“ഗണിതം ഭവശാസ്ത്രമാണ്” (അലന്‍ ബാദിയു 2006:4)

‘എണ്ണൽ’ എന്ന പ്രവൃത്തിയെ വളരെ സാധാരണവും സങ്കീർണതകൾ തീർത്തും ഇല്ലാത്തതുമായ ഒന്നായാണ് നമ്മൾ കരുതുന്നത്. സാങ്കേതികമായ തലത്തിലും എണ്ണൽ ഏറ്റവും വസ്തുനിഷ്ഠമായ പ്രവൃത്തിയായി കരുതപ്പെടുന്നു. ഗണിതം പൊതുവേ എണ്ണലിന്‍റെ തുടർച്ച എന്ന നിലയിൽ സാമൂഹികേതരവും യുക്തിപരവുമായ ഒന്നായാണ് വിവക്ഷിക്കപ്പെടുന്നത്. ഗണിതഭാഷ അടിസ്ഥാനമാകുന്നതിനാൽ സയൻസിനെ (പ്രത്യേകിച്ചും ഫിസിക്‌സ്) സാമൂഹികാനുഭവങ്ങളുടെ ‘കറ’ പുരളാത്ത ഉദാത്തമായ ജ്ഞാനാർജന സമ്പ്രദായമായി നമ്മൾ എണ്ണുന്നു.

ഒരു ലളിത ഗണിത പ്രവൃത്തിയായ എണ്ണൽ പക്ഷേ സൂക്ഷ്മ പരിശോധനയിൽ സങ്കീർണമായ ഒരു സാമൂഹിക പ്രവൃത്തിയാണെന്ന് കാണാം. ദൈനംദിന ജീവിത അനുഭവങ്ങളുമായി ബന്ധപ്പെട്ടാണ് എണ്ണൽ രീതികൾ വികസിച്ചു വന്നത്. കുട്ടികൾ എണ്ണാൻ പഠിക്കുന്നത് ശ്രദ്ധിച്ചാൽ ഈ പ്രവൃത്തിയുടെ സങ്കീർണതയുടെ ഒരു ഏകദേശ രൂപം നമുക്ക് ലഭിക്കും. മഞ്ചാടിക്കുരുക്കളോ വെള്ളാരം കല്ലുകളോ എണ്ണുമ്പോൾ എന്താണ് എണ്ണപ്പെടുന്നത് എന്ന് തീരുമാനിക്കുന്നത് അത്ര എളുപ്പമല്ല. എണ്ണലിന്‍റെ ഉദ്ദേശ്യം, എണ്ണപ്പെടാൻ യോഗ്യതയുള്ള മാത്രകൾ (elements), അവ പ്രതിനിധീകരിക്കുന്ന ഇനം (category) എന്നീ കാര്യങ്ങളിൽ വ്യക്തത വരുന്നത് എണ്ണുമ്പോൾ മാത്രമാണ്: എണ്ണലിലൂടെയാണ് മാത്രകൾ വ്യതിരിക്തമായ തന്മയെ ആർജിക്കുന്നത്. അവ ഓരോന്നും അങ്ങനെ എണ്ണത്തിൽ ഒന്നിനെ വീതം പ്രതിനിധീകരിക്കുന്നു. ചിലവ എണ്ണപ്പെടാൻ യോഗ്യതയില്ലാതെ പുറത്താക്കപ്പെടുന്നു (‘discounting’). നമ്മുടെ ശരീരം ഉപയോഗിച്ചാണ് നമ്മൾ എണ്ണുന്നത്: തൊട്ടും, മണപ്പിച്ചും, കണ്ടും, കേട്ടുമാണ് എണ്ണുന്നത്. എണ്ണം ശരിയായോ എന്ന് തിട്ടപ്പെടുത്തുന്നതിന് മറ്റാരെയെങ്കിലും കൊണ്ട് വീണ്ടും എണ്ണിക്കേണ്ടിയും വരുന്നു. എണ്ണലിലെ സത്യം വ്യക്തിപരമായി തീരുമാനിക്കപ്പെടുന്നതല്ല എന്ന് ചുരുക്കം.

എണ്ണൽ എന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്നതാണ് സംഖ്യാശാസ്ത്രം എന്ന ഗണിത ശാഖ. അതിനാൽതന്നെ സാമൂഹികതയാണ് അതിലെ അമൂർത്തമായ കലനരീതികളുടെ അടിസ്ഥാനം. രസകരമായ കാര്യമെന്താണെന്ന് വച്ചാൽ, നമ്മൾ സ്വാഭാവികവും സാർവ്വലൗകീകവുമെന്ന് വിചാരിക്കുന്ന ‘ഒന്ന്, രണ്ട്, മൂന്ന്, നാല്…’ എന്ന രേഖീയമായ എണ്ണൽ രീതി പതിനേഴാം നൂറ്റാണ്ടിലാണ് മേൽക്കൈ നേടുന്നതെന്നതാണ്! ഒരു രേഖയിലെ വിവിധ ബിന്ദുക്കളാണ് സംഖ്യകൾ എന്ന രൂപകം ഗണന പ്രക്രിയയുടെ അടിസ്ഥാനം ആകുമ്പോഴാണിത് സംഭവിക്കുന്നത്. ഇതാവട്ടെ അക്കാലത്തെ എഞ്ചിനീയറിങ്ങിൽ എണ്ണലിനോടൊപ്പം അളക്കൽ പ്രാധാന്യം നേടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഡേവിഡ് ബ്ലൂർ നിരീക്ഷിക്കുന്നു (Bloor 1991: 117-118). അക്കാലത്തെ മിക്ക ഗണിത ശാസ്ത്രജ്ഞരും എഞ്ചിനീയറിങിലും സാങ്കേതിക വിദ്യകളിലും അതീവതല്‍പരരായിരുന്നു (ഉദാ. ഡച്ച് ഗണിതജ്ഞനായിരുന്ന Simon Stevin) എന്നതായിരുന്നു രേഖീയ ഗണനരീതി പതിനേഴാം നൂറ്റാണ്ടിൽ വികസിക്കാൻ കാരണമായത്. അതായത്, ആധുനികതയുടെ വരവോടെ അറിവിന്‍റെ പ്രായോഗികതാക്ഷമതയോടുണ്ടായ (applicability) സാമൂഹിക പ്രതിപത്തി ഗണിതയുക്തിയെ തന്നെ മാറ്റുന്നു (ഈ മാറ്റം തിരിച്ച് സാമൂഹിക പരിണാമത്തേയും സ്വാധീനിക്കുന്നു).

പതിനേഴാം നൂറ്റാണ്ടിന് മുമ്പ് എണ്ണലിന്‍റെ സ്വഭാവം രേഖീയമായിരുന്നില്ല എന്ന കാര്യം ഉൾക്കൊള്ളാൻ ഇന്ന് നമ്മൾക്കത്ര എളുപ്പമല്ല. ആധുനിക ഗണിത ധാരണകൾ അത്രമേല്‍ സ്വാഭാവികമാണെന്നും ചരിത്രേതരമാണെന്നും നമ്മുടെ വിചാരത്തിലുറച്ചു പോയതുകൊണ്ടാണിത്. ഉദാഹരണത്തിന്, ഗ്രീക്ക് ഗണിത രീതി അനുസരിച്ച് ഒന്ന് ഒരു സംഖ്യ ആയിരുന്നില്ല എന്ന് ബ്ലൂർ ചൂണ്ടിക്കാട്ടുന്നു. ഒന്ന് (‘1’) എല്ലാ സംഖ്യകളുടെയും ജനയിതാവാണ് (generator). ഭാജ്യസംഖ്യകളും അവിഭാജ്യ സംഖ്യകളും അതിൽ നിന്ന് രൂപപ്പെടുന്നു. അതിനാൽ ഒന്ന് ഭവപരമായി ഭാജ്യമോ അവിഭാജ്യമോ അല്ല എന്നവർ കരുതി. എന്നു മാത്രമല്ല, അക്കങ്ങളെ ജ്യാമിതീയ രൂപങ്ങളായാണ് അവർ പരിഗണിച്ചിരുന്നത്. നമുക്കിന്ന് പരിചയമില്ലാത്ത സ്വഭാവ സവിശേഷതകൾ ഈ ജ്യാമിതീയ ധാരണകൾ (‘eidos’) മൂലം സംഖ്യകൾക്ക് കൈവന്നു. അക്കാലത്തെ ഗണിത വിജ്ഞാനീയത്തെ ഇതെങ്ങനെ രൂപപ്പെടുത്തിയിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. സംഖ്യകൾക്ക് കല്‍പ്പിച്ചിരുന്ന ദൈവശാസ്ത്രപരമായതും അതിഭൗതികപരമായതുമായ മാനങ്ങളെ മായ്ച്ചുകളഞ്ഞ് (secularisation) അക്കങ്ങളെ പ്രായോഗികതയില്‍ ഉറപ്പിക്കുകയായിരുന്നു പതിനേഴാം നൂറ്റാണ്ടിലെ ഗണിത ശാസ്ത്രജ്ഞർ ചെയ്തത് എന്ന് ബ്ലൂർ നിരീക്ഷിക്കുന്നു.

എണ്ണൽ എന്ന പ്രവൃത്തി ആധുനിക ശാസ്ത്രശാഖകളിലെല്ലാം തന്നെ പ്രധാനമാണ്. ശാസ്ത്രീയമായി പരിശോധിക്കപ്പെടുന്ന വസ്തുക്കളെ വസ്തുനിഷ്ഠമായി എണ്ണി തിട്ടപ്പെടുത്തേണ്ട ആവശ്യമുണ്ട്. അത് ഒരു തന്മാത്രയിലെ ആറ്റങ്ങളാവാം, ജീവന്‍റെ സാധ്യതയുള്ള ഗ്രഹങ്ങളാവാം, മണ്ണിനങ്ങളാവാം, കാനേഷുമാരിയിലെ (സെൻസസ്) കണക്കെടുപ്പാവാം, വോട്ടെണ്ണലുമാവാം. ഈ കണക്കെടുപ്പുകൾ അതിസങ്കീർണമായതും ഏറെ അവ്യക്തതകൾ നിലനില്‍ക്കുന്നവയുമാണ്. കുട്ടികൾ വെള്ളാരങ്കല്ലുകൾ എണ്ണാൻ ശ്രമിക്കുമ്പോള്‍ ഉള്ളതായി നമ്മൾ നേരത്തേ കണ്ട പ്രശ്നങ്ങളെല്ലാം അതിന്‍റെ പതിന്മടങ്ങ് സങ്കീർണതയിൽ സയൻസിലെ എണ്ണിത്തിട്ടപ്പെടുത്തലുകളിൽ ഉള്ളടങ്ങിയിരിക്കുന്നു.

എണ്ണലിന്‍റെ ഈ സങ്കീർണത കൂടുതൽ വിശദമായി മനസിലാക്കുന്നതിനായി നമുക്ക് മനുഷ്യരിലെ ക്രോമസോമുകളെ ശാസ്ത്രജ്ഞർ എണ്ണിത്തിട്ടപ്പെടുത്തിയത് എങ്ങനെ എന്ന് നോക്കാം. ക്രോമസോമുകളുടെ എണ്ണം മനുഷ്യകോശങ്ങളിൽ 46 ആണ് എന്നത് അര്‍ത്ഥശങ്കകൾക്ക് ഇടയില്ലാത്ത ശാസ്ത്രീയ വസ്തുതയാണ് ഇന്ന്. ഈ ലളിതവും ഋജുവുമായ ശാസ്ത്ര വസ്തുത പക്ഷേ ക്രോമസോമുകളെ എണ്ണാനുള്ള മുക്കാൽ നൂറ്റാണ്ടുകാലത്തെ പരിശ്രമത്തിന്‍റെ ഫലമായിരുന്നു. Aryn Martin, Michael Lynch എന്നീ ശാസ്ത്ര സാമൂഹികതാ ഗവേഷകരുടെ പഠനങ്ങളെയാണ് (Martin 2004; Martin and Lynch 2009) ഞാൻ ഇവിടെ ആശ്രയിക്കുന്നത്.

1888-ലാണ് ക്രോമസോമുകൾക്ക് ‘നിറമുള്ള ശരീരങ്ങൾ’ എന്ന അർത്ഥത്തിൽ ആ പേര് ലഭിക്കുന്നത്. ലബോറട്ടറിയിൽ സൂക്ഷ്മദർശിനിയ്ക്ക് ഇടിയിൽ കാണാൻ പറ്റുന്ന കോശഭാഗമായി അവ പ്രത്യക്ഷപ്പെടുന്നത് 1870 കൾ മുതലാണ്; ഒരു ശാസ്ത്രീയ ആശയമെന്ന നിലയിൽ അതിന് മുമ്പേ തന്നെ ക്രോമസോം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും. അവയെ കാണുക എന്നത് അവയെ പ്രത്യക്ഷപ്പെടുത്തുന്നതിനുള്ള പരീക്ഷണശാലയിലെ പരിശ്രമങ്ങളുടെ ഭാഗമാണ് എന്ന് ഓർക്കുക. അവയെ ദർശിക്കുന്നതിനായി ശാസ്ത്രീയമായി ഒരുക്കിയെടുക്കുന്ന ഘട്ടത്തിൽ (cell preparation and staining) പെട്ടന്ന് നിറത്തെ ആഗിരണം ചെയ്യുന്നതിനാലാണ് ക്രോമസോം എന്ന പേര് നൽകിയത്.

ഇതേ കാലഘട്ടത്തിൽ തന്നെയാണ് ക്രോമസോമുകളെ എണ്ണാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കോശവിഭജന ഘട്ടത്തിൽ ക്രോമസോമുകൾ വ്യതിരിക്തമാകുന്നു എന്നും ഓരോ ജീവജാതിയിലും അവയുടെ എണ്ണം സ്ഥിരമാണ് എന്നുമുള്ള സൈദ്ധാന്തികധാരണ രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. അങ്ങനെ ക്രോമസോമുകൾ പാരമ്പര്യവാഹകർ എന്ന നിലയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സവിശേഷ ശ്രദ്ധ നേടുന്നു. ഓരോ സ്പീഷീസിലും അവയുടെ സംഖ്യ നിർണയിക്കുന്നതിനുള്ള ശ്രമം അങ്ങിനെയാണ് ആരംഭിക്കുന്നത്. ആദ്യമായി അവ എണ്ണപ്പെടുന്നത് കടൽച്ചേന (sea urchin) യിലാണ്; 1878-ൽ. പക്ഷേ ആ ശ്രമം വിജയകരമായിരുന്നില്ല. കോശവിഭജന സമയത്തു മാത്രമേ അവയെ തിരിച്ചറിയാനാവൂ എന്നത് എണ്ണൽ ശ്രമകരമാക്കി. 1882-ൽ ഫ്ലമിങ് എന്ന ഗവേഷകൻ വിഭജനഘട്ടത്തിലുള്ള മനുഷ്യചർമ്മ കോശങ്ങളിൽ 20-നും 28-നും ഇടയിലാണ് അവയുടെ എണ്ണം എന്ന് വാദിച്ചു. വിവിധ ജീവജാതികളിൽ സമാനമായ രീതിയിലുള്ള എണ്ണൽ പരിശ്രമങ്ങൾ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ സജീവമായി. അത്തരം താരതമ്യ പട്ടികകൾ പലതും നിർമ്മിക്കപ്പെട്ടു.

മനുഷ്യരിലെ എണ്ണൽ സ്വാഭാവികമായും ഒരു സവിശേഷ പ്രശ്നമായി. ആദ്യഘട്ടത്തിൽ വിവിധ ഗവേഷകസംഘങ്ങൾക്ക് ഇടയിൽ എണ്ണപ്പൊരുത്തം സാധ്യമേയല്ലാത്ത വിധത്തിൽ വ്യത്യസ്തമായിരുന്നു ഫലങ്ങൾ. വിവിധയിനം കലകളിലും (tissues) എണ്ണം മാറിമറിഞ്ഞു. മനുഷ്യ ശരീരത്തിലെ കോശവിഭജന ഘട്ടത്തിലുള്ള കലകൾ പരീക്ഷണാവശ്യങ്ങൾക്ക് ലഭിക്കാൻ ഉള്ള ബുദ്ധിമുട്ടും (തൂക്കിലേറ്റിയവരുടെ മൃതദേഹങ്ങളില്‍ നിന്നും വരിയുടയ്ക്കലിന് വിധേയരായ തടവുകാരുടെ വൃഷ്ണഭാഗങ്ങളിൽ നിന്നുമായിരുന്നു ഗവേഷകര്‍ക്ക് കലകൾ ലഭിച്ചിരുന്നത്) മനുഷ്യരിലെ ക്രോമസോമുകൾ നന്നേ ചെറുതാണ് എന്ന പ്രശ്നവും എണ്ണൽ ദുർഘടകരമാക്കി. 1910 ആയതോടു കൂടി പതിയെ 24 എന്ന സംഖ്യയ്ക്ക് അടുത്തേക്ക് എണ്ണൽ ഫലങ്ങൾ കേന്ദ്രീകരിച്ചു തുടങ്ങി. എന്നാൽ, 1912-ൽ ഹാൻസ് ഡി വിനിവാർട്ടർ എന്ന ബൽജിയംകാരനായ ജന്തുശാസ്ത്രജ്ഞൻ പുരുഷന്മാരിൽ 47-ഉം സ്ത്രീകളിൽ 48-ഉം വീതം ക്രോമസോമുകളെ എണ്ണി. അതുവരെ വിചാരിച്ചതിൽ നിന്നും ഉയർന്ന സംഖ്യയായിരുന്നു ഇത്. പഴകിയതല്ലാത്ത ശരീരകലകളിൽ നടന്ന ആദ്യത്തെ എണ്ണലായിരുന്നു ഇത്‌. ഒരു സർജറിയിൽ നിന്നുമാണ് ഈ ഗവേഷകന് പുതിയ കലകൾ ലഭിച്ചത്. ഇതിനു മുമ്പ് ഗവേഷകർ ജയിലില്‍ നിന്നും മറ്റും കലകൾ ശേഖരിക്കുന്നതിനും ലബോറട്ടറിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ഇടയിൽ വലിയ കാലവിളംബം സംഭവിച്ചിരുന്നു. തന്മൂലം ക്രോമസോമുകൾ പഴകി ദ്രവിക്കുന്നതിനാലാണ് മുൻ പരീക്ഷണങ്ങളിൽ അവയുടെ എണ്ണം തുലോം കുറഞ്ഞു പോയത് എന്ന് വിനിവാർട്ടർ വാദിച്ചു.

ചുരുക്കിപ്പറഞ്ഞാൽ, ഓരോ ജീവജാതിയിലെയും കോശങ്ങളിൽ ക്രോമസോമുകളുടെ എണ്ണം സ്ഥിരമായിരിക്കും എന്ന സിദ്ധാന്തീകരണത്തോട് ചേർന്നു പോകുന്നതായിരുന്നില്ല പരീക്ഷണ ഫലങ്ങൾ. പരീക്ഷണരീതിയുടെ പരിമിതിയാണോ ഇതിനു കാരണം? അതോ സിദ്ധാന്തം തന്നെ തെറ്റാണോ? ഈ ജ്ഞാനസിദ്ധാന്ത പ്രശ്നം ശാസ്ത്രജ്ഞരെ കുഴക്കി. വിവിധ മനുഷ്യവംശങ്ങൾക്കിടയിൽ ക്രോമസോമുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഒരു വാദം. വെള്ളക്കാരിൽ ‘നീഗ്രോ’കളേക്കാളും അവയുടെ എണ്ണം വളരെ കൂടുതലാണ് എന്ന് മിഖായേൽ ഗുയർ എന്ന ഗവേഷകന്‍ (1914-ൽ സയൻസിൽ വന്ന ശാസ്ത്ര ലേഖനം) അഭിപ്രായപ്പെട്ടത് ഉദാഹരണം. പ്രശസ്ത്ര ശാസ്ത്രജ്ഞനായ ടി.എച്ച്. മോർഗനും ഇതേ അഭിപ്രായക്കാരന്‍ ആയിരുന്നു. എന്നാൽ Wieman 1917-ൽ നടത്തിയ എണ്ണലിൽ രണ്ട് വംശങ്ങളിലും അവയുടെ എണ്ണം 24 ആണെന്ന് കണ്ടു.

വിനിവാർട്ടറിന്‍റെ കണക്കെടുപ്പു പ്രകാരം സ്ത്രീകളിലും പുരുഷന്മാരിലും യഥാക്രമം 47-ഉം 48-ഉം ക്രോമസോമുകൾ ആയിരുന്നല്ലോ. എന്നാൽ 1921-ൽ തിയോഫിലോസ് എസ്. പെയിന്‍റര്‍ എന്ന ഗവേഷകൻ വിനിവാർട്ടറിന്‍റെ രീതിശാസ്ത്രം ഉപയോഗിച്ച് എണ്ണിയപ്പോൾ സ്ത്രീപുരുഷഭേദമന്യേ മനുഷ്യരിൽ 48 ക്രോമസോമുകൾ ഉണ്ടെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ഈ രണ്ട് ഗവേഷകർക്കിടയിൽ സെക്സ് ക്രോമസോമുകളെക്കുറിച്ച് ഒരു വിവാദം ഉടലെടുത്തു. മനുഷ്യരില്‍ ലിംഗനിർണയത്തിന് കാരണമാകുന്ന ക്രോമസോമുകളാണിവ. സ്ത്രീകളിൽ ഒരു ജോഡി സെക്സ് ക്രോമസോമുകൾ (XX) ഉണ്ടെന്നും പുരുഷന്മാരിൽ ഒരെണ്ണമേയുള്ളൂ (X0) എന്നുമായിരുന്നു വിനിവാർട്ടറിന്‍റെ വാദം. ഇത് തെറ്റാണെന്നും പുരുഷന്മാരിൽ ഒരു ജോഡി ‘X’ ക്രോമസോമുകളും (XX) സ്ത്രീകളിൽ ‘XY’ എന്നീ ക്രോമസോമുകളുമാണ് കാണപ്പെടുന്നതെന്ന് പെയിന്‍റര്‍. ആണിലും പെണ്ണിലും ഒരേ എണ്ണമാണ് (48) എന്ന പെയിന്‍ററിന്‍റെ വാദത്തിനും പുരുഷന്മാർക്ക് ക്രോമസോം ഒന്ന് കുറവാണ് എന്ന വിനിവാർട്ടറിന്‍റെ എണ്ണലിനും അടിസ്ഥാനം ഈ വ്യത്യസ്ത സൈദ്ധാന്തിക സമീപനങ്ങളായിരുന്നു. എണ്ണൽ സൈദ്ധാന്തിക ചട്ടക്കൂട്ടുകൾക്ക് അതീതമായ നിഷ്കളങ്ക പ്രവൃത്തിയല്ല എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. വംശീയ സാംസ്കാരിക മുൻവിധികൾ എങ്ങനെ എണ്ണലിനെ സ്വാധീനിച്ചു എന്നും നമ്മൾ നേരത്തെ കാണുകയുണ്ടായി.

മറ്റ് ആൾക്കുരങ്ങുവർഗങ്ങളിലും 48 ക്രോമസോമുകൾ എണ്ണാൻ കഴിഞ്ഞതും മനുഷ്യനിൽ 48 ക്രോമസോമുകൾ എന്ന് തീരുമാനിക്കുന്നതിന് പെയിന്‍ററെ പ്രേരിപ്പിച്ചു. അതായത് പ്രൈമേറ്റുകളിലും അവയുടെ പരിണാമദശയിലെ പൊതു പൂർവ്വികനിലും ഈ സംഖ്യ 48 ആണ് (‘primitive eutherian number’) എന്നാണ് ഈ ഗവേഷകൻ ഉറപ്പിച്ചത്. തുടർന്ന് നമ്മൾ കാണുന്നത് ഈ സംഖ്യ ശാസ്ത്രസമൂഹം പൊതുവേ അംഗീകരിക്കുന്നതാണ്. മറ്റ് ധാരാളം ഗവേഷകർ ഇതേ സംഖ്യ അവരുടെ പരിശോധനകളിൽ കണ്ടെത്തിയതിനാലായിരുന്നു (ശാസ്ത്രപരീക്ഷണങ്ങളുടെ ‘ആവർത്തനക്ഷമത’ അഥവാ replicability എന്ന ഗുണം) ഈ സംഖ്യ സത്യമായി സ്വീകരിക്കപ്പെട്ടത്.

1950-കൾ ആയതോടെ മനുഷ്യജനിതക പഠനം ഒരു പ്രത്യേക മെഡിക്കൽ സയൻസ് ശാഖയായി വികസിച്ചു. മുമ്പ് ക്രോമസോമുകളെ എണ്ണിയിരുന്നത് ജന്തുശാസ്ത്രജ്ഞരായിരുന്നു. എന്നാൽ അമ്പതുകള്‍ ആവുമ്പോഴേക്കും മനുഷ്യാരോഗ്യ ഗവേഷണവുമായി ബന്ധപ്പെട്ട പുതിയ ഒരു ശാസ്ത്ര താല്‍പര്യം മനുഷ്യജനിതകത്തെ കുറിച്ച് രൂപപ്പെടുന്നു. ബയോമെഡിസിന്‍റെ വികാസം ജനിതക വൈകല്യങ്ങളെ പഠിക്കേണ്ടത് അനിവാര്യമാക്കി. വ്യക്തികളിൽ ക്രോസോമുകളുടെ എണ്ണം നോക്കുന്നത് അവയിലെ വൈകല്യങ്ങളേയും എണ്ണത്തിലുള്ള വ്യത്യാസങ്ങളേയും കണ്ടെത്താനും അതെങ്ങനെ ജനിതകരോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠിക്കാനും പ്രധാനമായി മാറി.

സാധാരണ കോശങ്ങളിലെ (somatic cells) ക്രോമസോമുകളുടെ എണ്ണം പ്രത്യുൽപാദനപരമായ പ്രാധാന്യമുള്ള കോശങ്ങളിൽ (വൃഷ്ണ കോശങ്ങൾ ഉദാഹരണം) നിന്നും വ്യത്യസ്തമായിക്കൂടെ എന്ന ചോദ്യം (Therman & Timonen 1951) വീണ്ടും ഉയർന്നു വന്നതും പുതിയ എണ്ണൽ പരീക്ഷണങ്ങൾക്ക് കളമൊരുക്കി. മനുഷ്യരില്‍ 48 ക്രോമസോമുകളെന്ന് ഉറപ്പിച്ചത് വൃഷ്ണ കോശങ്ങളിൽ നടത്തിയ എണ്ണലിലായിരുന്നു. ജന്തുശാസ്ത്രജ്ഞർ ഉപയോഗിച്ചതിൽ നിന്നും (sectioning technique) വ്യത്യസ്തമായ സാങ്കേതികരീതികൾ ഇക്കാലത്ത് ക്രോമസോമുകളെ പഠിക്കാൻ ഉപയോഗിക്കപ്പെട്ടു എന്നതും പ്രധാനമാണ്. കോശങ്ങളെ ഉടച്ചു പരിശോധിക്കൽ (squashing), ടിഷ്യൂ കൾച്ചർ, കോശകേന്ദ്രത്തിൽ നിന്നും ക്രോമസോമുകളെ വിടർത്തി എടുക്കുന്നതിനായി colchicine എന്ന രാസപദാര്‍ത്ഥം ഉപയോഗിക്കൽ, കോശങ്ങളെ ലവണജലം ഉപയോഗിച്ച് വീർപ്പിച്ചെടുക്കൽ (hypotonic treatment) എന്നിവയായിരുന്നു ഈ സങ്കേതങ്ങൾ. പക്ഷേ ഈ രീതികളെല്ലാം തന്നെ പഴയ രീതിയായ tissue sectioning പോലെതന്നെ ഗുണദോഷ സമ്മിശ്രമായിരുന്നു. ക്രോമസോമുകളെ എണ്ണിത്തിട്ടപ്പെടുത്താൻ പഴയ രീതി പോരാതെ വന്നതുകൊണ്ടല്ല പുതിയ സങ്കേതങ്ങൾ ഉപയോഗിക്കപ്പെട്ടത്. മറിച്ച്, മുമ്പ് സൂചിപ്പിച്ചതുപോലെ 1950കളിൽ സംജാതമായ വൈദ്യശാസ്ത്രപരമായ പുതിയ സാഹചര്യമായിരുന്നു പുതിയ സങ്കേതങ്ങളെ പ്രസക്തമാക്കിയത്‌. ക്രോമസോമുകളിലെ വൈകല്യങ്ങളും അസാധാരണതകളും കണ്ടെത്താന്‍ ഉതകുന്നവയായിരുന്നു ഈ പുതിയ സങ്കേതങ്ങൾ. അതായത്, ക്രോമസോമുകളെ പ്രത്യക്ഷം ആക്കുന്നതിനോട് ഒപ്പംതന്നെ അവയോരോന്നിന്‍റെയും തന്മ നിര്‍ണ്ണയിക്കുന്നതുമായിരുന്നു പുതിയ രീതികൾ. ഇവയിൽ പല സങ്കേതങ്ങളും ടിഷ്യു സെക്ഷനിങ്ങിനോടൊപ്പം പണ്ടു മുതൽ തന്നെ ലഭ്യമായിരുന്നവ ആണുതാനും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൂടുതൽ മെച്ചപ്പെട്ട ടെക്നിക്കുകളുടെ ലഭ്യതയല്ല, പുതുതായി രൂപപ്പെട്ട സാഹചര്യവും അത് സൃഷ്ടിച്ച ആവശ്യങ്ങളുമാണ് ക്രോമസോമുകളെ വീണ്ടും എണ്ണി നോക്കാൻ 1950-കളിൽ പ്രേരകമായത്.

എണ്ണലിനെക്കുറിച്ചുള്ള അടിസ്ഥാനധാരണ തന്നെ പുതിയ ഘട്ടത്തിൽ മാറി മറിഞ്ഞു എന്നർത്ഥം. ഓരോ ക്രോമസോമിന്റേയും അനന്യതയും സ്വഭാവ പ്രത്യേകതകളും അവയെ എണ്ണുമ്പോൾ പ്രധാനമാണെന്ന് പുതിയ ഘട്ടത്തിൽ ഗവേഷകർ കരുതി. ഒരു മുറിയിലാകെ എത്ര പേരുണ്ടെന്ന് എണ്ണുന്നതു പോലെയായിരുന്നു പഴയ സമീപനമെങ്കിൽ, ഓരോരുത്തരുടേയും തന്മയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഹാജരെടുക്കൽ രീതിക്കു സമാനമായിരുന്നു പുതിയത് എന്ന് അറെയ്ൻ മാർട്ടിൻ ഈ എണ്ണൽരീതികളിലുള്ള വ്യത്യാസത്തെ വിശദീകരിക്കുന്നു.

ഗർഭസ്ഥശിശുക്കളുടെ ശ്വാസകോശ കലകളിലെ ക്രോമസോമുകളെ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ക്രോമസോം സംഖ്യ 48 അല്ല, 46 ആണെന്ന് Jo Him Tijo, Albert Levan എന്നീ ഗവേഷകർ 1956-ൽ അവിചാരിതമായി കണ്ടെത്തുന്നത്. ഇത് ശാസ്ത്രലോകത്തിൽ വലിയ ഞെട്ടലുണ്ടാക്കി. ഇതേത്തുടർന്ന് ധാരാളം ഗവേഷകർ ക്രോമസോമുകളെ വീണ്ടും എണ്ണി നോക്കി; എണ്ണം വീണ്ടും പലതായി. പക്ഷേ പഴയ ഘട്ടത്തിൽ നമ്മൾ കണ്ടതുപോലെ സാവധാനം 46 എന്ന പുതിയ സംഖ്യക്ക് അനുകൂലമായി അഭിപ്രായ സമന്വയം അമ്പതുകളുടെ അവസാനത്തോടെ രൂപപ്പെട്ടു വന്നു. ഇതേത്തുടർന്ന് അറുപതുകളോടെ ക്രോമസോം വൈകല്യങ്ങളെയും 46 എന്ന സ്ഥിര സംഖ്യയിൽ നിന്നുള്ള എണ്ണല്‍ വ്യത്യാസങ്ങളെയും ജനിതകരോഗ നിർണയവുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ ലബോറട്ടറികളിൽ പരിശോധിക്കുന്ന രീതി സാധാരണമായി. രക്തപരിശോധന പോലെയൊരു പ്രവൃത്തി മാത്രമാണത് ഇന്ന്. പാഠപുസ്തകങ്ങളില്‍ 48-നു പകരം 46 എന്ന സംഖ്യ ഇടംപിടിക്കുകയും ചെയ്തു.

ശാസ്ത്ര ഗവേഷണത്തിന്‍റെ സന്ദിഗ്ദ്ധതകളെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നിറഞ്ഞതാണ് ക്രോമസോമുകളെ എണ്ണാനുള്ള മുക്കാല്‍ നൂറ്റാണ്ടു നീണ്ട ഗവേഷക പരിശ്രമം. എണ്ണുന്ന പ്രവൃത്തിയിൽ നിന്നും വേർതിരിഞ്ഞു നിൽക്കുന്ന ഒന്നല്ല എണ്ണപ്പെടുന്ന വസ്തുവിന്‍റെ അസ്തിത്വം. ക്രോമസോമുകൾ എന്ന ആശയവും അവയുടെ പ്രത്യക്ഷതയും എണ്ണമെടുക്കൽ എന്ന പ്രവൃത്തിയുടെ സ്വഭാവത്തിനും ഉദ്ദേശ്യലക്ഷ്യങ്ങൾക്കും അനുസരിച്ച് മാറിമറിയുന്നതായി കാണാം. അവയുടെ എണ്ണം മനുഷ്യരിൽ 48 എന്ന് തീരുമാനിക്കപ്പെട്ടതും പിന്നീട് 46 എന്ന് അംഗീകരിക്കപ്പെട്ടതും അതതു കാലത്തെ ജ്ഞാനസിദ്ധാന്തപരമായ പരിഗണനകൾക്ക് അനുസരിച്ചായിരുന്നു. സാമൂഹികതയുടെ ബലതന്ത്രം രണ്ട് ഘട്ടങ്ങളിലും ദൃശ്യവുമാണ്. രീതിശാസ്ത്രപരമായ നോട്ടത്തിൽ രണ്ടാം ഘട്ടത്തിൽ തീരുമാനിച്ച സംഖ്യ ആദ്യ ഘട്ടത്തേക്കാൾ വസ്തുതാപരമാണ് എന്ന് ഉറപ്പിക്കാനുമാവില്ല.

എണ്ണലും വര്‍ഗീകരണവും ഒന്നിച്ചു നടക്കുന്ന പ്രവൃത്തികളാണ്. ഏതൊന്നിനെയാണോ എണ്ണുന്നത് അതിന്‍റെ തന്മയുടെ നിര്‍ണ്ണയം ഒപ്പം നടക്കുന്നു. ഒരു വസ്തുവിനെ എണ്ണലിന് വഴക്കിയെടുക്കല്‍ ഗണനപ്രവൃത്തിയുടെ ഭാഗമാണ്. അവ്യക്തതകളില്ലാതെ കൃത്യമായ രൂപമുള്ളതും പശ്ചാത്തലത്തിലുള്ള മറ്റ് വസ്തുക്കളില്‍ നിന്നും വേര്‍തിരിഞ്ഞവയുമായി ക്രോമസോമുകളെ പ്രത്യക്ഷപ്പെടുത്തുന്നത് അവയെ എണ്ണുന്നതിന് അത്യന്താപേക്ഷിതം ആണെന്നും ഈ പ്രത്യക്ഷീകരണത്തിന്‍റെ സ്വഭാവങ്ങള്‍ക്ക് അനുസൃതമായി എണ്ണം മാറും എന്നും നമ്മള്‍ കണ്ടതാണല്ലോ. എണ്ണുന്നതിന് വിധേയമാകുന്ന ക്ഷേത്രത്തില്‍ (field) എന്താണ് എണ്ണപ്പെടാവുന്നതായി ഉള്ളത്, എന്താണ് എണ്ണാതെ വിട്ടുകളയപ്പെടുന്നത് (‘discounting’) എന്നതു സംബന്ധിച്ച നിര്‍ണ്ണയവും ഏണ്ണലിന്‍റെ ഭാഗമാണ്. കോശങ്ങളെ ഉടച്ചു പരിശോധിക്കുമ്പോള്‍ (squashing എന്ന ടെക്നിക്) അടുത്ത കോശത്തിലെ ക്രോമസോമുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കുന്നതിന്‍റെ സങ്കീര്‍ണ്ണത അറെയ്ന്‍ മാര്‍ട്ടിനും മിഖായേല്‍ ലിഞ്ചും വിശദീകരിക്കുന്നുണ്ട് (Martin and Lynch 2009: 249-50). അതായത്, എണ്ണല്‍ എന്നാല്‍ ഒന്നിനെ ‘അതായി കാണലാ’ണ് (‘seeing as’) (അതേ പ്രബന്ധം: 246). ചുരുക്കിപ്പറഞ്ഞാല്‍ ഗണനം വസ്തുവിന്‍റെ അസ്തിത്വത്തെ ഉറപ്പിക്കുന്ന പ്രവൃത്തിയാണ്.

കുട്ടികള്‍ എണ്ണാന്‍ പഠിക്കുന്നതിലുള്ള എല്ലാ ആശയക്കുഴപ്പങ്ങളും സങ്കീര്‍ണ്ണതകളും സയന്‍സ് നടത്തുന്ന ഗണനങ്ങളില്‍ കാണാം. എണ്ണിത്തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ആ പ്രക്രിയയില്‍ അടങ്ങിയിരിക്കുന്ന സങ്കീര്‍ണ്ണതകള്‍ മാഞ്ഞുപോവുകയും എണ്ണപ്പെട്ട വസ്തു മാത്രം ‘പ്രകൃതിജന്യ’മായി അവശേഷിക്കുകയും ചെയ്യും.

കൂടുതൽ വായനയ്ക്ക്:

Badiou, Alain. 2006. Being and Event. Translated by Oliver Feltham. London: Bloomsbury.

Bloor. David. 1991. Knowledge and Social Imagery. Second edition. Chicago and London: The University of Chicago Press.

Martin, Aryn and Lynch, Michael. 2009. “Counting Things and People: The Practices and Politics of Counting”, Social Problems 56(2): 243-266.

Martin, Aryn. 2004. “Can’t Anybody Count? Counting as an Epistemic Theme in the History of Human Chromosomes”, Social Studies of Science 34(6): 923-948.

Therman, Eeva and Timonen, Sakari. 1951. “Inconsistency of the Human Somatic Chromosome Complement”, Hereditas 37: 266-279.

Wittgenstein, Ludwig. 1978. Remarks on the Foundations of Mathematics. Translated by G.E.M. Anscombe. Oxford: Basil Blackwell.

Comments

comments