന്നു. ചുറ്റും പച്ചപ്പിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന സ്മാരകസ്തംഭങ്ങൾ. കുറച്ചുകഴിഞ്ഞ് അവയിലൂടെ കണ്ണോടിച്ച് വീണ്ടും നടപ്പുതുടർന്നു. രണ്ടായി പിരിയുന്ന വഴികളിലെ ഇടത്തേക്കുള്ള വഴിയിലൂടെ മുന്നോട്ട് നടന്ന് മാർക്‌സിന്റെ ശവകുടീരത്തിന് മുന്നിലെത്തി. തലേന്ന് ആരെല്ലാമോ അർപ്പിച്ച കുറച്ച് പൂക്കൾ. ഒരുഭാഗത്തേക്ക് ഒതുക്കിവച്ച പൂക്കൂടകൾ. അധൃഷ്യമായി തലയുയർത്തി നിൽക്കുന്ന മാർക്‌സിന്റെ ശിരസ്സിൽ കണ്ണുനട്ട് ഞങ്ങൾ കുറച്ചധികം നേരം നിന്നു. ചരിത്രത്തിൽ അലയടിച്ചുകൊണ്ടേയിരിക്കുന്ന വാക്കുകൾക്ക് മുകളിൽ മാർക്‌സ് ഉന്നതശീർഷനായി നിന്നു.

ഹാരിയോടൊപ്പം

പിന്നീട് ഞങ്ങൾ ചുറ്റുപാടും നടന്നുകണ്ടു. മാർക്‌സിനെയും കുടുംബാംഗങ്ങളെയും ആദ്യം സംസ്‌കരിച്ച കുഴിമാടവും കണ്ട് തിരിച്ചെത്തിയപ്പോൾ മാർക്‌സിന്റെ പ്രതിമയ്ക്കു മുന്നിൽ മറ്റൊരാൾ ആദരാഞ്ജലികൾ അർപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു. മെക്‌സിക്കോക്കാരനായ ഹാരി. അഭിഭാഷകനും ഇടതുപക്ഷക്കാരനുമാണ് ഹാരി. ജർമ്മനിയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാർക്‌സിന്റെ ശവകുടീരം കാണാനായി മാത്രം ലണ്ടനിലിറങ്ങിയതാണ്. ഞങ്ങൾ ഒരുമിച്ച് മാർക്‌സിന് അഭിവാദനങ്ങൾ അർപ്പിച്ചു. പിരിഞ്ഞു. സർവ്വരാജ്യങ്ങളിലെയും മനുഷ്യർ മാർക്‌സിനെ തേടിയെത്തുന്നല്ലോ എന്ന് ഞാനപ്പോൾ മനസ്സിലോർത്തു. ഹൈഗേറ്റിൽ നിന്ന് ലോകമെമ്പാടേക്കും വഴികൾ വളരുന്നു!

          ഇവിടെ നിന്റെ വാക്കുറങ്ങാതെയിരിക്കുന്നു!

Comments

comments